സരസ്വതീ ദേവിയുടെയും സീതയുടെയും മറ്റും നഗ്നചിത്രങ്ങള്‍ വരച്ച് ഹിന്ദുക്കളെ വേദനിപ്പിച്ച എം.എഫ്. ഹുസൈന് 2009ല്‍ രാജാരവിവര്‍മ പുരസ്‌കാരം നല്‍കി ആദരിച്ചത് സിപിഎം നേതാവ് എം.എ. ബേബി സാംസ്‌കാരിക വകുപ്പ് മന്ത്രിയായ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്താണ്. അനശ്വര ചിത്രകാരനായിരുന്ന രവിവര്‍മ്മയുടെ ഓര്‍മകളെക്കൂടി അപകീര്‍ത്തിപ്പെടുത്തുകയെന്ന ദുഷ്ടലാക്കും സര്‍ക്കാരിനുണ്ടായിരുന്നു. കാരണം ചിത്രകാരനെന്ന നിലയ്ക്ക് രവിവര്‍മയെ ആദരിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്ന ആളായിരുന്നില്ല ഹുസൈന്‍. 1993-ല്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ദല്‍ഹിയില്‍ സംഘടിപ്പിച്ച രവിവര്‍മയുടെ ചിത്രപ്രദര്‍ശനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചയാളായിരുന്നു ഹുസൈന്‍.
ഇക്കാരണങ്ങളാല്‍ ഹുസൈന് രാജാരവിവര്‍മയുടെ പേരിലുള്ള പുരസ്‌കാരം നല്‍കുന്നതില്‍ കടുത്ത പ്രതിഷേധമുയര്‍ന്നത് സ്വാഭാവികം. ചിലര്‍ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയും ചെയ്തു. ഹുസൈനുവേണ്ടി സാംസ്‌കാരിക മന്ത്രി ബേബി മതവിശ്വാസിയുടെ വീറോടെ രംഗത്തുവന്നു. ചിത്രകാരന്‍ വിവാന്‍ സുന്ദരം ഉള്‍പ്പെടുന്ന സമിതിയാണ് ഹുസൈനെ അവാര്‍ഡ് ജേതാവായി തെരഞ്ഞെടുത്തതെന്നും, കല എന്താണെന്ന് അറിയാത്തവരാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും ആയിരുന്നു ബേബിയുടെ വിശദീകരണം. ബേബിയുടേത് വ്യക്തിപരമായ അഭിപ്രായമായിരുന്നില്ല. ഇടതുമുന്നണി സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നയം വ്യക്തമാക്കുകയായിരുന്നു മന്ത്രി.
സിപിഎം നയിക്കുന്ന മറ്റൊരു ഇടതുമുന്നണി സര്‍ക്കാരാണ് ഇപ്പോള്‍ കെ.കെ. സുഭാഷ് എന്ന കാര്‍ട്ടൂണിസ്റ്റിന് നല്‍കിയ പുരസ്‌കാരം പുനഃപരിശോധിക്കാന്‍ ലളിതകലാ അക്കാദമിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കന്യാസ്ത്രീയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ കത്തോലിക്കാസഭയിലെ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെക്കുറിച്ചുള്ള കാര്‍ട്ടൂണാണ് അവാര്‍ഡ് നേടിയത്. മതത്തെ അവഹേളിക്കുന്നതാണ് കാര്‍ട്ടൂണ്‍ എന്ന വാദവുമായി കത്തോലിക്കാസഭ പ്രതിഷേധവുമായി രംഗത്തുവന്നതാണ് അവാര്‍ഡ് നല്‍കിയ ലളിതകലാ അക്കാദമി തീരുമാനം പിന്‍വലിക്കണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്‍ദ്ദേശിക്കാന്‍ കാരണം. എന്നാല്‍ അവാര്‍ഡ് പുനഃ പരിശോധിക്കില്ലെന്ന അക്കാദമിയുടെ നിലപാട് അഭിനന്ദനാര്‍ഹമാണ്. സ്വയം ഭരണ സ്ഥാപനമായ ലളിതകലാ അക്കാദമിയെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനാണ് സര്‍ക്കാരിന്റെ ശ്രമം.
എം.എഫ്. ഹുസൈന്‍ സരസ്വതി ദേവിയുടെ അശ്ലീല ചിത്രം വരച്ചത് കലാകാരനുള്ള ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും, ഹുസൈന് രാജാരവിവര്‍മയുടെ പേരിലുള്ള അവാര്‍ഡ് നല്‍കിയത് കലാപരമായി ഉചിത തീരുമാനമാണെന്നുമാണ് അന്ന് മന്ത്രി ബേബി ന്യായീകരിച്ചത്. എന്നാല്‍ ബേബിയുടെ പാര്‍ട്ടിക്കാരനും പിന്‍ഗാമിയുമായ എ.കെ. ബാലന്‍, പ്രശ്‌നം ആവിഷ്‌കാര സ്വാതന്ത്ര്യമല്ല, മതവികാരം വ്രണപ്പെടുത്തലാണെന്നും, കാര്‍ട്ടൂണിസ്റ്റിന് പുരസ്‌കാരം നല്‍കിയത് തെറ്റായ തീരുമാനമാണെന്നും നിലപാടെടുക്കുന്നു. ഹുസൈന് എത്ര വേണമെങ്കിലും മതവികാരത്തെ വ്രണപ്പെടുത്താം. ചിത്രകാരന്‍ തന്നെയായ സുഭാഷിന് പക്ഷേ അതിനുള്ള സ്വാതന്ത്ര്യമില്ല!
