ആധുനിക മനുഷ്യസമൂഹം കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്ത് നേരിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭയാനകവും ആഗോളവ്യാപകവുമായ ഒരു ദുരന്തമായി മാറിയിരിക്കുന്നു കൊറോണ വൈറസ് പടര്‍ത്തുന്ന കോവിഡ് 19 എന്ന ലോകമഹാമാരി. ലോകത്തിലെ ഏറ്റവും അതിസൂക്ഷ്മ ജീവികളിലൊന്നായ ഈ വൈറസിന് SARSCOVID-V2 എന്ന് ശാസ്ത്രലോകം പേരിട്ടിരിക്കുന്നു.
കൊറോണ വൈറസിന്റെ ആക്രമണത്തില്‍നിന്ന് ഒരു രാഷ്ട്രം പോലും രക്ഷപ്പെട്ടിട്ടില്ല എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിനോ ശാസ്ത്രസാങ്കേതിക വിദ്യകള്‍ക്കോ ഒന്നും തടഞ്ഞുനിര്‍ത്താന്‍ കഴിയാതെ ദിനംപ്രതി കോറോണ വ്യാപനം റിപ്പോര്‍ട്ടു ചെയ്തുകൊണ്ടിരിക്കുന്നു. ഡിസംബര്‍ 31 ന് ചൈനയിലെ വുഹാനില്‍ വന്യജീവിവ്യാപാരംവരെ നടത്തുന്ന സീഫുഡ് മാര്‍ക്കറ്റില്‍ നിന്നാണ് കൊറോണ വൈറസിന്റെ ഉറവിടമെന്ന് ചൈന – ഡബ്ല്യു എച്ച് ഒ സംയുക്ത റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അതിനുമുമ്പേ വുഹാനിലെ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ഏഴുപേര്‍ക്ക് കൊറോണ രോഗം കണ്ടുപിടിച്ചതായി അവിടത്തെ ഡോക്ടര്‍ ആയ ലീ വെന്‍ ലിയാങ് തന്റെ വീബോ പോസ്റ്റില്‍ പ്രസിദ്ധീകരിക്കുകയും അതിനെ തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത്. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ രോഗം ബാധിച്ച് ആ ഡോക്ടര്‍ മരണമടഞ്ഞു. പൊതുജനരോഷത്തെത്തുടര്‍ന്ന് വെന്‍ലിയാങിന് ചൈനയുടെ പരമോന്നത ബഹുമതികളിലൊന്നായ ”രക്തസാക്ഷി” മരണാനന്തര ബഹുമതിയായി നല്‍കി ആദരിച്ചു.
ചൈനയിലെ വുഹാനിലും ഹുബെ പ്രോവിന്‍സിലും രോഗം അതിവേഗം പടര്‍ന്നുപിടിച്ചു. രോഗത്തെയും രോഗവ്യാപനരീതികളെയും വളരെ വ്യക്തമായറിയാവുന്ന ചൈന ഈ രണ്ടു പ്രദേശങ്ങളിലും സുരക്ഷാഭടന്മാരുടെ വലയം സൃഷ്ടിച്ച് ബാഹ്യലോകവുമായുള്ള ബന്ധം പൂര്‍ണ്ണമായും വിച്ഛേദിച്ച് രോഗം മറ്റു പ്രദേശങ്ങളിലേക്കു പടരുന്നത് സമര്‍ത്ഥമായി തടഞ്ഞു. രോഗബാധിത പ്രദേശങ്ങളിലെ മരണസംഖ്യ എത്രയെന്നുള്ള വ്യക്തമായ കണക്കുകള്‍ ബാഹ്യലോകത്തിനു ഇന്നും ലഭ്യമല്ല. അതേസമയം ചൈനയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ യാതൊരു വിലക്കോ, നിരീക്ഷണമോ, നിയന്ത്രണമോ ഏര്‍പ്പെടുത്തിയിരുന്നില്ല. ചൈനയില്‍ നിന്നും ലോകം മുഴുവന്‍ കൊറോണ രോഗം എത്തിച്ചേരുവാന്‍ ഇതു കാരണമായി. അതിരുകളില്ലാത്ത ലോകവ്യാപാര സമ്പര്‍ക്കത്തിന്റെ കാലഘട്ടത്തില്‍ തൊട്ടാലോട്ടി എന്ന പോലെ ഈ വൈറസ് അതിവേഗം അതിദൂരം വ്യാപിച്ച് ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലേക്കും സംക്രമിച്ചു. ലോകത്ത് യു എന്‍ അംഗീകാരമുള്ള രാഷ്ട്രങ്ങളുടെ എണ്ണം 195 ആണ്. കൊറോണ വ്യാപനം മൂലം അതിനും അപ്പുറം, കൊച്ചുസ്വയംഭരണ നാട്ടുരാജ്യങ്ങള്‍ ഉള്‍പ്പെടെ 215 രാഷ്ട്രങ്ങളില്‍ ഇതിനകം രോഗം പടര്‍ന്നിരിക്കുന്നു.
