ഒരു വിപ്ലവകാരി എന്ന നിലയ്ക്കുള്ള സവര്‍ക്കറുടെ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പാരമ്പര്യവും നന്നായി അറിയാവുന്നയാളായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു. ആധുനികതയെ ഇഷ്ടപ്പെടുന്നയാളായിരുന്നു സവര്‍ക്കര്‍. ഗാന്ധിജിയില്‍നിന്ന് വ്യത്യസ്തമായി യന്ത്രങ്ങളും വ്യവസായവുമൊക്കെ രാഷ്ട്ര പുരോഗതിക്ക് ആവശ്യമാണെന്നു കരുതി. ഹിന്ദുത്വ ചിന്താഗതിക്കാരായ പലരെയും പോലെ പശുവിനെ ആരാധിച്ചിരുന്നയാളുമല്ല. ഒരിക്കല്‍ ഗോവധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ”പശു ഉപയോഗപ്രദമായ ഒരു മൃഗമാണ്. അതില്‍ കൂടുതല്ല, കുറവുമല്ല” എന്നായിരുന്നു സവര്‍ക്കറുടെ പ്രതികരണം. ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വ്യവസായവല്‍ക്കരണത്തിന്റെയുമൊക്കെ വക്താവായി നടന്ന നെഹ്‌റുവിന് സവര്‍ക്കറുടെ ഈ പ്രതിച്ഛായ വലിയ വെല്ലുവിളി ഉയര്‍ത്തി.
വിപ്ലവകാരിയെന്ന നിലയില്‍ സമാനതകളില്ലാത്തതായിരുന്നു സവര്‍ക്കറുടെ വ്യക്തിത്വം. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ സായുധകലാപം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വടക്കെ അമേരിക്കയിലെ വിപ്ലവപ്രസ്ഥാനമായ ഗദ്ദര്‍ പാര്‍ട്ടിയുമായും, യൂറോപ്പിലെ ഇന്ത്യന്‍ ഡിഫന്‍സ് ലീഗില്‍ സജീവമായിരുന്ന മാഡം കാമയുമായും സവര്‍ക്കര്‍ ബന്ധം സ്ഥാപിച്ചു. ഇങ്ങനെയൊരാള്‍ നെഹ്‌റുവിനെ രാഷ്ട്രീയമായി അരക്ഷിതനാക്കിയത് സ്വാഭാവികം. മൗണ്ട് ബാറ്റന്റെ പിന്മുറക്കാരനായി ഇന്ത്യ ഭരിക്കാന്‍ തുടങ്ങിയ നെഹ്‌റുവിന് ഇന്നല്ലെങ്കില്‍ നാളെ സവര്‍ക്കര്‍ തനിക്ക് ഭീഷണിയാവുമെന്ന് ആരും പറഞ്ഞുകൊടുക്കേണ്ടിയിരുന്നില്ല.
”വെടിയുണ്ടകളെ നേരിട്ട് ജീവന്‍ ത്യജിച്ചവരാണ് വിപ്ലവകാരികള്‍” എന്ന് പ്രഖ്യാപിച്ച സവര്‍ക്കര്‍, ഇവരുടെ സമരങ്ങളും ത്യാഗവും ഗാന്ധിയന്മാരുടെ മൊത്തം ത്യാഗങ്ങളെക്കാളും അധികമാണ് എന്നുപറയാന്‍ മടിച്ചില്ല. ”ഇത്തരം വിപ്ലവകാരികള്‍ പണ്ഡിറ്റ് നെഹ്‌റുവിന്റെ പേപ്പര്‍ രാജിനെ പേടിക്കില്ല” എന്നും സവര്‍ക്കര്‍ മുന്നറിയിപ്പ് നല്‍കി. ഇടക്കാല സര്‍ക്കാരില്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവിന്റെ നാട്യങ്ങളെ തുറന്നുകാണിക്കുന്നതിന് സവര്‍ക്കര്‍ തെല്ലും മടിച്ചില്ല. സൈനിക വിചാരണ നേരിടുന്ന നേതാജി സുഭാഷ് ചന്ദ്രബോസിനുവേണ്ടി നെഹ്‌റു അഭിഭാഷകനെ ഏര്‍പ്പാടാക്കിയതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ സവര്‍ക്കര്‍ ആ ‘മഹാമനസ്‌കത’യെ പരിഹസിക്കുകയാണുണ്ടായത്. 