അഖിലാണ്ഡമാകെ നിറയുന്ന പൊന്‍പ്രഭ
അവിടുത്തെ തേജസ്സു മാത്രം !
അന്നപൂര്‍ണ്ണേശ്വരീ ആറ്റുകാലംബികേ
അണയുന്നു തിരുനടയില്‍ ഞങ്ങള്‍
പരിപൂര്‍ണ്ണ ചേതസ്സായ് നിന്റെ തൃക്കാലിണ
തഴുകാന്‍ കൊതിച്ചു വന്നെത്തും
പതിനായിരങ്ങള്‍ക്കു പാലാഴി പോലെ നിന്
കൃപയൊന്നു സായൂജ്യമായി…!
പൊങ്കാല നേദിച്ചു പുണ്യം പകുക്കുവാന്‍
അങ്കണമാകെ നിന് ഭക്തര്‍
തങ്കപ്രഭയൊന്നു കണ്ടു നമിക്കുവാന്‍
പങ്കങ്ങളെല്ലാമകലാന്
കുംഭമാസപ്പൂരമാകാന് കൊതിക്കുന്നു
അംബികേ നൈവേദ്യമേകാന്
പൊന്തിത്തിളയ്ക്കും വെയിലിലും അമ്മതന്‍
പൊന്‍ കടാക്ഷത്തിലീ ഭക്തര്‍
ഉള്ളം കുളിര്‍ത്തു പാടുന്നു സങ്കീര്‍ത്തനം
സ്വര്‍ലോക നായികേ ദേവീ !
പരിദേവനങ്ങളില്‍ കാവലാളായ് വന്നു
പകരുന്നു നിത്യവും സ്നേഹം
തിറയാടിയെത്തുന്ന ദുരിതകാലങ്ങളില്‍
നിറദീപമായി വന്നെത്തി
ചൊരിയുന്നു നന്മകള് മായ്ക്കുന്നു വേദന
പരമകാരുണികയാം ദേവി
പതിതര്‍ക്കു രക്ഷകി, പാപം ഹരിക്കുന്ന
ഭുവനേശ്വരിയെന്റെ അമ്മ…
സര്വ്വാര്ത്ഥസാധികയാകും ജഗന്മയി
സ്വര്ലോകവാസിനിയമ്മ
ഒറ്റച്ചിലമ്പെറിഞ്ഞന്നു മധുരയെ
ഭസ്മമാക്കിത്തീര്ത്ത രൗദ്രം
ഭക്തരെ കാക്കുന്ന കാരുണ്യമാകുന്നു
ശക്തി സ്വരൂപിണിയമ്മ
കിള്ളിയാറ്റിന്കരെ വാണരുളീടുന്നു
ആറ്റുകാല്‍ കണ്ണകിയമ്മ
ഒരു നൂറു പൊങ്കാല നേദിച്ചു നില്ക്കുന്നു
തിരുമുന്പില് ഭക്തസമുദ്രം
നിറപൗര്ണ്ണമിയായി നീ ഉദിച്ചീടുന്നു
നിറയുന്ന ഭക്തര്‍ തന് പുണ്യം
കണ്ടു തൊഴുന്നു ഞാന്‍ അമ്മേ കനിയുക
നൊമ്പരമൊക്കെയകറ്റി !!!