കൊവിഡ്-19 (Corona Virus Disease 19) നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നു. വെറും മൂന്നു മാസം മുന്‍പ് ചൈനയില്‍ ഹുബെയ് പ്രവിശ്യയിലെ വുഹാന്‍ എന്ന പ്രദേശത്തു ഒരു മൃഗ ചന്തയില്‍ നിന്നും ഏതോ ഒരു വ്യക്തിയില്‍ പ്രവേശിച്ച ഈ മാരക വൈറസ്, ഇന്ന് ലോകത്തെമ്പാടും പരന്ന് ഇതിനകം തന്നെ ആയിരക്കണക്കിന് മരണങ്ങള്‍ക്കിടയാക്കിക്കഴിഞ്ഞു. ലോക സമ്പദ്‌വ്യവസ്ഥയെ തന്നെ തകിടംമറിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു.
ഇത്തരം രോഗങ്ങള്‍ പരക്കുന്നതില്‍, മനുഷ്യന് വേണ്ടിയാണ് മറ്റെല്ലാ ജീവജാലങ്ങളുമെന്ന അബദ്ധ ധാരണയോടെ പ്രകൃതിയെ ചൂഷണം ചെയ്യുന്ന സംസ്‌കാരങ്ങളുടെ പങ്ക് ആലോചനാ വിഷയമാക്കണം. സകല ജന്തുക്കളെയും (ജീവനോടെയുള്‍പ്പെടെ) ഭക്ഷണമാക്കുന്ന, ചൈന പോലുള്ള രാജ്യങ്ങളിലെ ജീവിതശൈലിയും പരിശോധിക്കണം. പ്രകൃതിയെ അമ്മയായി കരുതുന്നതാണ് നമ്മുടെ സംസ്‌കാരം. സകല ജീവജാലങ്ങളും മനുഷ്യനെ പോലെ തന്നെ ഇവിടെ ജീവിക്കുവാനവകാശമുള്ളവയാണെന്ന സത്യം സനാതന സംസ്‌കാരത്തില്‍ മാത്രം കാണപ്പെടുന്നതാണ്. മനുഷ്യന്‍ പരിണാമങ്ങളുടെ കാലാന്തരത്തില്‍ കുറെയേറെ മൃഗങ്ങളെ ഒപ്പം വളര്‍ത്തുകയും കര്‍ഷികാവശ്യങ്ങള്‍ക്കും മറ്റുമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാലിന്ന് പരിഷ്‌കാരത്തിന്റെയും മാംസഭക്ഷണശീലത്തിന്റെയും പേരില്‍ സംസ്‌കാരത്തിന്റെ സകല സീമകളും ലംഘിക്കപ്പെട്ടിരിക്കുന്നു. ഒരു പരിധി വരെയെങ്കിലും ഈ ശീലങ്ങളും നമ്മെ ഈ ദുരന്തത്തിലെത്തിക്കുന്നതില്‍ ആക്കം കൂടിയിട്ടുണ്ടാവണം.
പ്രതീക്ഷിച്ചതുപോലെ കേരളത്തിലും ‘കോവിഡ്-19’എത്തിക്കഴിഞ്ഞു. വെറും ജലദോഷമാണ്, ഉടന്‍ മാറും, നിപ്പയെ തുരത്തിയില്ലേ എന്നൊക്കെ പറഞ്ഞു നിസ്സാരവല്‍ക്കരിക്കാന്‍ പറ്റിയ സാഹചര്യമല്ല ഇപ്പോഴുള്ളത്. ഇപ്പോള്‍ നാം ഓരോരുത്തരും എന്തുചെയ്യുന്നു, ചെയ്യുന്നില്ല എന്നതിനനുസരിച്ചിരിക്കും ഈ രോഗത്തിന്റെ വ്യാപനവും അതുമൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങളും. രാജ്യം ഇന്നു വരെ നേരിട്ടിട്ടില്ലാത്ത ഗൗരവതരവും അടിയന്തിരവുമായ സാഹചര്യമാണെന്ന കാര്യത്തില്‍ സംശയമില്ല. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ചില വ്യക്തികളുടെ അഹംഭാവവും സാമൂഹ്യ ബോധമില്ലായ്മയും പോലും രാജ്യത്തിനു ഭീഷണി ആയേക്കാവുന്ന സാഹചര്യമുണ്ട്.