1946-ലെ തിരഞ്ഞെടുപ്പില്‍ നേതാജിക്കനുകൂലമായി ഉയര്‍ന്ന ദേശീയ ജനവികാരത്തെ മുതലെടുക്കുന്നതിനുവേണ്ടിയുള്ള തന്ത്രമായിരുന്നു ഇതെന്നാണ് സവര്‍ക്കര്‍ അഭിപ്രായപ്പെട്ടത്. ”ജയ് ഹിന്ദ് എന്ന മുദ്രാവാക്യം സ്വന്തമാക്കാനും, തന്റെ നേതൃത്വത്തിന്‍ കീഴിലാണ് ബോസ് ഇന്ത്യയുടെ മോചനത്തിനുവേണ്ടി ശ്രമിച്ചതെന്ന് വരുത്തിത്തീര്‍ക്കാനുള്ള സാധ്യത നഷ്ടപ്പെടുത്താന്‍ അദ്ദേഹത്തിന് (നെഹ്‌റുവിന്) ആവില്ലല്ലോ. കാറ്റ് വിപ്ലവകാരികള്‍ക്ക് അനുകൂലമാണെങ്കില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ ഭഗത് സിംഗിന്റെ പദ്ധതിപോലും തങ്ങളുടേതായിരുന്നുവെന്ന് ഈ കാപട്യക്കാര്‍ അവകാശപ്പെടും” എന്നാണ് സവര്‍ക്കര്‍ അഭിപ്രായപ്പെട്ടത്. നെഹ്‌റുവിനെ എത്ര തീവ്രമായാണ് സവര്‍ക്കര്‍ എതിര്‍ത്തിരുന്നതെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. ഇങ്ങനെയൊരാളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ തനിക്ക് ദേശീയ രാഷ്ട്രീയത്തില്‍ അതിജീവിക്കാനാവില്ലെന്ന് സൂത്രശാലിയായ നെഹ്‌റു വളരെ പെട്ടെന്ന് തിരിച്ചറിഞ്ഞു.
ഗാന്ധിവധം സവര്‍ക്കറെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനുള്ള സുവര്‍ണാവസരമായി ജവഹര്‍ലാല്‍ നെഹ്‌റു കണ്ടു. ഈ കേസില്‍ സവര്‍ക്കറെ ബോധപൂര്‍വം പ്രതിയാക്കുകയായിരുന്നുവെന്ന് കരുതിയവരില്‍ ഡോ. ബി.ആര്‍. അംബേദ്കറും ഉള്‍പ്പെടുന്നു. സവര്‍ക്കറിനുവേണ്ടി കേസ് വാദിച്ചത് എല്‍.ബി. ഭൊപാത്കര്‍ ആയിരുന്നു. ദുര്‍ബലമായ കാരണങ്ങള്‍ വച്ചാണ് സവര്‍ക്കറെ കേസില്‍ പ്രതിയാക്കിയതെന്ന് ഭൊപാത്കറോട് അംബേദ്കര്‍ പറയുകയുണ്ടായി.
”നിങ്ങളുടെ കക്ഷിക്കെതിരെ നിലനില്‍ക്കത്തക്കആരോപണമൊന്നുമില്ല. കെട്ടിച്ചമച്ച തെളിവുകളാണുള്ളത്. മന്ത്രിസഭയിലെ പല അംഗങ്ങളും ഇതിനെ എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. സര്‍ദാര്‍ പട്ടേലിനുപോലും ഇതിനെതിരെ നീങ്ങാനായില്ല. പക്ഷേ ഞാന്‍ പറയുന്നത് ഓര്‍ത്തുവച്ചോളൂ. കേസ് നിലനില്‍ക്കില്ല. നിങ്ങള്‍ വിജയിക്കും” എന്നാണ് അംബേദ്കര്‍, സവര്‍ക്കറുടെ അഭിഭാഷകനോട് പറഞ്ഞത്.
