കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇതിനെ എങ്ങനെ നേരിടാമെന്ന വിശദമായ ഗവേഷണങ്ങള്‍ ശാസ്ത്രലോകത്തു നടക്കവേതന്നെ, എന്തുകൊണ്ടാണ്— ഇതിനൊരു മറുമരുന്നില്ലാത്തത് എന്ന ചോദ്യം സാധാരണക്കാരുടെയിടയിലുണ്ട്. സാധാരണ പനിയ്ക്കും തൊണ്ടവേദനയ്ക്കും ചുമയ്ക്കുമൊക്കെ ആന്റിബയോട്ടിക്കുകള്‍ ശമനമേകുമ്പോള്‍ എന്തുകൊണ്ടാണ്—കൊറോണാപ്പനിയ്ക്ക് അവ ഉപയോഗിക്കാത്തത് എന്ന ചോദ്യം ന്യായമാണ്. അതിനാദ്യം ബാക്ടീരിയയും വൈറസും ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്നത് ലളിതമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഒരു ബാക്ടീരിയയെ സുരക്ഷിതമായ ഒരു പണിസ്ഥലമോ വീടോ എന്നതുപോലെ കാണാവുന്നതാണ്. സുരക്ഷിതമായ ഭിത്തികളോടെ അടച്ചുറപ്പുള്ള ഒരു പണിസ്ഥലം. ആ വീട്ടില്‍ ചില അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ പോകുന്നുവെന്നോ, പുതിയമുറികള്‍ ഉണ്ടാക്കാന്‍ പോകുന്നുവെന്നോ അവിടെയിരുന്നുകൊണ്ട് അയല്പക്കക്കാരെ വീടുണ്ടാക്കാന്‍ സഹായിക്കുന്നുവെന്നോ വിചാരിക്കൂ. അവിടെ, ആ വീടിന്റെ ഒരു മുറിയില്‍ മേശയില്‍, ദാ ഇരിക്കുന്നു; എന്തൊക്കെ പണികള്‍ ചെയ്യണമെന്നതിന്റെ ബ്ലൂപ്രിന്റ്. അതാണ്— ഈ ബാക്ടീരിയയുടെ ഡി.എന്‍.എ (DNA). ആ മേശയിലേക്ക് ഉറ്റുനോക്കിക്കൊണ്ട് പണികള്‍ ഏറ്റെടുത്തു ചെയ്യാന്‍ തയ്യാറായിരിക്കുന്നത് കോണ്‍ട്രാക്റ്റര്‍ ആയ ആര്‍.എന്‍.എ(RNA) ആണ്. കോണ്‍ട്രാക്റ്റര്‍ ആയ ആര്‍.എന്‍.എ തന്റെ പണിക്കാരായ റൈബോസോമുകളെക്കൊണ്ട് ഡി.എന്‍.എയില്‍ നേരത്തെ എഴുതിവച്ചിരിക്കുന്ന പണികള്‍ ചെയ്യിക്കുന്നു. പണിസാധനങ്ങള്‍ അത്യാവശ്യമെങ്കില്‍ സ്വയമായി നിര്‍മിക്കാനും കഴിവുള്ളവരാണു പണിക്കാര്‍. ഈ പണിക്കാര്‍ക്കോ കോണ്‍ട്രക്റ്റര്‍ക്കോ ഡി.എന്‍.എ ആയ ബ്ലൂപ്രിന്റില്‍ നവീകരണം ആവശ്യമാണെന്നും ഡി.എന്‍.എ പറഞ്ഞതിനപ്പുറം പണികള്‍ ചെയ്യണമെന്നും തോന്നിയാല്‍ അതിനനുസരിച്ച് ബ്ലൂപ്രിന്റില്‍ മാറ്റം വരുത്താനുള്ള കഴിവും അധികാരവുമുണ്ട്.
മനുഷ്യശരീരത്തില്‍ കടന്നുകൂടുന്ന ബാക്ടീരിയ ഈ വിധം സ്വന്തം സ്ഥിതി മെച്ചപ്പെടുത്തുന്നതോടെ അതിന്റെ ഡി എന്‍ എ യില്‍ ഈ ആതിഥേയശരീരത്തിനകത്തു സുഖമായി കഴിഞ്ഞുകൂടാന്‍ തക്കവിധമുള്ള മാറ്റങ്ങള്‍ നടന്നുകഴിഞ്ഞിരിക്കും. എങ്കിലും മറ്റു ശരീരകോശങ്ങളുടെ അകത്തുകയറി ആക്രമിക്കുക എന്ന പണി അവന്‍ ചെയ്യില്ല. ബാക്ടീരിയകള്‍ ആദ്യം ഈ ആതിഥേയശരീരത്തിലെ സൗകര്യങ്ങള്‍ക്കും പരിമിതികള്‍ക്കുമനുസരിച്ച് സ്വയം രൂപപ്പെടുത്തി തന്റെ സ്ഥാനമുറപ്പിക്കുന്നു. അതിനുശേഷം തന്റെ ഡി എന്‍ എയില്‍ വരുത്തിയ മാറ്റങ്ങള്‍ തൊട്ടടുത്ത ബാക്ടീരിയായിലേക്കു പകര്‍ന്ന് അവനെയും ശക്തിപ്പെടുത്തി, ക്രമേണ കടന്നുകൂടിയവകള്‍ എല്ലാം സാഹചര്യവുമായി പൊരുത്തപ്പെട്ട് ശക്തിയാര്‍ജിക്കുന്നു. എല്ലാ ബാക്ടീരിയകള്‍ക്കും ബ്ലൂപ്രിന്റുകള്‍ സമാനസ്വഭാവത്തോടെ തയ്യാറാകുകയും പുതിയ വീടുപണികള്‍ (ബാക്ടീരിയാ നിര്‍മ്മാണങ്ങള്‍) ആരംഭിക്കുകയും ചെയ്യുന്നു.
