2020 ജനുവരി മധ്യത്തില്‍ സിന്ധുസൂര്യകുമാര്‍ എന്ന ഏഷ്യാനെറ്റ് മാധ്യമവിദഗ്ദ്ധ സീറോ മലബാര്‍ സഭയുടെ സിനഡ് പുറത്തിറക്കിയ ഒരു പ്രമേയത്തെപ്പറ്റി നടത്തിയ വിമര്‍ശനം പലരും ശ്രദ്ധിച്ചുകാണും. സിനഡിന്റെ പത്രികയില്‍, ക്രിസ്തുമതത്തില്‍പ്പെട്ട യുവതികളെ ലൌജിഹാദിനിരയാക്കുന്നുവെന്നും അതൊരു ക്രമസമാധന പ്രശ്‌നമായിക്കണ്ട് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. കേരളത്തിലേതുപോലെ തന്നെ ഇന്ത്യയില്‍ പലേടങ്ങളിലും ലൗജിഹാദിന്റെ പിന്നിലുള്ള ഒളിപ്പോരറിയാതെ യുവതികള്‍ വഞ്ചിക്കപ്പെടുകയും ബലിയാടുകളാക്കപ്പെടുകയും ചെയ്യുന്നുവെന്ന് സംഘപരിവാര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതിനെതിരെ സംഘടിതമായി മുന്നോട്ടുവന്നിട്ടുള്ള മാധ്യമങ്ങളും കേരളാസര്‍ക്കാരും മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന്റെ പേരില്‍ അത് നിഷേധിച്ചുകൊണ്ട് വമ്പിച്ച പ്രചാരവേല നടത്തുന്നതിനിടയിലാണ് സീറോമലബാര്‍ സഭാ സിനഡിന്റെ പരാതി ഉയര്‍ന്നുവന്നത്. അതിനാല്‍, ഏഷ്യാനെറ്റ് വിദഗ്ദ്ധ, സിനഡിന്റെ പരാതി സംഘപരിവാറിനെ സഹായിക്കാനുള്ള ഉദ്യമമായി വിലയിരുത്തിക്കൊണ്ട് ചോദിച്ചത്, തമാശയ്ക്കപ്പുറം വിവരക്കേടെന്ന് പറയാവുന്ന കാര്യമാണ്. സിനഡിന് ഈ വിവരം എവിടെ നിന്നുകിട്ടി? അവര്‍ക്ക് ഒരു ഡി.ജി.പിയുണ്ടോ, ക്രൈംബ്രാഞ്ചുണ്ടോ, എന്തിന് ഒരു സാദാ പോലീസെങ്കിലുമുണ്ടോ എന്നാണ് ആ മഹതിയുടെ ചോദ്യം. സ്വന്തം മക്കളെ ലൗജിഹാദ് വഴി നഷ്ടപ്പെട്ടെന്ന് പറഞ്ഞ് തങ്ങളുടെ ഇടവകകളില്‍ ദുഃഖിക്കുന്ന രക്ഷിതാക്കളുടെ പൊതുവികാരം സിനഡിന് ആവിഷ്‌ക്കരിക്കണമെങ്കില്‍ അവര്‍ക്ക് കുറഞ്ഞത് ഒരു സാദാ പോലീസെങ്കിലും ഉണ്ടായിരിക്കണമെന്ന് വിളിച്ചുപറയുന്നതാരായാലും അത്തരക്കാരെ മാനസിക രോഗാശുപത്രിയില്‍ ചികിത്സിപ്പിക്കേണ്ടതാണെന്ന് ഏതൊരു സാധാരണക്കാരനു മറിയാം. സിന്ധുസൂര്യകുമാറിന്റെ വീട്ടില്‍ ഒരു മോഷണം നടന്നാലുടന്‍ അവര്‍ നേരേ ഡിജിപിയെ വിളിച്ച് ചോദിക്കും, എന്റെ വീട്ടിലൊരു മോഷണം നടന്നോയെന്ന്. ഡിജിപിയോ, ക്രൈംബ്രാഞ്ചോ, ചുരുങ്ങിയത് ഒരു സാദാ പൊലീസുകാരനെങ്കിലുമോ പറഞ്ഞാലേ സ്വന്തം വീട്ടില്‍ നടന്ന മോഷണം അവര്‍ വിശ്വസിക്കൂ. എന്ത് വികലമായ മാനസികാവസ്ഥയാണ്, ബുദ്ധിവിനാശം വന്ന മട്ടില്‍ ഇത്തരത്തില്‍ വായില്‍വരുന്നത് വിളിച്ചുപറയാന്‍ ഇവരെയൊക്കെ ഉത്സാഹിപ്പിക്കുന്നത്? അവ സംപ്രേഷണം ചെയ്യാന്‍ ഒരു ചാനല്‍ തയ്യാറാകുന്നതും യാദൃച്ഛികമല്ല. അതിനുപിന്നില്‍ സംഘപരിവാറുകാരോടുള്ള വിരോധവും അസഹിഷ്ണുതയും മാത്രമേയുള്ളുവെന്ന് ധരിക്കരുത്; സംഘപരിവാറിനെ എതിര്‍ക്കുന്നത് വലിയ ലാഭമുള്ള ഒരു പരിപാടിയായി പൊതുവില്‍ മാധ്യമങ്ങള്‍ സ്വീകരിച്ചിരിക്കുന്നതും ഒരു കച്ചവട