സവര്‍ക്കറെ കേസില്‍ പ്രതിചേര്‍ക്കാന്‍ പോലീസ് തിടുക്കം കാണിച്ചത് പല സംശയങ്ങളും ഉയര്‍ത്തിയിരുന്നു. ഗാന്ധിജിയുടെ നേരെ ഏതാനും ദിവസം മുന്‍പേ ഒരു വധശ്രമം നടന്നിരുന്നു. ഇതിലും നാഥുറാം ഗോഡ്‌സെ ഉള്‍പ്പെട്ടിരുന്നു. ഈ സംഭവത്തെക്കുറിച്ച് പോലീസ് ശരിയായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ ഗാന്ധിജിയെ വെടിവച്ചുകൊല്ലുന്നതിനു മുന്‍പേ ഗോഡ്‌സെയെ അറസ്റ്റു ചെയ്യാനാവുമായിരുന്നു. ഇത് സര്‍ക്കാരിന്റെയും കൂടി വീഴ്ചയായിരുന്നു. ഇക്കാര്യം മറച്ചുവയ്ക്കണമെങ്കില്‍ സര്‍ക്കാരിന് ഏതെങ്കിലും ഒരു വന്‍ നേതാവ് ഉള്‍പ്പെടുന്ന ഉദ്വേഗജനകമായ കഥ മെനയേണ്ടതുണ്ടായിരുന്നു. ഇതിന് പറ്റിയയാള്‍ സവര്‍ക്കര്‍ തന്നെയാണെന്ന് സര്‍ക്കാരോ സര്‍ക്കാരിലെ പ്രബലമായ ഒരു ഗ്രൂപ്പോ തീരുമാനിക്കുകയായിരുന്നുവത്രേ.
കേസില്‍ മാപ്പുസാക്ഷിയായി മാറിയ ദിഗംബര്‍ ബഡ്‌ഗെ എന്നയാളുടെ കുറ്റസമ്മതമൊഴി പ്രകാരമാണ് സവര്‍ക്കറെ പ്രതിയാക്കിയത്. ഇയാളുടെ പൂര്‍വകാലചരിത്രം വിശ്വസിക്കാന്‍ കൊള്ളാത്തതായിരുന്നു. ഗാന്ധിജിയെ കൊലപ്പെടുത്താന്‍ ഉറച്ച സംഘത്തില്‍പ്പെട്ട ആപ്‌തെ, സവര്‍ക്കറെ കാണുകയുണ്ടായെന്നും, ‘വിജയിച്ചു വരൂ’ എന്ന് സവര്‍ക്കര്‍ ആശീര്‍വദിച്ചതായി പറയുന്നത് ഞാന്‍ കേട്ടുവെന്നുമാണ് ബാഡ്‌ഗെ മൊഴി നല്‍കിയത്. ഇത് പോലീസ് പറയിപ്പിച്ചതാണെന്ന സംശയം പലരും ഉന്നയിക്കുകയുണ്ടായി.
ഗാന്ധിവധത്തിനെതിരെ ഉയര്‍ന്ന ജനവികാരം സവര്‍ക്കറെ ഒതുക്കാനായി നെഹ്‌റു സമര്‍ത്ഥമായി ഉപയോഗിച്ചു എന്നുവേണം മനസ്സിലാക്കാന്‍. ഇത് തടസ്സപ്പെടുത്താന്‍ മന്ത്രിമാരുള്‍പ്പെടെ ആരെയും അനുവദിച്ചില്ല. ആരെങ്കിലും അതിന് ശ്രദ്ധിച്ചാല്‍ത്തന്നെ ഗാന്ധിഘാതകരെ സംരക്ഷിക്കുന്നവര്‍ എന്ന പഴി കേള്‍ക്കേണ്ടിവരുമായിരുന്നു. ഇത് നന്നായി അറിഞ്ഞുകൊണ്ടാണ് നെഹ്‌റു കരുക്കള്‍ നീക്കിയത്.
ഗാന്ധി വധക്കേസില്‍ പ്രതിയാവുമ്പോള്‍ സവര്‍ക്കറിന് 66 വയസ്സായിരുന്നു. ഒരു വര്‍ഷത്തിലേറെയായി രോഗഗ്രസ്തനുമായിരുന്നു. ഈ അവസ്ഥയില്‍ കേസിന്റെ വിചാരണ തീരുന്ന ഒരു വര്‍ഷത്തോളം ജയിലില്‍ കിടന്നു. 1949ല്‍ സവര്‍ക്കര്‍ കുറ്റക്കാരനല്ലെന്ന് കോടതി വിധി പ്രഖ്യാപിച്ചു. സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയതിന് ബ്രിട്ടീഷ് ഭരണകൂടം 26 വര്‍ഷം ജയിലിലടച്ച മനുഷ്യന് സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരിയില്‍ വീണ്ടും ഒരു വര്‍ഷം ജയിലില്‍ കിടക്കേണ്ടിവന്നു എന്നത് ഒരു വിരോധാഭാസമാണ്.