ഇതോടെ ശരീരത്തില്‍ എവിടെയാണോ ആദ്യം ഈ ബാക്ടീരിയകള്‍ നുഴഞ്ഞുകയറിയത്, അവിടെ ബാക്ടീരിയകളുടെ ചെറുകോളനികള്‍ രൂപപ്പെടുന്നു. ഓരോ ബാക്ടീരിയയിലേയും കോണ്‍ട്രാക്റ്ററും പണിക്കാരും(ആര്‍.എന്‍.എ ആന്റ് റൈബോസോമസ്) തകൃതിയായി ഈ പണികള്‍ അനുസ്യൂതം മുന്‍പോട്ടുകൊണ്ടുപോകുകയും ചെയ്യുന്നു. ഇതിനേത്തുടര്‍ന്ന് ഈ കോടിക്കണക്കായ ബാക്ടീരിയാകള്‍ ധാരാളം വിഷവസ്തുക്കള്‍ പുറപ്പെടുവിക്കാനാരംഭിക്കുന്നു. അവരുടെ പ്രവര്‍ത്തനഫലമായുണ്ടാകുന്ന എന്തും ശരീരത്തിനു വിഷമായേക്കാം. അവയുടെ വിസര്‍ജ്യങ്ങള്‍, പുതിയ നിര്‍മ്മാണങ്ങള്‍ ഇവയൊക്കെ ശരീരത്തിനു താങ്ങാന്‍ പറ്റാത്ത വിഷവസ്തുക്കളാകാം (ടെക്‌സോസിന്‍സ്). ഈ വിഷവസ്തുക്കള്‍ രക്തത്തില്‍ കലരുകയും ശരീരകലകളില്‍ ഇവകള്‍ എത്തുകയും ചെയ്യുന്നതോടെ ശരീരം അസ്വസ്ഥതകള്‍ കാണിക്കാന്‍ തുടങ്ങുന്നു.
ശരീരത്തിലെ മൂന്നടുക്കായ പ്രതിരോധസംവിധാനം
1) ത്വക്കും ശരീരദ്രവങ്ങളും ചേര്‍ന്ന ഒന്നാം നിര. (2) രക്തകോശങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന രണ്ടാം നിര. (3) ആന്റിബോഡികളുടെ മൂന്നാം നിര. ഇവയുടെ ആക്രമണങ്ങളെ തടുക്കാന്‍ പരാജയപ്പെടുന്നതോടെയാണ് ഇവകള്‍ ശരീരത്തില്‍ എത്തിപ്പെട്ട് മേല്പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും പനി, വിറയല്‍, രുചിയില്ലായ്മ എന്നിങ്ങനെയുള്ള അസ്വസ്ഥതകള്‍ രൂപപ്പെടുന്നതും.
രക്തപരിശോധന നടത്തിയോ മറ്റുശരീരഭാഗങ്ങളുടെ സ്രവമോ ശരീരകലകളോ കള്‍ച്ചര്‍ ചെയ്ത് അവിടെയുള്ള ബാക്ടീരിയകളെ ലാബില്‍ വളരാനനുവദിച്ചോ ഏതിനം ബാക്ടീരിയയാണ് ശരീരത്തില്‍ കടന്നുകൂടിയതെന്നു മനസ്സിലാക്കുന്നു. ഈ ബാക്ടീരിയകളുടെ പ്രവര്‍ത്തനം നിറുത്തണമെങ്കില്‍ അതിന്റെ പണികള്‍ക്ക് ആധാരമായ ഡി.എന്‍.എയെയോ ആര്‍. എന്‍.എയേയോ നശിപ്പിക്കുകയേ നിര്‍വാഹമുള്ളൂ. അതിനു ഈ ബാക്ടീരിയകളുടെ വീടിന്റെ ഭിത്തി (cell wall) നശിപ്പിക്കുകയും അകത്തുകയറി ബ്ലൂപ്രിന്റിനെയോ കോണ്‍ട്രാക്റ്ററെയോ പണിക്കാരെയോ മൂന്നിനേയുമൊരുമിച്ചോ ഒക്കെ നശിപ്പിക്കാനുതകുന്ന ആന്റിബയോട്ടിക്കുകള്‍ പ്രയോഗിക്കുകയും ചെയ്യുന്നു. ഈ ആന്റിബയോട്ടിക്കുകള്‍ എന്ന മരുന്നിനു മേല്പ്പറഞ്ഞ ഏതെങ്കിലും കാര്യം ചെയ്യാന്‍ കഴിവുണ്ടായിരിക്കും. അതിനനുയോജ്യമായവ പരിശോധനകളിലൂടെ കണ്ടെത്തി പ്രയോഗിച്ച് ബാക്ടീരിയാനാശനം വരുത്തി സുഖപ്പെടുത്തുകയാണു ചെയ്യുക. ഇതിനു സാധിച്ചത് ബാക്ടീരിയാകള്‍ സ്വന്തമായി പണിസ്ഥലം ഉള്ളവരായതുകൊണ്ടും അവരുടെ ആ പണിസ്ഥലം നശിപ്പിക്കുന്നതോടെ അവകള്‍ നിര്‍വീര്യമാകുന്നു എന്നതുകൊണ്ടുമാണ്.
ബാധിച്ചിരിക്കുന്ന ബാക്ടീരിയയുടെ രൂക്ഷതയനുസരിച്ചുള്ള ആന്റിബയോട്ടിക്കുകളാണു നല്കുക. ഇതിനോടകം ഇവറ്റകളെ ശരീരത്തില്‍ കടന്നുകൂടാനനുവദിക്കുക എന്ന അബദ്ധം ചെയ്ത ശരീരത്തിന്റെ പ്രതിരോധസംവിധാനം ഇവറ്റകളെ കൊന്നുതിന്നാനുള്ള ദേഷ്യത്തിലാവും; എന്നാല്‍ സ്വയമേവ ഇനിയൊന്നുമൊട്ടു ചെയ്യാനുമില്ല. ഇത്തരം അവസരത്തിലാണ്—ഡോക്ടര്‍മാര്‍ ആന്റിബയോട്ടിക്കുകള്‍ നിര്‍ദേശിക്കുക. വന്നവന്‍ കൊടും ഭീകരനല്ലെങ്കില്‍ അവന്റെ കോശഭിത്തി തകര്‍ക്കുന്ന വീര്യം കുറഞ്ഞ ആന്റിബയോട്ടിക്കുകളേ പ്രയോഗിക്കേണ്ടതുള്ളൂ. ഭിത്തി തകരുന്നതോടെ അവന്റെ ബാക്കി കാര്യം ശരീരത്തിലെ പ്രതിരോധസേന നോക്കിക്കൊള്ളും. അതേസമയം അവന്റെ ഭീകരതയനുസരിച്ച് ബ്ലൂപ്രിന്റിനേയോ കോണ്‍ട്രാക്റ്ററേയോ പണിക്കാരേയോ ഒക്കെ തകര്‍ക്കുന്ന വിധത്തിലുള്ള വീര്യം കൂടിയ ആന്റിബയോട്ടിക്കുകളും നിര്‍ദ്ദേശിക്കപ്പെട്ടേക്കാം. ബ്ലൂപ്രിന്റ് ശരിയായ വിധത്തില്‍ വായിച്ചുമനസ്സിലാക്കുന്നതില്‍നിന്നു കോണ്‍ട്രാക്റ്ററെ തടസ്സപ്പെടുത്തി ഉദ്ദേശിച്ചുവന്ന പണികളുമായി മുന്‍പോട്ടു പോകുന്നതിനു വിഘാതം സൃഷ്ടിക്കുക, പണിക്കാരായ റൈബോസോമുകളെ നേരിട്ടാക്രമിച്ച് പണികള്‍ നിറുത്തിവയ്പ്പിക്കുക, ആന്റിബോഡികള്‍ക്കും മറ്റുപ്രതിരോധ്‌സേനകള്‍ക്കും കടന്നുവരത്തക്കവിധത്തില്‍ ബാക്ടീരിയയില്‍ വിള്ളലുകള്‍ സൃഷ്ടിക്കുക എന്നിങ്ങനെ നിരവധി വിദ്യകള്‍ ആന്റിബയോട്ടിക്കുകളുടെ കൈവശമുണ്ട്.
