കോറോണാ വൈറസ് വ്യാപനം ലോകമെമ്പാടും അസാധാരണമായ ഒരു സാഹചര്യം അഥവാ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. നിലവിലുള്ള സാമൂഹ്യവും രാഷ്ട്രീയവുമായ ക്രമത്തില്‍ ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാര്‍മ്മികമായ കാഴ്ചപ്പാട്, വിശേഷിച്ചും മനുഷ്യജീവിതത്തിന്റെ എല്ലാ അംശങ്ങളെയും ഉള്‍ക്കൊള്ളുന്നതായ ഏകാത്മമാനവദര്‍ശനം പ്രസക്തമായിത്തീര്‍ന്നിരിക്കുന്നു. ലോകം മുഴുവന്‍ നിരാശ, ദുഃഖം, ക്രോധം, വിഷാദം എന്നിവയുടെ അന്തരീക്ഷമാണ് നാം കാണുന്നത്. എന്നാല്‍ ഈ പുണ്യഭൂമിയുടെ അവകാശികളായ ഋഷിവര്യന്മാരുടെയും നമ്മുടെ പൂര്‍വ്വികരുടെയും അനുഗ്രഹത്താല്‍ ഭാരതം ഈ വിനാശകാരിയായ കൊറോണ വൈറസിന്റെ വ്യാപനത്തെ പ്രതിരോധിച്ചിരിക്കുന്നു. കരുത്തുറ്റ ഒരു ദേശീയ നേതൃത്വത്തിന്റെ കീഴില്‍ ശക്തമായ ഇച്ഛാശക്തികൊണ്ടും കൂട്ടായ പരിശ്രമം കൊണ്ടുമാണ് അത് സാധ്യമായിരിക്കുന്നത്. ലോകം ഭാരതത്തിന്റെ ആത്മാവില്‍ പ്രതീക്ഷയുടെ ഒരു ചെറുവെളിച്ചം കണ്ടിരിക്കുന്നു. പ്രോട്ടീനിലുള്ള ഒരു ന്യൂക്ലിക് ആസിഡ് തന്മാത്ര എങ്ങനെയാണ് അനേകം വികസിത രാജ്യങ്ങളെ തകര്‍ത്തു തരിപ്പണമാക്കിയതെന്നും ലോകത്തിലെ വന്‍ശക്തികളെ നിഷ്പ്രഭരാക്കിയതെന്നും നാം കണ്ടു. ഒന്നര ലക്ഷത്തിലധികം മരണസംഖ്യ സൃഷ്ടിച്ചുകൊണ്ട് അത് ലോകത്തെ ഒരു ശവപ്പറമ്പാക്കി മാറ്റി.
നമുക്ക് ചുറ്റുമുള്ള വികസനങ്ങള്‍ നമുക്ക് ലോകയുദ്ധങ്ങളുടെ രൂപത്തിലുള്ള ദുരന്തങ്ങളെ സമ്മാനിച്ചിട്ടുണ്ട്. വിശേഷിച്ചും, ഇന്‍ഫഌവെന്‍സ പോലുള്ള വ്യാധികളെ സമ്മാനിച്ച ഒന്നാം ലോകമഹായുദ്ധം. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം പ്രശസ്തനായ ബ്രിട്ടീഷ് കവി എലിയട്ട് യുദ്ധാനന്തര സാഹചര്യങ്ങളെ അവതരിപ്പിക്കുന്ന വേസ്റ്റ്‌ലാന്‍ഡ്’ എന്ന കവിത എഴുതി. ‘April is the most cruel month ‘(ഏപ്രില്‍ ആണ് ഏറ്റവും ക്രൂരമായ മാസം) എന്ന വളരെ പ്രശസ്തമായ വരികളോടെയാണ് ആ കവിത ആരംഭിക്കുന്നത്. അഞ്ചു ഭാഗങ്ങളുള്ള ആ കവിതയുടെ ഒന്നാം ഭാഗത്തിന്റെ ശീര്‍ഷകം ‘ ‘Burial of the Dead’ (മരിച്ചവരുടെ സംസ്‌കാരം) എന്നാണ്. 1920നു ശേഷം ചരിത്രത്തില്‍ കൂട്ടസംസ്‌കാരങ്ങളുടെ മറ്റൊരു ക്രൂരമായ ഏപ്രില്‍ മാസമാണ് ഇപ്പോള്‍ കടന്നുപോകുന്നത്.