രഹസ്യമാണെങ്കിലും. ഏഷ്യാനെറ്റിലെ തന്നെ മറ്റൊരു വിദഗ്ദ്ധയാണ് ‘I represent President of India’ എന്ന് കേരള ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ പറഞ്ഞത്, ഞാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നുവെന്ന് വിവര്‍ത്തനം ചെയ്തത്. ഇത് പ്രാഥമികമായ ഇംഗ്ലീഷ് പരിജ്ഞാനക്കുറവു കൊണ്ടുമാത്രമുണ്ടാകുന്നതാണെന്ന് കരുതാന്‍ വയ്യ. അങ്ങനെ വിവര്‍ത്തനം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള അച്ചാരം, രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ നടക്കുന്നവരില്‍ നിന്ന് വാങ്ങിയിട്ടുള്ളതു കൊണ്ട്കൂടിയാണ്. ഒരര്‍ത്ഥത്തില്‍, രാജ്യവിരുദ്ധമായ ചെയ്തികളിലൂടെ കാശുണ്ടാക്കുന്നുവെന്നര്‍ത്ഥം. ഇത് യഥാര്‍ത്ഥത്തില്‍ മാധ്യമവ്യഭിചാരമാണ്. ചാനലുകളില്‍ നടക്കുന്ന രാത്രിയിലെ ചര്‍ച്ചകളിലും ഇതാണ് പ്രതിഫലിക്കുന്നത്.
നിഗൂഢ താല്‍പ്പര്യങ്ങള്‍
മതേതര ജനാധിപത്യമാണ് മുഖ്യധാരാ കക്ഷികളുടെയെന്നതുപോലെ മാധ്യമ മുതലാളിത്തത്തിന്റെയും മുഖ്യാലങ്കാരം. ജനാധിപത്യമൂല്യവും മതേതരത്വവും തങ്ങള്‍ വിളമ്പുന്ന മറ്റാദര്‍ശങ്ങളും പോകട്ടെ, തങ്ങളുടെ മുദ്രാവാക്യങ്ങളില്‍ പോലും തരിമ്പും വിശ്വസിക്കാത്ത പാര്‍ട്ടികളാണ് വലിയ വായില്‍ ഇതൊക്കെ പറയുന്നതെന്ന നിന്ദ്യമായ പരിഹാസ്യത പോലും മാധ്യമബുദ്ധിജീവികളാല്‍ ചോദ്യം ചെയ്യപ്പെടുന്നില്ല. ഇത്തരം കാപട്യങ്ങളോട് ജനങ്ങള്‍ക്കുള്ള ധാര്‍മ്മികമായ പ്രതിഷേധം തമസ്‌ക്കരിക്കപ്പെടുകയും ചെയ്യുന്നു. ഈ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തിലാണ് മാധ്യമങ്ങളുടെ നിഗൂഢതാല്‍പ്പര്യങ്ങളും പ്രവര്‍ത്തന പദ്ധതികളും മറനീക്കി പുറത്തുവരുന്നത്. ജാതിമതങ്ങളുടെ സഹായം തേടാത്ത ഒരു പാര്‍ട്ടിയുമില്ലെങ്കിലും ഭൂരിപക്ഷ മതവിരുദ്ധതയുടെ തുറുപ്പ്ചീട്ടിലാണ് കേരളത്തില്‍ തെരഞ്ഞെടുപ്പുകളികള്‍ നടക്കുന്നത്. അഴിമതിയെ പുറമേ എതിര്‍ക്കുകയും പിന്നിലൂടെ അഴിമതി നടത്തുകയും ചെയ്യുന്നതാണ് അവരുടെ രീതി. മതേതരത്വവാചകമടിക്കൊപ്പം തന്നെ തീവ്രമതവാദികളുമായി പോലും പരസ്യവും രഹസ്യവുമായി ധാരണയുണ്ടാക്കി പണം നേടുന്നത് കൂടാതെ, ചെറുതും വലുതുമായ അധികാരങ്ങള്‍ പങ്കിടുന്നതും ഇവരുടെ സാമാന്യമായ പരിപാടിയാണ്. കള്ളക്കട ത്തുകാരും ഭൂമാഫിയകളും കൊലയാളികളും അഴിമതിക്കാരുമാണ് കമ്മ്യൂണിസം പറയുന്ന പാര്‍ട്ടികളുടെയും നേതാക്കളെ ന്നതാണ് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം. അത്തരത്തില്‍ രൂപീകരിക്കപ്പെട്ട ചെറുതും വലുതുമായ അധികാര സ്ഥാപനങ്ങളോടൊക്കെ വിധേയത്വം പുലര്‍ത്തുന്നതില്‍ സാംസ്‌കാരിക നായകരും മാധ്യമപ്രവര്‍ത്തകരും പരസ്പരം മത്സരിക്കുന്നതിന്റെ ഫലമാണ് ആദ്യം സൂചിപ്പിച്ച