പള്ളിക്കൂടം അടയ്ക്കാറായില്ലേ… കുട്ടിയെ ഇവിടെക്കൊണ്ട് നിര്‍ത്തിയേക്കൂ… അച്ഛമ്മയുടെ കത്തിലെ വരികള്‍ വായിച്ചപ്പോള്‍ മനസ്സില്‍ ഒരായിരം പൂത്തിരി കത്തി. അച്ഛന്റെ ജോലിസ്ഥലത്ത് വളരുന്നതുകൊണ്ട് നാട്ടില്‍ പോവുകയെന്ന് പറഞ്ഞാല്‍ മനസ്സില്‍ ഒരു ഉത്സവമാണ്.
കുറച്ചുദിവസമായി ഓര്‍മ്മകള്‍ കൂടുകൂട്ടാന്‍ തുടങ്ങിയിട്ട്.
ബസ്സിറങ്ങി പൂഴിമണ്ണ് പുതച്ച നാട്ടിടവഴികളും, പായല്‍ പൊതിഞ്ഞ കയ്യാലകളും കല്‍പ്പടവുകളും കടന്ന് മുറ്റത്തെത്തിയപ്പോള്‍ മുല്ലവള്ളിയും, നന്ത്യാര്‍വട്ടവും, ചെത്തിയും മന്ദാരവുമെല്ലാം തലയാട്ടി നില്‍ക്കുന്നു. ആ സ്‌നേഹപ്പൂക്കളെ ഒന്നു കൂടെ നോക്കി. പൂമുഖത്ത് അച്ഛമ്മ കാത്തുനില്‍ക്കുന്നു. ‘എന്റെ കുഞ്ഞ് ഇങ്ങെത്തിയോ’ എന്ന് പറഞ്ഞുകൊണ്ട് നെറുകയില്‍ ഉമ്മ തന്നു.
അച്ഛനും, കൊച്ചച്ഛനും കളിച്ചുവളര്‍ന്ന വീടിന്റെ സന്തോഷവും സ്‌നേഹവുമെല്ലാം ആ വീടിന്റെ മുക്കിലും മൂലയിലും എനിക്ക് കാണാമായിരുന്നു. പല്ലുതേക്കാനായി ഉമിക്കരിയും കൊണ്ട് കിണറ്റിന്‍കരയില്‍ നിന്നപ്പോള്‍ തൊടിയിലൂടെ കണ്ണ് പായിച്ചു. അവിടെയും ആ താളം അനുഭവിച്ചറിയാന്‍ കഴിഞ്ഞു.
അച്ഛമ്മയുടെ വീട്ടില്‍ തേങ്ങയിടാന്‍ വരുന്ന ബാലനോട് അച്ഛമ്മ പറയും ‘ആ തെങ്ങില്‍ നിന്ന് ഒരു കരിക്ക് ഈ കുട്ടിക്ക് ഇട്ടുകൊടുക്കൂ…’ കരിക്ക് ചെത്തി മിനുക്കി കുടിക്കാന്‍ പാകത്തിന് കയ്യില്‍ കൊണ്ടുതരുമ്പോള്‍ ആ കണ്ണുകളില്‍ ആ ഗ്രാമത്തിന്റെ മുഴുവന്‍ നൈര്‍മല്യവും ഞാന്‍ കണ്ടു. തേങ്ങയില്‍ നിന്നും നീളത്തില്‍ റിബണ്‍ പോലെ കൊരുത്ത് തോളിലും കയ്യിലും തൂക്കി അച്ഛമ്മയുടെ മുന്നില്‍ വന്ന് കുനിഞ്ഞ് വിനയത്തോടെ നില്‍ക്കും. അച്ഛമ്മയുടെ കൈയില്‍ നിന്ന് കാശ് കിട്ടിയാല്‍ നിറഞ്ഞ ചിരിയോടെ പറയും ‘കുഞ്ഞേ, ഞാന്‍ പോകുന്നു…’ ‘അവന് കള്ള് കുടിക്കാനാ’ അച്ഛമ്മ പറയും.
അപ്പൂപ്പന്റെ കാലം മുതല്‍ വീട്ടിലെ കാര്യങ്ങള്‍ നോക്കി നടത്തുന്നത് ചന്ദ്രന്‍ കൊച്ചാട്ടനായിരുന്നു. മിക്ക വൈകുന്നേരങ്ങളിലും നാല്‍ക്കവലയിലുള്ള ജാനകിയുടെ ചായക്കടയില്‍ കൊണ്ടുപോയി എനിക്ക് ചായയും സുഖിയനും വാങ്ങിത്തരും. ഒരു കൊച്ചു മകളെപ്പോലെ എന്നെ കരുതുന്ന കൊച്ചാട്ടന്റെ കൂടെ എവിടെ വിടാനും അച്ഛമ്മയ്ക്ക് വിശ്വാസമായിരുന്നു. കാശുണ്ടെങ്കിലും ലാളിത്യം നിറഞ്ഞ ജീവിതം. ചെരുപ്പ് ധരിക്കാത്ത പാദങ്ങള്‍. എന്നും അമ്പലത്തില്‍ ദീപാരാധന തൊഴാന്‍ പോകും.