മുന്‍കാല പകര്‍ച്ചവ്യാധികളെ അപേക്ഷിച്ച് കൊറോണ വൈറസ് രോഗം(കോവിഡ് 19) അതിവേഗം പകരുന്ന ഒരു ആഗോള മഹാമാരിയാണ്. ഇതിന് മരുന്നുകളോ വാക്‌സിനുകളോ മറ്റ് ചികിത്സാപദ്ധതിയോ വൈദ്യശാസ്ത്രം ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ചെറിയ പനിയും തൊണ്ടവേദനയും ശ്വാസകോശ രോഗവുമായി തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ അധികരിച്ച് ന്യൂമോണിയ പിടിച്ചോ, ശ്വാസതടസ്സം വന്നോ, ഹൃദയാഘാതം സംഭവിച്ചോ, വൃക്കതകരാറുമൂലമോ മരണം സംഭവിക്കുന്നു. പ്രതിരോധശക്തിയുള്ള, ആരോഗ്യമുള്ള ആള്‍ക്കാര്‍ക്കു ഈ രോഗം പിടിപെട്ടാല്‍ പ്രത്യേക ചികിത്സ ഒന്നുമില്ലാതെ തന്നെ ചിലപ്പോള്‍ രോഗവിമുക്തി നേടുന്നു. താരതമ്യേന പ്രതിരോധശേഷി കുറഞ്ഞ ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദ്ദം, ക്യാന്‍സര്‍, ശ്വാസതടസ്സം മുതലായ രോഗമുള്ളവര്‍ക്കും പ്രായമുള്ളവര്‍ക്കും കൊറോണ പെട്ടെന്ന് പിടിപെടുകയും രോഗം മൂര്‍ച്ഛിച്ച് മരണപ്പെടുകയും ചെയ്യുന്നു. രോഗബാധിതര്‍ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ ഉമിനീരോ സ്രവമോ മറ്റുള്ളവരുടെ ശരീരത്തില്‍ പറ്റിപ്പിടിച്ചു സ്‌പൈക്കായി മാറുന്ന വ്യാപനരീതിയാണ് ഈ രോഗത്തിന്റെ പ്രത്യേകത. കൊറോണ ബാധിച്ചവരില്‍ രോഗലക്ഷണം പ്രകടമാകാന്‍ കുറഞ്ഞത് പതിനാലുദിവസമെങ്കിലും എടുക്കും. ആരോഗ്യമുള്ളവരില്‍ രോഗലക്ഷണം കാണിക്കുന്നത് വളരെ വൈകിയായിരിക്കും. ചിലര്‍ രോഗാണുവാഹകരായി അനേകദിവസങ്ങള്‍ തുടര്‍ന്നേക്കാം. രോഗബാധിതരുമായി ഇടപെടാതിരിക്കുക എന്നതുമാത്രമാണ് രോഗം പ്രതിരോധിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനുമുള്ള ഏകമാര്‍ഗ്ഗം. രോഗം പടരാതിരിക്കാന്‍ വ്യക്തിശുചിത്വത്തിലൂടെയും ആചാരമര്യാദകളിലൂടെയും ശാരീരികഅകലം നിലനിര്‍ത്തിയും പുറത്തിറങ്ങാതെ വീട്ടിനുള്ളില്‍ കഴിഞ്ഞുകൂടി സാമൂഹികഅകലം പാലിച്ചും രോഗത്തെപ്രതിരോധിക്കാനും അതിന്റെ വ്യാപനം തടയാനും സാധിക്കും.
