കേരളത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികപീഡനങ്ങള്‍ അതിഭയാനകമാം വിധത്തില്‍ വര്‍ധിച്ചുവരുന്നുണ്ടെന്നത് നിഷേധിക്കാനാകാത്ത സാമൂഹ്യയാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതോടൊപ്പം തന്നെ കുട്ടികളെ കരുക്കളാക്കി വ്യാജ ലൈംഗികപീഡനപരാതികള്‍ നല്‍കുന്ന പ്രവണതകളും പെരുകിവരികയാണെന്ന മറ്റൊരു വസ്തുതയും നിലനില്‍ക്കുന്നു. പത്തനംതിട്ടയില്‍ മകളെ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന അമ്മയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ അമ്മക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട പോക്‌സോ കോടതി സമൂഹത്തിന് നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്. പോക്‌സോ കേസുകളുടെ ഒരുതരത്തിലുള്ള ദുരുപയോഗവും അനുവദിക്കാനാവില്ലെന്നും ഇങ്ങനെയുള്ള പരാതികള്‍ നല്‍കുന്നത് സ്ത്രീകളായാല്‍ പോലും കര്‍ശന നടപടി സ്വീകരിക്കുമെന്നുമുള്ള ശക്തമായ മുന്നറിയിപ്പായാണ് കോടതിയുടെ ഇടപെടലിനെ വിലയിരുത്തേണ്ടത്.
കുടുംബകലഹത്തെ തുടര്‍ന്ന് അകന്നുകഴിയുന്ന ഭര്‍ത്താവിനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ഭാര്യ കണ്ടെത്തിയ മാര്‍ഗം അയാളെ പോക്‌സോ കേസില്‍ കുടുക്കുകയെന്നതായിരുന്നു. ഒരു കുട്ടി ഭാര്യക്കൊപ്പവും മറ്റൊരു കുട്ടി ഭര്‍ത്താവിനൊപ്പവുമാണ് കഴിയുന്നത്. തനിക്കൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയെ സ്വാധീനിച്ച് അമ്മ അച്ഛനും അദ്ദേഹത്തിന്റെ സുഹൃത്തിനുമെതിരെ ലൈംഗികപീഡന പരാതി നല്‍കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് അച്ഛനും സുഹൃത്തിനുമെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. കുട്ടി പറയാത്ത കാര്യങ്ങള്‍പോലും എഴുതിച്ചേര്‍ത്ത് പോലീസിന്റെ തിരക്കഥക്കനുസരിച്ചാണ് കുട്ടിയുടെ മൊഴിയെന്ന രീതിയില്‍ എഫ്.ഐ.ആര്‍ കോടതിയിലെത്തിയത്. കോടതിയില്‍ കുട്ടിയുടെ രഹസ്യമൊഴി മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയപ്പോഴാണ് പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. ഇതോടെയാണ് അമ്മക്കെതിരെ കേസെടുക്കാന്‍ കോടതി ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് ഉത്തരവിട്ടത്. പോക്‌സോ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അച്ഛനെയും സുഹൃത്തിനെയും കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം കോടതി പരിഗണനക്കെടുത്ത രണ്ട് പോക്‌സോകേസുകളില്‍ പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ കോടതി പ്രതികളെ വിട്ടയക്കുകയാണുണ്ടായത്. മലപ്പുറം ജില്ലക്കാരനായ വ്യക്തിക്കെതിരെ ഭാര്യവീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ഭാര്യ നഷ്ടപ്പെട്ടതിനാല്‍ ഈ വ്യക്തി