എന്തുകൊണ്ടാണ് കടകവിരുദ്ധമായ ഈ നിലപാടുകള്‍ എടുക്കുന്നതെന്ന് വ്യക്തമാണ്. ഹുസൈന്റെ കാര്യത്തില്‍ വ്രണപ്പെടുന്നത് ഹിന്ദുക്കളുടെ വികാരമാണെങ്കില്‍, സുഭാഷിന്റെ കാര്യത്തില്‍ വിശ്വാസത്തിന് മുറിവേറ്റിരിക്കുന്നത് ക്രൈസ്തവര്‍ക്കാണ്. രണ്ടും ഒരേപോലെ കാണാന്‍ സിപിഎമ്മിനോ ഇടതുമുന്നണി സര്‍ക്കാരിനോ കഴിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ ഇക്കാര്യത്തില്‍ നയം വ്യക്തമാക്കിയിരിക്കുന്നു. ”വിഷയത്തിന് ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധമില്ല. ഒരു വിഭാഗത്തെ അവരുടെ മതചിഹ്നങ്ങള്‍ ഉപയോഗിച്ച് ആക്ഷേപിച്ചു” എന്നാണ് പിണറായി പ്രതികരിച്ചത്. തൊടുപുഴയിലെ വനംകയ്യേറ്റം കളക്ടര്‍ ഒഴിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ”ആ കുരിശ് അവിടെ ഇരുന്നോട്ടെ” എന്നു പറഞ്ഞ അതേ സമീപനം.
തികഞ്ഞ വര്‍ഗീയ പ്രീണനമാണ് ഫ്രാങ്കോയെക്കുറിച്ചുള്ള കാര്‍ട്ടൂണിന് നല്‍കിയ അവാര്‍ഡ് പിന്‍വലിക്കണമെന്ന സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും നിലപാടിലുള്ളത്. മതനിന്ദ നടത്തി എന്ന് കാര്‍ട്ടൂണിസ്റ്റിനെതിരെ ആരോപിക്കുന്ന കുറ്റം യഥാര്‍ത്ഥത്തില്‍ ചെയ്തത് ബിഷപ്പ് ഫ്രാങ്കോ തന്നെയാണ്. സ്വന്തം അധികാരപദവിയും മതചിഹ്നങ്ങളും ഉപയോഗിച്ച് മതനിന്ദ നടത്തിയത് ബിഷപ്പാണ്. സ്ത്രീപീഡകനായ ബിഷപ്പിനെ പൂവന്‍കോഴിയായും, അംശവടിയില്‍ സ്ത്രീയുടെ അടിവസ്ത്രവും ചിത്രീകരിച്ചത് ഫ്രാങ്കോയുടെ ചെയ്തികള്‍ പ്രതിഫലിപ്പിക്കാനാണ്. പീഡനക്കേസില്‍ പ്രതിയായിട്ടും ബിഷപ് ഫ്രാങ്കൊയെ സംരക്ഷിക്കുന്ന സമീപനമാണ് കത്തോലിക്കാ സഭയും പിണറായിയുടെ സര്‍ക്കാരും സ്വീകരിച്ചത്. ഇതേ സമീപനമാണ് വിവാദകാര്‍ട്ടൂണിന് അവാര്‍ഡ് നല്‍കിയതിനെ എതിര്‍ക്കുന്നതിലും ഇരുകൂട്ടരും പിന്തുടരുന്നത്. പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കടുത്ത വര്‍ഗീയ ധ്രുവീകരണം വഴി കോണ്‍ഗ്രസ്സിനൊപ്പം പോയ ക്രൈസ്തവ വോട്ട് ബാങ്ക് തിരിച്ചുപിടിക്കണമെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്‌തേ പറ്റൂ എന്ന തീരുമാനത്തില്‍ സിപിഎം എത്തിച്ചേര്‍ന്നിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍.