ഭാഷ, വേഷം, ഭക്ഷണം, ആചാരമര്യാദകള്‍ ഇവയിലെല്ലാം വൈവിധ്യം പുലര്‍ത്തുന്ന ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ഒരു സ്വതന്ത്രജനാധിപത്യമതേതര വികസിതരാജ്യത്തിന് കൊറോണ രോഗത്തിന്റെ അതിവേഗ ബാധയെയും രോഗവ്യാപനത്തെയും തടയുക എന്നത് സാധ്യമായ കാര്യമല്ലെന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞന്മാരു ടെയും ആരോഗ്യവിദഗ്ദ്ധന്മാരുടേയും അഭിപ്രായം. ഒരൊറ്റ മനസ്സും ശരീരവും എന്നപോലെ ഒരു ജനത മുഴുവന്‍ സഹകരിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ മരുന്നോ മന്ത്രമോ ഇല്ലാത്ത കൊറോണാ വൈറസ്മൂലമുള്ള രോഗവ്യാപനത്തെ തടയാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ദേശീയതയെന്ന ഏക മാനബിന്ദുവിലൂടെ ഈ വൈജാത്യങ്ങളെയെല്ലാം സുദൃഢം ബന്ധിച്ച് ഒരു പൊതു സാംസ്‌കാരിക സാമൂഹിക നീതിയിലൂടെ ഏകോദരസഹോദങ്ങളെപ്പോലെ ഒറ്റ മനസ്സോടെ പ്രവര്‍ത്തിച്ച് ഈ രോഗത്തെ അതിജീവിക്കാന്‍ ഭാരതത്തിനു സാധിക്കുമെന്ന് കാണിച്ചുകൊടുത്ത് നമ്മുടെ പ്രധാനമന്ത്രി ലോകത്തിനു മുഴുവന്‍ മാര്‍ഗ്ഗദര്‍ശകനായി മാറി.
ധാരാളിത്തവും ധൂര്‍ത്തും അനിയന്ത്രിത ജീവിതശൈലിയും സ്വായത്തമാക്കിയ സമ്പന്നരാഷ്ട്രങ്ങളാണ് കൊറോണ വ്യാപനത്തിന് ഏറ്റവും സഹായകമായ സാഹചര്യം സൃഷ്ടിക്കുന്നത്. ഭൂമിശാസ്ത്രപരമായി കൊറോണാ വൈറസിന്റെ വ്യാപനരീതിയുടെ പ്രത്യേകത പരിശോധിച്ചാല്‍ 90 ശതമാനത്തിലധികവും രോഗബാധയുണ്ടായത് ന്യൂയോര്‍ക്ക് മുതല്‍ നവിമുംബൈ വരെയുള്ള ലോകത്തെ നഗരങ്ങളിലാണെന്നതാണ്. ജനുവരി 20 നും 31 നും ഇടയില്‍ ലോകത്തിലെ മിക്ക വന്‍കിട രാഷ്ട്രങ്ങളിലും കൊറോണരോഗം പ്രത്യക്ഷപ്പെട്ടു. അമേരിക്ക, ബ്രിട്ടന്‍, ഇറ്റലി, ജര്‍മ്മനി, സ്‌പെയിന്‍, ഫ്രാന്‍സ് മുതലായ പാശ്ചാത്യരാഷ്ട്രങ്ങളില്‍ കാട്ടുതീപോലെ അതു പടര്‍ന്നുപിടിച്ചു. ഇപ്പോഴും അതിന്റെ സംഹാരതാണ്ഡവം തുടരുന്നു. ലോകജനതയുടെ പകുതിയിലധികംപേര്‍ ഇന്നു കോറോണാ ഭീതിയിലാണ്.
ഈ ലോകമഹാമാരിമൂലം തകര്‍ന്നു തരിപ്പണമായ സാമ്പത്തികവ്യവസ്ഥ, നിര്‍ബന്ധിത ക്വാറന്റെയിനില്‍ കഴിയേണ്ടിവരുമ്പോഴുണ്ടായ തൊഴില്‍ നഷ്ടം, കുതിച്ചുകയറുന്ന തൊഴിലില്ലായ്മ യൂറോപ്പിലെ മുതലാളിത്ത രാഷ്ട്രങ്ങളെ സമ്പത്തിന്റെയും ധൂര്‍ത്തിന്റെയും ശ്മശാനഭൂമിയാക്കി മാറ്റിയിരിക്കുന്നു. അതി സമ്പന്നവും അതിശക്തവുമായ മുതലാളിത്തത്തിന്റെ ആഗോള തലസ്ഥാനമായ ന്യൂയോര്‍ക്കിലാണ് കോവിഡ് 19 ഏറ്റവും അധികം മരണം വിതച്ചത്. കൊറോണാരോഗം ബാധിച്ചവരുടെ കൂട്ടത്തില്‍ ഭരണകര്‍ത്താക്കള്‍, രാഷ്ട്രത്തലവന്മാര്‍, ഹോളിവുഡ് നടന്മാര്‍, റോക്സ്റ്റാറുകള്‍ ഇങ്ങനെ സമൂഹത്തിലെ അത്യുന്നതന്മാര്‍വരെയുണ്ടെന്നറിയുമ്പോഴാണ് കൊറോണയുടെ അതിര്‍വരമ്പുകളില്ലാത്ത പ്രഹരശേഷി മനസ്സിലാകുന്നത്. കൊറോണപ്പേടിമൂലം തിരക്കേറിയ ഭരണകേന്ദ്രങ്ങള്‍, ടെക്‌നോളജി പാര്‍ക്കുകള്‍, മാളുകള്‍, മേളകള്‍, അന്താരാഷ്ട്ര മത്സരവേദികള്‍ എന്നിവിടങ്ങളെല്ലാം ശൂന്യവേദികളായി, അതുപോലെ നാഗരിക മര്യാദകളുടെയും സ്‌നേഹപ്രകടനങ്ങളുടെയും ചിഹ്നങ്ങളായ ഹസ്തദാനവും ആലിംഗനവും ചുംബനങ്ങളും മനുഷ്യനെ ഭയപ്പെടുത്തുന്ന ചേഷ്ടകളായി മാറി.
