”ജനിച്ച നാടിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള സമരത്തില്‍ അണി നിരക്കാന്‍ ജാതി മത രാഷ്ട്രീയ ഭേദമെന്യേ മുഴുവന്‍ ആളുകളെയും ക്ഷണിക്കുന്നു,” ”മതേതരത്വം സംരക്ഷിക്കുവാന്‍ ഭരണഘടനാസംരക്ഷണ റാലി.” പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളാണ് മുകളില്‍ രേഖപ്പെടുത്തിയത്. ഇത്തരം മുദ്രാവാക്യങ്ങള്‍ മുഴക്കിയും പോസ്റ്ററുകള്‍ ഒട്ടിച്ചും കൊച്ചു കുട്ടികള്‍ മുതല്‍ ചെറിയ കുട്ടികളോടൊത്ത് അമ്മമാര്‍ വരെ സമരരംഗത്താണ്. ഇവരാരും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ അനുഭാവികളോ പ്രവര്‍ത്തകരോ അല്ല. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രവര്‍ത്തകരോ ആ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മോദിയുടെ ആരാധകരോ അല്ല. തികച്ചും ബി.ജെ.പി. വിരുദ്ധര്‍, ആര്‍.എസ്.എസ്.വിരുദ്ധര്‍ ഒരു കാലത്തും ബി.ജെ.പി.യുടെ ഒരു നയത്തെയും അംഗീകരിക്കാത്തവര്‍. രാഷ്ട്രീയാന്ധതയുടെ പേരില്‍ ഒരു കാലത്ത് മോദിക്കെതിരെ അയിത്തം പ്രഖ്യാപിച്ചവരാണ് സമരരംഗത്ത് ഉള്ളത്.
കേന്ദ്രത്തില്‍ ബി.ജെ.പി. നേതൃത്വത്തില്‍ ഭരണം നിലവില്‍ വന്നാല്‍ ഈ രാജ്യത്ത് താമസിക്കുവാന്‍ താല്‍പര്യമില്ലെന്ന് പ്രഖ്യാപിച്ചവരടക്കം സമരരംഗത്തുണ്ട്. ഭരണം നഷ്ടപ്പെട്ടതില്‍ നെട്ടോട്ടമോടുന്ന പാര്‍ട്ടികളും അഴിമതി നടത്തിയ കാരണം ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരും സമരത്തിലുണ്ട്. കടുത്ത തീവ്രവാദികളും ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കാത്ത, ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കാത്ത, തുല്യ നീതിയില്‍ വിശ്വസിക്കാത്ത, ഏകീകൃത സിവില്‍ നിയമത്തെ എതിര്‍ക്കുന്ന, മതപരമായ പ്രത്യേക അവകാശങ്ങള്‍ മതാടിസ്ഥാനത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പലരും സമരരംഗത്തുണ്ട്. സമരക്കാര്‍ക്ക്, അതുകൊണ്ടുതന്നെ അറിയാത്ത ഒരു കാര്യം തങ്ങള്‍ എന്തിനുവേണ്ടിയാണ് സമരം ചെയ്യുന്നതെന്നാണ്. പക്ഷെ അവര്‍ക്ക് ഒരു കാര്യം അറിയാം, സമരം മോദിക്കും അമിത്ഷാക്കും എതിരാണെന്ന്, ആര്‍.എസ്.എസ്സിനും ബി.ജെ.പി.