ഭാരതത്തിന്റെ ചരിത്രത്തിലെ മായാത്ത കളങ്കമാണ് കാശ്മീര്‍ താഴ്‌വരയില്‍ നിന്ന് പുറത്താക്കപ്പെട്ട പണ്ഡിറ്റുകളുടെ ദുരന്തകഥകള്‍. ഇസ്ലാമിക തീവ്രവാദം അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തിയ 1990-ല്‍ ഏകദേശം നാല് ലക്ഷം ഹിന്ദു പണ്ഡിറ്റുകള്‍ കാശ്മീരിലെ അവരുടെ വീടും സ്വത്തുക്കളും ഉപേക്ഷിച്ച് ഭാരതത്തിന്റെ പല ഭാഗങ്ങളിലായി അഭയം തേടിയിരുന്നു. അവര്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ കാലാകാലങ്ങളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. പണ്ഡിറ്റുകളെ ഉന്മൂലനം ചെയ്യാന്‍ മുന്‍കൈയെടുത്ത ഹുറിയത്ത് കോണ്‍ഫറന്‍സ്, ജമ്മു-കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് പോലുള്ള വിഘടനവാദ സംഘടനകളോട് ചങ്ങാത്തം കൂടുന്ന നിലപാടെടുക്കുന്നതുവരെ എത്തിയിരുന്നു കാര്യങ്ങള്‍. കാശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരം എന്ന നിലയില്‍ ആണ് ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 മോദി സര്‍ക്കാര്‍ റദ്ദാക്കിയതും ജമ്മു-കാശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയതും. ഇന്ന് കാശ്മീര്‍ ഒരു സുപ്രധാന ചര്‍ച്ചാ വിഷയമായതിനാല്‍ തന്നെ ആ നാടിന്റെ 1990-കള്‍ പശ്ചാത്തലമാകുന്ന പുതിയ ചലച്ചിത്രമായ ‘ശിക്കാര’യും പ്രാധാന്യമര്‍ഹിക്കുന്നു.
വിധു വിനോദ് ചോപ്ര രചന, നിര്‍മ്മാണം, സംവിധാനം എന്നിവ നിര്‍വഹിച്ച ചലച്ചിത്രമായ ‘ശിക്കാര’യില്‍ നിരവധി യഥാര്‍ത്ഥ സംഭവങ്ങള്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. പത്രപ്രവര്‍ത്തകന്‍ രാഹുല്‍ പണ്ഡിത രചിച്ച ‘’അവര്‍ മൂണ്‍ ഹാസ് ബ്ലഡ് ക്ലോട്‌സ്’ എന്ന ഓര്‍മ്മക്കുറിപ്പില്‍ നിന്ന് എടുത്തിട്ടുള്ള കുറേയേറെ ഏടുകള്‍ ഈ ചലച്ചിത്രത്തില്‍ കാണാന്‍ സാധിക്കും. ആ കാലയളവില്‍ സംഭവിച്ച മനുഷ്യത്വരഹിതമായ സംഭവങ്ങള്‍ പലതും ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന യാഥാര്‍ത്ഥ്യം മാറ്റി നിര്‍ത്തിയാല്‍, കാശ്മീരി പണ്ഡിറ്റുകള്‍ അനുഭവിച്ച പീഡനങ്ങളുടെ ഒരു ആകെത്തുക ഈ ചിത്രത്തില്‍ നിന്ന് കാഴ്ചക്കാരന് മനസ്സിലാക്കാന്‍ സാധിക്കും. വിപണി സാദ്ധ്യതകള്‍ മുന്നില്‍കണ്ട് ഒരു പ്രണയകഥ ആയി ആണ് ഈ ചലച്ചിത്രം വിഭാവനം ചെയ്തിരിക്കുന്നത്. കാശ്മീരിലെ നദികളില്‍ ഉപയോഗിക്കുന്ന ഒരുതരം വള്ളത്തിന്റെ പേരാണ് ‘ശിക്കാര.’
