തിരുവനന്തപുരം പബ്ലിക് ലൈബ്രറിയുടെ വാതിലുകളും ജനാലകളും അവിടത്തെ സെക്യൂരിറ്റിക്കാരന്‍ ഒരു വിറളിപിടിച്ച കാളയെപ്പോലെ വലിയ ശബ്ദമുണ്ടാകത്തക്കവിധം വലിച്ചടയ്ക്കുകയാണ്. തന്റെ വാച്ചിലേക്ക് നോക്കാതെ തന്നെ രഘുവിനു മനസ്സിലായി സമയം ഏഴരയായിരിക്കുന്നു. അവിടെ വായനസമയം രാത്രി എട്ടുമണി വരെയാണെങ്കിലും, വാതിലുകളും ജനാലകളും കൊട്ടിയടച്ച് ശബ്ദമുണ്ടാക്കി വായനക്കാരുടെ ശ്രദ്ധ പതറിപ്പിച്ചുകൊണ്ട് വായന മതിയാക്കി ഇറങ്ങിപോടായെന്നു പറയാതെ തന്നെ വിളിച്ചു പറയുന്ന ഒരു രീതിയാണ് ഈ ലൈബ്രറിയുടെ സുരക്ഷാജീവനക്കാര്‍ അവിടെ സ്വീകരിച്ചുപോരുന്നത്. തുടര്‍ന്ന് വായിച്ചുകൊണ്ടിരിക്കുന്നതു ഒഴിച്ചുള്ളവ വായനക്കാരുടെ മുന്നിലെ വായനമേശയില്‍ നിന്നും അവര്‍ എടുത്തുമാറ്റും. ഇനി മറ്റൊന്നെടുത്തു വായിച്ചുപോകരുതെന്ന ഒരു ഫാസിസ്റ്റ് ഭീഷണി അതിനുള്ളില്‍ അന്തര്‍ലീനമായിക്കിടക്കുന്നു. അധികാരമുള്ളവര്‍ മറ്റുള്ളവരുടെ മേല്‍ അവരുടെ സ്വാര്‍ത്ഥതകള്‍ ആവിഷ്‌ക്കരിക്കാനായി ഉപയോഗിക്കുന്ന തന്ത്രങ്ങളുടെ മറ്റൊരു പതിപ്പു മാത്രമാണ് ഈ ലൈബ്രറിയുടെ സെക്യുരിറ്റി ജീവനക്കാരും എടുത്തു ഇവിടെ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.
പരമാവധി ഏഴു നാല്പത്തിയഞ്ചുവരെ ഈ ലൈബ്രറിയില്‍ കഴിച്ചുകൂട്ടാനാകും. അതിനുശേഷം തന്നെ പോലെ പ്രശ്‌നങ്ങള്‍ പേറുന്നവര്‍ സമയം ചെലവഴിക്കാനായി സന്ധ്യ മുതല്‍ വന്നിരിക്കുന്ന സെക്രട്ടറിയേറ്റിലെ മുന്നിലെ മതിലിന്‍ ചുവടെ ചെന്നിരിക്കാം. ഇങ്ങനെ അവിടെ വന്നിരിക്കുന്നവരുടെ ഒരു കൂട്ടായ്മ തന്നെ രൂപപ്പെട്ടിട്ടുണ്ട്. അതിലൊരു സജീവ അംഗമായി താനും മാറിയിരിക്കുന്നു. ഈ കൂട്ടായ്മയില്‍ അവരവര്‍ കാണിച്ച പഴയകാല സാഹസങ്ങള്‍, പ്രണയങ്ങള്‍, പരദൂഷണങ്ങള്‍ തുടങ്ങി സമകാലിക രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരികം മുതല്‍ ഈ അണ്ഡകടാഹത്തിലെ എല്ലാ വിഷയങ്ങളും ഞങ്ങളുടെ ചര്‍ച്ചയ്ക്ക് വിധേയമാകാറുണ്ട്. രാത്രി ഒമ്പതുമണി കഴിഞ്ഞാല്‍ സെക്രട്ടേറിയറ്റിന്റെ മുന്നിലെ തങ്ങളുടെ സഭയില്‍ കൊഴിഞ്ഞു പോക്കുതുടരും. പിന്നെ ആ കൂട്ടായ്മ പതുക്കെ-പതുക്കെയങ്ങു പര്യവസാനിക്കും.