ക്കും എതിരാണെന്ന്. ചുരുക്കത്തില്‍ ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ നടക്കുന്ന സമരാഭാസം മോദി ഭരണകൂടത്തിനെതിരെ നിലനില്‍ക്കുന്ന പകയുടെയും വെറുപ്പിന്റെയും എതിര്‍പ്പിന്റെയും അണപൊട്ടിയൊഴുകുന്ന വിദ്വേഷത്തിന്റെ വിഷപ്പുകയാണ്. ആ പുകയേറ്റ് ആരൊക്കെ കരിയുമെന്ന് പ്രവചിക്കുവാന്‍ അസാധ്യം. ഈ സമരം ഇനിയും തുടരണോ, നാടിന്റെ പൊതു മുതല്‍ നശിപ്പിച്ചും പ്രതിച്ഛായ തകര്‍ത്തും മതാടിസ്ഥാനത്തിലുള്ള ഭിന്നത വളര്‍ത്തിയും കൈവിട്ടുപോകാന്‍ സാധ്യതയുള്ള വന്‍ വിപത്തിന്റെ വിത്തുകള്‍ വിതറിയും നടത്തുന്ന ഈ സമരം എന്തിനാണെന്ന് ജനങ്ങളോട് കാര്യകാരണസഹിതം വിശദീകരിക്കാന്‍ സമരനേതാക്കന്മാര്‍ക്ക് ബാധ്യതയുണ്ട്. ആ ബാധ്യതയില്‍ നിന്ന് ഒളിച്ചോടി പൗരത്വ ഭേദഗതി നിയമത്തിലൂടെ ഇന്ത്യന്‍ ഭരണഘടന അപകടത്തിലാക്കിയെന്നും മതേതരത്വം ബി.ജെ.പി. സര്‍ക്കാര്‍ വിഴുങ്ങിയെന്നും പ്രചരിപ്പിച്ച് കൊച്ചുകുട്ടികളുടെ മനസ്സിലടക്കം തങ്ങളെ പാക്കിസ്ഥാനിലേക്ക് മോദി സര്‍ക്കാര്‍ നാടുകടത്തുമെന്ന തരത്തിലുള്ള ഭീതി പരത്തുകയാണ് സമരക്കാര്‍ ചെയ്യുന്നത്. ഭാരതം കണ്ട ഏറ്റവും വലിയ സമരാഭാസമാണ് പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്നത്. വാസ്തവത്തില്‍ ദേശീയ ചിന്താഗതിക്കെതിരെ ഇന്ത്യയില്‍ രൂപം കൊള്ളുന്ന വന്‍ വിപത്തിലേക്കാണ് ഈ സമരം വിരല്‍ ചൂണ്ടുന്നത്. രാജ്യത്തിന്റെ മതേതരത്വം ഭാവിഭാരതത്തില്‍ അപകടത്തിലാണെന്നതിന്റെ ഒരു ചൂണ്ടുവിരല്‍ കൂടിയാണ് ഈ സമരം. കണ്ണുള്ളവര്‍ ഇത് കാണുന്നത് നല്ലതാണ്. കാതുള്ളവര്‍ ദേശസ്‌നേഹികളുടെ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുന്നത് നല്ലതാണ്.
ഇത്രയും എഴുതിയത് രാജ്യത്തിലെ ചിന്താധാരക്ക് സംഭവിച്ച അല്ലെങ്കില്‍ സംഭവിപ്പിച്ച നേര്‍ക്കാഴ്ചയുടെ ഇല്ലായ്മയെ കുറിച്ചാണ്. സത്യത്തില്‍ 2019 ലെ പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമാണോ? മതേതരത്വത്തിന് വിരുദ്ധമാണോ ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ബാധിക്കുന്നതാണോ? ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാണോ? ഈ ഭേദഗതി നിയമം ഇന്ത്യന്‍ ഭരണഘടനക്ക് വല്ല അപകടവും വരുത്തിവെച്ചിട്ടുണ്ടോ? മതേതര ഭാരതത്തിന്റെ ശാശ്വത മൂല്യങ്ങള്‍ക്ക് വിരുദ്ധമാണോ പരാമര്‍ശത്തിലുള്ള ഭേദഗതി നിയമം? ഇത്തരം വിഷയങ്ങളിലേക്ക് നിയമത്തിന്റെ പിന്‍ബലത്തോടെ ഒരു തിരിഞ്ഞുനോട്ടം, അത്രമാത്രം, അതേ ലക്ഷ്യം വെക്കുന്നുള്ളൂ. ആരെയും അപമാനിക്കുവാനോ എതിര്‍ക്കുവാനോ ഉദ്ദേശിക്കുന്നില്ല. രാജ്യത്തിന്റെ ഭൗതികമണ്ഡലത്തെ വഴി തെറ്റിക്കുന്ന നെറികേടിനെതിരെയുള്ള ഒരു പ്രതിഷേധം, ആത്മരോദനം, അത്രമാത്രം.