അച്ഛമ്മയ്ക്ക് അടുക്കളയില്‍ സഹായിക്കാനായി ഒരു പണിക്കാരിയുണ്ട്. ശാന്ത എന്നാണ് പേര്. പേരുപോലെ തന്നെ ശാന്തവും വിനയവും നിറഞ്ഞ പെരുമാറ്റം. മുടി എപ്പോഴും വാരി കെട്ടിവെക്കും. മുണ്ടും ബ്ലാസുമാണ് വേഷം. സാരിയുടുത്ത് താന്‍ കണ്ടിട്ടേയില്ല. ശാന്തയുടെ കൂടെ അടുത്തുള്ള തോട്ടില്‍ കുളിക്കാനും തുണി കഴുകാനുമെല്ലാം ഞാനും കൂടെ പോകും. പെണ്ണുങ്ങള്‍ ഉറക്കെ നാട്ടുവിശേഷങ്ങള്‍ പറഞ്ഞ് തുണിയലക്കുകയും, കുളിക്കുകയും ചെയ്യും. ഞാന്‍ ആ സമയത്ത് തോട്ടിലെ മീന്‍കുഞ്ഞുങ്ങളെ കൈക്കുമ്പിളില്‍ എടുക്കും. അവ കാലില്‍ ഇക്കിളിയാക്കി കളിയാക്കി ചിരിച്ചുകൊണ്ടും പോകും.
മുറ്റം കിളക്കാന്‍ വരുന്ന രാമന്റെ കൂടെ ചിരുതയും ഉണ്ടാകും. പുല്ല് പറിക്കുന്നതിനിടെ കുനിഞ്ഞുനിന്ന് വെറ്റിലക്കറ പുരണ്ട പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ട് എന്നെ നോക്കി പറയും ‘അച്ഛമ്മ ചക്കപ്പുഴുക്ക് ഉണ്ടാക്കുന്നത് ആ നാണം കുണുങ്ങി അറിഞ്ഞെന്ന് തോന്നുന്നു. കേട്ടില്ലേ ‘ചക്കക്ക് ഉപ്പുണ്ടോ’ എന്ന് പാടുന്നത്. എനിക്ക് രസം കയറി. ‘കുട്ടേ കട്ടട്ടോ’ ഞാന്‍ എതിര്‍ പാട്ട് പാടി. വീണ്ടും വീണ്ടും അതാവര്‍ത്തിച്ചു. അച്ഛമ്മ വട്ടയിലയില്‍ വിളമ്പിത്തന്ന ചക്കപ്പുഴുക്കിന്റെ കൈപ്പുണ്യം ആ സ്‌നേഹക്കൂട്ടങ്ങളോടൊപ്പമിരുന്ന് ഞാനും നുണഞ്ഞു.
അടുത്ത വീട്ടിലെ ജ്യോതിയും ബഷീറും ഞാനും കൂടി നടന്ന് വിഷുവിന് കഞ്ഞിവയ്ക്കാനുള്ളതൊക്കെ ശേഖരിക്കും. ബഷീര്‍ പറങ്കിമാവില്‍ കയറി പറങ്കിമാങ്ങ പറിച്ചുതരും. എന്നിട്ട് ഗമയോടെ താഴെയിറങ്ങി ഉറക്കെ ഞെളിഞ്ഞു നിന്ന് ഞങ്ങളെ നോക്കി ഹ… ഹ എന്ന് ചിരിക്കും. നന്ദി സൂചകമായി ഞങ്ങളും ചിരിക്കും.
വിഷുക്കൈനീട്ടം കിട്ടിയ നാണയത്തുട്ടുകളുമായി ഗോപാലന്‍ ചേട്ടന്റെ ഓല മേഞ്ഞ മാടക്കടയിലെ കണ്ണാട്ടി ഭരണിയില്‍ നിറച്ചുവെച്ചിരിക്കുന്ന മുത്തുമണികള്‍ പോലെ റോസുനിറത്തിലുള്ള കപ്പലണ്ടി പൊതിഞ്ഞ മിഠായികള്‍ വാങ്ങിക്കഴിക്കും.