ഈ ഘട്ടത്തില്‍ വേണ്ടത് അമിത ആത്മവിശ്വാസമോ അഭ്യൂഹമോ അല്ല, മറിച്ച് ശാസ്ത്രീയമായ അറിവും സാമാന്യബുദ്ധിയും സാമൂഹ്യ പ്രതിബദ്ധതയുമാണ്. വുഹാനില്‍ നിന്നും നമ്മുടെ നാട്ടുകാരെ തിരികെയെത്തിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ കാണിച്ച ശുഷ്‌കാന്തി നമ്മള്‍ കണ്ടതാണ്. പാകിസ്ഥാനെ പോലുള്ള രാജ്യങ്ങള്‍ മടിച്ചു നിന്നപ്പോള്‍ മറ്റു രാജ്യക്കാരെ പോലും എയര്‍ ലിഫ്റ്റ് ചെയ്തു മാതൃക കാണിച്ചു കേന്ദ്രം.
വിദേശത്തു നിന്നും നമ്മുടെ ബന്ധുക്കളോ സുഹൃത്തുക്കളോ വരാനിടയായാല്‍ ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങള്‍:
1. കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും വന്നവരുമായി നേരിട്ടുള്ള സമ്പര്‍ക്കം 28 ദിവസത്തേക്ക് ഒഴിവാക്കുക. എത്ര അടുപ്പമുള്ളവരായാലും ഒരു കാര്യം ഓര്‍ക്കുക: എല്ലാ രാജ്യങ്ങളിലും ഈ വൈറസ് പടര്‍ന്നു പിടിച്ചത് (ചൈന ഒഴികെ) പുറമെ നിന്നും വന്നവരില്‍ നിന്നുമാണ്.
ഈ വൈറസിന്റെ വ്യാപന ശേഷി (R0) കൂടുതലാണ്. R0)എന്നാല്‍ ഒരാളില്‍ നിന്നും എത്ര പേര്‍ക്ക് രോഗം പകരുന്നു എന്നതാണ്. ഒന്നില്‍ കൂടുതലായാല്‍ സമൂഹത്തില്‍ അതിവേഗം പടര്‍ന്നു പിടിക്കും. കൊറോണയുടേത് 2 മുതല്‍ 4 വരെയത്രേ. എന്നു വച്ചാല്‍ ഒരാളില്‍ നിന്ന് രണ്ടു പേര്‍ക്ക്, അവരില്‍ നിന്നും നാലു പേര്‍ക്ക്, ആ നാലു പേരില്‍ നിന്നും എട്ടു പേര്‍ അങ്ങിനെ അതിവേഗം സമൂഹത്തിലേക്ക് വൈറസ് വ്യാപിക്കുന്നതാണ് ചൈന, ജപ്പാന്‍, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. ചൈന പോലെ ജനാധിപത്യമോ പൗര സ്വാതന്ത്ര്യമോ ഇല്ലാത്ത ഒരു രാജ്യത്തിനു പോലും ഇതിന്റെ വ്യാപന നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിയാത്തതും ഈ അസുഖത്തിന്റെ തീവ്രത സൂചിപ്പിക്കുന്നു.
സമൂഹത്തില്‍ നൈസര്‍ഗികമായ പ്രതിരോധത്തിന്റെ ((herd immunity) ) അഭാവം ഈ വൈറസിനെ ഏറെ അപകടകാരിയാക്കുന്നു. കാരണം, കൊറോണാ കുടുംബത്തില്‍ പുതിയ അംഗമായി എത്തിയ ഈ കോവിഡ്-19 ആര്‍ക്കും ഇതിനു മുന്‍പു വന്നിട്ടില്ല എന്നതു കൊണ്ടുതന്നെ പ്രതിരോധശേഷിയും കുറവായിരിക്കും. ഈ രോഗത്തിന്റെ വ്യാപനം ദ്രുതഗതിയില്‍ സംഭവിച്ചാല്‍, വികസിത രാജ്യങ്ങളെ അപേക്ഷിച്ച് പരിമിതികള്‍ ഏറെയുള്ള നമ്മുടെ ആരോഗ്യമേഖലയ്ക്ക് ഒരു പക്ഷേ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചെന്നു വരില്ല.