വിധത്തിലുള്ള ഏഷ്യാനെറ്റ് വിമര്‍ശനങ്ങളും വിവര്‍ത്തനങ്ങളും. അതിനായി സാമാന്യ യുക്തിപോലും ഉപേക്ഷിക്കപ്പെടുന്നു. മാധ്യമങ്ങളും മത സ്ഥാപനങ്ങളും അധികാര രാഷ്ട്രീയ വുമായുള്ള അവിഹിതബന്ധത്തിന്റെ തുടര്‍ച്ചയാണിത്. പൊതുവില്‍ ബഹുധാരാമാധ്യമങ്ങള്‍ക്ക് കൃത്യവും നിഗൂഢവുമായ അജണ്ടകളുണ്ട്. കേരളത്തിലോ, ഇന്ത്യയിലോ മാത്രമല്ല, ലോകത്തെങ്ങുമുള്ള മാധ്യമങ്ങള്‍ രാഷ്ട്രീയവും സാമ്പത്തികവുമായ നിഗൂഢലക്ഷ്യങ്ങളോടെ ധനശക്തികളും അധികാരശക്തികളുമായി ചേര്‍ന്ന് വ്യാജ പ്രചാരണങ്ങള്‍ വഴി സമാന്തരയാഥാര്‍ത്ഥ്യം നിര്‍മ്മിച്ച് അട്ടിമറികള്‍ സൃഷ്ടിച്ചതിന്റെ ഉദാഹരണങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. അവ വിശദീകരിച്ചുകൊണ്ടുള്ള പല പഠന ങ്ങളുമിറങ്ങിയിട്ടുണ്ട്. എങ്കിലും ഒരു മാധ്യമവും നാളിതുവരെ സ്വന്തം ചതികളേറ്റുപറഞ്ഞിട്ടില്ല. പോരാഞ്ഞ്, അത്തരം പഠനങ്ങള്‍ തമസ്‌കരിക്കുന്നതിനും അവര്‍ ജാഗരൂകരാണ്.Public Interest Journalism (Orient Black swan 2014) എന്ന കൃതിയില്‍ അരവിന്ദ് ശിവരാമ കൃഷ്ണന്‍ മാധ്യമ ഗൂഢാലോചനകളുടെ ഒരു പട്ടിക നല്‍കുന്നുണ്ട്. 1917 നും 1921 നുമിടയില്‍ ന്യൂയോര്‍ക്ക് ടൈംസ്, സോവിയറ്റ് യൂണിയന്‍ തകര്‍ന്നെന്നോ, തകരുകയാണെന്നോ ഉള്ള വാര്‍ത്തകള്‍ 91 വട്ടം നല്‍കിയെങ്കിലും സോവിയറ്റ് യൂണിയന്‍ നിപതിച്ചത് 1991 ലായിരുന്നുവെന്നതാണ് ചരിത്ര വസ്തുത. ലെനിനെയും ട്രോട്‌സ്‌കിയെയും കുറിച്ചും പല വ്യാജവാര്‍ത്തകളും പ്രചരിപ്പിച്ചു. 1990 ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെതിരായി മിക്ക പാശ്ചാത്യ മാധ്യമങ്ങളും തീര്‍ത്തും അടിസ്ഥാനരഹിതമായ കള്ളക്കഥകളെഴുതിവിട്ടു. ക്ലിന്റന്റെ രാഷ്ട്രീയവും സാമൂഹികവുമായ നിലപാടുകളെ നഖശിഖാന്തമെതിര്‍ത്തിരുന്ന വലതുപക്ഷ രാഷ്ട്രീയക്കാര്‍ പടച്ചുവിട്ട കള്ളക്കഥകള്‍ മുഴുവനും മിക്ക മാധ്യമങ്ങളും ബോധപൂര്‍വമേറ്റുപറയുകയായിരുന്നു. ഇറാഖ് യുദ്ധത്തിനുള്ള യഥാര്‍ത്ഥ കാരണം അവിടത്തെ എണ്ണക്കിണറുകളോട് പാശ്ചാത്യരാജ്യങ്ങള്‍ക്കുണ്ടായിരുന്ന താല്‍പര്യമായിരുന്നെങ്കിലും മാധ്യമങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിച്ചത് മറ്റ് പലതുമായിരുന്നു. അതായത്, വസ്തുതകള്‍ക്ക് പകരം വ്യാജസാമാന്തരികതകള്‍ സൃഷ്ടിച്ച് അതന്റെയടിസ്ഥാനത്തില്‍ രാഷ്ട്രീയ താല്‍പ്പര്യം നേടുകയെന്നതാണ് സംഭവിക്കുന്നത്. ഇന്ത്യയില്‍ നരേന്ദ്ര മോദിക്കും പൗരത്വഭേദഗതി നിയമത്തിനുമെതിരായി നടന്നുകൊണ്ടിരിക്കുന്ന മാധ്യമ പ്രചാരണവും ഇതുതന്നെയാണ് ലക്ഷ്യംവയ്ക്കുന്നത്. അതിനുവേണ്ടി 500 കോടിയിലേറെ തുക ഒരു മതതീവ്രവാദ സംഘടന മാത്രം ചെലവഴിച്ചതായാണ് വാര്‍ത്തകള്‍. സംസ്‌കാരത്തിന്റെ രാഷ്ട്രീയവല്‍ക്കരണത്തിലൂടെ മാധ്യമങ്ങളാകെത്തന്നെ വാണിജ്യവല്‍ക്കരണത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു. ലോകത്തിലെ പ്രമുഖ മാധ്യമങ്ങളാകെയും വിരലിലെണ്ണാവുന്ന കുത്തക മുതലാളിമാരുടെ കൈകളിലാണ്. കേരളത്തിലാകട്ടെ, ആ കുത്തകകളെ നേരിടാനെന്ന പേരില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പത്രങ്ങളും ചാനലുകളുമൊക്കെ കുത്തകളെക്കാളധികം അധികാരത്തിന്റെ ഇടനിലപ്പണി ചെയ്യുകയും സ്വയം കുത്തകവല്‍ക്കരണത്തിന് ഉദ്യമിക്കുകയും, ഇതേ വ്യാജ സാമാന്തരികതയിലൂടെ ലാഭം കൊയ്യാന്‍ പണിപ്പെടുകയും ചെയ്യുന്നു. മിക്ക ചാനലുകളും സാമ്പത്തിക നഷ്ടത്തിലായതിനാല്‍ മുതലാളിമാരുടെ താല്‍പ്പര്യങ്ങളും തങ്ങളുടെ അതിജീവനമുറപ്പാക്കുന്നവരുടെ ഇഷ്ടാനിഷ്ടങ്ങളും അനുസരിച്ചേ മതിയാകൂ. വ്യാജമായ ഒരു വാണിജ്യാജണ്ടയാണ് മാധ്യമ നിലനില്‍പ്പിന്റ അടിസ്ഥാനം. അതിനാല്‍, മുതലാളിത്തപരവും സാമൂഹ്യവിരുദ്ധവുമായ അജണ്ടയാണ് പൊതുവേ മലയാള മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. സ്വര്‍ണക്കച്ചവടക്കാരുടെ നികുതിവെട്ടിപ്പിനെപ്പറ്റി വാര്‍ത്ത കൊടുത്ത ചാനലുകളെ സ്വര്‍ണക്കച്ചവടക്കാര്‍ പരസ്യമായി ഒന്ന് താക്കീത് ചെയ്തതോടെ, അവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ആകെ ഒരു ദിവസത്തെ ആയുസ്സേ ഉണ്ടായുള്ളുവെന്ന കാര്യമോര്‍ ക്കുക. ഇത് ഏതെങ്കിലും ഒരു മാധ്യമത്തിന്റെ മാത്രം രീതിയാണന്ന് ധരിക്കരുത്. തങ്ങളുടെ ഉല്പന്നങ്ങളുടെ വിപണനത്തിന് സഹായകരമായ വാര്‍ത്തകള്‍ മാത്രമേ പ്രസിദ്ധീകരിക്കൂ എന്ന് പ്രചാരത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് അവകാശപ്പെടുന്ന രണ്ട് മലയാാള പത്രങ്ങള്‍ നിലപാടെടുത്തിരിക്കുന്നത് വായനക്കാരെ വഞ്ചിക്കലല്ലേ? കൂടുതല്‍ നല്ല ഉല്‍പ്പന്നങ്ങളുണ്ടെന്നും നല്ല കാര്യങ്ങള്‍ നാട്ടില്‍ നടക്കുന്നുണ്ടെന്നും തങ്ങളുടെ വായന ക്കാര്‍ അറിയരുതെന്ന നയം തികഞ്ഞ വഞ്ചനയാണ്. തങ്ങളുടേതല്ലാത്ത ഒരു സാംസ്‌കാരിക പരിപാടിയുടെ വാര്‍ത്ത കൊടുക്കണമെങ്കില്‍ അതിന് പണം കൊടുക്കണമെന്ന് ശഠിക്കുന്ന മാധ്യമങ്ങള്‍ വാര്‍ത്തകളും പരസ്യങ്ങളായിട്ടാണ് പരിഗണിക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യാവിരുദ്ധ വാര്‍ത്തകള്‍ ധാരാള മായി മാധ്യമങ്ങളില്‍ വരുന്നത്.
ആദര്‍ശങ്ങളുടെ വാണിജ്യം
