ഒളിമ്പിക്, ലോകചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാക്കളായ സുശീല്‍കുമാറിനും യോഗേശ്വര്‍ദത്തിനും പിന്നാലെയിതാ മല്‍പ്പിടുത്തത്തിന്റെ ലോകവേദിയിലേക്ക് മറ്റൊരിന്ത്യന്‍ സംഭാവനയായി ബജ്‌റംഗ് പൂനിയ എന്ന ചെറുപ്പക്കാരന്‍ കൂടി ഉദിച്ചുയര്‍ന്നിരിക്കുന്നു. ദേശീയഗുസ്തിയുടെ നഴ്‌സറി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹരിയാനയിലെ ഖുദാന്‍ ഗ്രാമത്തിലെ അഖാരകളില്‍ നിന്നും ഗുസ്തിയുടെ ആദ്യപാഠങ്ങള്‍ ഗ്രഹിച്ച്, കായികാദ്ധ്വാനത്തിന്റെ കഠിനപഥങ്ങള്‍ പിന്നിട്ട ബജ്‌റംഗ് ഇന്ന് അസാമാന്യ മെയ്ക്കരുത്തിന്റേയും അസാധാരണ തന്ത്രങ്ങളുടേയും അതിശയകരമായ ചടുലവേഗങ്ങളുടേയും സമന്വയത്തിലൂടെ അന്താരാഷ്ട്ര വേദികളില്‍ വിസ്മയവിജയങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുകയാണ്.
2017ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിക്കൊണ്ടാണ് ബജ്‌റംഗ് അന്തര്‍ദ്ദേശീയ വേദിയില്‍ തന്റെ സാന്നിദ്ധ്യം അറിയിക്കുന്നതും വിജയക്കുതിപ്പുകള്‍ക്ക് തുടക്കം കുറിക്കുന്നതും. ശേഷമുള്ള രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ പങ്കെടുത്ത പന്ത്രണ്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ പതിനൊന്നിലും മെഡല്‍ നേടാനായി എന്നത് മാത്രമല്ല, നേടിയതില്‍ ഒന്‍പതെണ്ണവും സ്വര്‍ണ്ണവുമായിരുന്നുവെന്നതായിരുന്നു ശ്രദ്ധേയം. 2018ല്‍ ആസ്‌ത്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 65 കി.ഗ്രാം വിഭാഗത്തിലും 2018ല്‍ തന്നെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും 2019ല്‍ ചൈനയിലെ സിയാനില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ബജ്‌റംഗ് സ്വര്‍ണ്ണവേട്ട തുടര്‍ന്നു. പുതുവര്‍ഷത്തില്‍ ബള്‍ഗേറിയയിലും കസാഖിസ്ഥാനിലും റഷ്യയിലും നടന്ന അന്താരാഷ്ട്ര ഫ്രീസ്റ്റൈല്‍ ഗുസ്തിമത്സരങ്ങളിലും സ്വര്‍ണ്ണനേട്ടം ഈ ഇന്ത്യന്‍ താരത്തിനായിരുന്നു. തുടര്‍ച്ചയായി എട്ട് പൊന്‍പതക്കങ്ങളാണ് ബജ്‌റംഗ് മല്‍പ്പിടിച്ചെടുത്തത്. സമീപകാലത്ത് മറ്റൊരു ഗുസ്തിക്കാരനും അന്താരാഷ്ട്രവേദികളില്‍ നിന്നും സാദ്ധ്യമാകാത്ത അനുപമ നേട്ടം!
സ്വപ്‌നതുല്യമെന്ന് വിശേഷിപ്പിക്കാവുന്ന ഈ വിജയപരമ്പരകള്‍ക്ക് ശേഷമാണ് അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്‍ 65 കിഗ്രാം വിഭാഗത്തില്‍ ബജ്‌റംഗ് പൂനിയയെ ലോക ഒന്നാം നമ്പര്‍ പദവിയിലേക്ക് ഔദ്യോഗികമായി അവരോധിച്ചത്. ഈ പരമപദത്തിലേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ബജ്‌റംഗ്. 2013ല്‍ ഒരു ഹ്രസ്വകാലം ഒന്നാമതായി സുശീല്‍കുമാറിനെ റേറ്റ് ചെയ്തിരുന്നുവെങ്കിലും അത് അനൗദ്യോഗികമായിരുന്നു. നിലവിലെ 65 കി.ഗ്രാം വിഭാഗം ലോകചാമ്പ്യന്‍ ജപ്പാനിലെ ഒതുഗുറോ തകുതേ, പാന്‍ അമേരിക്കന്‍ ജേതാവ് അലിസാന്ദ്രോ എന്റിക് വാള്‍ഡസ്, യൂറോപ്യന്‍ ചാമ്പ്യന്‍ റഷ്യയിലെ അഖ്മദ് ചക്കീവ് എന്നിവരെ മറികടന്നു കൊണ്ടാണ് ഗുസ്തി ഫെഡറേഷന്‍ ഇന്ത്യന്‍ താരത്തെ പരമോന്നത സ്ഥാനത്തേക്കുയര്‍ത്തിയത്.
