വില്യം ഷേക്‌സ്പിയറിന്റെ അനശ്വര പ്രണയകഥയിലെ നായകനായ റോമിയോ എന്ന പേരാണ് ഇന്ന് ലോകത്തെ ഏറ്റവും മികച്ച ആക്രമണ ഹെലികോപ്ടറായ സികോര്‍സ്‌കി എംഎച്ച് 60- സീഹോക്കിന് പ്രതിരോധ നിര്‍മ്മാതാക്കളായ ലോക്ഹീഡ് മാര്‍ട്ടിന്‍ നല്‍കിയിരിക്കുന്ന പേര്. ലോകത്ത് അമേരിക്ക കൂടാതെ മൂന്നു രാജ്യങ്ങള്‍ മാത്രമാണ് ഈ ഹെലികോപ്ടര്‍ ഉപയോഗിക്കുന്നത്. ഡോണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തില്‍ ഒപ്പുവച്ച 3 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാര്‍ പ്രകാരം 2021 ആകുമ്പോഴേക്കും കരാറിലുള്ള 24 ഹെലികോപ്ടറുകളില്‍ ആറെണ്ണം ഇന്ത്യന്‍ നാവികസേനയ്ക്ക് സ്വന്തമാകും.
കഴിഞ്ഞ 14 വര്‍ഷത്തിനിടെ നാവികസേനയുടെ വ്യോമവിഭാഗത്തില്‍ വിദേശത്തു നിന്നുള്ള വാങ്ങലുകള്‍ കാര്യമായി ഉണ്ടായിട്ടില്ല. 2006-07 ലാണ് നാവികസേനയുടെ സീ കിങ് ഹെലികോപ്ടറുകള്‍ കാലപ്പഴക്കം ചെന്നതിനാല്‍ പുതിയ വിവിധോദ്ദേശ്യ ഹെലികോപ്ടറുകള്‍ വാങ്ങാനായി പ്രതിരോധവാങ്ങല്‍ കമ്മിറ്റി തീരുമാനമെടുത്തത്. എന്നാല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും പ്രതിരോധമന്ത്രിയായിരുന്ന എ.കെ ആന്റണിയുടെയും മെല്ലെപ്പോക്ക് കാരണം പുതിയ നടപടിയൊന്നും ഉണ്ടായില്ല. ആദ്യം 16 ഹെലികോപ്ടറുകള്‍ മേടിക്കാനാലോചിച്ചു, പിന്നീട് നിലവിലുള്ള യുഎച്ച്3എച്ച് സികോര്‍സ്‌കി സീ കിങ് ഹെലികോപ്ടറുകള്‍ തന്നെ ആധുനികവത്കരിക്കുന്നതിന്റെ സാധ്യത ആലോചിച്ചു, അവസാനമാണ് പുതിയത് വാങ്ങിക്കാന്‍ തീരുമാനിച്ചത്. അപ്പോഴേക്കും നീണ്ട അഞ്ച് വര്‍ഷങ്ങള്‍ കടന്നു പോയിരുന്നു.
അഞ്ച് വര്‍ഷത്തെ അടയിരിക്കലിനു ശേഷം യൂറോപ്യന്‍ കമ്പനിയായ എന്‍എച് ഇന്‍ഡസ്ട്രീസിന്റെ എന്‍എച് 90, സികോര്‍സ്‌കി എസ് 70 ബി എന്നീ ഹെലികോപ്ടറുകളെ പരിഗണിച്ചു. അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടപാടിലെ അഴിമതി (എന്‍എച്ച് ഇന്‍ഡസ്ട്രീസില്‍ അഗസ്റ്റയ്ക്ക് ഓഹരിയുണ്ടായിരുന്നു) കാരണം എന്‍ എച്ച് ഹെലികോപ്ടറുകളെ ഒഴിവാക്കി. ഇതിനിടെ സികോര്‍സ്‌കി കമ്പനിയെ പ്രമുഖ അമേരിക്കന്‍ ആയുധനിര്‍മ്മാണ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ വാങ്ങിക്കുകയും അവര്‍ അത്യാധുനിക വിവിധോദ്ദേശ്യ ഹെലികോപ്ടറായ എംഎച്ച് 60 റോമിയോ പുറത്തിറക്കുകയും ചെയ്്തു.