എക്കാലത്തും കേരളത്തിലെ മാധ്യമങ്ങള്‍ പാശ്ചാത്യമാധ്യമങ്ങളെ പിന്തുടരുന്നവരാണ്. കറി ജാന്‍സെന്‍ മേല്‍പരാമര്‍ശിച്ച കൃതിയില്‍ പറയുന്നത്, ലോകത്തെ മുഖ്യധാരാമാധ്യമങ്ങളുടെ ആകെത്തുകയെ പരിമിതീകരിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന മാര്‍ക്കറ്റിന്റെ സമ്മര്‍ദ്ദങ്ങള്‍ അഥവാ ലാഭമുണ്ടാ ക്കാനുള്ള ആര്‍ത്തിയുടെ അതിവിപുലമായ ക്രിയാപദ്ധതികളെ വിശദീകരിക്കാന്‍ സ്വയം സെന്‍സര്‍ഷിപ്പ് എന്ന പദം തീരെപ്പോരെന്നാണ്. ഒരു വ്യക്തിയോ, സംഘമോ താരതമ്യേന സ്വതന്ത്രമായ വ്യവസ്ഥയ്ക്കകത്തുനിന്നുകൊണ്ട് നടത്തുന്ന യുക്തിയുക്തവും ബോധപൂര്‍വവുമായ തെരഞ്ഞെടുപ്പാണ് ആത്മ നിയന്ത്രണം. അതനുസരിച്ച് വ്യക്തിത്വവാദം, ചിന്തിക്കാനും ആശയാവിഷ്‌ക്കരണത്തിനുമുള്ള സ്വാതന്ത്ര്യം തുടങ്ങിയ സ്വതന്ത്രമൂല്യങ്ങള്‍ സംരക്ഷിക്കുകയോ, ഉറപ്പാക്കുകയോ ചെയ്യുന്നു. ഇതൊക്കെ തത്വത്തിലുണ്ടായിരിക്കേ തന്നെ, മാര്‍ക്കറ്റ് സെന്‍സര്‍ഷിപ്പ് അതിന്റെ സര്‍വവ്യാപിയായ തന്ത്രങ്ങളിലൂടെ വാര്‍ത്തകളുടെയും ആശയങ്ങളുടെയും നിര്‍മ്മാണം, വിതരണം എന്നിവയെ ആകെ സ്വന്തം വരുതിയിലാക്കുന്നു. വാര്‍ത്തകള്‍ തങ്ങള്‍ ലക്ഷ്യമിട്ട ലാഭമുണ്ടാക്കുന്നുണ്ടോ, അതിലും വിനാശ കരമായ രീതിയില്‍, കോര്‍പ്പറേറ്റ് മൂല്യങ്ങളെയും ഉപഭോക്തൃ സംസ്‌കാരത്തെയും പിന്തുണയ്ക്കുന്നുണ്ടോ എന്നിവയെ ആധാരമാക്കിയാണ്, കാഴ്ചപ്പാടുകള്‍, വാര്‍പ്പ് മാതൃകകള്‍ അഥവാ, സാംസ്‌കാരിക രൂപങ്ങള്‍ എന്നിവ തിരഞ്ഞെടുക്കപ്പെടുകയോ, അരിച്ചെടുക്കപ്പെടുകയോ ചെയ്യുന്നത്. അതായത്, വാര്‍ത്തകളും, പണം വാങ്ങി റൊട്ടി വില്‍ക്കപ്പെടുന്നത് പോലെതന്നെ, പണമുണ്ടാക്കാനുള്ള ഒരു വഴിയാണ്. വാര്‍ത്താവിതരണം ജനാധിപത്യത്തിന് വേണ്ടി ചെയ്യുന്ന ഒരു സേവനമായി ആരും ഇന്ന് കാണുന്നില്ല. മുഖ്യധാരാ മാധ്യമങ്ങളൊക്കെ വസ്തുതാശേഖരണ ക്കാരെ കൈക്കൂലി കൊടുത്ത് വശപ്പെടുത്തിയും, കള്ളക്കണക്കുകള വതരിപ്പിച്ചും വ്യാജസ്വാധീനതയാണ് നിര്‍മ്മിക്കുന്നത്. മലയാള മനോരമ, മാതൃഭൂമി എന്നീ മാധ്യമങ്ങള്‍ അതിന് കേരളത്തില്‍ നിന്നുള്ള ഒന്നാന്തരം ഉദാഹരണങ്ങളാണ്. സാങ്കേതിക ശാസ്ത്രം പോലും നിഷ്പക്ഷമല്ലെന്നും പ്രൊഫഷണലിസം, പ്രൊഫഷണല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഉള്ളടക്കങ്ങളില്‍ പോലും അവയ്ക്ക് വലിയ സ്വാധീനതയുണ്ടെന്നും പല പഠനങ്ങളെ മുന്‍നിര്‍ത്തി അരവിന്ദ് ശിവരാമ കൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു. പി.ആര്‍.ഒ. വാര്‍ത്തകള്‍ നിര്‍മ്മിച്ച് അവ സകല മാധ്യമങ്ങള്‍ക്കും കൃത്യമായ പദ്ധതിപ്രകാരം നല്‍കാനും സത്യസന്ധമായവ നല്‍കാതിരിക്കാനും കേരളത്തിലും മിക്ക മാധ്യമങ്ങള്‍ക്കും പണം കൊടുക്കേണ്ടതുണ്ട്. അതിനനുസൃതമായിട്ടാണ് നമ്മുടെ വൈജ്ഞാനിക സംഭരണ-വിതരണ ശൃംഖലയും ഒരുക്കപ്പെട്ടിട്ടുള്ളത്. വൈറ്റ്‌ഹൌസിന്റെ ബുദ്ധിശാലകളിലും ഓക്‌സ്ഫഡ് അടക്കമുള്ള ലോകപ്രസിദ്ധ സര്‍വകലാശാലകളുടെ പൌരോഹിത്യത്തിലുമാണ് ഇതെല്ലാം ഉരുത്തിരിഞ്ഞിട്ടുള്ളത്. ജനാധിപത്യത്തെ അതിന്റെ ദൗര്‍ബല്യങ്ങളുപയോഗിച്ച് തന്നെ തകര്‍ക്കുന്നതിനുള്ള ഉപകരണങ്ങളായിട്ടാണ് ഇന്ത്യയിലെ മാധ്യമങ്ങളെയും