2. കൊവിഡ്-19 ബാധിത രാജ്യങ്ങളില്‍ നിന്നും അടുത്ത ദിവസങ്ങളില്‍ നാട്ടില്‍ വന്നവര്‍ സമൂഹത്തില്‍ ചുറ്റിത്തിരിഞ്ഞു നടക്കരുത്. പൊതു യാത്രാസൗകര്യങ്ങളോ പൊതു ഇടങ്ങളോ ഉപയോഗിക്കരുത്. ഇവര്‍ക്കു നല്‍കപ്പെട്ടിട്ടുള്ള പ്രത്യേക മാനദണ്ഡങ്ങള്‍ കര്‍ശനമായി ഇവര്‍ പാലിക്കേണ്ടതാണ്. ഇവരില്‍ ഒരാളില്‍ നിന്നും അനേകായിരം ആള്‍ക്കാര്‍ക്ക് വൈറസ് പകരാം എന്നത് ഇറ്റലിയുടെ ദുരനുഭവം നമ്മെ പഠിപ്പിക്കുന്നു.
മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്നും പഠിക്കുന്നതാണല്ലോസ്വയം അപകടത്തില്‍ ചാടുന്നതിലും നല്ലത്.
കൊറോണ സ്ഥിരീകരിക്കപ്പെട്ട രാജ്യങ്ങള്‍
കോവിഡ്-19ന്റെ മരണ നിരക്ക് (നൂറു പേര്‍ക്ക് അസുഖം വന്നാല്‍ എത്ര പേര്‍ മരിക്കും എന്ന അനുപാതം)ആയ 3.5% അല്പം കുറവല്ലേ എന്നു ചിലര്‍ക്ക് തോന്നാമെങ്കിലും, പിടിവിട്ടു പോയാല്‍ മൂന്നേകാല്‍ കോടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന, ജനസാന്ദ്രതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ മാത്രം എത്ര ജീവന്‍ ഈ വൈറസ് അപഹരിച്ചേക്കാം എന്ന് ഊഹിക്കാവുന്നതേയുള്ളൂ. നിലവില്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള സംസ്ഥാനവും കേരളം തന്നെ. മാത്രവുമല്ല, പ്രായം ചെന്നവരില്‍ മരണ സാധ്യത 15% വരെ ഏറുന്നു. അതായത് ഏകദേശം ആറു പേരില്‍ ഒരാള്‍ മരണപ്പെടാം. പ്രമേഹരോഗികളിലും ശ്വാസകോശരോഗമുള്ളവരിലും ഹൃദ്രോഗമുള്ളവരിലും മരണസാധ്യതയേറുന്നു.
പൊതുജനങ്ങള്‍ ഈ ഘട്ടത്തില്‍ കണിശമായും ചെയ്യേണ്ട കാര്യങ്ങള്‍:
1. ഓരോരുത്തരും ഒഴിവാക്കാവുന്ന പൊതുചടങ്ങുകള്‍ ഒഴിവാക്കുക. തിരക്കുള്ള എല്ലാ സ്ഥലത്തു നിന്നും വിട്ടുനില്‍ക്കുക.