കാശ്മീരില്‍ സംഭവിച്ചത്
പെട്ടെന്നൊരു പ്രഭാതത്തില്‍ ഉടലെടുത്തതല്ല കാശ്മീരിലെ ഇസ്ലാമിക തീവ്രവാദം. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കാഫിറുകളെ ഇല്ലാതാക്കണമെന്ന ആ ചിന്തയ്ക്ക്. 14-ാം നൂറ്റാണ്ടില്‍ കാശ്മീര്‍ ഭരിച്ച ഷാഹ്മിരി രാജവംശത്തിന്റെ ആഗമനത്തോടുകൂടി ഹൈന്ദവരക്തത്താല്‍ കാശ്മീരിലെ നദികള്‍ ചുവന്നു തുടങ്ങിയിരുന്നു. അവരില്‍ ഏറ്റവും ക്രൂരനായ സിക്കന്ദര്‍ ഷാഹ്മിരി അവിടുത്തെ നിരവധി ക്ഷേത്രങ്ങളും തകര്‍ത്തു. അനന്തനാഗിലെ മര്‍ത്തണ്ട് സൂര്യക്ഷേത്രമാണ് അതില്‍ ഏറ്റവും സുപ്രധാനം. അതിനു ശേഷം കാശ്മീര്‍ ഭരിച്ച മുഗളന്മാരും അഫ്ഘാനികളും ശക്തിയും ധനവും ഉപയോഗിച്ച് വലിയൊരു ശതമാനം ഹിന്ദുക്കളെയും മതപരിവര്‍ത്തനത്തിന് വിധേയരാക്കി. ശേഷം കാശ്മീര്‍ ദോഗ്ര രാജവംശത്തിന് കീഴില്‍ ആയപ്പോള്‍ അവിടെ മതമൈത്രി ഉടലെടുത്തു. എങ്കിലും ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ ലയിച്ച കാശ്മീരിന്റെ ‘പ്രധാനമന്ത്രി’ ആയത് ഷെയ്ഖ് അബ്ദുള്ളയായിരുന്നു. രാഷ്ട്രീയ ലാഭത്തിനായി രാഷ്ട്രീയ ഇസ്ലാമിനെ അയാള്‍ ഉപയോഗിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്കിടെ അക്കാലത്തു കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് നടത്തിയ ചില രാഷ്ട്രീയ ഇടപെടലുകളും കാശ്മീരിനെ പ്രതികൂലമായി ബാധിച്ചു.
1979-ല്‍ ഇറാനില്‍ നടന്ന ഇസ്ലാമിക വിപ്ലവവും അതേ വര്‍ഷം സോവിയറ്റ് യൂണിയന്‍ അഫ്ഘാനിസ്ഥാനില്‍ കടന്നുകയറിയതിന് ശേഷം മുജാഹിദീന്‍ തീവ്രവാദികളുടെ പ്രത്യാക്രമണവും കാശ്മീരിലെ ഇസ്ലാമിസ്റ്റുകളെ ആവേശത്തിലാക്കി. 1987-ലെ കാശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇസ്ലാമിക മതമൗലികവാദികള്‍ അധികാരത്തില്‍ എത്തുന്നത് തടയാന്‍ കോണ്‍ഗ്രസ് നടത്തിയ തിരഞ്ഞെടുപ്പ് ക്രമക്കേടും തീവ്രവാദികള്‍ ആയുധമാക്കി. കാശ്മീരിനെ പൂര്‍ണമായി ഇസ്ലാമിക വത്കരിക്കാനും ഇസ്ലാമിക രാജ്യമായ പാകിസ്ഥാനൊപ്പം ചേര്‍ക്കാനുമായിരുന്നു പണ്ഡിറ്റുകളെ അവിടെ നിന്ന് തുരത്തിയത്. ഒന്നുകില്‍ മതപരിവര്‍ത്തനം നടത്തുക, അല്ലെങ്കില്‍ കാശ്മീര്‍ വിടുകയോ തങ്ങളുടെ വെടിയുണ്ടകളാല്‍ മരിക്കുകയോ ചെയ്യുക. പണ്ഡിറ്റുകള്‍ക്ക് മുന്നില്‍ ഇസ്ലാമിസ്റ്റുകള്‍ നിരത്തിയ അന്ത്യശാസനകള്‍ ഇവയെല്ലാമായിരുന്നു. പണ്ഡിറ്റുകളെ തിരഞ്ഞു പിടിച്ചു കശാപ്പ് ചെയ്യുകയും അവരുടെ സ്ത്രീകളെ അതിക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. കാശ്മീരില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്തവര്‍ കാലങ്ങളോളം അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിഞ്ഞു. കാശ്മീരിലെ അവരുടെ വലിയ വീടുകള്‍ അവിടുത്തെ അവരുടെ അയല്‍ക്കാര്‍ അപ്പോഴേക്കും കയ്യേറിയിരുന്നു.
ശിക്കാര പറയുന്നത്
ശിവ് കുമാര്‍ ഥാര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ മുന്‍നിര്‍ത്തിയാണ് ‘ശിക്കാര’ മുന്നോട്ട് പോവുന്നത്. കാശ്മീരിലെ ഒരു കോളേജിലെ അദ്ധ്യാപകനായ ഥാര്‍ ശാന്തിയെ വിവാഹം ചെയ്യുന്നു. സുഖകരമായ അവരുടെ ദാമ്പത്യത്തിന്റെ ആദ്യ നാളുകളില്‍ വര്‍ഗീയ ചേരിതിരിവ് ഒന്നുമില്ലാതെ അവിടെ മനുഷ്യര്‍ സുഖമായി വസിക്കുന്നു. പക്ഷെ ആ സന്തോഷം കുറച്ചു നാള്‍ മാത്രം നീണ്ടു നിന്നു. പോലീസ് ആക്ഷനില്‍ ഒരു രാഷ്ട്രീയ നേതാവ് മരിക്കുന്നതോടുകൂടി താഴ്‌വരയില്‍ ഇസ്ലാമിക തീവ്രാവാദം തലപൊക്കുന്നു. കാശ്മീരില്‍ നിന്ന് പലരും പാകിസ്ഥാനിലേക്ക് പോയി ആയുധപരിശീലനം നേടി തീവ്രവാദികളായി തിരികെയെത്തി ഭാരതത്തിന് എതിരെ ജിഹാദ് നടത്തുന്നു. സര്‍ക്കാരിന്റെ ഉയര്‍ന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥരായ കുറെയേറെ പണ്ഡിറ്റുകളെ തീവ്രവാദികള്‍ കശാപ്പുചെയ്ത് എല്ലാവരിലും ഭീതി പടര്‍ത്തിയതിനുശേഷം അവരോട് താഴ്‌വര വിട്ടുപോവാന്‍ ആവശ്യപ്പെടുന്നു.
