ഗാന്ധിസത്തിന്റെ ശക്തനായ വിമര്‍ശകനായിരുന്നു സവര്‍ക്കര്‍. ഇക്കാര്യത്തില്‍ മറ്റു പലരെയും പോലെ വിട്ടുവീഴ്ച ചെയ്തിട്ടുമില്ല. കാരണം എതിര്‍പ്പ് നയപരമായിരുന്നു. ഇതില്‍ മുഖ്യമായത് ഭാരത വിഭജനത്തോടുള്ള രാഷ്ട്രീയ സമീപനമായിരുന്നു. രാഷ്ട്രവിഭജനമെന്ന ആശയത്തെ ഗാന്ധിജി കൈകാര്യം ചെയ്തതിനോടും, ഒടുവില്‍ അതിന് കീഴടങ്ങിയതിനോടും മൗലികമായ വിയോജിപ്പാണ് സവര്‍ക്കറിനുണ്ടായിരുന്നത്. വിപ്ലവകാരികളെ അവഗണിച്ചതിനെയും സവര്‍ക്കര്‍ നിശിതമായി വിമര്‍ശിച്ചു. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തോട് ഗാന്ധിജിയുടെ മൊത്തത്തിലുള്ള കാഴ്ചപ്പാടുകളോടും, സമരത്തെ നയിച്ച രീതിയോടും സവര്‍ക്കര്‍ക്ക് യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട തന്റെ നിലപാടുകള്‍ മറയില്ലാതെ പ്രകടിപ്പിക്കുകയും ചെയ്തു.
ഗാന്ധിജിയെ മുന്‍നിര്‍ത്തി അനുയായികളില്‍ ചിലര്‍ ചെയ്തുകൂട്ടുന്ന അനാവശ്യവും വഴിവിട്ടതുമായ ചില പ്രവൃത്തികളെ സവര്‍ക്കര്‍ കടന്നാക്രമിക്കുക തന്നെ ചെയ്തിട്ടുണ്ട്. ഇതിന് ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാം: ചില ഗാന്ധി ഭക്തര്‍ ചേര്‍ന്ന് ഗാന്ധിജിയുടെ ഭാര്യയായിരുന്ന കസ്തൂര്‍ബായുടെ പേരില്‍ കസ്തൂര്‍ബ മെമ്മോറിയല്‍ ഫണ്ട് എന്ന പേരില്‍ പണം പിരിക്കാന്‍ തുടങ്ങി. സ്വാഭാവികമായും ധാരാളം പണം ഒഴുകിയെത്തി. ഇതിനെ സവര്‍ക്കര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇങ്ങനെയായിരുന്നു പ്രതികരണം: ”കസ്തൂര്‍ബ ഇപ്രകാരം ആദരിക്കപ്പെടുകയാണെങ്കില്‍ ഭര്‍ത്താക്കന്മാര്‍ തൂക്കിലേറ്റപ്പെടുകയും, ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് നാടുകടത്തപ്പെടുകയും ചെയ്തവരുടെ ഭാര്യമാരുടെ കാര്യമോ? ഇവരില്‍ പലര്‍ക്കും സ്വന്തം ഭര്‍ത്താക്കന്മാരെ മരിക്കുന്നതിനു മുന്‍പ് ജയിലില്‍ ഒരു നോക്കു കാണാന്‍പോലും കഴിഞ്ഞിരുന്നില്ല. പല വനിതകളും നിശ്ശബ്ദമായും അറിയപ്പെടാതെയും രക്തസാക്ഷികളെപ്പോലെ മരിക്കുകയായിരുന്നു.” ഇവര്‍ ആരൊക്കെയെന്നുപോലും കോണ്‍ഗ്രസ്സിന് അറിയില്ലെന്ന് സവര്‍ക്കര്‍ പരിഹസിച്ചു. ഇവരെ അപേക്ഷിച്ച് കസ്തൂര്‍ബയുടെ കഷ്ടപ്പാടുകള്‍ അപ്രധാനമാണ്. അതിനാല്‍ ഒരു ഫണ്ട് സ്വരൂപിക്കുകയാണെങ്കില്‍ അത് ത്യാഗികളായ ഈ വനിതകളുടെ പേരിലായിരിക്കണം. എല്ലാ പാര്‍ട്ടിക്കാരുമടങ്ങുന്ന ഒരു സമിതി രൂപീകരിച്ച് അതിന്റെ മേല്‍നോട്ടത്തില്‍ പക്ഷപാതരഹിതമായി അത് വിതരണം ചെയ്യണമെന്നും സവര്‍ക്കര്‍ നിര്‍ദ്ദേശിച്ചു. ”പക്ഷേ കോണ്‍ഗ്രസ്സും ഗാന്ധിജിയും ഈ വനിതകളുടെ രക്തസാക്ഷികളായ ഭരണകര്‍ത്താക്കന്മാരെയും പുത്രന്മാരെയും സഹോദരന്മാരെയും അവര്‍ വിപ്ലവകാരികളായിപ്പോയതിനാല്‍ കൊലയാളികളെന്നും അരാജകവാദികളെന്നും മുദ്രകുത്തി അധിക്ഷേപിക്കുകയും, ഭാരതീയ സംസ്‌കാരത്തിനും അഹിംസ-ചര്‍ക്ക രാഷ്ട്രീയത്തിന് കളങ്കമാണെന്ന് കുറ്റപ്പെടുത്തുകയുമാണ്.”
ഈ വനിതകളെ അര്‍ഹമായ രീതിയില്‍ അനുസ്മരിക്കേണ്ടതാണെന്നു പോലും കോണ്‍ഗ്രസ്സിന് തോന്നിയില്ലെന്ന് സവര്‍ക്കര്‍ വിമര്‍ശിച്ചു. ഇവരില്‍ സവര്‍ക്കറുടെ സഹോദര ഭാര്യയും ഉള്‍പ്പെടുന്നു. ഭര്‍ത്താവ് സവര്‍ക്കറിനൊപ്പം ആന്‍ഡമാന്‍ ജയിലില്‍ക്കിടക്കുമ്പോഴാണ് അവര്‍ മരിച്ചത്. ”മാഡം കാമയുടെ പേര് എടുത്തുപറഞ്ഞുകൊണ്ട് കോണ്‍ഗ്രസ്സിനെ സവര്‍ക്കര്‍ കടന്നാക്രമിക്കുകയും ചെയ്യുന്നുണ്ട്. ”കോണ്‍ഗ്രസ്സ് ഹോം റൂള്‍ എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും തയ്യാറാവാതിരിക്കുകയും, ഗാന്ധിജി ബ്രിട്ടീഷ് സാമ്രാജ്യത്വ ഗീതത്തിന്റെ ഈണത്തിനൊപ്പിച്ച് നൃത്തം വയ്ക്കുകയും, ഭാരതമാതാവിനെ വരിഞ്ഞുമുറുക്കിയ ചങ്ങലയോടുള്ള വിധേയത്വത്തില്‍ അഭിമാനം കൊള്ളുകയും ചെയ്തിരുന്ന കാലത്ത് ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പരസ്യമായി പോരാടിയ ധീരനായികയായ മാഡം കാമയെ സ്മരിച്ച് ഒരു വാക്കെങ്കിലും കോണ്‍ഗ്രസ് പറഞ്ഞിട്ടുണ്ടോ” എന്നാണ് സവര്‍ക്കര്‍ ചോദിച്ചത്. കസ്തൂര്‍ബ സ്മാരക നിധിക്കുവേണ്ടി ആരും ഒരു പൈസപോലും കൊടുക്കരുതെന്ന് പറയാനും സവര്‍ക്കര്‍ മടിച്ചില്ല.