ഒരു മതത്തിന്റെ പിന്‍ബലമില്ലാതെ ഇന്ത്യയില്‍ അനാദിയായി നദികളെയും പുഴകളെയും വനങ്ങളെയും സകല ജീവജാലങ്ങളെയും തഴുകി തലോടിയൊഴുകുന്ന ശാശ്വത മൂല്യങ്ങളുടെ ധാര്‍മിക ചിന്തയില്‍ നിന്നാണ് ഈ രാജ്യത്ത് സര്‍വ്വധര്‍മ്മ സമഭാവനയും സര്‍വ്വജീവജാല സംരക്ഷണ ചിന്തയും വളര്‍ന്നുവന്നത്. ഗംഗയാര്‍ ഒഴുകുന്ന എന്റെ നാട്ടിലെ മണ്ണിനെയും നദിയെയും നീര്‍തടങ്ങളെയും മനുഷ്യരെയും മരങ്ങളെയും ജീവജാലങ്ങളെയും ഞാന്‍ ആരാധിക്കുന്നു. ഒന്നിലും ഭേദചിന്ത കാണാന്‍ കഴിയുന്നില്ല. പൂജക്കുള്ള തുളസിയില പോലും പറിച്ചെടുക്കുവാന്‍ കഴിയാതെ, ആ പറിച്ചെടുക്കലിലൂടെ തുളസിയിലയെ നോവിക്കുകയാണെന്ന ചിന്തയിലൂടെ പൊട്ടിക്കരയാറുണ്ടായിരുന്നു. ശ്രീരാമകൃഷ്ണന്റെ ചിന്താധാരക്ക് വെള്ളവും വളവും നല്‍കിയ ആ ചിന്താധാരയാണ് ഇന്ത്യയുടെ സംസ്‌കൃതി. അതുതന്നെയാണ് ഇന്ത്യാരാജ്യത്തെ ഇന്നും മതേതര രാഷ്ട്രമാക്കി നിലനിര്‍ത്തുന്നത്. ആ മതേതരത്വ ചിന്തയെ അല്ലെങ്കില്‍ സര്‍വ്വ ധര്‍മ്മ സമഭാവനയെ സംരക്ഷിച്ചുകൊണ്ടുതന്നെയാണ് പൗരത്വഭേദഗതി നിയമം ഉണ്ടാക്കിയിട്ടുള്ളത്.
എവിടെയാണ് പൗരത്വ നിയമഭേദഗതി നിയമത്തില്‍ അപാകത അല്ലെങ്കില്‍ ഏതെങ്കിലും ഇന്ത്യക്കാര്‍ക്കെതിരെയുള്ള വിവേചനം. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന സമയം ഇന്ത്യയിലെ പൗരന്മാര്‍ ആരൊക്കെയാണെന്ന് ഭരണഘടനയുടെ പാര്‍ട്ട് കക 5 മുതല്‍ 8 വരെയുള്ള ആര്‍ട്ടിക്കിളില്‍ വ്യക്തമാക്കുന്നുണ്ട്. മതത്തിന്റെ പേരില്‍ രാഷ്ട്രത്തെ വിഭജിച്ച് പാക്കിസ്ഥാന്‍ എന്നൊരു രാജ്യം ഏതാണ്ട് 15 ലക്ഷത്തോളം പേരുടെ ജീവനൊടുക്കി നേടിയെടുത്ത ശേഷം അവശേഷിച്ച ഭാരതത്തിലെ പൗരന്മാര്‍ ആരൊക്കെയാണെന്ന് നിശ്ചയിച്ച ഭരണഘടനാ നിര്‍മ്മാണ സഭയില്‍ മഹാഭൂരിപക്ഷവും ഹിന്ദുക്കളായിരുന്നു. അവരാരും ഇന്ത്യയിലെ പൗരന്മാര്‍ ഹിന്ദുക്കള്‍ മാത്രമായിരിക്കുമെന്നോ ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമായിരിക്കുമെന്നോ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടില്ല. ഭരണഘടനക്ക് ഭാരത ഭരണഘടന എന്ന പേര് പോലും നല്‍കിയിട്ടില്ല. മറിച്ച് ഇന്ത്യന്‍ ഭൂപ്രദേശത്തെ നിര്‍വ്വഹിക്കുന്ന പാര്‍ട്ട് I ആര്‍ട്ടിക്കിള്‍ 1 ല്‍ India, that is Bharat, shall be a union of states എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭാരതമെന്ന പേര് പോലും ഭരണഘടനക്ക് നല്‍കാതിരുന്നത് മതേതര ചിന്താഗതി കൊണ്ടോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ആയിരിക്കാം. എന്തായാലും ഇന്ത്യന്‍ ഭരണഘടന ഇപ്പോഴും ഇന്ത്യന്‍ ഭരണഘടന എന്ന പേരില്‍ തന്നെ പരമാധികാര മതേതര സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക്കായി തന്നെ നിലനില്‍ക്കുന്നു. പാകിസ്ഥാന്‍ മതാധിഷ്ഠിത രാജ്യമായി പില്‍ക്കാലത്ത് മാറി. ഹിന്ദുക്കള്‍ അവിടെ രണ്ടാംകിട പൗരന്‍മാരായി; അവര്‍ ക്രൂശിക്കപ്പെട്ടു, അപമാനിക്കപ്പെട്ടു, ബലാല്‍സംഗത്തിനിരയായി, അവിടെ ക്ഷേത്രങ്ങള്‍ നിരവധി തകര്‍ക്കപ്പെട്ടു. അവരുടെ മതവിശ്വാസം പോലും ചോദ്യം ചെയ്യപ്പെട്ടു. 23 ശതമാനം ഉണ്ടായിരുന്നവര്‍ ക്രമേണ ക്രമേണ കുറഞ്ഞു. വംശനാശത്തിന്റെ വക്കിലെത്തി. ഇന്ത്യയിലെ ഒരു മതേതര വാദിയും പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ക്കുവേണ്ടി കരഞ്ഞില്ല. സമരമുഖത്ത് വന്നില്ല. പ്രതിഷേധിച്ചില്ല, ആയിരക്കണക്കിന് ഹിന്ദുക്കള്‍ പെണ്‍മക്കളെയും കൊണ്ട് അതിര്‍ത്തി കടന്ന് പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും അഭയാര്‍ത്ഥികളായി ഇന്ത്യയിലേക്ക് വന്നപ്പോള്‍, ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളെ പാക്കിസ്ഥാനില്‍ സംരക്ഷിക്കാമെന്ന കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചപ്പോള്‍ ആരും പ്രതിഷേധിച്ചില്ല. മാത്രമോ വര്‍ഷങ്ങളായി ഇന്ത്യയില്‍ വോട്ടവകാശം പോലും ഇല്ലാതെ അഭയാര്‍ത്ഥികളായി വന്ന ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായില്ല. ഇന്ത്യയെ വിഭജിച്ചതിന് പാക്കിസ്ഥാന്‍ ഭൂപ്രദേശത്ത് താമസിച്ചിരുന്ന ഹിന്ദുക്കള്‍ കാരണക്കാരല്ല. മാതാടിസ്ഥാനത്തില്‍ മതഭക്തന്മാരും രാഷ്ട്രീയക്കാരും ചേര്‍ന്ന് രാജ്യം വെട്ടിമുറിച്ചപ്പോള്‍ നൂറ്റാണ്ടുകളായി തങ്ങള്‍ ജീവിച്ചിരുന്ന നാട്ടില്‍ വിഭജനത്തിനുശേഷം തങ്ങള്‍ക്ക് സുരക്ഷിത ജീവിതം നയിക്കാമെന്ന വിശ്വാസത്തോടെ പാക്കിസ്ഥാന്‍ ഭൂപ്രദേശത്ത് താമസിച്ച ഹിന്ദുക്കളാണ് അഭയാര്‍ത്ഥികളായി വന്നത്. അവന്റെ പൂര്‍വ്വികന്റെ മണ്ണിലേക്കാണ് അവര്‍ വന്നത്. ഗംഗയും യമുനയും കാവേരിയും ഒഴുകുന്ന നാട്ടിലേക്കാണ് അവര്‍ വന്നത്.അവര്‍ക്ക് പൗരത്വം കൊടുക്കുന്നതില്‍ എന്താണ് തെറ്റ്. ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ തിരഞ്ഞെടുപ്പിനെ നേരിട്ട തിരഞ്ഞെടുപ്പ് വാഗ്ദത്ത പത്രത്തില്‍ പറഞ്ഞ കാര്യമാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിയത്. പാര്‍ലമെന്റിന്റെ ഇരുസഭകളും ഭൂരിപക്ഷ അംഗങ്ങളുടെ അംഗീകാരത്തോടെയാണ് ബില്ല് പാസാക്കിയത്. അത്തരം പൗരത്വ ഭേദഗതി ബില്‍ പാസാക്കുവാന്‍ കേന്ദ്രഗവണ്‍മെന്റിന് മാത്രമെ അധികാരമുള്ളൂ. ഇന്ത്യാ രാജ്യത്തിലേക്ക് കയ്യേറ്റക്കാര്‍ എന്ന നിലക്കോ അഭയാര്‍ത്ഥികള്‍ എന്ന നിലക്കോ, മറ്റെന്തെങ്കിലും കാരണത്താല്‍ വരുന്നവര്‍ക്കോ പൗരത്വം നല്‍കണമെങ്കില്‍ അതിനുള്ള അധികാരം കേന്ദ്രസര്‍ക്കാറിന് മാത്രമാണ്. പൗരത്വം നല്‍കുന്നത് സംബന്ധിച്ച് നിയമം നിര്‍മ്മിക്കുവാനും റൂള്‍സ് ഉണ്ടാക്കുവാനും വിദേശ പൗരന്മാര്‍ ആരൊക്കെയാണെന്ന് നിര്‍വ്വചിക്കുവാനും വിദേശപൗരന്മാര്‍ ഇന്ത്യയില്‍ അനധികൃതമായി താമസിച്ചാല്‍ അവരെ എങ്ങനെയാണ് നേരിടേണ്ടത് അല്ലെങ്കില്‍ കൈകാര്യം ചെയ്യേണ്ടത് എന്ന കാര്യം സംബന്ധിച്ച നിയമം നിര്‍മ്മിക്കുവാനുമുള്ള ഏക അധികാരം ഇന്ത്യന്‍ പാര്‍ലിമെന്റിനാണ്. ആ അധികാരം ഉപയോഗിച്ച് ഉണ്ടാക്കുന്ന നിയമം നടപ്പിലാക്കുവാന്‍ കോടതികള്‍ പോലും ബാധ്യസ്ഥരാണ്. പൗരത്വം നല്‍കുന്നതിനെ സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെന്ന് ഇന്ത്യയിലെ കോടതികള്‍ പല വിധികളിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ പൗരന്‍മാരെ ഒരു വിധത്തിലും ബാധിക്കുന്നതല്ല പൗരത്വ ഭേദഗതി നിയമം. ഇന്ത്യയിലെ ഒരു പൗരന്റെയും പൗരത്വം നിയമപ്രകാരം ദുര്‍ബലപ്പെടുന്നില്ല. സ്വാഭാവിക പൗരന്മാരുടെ (Natural citizens) പൗരത്വം എടുത്തുകളയാനോ ദുര്‍ബലപ്പെടുത്താനോ ഭരണകൂടത്തിന് അധികാരമില്ല. ഒരു സ്വാഭാവിക ഇന്ത്യന്‍ പൗരന്റെ പൗരത്വം ദുര്‍ബലപ്പെടുത്തുവാന്‍ ആര്‍ക്കും അധികാരമില്ല. ഒരു സ്വാഭാവിക ഇന്ത്യന്‍ പൗരന്‍ ഏത് മതത്തില്‍ പെട്ടാലും ശരി അവന്‍ ഇന്ത്യന്‍ പൗരനായി തുടരുന്ന കാലത്തോളം അവന്റെ പൗരത്വം ഇല്ലാതാകില്ല, ദുര്‍ബലപ്പെടുത്താന്‍ കഴിയുകയുമില്ല.
ഇന്ത്യന്‍ ഭരണഘടനയിലെ പാര്‍ട്ട് II 5 മുതല്‍ 11 കൂടിയ ആര്‍ട്ടിക്കിള്‍ പൗരത്വത്തെ സംബന്ധിച്ചുള്ളതാണ്. ആര്‍ട്ടിക്കിള്‍ 5 പ്രകാരം ഭരണഘടന നിലവില്‍ വന്ന സമയം ഇന്ത്യയില്‍ സ്ഥിരം താമസിക്കുന്നവരും അല്ലെങ്കില്‍ 5 വര്‍ഷം മുമ്പ് മുതല്‍ ഇന്ത്യയില്‍ താമസിക്കുന്നവരും ഇന്ത്യന്‍ പൗരന്മാരാണ്. അവര്‍ Natural citizen എന്ന വിഭാഗത്തില്‍ പെട്ടവരാണ്. ചുരുക്കം ചിലരൊഴിച്ച് ഭരണഘടന നിലവില്‍ വന്ന സമയം ഇന്ത്യയില്‍ സ്ഥിരം താമസമാക്കിയവരും അവരുടെ സന്താനങ്ങളും പാക്കിസ്ഥാന്‍ ഭൂപ്രദേശത്തുനിന്ന് പലായനം ചെയ്തവരും വിഭജനത്തിനു മുമ്പുള്ള ഭാരതത്തില്‍ ജനിച്ചവരുടെ മക്കളും മരുമക്കളും മറ്റും പൗരത്വത്തിന് അവകാശമുള്ളവരാണ്. ഭരണഘടന ഷെഡ്യൂള്‍ VII പാര്‍ട്ട് I പ്രകാരമുള്ള യൂണിയന്‍ ലിസ്റ്റില്‍ പ്രതിപാദിച്ച പൗരത്വ സംബന്ധമായ നിയമനിര്‍മ്മാണത്തിന് ഭരണഘടന ആര്‍ട്ടിക്കിള്‍ കക പ്രകാരം കേന്ദ്രസര്‍ക്കാറിന് മാത്രമെ അധികാരമുള്ളൂ.