ആകെ കോറോണാ ബാധിതരുടെ ആറിലൊന്നും അമേരിക്കയിലാണ് ഉള്ളത്. കൊറോണ വ്യാപനത്തില്‍ തകര്‍ന്നുപോയ അമേരിക്ക ഹൈഡ്രോക്‌സി ക്ലോറോക്യൂന്‍ അതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചു വ്യക്തമായ ധാരണയില്ലാഞ്ഞിട്ടുപോലും തല്കാലത്തേക്ക് കോവിഡ് രോഗത്തിന് ആശ്വാസം ലഭിക്കുമെന്നതിനാല്‍ രോഗികള്‍ക്ക് നല്കുവാന്‍ തീരുമാനിച്ചു. ലോകവിപണിയിലെ ലഭ്യതക്കുറവുമൂലം ഹൈഡ്രോക്‌സി ക്ലോറോക്യൂനി ന്റെയും മറ്റു പ്രതിരോധമരുന്നുകളുടെയും ഉത്പാദകരാഷ്ട്രമായ ഭാരതത്തോട് ആവശ്യമായ മരുന്നു നല്കുവാന്‍ അഭ്യര്‍ത്ഥിച്ചു. ഭാരതം ഈ ആപത്ഘട്ടത്തില്‍ സുഹൃദ്‌രാജ്യങ്ങള്‍ക്ക് എല്ലാവിധ സഹായസഹകരണങ്ങള്‍ നല്‍കുകയും ചെയ്തു. കൊറോണക്കാലത്ത് ലോകത്തിന്റെ ഫാര്‍മസിയായി ഭാരതം പ്രവര്‍ത്തിക്കുന്നു.
കോവിഡാനന്തര ലോകക്രമത്തെ ഭാരതം നേതൃനിരയില്‍നിന്ന് നയിക്കും. ലോകത്ത് രണ്ടരലക്ഷത്തിലധികം മരണം വിതച്ച ഈ മഹാമാരി നിത്യേന എണ്‍പതിനായിരം പുതിയ രോഗ ബാധിതര്‍ എന്ന തലത്തിലേക്കു വളര്‍ച്ചാ ഗ്രാഫില്‍ കുറവുകാണിക്കുന്നു എന്നത് നേരിയ ഒരാശ്വാസം മാത്രമാണ്. ഏറ്റവുംഒടുവില്‍ യൂറോപ്പിലും പ്രത്യേകിച്ച് അമേരിക്കയിലുമാണ് കോവിഡ് 19 ഏറ്റവുമധികം ബാധിച്ചത്. സാമ്പത്തികത്തകര്‍ച്ച കോവിഡ് നിരോധനങ്ങളില്‍ അയവുവരുത്തുവാന്‍ അമേരിക്കയെ നിര്‍ബ്ബന്ധിക്കുന്നു. കോവിഡ്19 നെ പ്രതിരോധിക്കുവാന്‍ സാമൂഹിക അകലം പാലിച്ച് വീടുകളില്‍ കഴിയാനുള്ള നിര്‍ദ്ദേശങ്ങളിലുള്ള ഇളവ് രോഗവ്യാപനം വര്‍ദ്ധിപ്പിക്കുവാന്‍ മാത്രമേ സഹായിക്കുകയുള്ളൂ. അതുപോലെ രോഗവിമുക്തരായവര്‍ക്കു വീണ്ടും രോഗം വരുന്നതിനുള്ള സാധ്യതയും ഏറും. കൊറോണ വ്യാപനത്തിന്റെ ഒരു രണ്ടാം വേലിയേറ്റമുണ്ടാകുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പ്രവചിക്കുകയും ചെയ്യുന്നു. ഈ രോഗത്തെ പൂര്‍ണ്ണമായി തടയുവാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരുമെന്നാണ് അവരുടെ അഭിപ്രായം.