ചുരുക്കത്തില്‍ രാഷ്ട്രീയമായി കോണ്‍ഗ്രസ്സിന്റെ മുഖ്യ ശത്രുവായിരുന്നു സവര്‍ക്കര്‍. എന്നാല്‍ ഇതൊരിക്കലും ഗാന്ധിജിയോടുള്ള വ്യക്തിപരമായ ശത്രുതയായിരുന്നില്ല. ഗാന്ധി എന്നല്ല, ഗാന്ധിജി എന്നു തന്നെയാണ് സവര്‍ക്കര്‍ അഭിസംബോധന ചെയ്തിരുന്നത്. സ്വാതന്ത്ര്യത്തിനുവേണ്ടി സവര്‍ക്കര്‍ നടത്തിയിട്ടുള്ള പോരാട്ടങ്ങളെക്കുറിച്ച് ഗാന്ധിജി തികച്ചും ബോധവാനായിരുന്നു. വളരെ മുന്‍പുതന്നെ ഇരുവര്‍ക്കും പരസ്പരം അറിയാമായിരുന്നു. 1909 ല്‍ ലണ്ടനില്‍ ഒരു ദസറ ആഘോഷപരിപാടിയില്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. മുസ്ലിങ്ങളും ഹിന്ദുക്കളും പങ്കെടുത്ത ഈ പരിപാടിയില്‍ ഗാന്ധിജിയും സവര്‍ക്കറും തങ്ങളുടെതായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കുകയും ചെയ്തു. ”ഹിന്ദുക്കള്‍ ഹിന്ദുസ്ഥാന്റെ ഹൃദയമാണെന്നു പറഞ്ഞ സവര്‍ക്കര്‍, വിവിധ വര്‍ണങ്ങള്‍ മഴവില്ലിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നതുപോലെ, മുസ്ലിം-പാഴ്‌സി-ജൂത മതങ്ങളിലെ നന്മകള്‍ നമ്മള്‍ ഉള്‍ക്കൊള്ളുന്ന പക്ഷം ഹിന്ദുസ്ഥാന്‍ കൂടുതല്‍ മനോഹരമാകുമെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.” (1) ഗാന്ധിജി ഈ ആശയത്തോട് യോജിച്ചു. ലണ്ടനിലെ യോഗത്തില്‍ ഗാന്ധിജി രാമന്റെ ശാന്തസ്വഭാവത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ സവര്‍ക്കര്‍ ദുര്‍ഗദേവിയുടെ പരാക്രമത്തെക്കുറിച്ചാണ് പറഞ്ഞത്.
കാഴ്ചപ്പാടുകളില്‍ കടുത്ത വിയോജിപ്പുകള്‍ പുലര്‍ത്തുമ്പോഴും ഇരു നേതാക്കളും പരസ്പരം ആദരിച്ചിരുന്നു. ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍നിന്ന് സവര്‍ക്കറെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 1921-ല്‍ ഗാന്ധിജി ‘യംഗ് ഇന്ത്യ’യില്‍ ലേഖനമെഴുതിയത് ഇതിന് തെളിവാണ്. ”സവര്‍ക്കര്‍ സഹോദരന്മാരുടെ കഴിവുകള്‍ ജനക്ഷേമത്തിന് ഉപയോഗിക്കപ്പെടണം. ഇന്ത്യ യഥാസമയം ഉണരാത്ത പക്ഷം അവളുടെ രണ്ട് വിശ്വസ്തരായ പുത്രന്മാര്‍ നഷ്ടപ്പെടുമെന്ന അപകടാവസ്ഥയിലാണ്. ഈ സഹോദരന്മാരില്‍ ഒരാളെ എനിക്ക് നന്നായറിയാം. ലണ്ടനില്‍ വച്ച് എനിക്ക് അദ്ദേഹത്തെ കാണാന്‍ അവസരമുണ്ടായി. അദ്ദേഹം ധീരനും തന്ത്രശാലിയുമാണ്. ദേശാഭിമാനിയും വിപ്ലവകാരിയുമാണ്. ഇപ്പോഴത്തെ ഭരണസംവിധാനത്തിന്റെ തിന്മകള്‍ അതിന്റെ സുപ്തമായ രൂപത്തില്‍ എന്നെക്കാള്‍ വളരെ മുന്‍പേ കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഭാരതത്തെ സ്‌നേഹിച്ചതിനാണ് അദ്ദേഹം ആന്‍ഡമാന്‍ ജയിലിലടയ്ക്കപ്പെട്ടതെന്ന് എല്ലാവര്‍ക്കുമറിയാം. നീതിപൂര്‍വമായ ഒരു ഭരണത്തില്‍ അദ്ദേഹം ഉന്നതമായ പദവികള്‍ അലങ്കരിക്കുമായിരുന്നു. അദ്ദേഹത്തോടും സഹോദരനോടും ഞാന്‍ സഹതപിക്കുന്നു.”