അച്ഛമ്മയുടെ ഓരം ചേര്‍ന്ന് കിടക്കുമ്പോള്‍ കേള്‍ക്കാം പുലര്‍ച്ചെ അഞ്ചുമണിക്ക് കാളവണ്ടിയുടെ ‘കിലും കിലും’ ശബ്ദം. ‘ഓ ഇന്ന് ചന്തയല്ലേ’ അച്ഛമ്മ പിറുപിറുക്കും. നാട്ടുകാരായ കൃഷിക്കാര്‍ തങ്ങളുടെ കാര്‍ഷിക വിളകള്‍ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കും. വൈകുന്നേരമായാല്‍ നിരന്തര പ്രയത്‌നത്തെ ആഘോഷമാക്കാനും, കഠിനാദ്ധ്വാനം കൊണ്ട് തളര്‍ന്ന പേശികള്‍ക്ക് ബലം നല്‍കാനും, കള്ള് മോന്തി വരുന്ന അവര്‍ തങ്ങളുടെ മിണ്ടാപ്രാണികളെ ഊക്കോടെ ചാട്ടവാര്‍ കൊണ്ടടിച്ച് തിരിച്ചു പോകുന്നത് നിത്യ കാഴ്ചയാണ്. ‘ചാട്ടവാര്‍ കൊണ്ടു കാളയെ തല്ലിയാല്‍ കുതിച്ചുപായില്ല ജീവിതം’ എന്നവരോട് പറയണമെന്ന് തോന്നി. കാലാവസ്ഥയും മണ്ണും നന്നായാല്‍ പോര കര്‍ഷകനും നന്നാവണം.
മിക്ക വീടുകളിലും പശുവും വൈക്കോല്‍ തുറുവും ഉണ്ടാകും. വൈക്കോല്‍ നിറച്ചു കൊണ്ടുപോകുന്ന കാളവണ്ടിയും കാണാമായിരുന്നു.
നിനച്ചിരിക്കാത്ത നേരത്ത് വരുന്ന വേനല്‍ മഴ. മുറ്റത്ത് തണല്‍ വിരിച്ചുനില്‍ക്കുന്ന മുവാണ്ടന്‍ മാവ്. വീശിയടിക്കുന്ന കാറ്റില്‍ ‘ചറപറ’ വീഴുന്ന മാമ്പഴരുചികള്‍. ഒരു ദിവസം ആലിപ്പഴവും പെയ്തു. അതു പെറുക്കി കയ്യിലും കവിളിലും മാറി മാറി ഉരസി രസിച്ചു. മഴ നനഞ്ഞ മണ്ണിന്റെ മണം ആവോളം ആസ്വദിക്കാന്‍ മുറ്റത്തേക്കിറങ്ങുന്ന എന്നെ നോക്കി അച്ഛമ്മ പറയും ”പാമ്പുകള്‍ ഈ സമയത്താണ് ഉറയൂരാന്‍ മാളത്തില്‍ നിന്നും പുറത്തിറങ്ങുന്നത്. അകത്തേക്ക് കയറൂ” എന്ന്.
പത്താമുദയം അച്ഛന്റെ നാട്ടില്‍ ആഘോഷമാണ്. അവിടെയും കാളവണ്ടി നിറസാന്നിധ്യമാണ്. മഴയത്ത് മണ്ണ് നനഞ്ഞ് കുതിര്‍ന്നപോലെ കര്‍ഷകരുടെ മനവും പുതിയ പ്രതീക്ഷകള്‍ കൊണ്ട് നിറയുന്നു. പത്തായത്തില്‍ നിന്നും വിത്തുകള്‍ എല്ലാം നേരത്തെ തന്നെയെടുത്ത് ചാരവും ചാണകവും പുരട്ടിയിട്ടുണ്ടാവും. ശാന്തയുടെയും അച്ഛമ്മയുടെയും കൂടെ ഞാനും കൂടും, വിത്തുകള്‍ നടാന്‍. കന്നുകാലികള്‍ക്കും അന്ന് ഇഷ്ടദിനമാണ്. അവയ്ക്ക് വിശേഷ ഭക്ഷണമൊക്കെ നല്‍കുന്നു.
ഇന്ന് പത്താമുദയം അമ്പലത്തില്‍ പൊങ്കാലയിടല്‍ ചടങ്ങ് മാത്രമായി. കണിവെയ്ക്കാന്‍ കണിക്കൊന്നയും, ചക്കയുമുണ്ട്. വിഷുപ്പക്ഷിയില്ല. എതിര്‍പ്പാട്ട് പാടാന്‍ വെമ്പുന്ന മനസ്സുണ്ട് ബാക്കിയായി.