ഇന്ത്യയില്‍ ആദ്യമായി കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളില്‍ നിന്ന് ചൈനയിലെ വുഹാന്‍ മെഡിക്കല്‍ കോളേജില്‍ പഠനത്തിനുപോയി തിരിച്ചുവന്ന രണ്ടു വിദ്യാര്‍ത്ഥികളിലാണ്. അതിശീഘ്രവ്യാപനവും അതിതീവ്രപ്രഹരശേഷിയുമുള്ള കൊറോണവൈറസിനെ പ്രതിരോധിക്കാന്‍ മരുന്നോ കുത്തിവയ്‌പ്പോ ഇല്ലാതെ ലോകം മുഴുവന്‍ നിസ്സഹായരായി പകച്ചുനിന്നപ്പോഴാണ് ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെയും ആത്മീയചേതനയുടെയും പ്രേരണയുള്‍ക്കൊണ്ട് ഭാരതത്തിന്റെ പ്രധാനമന്ത്രി കൊറോണ പ്രതിരോധത്തിലേക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ട് ഒരു ദിവസത്തെ ജനതാകര്‍ഫ്യൂ നടപ്പിലാക്കുവാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്. 130 കോടിജനങ്ങളധിവസിക്കുന്ന ഒരു സ്വതന്ത്രജനാധിപത്യരാഷ്ട്രത്തോട് മാര്‍ച്ച് 20 ന് വൈകുന്നേരം ചെയ്ത പ്രസംഗത്തില്‍ മാര്‍ച്ച് 22 ഞായറാഴ്ച വെളിയിലിറങ്ങാതെ വ്യക്തിസമ്പര്‍ക്കമൊഴിവാക്കി അവരവരുടെ താമസസ്ഥലത്ത് കഴിഞ്ഞുകൂടുവാന്‍ ആഹ്വാനം ചെയ്തു. അത്ഭുതകരമായ പ്രതികരണമായിരുന്നു. അപ്രായോഗികമെന്നു വിമര്‍ശിച്ചവര്‍ക്കു മറുപടിയെന്നോണം രാഷ്ട്രം പൂര്‍ണ്ണമായും പ്രധാനമന്ത്രിയുടെ വാക്കുകള്‍ ചെവിക്കൊണ്ടു. പിറ്റേദിവസം ജനതാകര്‍ഫ്യൂ വിജയിപ്പിച്ച ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ മാര്‍ച് 25-ാം തീയതി മുതല്‍ രണ്ടാഴ്ചക്കാലം ജനങ്ങളോട് സാമൂഹികഅകലം പാലിച്ചുകൊണ്ട് രോഗത്തിന്റെ വ്യാപനം തടയുവാന്‍ വീട്ടില്‍തന്നെ കഴിഞ്ഞുകൂടാന്‍ കാര്യകാരണസഹിതം പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ലോകാരോഗ്യസംഘടന പ്രധാനമന്ത്രിയുടെ കൊറോണ പ്രതിരോധനടപടിയെ ശ്ലാഘിക്കുകയും ലോകരാഷ്ട്രങ്ങള്‍ മുഴുവനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ച ലോക്ഡൗണ്‍, സാമൂഹ്യ അകലം എന്ന അത്യാധുനിക പ്രതിരോധനടപടി അനുകരിക്കുകയും ചെയ്തു. ലോക്ഡൗണും സാമൂഹിക അകലവും വിജയകരമായി നടപ്പിലാക്കിയതിനാല്‍ കൊറോണാവ്യാപനം ലോകത്തെ മറ്റു പ്രദേശങ്ങളെ അപേക്ഷച്ച് നിയന്ത്രണവിധേയമാക്കാനും പൂര്‍ണ്ണമായും രോഗമുക്തമാകുന്ന ഒരു ഭാവിയുടെ പ്രതീക്ഷ കൈവരിക്കാനും സാധിച്ചു.