ഈ ലോകനേട്ടത്തിന് തൊട്ടുപിന്നാലെയെത്തി മറ്റൊരു അപൂര്‍വ്വ ബഹുമതി. അമേരിക്കയിലെ പ്രസിദ്ധ പോരാട്ടവേദിയായ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ ലോകോത്തര താരങ്ങളുമായി മത്സരിക്കാനുള്ള ക്ഷണമാണ് ബജ്‌റംഗിനെത്തേടിയെത്തിയത്. ഇന്ത്യയില്‍ നിന്നും ആദ്യമായാണ് ഒരു ഗുസ്തിക്കാരന് ഈ പരിഗണന ലഭിക്കുന്നത്. ലോകം ഉറ്റുനോക്കിയ ഇരുപതാം നൂറ്റാണ്ടിലെ കായികയുദ്ധങ്ങളിലൊന്ന് എന്ന് രേഖപ്പെടുത്തപ്പെട്ട മുഹമ്മദ് അലി – ജോ ഫ്രേസര്‍ ബോക്‌സിങ് പോരാട്ടം അരങ്ങേറിയത് ഈ വേദിയിലാണ്. ടെന്നീസില്‍ വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടിലും ക്രിക്കറ്റില്‍ ഇംഗ്ലണ്ടിലെ ലോഡ്‌സിലും കളിക്കാന്‍ അവസരം ലഭിക്കുന്നതിന് സമാനമാണ് ഒരു മല്ലയുദ്ധക്കാരന് മാഡിസണ്‍ സ്‌ക്വയറിലെ മത്സരം. ബജ്‌റംഗിനെക്കൂടാതെ 2016 റിയോ ഒളിമ്പിക്‌സ് ചാമ്പ്യന്‍ ഗൈല്‍ സ്‌നൈഡര്‍, 2012 ലണ്ടന്‍ ഒളിമ്പിക്‌സ് ജേതാവ് ജോര്‍ദന്‍ ബലറോഡ്, അമേരിക്കന്‍ ദേശീയചാമ്പ്യന്‍ യാനി ഡിയാകോമിഹിലാസ് എന്നിവരും ഈ അമേരിക്കന്‍ ഗോദയില്‍ മാറ്റുരയ്ക്കും.
2019 സപ്തംബറില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പും 2020 ടോക്കിയോ ഒളിമ്പിക്‌സുമാണ് ഇനി ബജ്‌റംഗിന്റെ ലക്ഷ്യം. ഇതിനകം തന്റെ ഇനത്തില്‍ ലോകത്തെ മികച്ച താരങ്ങളില്‍ മിക്കവരേയും കീഴടക്കിക്കഴിഞ്ഞ ഇന്ത്യന്‍ താരത്തിന് ഇപ്പോള്‍ തുടരുന്ന കഠിന പരിശ്രമങ്ങളുടെ തുടര്‍ച്ച മാത്രം മതിയാകും മുന്നിലുള്ള സാധ്യതകളെ സ്വര്‍ണ്ണമാക്കി മാറ്റാന്‍. തന്റെ പരിശീലന പങ്കാളിയായ യോഗേശ്വര്‍ ദത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു കൊണ്ടാണ് ബജ്‌റംഗ് വിജയവഴികളിലേക്ക് ഗുസ്തി പിടിച്ചെത്തുന്നത്. അതുകൊണ്ടുതന്നെയാണ്, യോഗേശ്വര്‍ പതിവായി ഗോദകളില്‍ പ്രയോഗിക്കുകയും എതിരാളിയെ വീഴ്ത്താന്‍ ഉപയോഗിക്കുകയും ചെയ്ത ‘ഡബിള്‍ ലഗ് ഹോള്‍ഡ്’ (എതിരാളിയുടെ ഇരുകാലുകളും പിണച്ചുചേര്‍ത്ത് പിരിച്ചെടുത്ത് പല തവണ തകിടം മറിച്ച് കീഴ്‌പ്പെടുത്തുന്ന രീതി) എന്ന മാരകതന്ത്രം അതേപടി വിജയകരമായി വേദികളില്‍ പ്രയോഗിക്കുവാന്‍ ശിഷ്യനാകുന്നതും. മോസ്‌കോവിലും സിയാനിലും അന്തിമപോരാട്ടങ്ങളില്‍ അതിശക്തരായ എതിരാളികള്‍ക്കെതിരെ അവസാന നിമിഷം പ്രയോഗിച്ച് അവിസ്മരണീയ വിജയം സാദ്ധ്യമാക്കിയത് ഈ തന്ത്രത്തിലൂടെ തന്നെയായിരുന്നു.