സര്‍വകലാശാലകളെയും മറ്റ് വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളെയും പാശ്ചാത്യരാജ്യതന്ത്രജ്ഞത ഉപയോഗപ്പെടുത്തുന്നത്. ഇതിന്റെ പിന്നില്‍ ദശകങ്ങളായി പാശ്ചാത്യരാജ്യങ്ങളുടെയും ഗള്‍ഫ് രാജ്യങ്ങള്‍ സമ്പന്നമായതുമുതല്‍ അറേബ്യന്‍ മുതലാളിത്തത്തിന്റെയും വമ്പിച്ച മുതല്‍മുടക്കുണ്ട്. ജനാധിപത്യ സംവിധാനത്തിലെ പഴുതുകളുപയോഗിച്ച് തന്നെ, ലോകത്തിലെ ഏറ്റവും വിശാല മായ ജനാധിപത്യരാഷ്ട്രീയം നിലനില്‍ക്കുന്ന ഇന്ത്യയില്‍ വിവിധ തരം വിഭജനരേഖകള്‍ വരച്ച് ആഭ്യന്തരകലാപങ്ങള്‍ വളര്‍ത്തിയെടുക്കുകയും, അങ്ങനെ ഏഷ്യന്‍ വ്യക്തിത്വ ഏകീകരണത്തിന്റെ വികാസത്തെയും പുരാതനകാലം മുതല്‍ ഏഷ്യയ്ക്കുണ്ടായിരുന്ന പ്രാമാണികതയുടെ പുനര്‍രൂപീകരണത്തിന്റെയും ആധുനിക കാലത്ത് ഏഷ്യയില്‍ തുറന്ന് വരുന്ന വികസനങ്ങളുടെയും വഴിയടയ്ക്കുകയാണ്, ഇന്ത്യയുടെ (പൊതുവില്‍ ലോകത്തിന്റെയും) ആധുനികീകരണത്തിനുള്ള മരുന്ന് വില്‍ക്കാനിറങ്ങിത്തിരിച്ചിരിക്കുന്നവരുടെ നിഗൂഢ ലക്ഷ്യം. ഉദാഹരണത്തിന്, Asia in Transition എന്ന കൃതിയില്‍ സുദീപ് ഭട്ടാചാര്യ എഴുതിയ Engaging India എന്ന പഠനത്തില്‍ ആസ്‌ത്രേലിയയെപ്പറ്റി പറയുന്നത് നോക്കുക. ഏഷ്യയുടെ സമീപത്താണെങ്കിലും യൂറോപ്പിനെ മാതൃകയായിക്കരുതി സ്വയമൊരു വ്യക്തിത്വശൈഥില്യമനുഭവിക്കുന്ന, വെളുപ്പിന്റെ മാഹാത്മ്യത്തില്‍ വിശ്വസിക്കുന്ന, ആസ്‌ത്രേലിയ ഏഷ്യന്‍ വിരോധം വെടിഞ്ഞ് വാണിജ്യ വികസനത്തിനായി ഏഷ്യയുമായി ബന്ധം ദൃഢീകരിക്കാന്‍ ശ്രമിക്കുന്ന സാഹചര്യമാണിന്നുള്ളത്.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ അവരുടെ പ്രത്യയശാസ്ത്ര വിശാരദരെന്ന് നടിക്കുന്ന ബുദ്ധിജീവികളെയും പ്രചാരകരെയുമുപയോഗിച്ച് പിടിക്കുക എന്ന ലളിതമായ മാര്‍ഗ്ഗമേ അവര്‍ക്ക് വേണ്ടിവന്നുള്ളു. അതിനുവേണ്ടി ധാരാളം സ്ഥാനമാനങ്ങളും പദവികളും പുരസ്‌കാരങ്ങളും സാംസ്‌കാരികാധികാര സ്ഥാപനങ്ങളുടെ മേലാവിസ്ഥാനങ്ങളും കൊണ്ട് അവരെ അലങ്കരിക്കുകയും മാധ്യമങ്ങളുപയോഗിച്ച് മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നതാണ് ആദ്യപടി. പിന്നെ, ചില വിദേശ സന്ദര്‍ശനങ്ങള്‍, അവയുടെ ഊതിപ്പെരുപ്പിച്ച വാര്‍ത്തകള്‍, വിവിധതരം സാംസ്‌കാരി കോത്സവങ്ങളിലെ കെട്ടിയെഴുന്നള്ളിപ്പുകള്‍, അവരെഴുതുന്ന മൂന്നാംകിട കൃതികളുടെ വിവര്‍ത്തനങ്ങള്‍, അവരുടെ കൃതികള്‍ വിറ്റഴിക്കാനുള്ള വാണിജ്യമേളകള്‍ എന്നിങ്ങനെ പലതരത്തില്‍ അധികാരവും വാണിജ്യവും കൈകോര്‍ക്കുന്ന ചെപ്പടിവിദ്യകള്‍ സംഘടിപ്പിക്കുന്നു. ഇതൊക്കെയായിക്കഴിയുമ്പോള്‍,എളുപ്പത്തില്‍ നേടിയെടുത്ത ഈ വെളിച്ച വലയങ്ങള്‍ സംരക്ഷിക്കാനായി ഇക്കൂട്ടര്‍ അവ ഒരുക്കിക്കൊടുത്ത ഏജന്‍സികളുടെ വാചാലരായ വക്താക്കളായി