തന്റെ സ്വസ്ഥത തനിക്കു വേണ്ടപ്പെട്ടവരെല്ലാവരും ചേര്‍ന്ന് കവരുമെന്ന ഭയത്താല്‍ രാത്രി പത്തു മണിക്കു മുമ്പ് താന്‍ വീട്ടില്‍ പോകാറില്ല. വീട്ടിലെ ഓരോരുത്തര്‍ക്കും അവരവരുടെ സംരക്ഷണത്തിനായുള്ള അവകാശങ്ങള്‍ നിയമത്തിന്റെ രൂപത്തില്‍ അവരുടെ മുന്നിലുണ്ട്. അവര്‍ ഓരോരുത്തരും അവര്‍ക്ക് കല്പിച്ചുകിട്ടിയ അവകാശങ്ങളില്‍ ബോധ്യമുള്ളവരുമാണ്. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി നിയമം തന്നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് അവര്‍ക്കറിയാം. അവരുടെ അവകാശങ്ങള്‍ കൃത്യമായി പരിപാലിക്കാന്‍ നിയമം തന്നോടു അനുശാസിക്കുന്നുണ്ട്. അവരുടെ അവകാശങ്ങളിന്മേല്‍ പോറലേല്‍ക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാനായി ഡമോക്‌ളസിന്റെ വാളുപോലെ ഓരോ കമ്മീഷനുകള്‍ തന്റെ തലയ്ക്കുമുകളില്‍ നില്‍ക്കുന്നുണ്ട്. അവരുടെ അവകാശങ്ങളില്‍ പോറലേറ്റു പോയാല്‍ ഓരോ കമ്മീഷനു മുന്നിലും താനാണ് പ്രോസിക്യൂട്ട് ചെയ്യപ്പെടാന്‍ പോകുന്നത്.
വീട്ടില്‍ താന്‍ സ്‌നേഹിക്കുന്നവരെയെല്ലാം തനിക്ക് പേടിയാണ്. തനിക്ക് പ്രിയപ്പെട്ടവര്‍ക്ക് അഹിതമായി എന്തെങ്കിലും തന്റെ ഭാഗത്തുനിന്നുമുണ്ടായാല്‍ അവര്‍ക്ക് പരാതി വിളിച്ചറിയിക്കാനായി ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തനനിരതമായി നിലനില്‍ക്കുന്ന ഫോണ്‍ നമ്പര്‍ അവര്‍ക്കു ഓരോരുത്തര്‍ക്കുമറിയാം. തന്റെ വീട്ടിലെ ആര്‍ക്കെങ്കിലുമൊരു അവിവേകം തോന്നി ആ നമ്പരൊന്നു ഉപയോഗിച്ചാല്‍ താന്‍ പോലീസ് കസ്റ്റഡിയിലാകും. ആ വാര്‍ത്തയെങ്ങാനും പത്രക്കാര്‍ക്ക് കിട്ടിയാല്‍ മകന്‍ വൃദ്ധമാതാപിതാക്കളെ പീഡിപ്പിച്ചന്നോ, ഭര്‍ത്താവ് ഭാര്യയെ പീഡിപ്പിച്ചെന്നോ, അച്ഛന്‍ മക്കളെ പീഡിപ്പിച്ചെന്നോ പത്ര-ദൃശ്യമാധ്യമങ്ങള്‍ വാര്‍ത്ത പുറപ്പെടുവിക്കും. പോലീസിന്റെ മുന്നില്‍ അതിവിനയം പ്രകടിപ്പിച്ചു നില്‍ക്കാനോ, സംത്തിങ്ങ് കൊടുക്കാനോ താന്‍ തയ്യാറാകാതിരിക്കുമ്പോള്‍ ഈ ധിക്കാരിയെ അങ്ങനെ വിട്ടാല്‍ പറ്റില്ലെന്ന നിഗമനത്തില്‍ പോലീസ് തന്നെയൊരു ഭീകരനായി ചിത്രീകരിച്ചുള്ള വാര്‍ത്ത മാധ്യമങ്ങള്‍ക്കു നല്‍കും.