2. ഹസ്തദാനം ഒഴിവാക്കുക; പനി സീസണില്‍ ഷേക്ക് ഹാന്‍ഡ് കൊടുക്കുന്നത് മറ്റൊരാളുടെ വിരലുകളില്‍ പറ്റിയിരിക്കുന്ന രോഗാണുക്കള്‍ നമ്മുടെ കയ്യില്‍ വന്നെത്താനുള്ള എളുപ്പ മാര്‍ഗമായാണ് വൈദ്യശാസ്ത്രം കാണുന്നത്. ആലിംഗനം ചെയ്തു സ്വീകരിക്കലും ഒഴിവാക്കണം. നമ്മുടെ പൂര്‍വികര്‍ കരുതിവച്ച കൂപ്പു കൈകളോടെ അതിഥിയെ സ്വീകരിക്കുന്ന രീതി അടിയന്തിരമായും എക്കാലത്തേക്കും സ്വീകരിക്കാം.
3. പൊതുസ്ഥലങ്ങളില്‍ പെരുമാറുന്നവര്‍ കൈകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവുമുപയോഗിച്ചു കഴുകാന്‍ ശ്രദ്ധിക്കണം. ഇരുപതു സെക്കന്റെങ്കിലും എടുത്തു വൃത്തിയായി വേണം കഴുകാന്‍. യാത്ര, ജോലി എന്നിവയ്ക്കിടയില്‍ ആല്‍കഹോള്‍ അടങ്ങിയ hand sanitisers ഉപയോഗിക്കാവുന്നതാണ്. നിരന്തരം നാം സ്പര്‍ശിക്കുന്ന മൊബൈല്‍ ഫോണ്‍ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കാനും മറക്കരുത്.
4. കൈകള്‍ കൊണ്ട് മുഖത്ത് ഇടയ്ക്കിടയ്ക്ക് സ്പര്‍ശിക്കാതിരിക്കുക. അങ്ങനെ വേണ്ടി വന്നാല്‍ സോപ്പുപയോഗിച്ചു കഴുകിയതിനു ശേഷം മാത്രമേ മുഖത്തു സ്പര്‍ശിക്കാവൂ.
5. അനേകം പേര്‍ പിടിക്കാനിടയുള്ള ഡോര്‍ ഹാന്‍ഡിലുകളിലും ഗോവണിപ്പടിയുടെ റെയിലിങ്ങുകളിലും പൊതുസ്ഥലത്തുള്ള ടാപ്പുകളിലും മറ്റും കഴിവതും സ്പര്‍ശിക്കാതിരിക്കുക.
6. ചുമ, തുമ്മല്‍ മുതലായവ ഉള്ളവരില്‍ നിന്നും പരമാവധി (ഒരു മീറ്റര്‍) അകലം പാലിക്കുക. അഥവാ പനി, ചുമ, ജലദോഷം എന്നിവ പിടിപെട്ടാല്‍ വീട്ടില്‍ ഒതുങ്ങിക്കഴിയുക. പനി മാറി രണ്ടു ദിവസം കഴിയാതെ സ്‌കൂളിലോ ജോലിസ്ഥലത്തോ പൊതുസ്ഥലത്തോ പോകരുത്.
7. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടിഷ്യു പേപ്പര്‍, തൂവാല എന്നിവ കൊണ്ട് വാ മൂടുക. ഇല്ലെങ്കില്‍ കൈ മുട്ടു മടക്കി അതിലേക്ക് തുമ്മുകയോ ചുമക്കുകയോ ചെയ്യുക. നമ്മുടെ ഉള്ളിലെ സ്രവങ്ങള്‍ മറ്റുള്ളവരുടെ ദേഹത്തോ നമ്മുടെ വിരലുകളിലോ പറ്റിയിരിക്കാതിരിക്കാന്‍ ഇതുപകരിക്കും. ഏതു വൈറല്‍ പനി വന്നാലും പാലിക്കേണ്ട ശീലങ്ങളാണിവ.
8. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കുന്നതു കൊണ്ട് യാതൊരു ഗുണവുമില്ല. മാത്രമല്ല, മാസ്‌ക് ഇടയ്ക്കിടയ്ക്ക് അഡ്ജസ്റ്റ് ചെയ്യുന്നതു മൂലം കൂടുതല്‍ തവണ മുഖത്തുംമറ്റും വിരലുകള്‍ സ്പര്‍ശിക്കാനിടയാകും, അതു വൈറസ് പ്രവേശിക്കാനുള്ള സാധ്യത കൂട്ടുകയും ചെയ്യും.