എന്നാല്‍ ഈ ആന്റിബയോട്ടിക്കുകളെ കാണുമ്പോഴോ അവ ആക്രമിക്കുമ്പോഴോ വാലും ചുരുട്ടി ഓടുന്ന വെറും ഭീരുക്കളാണ്— ബാക്റ്റീരിയകള്‍ എന്നു ധരിക്കരുത്. അവര്‍ ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തനത്തെ കഴിവതും ചെറുത്തുനില്ക്കും. ഒരു കോളനിയിലുള്ള എല്ലാ ബാക്ടീരിയകളും ഒരേപോലെ ബുദ്ധിമാന്മാരോ ശക്തിമാന്മാരോ ആയിരിക്കുകയില്ല. ഇതില്‍ ഏറ്റവും മിടുക്കന്മാരായവര്‍ അവരെ എതിര്‍ക്കാന്‍ വരുന്ന ആന്റിബയോട്ടിക്കുകളെ ചെറുത്തുനില്ക്കാന്‍ പതിനെട്ടടവും പയറ്റും. അവരുടെ കോട്ടയുടെ മതിലിന്റെ (Cell wall) ശക്തിവര്‍ദ്ധിപ്പിക്കുക, അവര്‍ കൊണ്ടുവന്നു നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ബ്ലൂ പ്രിന്റ്(ഡി.എന്‍.എ) ആന്റിബയോട്ടിക്കിന്റെ ആക്രമണത്തെ മറികടക്കുന്ന രീതിയില്‍ മാറ്റിയെഴുതാന്‍ ശ്രമിക്കുക, കോണ്‍ട്രാക്റ്ററെക്കൊണ്ടു (ആര്‍. എന്‍.എ) ഈ ആക്രമണത്തെ നേരിടാനുള്ള വഴികള്‍ മെനയുക, തന്റെ കൂടാരത്തിലെ പണിക്കാരെക്കൊണ്ട് ഇവയെ തിരിച്ചാക്രമിക്കുക എന്നിങ്ങനെ വിവിധ അടവുകള്‍. ഈ പ്രത്യാക്രമണത്തില്‍ വിജയിക്കുന്ന ബാക്ടീരിയകള്‍ തങ്ങളുടെ വിജയതന്ത്രം ക്ഷീണിതരോ കഴിവുകുറഞ്ഞവരോ ആയ മറ്റു ബാക്ടീരിയകള്‍ക്കുകൂടെ പകര്‍ന്നുകൊടുക്കുന്നു. വന്നിരിക്കുന്ന ആന്റിബയോട്ടിക്കിന്റെ വീര്യമോ പ്രയോഗകാലമോ കുറവാണെങ്കില്‍ ഈ യുദ്ധത്തില്‍ വിജയിച്ച ബാക്ടീരിയകള്‍ നശിച്ചുപോകാതെ ശരീരത്തില്‍ താമസിക്കുന്നു.
നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ അതു കഴിക്കണമെന്നു പറഞ്ഞിരിക്കുന്ന കാലം വരെ കഴിക്കണം എന്നുപറയുന്നത് ഇതുകൊണ്ടാണ്. 7 ദിവസം കഴിക്കണമെന്നു പറഞ്ഞുതരുന്ന മരുന്ന് ആദ്യരണ്ടു ദിവസം കഴിക്കുമ്പോള്‍ത്തന്നെ നമ്മള്‍ മുന്‍പുകണ്ട ബാക്ടീരിയാനാശനപ്രവര്‍ത്തനം തുടങ്ങുകയും ബാക്ടീരിയയുടെ ആക്രമണം മന്ദീഭവിക്കുകയും ചെയ്യും. അതിനെത്തുടര്‍ന്ന് തന്റെ അസുഖം കുറഞ്ഞെന്നും ഇനി മരുന്നു കൂടുതല്‍ കഴിക്കേണ്ട കാര്യമില്ലെന്നും സ്വയം തീരുമാനിക്കുന്നത് അത്യാപത്തു വിളിച്ചുവരുത്തും. ഈ മരുന്നു ചെന്ന് ബാക്ടീരിയാകള്‍ തങ്ങളുടെ പ്രവര്‍ത്തനം കുറച്ചാലും പിന്നീടു മരുന്നു കഴിക്കുന്നില്ലെങ്കില്‍ എല്ലാ ബാക്ടീരിയാകളും നശിക്കില്ല. ജീവിച്ചിരിക്കുന്ന ബാക്ടീരിയകള്‍ ഈ മരുന്നിനെ പരിചയപ്പെട്ട് മരുന്നിന്റെ ഘടന മനസ്സിലാക്കി അതിനോടു പൊരുത്തപ്പെട്ട് അതിനെ അതിജീവിക്കാനുള്ള ശക്തിയാര്‍ജിക്കും. ഇപ്പോള്‍ വീണ്ടും ശരീരത്തെ ആക്രമിക്കാന്‍ തുനിയുന്നതു അബദ്ധമാണെന്നു മനസ്സിലാക്കുന്ന ഇവകള്‍ നിശബ്ദരായി ശരീരത്തില്‍ പതുങ്ങിക്കിടക്കും. നമ്മളും ഹാപ്പി. കണ്ടോ ഡോക്ടര്‍ പറഞ്ഞത്രയും കഴിച്ചില്ലെങ്കിലും എന്റെ അസുഖം മാറിയെന്നും ഇവന്മാരൊക്കെ നമ്മളെക്കൊണ്ടു കൂടുതല്‍ മരുന്നു വാങ്ങിപ്പിച്ചു മരുന്നുമാഫിയായെ വളര്‍ത്തുന്നവരാണെന്നു കുറ്റവും പറയും.