ഗുസ്തിയില്‍ ഒളിമ്പിക്‌സ് അടക്കമുള്ള ലോകവേദികളില്‍ ഇന്ത്യയുടെ നാമം പരാമര്‍ശിക്കപ്പെട്ടത് അപൂര്‍വ്വം അവസരങ്ങളില്‍ മാത്രം. 1952ല്‍ ഹെല്‍സിങ്ക് ഒളിമ്പിക്‌സില്‍ കെ.ഡി.ജാദവ് എന്ന ഇന്ത്യന്‍ സൈനികന്‍ നേടിയ വെങ്കലപ്പെരുമയുടെ നിഴലില്‍ 2008 വരെ ഇന്ത്യ പുലര്‍ന്നുപോന്നു. 2008ല്‍ ബെയ്ജിങ്ങ് ഒളിമ്പിക്‌സില്‍ 66 കി.ഗ്രാം വിഭാഗത്തില്‍ സുശീല്‍കുമാറിന്റെ വെങ്കലനേട്ടം നീണ്ട മെഡലില്ലാ വറുതിക്ക് ശേഷമുണ്ടായ ആശ്വാസമായിരുന്നു. ആ വിജയം ഒരാകസ്മികതയല്ലെന്ന് തുടര്‍ന്ന് വന്ന ലണ്ടന്‍ (2012) റിയോ (2016) ഒളിമ്പിക്‌സുകളിലെ ഇന്ത്യന്‍ പ്രകടനത്തില്‍ നിന്നും കായികലോകത്തിന് ബോദ്ധ്യമായി. ബെയ്ജിങ്ങിലെ വെങ്കലത്തില്‍ നിന്നും സുശീല്‍കുമാര്‍ വെള്ളിയിലേക്ക് വളരുകയും ഒപ്പം തന്റെ വിഭാഗത്തില്‍ യോഗേശ്വര്‍ദത്ത് മറ്റൊരു വെങ്കല മുദ്ര രാജ്യത്തിന് വേണ്ടി നേടുകയും ചെയ്തു. ഇന്ത്യന്‍ പുരുഷന്‍മാര്‍ക്ക് തിളങ്ങാനാകാതെപോയ റിയോ ഒളിമ്പിക്‌സില്‍ സാക്ഷി മാലിക്ക് എന്ന പെണ്‍കുട്ടി 60 കിഗ്രാം വിഭാഗത്തില്‍ കിര്‍ഗിസ്ഥാന്‍കാരിയെ കീഴ്‌പ്പെടുത്തി വെങ്കല മെഡലുറപ്പിച്ച് ഇന്ത്യന്‍ മാനം കാത്തു.