രഘുവിന്റെ അന്തരാളത്തില്‍ നിന്നും നിരാശയുടെയും നിസ്സഹായതയുടെയും ഒരു നെടുവീര്‍പ്പ് ഉയര്‍ന്നുപൊങ്ങി, ഒപ്പം തന്റെ സംരക്ഷണത്തിനു മാത്രം ഒരു കമ്മീഷനും നിലവിലില്ലല്ലോയെന്ന ഒരാത്മഗതവും രഘുവില്‍ നിന്നും പുറപ്പെട്ടു.
ഇന്നു വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ച്യവനപ്രാശം വാങ്ങിവരണമെന്ന് അച്ഛന്‍ കല്പിച്ചിട്ടുണ്ട്. എട്ടരയ്ക്ക് കട അടയ്ക്കുന്നതിനു മുമ്പ് തന്നെ അതു വാങ്ങി വയ്ക്കണം. വാങ്ങുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ അച്ഛനു ക്ഷോഭം വന്ന് വാര്‍ദ്ധക്യകാല സംരക്ഷണ ലംഘനം സംബന്ധിച്ച് ഫോണിലൂടെ പരാതിപ്പെട്ടാല്‍ കാര്യങ്ങള്‍ വഷളാകും. താന്‍ നിലനിര്‍ത്തിപോരുന്ന ചട്ടക്കൂട് ഒന്നാകെ തകര്‍ന്നുവീഴും. അതു ഒഴിവാക്കാന്‍ ഇന്നുതന്നെ ച്യവനപ്രാശം വാങ്ങിയേ പറ്റൂ. അച്ഛനോടുള്ള കര്‍ത്തവ്യങ്ങള്‍ താന്‍ വിസ്മരിക്കാതിരിക്കാനായി തന്നെ വളര്‍ത്താനും രോഗം വന്നപ്പോള്‍ ചികിത്സിക്കാനും പഠിപ്പിക്കാനുമായി വഹിച്ച കഷ്ടപ്പാടുകളും ചെലവുകളും അവസരം കിട്ടുമ്പോഴെല്ലാം അച്ഛന്‍ വിളമ്പാറുണ്ട്. രണ്ട് പെണ്‍തരികള്‍ക്കിടയില്‍ ഒരാണ്‍തരിയായ തനിക്ക് ഒന്നിനും ഒരു വീഴ്ചവരുത്താതെയും ഒരു ഉറുമ്പുപോലും നോവിക്കാതെ ശ്രദ്ധിച്ച് വളര്‍ത്തി പഠിപ്പിച്ചതായും ഇടയ്ക്കിടെ പറഞ്ഞാലേ അച്ഛനു ചാരിതാര്‍ത്ഥ്യമാകൂ. ഒരര്‍ത്ഥത്തില്‍ ആ ബാധ്യത തിരിച്ചു തീര്‍ക്കണമെന്ന് തുറന്നു പറയാതെ തന്നെ അച്ഛന്‍ തന്നെ ഓര്‍മ്മപ്പെടുത്തുകയായിരുന്നു.
അമ്മ തന്നോടു അവരുടെ ആവശ്യങ്ങള്‍ പറഞ്ഞ് ഒരിക്കലും ബുദ്ധിമുട്ടിക്കാറില്ല. താനറിഞ്ഞു എന്തെങ്കിലും ചെയ്താല്‍പോലും നിന്റെ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ എന്തിനു ഇതു വാങ്ങിയെന്ന ഭാവമായിരിക്കും. ചില അവസരങ്ങളില്‍ അവരതു തുറന്നു പറയുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞയാഴ്ച പന്ത്രണ്ടു വയസ്സുള്ള തന്റെ മകള്‍ സിന്ധു തന്നെ വിരട്ടിയത് ഒരു ഭയപ്പാടോടെ രഘുവിന്റെ മനസ്സിലേക്ക് തള്ളിക്കയറിവന്നു.