പിന്നീട് ഇതേ അസുഖത്തിന്റെ ബാക്ടീരിയകള്‍ നമ്മുടെ ശരീരത്തെ ബാധിച്ചാല്‍ ഇന്നു നിശബ്ദരായി ഈ മരുന്നിന്റെ സര്‍വരഹസ്യങ്ങളും മനസ്സിലാക്കി കിടക്കുന്ന നശിക്കാതെയവശേഷിച്ച ബാക്ടീരിയകള്‍ പുതുതായി കടന്നുവന്നവരോട് ഈ മരുന്നിന്റെ രഹസ്യവും അതിനെ അതിജീവിക്കാനുള്ള തന്ത്രങ്ങളും അതിനെ അതിജീവിക്കാന്‍ പഴയ ബാക്ടീരിയകള്‍ അവരുടെ ബ്ലൂപ്രിന്റില്‍ വരുത്തിയ മാറ്റങ്ങളും പങ്കുവച്ച് അവയെ ഈ മരുന്നിനതീതരാക്കുന്നു. അതോടെ നേരത്തേ കൊടുത്ത ആന്റിബയോട്ടിക്ക് ഇവിടെ പ്രവര്‍ത്തനക്ഷമമല്ലാതെവരുന്നു. Antibiotic Resistance എന്ന അതിഗുരുതരാവസ്ഥ രൂപപ്പെടുന്നു. അതിനെത്തുടര്‍ന്ന് ആവശ്യമില്ലെങ്കില്‍പ്പോലും വീര്യം കൂടിയ ആന്റിബയോട്ടിക്കുകള്‍ കഴിക്കേണ്ടിവരുന്നു. അതിന്റെ ആവശ്യമില്ലാത്ത വീര്യതയാല്‍ ഒരു പക്ഷേ മറ്റ് അസുഖങ്ങള്‍ ഉണ്ടാകുന്നു. അപ്പോഴും, ഏതെങ്കിലും ഒരു ബാക്ടീരിയയെയെങ്കിലും, നമ്മുടെ അലസപൂര്‍ണ്ണമായ മരുന്നുപയോഗം കൊണ്ട് നശിക്കാതെ അവശേഷിക്കുന്നുണ്ടെങ്കില്‍ ഭാവിയില്‍ ഈ മരുന്നും നമുക്ക് ഉപകരിക്കാതെ മിക്കവാറും എല്ലാ ആന്റിബയോട്ടിക്കുകളും Resistant ആകുന്നു. ആ അതി ഭീകരാവസ്ഥയിലേക്കു പോകാതിരിക്കാന്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്.
ഇനി നമുക്ക് വൈറസ് ആരാണെന്നു നോക്കാം.
വൈറസ് ബാക്റ്റീരിയകളേക്കാള്‍ ആയിരക്കണക്കിനംശം ചെറുതായിരിക്കും. അവയുടെ കൈയ്യില്‍ പെറ്റുപെരുകാനുള്ള മാര്‍ഗ്ഗങ്ങളും തന്ത്രങ്ങളുമടങ്ങിയ ബ്ലൂപ്രിന്റോ (ഡി.എന്‍.എ) അത്തരം എന്തെങ്കിലും ബ്ലൂപ്രിന്റുണ്ടെങ്കില്‍ അതുവായിച്ചുമനസ്സിലാക്കി പണിയെടുപ്പിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ കഴിവുള്ള കോണ്ട്രാക്റ്ററോ (ആര്‍എന്‍.എ) ഏതെങ്കിലും ഒരെണ്ണം ഉണ്ടായിരിക്കും. എന്നാല്‍ സ്വന്തനിലയില്‍ ഇത്തരം പണികള്‍ ഏറ്റെടുത്തുനടത്താനുള്ള കഴിവോ, അതിനുള്ള പണിക്കാരോ വിഭവശേഷിയോ ഉണ്ടായിരിക്കില്ല. മറ്റുള്ളവര്‍ക്കു പണികൊടുക്കാനുള്ള തന്ത്രങ്ങളുമായി ചുറ്റിപ്പറ്റി നടക്കുന്ന ഒരു വിരുതന്‍ ശങ്കുവാണ്—ചുരുക്കത്തില്‍ വൈറസ്. താമസിക്കാന്‍ സ്ഥലം നോക്കിനടക്കുന്ന ഒരു ഇത്തിള്‍ക്കണ്ണി. ഇവന്‍ ബാക്ടീരിയായേക്കാള്‍ അപകടകാരിയാണ്.
അപ്പൊപ്പിന്നെ ഇവരെന്തുചെയ്യും? ചിലവില്ലാതെ താമസിക്കാന്‍ പറ്റിയ, പോഷകസമൃദ്ധമായ ആഹാരം കിട്ടുന്ന, അതിസുഖദമായ ജീവിതസാഹചര്യങ്ങളുള്ള ഒരു സ്ഥലം നോക്കി നടക്കുന്ന ഇവര്‍ അങ്ങനെയുള്ള മൃഗശരീരത്തിലോ മനുഷ്യശരീരത്തിലോ കയറിപ്പറ്റുന്നു. കോശഭിത്തികളില്ലാത്ത മനുഷ്യകോശങ്ങളില്‍ കയറിക്കൂടുന്ന ഇവ തങ്ങളുടെ ‘ജനിതകഘടന’യെന്ന വേരുകളാഴ്ത്തി ആ കോശത്തിന്റെ ബ്ലൂപ്രിന്റില്‍ തങ്ങളുടെ ബ്ലൂപ്രിന്റ് കുത്തിവയ്ക്കുന്നു. താമസം വിനാ ഈ വൈറസ് കയറിക്കൂടിയ കോശത്തിന്റെ (ഡി.എന്‍.എ)യില്‍ അഥവാ ബ്ലൂപ്രിന്റില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. നല്ലരീതിയില്‍ പണികള്‍ നടത്തി മുന്‍പോട്ടു പൊയ്‌ക്കൊണ്ടിരുന്ന മര്യാദക്കാരനായ കോശത്തിന്റെ (ഡി. എന്‍.എ) യില്‍ വന്ന മാറ്റമറിയാതെ ആ കോശത്തിന്റെ കോണ്ട്രാക്റ്റര്‍ പുതിയ ബ്ലൂപ്രിന്റിനനുസരിച്ച് ഈ വൈറസിന്റെ കൊട്ടേഷന്‍ ഏറ്റെടുത്ത് പണികള്‍ ആരംഭിക്കുന്നു. ചില വൈറസുകള്‍ക്ക് കോണ്ട്രാക്റ്റര്‍ മാത്രമേ കാണുകയുള്ളൂവെന്ന് സൂചിപ്പിച്ചിരുന്നല്ലോ. അങ്ങനെയുള്ള വൈറസാണു ചെല്ലുന്നതെങ്കില്‍ അവര്‍ നല്ലകോശത്തിന്റെ നല്ല ബ്ലൂപ്രിന്റ് തന്റെ ആര്‍.എന്‍.എയെക്കൊണ്ടു തെറ്റായി തനിക്കിഷ്ടമുള്ള രീതിയില്‍ വായിപ്പിച്ച് അവര്‍ക്കിഷ്ടമുള്ള പണികള്‍ ചെയ്തുതുടങ്ങുന്നു.