മാറുന്നു. മുഖ്യധാരാ മാധ്യമങ്ങളാ ണ് സ്വാഭാവികമായും ഇവരുടെ ഇടനിലക്കാര്‍. അവരുടെ പ്രവര്‍ത്തനങ്ങളുടെ ചരടുകളും മേല്‍ ചൂണ്ടിക്കാണിച്ചതുപോലെയുള്ള നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ കൈകളിലാണ്. സ്വാഭാവികമായും ഇവര്‍ സ്‌കൂള്‍ – സര്‍വകലാശാലാ പാഠപുസ്തകങ്ങളിലൂടെ വളരുന്ന തലമുറ കളെയും വഴിതെറ്റിക്കുന്നുണ്ട്. പാഠ പുസ്തകങ്ങളിലെഴുതുന്നതാണ് സത്യമെന്ന ധാരണ കുട്ടികളുടെ തിരിച്ചറിയാനുള്ള ശേഷിയെ മലിനീകരിക്കുന്നു. ലോകത്തിന്റെ നിയന്ത്രണം സ്വന്തം അധീനതയിലാക്കാന്‍ യത്‌നിക്കുന്ന മതഭീകരവാദ ശക്തികള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ഗള്‍ഫ് മേഖലകളില്‍ നിന്നും ഈ ലക്ഷ്യത്തോടെ അളവറ്റ പണമൊഴുക്കുന്നതിനാല്‍ മാധ്യമ സാംസ്‌കാരിക വേതാളങ്ങള്‍ അവരുടെ കൂടെ ചേരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് അടുത്തകാലത്ത് ഗള്‍ഫ് മേഖല മലയാളസാഹിത്യത്തിന്റെയും മാധ്യമസാധ്യതയുടെയും ഒരു മുഖ്യ വാണിജ്യമുഖമായി മാറിയത്. അത്തരം മേളകളിലൂടെ ചരിത്രരചനകളെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെയും മാധ്യമങ്ങളെയും നിസ്സാരമായി സ്വാധീനതയിലാക്കാന്‍ അവര്‍ക്ക് കഴിയുന്നു. ദി ഹിന്ദുവിനെ പോലെ പാരമ്പര്യമുള്ള ഒരു പത്രത്തെപ്പോലും എന്‍.റാമിനെപോലൊരു പത്രാധിപരെ മുന്‍നിര്‍ത്തി വിലയ്‌ക്കെടുക്കാന്‍ ഈ പുത്തന്‍ സാമ്പത്തിക ശക്തികള്‍ക്ക് കഴിഞ്ഞതിനാല്‍ ഇപ്പോഴത് നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ പ്രചാരണായുധമായി അധഃപതിച്ചത്, ഇവരുടെ സ്വാധീനതയുടെ നിഗൂഢമായ ശക്തിയെ യാണ് സൂചിപ്പിക്കുന്നത്. ഒറ്റനോട്ടത്തില്‍ പുരോഗമനപരമെന്ന് തോന്നിപ്പിക്കുന്നതും രാജ്യവിരുദ്ധതാല്‍പ്പര്യങ്ങളുടെ അടിയൊഴുക്കുകളുള്ളതുമായ ആസൂത്രിതമായ നയങ്ങളാണ് അവയെ നയിക്കുന്നത്. ഭരണഘടനയുടെ സംരക്ഷണത്തെക്കുറിച്ചും രാജ്യത്തിന്റെ നന്മയെക്കുറിച്ചും പറയുകയും രണ്ടും തകര്‍ക്കുന്നതിനുള്ള നീക്കങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുക എന്ന ഇരട്ടത്തല വാളിന്റെ പണിയാണ് അവ പൊതുവേ ചെയ്യുന്നത്. മതേതരത്വം പറയുക, മതേതരത്വത്തെ വര്‍ഗീയ തീവ്രവാദത്തിന്റെ ബലിയാടാക്കുക, ജനാധിപ ത്യത്തിന്റെ സംരക്ഷണത്തിനെന്ന പേരില്‍ ജനാധിപത്യത്തിന്റെ സംരക്ഷണ കവചം തകര്‍ക്കുക എന്നിവയും അവരുടെ പരിപാടികളില്‍പ്പെടുന്നു. അവ തുറന്നുകാട്ടാനുള്ള ചെറിയ ഒരു യത്‌നത്തെപ്പോലും ജനങ്ങളുടെ അറിവില്‍നിന്ന് മറച്ചുപിടിക്കുക വഴി ആരോഗ്യകരമായ സംവാദത്തെ മൂടിവച്ചുകൊണ്ട് ഏകപക്ഷീയമായി തെറ്റിദ്ധാരണ പരത്തുകയെന്നത് മാധ്യമങ്ങളുടെയും സാംസ്‌കാരിക- വൈജ്ഞാനിക മേഖലകളുടെയും ഏക അജണ്ടയായി മാറിയിരിക്കുന്നു. അതിനുവേണ്ടി