9. എന്നാല്‍, സാധാരണ പനി, ജലദോഷം, ചുമ ഉള്ളവര്‍ പൊതുസ്ഥലത്തു പോകാന്‍ ഇടയായാല്‍ സാധാരണ സര്‍ജിക്കല്‍ മാസ്‌ക് ധരിക്കുന്നത് മറ്റുള്ളവര്‍ക്ക് ഒരു സുരക്ഷയാണ്. രോഗിയുടെ droplets മറ്റുള്ളവര്‍ ശ്വസിക്കാതിരിക്കാന്‍ ഉപകരിക്കും. മാസ്‌ക് ഷെയര്‍ ചെയ്യുകയോ വീണ്ടും ഉപയോഗിക്കുകയോ ചെയ്യരുത്.
10. കൊവിഡ് ബാധിത രോഗികളെ ശുശ്രൂഷിക്കുന്നവര്‍ ച95 ാമസെ ധരിക്കേണ്ടതാണ്. ഈ മാസ്‌ക്കുകളുടെ പ്രത്യേകത, അടുത്തു നില്‍ക്കുന്ന രോഗി ചുമയ്ക്കുമ്പോഴും മറ്റും പുറപ്പെടുവിക്കുന്ന N95 mask അഥവാ കണങ്ങള്‍ ഉള്ളില്‍ കടത്തി വിടുകയില്ല എന്നതാണ്.
വിദേശത്തു നിന്നും വന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. കൊവിഡ് ബാധിത രാജ്യങ്ങളില്‍ നിന്നും വന്നവര്‍ കൃത്യമായി യാത്രാ വിവരം എയര്‍പോര്‍ട്ട് സ്‌ക്രീനിങ്ങിലും പിന്നീട് ആരോഗ്യ പ്രവര്‍ത്തകരെ കാണുമ്പോഴും വെളിപ്പെടുത്തുക. നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കുക. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും നിര്‍ബന്ധമായും 28 ദിവസം വീട്ടിനുള്ളില്‍ ഒതുങ്ങിക്കഴിയുക. ഇതിന് home quarantine എന്നു പറയും. ഇവര്‍ വീട്ടിലെ കുടുംബാംഗങ്ങളുമായി ഇടപഴകുമ്പോള്‍ കുറഞ്ഞത് മൂന്നടി അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. ഈ കാലയളവില്‍ വീട്ടില്‍ പൊതു പരിപാടികള്‍ സംഘടിപ്പിക്കുകയോ അത്തരം പരിപാടികളില്‍ പെങ്കടുക്കുകയോ ചെയ്യരുത്. വീട്ടില്‍ എത്തിയ വിവരം ജില്ലാ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം.
2. മാത്രവുമല്ല, ഒരു മുന്‍കരുതലായി ഈ വീടുകളില്‍ താമസിക്കുന്ന കുട്ടികള്‍ 28 ദിവസത്തേക്ക് സ്‌കൂളില്‍ പോകരുത് എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
3. കൊവിഡ് ബാധിത രാജ്യങ്ങളില്‍ നിന്നും രോഗലക്ഷണങ്ങളോടെ വന്നവര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും ഉടന്‍ തന്നെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ നിര്‍ദ്ദേശങ്ങളുണ്ട്. പരിശോധനയ്ക്കു ശേഷം അഡ്മിറ്റ് ചെയ്യുകയോ സ്വന്തം വീട്ടില്‍ 28 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തിനു (home quarantine) വിടുകയോ ചെയ്യും. ടെസ്റ്റിംഗ് ഫലം വൈറോളജി ഇന്‍സ്ടിട്യൂട്ടില്‍ നിന്നും അടുത്ത ദിവസം തന്നെ ലഭിക്കും.
4. കൊവിഡ് രോഗിയുമായി സമ്പര്‍ക്കം വരാനിടയായ വ്യക്തികള്‍ക്ക് 28 ദിവസത്തെ home quarantine വേണ്ടതാണ്.