ഭാര്യയുടെ വീട്ടുകാര്‍ക്കൊപ്പമുള്ള മകളുടെ സംരക്ഷണചുമതല തന്നെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇത് അംഗീകരിക്കാതിരുന്ന ഭാര്യവീട്ടുകാര്‍ കുട്ടിയെ നല്‍കാതിരിക്കാന്‍ കണ്ടെത്തിയ വഴി കുട്ടിയുടെ അച്ഛനെ ലൈംഗികപീഡനക്കേസില്‍ കുടുക്കുകയെന്നതായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി കിട്ടിയതോടെ ആ പിതാവിനെതിരെ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. എന്നാല്‍ കുട്ടി കോടതിയില്‍ നല്‍കിയ മൊഴി പിതാവ് തന്നെ പീഡിപ്പിച്ചിട്ടില്ലെന്നായിരുന്നു. സത്യാവസ്ഥ ബോധ്യപ്പെട്ട കോടതി ശരിയായ രീതിയില്‍ അന്വേഷണം നടത്താതെ കേസെടുത്ത പോലീസിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും പിതാവിനെ വിട്ടയക്കുകയും ചെയ്തുവെന്ന് മാത്രമല്ല മകളുടെ സംരക്ഷണച്ചുമതല പിതാവിന് കൈമാറുകയും ചെയ്തു. കോട്ടയം പാമ്പാടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്‌കൂള്‍ ബസ് ഡ്രൈവര്‍ നിരപരാധിയാണെന്ന് കോടതി കണ്ടെത്തിയപ്പോള്‍ പ്രതിക്കൂട്ടിലായത് പരാതി നല്‍കിയവര്‍ മാത്രമല്ല കേസ് അന്വേഷിച്ച പോലീസുദ്യോഗസ്ഥര്‍ കൂടിയാണ്. പതിമൂന്നുകാരിയെ സ്‌കൂള്‍ ബസില്‍ ഡ്രൈവര്‍ പീഡിപ്പിച്ചെന്നായിരുന്നു കേസ്. പോക്‌സോ നിയമപ്രകാരം പ്രതിയാക്കപ്പെട്ട ഡ്രൈവര്‍ അറസ്റ്റിലാവുകയും റിമാന്‍ഡില്‍ കഴിയുകയും ചെയ്തു. പിന്നീട് കേസ് കോടതി പരിഗണിച്ചപ്പോഴാണ് പൊലീസ് മെനഞ്ഞെടുത്ത ഒരു നുണക്കഥയായിരുന്നു ഇതെന്ന യാഥാര്‍ത്ഥ്യം പുറത്തുവന്നത്. തന്നെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ പീഡിപ്പിച്ചില്ലെന്നും താന്‍ നല്‍കിയ മൊഴിക്ക് വിരുദ്ധമായാണ് പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയതെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയതോടെ ഒരു നിരപരാധി കൂടി ശിക്ഷയില്‍ നിന്ന് ഒഴിവാകുകയായിരുന്നു.
കേരളത്തില്‍ കുട്ടികളെ ശാരീരികമായും മാനസികമായും ലൈംഗികമായും ഉപദ്രവിക്കുന്ന സംഭവങ്ങള്‍ വ്യാപകമായതോടെയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ കര്‍ശനമായി തടയുന്നതിന്റെ ഭാഗമായി 2012ല്‍ പോക്‌സോ നിയമം സംസ്ഥാനത്ത് നിലവില്‍ വന്നത്. കുടുംബങ്ങളിലും പൊതു ഇടങ്ങളിലും ബസ് യാത്രക്കിടയിലും സ്‌കൂളുകളിലും തുടങ്ങി പിഞ്ചുകുട്ടികള്‍ ലൈംഗികമായ പീഡനങ്ങള്‍ക്കും പീഡനശ്രമങ്ങള്‍ക്കും മാനഹാനിക്കും ഇരകളാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. പോക്‌സോ നിയമം നിലവില്‍ വന്നിട്ടുപോലും ഈ രീതിയിലുള്ള കുറ്റങ്ങള്‍ക്ക് കുറവൊന്നും സംഭവിച്ചിട്ടില്ല. രാഷ്ട്രീയ-ഭരണസ്വാധീനങ്ങള്‍ ഉപയോഗിച്ചും സാമ്പത്തിക സ്വാധീനമുപയോഗിച്ചുമൊക്കെ യഥാര്‍ത്ഥ പോക്‌സോകേസുകള്‍ അട്ടിമറിക്കുകയും ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതി കേരളത്തിലുണ്ട്. വാളയാറില്‍ ദളിത്കുടുംബത്തിലെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയ കേസിലെ പ്രതികള്‍ മതിയായ തെളിവുകള്‍ ഹാജരാക്കാതെ പോലീസും നിയമരംഗത്തെ പ്രമാണിമാരും ഒത്തുകളിച്ചതിന്റെ ഫലമായി കോടതിയില്‍ ശിക്ഷിക്കപ്പെടാതെ പോയതിന്റെ വസ്തുതകള്‍ പൊതുസമൂഹത്തിന് അറിയാവുന്നതാണ്. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നതിനാല്‍ കേരളഭരണം കയ്യാളുന്നവര്‍ തന്നെയാണ് വാളയാര്‍ കേസിനെ ഇങ്ങനെയൊരവസ്ഥയിലെത്തിച്ചതെന്ന കാര്യവും നമുക്കറിയാം. 6970 പോക്‌സോ കേസുകള്‍ തീര്‍പ്പാകാതെ വര്‍ഷങ്ങളായി കോടതികളില്‍ കെട്ടിക്കിടക്കുന്നു. ഒമ്പതുവര്‍ഷം പഴക്കമുള്ള കേസുകളും ഇക്കൂട്ടത്തിലുണ്ട്. കുട്ടികള്‍ ഇരകളായ പീഡനക്കേസുകളില്‍ വേഗത്തില്‍ വിചാരണ നടത്തി പ്രതികള്‍ ശിക്ഷിക്കപ്പെടുന്ന സാഹചര്യമൊരുക്കുന്നതിനായി കേരളത്തില്‍ 28 പോക്‌സോ കോടതികള്‍ കൂടി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഈ അവസരത്തില്‍ യഥാര്‍ത്ഥപോക്‌സോ കേസുകളില്‍ ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനൊപ്പം തന്നെ വ്യാജപോക്‌സോ കേസുകളില്‍ പ്രതികളാക്കപ്പെടുന്നവര്‍ ശിക്ഷിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത കാണിക്കുകയെന്നതും നിയമപരവും സാമൂഹ്യവുമായ വലിയൊരു ഉത്തരവാദിത്വമായി മാറുകയാണ്.
കേരളത്തില്‍ നിലവിലുള്ള പോക്‌സോ കേസുകളില്‍ 17 ശതമാനം വ്യാജമാണെന്ന് സര്‍ക്കാര്‍ തലത്തില്‍ നടന്ന അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കുട്ടികള്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്ന പരാതിയുണ്ടാകുമ്പോള്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രം കേസ് രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നാണ് സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നത്. ആദ്യം ജില്ലാ ശിശുസംരക്ഷണയൂണിറ്റുകള്‍ക്കും പിന്നീട് ജില്ലാ ശിശുസംരക്ഷണസമിതികള്‍ക്കും പരാതി കൈമാറിയ ശേഷം മാത്രം നിയമനടപടികളിലേക്ക് നീങ്ങിയാല്‍ മതിയെന്നും നിര്‍ദേശമുണ്ട്. ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് സാമൂഹ്യനീതിവകുപ്പ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിരുന്നു. പരാതി കിട്ടിയാലുടന്‍ കൂടുതല്‍ അന്വേഷണമൊന്നുമില്ലാതെ കേസെടുക്കുകയെന്നതാണ് പോക്‌സോ കേസിന്റെ പരിധിയില്‍ വരുന്നതടക്കമുള്ള ലൈംഗികപീഡനസംഭവങ്ങള്‍ പോലീസ് സ്വീകരിക്കുന്ന നിലപാട്. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടുന്നത് ഭരിക്കുന്നവരുടെ ആളുകളാണെങ്കില്‍ പോലീസ് സ്റ്റേഷന്റെ പടി ഇരയും ബന്ധപ്പെട്ടവരും എത്ര കയറിയിറങ്ങിയാലും കേസെടുക്കില്ലെന്ന വിരോധാഭാസവും നിലനില്‍ക്കുന്നു.
വിവാഹമോചനക്കേസുകള്‍ക്ക് ബലം കൂട്ടാനായി ഒരുവിഭാഗം അഭിഭാഷകരുടെ നിയമോപദേശങ്ങളില്‍ പ്രധാനമായും ഇടംപിടിക്കുന്നത് പോക്‌സോയാണ്. വിവാഹമോചനം ആഗ്രഹിക്കുന്ന സ്ത്രീകളുടെ വാദത്തിന് ശക്തിപകരാന്‍ എതിര്‍കക്ഷിയായ ഭര്‍ത്താവിനെതിരെ പുറത്തെടുക്കുന്ന മൂര്‍ച്ചയേറിയ ഇരുതലവാളാണ് സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം. മകളെ പീഡിപ്പിച്ച അച്ഛനോളം നീചനും മോശക്കാരനുമായ വ്യക്തി വേറെ ഉണ്ടാകില്ലല്ലോ. കുട്ടിയെക്കൊണ്ട് അച്ഛനെതിരെ ഇത്തരത്തിലുള്ള മൊഴി കൊടുപ്പിച്ച് നീതിപീഠത്തിന്റെ വിധി തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ വിരുതുള്ള സ്ത്രീകള്‍ സമൂഹത്തില്‍ നിരവധിയുണ്ട്. നമ്മുടെ നിയമസംവിധാനം ക്രൂരമായ ഈ വ്യക്തിഹത്യക്ക് കൂട്ടുനില്‍ക്കുന്ന സാമൂഹ്യഘടനയാലാണ് വാര്‍ത്തെടുത്തിരിക്കുന്നത്. കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെട്ട് കടുത്ത മാനസികവ്യഥ അനുഭവിക്കുന്നതിനിടെ ആത്മഹത്യവരെ ചെയ്തുപോയേക്കാവുന്ന സാഹചര്യത്തിലേക്കായിരിക്കും നിരപരാധിയായ അച്ഛന്‍ അവസാനം എത്തിപ്പെടുക. പിന്നീട് നിരപരാധിയാണെന്ന് തെളിഞ്ഞ് കോടതി വെറുതെവിട്ടാലും അയാള്‍ അനുഭവിച്ച ആത്മസംഘര്‍ഷങ്ങള്‍ക്കും അഭിമാനക്ഷതത്തിനും അതൊന്നും ഒരിക്കലും പരിഹാരമാകില്ല. സ്വന്തം രക്തത്തില്‍ പിറന്ന മകളെ പീഡിപ്പിച്ചവനെന്ന അപഖ്യാതി മരണത്തെക്കാളും ഭീകരമാണ്. മദ്യത്തിനും കഞ്ചാവിനും അടിമപ്പെട്ട് മകളെ പീഡിപ്പിക്കുന്ന അച്ഛന്‍മാര്‍ നമ്മുടെ നാട്ടിലുണ്ടെന്ന വസ്തുത അംഗീകരിക്കുമ്പോള്‍ തന്നെയും മകളെ ദുരുദ്ദേശ്യത്തേടെ ഒന്നുനോക്കുക പോലും ചെയ്യാത്ത അച്ഛനും ക്രൂശിക്കപ്പെടുന്നുവെന്ന യാഥാര്‍ത്ഥ്യവും കണ്ണുതുറന്നുതന്നെ കാണണം. തന്റെ സംരക്ഷണം ഏറ്റെടുത്തവരുടെ സമ്മര്‍ദ്ദത്തിനും ഭീഷണിക്കും വഴങ്ങിയായിരിക്കും ഒരു കുട്ടി അച്ഛനെതിരെ ലൈംഗികപീഡനപരാതി ഉന്നയിക്കുക. വ്യാജ മൊഴി നല്‍കിയ കുട്ടി പിന്നീട് അതിന്റെ പേരില്‍ കടുത്ത മാനസികവിഷമങ്ങളിലൂടെ കടന്നുപോകുകയും ചെയ്യും. അതേക്കുറിച്ച് ഓര്‍ത്തുള്ള കുറ്റബോധത്തിനൊടുവില്‍ ആ കുട്ടി സത്യാവസ്ഥ കോടതിയില്‍ തുറന്നുപറയുമ്പോള്‍ മാത്രമായിരിക്കും സമൂഹം ഒന്നടങ്കം പീഡകനായി മുദ്രകുത്തിയ അച്ഛന്റെ നിരപരാധിത്വം പുറത്തുവരിക.