ആരോഗ്യനില തകര്‍ന്നതിനെ തുടര്‍ന്ന് പലരുടെയും നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് 1921 ല്‍ ബ്രിട്ടീഷുകാര്‍ സവര്‍ക്കറെ ജയില്‍ മോചിതനാക്കുകയും, മഹാരാഷ്ട്രയിലെ രത്‌നഗിരിയിലേക്ക് അയയ്ക്കുകയും ചെയ്തു. തീര്‍ച്ചയായും ഗാന്ധിജിയുടെ അത്ര ജനപിന്തുണ സവര്‍ക്കറിന് ഉണ്ടായിരുന്നില്ല. ഇതിന് കാരണം ജാതി വ്യവസ്ഥയുള്‍പ്പെടെയുള്ള സാമൂഹ്യ തിന്മകളോട് അദ്ദേഹം സ്വീകരിച്ച കടുത്ത നിലപാടുകളായിരുന്നു. എന്നാല്‍ പല വിഷയങ്ങളിലും മൃദുസമീപനം സ്വീകരിച്ച വൈഷ്ണവനായ ഗാന്ധിജിക്ക് യാഥാസ്ഥിതിക ഹിന്ദുക്കളുടെയടക്കം പിന്തുണ ലഭിച്ചു.
ഗാന്ധിജിയോട് സവര്‍ക്കറിനും ആദരവുണ്ടായിരുന്നു. ”അഹിംസ എന്ന തത്ത്വത്തെ വിമര്‍ശിക്കുന്നത് ഗാന്ധിജിയെ വ്യക്തിപരമായി വിമര്‍ശിക്കലല്ല. സ്വാതന്ത്ര്യസമരത്തില്‍ ഞങ്ങള്‍ ഗാന്ധിജിയുമായി തോളോടുതോള്‍ ചേര്‍ന്ന് പോരാടും”(2) എന്നാണ് 1928 ല്‍ സവര്‍ക്കര്‍ പ്രഖ്യാപിച്ചത്. ഗാന്ധിയോട് മാത്രമല്ല. ഭഗത് സിംഗിന്റെ ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ ആര്‍മിയോടുപോലും സവര്‍ക്കര്‍ക്ക് നയപരമായ വിയോജിപ്പുകളുണ്ടായിരുന്നു. പക്ഷേ ഇരുവരും അങ്ങേയറ്റത്തെ ആദരവ് നിലനിര്‍ത്തി. വിപ്ലവകാരികളായിരുന്ന ഭഗത് സിംഗും ബടുകേശ്വര്‍ ദത്തയും വളരെക്കാലം നീണ്ട നിരാഹാരസമരം നടത്തിയപ്പോള്‍ അതവസാനിപ്പിക്കാന്‍ സവര്‍ക്കര്‍ ഇരുവരോടും ആവശ്യപ്പെടുകയുണ്ടായി. അവര്‍ക്കെന്തെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ചാല്‍ ഭാരതത്തിന് വലിയ നഷ്ടമാവുമെന്ന് സവര്‍ക്കര്‍ വിശ്വസിച്ചു. സവര്‍ക്കറുടെ ‘ഒന്നാം സ്വാതന്ത്ര്യസമരം’ എന്ന ഐതിഹാസിക ഗ്രന്ഥം ലാഹോറില്‍ പ്രസിദ്ധീകരിക്കാന്‍ അവസരമൊരുക്കിയത് ഭഗത് സിംഗായിരുന്നു.
