പുതുവര്‍ഷം ഇന്ത്യന്‍ കായികരംഗത്തിന് നല്‍കുന്നത് ശുഭവാര്‍ത്തകളാണ്. നാളിതുവരെ കൈവരിക്കാനാകാതിരുന്ന വ്യക്തിഗത അംഗീകാരങ്ങള്‍ ഒന്നിന് പിന്നാലെയെന്നതരത്തില്‍ ദേശത്തേക്കെത്തുമ്പോള്‍, ഒളിമ്പിക് വര്‍ഷത്തില്‍ പ്രതീക്ഷകളുടെ ഗ്രാഫ് ഉയരുക തന്നെയാണ്. ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യ ചരിത്രം കുറിക്കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ മേധാവി നരീന്ദര്‍ ബത്ര ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ട് അധികനാളായിട്ടില്ല. ‘ഖേലോ ഇന്ത്യ’ രാജ്യത്തുണ്ടാക്കിയ കായിക ഉണര്‍വും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം (TOP) പദ്ധതി ഫലപ്രദമാകുന്നതും അത്യാധുനിക പരിശീലന സൗകര്യങ്ങള്‍ രാജ്യത്താകമാനം ഉയര്‍ന്നുവരുന്നതും തല്‍ഫലമായി കായികതാരങ്ങളുടെ പ്രകടനത്തില്‍ വെളിവാകുന്ന അന്താരാഷ്ട്ര നിലവാരവുമെല്ലാമാകണം, ബത്രയുടെ ശുഭാപ്തിവിശ്വാസത്തിന് കാരണമാകുന്നത്.
ഏതായാലും പുതുവര്‍ഷത്തിന്റെ തുടക്ക മാസങ്ങള്‍ രാജ്യത്തിന്റെ കായികമേഖലയ്ക്ക് സന്തോഷിക്കാനുള്ള വകകളാണ് നല്‍കുന്നത്. കഴിഞ്ഞ ചില വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തുണ്ടായ കായിക വളര്‍ച്ചയുടെ പ്രതിഫലനങ്ങളാണ് ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഇന്ത്യന്‍ താരങ്ങളെ തേടിയെത്തിയ പുരസ്‌കാരങ്ങളിലൂടെ വെളിവാകുന്നത്. നാംഗ്ജം ബാലാദേവിയെന്ന ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ താരത്തെ സ്‌കോട്ടിഷ് റേഞ്ചേഴ്‌സിലേക്കെടുക്കുന്നുവെന്ന അപ്രതീക്ഷിത വാര്‍ത്ത തന്നെയാണ് ജനുവരി നല്‍കിയ സുപ്രധാന വിശേഷം. ലോകോത്തര പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബായ സ്‌കോട്ടിഷ് റേഞ്ചേഴ്‌സിലേക്ക് ഏഷ്യയില്‍ നിന്നു തന്നെ ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്ന വനിതയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ബാലാദേവി. രാജ്യത്തിന് വേണ്ടി 58 മത്സരങ്ങളില്‍ നിന്നായി ഇതിനകം 52 ഗോളുകള്‍ അടിച്ചു കൂട്ടിയ മണിപ്പൂര്‍ സ്വദേശിനിയായ ഈ 29 കാരി വിദേശത്ത് പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ്. നോര്‍വ്വേ ഫസ്റ്റ് ഡിവിഷനില്‍ കളിച്ച ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സന്ധുവും ഇംഗ്ലണ്ടിലെ ബറി എഫ്‌സിക്കായി ബൂട്ടണിഞ്ഞ ബൈച്ചുങ്ങ് ബൂട്ടിയയും പോര്‍ച്ചുഗല്‍ ക്ലബ്ബ് ലിസ്ബണ്‍ എഫ്.സിയിലെത്തിയ സുനില്‍ ഛേത്രിയുമാണ് ഇക്കാര്യത്തില്‍ ബാലാദേവിയുടെ മുന്‍ഗാമികള്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യന്‍ വനിതാ പ്രൊഫഷണല്‍ ലീഗിലെ ടോപ് സ്‌കോററായ ബാലാദേവിയെ കാത്തിരിക്കുന്നത് പ്രസിദ്ധമായ 10-ാം നമ്പര്‍ ജഴ്‌സിയാണെന്നതും ഓര്‍ക്കാന്‍ സുഖമുള്ള കാര്യം തന്നെ. പതിനാല് വര്‍ഷമായി ദേശീയ ടീമില്‍ സ്ഥിരസാന്നിദ്ധ്യമായ ഈ കിടയറ്റ സ്‌ട്രൈക്കര്‍ ഇന്ത്യയുടെ സാഫ് കപ്പ് വിജയങ്ങളിലും ദക്ഷിണേഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണനേട്ടത്തിലും പങ്കാളിയായിരുന്നു.