ഇതിനിടയില്‍ ഇന്ത്യയില്‍ ഭരണമാറ്റമായി. പ്രതിരോധ ഇടപാടുകളില്‍ കാലതാമസം വരുത്തുന്നത് കര്‍ശനമായി ഒഴിവാക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായി നാവികസേനയോട് വാങ്ങലുമായി മുന്നോട്ടു പോകാന്‍ നിര്‍ദ്ദേശം നല്‍കി. അപ്പോഴുണ്ടായിരുന്ന പ്രധാന തടസ്സം അമേരിക്കയുമായി ഉണ്ടാക്കുന്ന പ്രതിരോധ കരാറിന്റെ ഉള്ളടക്കമായിരുന്നു. അമേരിക്കയിലെ പ്രതിരോധ ഇടപാട് നിയമമനുസരിച്ച് ആ രാജ്യം മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കുന്ന പ്രതിരോധ ഉപകരണം ഉപയോഗിച്ച് നേടുന്ന രഹസ്യാന്വേഷണ വിവരങ്ങള്‍ അമേരിക്കയ്ക്കും അവരുടെ സുഹൃദ് രാഷ്ട്രങ്ങള്‍ക്കും പങ്കു വയ്ക്കണം. അതില്ലാത്ത പക്ഷം, വെറും ഏവിയോണിക്‌സ്(ചട്ടക്കൂടും എന്‍ജിനും) മാത്രമായിരിക്കും ഇന്ത്യയ്ക്ക് ലഭിക്കുക. അതിലെ റഡാറുകള്‍, ക്യാമറ, മറ്റ് വിവരങ്ങള്‍ ലഭിക്കുന്ന സാങ്കേതിക വിദ്യ, ഇതെല്ലാം ഇന്ത്യ സ്വന്തമായി ഘടിപ്പിക്കേണ്ടിയിരുന്നു. ഇന്ത്യ അമേരിക്കയില്‍ നിന്നു വാങ്ങിയ സി-17 ഗ്ലോബ്മാസ്റ്റര്‍, സി-130 ജെ എന്നീ വിമാനങ്ങളില്‍ രഹസ്യാന്വേഷണ വിവരം ശേഖരിക്കുന്നതിനുള്ള ഉപകരണങ്ങളെല്ലാം ഇന്ത്യ സ്വന്തമായി ഘടിപ്പിക്കേണ്ടിയിരുന്നു.
ആയുധ കമ്പോളത്തില്‍ ഇന്ത്യ കാര്യങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് എത്തിയെന്നതിന്റെ സൂചനയാണ് 2018 സപ്തംബര്‍ ആറിന് പ്രതിരോധമന്ത്രിയായിരുന്ന നിര്‍മ്മല സീതാരാമനും അമേരിക്കയിലെ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും ഒപ്പിട്ട കരാര്‍. ഈ കരാര്‍ പ്രകാരം അമേരിക്കയില്‍ നിന്ന് വാങ്ങുന്ന വിമാനങ്ങള്‍, ഹെലികോപ്ടര്‍, ഡ്രോണ്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയില്‍ നിന്നുള്ള രഹസ്യാന്വേഷണ വിവരങ്ങള്‍ ഇന്ത്യ അമേരിക്കയ്ക്ക് മാത്രമേ കൈമാറൂ. ഈ കരാറിനാണ് കോംകാസ(കമ്മ്യൂണിക്കേഷന്‍ കോംപാറ്റബിലിറ്റി ആന്‍ഡ് സെക്യൂരിറ്റി എഗ്രിമന്റ്) എന്ന് പറയുന്നത്. ഇരു രാജ്യങ്ങളും ചേര്‍ന്നുള്ള പൊതു ഡാറ്റാ ബേസിലായിരിക്കും ഈ രഹസ്യാന്വേഷണ വിവരങ്ങള്‍ ഉണ്ടാകുക.
അന്തര്‍വാഹിനികളെ തകര്‍ക്കുക, കടലിലെ രക്ഷാപ്രവര്‍ത്തനം, നിന്ന നില്‍പ്പിലും റണ്‍വേയിലും ഉയരാനുള്ള കഴിവ്, കടലിനടിയിലും മുകളിലുമുള്ള ഭീഷണികളെ നേരിടല്‍ എന്നിവ ഇതിന്റെ കഴിവുകളാണ്. ഓരോ മണിക്കൂര്‍ പറക്കല്‍ സമയത്തിനും കേവലം അഞ്ച് ഡോളര്‍മാത്രമേ ചിലവ് വരുന്നുള്ളൂ.
നാവികസേനയുടെ പി8ഐ വിമാനങ്ങളുമായി സീഹോക്ക് ഹെലികോപ്ടറുകളെ ഇന്റഗ്രേറ്റ് ചെയ്യാനും സാധിക്കും. മേക്ക് ഇന്‍ ഇന്ത്യ പരിപാടിയില്‍ പെടുത്തി ആദ്യ ആറെണ്ണത്തിനു ശേഷമുള്ള ഹെലികോപ്ടറുകള്‍ ഇന്ത്യയിലായിരിക്കും നിര്‍മ്മിക്കുകയെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതു വഴി രാജ്യത്തെ മധ്യവര്‍ഗ വ്യവസായമേഖലയിലും നൈപുണ്യ വികസന മേഖലയിലും നിരവധി മെച്ചമാണ് ഉണ്ടാകാന്‍ പോകുന്നത്.