വ്യാജപോക്‌സോകേസുകള്‍ യഥാര്‍ത്ഥത്തില്‍ പീഡിപ്പിക്കപ്പെടുന്ന കുട്ടികള്‍ക്ക് നീതിലഭിക്കാനും തടസമായെന്നുവരാം. പരപുരുഷനൊപ്പം ലൈംഗികത ആസ്വദിച്ചതിന് ശേഷം പിന്നീട് പങ്കാളി അകന്നുനില്‍ക്കുമ്പോള്‍ വ്യാജപീഡനപരാതി നല്‍കുന്ന സ്ത്രീകളുടെ എണ്ണം സമൂഹത്തില്‍ പെരുകിവരുന്നുണ്ട്. ഇത് കാരണം പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ യഥാര്‍ത്ഥത്തില്‍ പീഡിപ്പിക്കപ്പെട്ടാലും വ്യാജപീഡനമായി തെറ്റിദ്ധരിക്കുന്ന സാമൂഹ്യാവസ്ഥയാണ് ഇന്നുള്ളത്. അങ്ങനെയൊരു ദുരന്തത്തിലേക്ക് പോക്‌സോകേസുകളും എത്തിപ്പെടുന്ന സാഹചര്യം കര്‍ശനമായി തടയണം. വ്യക്തിവൈരാഗ്യത്തിന്റെ പേരിലും കുടുംബപ്രശ്‌നങ്ങളുടെ പേരിലും കേസുകളില്‍ അനുകൂലവിധി സമ്പാദിക്കാനും പോക്‌സോ കേസുകളെ ദുരുപയോഗം ചെയ്യുന്നത് അത്യന്തം ആപത്കരമായ പ്രവണതയാണ്. ലൈംഗികകുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്ന കുട്ടികള്‍ക്ക് എല്ലാതരത്തിലും നീതി ലഭ്യമാകണം. വ്യാജപോക്‌സോകേസുകള്‍ ഉദാഹരിച്ച് ഇരകളായ കുരുന്നുകള്‍ക്ക് നീതിനിഷേധിക്കാന്‍ ഉതകുന്ന ഇടപെടലുകള്‍ നടത്താന്‍ കുറ്റവാളികള്‍ക്ക് അവസരമുണ്ടാക്കരുത്. പോക്‌സോകേസുകള്‍ നല്‍കുന്ന വ്യാജപരാതികള്‍ ആരോപണവിധേയരായവരുടെ ജീവനും ജീവിതവും നശിപ്പിക്കുമെന്ന് മാത്രമല്ല, നീതിന്യായവ്യവസ്ഥയുടെ സൂക്ഷ്മതയെയും വിശ്വാസ്യതയെയും ദുര്‍ബലപ്പെടുത്തുകയും ചെയ്യും. അതുകൊണ്ട് വ്യാജപരാതിക്കാരെ കുറ്റവാളികളായി തന്നെ പരിഗണിച്ച് കടുത്ത ശിക്ഷ നല്‍കണം.