ഇന്ത്യന്‍ ഫുട്‌ബോളിന് ലഭിച്ച അപൂര്‍വ്വ ബഹുമതിക്ക് പിന്നാലെ, അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനില്‍ നിന്നും ഇന്ത്യന്‍ താരങ്ങളെത്തേടി അംഗീകാരങ്ങള്‍ തുടരെത്തുടരെ വന്നു. 2019ലെ ഏറ്റവും മികച്ച പുരുഷതാരമായി ടീം ഇന്ത്യയുടെ നായകന്‍ മന്‍പ്രീത് സിങ് തിരഞ്ഞെടുക്കപ്പെട്ട വിവരമാണ് ആദ്യമെത്തിയത്. 1999ല്‍ ഏര്‍പ്പെടുത്തപ്പെട്ട പുരസ്‌കാരം ഭാരതീയന് കൈവരുന്നത് ഇതാദ്യം. 2012 ലണ്ടന്‍ ഒളിമ്പിക്‌സ് മുതല്‍ ഇന്ത്യന്‍ ടീമില്‍ നിതാന്ത സാന്നിദ്ധ്യമായ മന്‍പ്രീത്, സമകാല ഹോക്കിയിലെ മികച്ച മിഡ് ഫീല്‍ഡറായാണ് ഗണിക്കപ്പെടുന്നത്. ഇരുനൂറ്റി അറുപത് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഈ ഇരുപത്തേഴുകാരന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇത്തവണ ഒളിമ്പിക്‌സിന് യോഗ്യത നേടിയതും.
മന്‍പ്രീതിലൂടെ ഇന്ത്യന്‍ ഹോക്കിക്ക് കൈവന്ന അസുലഭനേട്ടത്തിന്റെ ആഹ്‌ളാദാരവങ്ങള്‍ നിലയ്ക്കുന്നതിന് മുന്‍പ് തന്നെ അസാധാരണമായൊരു അംഗീകാരമുദ്രയ്ക്ക് ദേശീയ വനിതാ ഹോക്കി ക്യാപ്റ്റന്‍ അര്‍ഹയായി. ഗെയിംസ് ഇനങ്ങളില്‍ 2019ല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും മികവ് കാട്ടിയ താരം, റാണിറാംപാല്‍ ആണെന്ന് ലോകകായിക സംഘടന വിലയിരുത്തി; ലോകഗെയിംസ് അത്‌ലറ്റ് പദവി റാണിക്ക് ചാര്‍ത്തി. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ സംഘടിപ്പിച്ച ഹോക്കി സീരീസ് കിരീടം നേടിയ ഇന്ത്യന്‍ വനിതകള്‍, ഭുവനേശ്വറില്‍ നടന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തില്‍ അമേരിക്കയെ തോല്‍പ്പിച്ച് ടോക്കിയോ ടിക്കറ്റ് ഉറപ്പാക്കിയിരുന്നു. ഈ മത്സരങ്ങളിലെ കളി മികവാണ് റാണിക്ക് നേട്ടമായത്. ലോകാടിസ്ഥാനത്തില്‍ നടന്ന ഗാലപ് പോളിലാണ് പുരസ്‌കാരനിശ്ചയം നടന്നത്. മന്‍പ്രീത്‌സിങ്ങ്, ബാലാദേവി, റാണിറാംപാല്‍ എന്നിവര്‍ ലോകതാരപദവിയിലേക്ക് ചേര്‍ത്തപ്പെട്ടതിന് തൊട്ടുപിറകെ ടീമംഗങ്ങളായ വിവേക് സാഗര്‍ പ്രസാദും ലാല്‍ റെംസിയാമിയും ലോകഹോക്കിയിലെ പോയവര്‍ഷത്തെ ഏറ്റവും മികച്ച യുവതാരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റേതായിരുന്നു തീരുമാനം. 2018 മുതല്‍ ടീം ഇന്ത്യയുടെ ഭാഗമായ വിവേക്, പത്തൊന്‍പത് വയസ്സ് എത്തുന്നതിന് മുന്‍പ് തന്നെ ലോകം ശ്രദ്ധിക്കുന്ന കളിക്കാരനായി വളര്‍ന്നു കഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യ, ലോകചാമ്പ്യന്‍മാരായ ബല്‍ജിയത്തെ തോല്‍പിച്ചുവിട്ട മത്സരത്തിലെ ആദ്യഗോള്‍ നേടിയതും വിവേക് തന്നെയായിരുന്നു. പതിനാറാം വയസ്സില്‍ ദേശീയ വനിതാടീമിന്റെ ഭാഗമായ ലാല്‍റെംസിയാമിയെന്ന മിസോറാംകാരി, ഇന്ന് റാണിറാംപാലിനൊപ്പം ഇന്ത്യന്‍ മുന്നേറ്റ നിരയിലെ മിന്നുന്ന താരമായിക്കഴിഞ്ഞു. പുരുഷ-വനിതാ രംഗത്തെ ലോക-ഒളിമ്പിക് ചാമ്പ്യന്മാരായ ബല്‍ജിയം, അര്‍ജന്റീന കരുത്തരായ ആസ്‌ത്രേലിയ, നെതര്‍ലന്റ്‌സ് എന്നീ രാജ്യങ്ങളിലെ ലോകോത്തര കളിക്കാരെ പിന്തള്ളിയാണ്, ഹോക്കി ലോകം നല്‍കിയ പരമോന്നത പുരസ്‌കാരങ്ങള്‍ക്ക് ഇന്ത്യന്‍ താരങ്ങള്‍ അര്‍ഹത നേടിയത്.