പ്രസ്തുത അധികാരം ഉപയോഗിച്ച് പാര്‍ലിമെന്റ് പാസാക്കിയ പൗരത്വ നിയമം 1955 ല്‍ നിലവില്‍ വന്നു. പില്‍ക്കാലത്ത് മാറ്റങ്ങള്‍ക്ക് വിധേയമായ പൗരത്വ നിയമത്തിന് ഏത് വിഭാഗത്തില്‍ പെട്ടവരായാലും പൗരത്വത്തിന് അപേക്ഷ നല്‍കാന്‍ അവര്‍ക്ക് അധികാരമുണ്ട്. കയ്യേറ്റക്കാര്‍ക്കുപോലും നിയമം വ്യവസ്ഥ ചെയ്യുന്ന,വ്യവസ്ഥകള്‍ക്ക് വിധേയമായി പൗരത്വത്തിന് അപേക്ഷ നല്‍കാവുന്നതും, അപേക്ഷകള്‍ നിയമപ്രകാരമുള്ള വിചിന്തനത്തിന് വിധേയമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അനുവദിക്കുവാനും തള്ളുവാനും അധികാരമുണ്ട്. പക്ഷെ അത്തരം പൗരന്മാര്‍ Citizen by Registration ആയിരിക്കും.
എന്നാല്‍ 2019 ല്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതി പ്രകാരം 31-12-2014 നോ അതിന് മുമ്പോ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെട്ടവരെ അനധികൃത കയ്യേറ്റക്കാരായി കണക്കാക്കാതെ അവര്‍ക്ക് നിയമപ്രകാരമുള്ള നടപടിക്കുശേഷം പൗരത്വം നല്‍കുന്നതും അത്തരം പൗരന്മാരെ ഇന്ത്യന്‍ പൗരന്മാരായി കണക്കാക്കുന്നതുമാണ്.
എത്രയോ മുമ്പ് ഇത്തരത്തിലുള്ള ഒരു പൗരത്വ ഭേദഗതിയിലൂടെ അവര്‍ക്ക് പൗരത്വം നല്‍കാതെ കുറ്റകരമായ ഭരണകൂടത്തിന്റെ തെറ്റ് തിരുത്തുക മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഇത്തരക്കാര്‍ക്ക് പൗരത്വം നല്‍കുന്ന നിയമഭേദഗതിയിലൂടെ ഇനി ഒരിക്കലും പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തുന്നതില്‍ നിന്നോ, അല്ലെങ്കില്‍ മറ്റു മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്കും പൗരത്വം നല്‍കുന്നതില്‍ നിന്നോ കേന്ദ്രസര്‍ക്കാര്‍ എന്നന്നേക്കുമായി പിന്‍തിരിഞ്ഞുവെന്ന് അര്‍ത്ഥമാക്കേണ്ടതില്ല. ഇത്തരം ഒരു സാഹചര്യം അനിവാര്യമാണെന്നും നടപ്പിലാക്കാമെന്നും കേന്ദ്രസര്‍ക്കാറിന് ബോധ്യപ്പെട്ടാല്‍ ഇനിയും കയ്യേറ്റക്കാര്‍ക്കോ അഭയാര്‍ത്ഥികള്‍ക്കോ പൗരത്വം നല്‍കാന്‍ സര്‍ക്കാറിന് സാധിക്കും. എന്നാല്‍ പൗരത്വ നിയമം പാസാക്കിയതുകൊണ്ട് മാത്രം കാര്യമില്ല. 1971 ലോ അതിന് മുമ്പോ ആസാമില്‍ കുടിയേറിയവര്‍ക്കും പൗരത്വം നല്‍കണമെന്ന പൗരത്വ ഭേദഗതി നിയമം ഇതുവരെ ആസാമില്‍ നടപ്പാക്കുവാന്‍ സാധിച്ചിട്ടില്ല. ഏതാണ്ട് 17 ലക്ഷത്തോളം ആളുകള്‍ കയ്യേറ്റക്കാര്‍ എന്ന നിലയില്‍ ആസാമിലെ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്താണ്. അവരെയൊന്നും കുടിയിരുത്തുവാന്‍ ആസാമിലെ ജനങ്ങള്‍ അനുവദിക്കുന്നില്ല. ഭേദഗതിക്ക് മുമ്പുള്ള പൗരത്വ നിയമത്തിലുള്ള വകുപ്പുകള്‍ പ്രകാരവും എല്ലാ വിഭാഗം ജനങ്ങള്‍ക്കും പൗരത്വം അര്‍ഹതപ്പെട്ടവരെങ്കില്‍ നല്‍കാനുള്ള വ്യവസ്ഥയുണ്ട്. ആ വ്യവസ്ഥകള്‍ ഇപ്പോഴും നിലവിലുണ്ട്.