കോവിഡ് 19 ഇന്ത്യയിലെ ബഹുഭൂരിപക്ഷം നഗരങ്ങളെയും ബാധിച്ചപ്പോഴും ആറ് ലക്ഷത്തി അമ്പതിനായിരത്തിലധികം വരുന്ന ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പകുതിയിലധികവും കോവിഡ് ആക്രമണത്തിനു വിധേയമായില്ല എന്നത് ഗ്രാമീണജീവിതത്തിന്റെ പരിശുദ്ധിയും അഭിവൃദ്ധിയുമാണ് കാണിക്കുന്നത്. മനുഷ്യന്റെ ധൂര്‍ത്തും സുഖലോലുപതയും പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യപ്രവര്‍ത്തനങ്ങളും അശാസ്ത്രീയമായ വികസനപ്രവര്‍ത്തനങ്ങളും നഗരജീവിതശൈലിയും ആണ് ഇത്തരം രോഗത്തിന് കാരണം എന്നുകൂടി ഈ പകര്‍ച്ചവ്യാധി മനുഷ്യനെ ബോധ്യപ്പെടുത്തുന്നു. ഉദാഹരണമായി, മനുഷ്യന്‍ പ്രകൃതി നശീകരണത്തില്‍ നിന്നും ഒന്നുമാറിനിന്നപ്പോള്‍ തന്നെ നമ്മുടെ അന്തരീക്ഷം മലിനീകരണമുക്തമായിരിക്കുന്നു. നമ്മുടെ നദികള്‍ സ്ഫടികതുല്യമായ നിര്‍മ്മലപ്രവാഹിനികളായി. അന്തരീക്ഷത്തില്‍ ഹരിതഗൃഹവാതകങ്ങളുടെ അളവ് ആരോഗ്യാനുകൂലാനുപാതത്തിലായി. പ്രകൃതി വളരെ പെട്ടെന്നുതന്നെ അതിന്റെ സ്വാഭാവികതയിലേക്കും സൗന്ദര്യത്തിലേക്കും തിരിച്ചെത്തി. മനുഷ്യന്‍ പ്രകൃതിയോടുകാണിച്ച വികൃതികളുടെ ആഘാതം എന്താണെന്ന് മനുഷ്യന്‍ മനസ്സിലാക്കി. അതുകൊണ്ട് അതിനുള്ളശിക്ഷയായി കൊറോണ പ്രതിരോധത്തിനായി പാലിച്ച ക്വാറന്റയിന്‍ നടപടികളെ കരുതിയാല്‍ മതി. ഇതു മാനവസമൂഹത്തിനൊരു മുന്നറിയിപ്പുകൂടിയാണ്.
പ്രകൃതിയിലെ അതിസൂക്ഷ്മവും അര്‍ത്ഥപ്രാണിയുമായ വൈറസുകള്‍ പകുതി ജിവനും പകുതി ജീവനില്ലാത്ത ഭാഗങ്ങളുള്ളതുമാണ്. ഈ പുതിയ അവതാരത്തിന് പരിണാമഗുപ്തിയുടെ ഉത്തുംഗതയില്‍ നില്‍ക്കുന്ന മനുഷ്യസമൂഹത്തിന്റെ ഉന്മൂലനത്തിനു തന്നെ കഴിവുണ്ടെന്നും പ്രകൃതിയുടെ മുന്നില്‍ മനുഷ്യന്‍ എത്ര നിസ്സഹായനാണെന്നും മനസ്സിലാക്കിത്തരാന്‍ സാധിച്ചു. അതുപോലെ യൂറോപ്യന്‍ രാജ്യങ്ങളിലെ കൊറോണ വ്യാപനവും രോഗമേല്‍പിച്ച ആഘാതവും പരിശോധിക്കുമ്പോള്‍ പാശ്ചാത്യനഗരവത്കരണത്തിന്റെയും മുതലാളിത്ത ജീവിതത്തിന്റെയും അശാസ്ത്രീയതയും അപര്യാപ്തതയും വെളിപ്പെടുന്നു. അതേസമയം രോഗത്തെ അതിസമര്‍ത്ഥമായി തടഞ്ഞുനിര്‍ത്തിയ ഭാരതീയഗ്രാമങ്ങള്‍ ആരോഗ്യഭാരതത്തിന്റെ അഭിവൃദ്ധിയുടെയും സ്വയംപര്യാപ്തതയുടെയും പ്രതീകങ്ങളാണെന്നും വ്യക്തമാകുന്നു.
ഭാരതം ലോകത്തിനു മാതൃക
കൊറോണ 19 ലോകത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ദിവസം മുതല്‍ ഇന്ത്യാ ഗവണ്‍മെന്റ് മുഴുവന്‍ അന്താരാഷ്ട്ര വിമാനയാത്രക്കാരുടെയും കൊറോണപരിശോധന എല്ലാ വിമാനത്താവളത്തിലും കര്‍ശനമായി നടപ്പിലാക്കി. ലക്ഷണം കണ്ടവരെ ക്വാറന്റയിനില്‍ അയച്ചു. മറ്റുള്ളവര്‍ക്ക് ആവശ്യമായ ബോധവത്കരണവും നടത്തി. ഇറ്റലി, ഇറാന്‍, ചൈന മുതലായ കൊറോണ ഹോട്ട്‌സ്‌പോട്ട് രാഷ്ട്രങ്ങളില്‍ നിന്നും എത്തിയ കൊറോണബാധിതരുടെ സമ്പര്‍ക്കവലയവും സഞ്ചാരപഥവും നിരീക്ഷണവിധേയമാക്കി. അവരെ നേരിട്ട് അര്‍ദ്ധസൈനികരുടെ സുരക്ഷിതത്വത്തിലുള്ള നിരീക്ഷണ ക്യാമ്പുകളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മാര്‍ച്ച് 22 ന് ജനതാകര്‍ഫ്യൂ, തുടര്‍ന്ന് 21,1914 എന്നിങ്ങനെ തുടര്‍ച്ചയായി മൂന്നു പ്രാവശ്യം ലോക് ഡൗണ്‍. ഭാരതത്തിന്റെയും ലോകത്തിന്റെയും ചരിത്രത്തിലിന്നുവരെ പാലിച്ചിട്ടില്ലാത്ത പരീക്ഷിച്ചിട്ടില്ലാത്ത ഒരു തന്ത്രം. മരുന്നുകള്‍ കണ്ടുപിടിച്ചിട്ടില്ലാത്ത, ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ്പിലൂടെ മാത്രം കാണാന്‍ കഴിയുന്നത്ര വലിപ്പമുള്ള (60-140 നാനോ മീറ്റര്‍)ഏകതന്തു RNA കോവിഡ് വൈറസിനെതിരെ പോരാടുവാന്‍ അതിനനുസൃതമായ ഒരാശയമായിരുന്നു ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി ആവിഷ്‌കരിച്ചു നടപ്പിലാക്കിയത്.
വളരെയധികം അവികസിത മേഖലകളുള്ള, 130 കോടി ജനങ്ങളധിവസിക്കുന്ന ഒരു വികസ്വരരാഷ്ട്രം മൊത്തം മരണസംഖ്യ മൂവായിരത്തിനു മീതെ പിടിച്ചുനിര്‍ത്തിയപ്പോള്‍ ഇന്ത്യയുടെ നാലിലൊന്നു ജനസംഖ്യപോലുമില്ലാത്ത ലോകത്തിലെ ഏറ്റവും സമ്പന്നവും വികസിതവുമായ അമേരിക്കയില്‍ ആഗോള മഹാമാരിപിടിപെട്ട് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നു. തുടക്കത്തില്‍ തന്നെ ഒരു ലക്ഷത്തിലധികം കോവിഡ് ബഡ്ഡുകള്‍ തയ്യാറാക്കി. ഇരുപതിനായിരത്തിലധികം റെയില്‍കോച്ചുകളെ കോവിഡ് ബഡുകളാക്കി മാറ്റിയും പ്രതിരോധ മാര്‍ഗ്ഗം തീര്‍ത്തുകൊണ്ട് രോഗഭീഷണിയെ നേരിടുന്നതിന് ഇന്ത്യ തയ്യാറെടുത്തു. ഒരു ദേശീയധാരണയുമില്ലാത്ത, ഭരണത്തെ എതിര്‍ക്കുക എന്ന ഒറ്റ അജണ്ടാപ്രവര്‍ത്തനവുമായി മാത്രം കഴിയുന്ന പ്രതിപക്ഷപാര്‍ട്ടികളെപ്പോലും സാഹചര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി കൊറോണ യുദ്ധം നയിക്കാന്‍ തന്നോടൊപ്പം നിര്‍ത്താന്‍ മോദിക്ക് സാധിച്ചു. എന്നാല്‍ കൊറോണ പരാജയപ്പെടുമെന്നും മോദിയുടെ നടപടികള്‍ ഫലപ്രദമായിരുന്നില്ല എന്നും നഗരമാവോയിസ്റ്റുകളും ടുകടെ ടുകടെ ഗ്യാംഗുകളും വിഘടനവാദികളും മര്‍ക്കസ് ജിഹാദികളും തീവ്രവാദികളും ഇറ്റാലിയന്‍ രക്തബീജന്മാരും നുണപ്രചരണത്തിന്റെ പുതിയ ഇനം വൈറസിനെ ദേശീയവിദേശീയ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് നാട്ടില്‍ വര്‍ഗ്ഗീയലഹളയും കലാപവും സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
അതുപോലെ 21 ദിവസത്തെ ലോക്ഡൗണ്‍ ഭാരതത്തിലെ ശക്തമല്ലാത്ത സാമ്പത്തികസ്ഥിതിയെ തകര്‍ക്കുകയും രാജ്യത്തെ 50 ശതമാനത്തിലധികം വരുന്ന അനൗപചാരിക മേഖലയിലുള്ള തൊഴിലാളികളെ നിരാലംബരാക്കുകയും ചെയ്യുമെന്ന് പ്രചരിപ്പിക്കുന്നു ഇക്കൂട്ടര്‍. എന്നാല്‍ 130 കോടി ജനങ്ങളില്‍ കൊറോണ ബാധിതരെ കണ്ടുപിടിച്ച് ചികിത്സിക്കുക എന്ന അപ്രായോഗികവും അവിശ്വസനീയവുമായ ഒരു കാര്യം വളരെ കാര്യക്ഷമമായി നടപ്പിലാക്കി വിജയിപ്പിച്ച കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ശ്രമങ്ങളെ ഇവരാരും കണ്ടതായിപ്പോലും നടിക്കുന്നില്ല. പാശ്ചാത്യവാര്‍ത്താമാധ്യമങ്ങളിലൂടെ ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ തൊഴില്‍ ചെയ്യുന്ന കോടിക്കണക്കിനു അന്യസംസ്ഥാനതൊഴിലാളികള്‍ക്കു താമസസൗകര്യവും ഭക്ഷണവും നല്കാന്‍ സാധിക്കുന്നില്ല എന്നാണ്. ന്യുയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ് മുതലായ വിദേശ മാധ്യമങ്ങളിലും ഈ നാട്ടിലെ ചെറുതും വലുതുമായ ന്യൂസ് പേപ്പറുകളിലും ചാനലുകളിലും ഭാരതത്തിനെതിരെ കള്ള പ്രചാരണം നടത്തുന്നു. ഒരു പ്രത്യേകമതക്കാരെ തെരഞ്ഞുപിടിച്ചു വേട്ടയാടുന്നു. ഹിന്ദുവെന്നും മുസ്ലീമെന്നും വേര്‍തിരിച്ച് പ്രത്യേകവാര്‍ഡുകളില്‍ ചികിത്സിക്കുന്നു….. ഇങ്ങനെ പോകുന്നു നുണ പ്രചരണങ്ങള്‍. ഇവരുടെ ലക്ഷ്യം കൊറോണ യുദ്ധത്തില്‍ എന്തെങ്കിലും പരാജയം നേരിട്ടാല്‍ ഉടനെ മോദിയെ പ്രതിക്കൂട്ടിലാക്കി രാജി വെയ്പ്പിക്കാം എന്നാണ്. ഈ സൃഗാലസന്തതികള്‍ ഒരിക്കലും നന്നാവുകയില്ല. കാരണം തങ്ങള്‍ക്ക് നന്നാവാന്‍ അവര്‍ക്ക് ആദ്യം ഈ നാടു നശിക്കണം. അതൊരിക്കലും നടക്കില്ല. നടക്കാന്‍ പാടില്ല.
കൊറോണാനന്തരകാലഘട്ടത്തില്‍ സാമ്പത്തിക സാമൂഹികക്രമങ്ങളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് കരുതുന്നു. വികസിതരാജ്യങ്ങളെല്ലാം ചൈനയെ ഒഴിവാക്കി ഒരു ആഗോളവാണിജ്യ അന്തരീക്ഷം സൃഷ്ടിക്കുവാനുള്ള സാധ്യത തെളിഞ്ഞുവരുന്നു. നൂറിലധികം കോര്‍പ്പറേറ്റുകള്‍ ഇപ്പോള്‍ തന്നെ ചൈന വിടുവാന്‍ ആലോചിക്കുന്നതായി പത്രവാര്‍ത്തകള്‍ വരുന്നു. ചൈനയില്‍ നിന്നും വെളിയില്‍ വരുന്ന വാണിജ്യസംരംഭകരുടെ ലക്ഷ്യസ്ഥാനം സ്വാഭാവികമായും ഭാരതമായിരിക്കും. നമ്മുടെ ജനസംഖ്യാമൂല്യം, വിപണിവ്യാപ്തി, വ്യാപാരസൗഹൃദഅന്തരീക്ഷം, ജനാധിപത്യഭരണം, വിശ്വമാനവികതയിലധിഷ്ഠിതമായ സാംസ്‌കാരിക പാരമ്പര്യം, സത്യസന്ധതയും കഴിവും മികവുമുള്ള ഭരണനേതൃത്വം, അതിവേഗ വളര്‍ച്ച പ്രതിഫലിപ്പിക്കുന്ന സമ്പദ്ഘടന- ഈ സാഹചര്യങ്ങള്‍ വന്‍കിടവ്യവസായങ്ങള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഭാരതത്തെ ഏറ്റവും സ്വീകാര്യതയുള്ള രാഷ്ട്രമാക്കിത്തീര്‍ക്കുന്നു. കോവിഡാനന്തരലോകക്രമത്തെ ഭാരതം നേതൃനിരയില്‍ നിന്നു നയിക്കും.