ക്രൈസ്തവ മതമേധാവിത്വത്തെ പ്രീതിപ്പെടുത്താന്‍ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായാണ് ഇടതുമുന്നണി സര്‍ക്കാര്‍ പെരുമാറുന്നത്. കോട്ടയം ചെങ്ങളം സ്വദേശിയായ കെ.കെ. സുഭാഷിന്റെ ‘വിശ്വാസം രക്ഷതി’ എന്ന കാര്‍ട്ടൂണ്‍ ‘ഹാസ്യ കൈരളി’ മാസികയുടെ മുഖചിത്രമായി 2018-ല്‍ പ്രസിദ്ധീകരിച്ചതാണ്. അപ്പോഴൊന്നും എതിര്‍പ്പില്ലാതെ അവാര്‍ഡിന് അര്‍ഹമായപ്പോള്‍ മാത്രം പ്രതിഷേധവുമായി ക്രൈസ്തവ മതമേധാവികള്‍ രംഗത്തിറങ്ങുകയും, ഇവര്‍ക്ക് കീഴടങ്ങി കാര്‍ട്ടൂണിനെതിരെ സര്‍ക്കാര്‍ വാളോങ്ങുകയും ചെയ്തത് ഒരുവിധത്തിലും നീതീകരിക്കാനാവില്ല. ജനാധിപത്യ വിരുദ്ധമായി പ്രവര്‍ത്തിക്കുകയെന്നത് കമ്യൂണിസ്റ്റ് സഹജമാണ്. ഇവിടെ അത് സംഘടിത മതശക്തികളെ പ്രീണിപ്പിക്കാനാണെന്നും വരുന്നത് അത്യന്തം അപലപനീയമാണ്.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത് ക്രൈസ്തവ മത മേധാവിത്വവും, ഇക്കൂട്ടരുടെ ആവശ്യത്തിന് വഴങ്ങിയിരിക്കുന്നത് ഇടതുമുന്നണി സര്‍ക്കാരുമാണ് എന്നതിനാല്‍ പതിവുപോലെ സാംസ്‌കാരിക നായകന്മാര്‍ മൗനത്തിലാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായി രംഗത്തുവരാറുള്ള കവി സച്ചിദാനന്ദന്‍, എന്‍.എസ്. മാധവന്‍, എം. മുകുന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കുരീപ്പുഴ ശ്രീകുമാര്‍, കെ. ആര്‍. മീര, ശാരദക്കുട്ടി തുടങ്ങിയവരൊന്നും പ്രതികരിക്കാന്‍ തയ്യാറാവാതെ സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയുകയാണ്. നഗ്നമായ ഈ ഇരട്ടത്താപ്പ് ഇക്കൂട്ടര്‍ സൗകര്യപൂര്‍വം എടുത്തണിയുന്ന മുഖംമൂടികള്‍ വലിച്ചുകീറുന്നു.
ഇരകള്‍ ഹിന്ദുക്കളാകുമ്പോള്‍ മാത്രമാണ് ആവിഷ്‌കാര സ്വാതന്ത്ര്യം ബാധകമാവുന്നത്. 1980-കളില്‍ കെപിഎസിയുടെ ‘ഭഗവാന്‍ കാലുമാറുന്നു’ എന്ന നാടകത്തിനുവേണ്ടി വാദിച്ചവര്‍ സൂര്യകാന്തി തീയറ്റേഴ്‌സിന്റെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ്, വിശുദ്ധപാപങ്ങള്‍, മൊയ്തു പടിയത്തിന്റെ ശവംതീനി ഉറുമ്പുകള്‍ എന്നീ നാടകങ്ങള്‍ക്കൊപ്പം നിലകൊണ്ടില്ല. സംഘടിത മതന്യൂനപക്ഷങ്ങള്‍ ഈ നാടകങ്ങളെ എതിര്‍ത്തപ്പോള്‍ ഇടതുപക്ഷം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വാള്‍ ഉറയിലിട്ടു. ‘മീശ’ എന്ന നോവല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അനിവാര്യതയായി കണ്ടവര്‍, പവിത്രന്‍ തീക്കുനിക്ക് പര്‍ദ്ദ എന്ന കവിത പിന്‍വലിക്കേണ്ടിവന്നപ്പോള്‍ അശ്ലീലമായ മൗനം പാലിച്ചു. ഇങ്ങനെ ഇരട്ടത്താപ്പുകളുടെ ഒരു പരമ്പരതന്നെ ചൂണ്ടിക്കാട്ടാനാവും.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ എക്കാലത്തേയും ശത്രുക്കളാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളും കത്തോലിക്കാ സഭയും ഇസ്ലാമിക മത മേധാവിത്വവും. കേരളത്തിലും ഇന്ത്യയിലും ഇവര്‍ ഹിന്ദുക്കള്‍ക്കെതിരെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പരസ്പരം കൈകോര്‍ക്കുകയും, സ്വന്തം മത-രാഷ്ട്രീയ വിശ്വാസങ്ങളുടെ കാര്യം വരുമ്പോള്‍ വിരുദ്ധനിലപാട് സ്വീകരിക്കുകയും ചെയ്യുകയാണ് പതിവ്. ഈ കാപട്യവും വര്‍ഗീയ പ്രീണനവും കണ്ടില്ലെന്ന് നടിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ക്കും യഥാര്‍ത്ഥ കലാസ്‌നേഹികള്‍ക്കും കഴിയില്ല. എന്നുമാത്രമല്ല, അങ്ങനെ ചെയ്യുന്നത് ആത്മഹത്യാപരവുമായിരിക്കും.