ഇവ ആദ്യംതന്നെ യഥാര്‍ത്ഥകോശത്തിന്റെ അകത്തെ പ്രവര്‍ത്തനത്തെ അടിമുടി മാറ്റി തങ്ങളുടെ വരുതിയിലാക്കുന്നു. പുറമെയ്ക്ക് കോശത്തിന്റെ കെട്ടിലും മട്ടിലും യാതൊരു രൂപമാറ്റവും ഇവര്‍ വരുത്തുന്നുമില്ല. പുറമെനിന്നു നോക്കുന്നയാള്‍ക്കോ ശരീരത്തിന്റെ പ്രതിരോധസേനയ്‌ക്കോ കോടാനുകോടി കോശങ്ങളുള്ളതില്‍ ഒരെണ്ണത്തില്‍ ഇങ്ങനെയൊരു കാര്യം നടക്കുന്നുവെന്നുള്ളതിന്റെ യാതൊരു സൂചനയും ഇവര്‍ കൊടുക്കില്ല. കടന്നുകൂടിയ കോശത്തിനെക്കൊണ്ടുതന്നെ വളരെ ക്ഷമാശീലരായി ആരുമറിയാതെ തങ്ങളുടെ നൂറായിരം പതിപ്പുകള്‍ ഇവര്‍ സൃഷ്ടിക്കുന്നു. അവസാനം, ഈ വൈറസ് പതിപ്പുകളെക്കൊണ്ടു നിറഞ്ഞ കോശം തകര്‍ത്ത് ഇവര്‍ മറ്റുകോശങ്ങളിലേക്ക് അതിവേഗം പടരുകയും അവരേയും അധീനതയിലാക്കി ഇപ്പറഞ്ഞ പ്രക്രിയ ആവര്‍ത്തിക്കുകയും ചെയ്യുന്നു.
അങ്ങനെ പതിയെപ്പതിയെ ശരീരത്തിലെ സ്വാഭാവികകോശങ്ങള്‍ നശിക്കുകയും നശിക്കുന്നതിനുമുന്‍പ് വൈറസിന്റെ നിയന്ത്രണത്തിലിരുന്നുകൊണ്ട് ശരീരഭാഗങ്ങള്‍ക്ക് സര്‍വനാശം വരുത്തുകയും ചെയ്യുന്നു. ശരീരകോശങ്ങള്‍ക്ക് ഗണ്യമായ തകര്‍ച്ച സംഭവിക്കുന്നതോടെ രോഗലക്ഷണങ്ങള്‍ പുറമേയ്ക്ക് പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു.
വൈറസുകളുടെ തരമനുസരിച്ച് വേരിയോള വൈറസ് ഹേതുവായ മസൂരിക്കുമിളകളായോ, പോളിയോ വൈറസ് മൂലമുള്ള തളര്‍വാതമായോ, സാര്‍സ് വൈറസ് മൂലമുള്ള ശ്വസനവ്യവസ്ഥയുടെ തകര്‍ച്ചയായോ, എച്ച്.ഐ.വി വൈറസ് മൂലമൂള്ള പ്രതിരോധസംവിധാനത്തകര്‍ച്ചയായോ ഹ്യൂമന്‍ പാപ്പിലോമാ വൈറസ് മൂലമുള്ള ഗര്‍ഭാശയ കാന്‍സറായോ ലിസ വൈറസ് മൂലമുള്ള പേവിഷബാധയായോ ഒക്കെ ഇതു പ്രകടമാകുന്നു.
വൈറസുകള്‍ എങ്ങനെ പകരുന്നു എന്നത് ഇന്നും അത്ര ഉറപ്പിച്ച് ഉത്തരം പറയാന്‍ കഴിയുന്ന ഒന്നല്ല. ബാഹ്യശരീരദ്രവങ്ങളിലൂടെയും ആന്തരികസ്രവങ്ങളിലൂടെയുമാണ് ഇതിന്റെ പകര്‍ച്ച സാധാരണ കണ്ടുവരുന്നത്. ശരീരത്തിന്റെ അതിലോലപ്രദേശങ്ങളായ ശ്ലേഷ്മസ്തരങ്ങള്‍(നനവാര്‍ന്ന് ബാഹ്യലോകത്തിലേക്കു തുറന്നിരിക്കുന്ന ഭാഗങ്ങള്‍, മൂക്ക്, കണ്ണ്, വായ, ലൈംഗികാവയവങ്ങള്‍ എന്നിവ ഉദാഹരണം) എന്നിവ വഴിയാണു മിക്ക വൈറസുകളും ശരീരത്തില്‍ കടക്കുന്നത്.
ഉദാഹരണത്തിന്— തന്റെ ആര്‍. എന്‍.എയുടെ ജനിതകഘടന ആതിഥേയകോശത്തിന്റെ ഡി.എന്‍.എയില്‍ പതിപ്പിച്ച് ആ കോശത്തിന്റെ സ്വാഭാവികജനിതകസ്വഭാവത്തെ മാറ്റിയെഴുതുകയും വളരെനാള്‍ (എതാണ്ട് 10-18 വര്‍ഷത്തോളം) ആതിഥേയശരീരത്തില്‍ നിശബ്ദമായി പതുങ്ങിക്കിടക്കുകയും ചെയ്യുന്ന അപകടകാരികളായ ലെന്റിവൈറസ് വിഭാഗത്തില്‍പ്പെട്ട എച്ച്.ഐ.വി (Human Immuno defici ency Virus) വൈറസിന്റെ കാര്യമെടുക്കാം. എച്ച്.ഐ.വി വൈറസിന്റെ ജീവിതരീതിയനുസരിച്ച്—അത് ആതിഥേയശരീരത്തിലെ ആന്തരികസ്രവങ്ങളായ രക്തം, ശുക്ലം, മുലപ്പാല്‍, യോനീസ്രവങ്ങള്‍, ലൈംഗികബന്ധത്തിനുമുന്നോടിയായി ലൈംഗികാവയവങ്ങള്‍ പുറപ്പെടുവിക്കുന്ന സ്‌നിഗ്ധസ്രവങ്ങള്‍(Pre Cum), anal fluids എന്നിവയിലാണ്—സമൃദ്ധമായി കാണപ്പെടുന്നത്. ഈ സ്രവങ്ങള്‍ രക്തവുമായി നേരിട്ടു ബന്ധപ്പെട്ടാല്‍ വൈറസിനു രോഗം പകര്‍ത്താന്‍ കഴിയും. ആതിഥേയശരീരത്തില്‍നിന്ന് അതിഥിശരീരത്തിലേക്ക് വൈറസ് കടക്കും. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, സുരക്ഷിതമല്ലാത്ത ആശുപത്രി ഉപകരണങ്ങള്‍, മയക്കുമരുന്ന് കുത്തിവയ്ക്കാന്‍ പലരുപയോഗിച്ച അണുവിമുക്തമല്ലാത്ത സിറിഞ്ചുകള്‍, രോഗിയായ അമ്മയുടെ മുലയൂട്ടല്‍ എന്നിവ വഴിയായൊക്കെ എച്ച്.ഐ.വി മറ്റു ശരീരങ്ങളില്‍ കടക്കുന്നു.
മറ്റൊരു അപകടകാരിയായ വൈറസാണ്— എച്ച്.ഐ.വിHuman Papiloma Virus. ഏതാണ്ട് 200 തരത്തിലുള്ള എച്ച്.ഐ.വികളുണ്ട്. ഇതില്‍ ഏകദേശം നാല്പ്പതോളം തരത്തിലുള്ളവ ലൈംഗികബന്ധത്തില്‍ക്കൂടെ പകരുന്നവയും മറ്റുള്ളവ ശരീരസ്പര്‍ശനങ്ങളിലൂടെ പകരുന്നവയുമാണ്. ലൈംഗികബന്ധത്തില്‍ക്കൂടെ പകരുന്നവ genital warts നും ഗര്‍ഭാശയാര്‍ബുദത്തിനും കാരണമാകുന്നു. അസുഖമുള്ള ആളിനെ ചുംബിക്കുകയോ അയാളുടെ ലൈംഗികാവയവങ്ങള്‍ മറ്റൊരാളുടെ ത്വക്കുമായി ബന്ധത്തില്‍ വരികയോ ചെയ്താലും എച്ച്.ഐ.വി പകരുന്നു.
ഏതു വിദേശവസ്തു ശരീരത്തില്‍ പ്രവേശിച്ചാലും അതിനെ ഉടനടി പുറത്താക്കാന്‍ ശരീരത്തിന്റെ പ്രതിരോധസേന തയ്യാറെടുക്കും. മൂന്നടുക്കുകളുള്ള പ്രതിരോധസംവിധാനത്തെപ്പറ്റി നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ. ശ്വാസകോശത്തില്‍ അകപ്പെടുന്ന ജലകണികകളെയും പൊടിപടലങ്ങളേയും പുറത്തുകളയുന്ന തുമ്മല്‍, കണ്ണില്‍ വീണവയെ പുറത്താക്കാനുപയോഗിക്കുന്ന കണ്ണുനീര്‍, അന്നനാളത്തില്‍ കുടുങ്ങുന്നവയെ പുറത്താക്കാനുള്ള ചുമ, ദഹിക്കാതെ ആമാശയത്തിലുള്ളവയെ പുറത്താക്കുന്ന ഛര്‍ദ്ദി എന്നിവയൊക്കെ നമ്മുടെ ശരീരത്തിന്റെ വീര്യം കുറഞ്ഞ പ്രതിരോധസംവിധാനങ്ങളാണെന്നതും സാന്ദര്‍ഭികമായി പരാമര്‍ശിക്കട്ടേ.
ഒരു ജീവിയുടെ സാധാരണപ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്ന, അവയ്ക്ക് അസുഖം വരുത്തുന്ന എന്തിനേയും പൊതുവായി പാഥോജനുകള്‍(വിദേശവസ്തുക്കള്‍) എന്നുപറയാം. അത് ബാക്ടീരിയയോ വൈറസോ ഫംഗസോ വിഷമോ മരുന്നോ എന്തുമാകാം. ഒരു മനുഷ്യശരീരത്തിനു സ്വീകാര്യയോഗ്യമല്ലാത്ത ഏതു വസ്തുവിനേയും വിശാലാര്‍ത്ഥത്തില്‍ പഥോജനുകള്‍ എന്നു പറയാം. ഇത്തരം പഥോജനുകളിലുള്ള മാംസ്യവസ്തുക്കളാണു (Protein) ആന്റിജനുകള്‍. ഓരോ തരത്തിലും വര്‍ഗത്തിലും പെട്ട പഥോജനുകള്‍ക്ക് അവരുടേതുമാത്രമായ ആന്റിജനുകളായിരിക്കും ഉണ്ടാകുക. വില്ലന്‍ചുമയ്ക്കു കാരണമാകുന്ന ബാക്ടീരിയത്തിന്റെ ആന്റിജന്‍ ക്ഷയമുണ്ടാക്കുന്ന ബാക്ടീരിയയുടെ ആന്റിജനില്‍നിന്നു വ്യത്യസ്തമായിരിക്കുമെന്നു സാരം.
ഇത്തരത്തില്‍ പഥോജനുകളുടെ സാന്നിദ്ധ്യത്തെ ശരീരത്തിലേക്കുള്ള ആദ്യപ്രവേശനവേളയില്‍ നൈസര്‍ഗികമായ പ്രതിരോധസംവിധാനം, നാം മുന്‍പുസൂചിപ്പിച്ച മൂന്നു ഘട്ടങ്ങളില്‍ ആദ്യത്തേത് ത്വക്കും ശരീരദ്രവങ്ങളും ചേര്‍ന്ന ഒന്നാം നിര അതിസമര്‍ത്ഥമായി തടയാന്‍ ശ്രമിക്കുന്നു. അതിനെ പരാജയപ്പെടുത്തി ശരീരത്തില്‍ കയറിക്കൂടുന്നവയെ രക്തകോശങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന രണ്ടാം നിര യുദ്ധത്തിനു വിളിക്കുന്നു. രക്തത്തിലെ പട്ടാളക്കാരാണ്— ശ്വേതരക്താണുക്കള്‍ (വെളുത്ത രക്താണുക്കള്‍). ഇവരിലെ യുദ്ധ ഭടന്മാരായ കൊലയാളിപ്പടയാളികളായ T സെല്ലുകള്‍ (Killer T Cells) ഈ ആന്റിജനുകളുമായി നേരിട്ട് യുദ്ധം ചെയ്ത് അവയെ പരിപൂര്‍ണ്ണമായി നശിപ്പിക്കാന്‍ ശ്രമിക്കുന്നു. എല്ലാ വെളുത്തരക്താണുക്കളും ഈ യുദ്ധത്തില്‍ പങ്കെടുക്കുന്നില്ല എന്ന പ്രത്യേകതയും അറിയേണ്ടതുണ്ട്. ഈ പടയാളികളുമായി യുദ്ധം നടക്കുന്ന സമയത്തുതന്നെ ആന്റിജനുകളായ മാംസ്യതന്മാത്രകളെ നശിപ്പിക്കാനുതകുന്ന എതിര്‍മരുന്ന് (antibodies) നിര്‍മ്മിക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ടിരിക്കുന്ന വെളുത്തരക്താണുക്കൂട്ടമാണ് ഇവയിലെ ആ സെല്ലുകള്‍. ഈ ആ സെല്ലുകളെ സഹായിക്കാന്‍ സദാ ജാഗരൂകരായി സഹായക T (Helper T Cells) സെല്ലുകളുമുണ്ടാകും.
ഈ സഹായക T സെല്ലുകളുടെ പിന്തുണയില്‍ ആ സെല്ലുകള്‍ പ്ലാസ്മാ സെല്ലുകളായും മെമ്മറി സെല്ലുകളായും. രണ്ടായിത്തിരിയുന്നു. പ്ലാസ്മാസെല്ലുകള്‍ ആന്റിബോഡികള്‍ നിര്‍മ്മിക്കുകയും മെമ്മറി സെല്ലുകള്‍ ഈ പ്രവര്‍ത്തനം ഓര്‍ത്തുവെയ്ക്കുകയും ചെയ്യുന്നു. ഭാവിയില്‍ ഈ ആന്റിജനുകള്‍ വീണ്ടും ശരീരത്തില്‍ പ്രവേശിച്ചാല്‍ മെമ്മറിസെല്ലുകള്‍ ഉണരുകയും ആന്റിബോഡി നിര്‍മ്മാണം വളരെപ്പെട്ടെന്നു നിര്‍വഹിക്കാന്‍ അന്നത്തെ ആ സെല്ലുകളെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ രക്തകോശത്തിലെ ലൈബ്രറിയാണ് മെമ്മറി സെല്ലുകള്‍.
കൊലയാളി T സെല്ലുമായുള്ള യുദ്ധത്തില്‍ ഇതിനോടകം ആന്റിജനുകള്‍ പരാജയപ്പെട്ടില്ലെങ്കില്‍, ആ സെല്ലുകള്‍ നിര്‍മിച്ച ആന്റിബോഡിയുമായി ശരീരത്തിലെ അവസാനപ്രതിരോധനിര രംഗത്തെത്തും. സാധാരണഗതിയില്‍ ആ സെല്ലുകള്‍ വളരെയധികം ഗവേഷണം നടത്തി, ആന്റിജനുകളെ അപ്പാടെ തകര്‍ക്കാനാവശ്യമായ ആന്റിബോഡികളാകും നിര്‍മിച്ചിരിക്കുക. ഒരു മരുന്നുകമ്പനിക്കും സൃഷ്ടിക്കാനാകാത്തത്ര കറതീര്‍ന്ന ആന്റിബോഡികള്‍. കിറുകൃത്യമായി നിര്‍ദ്ദിഷ്ട ആന്റിജനുകളെ തകര്‍ത്ത് ശരീരത്തെ രക്ഷിക്കുകയെന്ന ഏകലക്ഷ്യത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ആന്റിബോഡികള്‍. അവ ഏതിടത്തു ഏതു സമയം പ്രവര്‍ത്തിപ്പിച്ച് ഈ വിദേശവസ്തുക്കളെ നശിപ്പിക്കണമെന്ന് ആ സെല്ലുകള്‍ക്കു നന്നായറിയാം. അസ്ഥിമജ്ജയില്‍ പിറവിയെടുത്ത് ശരീരത്തെ കാക്കുന്ന ഈ ശ്വേതരക്താണുക്കള്‍ തങ്ങളുടെ ജോലി കഴിവതും ഭംഗിയായി നിര്‍വഹിക്കുന്നതോടെ അനിക്‌സ്‌പ്രേയുടെ പരസ്യത്തില്‍ പറയുന്നതുപോലെ പഥോജനുകളുടെ പൊടിപോലുമുണ്ടാവില്ല പിന്നെ കണ്ടുപിടിക്കാന്‍.
അത്തരത്തില്‍ ഏതെങ്കിലും പഥോജനുകളെ ഫലപ്രദമായി നശിപ്പിക്കാന്‍ ആന്റിബോഡികള്‍ക്കായെങ്കില്‍ ഈ ബന്ധം ശ്വേതരക്താണുക്കള്‍ ഓര്‍മിച്ചുവയ്ക്കുകയും തങ്ങളുടെ ഗ്രൂപ്പിലുള്ളവര്‍ക്ക് എന്നേയ്ക്കുമായി കൈമാറുകയും ചെയ്യും. അതിന്റെ ഫലമായി ഇതേ ആന്റിജനുകളുള്ള ആരെങ്കിലും പിന്നീട് ശരീരത്തെ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ ഒന്നാം, രണ്ടാം നിര ആക്രമണങ്ങള്‍ക്കു മുന്‍പേതന്നെ ശരീരത്തില്‍ ആന്റിബോഡികള്‍ നിര്‍മ്മിക്കപ്പെടും. ഈ വരുന്നവനെ ശരീരത്തിലെ ഒരു കോശത്തിലും പ്രവേശിക്കാനനുവദിക്കാതെ ഈ ആന്റിബോഡികള്‍ തുരത്തിയോടിക്കും. എന്നാല്‍ എല്ലാ വൈറസുകളുടെ നേര്‍ക്കും ഇപ്പറഞ്ഞ പ്രതിരോധസംവിധാനം കാര്യക്ഷമമായി പ്രയോഗിക്കാന്‍ ശരീരത്തിനു കഴിയണമെന്നില്ല. അതിവില്ലന്മാരായ ചില വൈറസുകള്‍ക്കുമുന്‍പില്‍ ഇന്നും നമുക്ക് പ്രത്യാക്രമണമാര്‍ഗ്ഗങ്ങളില്ല.
വൈറസുകളുടെ തരമനുസരിച്ച് അവന്‍ ഒരു ശരീരത്തില്‍ ആക്രമണം അഴിച്ചുവിടുന്ന പ്രദേശവും വ്യത്യസ്തമായിരിക്കും. പല വൈറസുകളും ശരീരത്തിന്റെ പല ഭാഗങ്ങളിലായിരിക്കും കൂടാരമുണ്ടാക്കി ശരീരത്തെ ആക്രമിക്കുകയെന്നു സാരം. ഉദാഹരണത്തിന്— ഇരുപതാം നൂറ്റാണ്ടുകണ്ട ഏറ്റവും ഭീകരനായ നിശബ്ദകൊലയാളിയായ HIV വൈറസ്! ശരീരത്തിന്റെ പ്രതിരോധനിരയെ നേരിട്ട് ആക്രമിക്കാന്‍ തക്ക വികാസം നേടിയ വൈറസ്. മറ്റു വൈറസുകളെപ്പോലെ ആതിഥേയകോശങ്ങളില്‍ അധിവാസമുറപ്പിക്കുന്നതിനപ്പുറം HIV ശരീരത്തിന്റെ രോഗപ്രതിരോധശേഷിക്കു കാരണക്കാരായ ശ്വേതരക്താണുക്കളെ നശിപ്പിക്കുന്നു. ഏതു ആന്റിജനെതിരേയും ആന്റിബോഡി നിര്‍മ്മിക്കുന്ന വെളുത്തരക്താണുക്കളിലെ ആ സെല്ലുകളെ സഹായിക്കുന്ന സഹായക T സെല്ലുകളെ തകര്‍ക്കുന്ന HIV വൈറസ് സഹായക T സെല്ലുകളുടെ അതേ രൂപമാതൃകയില്‍ തന്റെ അനേകം പതിപ്പുകളെ രക്തത്തില്‍ നിര്‍മിക്കുന്നു. യഥാര്‍ത്ഥ കൊലയാളി T സെല്ലുകള്‍ക്കുപോലും തിരിച്ചറിയാനാകാത്തത്ര രൂപഭദ്രതയോടെ. കാലം കടന്നുപോകവേ വൈറസിന്റെ സഹായികളായ, എന്നാല്‍ രൂപത്തില്‍ പഴയ T സെല്ലുകളെന്നുതോന്നിപ്പിക്കുന്ന ധാരാളം കലാപകാരികള്‍ രക്തത്തില്‍ നിറയുകയും ഇവയെല്ലാം സംഘം ചേര്‍ന്ന് ബാക്കിയുള്ള സാധുക്കളെ നശിപ്പിക്കുകയും ശരീരത്തിന്റെ പ്രതിരോധക്കോട്ടയെ പിടിച്ചടക്കുകയും ചെയ്യുന്നു. പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍കൊണ്ട് ഇനിയൊരു തിരിച്ചുപോക്ക് അസാദ്ധ്യമെന്നവണ്ണം വൈറസിനെ വഹിക്കുന്നയാള്‍ രോഗത്തിന്റെ പിടിയിലമരുകയും പ്രതിരോധശേഷി കുറഞ്ഞതിനാല്‍ എല്ലാവിധ അസുഖങ്ങളും പിടിപെട്ട് മരണത്തിനു കീഴടങ്ങുകയും ചെയ്യുന്നു.
മറ്റൊരു അപകടകാരിയായ വൈറസാണ്—പേവിഷബാധയ്ക്കു കാരണമായ ലിസ വൈറസ്. ഭ്രാന്തിന്റേയും അനിയന്ത്രിതമായ കോപത്തിന്റേയും മൃഗീയപെരുമാറ്റത്തിന്റേയും ഗ്രീക്കുദേവതയായ ലിസയുടെ പേരുള്ള ഈ വൈറസ് മനുഷ്യരില്‍ സൃഷ്ടിക്കുന്ന അന്തിമഫലങ്ങളും ഇതൊക്കെത്തന്നെയാണ്. ഈ വൈറസിനെ വഹിക്കുന്ന മൃഗങ്ങളുടെ കടിയേറ്റ് അവയുടെ ഉമിനീരില്‍നിന്നാണ് ലിസ വൈറസ് മനുഷ്യരിലെത്തുക. അണുബാധയുടെ ആദ്യദിവസങ്ങളില്‍ മനുഷ്യരുടെ പേശീകോശങ്ങളില്‍ പതിയിരിക്കുന്ന ഇവ അവിടെയിരുന്ന് പെരുകുന്നു. പേശികളില്‍നിന്ന് തലച്ചോറിലേക്ക് സന്ദേശക്കൈമാറ്റം സാദ്ധ്യമാക്കുന്ന അസൈറ്റൈല്‍ കോളിന്‍ സ്വീകരണികള്‍ വഴി ഇവ സുഷുമ്‌നാനാഡിയും തലച്ചോറുമുള്‍പ്പെടുന്ന കേന്ദ്രനാഡീവ്യവസ്ഥയിലെത്തുന്നു. അവിടെ തലച്ചോറിന്റെയും സുഷുമ്‌നാനാഡിയുടെയും സംഗമസ്ഥാനത്തെ ന്യൂറോണുകളില്‍ പെരുകാനാരംഭിക്കുന്നു. അവസാനം ഈ ന്യൂറോണുകളില്‍പ്പടര്‍ന്ന് അവ തലച്ചോറിലെത്തുന്നു. ഇതോടെ കേന്ദ്രനാഡീവ്യവസ്ഥയുടെ നിയന്ത്രണം പൂര്‍ണ്ണമായും ഈ വൈറസിന്റെ പിടിയിലാകുന്നു. ഉമിനീര്‍ഗ്രന്ഥികളിലൂടെ ഈ വൈറസ് ഉമിനീരിലെത്തുകയും മറ്റൊരാളിലേക്കു പകരാന്‍ തയ്യാറാകുകയും ചെയ്യുന്നു. സാധാരണഗതിയില്‍ വൈറസ് പ്രവേശനത്തിന്റെ ഏഴാം ദിവസത്തോടെ ഈ പ്രക്രിയകള്‍ പൂര്‍ണ്ണമാകുകയും രോഗിക്ക് ഉമിനീര്‍ഗ്രന്ഥികളിലും തലച്ചോറിലുമുള്ള അണുബാധകാരണം തൊണ്ടയില്‍ക്കൂടെ ഭക്ഷണമോ വെള്ളമോ ഇറക്കുമ്പോള്‍ വിവരണാതീതമായ വേദനയുണ്ടാകുകയും തൊണ്ടയിലെ പേശികള്‍ കോച്ചിവലിക്കുകയും ചെയ്യുന്നു. വെറുതേയിരിക്കുമ്പോള്‍പ്പോലും ഇത് ഇടവിട്ടിടവിട്ട് സംഭവിക്കുന്നു. അതിനെത്തുടര്‍ന്ന് വെള്ളം കാണുമ്പോള്‍പ്പോലും ഭയക്കുന്ന അതിദയനീയ അവസ്ഥയുണ്ടാകുന്നു. ക്രമാതീതമായി ഉമിനീരുല്പ്പാദനം നടക്കുകയും തൊണ്ടയിലെ അസ്വസ്ഥതകാരണം വായ അടയ്ക്കാന്‍ പോലും പറ്റാതാകുകയും ചെയ്യുന്നു. തൊണ്ടയിലെ പേശീകോച്ചിപ്പിടുത്തം നിയന്ത്രണാതീതമാകുകയും രോഗി നായയെപ്പോലെ കുരയ്ക്കാനാരംഭിക്കുകയും ചെയ്യുന്നതോടെ രോഗം അതിന്റെ പരമകാഷ്ഠയിലെത്തി മരണത്തിനു കീഴടങ്ങുന്നു.
(തുടരും)