എതിര്‍ക്കുന്നവര്‍ വാദിക്കുന്നത് പൗരത്വഭേദഗതി ‘ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്നാണ്; പ്രത്യേകിച്ച് ഭരണഘടനയിലെ Equal Justice നെ സംബന്ധിച്ച് വ്യവസ്ഥയുള്ള ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമാണെന്നാണ്. എന്നാല്‍ ഇന്ത്യന്‍ ‘ഭരണഘടനയിലെ ആമുഖ പ്രകാരം ‘ഭരണഘടന ഇന്ത്യന്‍ പൗരന്മാര്‍ അവര്‍ക്കുവേണ്ടി ഉണ്ടാക്കി, അവര്‍ക്കുവേണ്ടി സമര്‍പ്പിച്ചിട്ടുള്ളതാണ്. ‘ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വേണ്ടിയുള്ളതാണ്. ഇന്ത്യയില്‍ താമസിക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് മൗലികാവകാശങ്ങളുടെ പരിരക്ഷക്ക് അര്‍ഹതയില്ല. മൗലികാവകാശങ്ങളുടെ പട്ടികയിലെ Right to Equality Article 14, 15, 16 എന്നിവകൂടി വായിച്ചിട്ടുവേണം വ്യാഖ്യാനിക്കാന്‍. ആര്‍ട്ടിക്കിള്‍ 14 ഭരണകൂടം എല്ലാ വ്യക്തികള്‍ക്കും(Person തുല്യ നീതിയും സംരക്ഷണവും ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 14 ലെ Person ഉം Citizen ഉം തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും സുപ്രീം കോടതിയുടെ വിധികള്‍ പ്രകാരം ആര്‍ട്ടിക്കിള്‍ 14 ലെ Person എന്ന വാക്ക് Citizen എന്ന നിലയില്‍ കണക്കാക്കണമെന്നാണ് പ്രസ്താവിച്ചു കാണുന്നത്. അപ്പോള്‍ പൗരനല്ലാത്ത ഒരു വ്യക്തിക്ക് നിയമപരമായ തുല്യതക്ക് അര്‍ഹതയുണ്ടോ എന്ന കാര്യം പരിശോധിക്കുമ്പോള്‍ കയ്യേറ്റക്കാര്‍ പൗരന്മാര്‍ അല്ല, അവര്‍ Indian Citizen എന്ന പരിധിയില്‍ വരാത്തവരാണ്. അവര്‍ ക്കുവേണ്ടി തുല്യ നീതി നടപ്പാക്കുവാന്‍ സാധിക്കുമോ? ഇന്ത്യന്‍ പൗരന്മാര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുവാനും ഇലക്ടറല്‍ കാര്‍ഡിനും അര്‍ഹതയുണ്ട്. അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ വിദേശികള്‍ക്ക് മത്സരിക്കുവാന്‍ അവകാശമില്ല, വോട്ടവകാശമില്ല. അനധികൃതമായി സ്വത്ത് വാങ്ങാന്‍ അവകാശമില്ല. പാസ്‌പോര്‍ട്ടും വിസയുമില്ലാതെ ഇന്ത്യയില്‍ സന്ദര്‍ശിക്കുവാന്‍ അര്‍ഹതയില്ല. അനധികൃതമായി താമസിക്കുന്ന ഒരു വ്യക്തിക്ക് മൗലികാവകാശത്തിന് അര്‍ഹതയില്ലെങ്കില്‍ ആര്‍ട്ടിക്കിള്‍ 14, 15, 16 തുടങ്ങിയ മൗലികാവകാശങ്ങള്‍ വിദേശികള്‍ക്ക് ബാധകമല്ല. അതിനാല്‍ 2019 ലെ പൗരാവകാശ ഭേദഗതി നിയമം മൗലികാവകാശ ലംഘനമാണെന്ന വ്യാഖ്യാനം തികച്ചും തെറ്റാണ്. അല്ലാത്ത പക്ഷം നാളെ രാഷ്ട്രപതി സ്ഥാനത്തേക്ക് വിദേശ പൗരന് മത്സരിക്കുവാന്‍ അവകാശമുണ്ടെന്ന് പറയേണ്ടിവരും. സ്വദേശിക്കും വിദേശിക്കും ഒരു രാജ്യത്തുള്ള അവകാശങ്ങളും നിയമപരമായ അവകാശങ്ങളും ഒട്ടുമിക്ക കാര്യങ്ങളിലും വ്യത്യസ്തമാണ്. മാത്രമല്ല, മൗലികാവകാശങ്ങളുടെ പട്ടികയില്‍ തന്നെ ഇന്ത്യന്‍ ഭരണഘടനയില്‍ ന്യൂനപക്ഷ വിവേചനം നിലനില്‍ക്കുന്നുണ്ട്. അതൊന്നും ആരും കാണുന്നില്ല. ഹതഭാഗ്യരായ കുറെയേറെ മതസ്ഥര്‍ക്ക് പൗരത്വം നല്‍കുമ്പോള്‍ അവരെ കയ്യേറ്റക്കാരുടെ കൂടെ ചേര്‍ന്ന് കയ്യേറ്റക്കാര്‍ക്കും