നാളെ അവളുടെ കൂട്ടുകാരിയുടെ ജന്മദിനത്തിനു സമ്മാനിക്കാനായി നല്ലൊരു ഗിഫ്റ്റ് അച്ഛന്‍ ഇന്നു വരുമ്പോള്‍ വാങ്ങിവരണമെന്നാണ് അവള്‍ തന്നോട് നിര്‍ദ്ദേശിച്ചത്. തുടര്‍ന്നവള്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടി നടത്തി. മറന്നുപോയതായി എന്നോടുവന്നു കളളം പറഞ്ഞാല്‍ സിന്ധു ആരാണെന്ന് അപ്പോള്‍ അച്ഛനു കാണിച്ചുതരേണ്ടിവരും.
താന്‍ അല്പം ശുണ്ഠിയോടും ഒപ്പം ആകാംക്ഷയോടും നീ എന്തു കാണിക്കുമെന്ന് തിരിച്ച് അങ്ങോട്ടു ചോദിച്ചു.
‘അച്ഛന്‍ എന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഞങ്ങള്‍ക്കുള്ള ഹെല്‍പ്പ്‌ലൈനിലേക്ക് ഞാന്‍ വിളിച്ചുപറയും. പിന്നെ എന്തു സംഭവിക്കുമെന്ന് അച്ഛനു ഞാന്‍ പറഞ്ഞു മനസ്സിലാക്കിതരണോ?
തന്റെ സിരകളിലൂടെ മിന്നല്‍പ്പിണറുകള്‍ പാഞ്ഞു കയറി. ഇടിവെട്ടേറ്റവനെപ്പോലെ നിന്നു. ഉപദ്രവിച്ചവനോടു തിരിച്ച് പ്രതികരിക്കാതെ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്ന ഒരു ഭീരുവായ നായയെപ്പോലെ തന്റെ നാവ് തിരിച്ചു പ്രതികരിക്കാതെ പിന്‍വാങ്ങി.
അപ്പോള്‍ തന്റെ അഞ്ചാം ക്ലാസുകാരന്‍ മകന്‍ സുഗത് തന്നെ വിരട്ടിയതും രഘുവിന്റെ ഓര്‍മ്മകളില്‍ ഒരു തീജ്ജ്വാലയായി പടര്‍ന്നെത്തി. അന്നൊരു ഞായറാഴ്ചയായിരുന്നു. താന്‍ വീട്ടിലെ അസ്വസ്ഥതകളില്‍ നിന്നും പിന്‍മാറി പുറത്തേക്കു പോകാന്‍ കുറെ വൈകിയ ആ ദിവസം വെളുപ്പാന്‍ രാവിലെ മുതല്‍ സുഗത് കമ്പ്യൂട്ടറിന്റെ മുന്നിലിരുന്നു ഗെയിം കളിച്ചുകൊണ്ടിരിക്കുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടു. അതു മതിയാക്കി പ്രഭാതകര്‍മ്മങ്ങളില്‍ ഏര്‍പ്പെടാനും പ്രാതല്‍ കഴിക്കാനും താന്‍ അവനോടു പറഞ്ഞു. അവനതു കാര്യമാക്കിയതേയില്ല. ഒരാവേശത്തില്‍ ചെന്നുപെട്ട താന്‍ ചെന്ന് കമ്പ്യൂട്ടര്‍ ഓഫ് ചെയ്യുകയും, അല്പം ദേഷ്യം തന്നില്‍ നിന്നു പുറത്തേക്ക് ഒഴുകിയെത്തുകയും ചെയ്തു. അപ്പോഴവന്‍ ഒരു പ്രതിയോഗിയെ നേരിടുന്നതുപോലെയാണ് പറഞ്ഞത്.