ഗാന്ധിജിയും ഭഗത് സിംഗുമൊക്കെ സവര്‍ക്കറിനോട് പുലര്‍ത്തിയ സമീപനമായിരുന്നില്ല ജവഹര്‍ലാല്‍ നെഹ്‌റുവിന് ഉണ്ടായിരുന്നത്. സവര്‍ക്കറില്‍ നെഹ്‌റു തന്റെ ശത്രുവിനെ ദര്‍ശിച്ചു. വളരെ തന്ത്രപൂര്‍വമായ അകലം പാലിച്ചു. ഇത് തെളിയിച്ച ഒരു സംഭവമുണ്ട്. 1957 ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ശതാബ്ദി വര്‍ഷമായിരുന്നു. ഇതിന്റെ ആഘോഷത്തില്‍ പങ്കുചേരാന്‍ മെയ് 12 ന് സവര്‍ക്കര്‍ ദല്‍ഹിയിലെത്തി. വലിയൊരു ജനസഞ്ചയമാണ് സവര്‍ക്കറെ പഴയ ദല്‍ഹിയിലെ പരിപാടി സ്ഥലത്തേക്ക് ആനയിച്ചത്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നെഹ്‌റുവിനെയും സംഘാടകര്‍ ക്ഷണിച്ചിരുന്നു. പക്ഷേ നെഹ്‌റു തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി. സവര്‍ക്കര്‍ തനിക്ക് വലിയ ആദരവുള്ള മഹാനും ധീരനുമാണെന്നും, എന്നാല്‍ പല കാര്യങ്ങളിലും അഭിപ്രായ ഭിന്നതയുള്ളതിനാല്‍ വേദി പങ്കിടുന്നത് ഇരുവര്‍ക്കും വിഷമം ഉണ്ടാക്കുമെന്നുമായിരുന്നു നെഹ്‌റുവിന്റെ പ്രതികരണം. യഥാര്‍ത്ഥത്തില്‍ ഇതൊരു ഭംഗി വാക്കായിരുന്നു. പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം വളരെ മോശമായാണ് നെഹ്‌റു സവര്‍ക്കറോട് പെരുമാറിയത്.
രാംലീല മൈതാനിയില്‍ നടന്ന 1857 ന്റെ ശതാബ്ദി സമ്മേളനത്തില്‍ കോണ്‍ഗ്രസ്സിനോടും നെഹ്‌റുവിനോടും വിയോജിപ്പുള്ള സുപ്രധാന വിഷയങ്ങളെക്കുറിച്ച് സവര്‍ക്കര്‍ വിശദീകരിക്കുകയുണ്ടായി. പാകിസ്ഥാന്‍ രൂപീകരണത്തിന് കീഴടങ്ങിയത് വര്‍ഗീയ പ്രശ്‌നങ്ങള്‍ പരിഹരിക്കില്ലെന്നും, അത് കൂടുതല്‍ സങ്കീര്‍ണമാക്കുകയേയുള്ളൂവെന്നും സവര്‍ക്കര്‍ അഭിപ്രായപ്പെട്ടു. കലുഷിതമായ കാലഘട്ടത്തില്‍ സമാധാനത്തിന്റെയും അഹിംസയുടെയും മുദ്രാവാക്യങ്ങള്‍ അഭികാമ്യമല്ലെന്നും, സൈനികമായ കരുത്ത് കാണിക്കേണ്ടിടത്ത് ഇത് ഭാരതത്തിന് തിരിച്ചടിയാവുമെന്നും സവര്‍ക്കര്‍ മുന്നറിയിപ്പു നല്‍കി.
സവര്‍ക്കറുടെ വീക്ഷണത്തില്‍ കോണ്‍ഗ്രസും അതിന്റെ നേതാക്കളും മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തത്. ഭാരതത്തിന്റെ വിഭജനം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ചരിത്രത്തിലെ ഈ ദുരന്തം മറക്കാതിരിക്കാന്‍ വര്‍ഷത്തിലൊരിക്കല്‍ ‘വിഭജന ദിനം’ ആചരിക്കണമെന്നുവരെ സവര്‍ക്കര്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ‘അഖണ്ഡ ഹിന്ദുസ്ഥാന്‍’ എന്നത് അവസാന ശ്വാസംവരെ സവര്‍ക്കറുടെ സ്വപ്നമായിരുന്നു.
അടുത്തത്: സവര്‍ക്കറെ നെഹ്‌റു ദ്രോഹിച്ചു
അടിക്കുറിപ്പുകള്‍
1. Gandhi: An Illustrated Biography, Pramod Kapoor, Lustre Books.
2. Savarkar: The True Story of the Father of Hindutva, Vaibhav Purandare, Juggenaut books.