പൗരത്വം നല്‍കണമെന്ന് വാശി പിടിക്കുന്നത് തെറ്റാണ്. സമരം നടത്തുന്നവര്‍ ഇന്ത്യക്ക് വേണ്ടിയല്ല സമരം നടത്തുന്നത്. തങ്ങള്‍ക്ക് തുല്യ നീതി കിട്ടുമെന്ന പൊള്ളയായ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് പാക്കിസ്ഥാനില്‍ താമസിച്ചവരാണ് ഇപ്പോള്‍ ഗതികിട്ടാപ്രേതങ്ങളെപ്പോലെ പീഡനം സഹിക്കുവാന്‍ കഴിയാതെ ഇന്ത്യയിലേക്ക് ഓടിപ്പോന്ന ഹിന്ദു, സിഖ് ന്യൂനപക്ഷങ്ങള്‍. അവര്‍ക്കൊക്കെ പൗരത്വം ‘ഇന്ത്യ’ എന്ന ‘ഭാരതത്തിന് മാത്രമെ നല്‍കാന്‍ സാധിക്കൂ. അതിന്റെ അടിസ്ഥാനത്തില്‍ സമരം നടത്തുന്നവരുടെ ലക്ഷ്യം ഇന്ത്യയില്‍ അഭ്യന്തര കലാപം ഉണ്ടാക്കി ഇന്ത്യയെ ശിഥിലമാക്കുകയാണ്.
ആ ശിഥിലീകരണ പ്രവണതയുടെ തുടക്കമാണ് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമഭേദഗതിയും പൗരത്വ രജിസ്റ്റര്‍ പ്രകാരമുള്ള പ്രവൃത്തികളും കേരള, പശ്ചിമബംഗാള്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിമാരുടെ പ്രസ്താവനകള്‍.
വാസ്തവത്തില്‍ ഭരണഘടനയും നിയമവും സംരക്ഷിക്കുമെന്ന് സത്യപ്രസ്താവന ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രിമാര്‍ തന്നെ അതിന് വിരുദ്ധമായി പ്രസ്താവന ഇറക്കുന്നത് അങ്ങേയറ്റം ഖേദകരവും ‘ഭരണഘടനാ വിരുദ്ധവുമാണ്.
ഇന്ത്യ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 256 പ്രകാരം കേന്ദ്രസര്‍ക്കാര്‍ പാസാക്കുന്ന നിയമങ്ങള്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കുവാനും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഉചിതമായ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുവാനും സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍ ഒരു രാജ്യത്തിലെ പൗരന്മാര്‍ ആരൊക്കെയാണെന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കുന്ന നിയമം മനഃപൂര്‍വ്വം നടപ്പാക്കാതെ കുറ്റകരമായ അനാസ്ഥ കാണിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ ചോദ്യം ചെയ്യുകയും ഇന്ത്യയെ തന്നെ ശിഥിലമാക്കുകയും ചെയ്യുന്ന ഗുരുതരമായ ഭരണഘടനാ ലംഘനമാണ് നടത്തുന്നത്. അത്തരക്കാരില്‍ നിന്നാണ് രാജ്യത്തെ രക്ഷിക്കേണ്ടത്. അല്ലാതെ പൗരത്വ ഭേദഗതി നിയമപ്രകാരം നിഴലിനോട് യുദ്ധം ചെയ്യുകയല്ലാ വേണ്ടത്; അനാവശ്യമായി സൈ്വര്യജീവിതം തകര്‍ക്കുകയല്ല വേണ്ടത്. എല്ലാ കാലത്തും എല്ലാവരും കയ്യും കെട്ടി നോക്കി നിന്ന ചരിത്രം ‘ഭാരതത്തിന് ഇല്ല. ഭരണഘടന പ്രതിസന്ധി ഏതെങ്കിലും സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാത്ത കാരണം ഉണ്ടായതായി പ്രസിഡന്റിന് ബോധ്യം വന്നാല്‍ സ്ഥിതി മോശമാവും. എസ്.ആര്‍.ബൊമ്മെ കേസില്‍ സുപ്രീം കോടതി വിലയിരുത്തിയ പ്രകാരം അത്തരം ഒരു സാഹചര്യം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ‘ഭരണഘടനാപ്രതിസന്ധിയായി കണക്കാക്കി സംസ്ഥാന സര്‍ക്കാറുകളെ പിരിച്ചുവിടാനും പ്രസിഡന്റ് ‘ഭരണം ഉറപ്പിക്കുവാനും ‘ഭരണഘടനയില്‍ വ്യവസ്ഥയുണ്ടെന്ന കാര്യം ഓര്‍ക്കുക വല്ലപ്പോഴും.