ഭാരതീയ തത്ത്വശാസ്ത്ര ഗവേഷണസമിതിയുടെ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ച്) അംഗമായ ഡോ. ടി.എസ്. ഗിരീഷ്‌കുമാറുമായി ഡോ.ശിവകുമാര്‍ എം.വി. നടത്തിയ അഭിമുഖത്തില്‍ നിന്ന് തയ്യാറാക്കിയ ലേഖനം. പ്രൊഫ.ഗിരീഷ്‌കുമാര്‍ രണ്ടു തവണ ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ നിന്നും ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘത്തിന്റെ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറിയായും അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘിന്റെ ദേശീയ സെക്രട്ടറിയായിട്ടും ഗിരീഷ്‌കുമാര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആധുനിക യൂറോപ്പിനു ഒരു തനതായ ഫിലോസഫിയില്ലെന്നും പ്രത്യുത ഉള്ളത് ഫിലോസഫിയുടെ വെറും ചരിത്രം മാത്രമാണെന്നും പ്രസിദ്ധ ചിന്തകനായ ആല്‍ബര്‍ട് ഷ്വീട്‌സര്‍ അഭിപ്രായപ്പെടുകയുണ്ടായി. യുറോപ്പിന്റെ നവോത്ഥാനമെന്നു കൊട്ടിഘോഷിക്കപ്പെടുന്ന ചരിത്രസംഭവം യഥാര്‍ത്ഥത്തില്‍ ക്ലാസിക്കല്‍ സംസ്‌കൃതികളുടെ പുനര്‍ജനനമായിരുന്നില്ലെന്നും മറിച്ച് ഗ്രീക്കോ-റോമന്‍ സംസ്‌കൃതിയുടെ ഗതികിട്ടാപ്പിശാച് യൂറോപ്പില്‍ നടത്തിയ അലഞ്ഞുതിരിയല്‍ മാത്രമായിരുന്നുവെന്നുമാണ് പ്രസിദ്ധ ചരിത്രദാര്‍ശനികനായ അര്‍ണോള്‍ഡ് ജോസഫ് ടോയന്‍ബിയുടെ അഭിപ്രായം. അതുകൊണ്ടുതന്നെ യൂറോപ്യന്‍ സംസ്‌കൃതിയെയോ ഗ്രീക്കോ-റോമന്‍ സംസ്‌കൃതികളെയോ ജീവിച്ചിരിക്കുന്ന സംസ്‌കൃതികളുടെ കൂട്ടത്തില്‍ കൂട്ടാന്‍ ടോയന്‍ബി തയ്യാറായില്ല. ആ സ്ഥാനം അദ്ദേഹം ഭാരതത്തിന്റെയും ചൈനയുടെയും സംസ്‌കൃതികള്‍ക്കാണ് നല്‍കിയത്. തികച്ചും വിശ്വവന്ദ്യസ്ഥാനം അദ്ദേഹം പൗരസ്ത്യസംസ്‌കൃതിക്ക് നല്‍കി. ഭാരതം നല്‍കുന്ന വെളിച്ചം ഒരുപക്ഷെ ലോകത്തിനുതന്നെ ഭാവിയില്‍ ദിശാബോധം പകരുമെന്നും അദ്ദേഹത്തിനു ശുഭാപ്തിവിശ്വാസമുണ്ടായിരുന്നു. ഭാരതത്തിന്റെ ഈ മഹദ് ദൗത്യത്തെപ്പറ്റി 1960-ല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സിന്റെ ആസാദ് മെമ്മോറിയല്‍ പ്രഭാഷണത്തില്‍ അദ്ദേഹം എടുത്തുപറഞ്ഞിരുന്നു.