ഗാന്ധി വധിക്കപ്പെട്ടതോടെ ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രേരണയാല്‍ ഒരു സംഘം ആളുകള്‍ മുംബൈയിലുള്ള സവര്‍ക്കറുടെ വീട് ആക്രമിച്ചു. ഇത് തടയാന്‍ അന്ന് കോണ്‍ഗ്രസ് ഭരിച്ചിരുന്ന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. രോഗശയ്യയിലായിരുന്ന സവര്‍ക്കറെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് ഒരുവിധം രക്ഷിക്കുന്നതിനിടെ സവര്‍ക്കറുടെ സഹോദരന്‍ ഡോ. നാരായണന്‍ റാവുവിന് ഗുരുതരമായ പരിക്കേറ്റു. ഇത് മരണത്തിലേക്ക് നയിക്കുകയും ചെയ്തു. ഇവിടെയും നെഹ്‌റു പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു.
ജനാധിപത്യവാദിയും സ്വാതന്ത്ര്യ പ്രേമിയും സാംസ്‌കാര സമ്പന്നനുമൊക്കെയായി അനുയായികളും ആരാധകരും വാഴ്ത്തിപ്പാടുന്ന നെഹ്‌റു വിമര്‍ശിക്കുന്നവരെയും എതിര്‍ക്കുന്നവരെയും നശിപ്പിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത ഭരണാധികാരിയായിരുന്നു. സവര്‍ക്കറോടും ഇതുതന്നെ ചെയ്തു. ഗാന്ധിവധക്കേസില്‍ കോടതി വെറുതെ വിട്ടിട്ടും സവര്‍ക്കറെ ദ്രോഹിക്കുന്നത് നെഹ്‌റു നിര്‍ത്തിയില്ല. സവര്‍ക്കര്‍ രാഷ്ട്രീയമായി ഉയര്‍ന്നുവരുന്നത് തടയുകയായിരുന്നു ലക്ഷ്യം. ‘ഹിന്ദുക്കള്‍ സൈനികവല്‍ക്കരിക്കപ്പെടണം’ എന്ന് പ്രസംഗിച്ചുവെന്ന കുറ്റമാരോപിച്ച് അറസ്റ്റ് ചെയ്ത സവര്‍ക്കറെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തില്ലെന്ന ഉറപ്പിന്മേലാണ് വിട്ടയച്ചത്.
ബ്രിട്ടീഷ് സര്‍ക്കാര്‍ എന്താണോ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന സവര്‍ക്കറോട് ചെയ്തത് അതുതന്നെ നെഹ്‌റുവിന്റെ ഭരണകൂടവും അനുവര്‍ത്തിച്ചു. 1857 -ലെ സ്വാതന്ത്ര്യസമരത്തിന്റെ നൂറാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളെ നെഹ്‌റു വിലക്കി. അഭിപ്രായ ഭിന്നതകൊണ്ടാണ് ഈ പരിപാടിയിലേക്കുള്ള ക്ഷണം താന്‍ നിരസിക്കുന്നതെന്ന് നെഹ്‌റു പറഞ്ഞത് വെറും കാപട്യമായിരുന്നു. നെഹ്‌റുവിന്റെ മരണശേഷം ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായപ്പോഴാണ് സവര്‍ക്കറിന് ചില പരിഗണനകള്‍ ലഭിച്ചത്. മറ്റ് സ്വാതന്ത്ര്യസമര സേനാനികളെപ്പോലെ സവര്‍ക്കറിനും സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ചു. ഈ നടപടി നെഹ്‌റു കുടുംബത്തെ പ്രതിരോധത്തിലാക്കി.
(അടുത്തത്: നെഹ്‌റു കുടുംബത്തിന്റെ കാപട്യങ്ങള്‍)