ലോകമഹായുദ്ധത്തിന്റെ ഭീകരമുഖങ്ങളും പ്രതീക്ഷയറ്റ വിലാപങ്ങളും തകര്‍ന്ന മനുഷ്യമനസ്സുകളും തുറന്നു കാട്ടുന്ന ‘വേസ്റ്റ്‌ലാന്‍ഡ്’ എന്ന കവിത അവസാനിക്കുന്നത് “ഓം ശാന്തി: ശാന്തി: ശാന്തി:’ എന്ന ഹിന്ദു മന്ത്രത്തോടെയാണ്. ശാന്തിമന്ത്രത്തിനു മുമ്പായി എലിയട്ട് ബൃഹദാരണ്യക ഉപനിഷത്തിലെ പ്രസിദ്ധമായ മൂന്നു സംസ്‌കൃതപദങ്ങളെ ഉദ്ധരിച്ചിരിക്കുന്നു. ദത്ത, ദയത്വം, ദമ്യത എന്നിവയാണ് അവ. ദാനശീലരായിരിക്കുക, കരുണയുള്ളവരായിരിക്കുക, ആത്മനിയന്ത്രണമുള്ളവരായിരിക്കുക എന്നാണ് ആ വാക്കുകള്‍ അര്‍ത്ഥമാക്കുന്നത്. ഭാരതത്തിന്റെ പുരാതനഗ്രന്ഥങ്ങളില്‍ നിന്നും കവി ഈ ദിവ്യമായ സന്ദേശത്തെ ലോകത്തിന് ഉപദേശിച്ചിരിക്കുന്നു. ലോകമഹായുദ്ധത്തിനു ശേഷം ലോകം ദത്ത, ദയത്വം, ദമ്യത എന്നിവയെ പരിശീലിച്ചിരുന്നെങ്കില്‍ ഇന്ന് കാണുന്ന ഈ ദുരന്തങ്ങള്‍ സംഭവിക്കുകയില്ലായിരുന്നു. ഹിന്ദുധര്‍മ്മത്തിന്റെ അടിസ്ഥാന ആദര്‍ശങ്ങളായ ആത്മസംയമനവും നിസ്സ്വാര്‍ത്ഥമനോഭാവവും സ്ഥൂലവും സൂക്ഷ്മവുമായ തലങ്ങളില്‍ നാം അനുശീലിച്ചാല്‍ ലോകം സുന്ദരമാകും.
ലോകമഹായുദ്ധാനന്തരമുള്ള ലോകക്രമത്തെ നിയന്ത്രിച്ചത് സാമ്രാജ്യത്വ മുതലാളിത്ത താല്പര്യങ്ങളാണ്. ശീതയുദ്ധകാലത്ത് കമ്മ്യൂണിസവും മുതലാളിത്തവും തമ്മിലുള്ള മത്സരം നാം കണ്ടതാണ്. ഒരിക്കലും തൃപ്തിപ്പെടുത്താനാവാത്ത മനുഷ്യന്റെ ദുരാഗ്രഹങ്ങളും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്ന ഭോഗാസക്തിയും മുതലാളിത്ത അമേരിക്കയെയും കമ്മ്യൂണിസ്റ്റ് ചൈനയെയും പോലുള്ള രാജ്യങ്ങളുടെ സാമ്രാജ്യത്വ താല്പര്യങ്ങളും ലോകത്തെ ഒരു അരികിലേക്ക് തള്ളി. മനുഷ്യത്വത്തെയും നമ്മുടെ മുദ്രാവാക്യങ്ങളെയും തത്വചിന്തകളെയും നമ്മെത്തന്നെയും പുനസ്സജ്ജമാക്കാനുള്ള സമയം ആഗതമായിരിക്കുകയാണ്. ഭൂതകാലത്തെ അവലോകനം ചെയ്യും മുന്‍പ് മനുഷ്യകുലത്തിനായുള്ള ഹിന്ദുത്വത്തിന്റെ സര്‍വ്വശ്രേഷ്ഠ ഉപദേശങ്ങളായ ദത്ത, ദയത്വം, ദമ്യത എന്നിവയെ അടിസ്ഥാനമാക്കി പുതിയൊരു ലോകക്രമത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാം. അതാണ് ഏകാത്മ മാനവദര്‍ശനം. ഈ ദിവ്യങ്ങളായ മൂന്ന് ഉപനിഷദ് വാക്യങ്ങള്‍ ഈ ലോക്ക്‌ഡൌണ്‍ ദിനങ്ങളില്‍ വളരെ പ്രസക്തമാണ്. ദമം അഥവാ ആത്മനിയന്ത്രണം ഇതില്‍ ഏറ്റവും പ്രാധാന്യമുള്ളതാണ്. അതിനാല്‍ ദാനവും, ദയയും ദമവും പരിശീലിക്കുക. സുരക്ഷിതരായിരിക്കുക.