പുതുവര്‍ഷ നേട്ടങ്ങളില്‍ അഞ്ചാമത്തേത്, ഏഷ്യന്‍ ഗെയിംസ് ബോക്‌സിങ്ങ് സ്വര്‍ണജേതാവ് അമിത് പംഗലിലൂടെയാണെത്തിയത്. 2012ല്‍ വിജേന്ദര്‍സിങ്ങ് നേടിയെടുത്ത ലോക ഒന്നാം നമ്പര്‍ പദവി ഇത്തവണ അമിതിലൂടെ വീണ്ടും ഇന്ത്യക്ക് കൈവന്നു. 52 കിഗ്രാം വിഭാഗത്തിലാണ് ഇത്തവണത്തെ സൂപ്പര്‍ റേറ്റിങ്ങ്. കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ നേട്ടങ്ങളും 2019ല്‍ ലോകബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം സ്ഥാനവുമാണ് അത്യപൂര്‍വ്വമായ പദവിയിലെത്തുന്നതിന് പംഗലിന് സഹായമായത്.
അന്താരാഷ്ട്ര കായികവേദികളില്‍ നിന്നും ഇത്തവണ ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിച്ച വിലോഭനീയമായ അംഗീകാരങ്ങള്‍ ഒളിമ്പിക് വര്‍ഷത്തില്‍ രാജ്യത്തെ കായിക തയ്യാറെടുപ്പുകള്‍ക്ക് ഉത്തേജനമാകും. പരിക്കു മൂലം ഒന്നര വര്‍ഷം മത്സരരംഗത്തുനിന്നും വിട്ടുനില്‍ക്കേണ്ടിവന്ന നീരജ് ചോപ്ര, ദക്ഷിണാഫ്രിക്കയില്‍ നടന്ന അന്താരാഷ്ട്ര അത്‌ലറ്റിക് മീറ്റില്‍ 87.86 മീറ്ററിലേക്ക് ജാവലിന്‍ പായിച്ച് ഒളിമ്പിക് യോഗ്യത (യോഗ്യതാ ദൂരം 85 മീറ്റര്‍) നേടിയതും, അപ്രതീക്ഷിതമായൊരു പ്രകടനത്തിലൂടെ വനിതാവിഭാഗം 20 കി.മീ. നടത്തത്തില്‍ 11 മണിക്കൂര്‍ 29 മിനിട്ട് 54 സെക്കന്റില്‍ പൂര്‍ത്തിയാക്കിയ ഭാവനാ ജാട്ട് എന്ന പെണ്‍കുട്ടിയുടെ ഒളിമ്പിക് പ്രവേശവും പുതുവര്‍ഷത്തില്‍ നല്ല വാര്‍ത്തകളാകുന്നു. ടോക്കിയോയിലെ മഹാമാമാങ്കത്തിന് ദീപം തെളിയാന്‍ ഇനിയും സമയമേറെയുണ്ട്. ബ്രസീലിലെ റിയോയില്‍ കരിഞ്ഞ സ്വപ്‌നങ്ങള്‍ക്ക് പുനര്‍ജനിയുണ്ടാകേണ്ടതുണ്ട്. ആ ലക്ഷ്യം വച്ചു തന്നെയാകണം കഴിഞ്ഞ മൂന്നരവര്‍ഷമായി അണിയറയിലെ ഒരുക്കങ്ങളോരോന്നും. മികച്ച പശ്ചാത്തല സൗകര്യങ്ങളുടെ പിന്‍ബലത്തില്‍ സമര്‍പ്പിത മനസ്സോടെ, നിശ്ചയിക്കപ്പെട്ട പഥങ്ങളില്‍, ലക്ഷ്യത്തിലേക്ക് മാത്രം മിഴിയും മനസ്സും ഉറപ്പിച്ച് മുന്നേറാന്‍ ഏകാഗ്രതപ്പെടുന്ന നമ്മുടെ കുട്ടികള്‍ ടോക്കിയോവില്‍ വീരഗാഥകള്‍ രചിക്കുമെന്ന് തന്നെ ഉറപ്പിക്കാം.