എന്നാല്‍ ഇത്തരത്തില്‍ ഭാരതകേന്ദ്രീകൃതമായ ഒരു ദാര്‍ശനികപഠനത്തിന് ഇന്ന് എത്രമാത്രം പ്രാധാന്യം നല്‍കപ്പെടുന്നുണ്ടെന്ന കാര്യത്തില്‍ സംശയാലുവാണ് ഇന്ത്യയുടെ തത്ത്വശാസ്ത്രഗവേഷണസമിതിയുടെ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ച്) അംഗമായ ഡോ. ടി.എസ്. ഗിരീഷ്‌കുമാര്‍. ഭാരതമെന്നുകേട്ടാല്‍ ചില അക്കാദമിക്കുകള്‍ക്ക് അലര്‍ജിയാണെന്നും മനുഷ്യനന്മക്ക് ഒരിക്കലും ഉപകരിക്കാന്‍ കൊള്ളാത്ത പിന്തിരിപ്പന്‍ വാദങ്ങളെയാണിന്ന് ഇന്ത്യയിലെ പല സര്‍വ്വകലാശാലകളിലും ഫിലോസഫിയെന്നു കൊട്ടിഘോഷിക്കുന്നതെന്നുമാണ് മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്‌ക്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിന്റെ മുന്‍ ഡയറക്ടരും വഡോദരയിലെ മഹാരാജ സയാജി റാവു സര്‍വ്വകലാശാലയുടെ മുന്‍ തത്വശാസ്ത്രവിഭാഗം മേധാവിയുമായിരുന്ന ഈ മലയാളി പ്രൊഫസറുടെ അഭിപ്രായം. ”പല ആശയവാദങ്ങളും സ്വത്വപ്രതിസന്ധിയിലാണ്. പലതിനും അവയെ മാറ്റുരച്ചുദീരിതമാക്കാന്‍ പോരുന്ന പേരുകള്‍ തന്നെയില്ല. പകരം ‘ആധുനികത’, ‘ആധുനികതക്കു ശേഷം വന്നവ’ എന്ന രീതിയിലായി പഠനവിഷയങ്ങളെ തിരിക്കല്‍”. ഇവിടെയാണ് ഭാരതീയമായ ആശയങ്ങളുടെ സനാതമായ പ്രസക്തിയെന്ന് പ്രൊഫസര്‍ ഗിരീഷ് അഭിപ്രായപ്പെടുന്നു.
”ഒരുപക്ഷെ കാലാതീതങ്ങളായ അനവധി ദര്‍ശനങ്ങള്‍ യൂറോപ്യന്‍ ചിന്തകരുടെ ഭാഗത്തുനിന്നു വന്നാല്‍പ്പോലും അത്തരം ചിന്തകളെ പാഠ്യഭാഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ചില വിചക്ഷണര്‍ വിമുഖരാണ്. കാരണം ബെര്‍ഗ്‌സണെപ്പോലെയുള്ള ചിന്തകന്മാര്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് യുക്തിചിന്തയും ആത്മബോധവും പകര്‍ന്നുകളയുമോ എന്നു ചിലര്‍ക്ക് ഭയമാണ്. ഇക്കൂട്ടര്‍ക്ക് വേണ്ടത് അരാജകതയാണ്. വിദ്യാര്‍ത്ഥിസമൂഹത്തെ അരാജകതപ്പെടുത്തിയെങ്കിലല്ലേ സമൂഹത്തെ മുഴുവനും അരാജകതയിലാഴ്ത്താനും തദ്വാരാ തങ്ങളുടെ നേതൃസ്ഥാനങ്ങള്‍ നിലനിര്‍ത്താനും സ്വാര്‍ത്ഥതകള്‍ സഫലീകൃതമാക്കാനും പറ്റുകയുള്ളു. അന്ധന്മാരുടെ സമൂഹത്തില്‍ തസ്‌ക്കരന്മാര്‍ക്കു സുഖമായി ജീവിക്കാം.”
ഇന്ത്യയുടെ മറ്റു പല സംസ്ഥാനങ്ങളെക്കാളും അരാജകതയുടെ ഈറ്റില്ലങ്ങളായി മാറുന്നത് ഒരുപക്ഷെ കേരളത്തിലെ സര്‍വ്വകലാശാലകളാണെന്നാണ് ഭാരതീയദര്‍ശനത്തിന്റെ വക്താവായ ഈ ഫിലോസഫി പ്രൊഫസറുടെ അഭിപ്രായം. അദ്ധ്യാപകര്‍ക്ക് കുഴിമാടം തീര്‍ക്കുന്നതുള്‍പ്പെടെയുള്ള ക്യാമ്പസ്സുകളിലെ അരാജകതകളിലാണ് ഇന്നത്തെ അത്യന്താധുനികത ചെന്നുനില്‍ക്കുന്നത്. ഇത്തരം അതിരുവിട്ട അരാജകത ഒരുപക്ഷെ കേരളത്തില്‍ മാത്രമായിരിക്കും ഏറ്റവും കൂടുതല്‍. മഹിഷാസുരന്റെ രക്തസാക്ഷിത്വം ആഘോഷിക്കുന്നതോടൊപ്പം അജ്മല്‍ കസബിനോടും അഫ്‌സല്‍ ഗുരുക്കന്മാരോടും ഗുരുത്വം മൂത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ക്യാമ്പസ്സുകള്‍ ഭാരതത്തിലല്ലാതെ മറ്റൊരു രാഷ്ട്രത്തിലുമുണ്ടാവുകയില്ല. അത്രമാത്രം രാഷ്ട്രബോധമില്ലാത്ത അവസ്ഥയിലേക്കാണ് നമ്മുടെ വിദ്യാഭ്യാസം സര്‍വ്വകലാശാലകളെ കൊണ്ടെത്തിച്ചിരിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ രാഷ്ട്രദര്‍ശനത്തിന് ഭാരതീയ വിദ്യാഭ്യാസം മുന്‍തൂക്കം കൊടുക്കേണ്ട കാലം അതിക്രമിച്ചുവെന്ന് പ്രൊഫസര്‍ ഗിരീഷ്‌കുമാര്‍ അഭിപ്രായപ്പെടുന്നു.
