ഏതു കലാപമുണ്ടായാലും അവിടെ ഒരു ജനകീയ ട്രിബ്യൂണല്‍ നാടകം സംഘടിപ്പിക്കുക എന്നത് ജമാഅത്തെ ഇസ്ലാമി – എസ്.ഡി.പി.ഐ അച്ചുതണ്ടിന്റെ പതിവ് പരിപാടിയാണ്. അതിനു അവരുടെ കയ്യില്‍ സ്ഥിരം ചില ജൂറിമാരുണ്ട്. ഹര്‍ഷ്മന്ദറിനെ പോലുള്ള ഇസ്ലാമിസ്റ്റ് ആക്ടിവിസ്റ്റുകള്‍ അക്കൂട്ടത്തിലുണ്ട്. സുപ്രീംകോടതിയില്‍ ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും തുല്യതയ്ക്കും സ്ഥാനമില്ലെന്നും മുസ്ലിങ്ങളുടെ ഭാവി തെരുവില്‍ നിശ്ചയിക്കുമെന്നും പ്രസംഗിച്ചതാണ് ജൂറിയാകാനുള്ള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ യോഗ്യത. ഇത്തരക്കാരുള്‍പ്പെടുന്ന ജൂറിയ്ക്കു മുമ്പില്‍ ഇരകള്‍ എന്ന പേരില്‍ ചിലരെ ആട്ടിത്തെളിച്ചുകൊണ്ടുവന്ന് തെളിവെടുപ്പ് എന്ന നാടകം നടത്തും. ഇത്തരം ‘സാംസ്‌കാരിക പരിപാടി’യുടെ സ്ഥിരം സംവിധായക ശബ്‌നം ഹഷ്മിയാണ്. മറുപക്ഷത്ത് ആരും ഇല്ലാതെ ഒരു ഭാഗത്തെ കളിക്കാരും റഫറിമാരും ചേര്‍ന്ന് എതിര്‍പക്ഷത്തേക്ക് നിരന്തരം ഗോളടിച്ച് കളി ജയിച്ചതായി പ്രഖ്യാപിക്കും. ഇങ്ങനെ തയ്യാറാക്കുന്ന ഏകപക്ഷീയമായ ട്രിബ്യൂണല്‍ റിപ്പോര്‍ട്ട് പത്രങ്ങളില്‍ അച്ചടിച്ചുവരിക സുപ്രീംകോടതി വിധിയേക്കാള്‍ പ്രാധാന്യത്തോടെയാണ്.
ഏതായാലും ദില്ലി കലാപത്തെ തുടര്‍ന്ന് അരങ്ങേറിയ ട്രിബ്യൂണല്‍ നാടകം അത്രയ്ക്കങ്ങ് കയ്യടി വാങ്ങിയില്ല. മാത്രമല്ല, കല്ലേറ് കിട്ടുകയും ചെയ്തു. ട്രിബ്യൂണല്‍ ജൂറിമാര്‍ തെളിവെടുപ്പു കഴിഞ്ഞ് വിധിയെഴുതാനിരുന്നപ്പോള്‍ ഷിയാ നേതാവ് ബഹാദൂര്‍ അബ്ബാസ് നഖ്‌വിയും സംഘവും കടന്നുകയറി ഹര്‍ഷ് മന്ദറിനെ നന്നായി കൈകാര്യം ചെയ്തു. ശിവ് വിഹാറിലെ പല അക്രമങ്ങളും ട്രിബ്യൂണല്‍ പരിഗണിച്ചില്ലെന്നും ഹര്‍ഷ് മന്ദര്‍ രാഷ്ട്രീയം കളിച്ചു എന്നുമായിരുന്നു അക്രമികളുടെ പരാതി. പോലീസ് വന്നു അക്രമികളെ കസ്റ്റഡിയിലെടുത്തതുകൊണ്ട് മന്ദര്‍ രക്ഷപ്പെട്ടു. ഷിയാ-സുന്നിഗ്രൂപ്പിസം കലാപക്കേസുകളില്‍ പോലും കാണിക്കുന്ന ട്രിബ്യൂണല്‍ സംഘാടകര്‍ അമുസ്ലിങ്ങളോട് എന്തു നിലപാട് സ്വീകരിക്കും എന്നു അനുമാനിക്കാവുന്നതേയുള്ളു. മുഴുവന്‍ മുസ്ലിം സമൂഹത്തിനുപോലും സ്വീകാര്യമല്ലാത്ത ട്രിബ്യൂണല്‍ റിപ്പോര്‍ട്ടാണ് മാധ്യമങ്ങള്‍ ഊതിവീര്‍പ്പിക്കുന്നത് എന്ന് മറക്കരുത്.