‘ക്യൂബക്കെതിരെ ഒരക്ഷരം മിണ്ടരുത്’ എന്ന് സിനിമാനടന്‍ ശ്രീനിവാസന്റെ ഒരു കഥാപാത്രം അമര്‍ഷംകൊണ്ടപോലെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രോഷം കൊള്ളുകയാണ്; ‘ചൈനക്കെതിരെ മിണ്ടിപ്പോകരുത്’. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് കൊറോണാ വൈറസ്സിനെ ചൈനീസ് വൈറസ് എന്നു വിളിച്ചപ്പോള്‍ കാരാട്ട് സഖാവിനു സഹിച്ചില്ല. പിന്നാലെ വരുന്നു അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയും മുന്‍ സി.ഐ.എ. മേധാവിയുമായ മൈക്ക് പോംപിയോയുടെ പ്രതികരണം. കൊറോണയെ വുഹാന്‍ വൈറസ് എന്നാണ് അദ്ദേഹം വിളിച്ചത്. കൊറോണക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയും അമേരിക്കയും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം കേട്ട് കലിതുള്ളി നിന്ന കാരാട്ട് സൂക്ഷിച്ചു നോക്കിയപ്പോള്‍ കണ്ടു ഒരു അച്ചുതണ്ട്! ചൈനക്കെതിരായി അമേരിക്കയും ബ്രസീലും ഇന്ത്യയുമൊക്കെ ഉള്‍പ്പെടുന്ന അച്ചുതണ്ട്!
സഖാവ് കണ്ണുതുറിച്ചുനോക്കിയപ്പോള്‍ പിന്നെയും കാണുകയാണ്: ചൈനയിലെ നിക്ഷേപം പിന്‍വലിക്കാന്‍ ജപ്പാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചൈനയില്‍ നിക്ഷേപിച്ച കമ്പനികള്‍ ഇങ്ങോട്ടു വരാന്‍ പോകുന്നു എന്ന് ഭാരതത്തിലെ മന്ത്രിമാരില്‍ പലരും പരസ്യമായി പറയുന്നു. രാജ്യത്തിനകത്ത് മുസ്ലിങ്ങളാണ് വൈറസ് പടര്‍ത്തിയതെങ്കില്‍ പുറത്ത് ചൈനയാണെന്നു ഹിന്ദുത്വശക്തികള്‍ പറയുന്നതായും സഖാവിന്റെ ചെവിയില്‍ എത്തുന്നു. തബ്‌ലീഗുകാര്‍ക്കു സകല പിന്തുണയും പാര്‍ട്ടി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഇനി പിന്തുണയ്‌ക്കേണ്ടത് ചൈനയെയാണ്. രാജ്യം ഗുരുതരമായ പ്രതിസന്ധിയെ നേരിടുമ്പോള്‍ ചൈനയെ വിമര്‍ശിക്കുകയാണോ വേണ്ടത് എന്ന് സഖാവ് ഉള്ളുരുകി ചോദിക്കുന്നു. കൊറോണ വൈറസ്സിന്റെ പ്രചാരകന്മാരായ കമ്മ്യൂണിസ്റ്റു ചൈനയ്ക്കും ഇസ്ലാമിസ്റ്റുകള്‍ക്കും പാര്‍ട്ടിയുടെ സകല പിന്തുണയും ഐക്യദാര്‍ഢ്യവും പാര്‍ട്ടി പത്രത്തിലൂടെ സഖാവ് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇനി നമ്മുടെ ഡിഫി കുട്ടിസഖാക്കള്‍ക്ക് മുഷ്ടിചുരുട്ടി ഉറക്കെ അലറാം: ”ഇസ്ലാമിസ്റ്റ് – കമ്മ്യൂണിസ്റ്റ് വൈറസ് സിന്ദാബാദ്!”