ദേശീയത ഭാരതത്തിന്റെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഐച്ഛികവിഷയമാക്കേണ്ടതാണ്. ദാര്‍ശനികപശ്ചാത്തലമില്ലായ്മ ഏതൊരു വിഷയത്തിനെയും പരുഷമാക്കുകയേയുള്ളുവെന്നിരിക്കെ എല്ലാ വിഷയത്തെയും അവയുടെ ദാര്‍ശനിക തലത്തില്‍ നിന്നപഗ്രഥിക്കുകയെന്നത് അക്കാദമിക മേഖലയിലെ അനിവാര്യതയെന്നതുപോലെ ദേശീയതയുടെ ദര്‍ശനവും പാഠ്യവിഷയമാക്കണമെന്ന് പ്രൊഫസര്‍ ഗിരീഷ് അഭിപ്രായപ്പെടുന്നു. ദേശീയതയെന്നത് വെറുമൊരു മുദ്രാവാക്യമാക്കുന്നതില്‍ അര്‍ത്ഥമില്ല. മറിച്ച് അത് ഭാരതത്തിലെ വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം വികാരമാവണം, അനുഭൂതിയാവണം. ”മാതൃഭൂമിയില്‍ അന്തര്യാമിയായ പരാശക്തിയാണ് രാഷ്ട്രം” എന്നുറച്ചു വിശ്വസിച്ച മഹര്‍ഷി അരവിന്ദന്റെ പിന്‍ തലമുറക്കാരാവണം നമ്മുടെ വിദ്യാര്‍ത്ഥികള്‍.
”മാര്‍ക്‌സും മുസ്സോളിനിയും മനസ്സില്‍ക്കണ്ട വെറും സ്റ്റേറ്റല്ല രാഷ്ട്രം. ഫാസിസത്തിലെയും മാര്‍ക്‌സിസത്തിലെയും യാന്ത്രികമായ സ്റ്റേറ്റെന്ന സംവിധാനത്തിലെ നിര്‍ജ്ജീവങ്ങളായ വെറും കണങ്ങള്‍ മാത്രമാണ് മനുഷ്യര്‍. എന്നാല്‍ ഭാരതത്തിന്റെ സങ്കല്‍പ്പത്തില്‍ ഈശ്വരാംശങ്ങളായ വ്യക്തികളധിവസിക്കുന്ന പുണ്യഭൂമിയാണ് ആത്മസ്വരൂപമായ രാഷ്ട്രം. ഈശ്വരാംശമാണ് രാഷ്ട്രമെന്നും ഓരോ രാഷ്ട്രത്തിന്റെയും ഫാലസ്തടത്തില്‍ ഈശ്വരന്‍ അവയുടെ ചരിത്രദൗത്യത്തിന്റേതായ വരികള്‍ എഴുതിയിട്ടുണ്ടെന്നും വിശ്വസിച്ച ഇറ്റാലിയന്‍ ദേശീയവാദിയായ ജോസഫ് മസ്സീനിയും മഹര്‍ഷി അരവിന്ദനുമാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാവേണ്ടത്.” ഇത്തരം മഹാന്മാരെയും അവരുടെ ദേശീയതയുടെ ദര്‍ശനങ്ങളെയുമുള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പാഠ്യഭാഗങ്ങള്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് തികച്ചും പ്രചോദകങ്ങളാവുമെന്ന് ഗിരീഷ്‌കുമാര്‍ വിശ്വസിക്കുന്നു. ഇങ്ങനെയുള്ള പാഠ്യപദ്ധതികള്‍ നമ്മുടെ വിദ്യാര്‍ത്ഥികളെ പ്രബുദ്ധരാക്കുകയും ദേശീയതയെ ശാക്തീകരിക്കുകയും ചെയ്യുമെന്നദ്ദേഹം അഭിപ്രായപ്പെടുന്നു.