‘എന്നോട് ദേഷ്യപ്പെടാനും തല്ലാനുമൊന്നും അച്ഛനവകാശമില്ലെന്നറിയണം. ഇക്കഴിഞ്ഞയാഴ്ച ഞങ്ങളുടെ ക്ലാസ് ടീച്ചര്‍ ഞങ്ങളുടെ അവകാശങ്ങള്‍ എന്തൊക്കെയാണെന്ന് പഠിപ്പിച്ചു തന്നിട്ടുണ്ട്. അതിന്റെയൊരു ബുക്ക്‌ലെറ്റും വായിച്ചു മനസ്സിലാക്കാനായി തന്നയച്ചിട്ടുണ്ട്. അതില്‍ നിങ്ങള്‍ ഞങ്ങളെ ഉപദ്രവിച്ചാല്‍ വിളിച്ചറിയിക്കാനുള്ള ഫോണ്‍ നമ്പരുമുണ്ട്. ഇനി ഇതാവര്‍ത്തിച്ചാല്‍ ഞാനങ്ങോട്ടു വിളിച്ചുപറയും. അച്ഛനിപ്പോള്‍ ഇങ്ങോട്ടുകാണിച്ച ദേഷ്യം ഇനി ആവര്‍ത്തിക്കരുത്. ഇത് ലാസ്റ്റ് വാണിങ്ങാണെന്ന് അച്ഛന്‍ കരുതിയാല്‍ മതി.’
ആര്‍ത്തലച്ച ഒരു തിരമാല കണക്കെ കോപം തന്നിലേക്ക് ഇരച്ചുകയറി വന്നു. അവനൊരു പിടവെച്ചു കൊടുക്കാന്‍ തോന്നിയെങ്കിലും അവന്‍ പറഞ്ഞതിന്റെ ഗൗരവം ഉള്‍ക്കൊണ്ടു താന്‍ സംയമനം പാലിക്കുകയാണുണ്ടായത്.
തന്റെ ഏറ് അച്ഛനു ശരിക്കും ഏറ്റതായി മനസ്സിലാക്കി സുഗത് വിജയഭാവത്തില്‍ തന്നെ നോക്കിക്കൊണ്ട് കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുകയുണ്ടായി. ഏറ്റുമുട്ടി മുറിവേറ്റു പരാജിതനായി രക്ഷാര്‍ത്ഥം പിന്‍വാങ്ങുന്ന ഒരുവനെപ്പോലെ താന്‍ അവന്റെ മുന്നില്‍ നിന്നും മാറിക്കളഞ്ഞു.
വാസ്തവത്തില്‍ വീട്ടിലെ എല്ലാവരെയും തനിക്കു പേടിയാണ്. താന്‍ മാതാപിതാക്കള്‍ക്ക് എന്തെങ്കിലും കുറവു വരുത്തിയാല്‍ വാര്‍ദ്ധക്യകാല സംരക്ഷണനിയമം തന്റെ നേര്‍ക്കു പത്തിവിടര്‍ത്തി ചീറ്റും. ഇപ്പോഴാണെങ്കില്‍ ഉള്ള പരിമിതിയില്‍ തന്റെ തണലില്‍ അവര്‍ കഴിഞ്ഞുകൂടുകയാണ്. അവരെങ്ങാനും താന്‍ അവര്‍ക്കായി ഒരുക്കിയിരിക്കുന്ന ചട്ടക്കൂടു പൊളിച്ച് പുറത്തിറങ്ങി താന്‍ സംരക്ഷിക്കുന്നില്ലെന്ന് പരാതി കൊടുത്താല്‍ തന്നെകൊണ്ടു താങ്ങാവുന്നതിനപ്പുറമുള്ള തുകയായിരിക്കും പ്രതിമാസം അവര്‍ക്കു ചെലവിനു കൊടുക്കാനായി ആര്‍.ഡി.ഒ. വിധിക്കുക. അതു ഒഴിവാക്കാനെങ്കിലും അവര്‍ ആവശ്യപ്പെടുന്നതു എന്തും വാങ്ങിക്കൊടുക്കാന്‍ താന്‍ ബാധ്യസ്ഥനാകുന്നു.