ചരിത്രപഠനത്തെ രീതിശാസ്ത്ര തലം തൊട്ട് വികലമാക്കുന്നു. സെന്റ്‌തോമസ് ഇന്ത്യയില്‍ വന്നിട്ടുണ്ടെന്ന ഒരു കഥ ചമച്ച് കാലാന്തരത്തില്‍ അത് ഒരു ചരിത്ര വസ്തുതയാണെന്ന് വരുത്തിത്തീര്‍ത്തത് ഇതിന് ഒരുദാഹരണം. കേരളമിന്ന് നേരിട്ടുകൊണ്ടിരിക്കുന്ന അപ്രത്യക്ഷമായ സാംസ്‌കാരിക നുഴഞ്ഞുകയറ്റം ഞെട്ടിക്കുന്നതാണ്. അതിന്റെ അതിശക്തമായ രക്ഷാകവചമായി ജനാധിപത്യം – ഫാസിസം, മതേതരത്വം – മതമൗലികത, പുരോഗമനം – യാഥാസ്ഥിതികത, സ്വാതന്ത്ര്യം – അടിച്ചമര്‍ത്തല്‍, അരാജകത്വം – സ്വേച്ഛാധിപത്യം എന്നിങ്ങനെ ചില ദ്വന്ദ്വങ്ങളവതരിപ്പിക്കുകയും, അതിന് പിന്നിലൂടെ വിധ്വംസകത്വത്തിന്റെയും ശിഥിലീകരണ ബോധത്തിന്റെ യും ന്യായങ്ങള്‍ പൊലിപ്പിച്ചെടുക്കുകയും ചെയ്യുന്നതാണ് കാണുന്നത്. ജനങ്ങള്‍ ചിന്തിക്കേണ്ടതില്ലെന്നും ജനങ്ങള്‍ക്കുവേണ്ടി മാധ്യമങ്ങളും സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കളും ചിന്തിച്ചുകൊള്ളാമെന്നും ജനങ്ങള്‍ അതനുസരിച്ചാല്‍ മതി എന്നുമാണ് ഈ നിലപാടുകാരുടെ സമീപനം. ജനങ്ങളുടെ സ്ഥാനത്ത് പാര്‍ട്ടികളെയും മതമൌലിക വാദികളെയും സ്ഥാപിക്കുന്നതാണ് ജനാധിപത്യമെന്ന് അവര്‍ ഉദ്‌ഘോഷിക്കുന്നു. കമ്പോളങ്ങള്‍ കൂടാതെ, ഓരോ കമ്പോളത്തിന്റെയും ആവശ്യവും ഘടനയും സംസ്‌കാരവും വിപണനവുമൊക്കെ അവരുടെ അഭീഷ്ടത്തെ അനുസരിക്കണമെന്ന് വന്നിരിക്കുന്നു.ആര്യവേപ്പിന് ഔഷധഗുണമുണ്ടെന്ന് ഇന്ത്യക്കാര്‍ പറഞ്ഞാല്‍ അത് അന്ധവിശ്വാസവും അമേരിക്കക്കാര്‍ പറഞ്ഞാല്‍ ശാസ്ത്രീയവുമെന്നതാണ് ബൌദ്ധികാടിമത്തത്തിന്റെ ലക്ഷണമെന്ന് അവര്‍ സമ്മതിക്കില്ല. ജാതിയുടെ പേരിലുള്ള വിവേചനം സവര്‍ണരില്‍ നിന്ന് മാറി സംഘടിതമതങ്ങളുടെ അധീനതയിലാകുന്നത് ദലിതരുടെ വിമോചനമാണെന്ന് വരുത്തുന്ന തില്‍ സായൂജ്യം കണ്ടെത്തുന്നതിന് മാധ്യമങ്ങളും സാംസ്‌കാരിക വേഷപ്പകര്‍ച്ചക്കാരും തയാറാകുന്നത് സ്വന്തം കീശവീര്‍പ്പിക്കാനാണെന്ന സത്യവും മറച്ചുപിടിക്കപ്പെടുന്നു. ശരിയായ ദലിത് സൗന്ദര്യ ദര്‍ശനത്തെയും സ്വാതന്ത്ര്യ ദര്‍ശനത്തെയും നിരാകരിക്കുകയും, ദലിതരായി ജനിച്ചെങ്കിലും ഉപരിതല സംസ്‌കാരത്തിന്റെ പന്തിയില്‍ ഒരില കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെടുന്ന പരോക്ഷ വരേണ്യരെ, ന്യൂനപക്ഷത്തിന്റെ കൊടിക്കീഴിരുത്തി ദലിതവിമോചനത്തിന്റെ പ്രവാചകരായി വാഴ്ത്തിപ്പാടുന്നതിലൂടെ യഥാര്‍ത്ഥ ദലിത വിമോചനത്തെ വാരിക്കുഴിയില്‍ വീഴ്ത്തുന്ന അടവിലൂടെയാണ് ഇന്ന് പല ദലിതരെയും സമ്പന്ന രായ മതന്യൂനപക്ഷത്തിന്റെ അപ്രത്യക്ഷ തടവറയിലെത്തിച്ചിരിക്കുന്നത്. അതുകൊണ്ട്, മാധ്യമങ്ങളെ കൃത്യമായ ഒരു മുന്‍കരുതലോടെ വേണം സമീപിക്കാ നെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്.