ഇത് കൂടാതെ നാവികസേനയിലെ വ്യോമ വിഭാഗത്തിലെ ഏറ്റവും വലിയ ഇടപാടിനുള്ള പശ്ചാത്തലം കൂടി ഈ കരാര്‍ ഒരുക്കുന്നുണ്ട്. നേവല്‍ മള്‍ട്ടി റോള്‍ ഹെലികോപ്ടര്‍ വിഭാഗത്തിലേക്ക് 123 എണ്ണമാണ് ഉടന്‍ വാങ്ങാനായി പദ്ധതിയിടുന്നത്. പൂര്‍ണമായും സാങ്കേതിക വിദ്യ കൈമാറ്റത്തോടു കൂടി മാത്രമേ ഈ കരാര്‍ നടപ്പാക്കൂവെന്ന് പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. റോമിയോ സീഹോക്കിനേക്കാള്‍ വില കുറഞ്ഞ ഹെലികോപ്ടറുകളാണ് ഈ ആവശ്യത്തിനായി വാങ്ങാനുദ്ദേശിക്കുന്നത്. ഫ്രാന്‍സിലെ എയര്‍ബസ് കമ്പനിയുടെ എച്ച് 225എം കാര്‍കാല്‍ ഹെലികോപ്ടറും ഈ കരാറിനായുള്ള മത്സരരംഗത്തുണ്ട്. ഇതിനു പുറമെ തീരസംരക്ഷണ സേനയ്ക്ക് വേണ്ടിയുള്ള ഹെലികോപ്ടറുകള്‍ക്കായും ഉടന്‍ ദര്‍ഘാസ് ഇറങ്ങും.
മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെത്തുന്ന 24 റോമിയോ സീഹോക്ക് ഹെലികോപ്ടറുകളും പുതുതായി വാങ്ങാന്‍ പോകുന്ന 123 ഹെലികോപ്ടറുകളും ഇന്ത്യയുടെ വിമാനവാഹിനിയായ ഐഎന്‍എസ് വിക്രമാദിത്യ, കൊച്ചിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന ഐഎന്‍എസ് വിക്രാന്ത്, മൂന്ന് ശിവാലിക് വിഭാഗം പോര്‍ക്കപ്പലുകള്‍, ഫ്രിഗേറ്റ്, എന്നിവയിലും വിന്യസിക്കും.
സികോര്‍സ്‌കി റോമിയോയില്‍ ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങള്‍ ചോര്‍ത്താന്‍ പറ്റാത്ത ശബ്ദ സംവിധാനം, ട്രാന്‍സ്‌പോണ്ടര്‍, എഎന്‍/എആര്‍സി 210 ആര്‍ടി1990എ (സി) റേഡിയോ, കോംസെക്, ഐഎഫ്എഫ ്(എതിരെ വരുന്ന വിമാനം സുഹൃത്താണോ ശത്രുവാണോ എന്ന് തിരിച്ചറിയാനുള്ള ഉപകരണം) എന്നിവയാണ് ഈ അത്യാധുനിക ഹെലികോപ്ടറില്‍ ഉണ്ടാകുക.
എജിഎം-114
ഹെല്‍ഫയര്‍ മിസൈല്‍
നാവിക സേനയ്ക്ക് വേണ്ടിയുള്ള കോംഗ്‌സ്‌ബെര്‍ഗ് മിസൈല്‍. റാതിയോണ്‍ എംകെ 54 ടോപിര്‍ഡോകള്‍, റോമിയോ ഹെലികോപ്ടറുകള്‍ക്ക് വേണ്ടിയുള്ള നാസം എസ്. ആര്‍ മിസൈലുകള്‍ എന്നിവ ട്രംപ് ഒപ്പിട്ട പ്രതിരോധ കരാറില്‍ ഉള്‍പ്പെടുന്നു.സികോര്‍സ്‌കി റോമിയോയ്‌ക്കൊപ്പം വാങ്ങിക്കുന്ന ആയുധങ്ങളും
ഉപകരണങ്ങളും
എപികെഡബ്ല്യുഎസ്- അഡ്വാന്‍സ്ഡ് പ്രിസിഷന്‍ കില്ലിംഗ് വെപ്പണ്‍ സിസ്റ്റം- സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ക്ക് ഏറ്റവും പറ്റിയ മിസൈല്‍. 2.75 ഇഞ്ച് അഗ്രമുള്ള ഈ മിസൈല്‍ ഹെലികോപ്ടറുകളിലും പോര്‍വിമാനങ്ങളിലും ഘടിപ്പിക്കാം. അമേരിക്കയിലെ ബിഎഇ സിസ്റ്റംസാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അപ്പാച്ചെ, ഇന്ത്യന്‍ നിര്‍മ്മിത രുദ്ര ഹെലികോപ്ടറുകള്‍ തുടങ്ങിയവയിലും ഇത് ഘടിപ്പിക്കാനാകും.