ആര്യനാം തുഞ്ചത്തെഴു
ത്തച്ഛനെ, ശ്രീസ്വാതിയെ
ധ്യാനിച്ചു തുടങ്ങ നീ
നിന്‍കാവ്യഗാനാലാപം
കാവ്യനിര്‍ഝരിയുടെ
കാഞ്ചനചിലങ്കയും
ഗാനകൈരളിയുടെ
മാണിക്യവിപഞ്ചിയും
കീര്‍ത്തനക്കിളിപ്പെണ്ണേ,
നിന്‍മണിച്ചുണ്ടില്‍ സ്വൈരം
മേളിച്ചു തീര്‍ത്തീടട്ടെ
സര്‍ഗ്ഗസംഗീതാമൃതം!
കാകളി കളകാഞ്ചി
കേകമഞ്ജരിയെല്ലാം
ദ്രാവിഡ വൃത്തങ്ങള്‍ തന്‍
നൃത്തങ്ങള്‍ ചവിട്ടട്ടെ.
ചമ്പ ചെമ്പട മുറി-
യടന്ത പഞ്ചാരികള്‍
ഇമ്പത്തില്‍ സ്വച്ഛം താള-
മാലികയുതിര്‍ക്കട്ടെ.
പാടി ഇന്ദിളം പുറ-
നീരഘണ്ടാരംപദം
പാടിയെത്തട്ടെ, രാഗ-
വിസ്താരം തുടര്‍ന്നാലും!
ഗുരുതുഞ്ചനും വന്ദ്യകുഞ്ചനുമണിയിച്ച
മണിക്കിങ്ങിണി താളമേളങ്ങളുതിര്‍ക്കുമ്പോള്‍
സ്വാതിയുമിരയിമ്മന്‍ തമ്പിയും നാവില്‍തന്ന
നാദമാധുര്യം കൂടി പൊഴിക്ക, നീ ശാരികേ.
അക്ഷരസൗന്ദര്യവും സപ്തസ്വരങ്ങള്‍ക്കോലും
അക്ഷയമാധുര്യവും ചേര്‍ന്നുനിര്‍ഗ്ഗളിക്കെ, ഹാ!
ഏതു പാഴ്മരുഭൂവാം മാനവ ഹൃദയവും
ആ നാകതരംഗിണീ തീര്‍ത്ഥത്തില്‍ കുളിര്‍ത്തേ പോം!