5. കൊവിഡ് ബാധിത രാജ്യങ്ങളില്‍ നിന്നും നല്ല ആരോഗ്യത്തോടെ, രോഗലക്ഷണങ്ങളില്ലാതെ നാട്ടില്‍ വന്നവരില്‍ പിന്നീട് രോഗലക്ഷണങ്ങള്‍ (പനി, ചുമ, ശ്വാസം മുട്ട്) പ്രത്യക്ഷപ്പെട്ടാല്‍ ഉടന്‍ തന്നെ അധികൃതരെ അറിയിക്കുക, നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി പാലിക്കുക.
വൈറസ് ബാധയുള്ളവരാണെങ്കില്‍ സാധാരണ ഗതിയില്‍ യാത്ര ചെയ്തത് 14 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും, എങ്കിലും 28 ദിവസം വരെ ജാഗ്രത വേണ്ടതാണ്.
കൊവിഡ് ബാധിത രാജ്യങ്ങളില്‍ നിന്നും വരാത്തവര്‍, അത്തരം വ്യക്തികളുമായി യാതൊരു സമ്പര്‍ക്കവും ഇല്ലാത്തവര്‍ ഈ അവസരത്തില്‍ ആശങ്കപ്പെടേണ്ടതില്ല. എല്ലാ വര്‍ഷവും പനിയും ജലദോഷവും വരുന്ന പോലെ ഈ വര്‍ഷവും വന്നു പോകും. ശ്വാസം മുട്ട്, നിര്‍ത്താതെയുള്ള ചുമ ഇവ ഉണ്ടെങ്കില്‍ മാത്രം ഡോക്ടറുടെ പക്കല്‍ പോകുക.
കൊവിഡ്-19 ന് മരുന്നോ വാക്‌സിനോ പ്രതിരോധമോ ഇന്നേ വരെ കണ്ടെത്തിയിട്ടില്ല. ഇല്ലാത്ത ചികിത്സയെ പറ്റി അഭ്യൂഹങ്ങള്‍ പരത്തുന്നത് വലിയ തെറ്റാണ് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.
താഴെപ്പറയുന്നവ ശ്രദ്ധിക്കുക. വ്യാജപ്രചാരണങ്ങള്‍ ഒഴിവാക്കുക.
1. വെളുത്തുള്ളി, രസം, മദ്യം എന്നിവ ഫലപ്രദമല്ല.
2. തൊണ്ട നനച്ചു കൊണ്ടിരുന്നാല്‍ യാതൊരു ഗുണവുമില്ല.
3. ചൂടു കാലാവസ്ഥയുള്ള സ്ഥലങ്ങളില്‍ വൈറസ് വരില്ല എന്നുള്ളത് വ്യാജ പ്രചാരണമാണ്. കൊവിഡ്- 19 ധാരാളം കണ്ടു വരുന്ന സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങള്‍ കേരളത്തേക്കാള്‍ ചൂടുള്ള സ്ഥലങ്ങള്‍ ആണ് എന്നോര്‍ക്കുക.
4. ഈ വൈറസിനെതിരെ’പ്രതിരോധം കൂട്ടാന്‍’ ഒരു മരുന്നും ഇന്നേവരെ ശാസ്ത്രം കണ്ടെത്തിയിട്ടില്ല, അവകാശവാദങ്ങള്‍ അനവധിയുണ്ടെങ്കിലും.
5. ചൈനയില്‍ നിന്നുമുള്ള പാക്കേജുകള്‍ കൈപ്പറ്റുന്നത് വൈറസ് ബാധ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ല.
6. ആന്റിബയോട്ടിക്കുകള്‍ കൊറോണയ്ക്ക് ഫലപ്രദമല്ല
രാജ്യ താല്‍പര്യവും സാമൂഹ്യ സമരസതയും മാനവികതയുമാവണം മനസ്സിലെപ്പോഴും.
(ആരോഗ്യഭാരതിയുടെ സംസ്ഥാന അധ്യക്ഷനാണ് ലേഖകന്‍)