ഒളിമ്പിക്‌സ് വിജയങ്ങള്‍ അപൂര്‍വ്വതയായപ്പോള്‍ തെല്ലെങ്കിലും മേധാവിത്വത്തിന് കഴിഞ്ഞത് ഏഷ്യന്‍ മേഖലയിലായിരുന്നു. 1954ലെ മനില ഏഷ്യന്‍ ഗെയിംസ് മുതലാണ് ഇന്ത്യ ഗുസ്തിയില്‍ പങ്കെടുത്തു തുടങ്ങിയത്. 1962ല്‍ ജക്കാര്‍ത്ത ഗെയിംസിലാണ് ചരിത്രത്തിലെ മികച്ച നേട്ടം രാജ്യം നേടിയത്. 97 കി.ഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ മാരുതി മാനേയും 97 കി.ഗ്രാം ഇനത്തില്‍ തന്നെ ഗ്രീക്കോ-റോമന്‍ വിഭാഗത്തില്‍ ഗണ്‍പത് അന്താല്‍ക്കറും 52 കിലോയില്‍ മാള്‍വാസിങ്ങും സ്വര്‍ണ്ണമുദ്രകള്‍ കരസ്ഥമാക്കി. തുടര്‍ന്ന് 1970ല്‍ ബാങ്കോക്കില്‍ ചാന്ദ്ഗീറാം ഹെവിവെയ്റ്റില്‍ സ്വര്‍ണ്ണമണിഞ്ഞു. രജീന്ദര്‍ സിങ്ങും (74 കിഗ്രാം) കര്‍ത്താര്‍സിങ്ങും (90 കി.ഗ്രാം) 1978ല്‍ സ്വര്‍ണ്ണം സ്വന്തമാക്കിയപ്പോള്‍ 1982ല്‍ ദല്‍ഹി ഗെയിംസില്‍ സത്പാല്‍ (100 കിഗ്രാം) ഇന്ത്യക്ക് വേണ്ടി ഏക സ്വര്‍ണം നേടി. തുടര്‍ന്ന് 1986 സോളില്‍ ഹെവിവെയ്റ്റ് വിഭാഗത്തില്‍ കര്‍ത്താര്‍ സിങ്ങിന്റെ സുവര്‍ണ നേട്ടത്തിന് ശേഷം ദീര്‍ഘമായ 28 വര്‍ഷങ്ങള്‍ വേണ്ടിവന്നു ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഗുസ്തിയില്‍ മറ്റൊരു സ്വര്‍ണ്ണം തൊടാന്‍. 2014ല്‍ ആ നേട്ടത്തിനവകാശിയായത് യോഗേശ്വര്‍ദത്താണ്. 2018ല്‍ ജക്കാര്‍ത്തയില്‍ ബജ്‌റംഗ് പൂനിയയും വനിതാവിഭാഗം 60 കി.ഗ്രാം വിഭാഗത്തില്‍ വിനേഷ് ഫോഗട്ടും പൊന്‍പതക്കമണിഞ്ഞപ്പോള്‍ ഇന്ത്യ ഏഷ്യന്‍ ഗുസ്തിയില്‍ എണ്ണപ്പെടേണ്ട ശക്തിയാണെന്ന് തെളിയിക്കപ്പെട്ടു.
അന്താരാഷ്ട്ര കായികവേദികളില്‍ നിന്നും മെഡല്‍ നേട്ടത്തിനായി ഇപ്പോള്‍ ഷൂട്ടിങ്ങിനും ബോക്‌സിങ്ങിനും ഒപ്പം ഗുസ്തിക്ക് ഉയര്‍ന്ന സാദ്ധ്യതയാണ് ഇന്ത്യന്‍ കായിക മേധാവികള്‍ കല്‍പിക്കുന്നത്. ബജ്‌റംഗിനെ കൂടാതെ അമിത് ദങ്കല്‍, രാഹുല്‍ അവാരെ, സത്യവാത് കാഡിയന്‍, പര്‍വീറാണ എന്നിവര്‍ക്കൊപ്പം വിനേഷ് ഫോഗട്ട്, സാക്ഷിമാലിക്ക്, ദിവ്യകാക്രന്‍, പൂജദണ്ഡ, ബബിത ഫോഗട്ട് എന്നീ വനിതകളും സമീപകാലത്ത് അന്താരാഷ്ട്ര വേദികളില്‍ മികച്ച പ്രകടനമാണ് നടത്തിവരുന്നത്. ജോര്‍ജിയക്കാരനായ ദേശീയ കോച്ച് ഷാക്കോ ബന്റിനിഡ്‌സിന്റെ ചിട്ടയായ പരിശീലനത്തിന്റെ പിന്‍ബലത്തില്‍ വരും നാളുകളില്‍ കൂടുതല്‍ മികവുറ്റ വിജയങ്ങള്‍ ഇന്ത്യന്‍ ഗുസ്തിയില്‍ ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഈ വര്‍ഷാവസാനം നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പിലും 2020 ടോക്കിയോ ഒളിമ്പിക്‌സിലും വിജയ പീഠങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ പതാകകള്‍ ഉയര്‍ന്നു പാറുമെന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം.