കള്ളുകുടിയ്ക്കാന്‍ പണമില്ലാത്തതിനാല്‍ വീട്ടിലെ കിണ്ടിയുമെടുത്ത് ഷാപ്പിലേയ്ക്ക് പോകുന്ന കാരണവരെപ്പോലെയാണ് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എന്‍.വാസു. കോവിഡ് അടച്ചിടല്‍ മൂലം പ്രതിസന്ധിയിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അമ്പലങ്ങളിലെ ഊട്ടുപുരകളില്‍ കയറി തിരച്ചില്‍ നടത്തുകയാണ്; പഴയ നിലവിളിക്കിനും കിണ്ടിയ്ക്കും വേണ്ടി. എല്ലാം പെറുക്കിക്കൂട്ടി തൂക്കിവിറ്റ് ദേവസ്വം അധികൃതര്‍ക്ക് ധൂര്‍ത്തടിയ്ക്കാനുള്ള പണം തികയ്ക്കണം. ഇതെല്ലാം തൂക്കിവിറ്റാല്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി തീരുമോ എന്നു ചോദിക്കരുത്. അതുകൊണ്ട് തികഞ്ഞില്ലെങ്കിലോ എന്നു കരുതി ക്ഷേത്രഭൂമി പച്ചക്കറികൃഷിയ്ക്ക് പാട്ടത്തിനു കൊടുത്തു കഴിഞ്ഞു. എന്നിട്ടും തികഞ്ഞിട്ടില്ലെങ്കില്‍ ദേവസ്വത്തിന്റെ കീഴിലെ ജംഗമസ്വത്തുകളൊക്കെ പെറുക്കിവിറ്റ് ധൂര്‍ത്തടി തുടരും. എല്ലാം തീര്‍ന്നാലോ? സംശയംവേണ്ട ദേവന്റെ വിഗ്രഹം വരെ ഉരുക്കി വിറ്റ് കള്ള് കുടിയ്ക്കും. സഖാക്കള്‍ക്ക് എന്ത് ദേവന്‍? ദേവനെന്തിനാടോ പാറാവ് എന്ന് പണ്ട് ഒരു മൂത്ത സഖാവ് ചോദിച്ചിട്ടില്ലേ?
ഇങ്ങനെ ചെയ്യുന്നതിന് സഖാക്കള്‍ക്ക് ചോരതിളയ്ക്കുന്ന ഒരു മാതൃകയുണ്ട്. രാമജന്മഭൂമി പ്രക്ഷോഭകാലത്ത്, വിഗ്രഹം ഉരുക്കി വിറ്റ ഹിന്ദുരാജാവിന്റെ കഥ പറയാത്ത സഖാക്കളില്ല. കാശ്മീരിലെ ഹര്‍ഷന്‍ എന്ന രാജാവിന്റെ കഥ. സ്ത്രീലമ്പടനും മദ്യപനുമായ ആ രാജാവ് തന്റ ധൂര്‍ത്തിന്, ഖജനാവിലെ കാശു തീര്‍ന്നപ്പോള്‍ ക്ഷേത്രം കൊള്ളയടിക്കാനും വിഗ്രഹങ്ങള്‍ ഉരുക്കി വില്‍ക്കാനും തുടങ്ങി. ഈ ഹര്‍ഷന്റെ കഥയാണ് സഖാക്കള്‍ പതിവായി പറയാറുണ്ടായിരുന്നത്. ഇപ്പോള്‍ കേരളത്തിലെ സര്‍ക്കാര്‍ ഹര്‍ഷന്റെ പാതയിലാണ്. ദേവസ്വം സ്വത്തുക്കള്‍ കൊള്ളയടിക്കലാണ് ഈ ഭരണാധികാരികളുടെ പതിവ്. ഗുരുവായൂര്‍ ദേവസ്വമായാലും തിരുവിതാംകൂര്‍ ദേവസ്വമായാലും ഒരു മാറ്റവുമില്ല. ക്ഷേത്രങ്ങളുടെ ആസ്തിസംബന്ധിച്ച ഒരു കണക്കും അവരുടെ കയ്യിലില്ല. അതിനാല്‍ തന്നെ നഷ്ടപ്പെടുത്തിയതിനും കണക്കില്ല. മെല്ലെ മെല്ലെ അവരുടെ കൈ അവശേഷിക്കുന്ന ക്ഷേത്ര സ്വത്തിലേയ്ക്കും പൂജാപാത്രങ്ങളിലേയ്ക്കും വരെ എത്തിയിരിക്കുന്നു. ഇനിയുള്ളത് ദേവവിഗ്രഹമാണ്. സഹികെട്ട കാശ്മിരി ജനത ഹര്‍ഷനെ രാജകൊട്ടാരത്തില്‍ തീയിട്ടുകൊല്ലുകയായിരുന്നു എന്ന പാഠം ഹര്‍ഷനെ മാതൃകയാക്കുന്ന സഖാക്കള്‍ പഠിക്കുന്നത് നന്ന്.