ഛാത്രശക്തിയാണ് രാഷ്ട്രശക്തി. ഈ തത്വമുള്‍ക്കൊണ്ടുകൊണ്ടാണ് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി വിദ്യാര്‍ത്ഥികളെ രാഷ്ട്രവൃത്തിയിലേക്ക് ഉപനയിച്ചത്. ഇതേ അഭിപ്രായമുയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രബോധമുള്ള ഒരു ശക്തമായ വിദ്യാര്‍ത്ഥി പ്രസ്ഥാനവും ഭാരതത്തിലുണ്ട്. ശ്രീപത്മനാഭന്റെ അനന്തപുരിയില്‍ എക്കാലവും തലയുയര്‍ത്തിനിന്നിരുന്ന വിശ്വവിഖ്യാതമായ യൂണിവേഴ്‌സിറ്റി കോളേജ് അല്ലെങ്കില്‍ ‘ഹിസ് ഹൈനെസ് മഹാരാജാസ് യൂണിവേഴ്‌സിറ്റി കോളജി’ ന് തറക്കല്ലിട്ടുകൊണ്ട് തിരുവിതാംകൂര്‍ മഹാരാജാവ് താന്‍ ഭാരതീയതക്ക് തികച്ചും എതിരെയുള്ള ഒരു സംസ്‌കൃതിക്കാണ് നാന്ദി കുറിക്കുന്നതെന്ന് പറയുകയുണ്ടായി. അദ്ദേഹം മനസ്സിലുദ്ദേശിച്ചത് പാശ്ചാത്യവിദ്യാഭ്യാസത്തെയായിരുന്നു. ഇന്നത്തെ അവസ്ഥയിലേക്ക് ആ വിദ്യാലയം അധഃപ്പതിക്കുമെന്നദ്ദേഹം മനസാ വിചാരിച്ചിരുന്നില്ല. എന്നാല്‍ ഇന്നത്തെ അവസ്ഥ തികച്ചും പരിതാപകരമാണ്.
വിശ്വപ്രശസ്തരായിരുന്നു ഒരുകാലത്ത് യൂണിവേഴ്‌സിറ്റി കോളേജിലെ അദ്ധ്യാപകര്‍. കെ.വി. രംഗസ്വാമി അയ്യങ്കാരെയും കൃഷ്ണസ്വാമി അയ്യങ്കാരെയും പോലുള്ള മഹാരഥന്മാര്‍ പ്രഭാപ്രശ്രുതമാക്കിയ കലാലയാങ്കണം ഇന്നു പറയാനാവുന്നതിനപ്പുറത്തേക്ക് അധഃപതിച്ചിരിക്കുകയാണ്. അതു തുറന്നു പ്രവര്‍ത്തിക്കുന്ന പകലുകള്‍ അനന്തപുരിക്കു കാളരാത്രികളാണ്. അതിന്റെ പ്രവര്‍ത്തനദിവസങ്ങള്‍ കേരളത്തിന്റെ തലസ്ഥാനനഗരിയുടെ ക്രമസമാധാനനിലതന്നെ തകര്‍ക്കും. ദൈവത്തിന്റെ സ്വന്തം നാടെന്ന് സ്വയം അഭിമാനിക്കുന്ന വഞ്ചിക്ഷോണിക്കു വഞ്ചിഭൂപന്മാര്‍ സമ്മാനിച്ച ഈ കലാലയം ഇന്ന് കലാപഭൂമിയായെങ്കില്‍ അതിനുത്തരവാദി നമ്മുടെ വിദ്യാഭ്യാസസമ്പ്രദായമാണ്. കാലാകാലങ്ങളിലായി മാറിയും മറിഞ്ഞും വന്ന ഭരണസംവിധാനങ്ങളുടെ കഴിവുകേടും വിദ്യാഭ്യാസത്തിനോടും ഗുരുത്വത്തിനോടും അവ കാണിച്ച അലംഭാവവും രാഷ്ട്രീയപ്രേരിതമായ ദുഷ്ടലാക്കും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചു.
