കോവിഡ് പ്രതിരോധത്തില്‍ കേരളമുഖ്യന്‍ വിജയന്‍ സഖാവിന്റെ പ്രതിച്ഛായ ആകാശം മുട്ടിനില്‍ക്കുമ്പോള്‍ മലയാളി കണ്ണീരൊഴുക്കുകയാണ്. കേരളത്തിലെ സഖാക്കളുടെത് ആനന്ദക്കണ്ണീരാണെങ്കില്‍ ഗുജറാത്തിലെ മലയാളികളുടെത് ജീവരക്ഷയ്ക്കുള്ള ചോര കലങ്ങിയ കണ്ണീരാണ് എന്ന വ്യത്യാസം മാത്രം. ഗുജറാത്തില്‍നിന്നു മടങ്ങാന്‍ മലയാളികള്‍ക്ക് തീവണ്ടി സൗകര്യവും സ്റ്റേഷനിലെത്താന്‍ ബസ് സൗകര്യവും നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തയ്യാര്‍. വിജയന്‍ സഖാവിന്റെ സമ്മതം കിട്ടിയാല്‍ മാത്രം മതി, അവര്‍ക്ക് ഇങ്ങെത്താം. എന്നാല്‍ സഖാവ് സമ്മതം മൂളുന്നില്ല! ഞങ്ങളെ രക്ഷിക്കണേ എന്ന് കേഴുന്ന ഗുജറാത്ത് മലയാളിയുടെ കണ്ണീര്‍ സഖാവിനെ അലട്ടുന്നില്ല.
ആരുവന്നാലും, എത്രപേര്‍ വന്നാലും സ്വീകരിക്കാന്‍ തയ്യാര്‍, ക്വാറന്റയിന്‍ സംവിധാനം റെഡി എന്നാണ് വിജയന്‍ സഖാവിന്റെ പ്രഖ്യാപനം. വാളയാറില്‍ കുടുങ്ങിയവര്‍ അതിന്റെ വില ശരിയ്ക്കും മനസ്സിലാക്കി. ഗുജറാത്ത് മലയാളികളും അത് തിരിച്ചറിയുന്നു. എന്നാല്‍ ഇതൊന്നും സഖാവിന്റെ പ്രതിച്ഛായയ്ക്കും കേരള മോഡലിനും ഒട്ടും കോട്ടം തട്ടിക്കുന്നില്ല. സംശയമുണ്ടെങ്കില്‍ പത്രപ്രവര്‍ത്തക അതികായന്‍ രാജ്ദീപ് സര്‍ദേശായിയോട് ചോദിക്കൂ. അദ്ദേഹം ഉത്തരം തരും. സംശയമുള്ളവര്‍ സര്‍ദേശായി വിജയന്‍ സഖാവുമായി ഇന്ത്യാടുഡെ വെബ് ചാനലില്‍ നടത്തിയ രണ്ടു അഭിമുഖങ്ങള്‍ ഒന്നു കണ്ടുനോക്കുക. ഒന്നാമത്തെ അഭിമുഖം ഇന്ത്യ നാളെ ചിന്തിക്കുന്നത് കേരളം ഇന്നേ ചിന്തിക്കുന്നു എന്നു പ്രഖ്യാപിക്കാനായിരുന്നു. രണ്ടാമത്തെ അഭിമുഖം വര്‍ദ്ധിച്ചുവരുന്ന കോവിഡിനെ തടയാന്‍ കേരളത്തിനു കെല്പുണ്ടെന്നും ഓരോ കേരളീയനും സര്‍ക്കാര്‍ പണം എറിഞ്ഞുകൊടുക്കുകയാണ് എന്നും അറിയിക്കാനായിരുന്നു. കൃത്യമായി നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും. സര്‍ദേശായിയും വിജയന്‍ സഖാവും അത് നന്നായി അഭിനയിച്ചു ഫലിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടാല്‍ ആരും മുക്കത്ത് വിരല്‍ വെച്ചുപോകും. സര്‍ദേശായിയുടെ കുനുഷ്ട് ചോദ്യങ്ങള്‍ ഒന്നുമില്ല. മണി മണിപോലെ വിജയന്‍ സഖാവ് പറയുന്നതിന് ഇടയ്ക്കുകയറിയുള്ള ചോദ്യവുമില്ല. ഇത്ര മര്യാദയ്ക്ക് ചോദ്യം ചോദിക്കാന്‍ സര്‍ദേശായിയ്ക്ക് സാധിക്കുമെന്നു കണ്ടില്ലേ. ഇതൊക്കെ കാണുമ്പോള്‍ സര്‍ദേശായിയെ വിലയ്‌ക്കെടുത്ത ഈ നാടകത്തിനു പിറകില്‍ ആരെന്നേ സംശയമുള്ളു. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ പ്രചരണം നടത്തി തഴമ്പിച്ച സ്പ്രിങ്കളര്‍ കമ്പനി കക്ഷത്തിരിക്കുമ്പോള്‍ സംശയത്തിനെന്തര്‍ത്ഥം?