തന്നില്‍ നിന്നും ഭാര്യയ്ക്കു എന്തെങ്കിലും അനിഷ്ടമുണ്ടായാല്‍ അതിനെ ചോദ്യം ചെയ്യാന്‍ നിയമവും പരാതിപ്പെടാന്‍ വനിതാ കമ്മീഷനും അവള്‍ക്കായുണ്ട്. അതുകൂടാതെ തന്നെ നിലയ്ക്കുനിറുത്താനും ചോദ്യം ചെയ്യാനും അവള്‍ക്ക് സഹോദരങ്ങളും ബന്ധുക്കളുമുണ്ട്. ഒരു പെണ്ണെന്ന നിലയില്‍ നിയമവും കോടതിയും സമൂഹവും കൂടി അവള്‍ക്കനുകൂലമാണ്.
തന്റെ എല്ലാ ബന്ധങ്ങളും നിയമങ്ങള്‍ കൊണ്ടു വരിഞ്ഞുമുറുക്കി തന്നെ കെട്ടിയിട്ടിരിക്കുന്നു. ഈ നിയമങ്ങളെ ഭയന്ന് തന്റെ ജീവിതത്തിന്റെ അനുനിമിഷങ്ങളെ താന്‍ ഭയപ്പാടോടെ തള്ളിനീക്കുന്നു. ഈയൊരു സാമൂഹ്യ സാഹചര്യത്തില്‍ തന്നെ പൊതിഞ്ഞു നില്ക്കുന്ന ബന്ധങ്ങളുടെ ബാധ്യതകളെ ഭയന്നാണ് താനധികനേരം വീട്ടില്‍ തങ്ങാതിരിക്കുന്നത്. നിയമങ്ങളുടെ വലയില്‍ കുരുങ്ങാതിരിക്കാനായി ദിനരാത്രങ്ങളെ ശ്രദ്ധയോടെ ചെയ്യുന്നതിന്റെ ഭാഗമായി രാവിലെ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നു. രാത്രി പത്തുമണിക്കു ശേഷം വീട്ടിലെത്തുന്നു.
തന്റെ ശമ്പളത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് വീട്ടുകാരുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുപോകാന്‍ കുടുംബനാഥനെന്ന നിലയ്ക്ക് താന്‍ ബദ്ധശ്രദ്ധനാണ്. തന്റെ നിശ്ചിത വരുമാനത്തിനപ്പുറമുള്ള ചിന്തയില്‍ ചെന്നു എത്താനോ, കൂട്ടുകെട്ടില്‍ കുരുങ്ങാനോ തന്റെ സംസ്‌കാരവും ബോധവും വിലങ്ങുതടി തീര്‍ക്കുന്നു.
ബന്ധങ്ങളില്‍ താളപ്പിഴ ഉണ്ടാവാന്‍ അനുവദിച്ചുകൂടാ. അതൊഴിവാക്കാനാണ് തന്റെ കൂടാരത്തില്‍ അധികനേരം താന്‍ തങ്ങാതിരിക്കുന്നത്. അവധിദിനങ്ങളെ താന്‍ ഭയപ്പാടോടെയാണ് അഭിമുഖീകരിക്കാറുള്ളത്. ആ ദിനങ്ങള്‍ പിന്നിടുക അത്ര എളുപ്പമല്ല. അന്ന് നഗരത്തിലെ പബ്ലിക് ലൈബ്രറിപോലും തുറക്കാറില്ല. ഏതെങ്കിലും പാര്‍ക്കുകളാണ് അഭയകേന്ദ്രമായി തീരുന്നത്. തന്റെ നിലനില്‍പ്പിനായി ഈ ജീവിതചക്രത്തിനുള്ളില്‍ താന്‍ കറങ്ങിക്കൊണ്ടേയിരിക്കുന്നു. അത് തന്റെ ജീവിത അനിവാര്യതയാണ്.
സ്വസ്ഥതതേടി താന്‍ സ്വയം കണ്ടെത്തിയ നൈരന്തര്യത്തിന്റെ ഭ്രമണപഥത്തില്‍ സൂര്യനെ ചുറ്റുന്ന ഒരു ഗ്രഹംപോലെ താനും കറങ്ങിക്കൊണ്ടേയിരിക്കുന്നു. ഈ അനിവാര്യതയെ ജന്മസാഫല്യമെന്നാണോ, കര്‍ത്തവ്യമെന്നാണോ, വിധിയെന്നാണോ, ഊരാക്കുടുക്കെന്നാണോ വിളിക്കേണ്ടത്?