മുത്തച്ഛന്‍ പണിഞ്ഞൊരു വീടാണു ചുമരുക –
ളിപ്പൊഴും വെളിച്ചത്തിന്‍ കൂടാണ്, കുളിരാണ്.
പൊള്ളുന്ന വെയിലിലും ഷര്‍ട്ടിട്ടു കണ്ടിട്ടില്ല
മുള്ളില്‍ നടക്കുമ്പോഴും ചെരിപ്പുകളിട്ടിട്ടില്ല
മുത്തച്ഛനെനിക്കെന്നുമത്ഭുതമാണാ കണ്‍കള്‍
മുത്തശ്ശി മരിച്ചന്നും നനഞ്ഞു കണ്ടിട്ടില്ല !
നാട്ടിലെചടങ്ങുകള്‍ക്കൊക്കെയും ‘മൂത്താരു’ടെ
നാമമാണവരുടെ നാവിലെയാദ്യക്ഷരം
പെണ്ണുകെട്ടിന്റെ ചടങ്ങെത്രയും ഭംഗിയാക്കാന്‍,
കുഞ്ഞിനു പേരൊന്നിടാന്‍, കാതുകുത്തുവാന്‍, പിന്നെ
പാണനു പുര മേയാന്‍, ചാവിനു ചിത തീര്‍ക്കാന്‍
നേഞ്ഞലും കലപ്പയും പണിയാന്‍; വരാലിനെ
ചേണെഴുമൊറ്റാലിനാല്‍ കെണിയില്‍ കുടുക്കുവാന്‍
ഏതിനും വഴങ്ങുന്ന കൈകളാണതിരെഴാ
വേലകള്‍ക്കുഴിഞ്ഞിട്ട കൈകളാണവ രണ്ടും!
വേരുകള്‍ കുപ്പിച്ചില്ലിന്‍ മൂര്‍ച്ചയാല്‍ രാകി, ശില്‍പ്പ-
ചാരുത ചമയ്ക്കാറുണ്ടന്ത്യ നാളിലക്കൈകള്‍ !
വാണിയംപാറ കാളച്ചന്തയില്‍ വിലപേശി
വാങ്ങിയ കാളേമ്മാരെ രണ്ടിനേമൊറ്റപ്പൂട്ടാല്‍
രണ്ടു രാപകലുകള്‍ നടന്നും നടത്തിയും
പണ്ടു മുത്തച്ഛന്‍ വീട്ടില്‍ കൊണ്ടുവന്നതാം കഥ.
രാവിന്നു തുണ മഞ്ഞനിലാവിന്‍ റാന്തല്‍ വെട്ടം
പകലിന്നൂര്‍ജ്ജം കത്തിയാളുന്ന ദീവെട്ടിയും !
കഥകള്‍ക്കുണ്ടായിട്ടില്ലെനിക്കു പഞ്ഞം, യക്ഷി-
പ്പാലകളെന്‍ പാതയില്‍ പൂക്കുമാറുണ്ടിപ്പോഴും
തിളങ്ങും നാഗത്താന്മാര്‍ ശിരസ്സില്‍ മണിചൂടി-
യിഴഞ്ഞു നടക്കാറുണ്ടിപ്പോഴുമിടനെഞ്ചില്‍
ചെത്തിയ പനയുടെ മധുരത്തേന്‍ കള്ളിനാല്‍
മെത്തുമെന്നോര്‍മ്മക്കുടം നുരഞ്ഞു പതയുമ്പോള്‍
തനിച്ചു നടക്കാറുണ്ടിടയ്‌ക്കെങ്കിലും നീല-
മഴക്കാര്‍ക്കുറിഞ്ഞികള്‍ പൂത്ത മാനവും നോക്കി
ഓര്‍മ്മകള്‍ക്കൊരു ചൂരുണ്ടിപ്പോഴും, കോലായിലെ
ആടുകള്‍ കരഞ്ഞുള്ളമുണര്‍ത്തും പഴങ്കാലം.
————————————————–
മൂത്താര് – മുതിര്‍ന്ന നായര്.
നെഞ്ഞല്‍, കലപ്പ – നിലമുഴുകലുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍.
ഒറ്റാല്‍ – മീന്‍ പിടിക്കുന്ന കെണിക്കൂട്.
വാണിയംപാറ- കന്നുകാലി ചന്തക്കു പ്രസിദ്ധം.