ഗവേഷണമേഖലയും അനഭിലഷണീയമായ പ്രവണതകള്‍ക്ക് വഴിപ്പെടുന്നത് സമീപകാലത്തെ ന്യൂനതയാണ്. ശാസ്‌ത്രേതര വിഷയങ്ങളില്‍ നൂതനമായ ആവിഷ്‌ക്കാരങ്ങളൊന്നുമില്ലാതെയായിട്ട് കാലമേറെയായിയെന്ന് പ്രൊഫസര്‍ ഗിരീഷ്‌കുമാര്‍ അഭിപ്രായപ്പെടുന്നു. ഗവേഷണം വെറും നിര്‍ജ്ജീവമായ നൈരന്തര്യതയാണ്. പകര്‍ത്തലുകളും ഉദ്ധരണികളും കൊണ്ട് മാത്രം നിറഞ്ഞ മിക്ക പ്രബന്ധങ്ങളും ആവര്‍ത്തനവിരസങ്ങളാണ്. ഗവേഷണത്തിന് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന അദ്ധ്യാപകര്‍ സസൂക്ഷ്മം ശ്രദ്ധിക്കേണ്ട മേഖലയാണിത്. ഭൂരിപക്ഷ പ്രബന്ധങ്ങളും (ദേശീയ ഗവേഷണ കൗണ്‍സിലുകള്‍ക്ക് സമര്‍പ്പിക്കുന്നവയുള്‍പ്പെടെ) പ്രസിദ്ധീകരണ യോഗ്യങ്ങളല്ലാതാവുന്നു. സര്‍വ്വോപരിയായിരുന്നു മുന്‍കാലങ്ങളിലുണ്ടായിട്ടുള്ള യുജിസിയുള്‍പ്പെടെയുള്ള ഏജന്‍സികളുടെ അനഭിമതങ്ങളായ ചില നടപടികള്‍.
സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അദ്ധ്യാപകരുടെ ഗവേഷണമേല്‍നോട്ടം നിര്‍ത്തലാക്കിയ യുജിസി നടപടി കഴിഞ്ഞ ആറുവര്‍ഷങ്ങളായി ഗവേഷണത്തെ പ്രതികൂലമായി ബാധിച്ചു. അനവധിവര്‍ഷങ്ങളുടെ പരിചയസമ്പന്നതയുള്ള അദ്ധ്യാപകരുടെ സേവനമാണ് കഴിഞ്ഞകാലങ്ങളില്‍ ഗവേഷണമേഖലക്ക് നഷ്ടമായത്. നഷ്ടമായ ഈ പരിചയസമ്പന്നരുടെ ഗവേഷണമേല്‍നോട്ടം പുനഃസ്ഥാപിച്ചാല്‍ അതു തികച്ചും അഭിലഷണീയമാവും. ചില പ്രബന്ധങ്ങള്‍ ആപത്കരങ്ങളുമാണ്. വൈയക്തികതകളില്‍ നിന്നും രാഷ്ട്രചിന്തയിലേക്കും തദ്വാരാ വിശ്വദര്‍ശനത്തിലേക്കും ചെന്നെത്തേണ്ട ഗവേഷണ പ്രബന്ധങ്ങള്‍ പലതും ശിഥിലീകരണവാദങ്ങളും പ്രാദേശികവാദങ്ങളും കുത്തിനിറച്ച് രാജ്യദ്രോഹത്തില്‍ വരെ എത്തിനില്‍ക്കുന്നു. എന്തിന്, ഭാരതത്തിന് സ്വന്തവും തനതുമായ ഒരു സംസ്‌കൃതിയില്ലെന്നും ഉള്ളത് കാലാകാലങ്ങളായി ഇവിടേക്ക് വന്നതാണെന്നും സ്ഥാപിക്കാന്‍ ചില ബുദ്ധിജീവികള്‍ നടത്തുന്ന ശ്രമം ആശങ്കാവഹമാണ്. ഇത്തരം ഗവേഷണങ്ങള്‍ രാഷ്ട്രത്തെയും മാനവസംസ്‌കൃതിയെപ്പോലും ഇല്ലാതെയാക്കും. സംസിക്തതയ്ക്കു പകരം അസംസിക്തതകളെ വളര്‍ത്തുന്ന ഇത്തരം ദുഷ്പ്രവണതകളെ നമ്മുടെ ഗവേഷകര്‍ തിരിച്ചറിയേണ്ടതാണ്. രാഷ്ട്രബോധമുളവാക്കുന്നതും വ്യക്തിവികാസമുണ്ടാക്കുന്നതും തദ്വാരാ വിശ്വദര്‍ശനം വളര്‍ത്തുന്നതുമായ ഗവേഷണങ്ങളാണ് നമുക്കാവശ്യം. ഗവേഷണം തികച്ചും ചിന്തോദ്ദീപകവും ആത്മനിഷ്ഠവുമാകണമെന്നാണ് ഈ തത്വചിന്താപഠിതാവിന്റെ മതം.