എത്രമാത്രം കൃത്യതയോടെയാണ് പണ്ഡിറ്റുകളെ പുറത്താക്കിയത് എന്ന് ഈ സിനിമ അന്വേഷിക്കുന്നുണ്ട്. പണ്ഡിറ്റുകളോട് സുരക്ഷിതമായി നാടുവിടാന്‍ പറയുന്ന അയല്‍ക്കാരുടെ ലക്ഷ്യം പണ്ഡിറ്റുകള്‍ അവശേഷിപ്പിച്ചു പോവുന്ന സ്വത്തും വസ്തുക്കളും മാത്രമാണ്. തീവ്രവാദികള്‍ പണ്ഡിറ്റുകളെ ഉന്മൂലനം ചെയ്തപ്പോള്‍ സാധാരണ കാശ്മീരികള്‍ ഹിന്ദുക്കളെ സംരക്ഷിക്കാനായി മുന്നോട്ട് വന്നിരുന്നില്ല. ഥാര്‍ അമേരിക്കന്‍ പ്രസിഡന്റിന് നിരന്തരമായി കത്ത് എഴുതുന്നതായി ചിത്രത്തില്‍ കാണാം. പക്ഷെ ഒരിക്കലും അയാള്‍ക്ക് മറുപടി ലഭിക്കുന്നില്ല.
ഥാറിന്റെ ഭാര്യയുടെ ആഗ്രഹങ്ങളായിരുന്നു താജ് മഹല്‍ കാണണമെന്നും തന്റെ ചിതാഭസ്മം കാശ്മീരിലെ നദിയില്‍ ഒഴുക്കണമെന്നും. ഒരിക്കല്‍ അയാള്‍ അതിനായി ആഗ്രയിലെ ഒരു വലിയ ഹോട്ടലില്‍ മുറിയെടുക്കുന്നു. പക്ഷെ എല്ലാവരും കരുതിയത് അമേരിക്കന്‍ പ്രസിഡന്റ് ആണ് ഥാറിനെ ആഗ്രയിലേക്ക് ക്ഷണിച്ചതെന്ന്. രോഗബാധിതയായ ശാന്തിയുമായി അയാള്‍ താജ് മഹലിലെത്തുന്നു. അവള്‍ അവിടെവെച്ചു മരിക്കുന്നു. അവളുടെ ചിതാഭസ്മവുമായി അയാള്‍ ശ്രീനഗറിലെ അവരുടെ പഴയ വീട്ടിലെത്തുന്നു. മരിച്ച തന്റെ പ്രിയതമയ്ക്ക് വേണ്ടി അയാള്‍ കത്തുകളെഴുതുന്നു. ഥാര്‍ പറയുന്നുണ്ട്, കത്തുകള്‍ക്ക് മറുപടി ലഭിക്കാത്തത് ഇപ്പോള്‍ ശീലമാണ്. എന്നാണോ ഞാന്‍ നിനക്കരികില്‍ എത്തുന്നത് എല്ലാത്തിനുമുള്ള മറുപടി എനിക്കപ്പോള്‍ മതി എന്ന്.
കാശ്മീര്‍ ഒരു പുനര്‍വായന
ഈ ചിത്രത്തില്‍ കാശ്മീര്‍ പശ്ചാത്തലമായി വരുന്നുണ്ട് എങ്കിലും പ്രണയത്തിനാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. പ്രത്യേകിച്ച് ഈ വിഷയം ലക്ഷക്കണക്കിന് ഹിന്ദു പണ്ഡിറ്റുകള്‍ക്ക് വൈകാരികമായതിനാല്‍ ചിത്രത്തിനെതിരെ എതിര്‍പ്പുകള്‍ സ്വാഭാവികമാണ്. വിവേക് അഗ്‌നിഹോത്രി സംവിധാനം നിര്‍വ്വഹിക്കുന്ന ‘കാശ്മീര്‍ ഫയല്‍സ്’ ഉടനെ ചിത്രീകണം ആരംഭിക്കുന്നതിനാല്‍, കൂടുതല്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ ആ ചിത്രത്തില്‍ കാശ്മീരി തീവ്രവാദം പ്രതിപാദിക്കും എന്ന പ്രത്യാശ ഈ ലേഖകന്‍ ഉള്‍പ്പെടെ വെച്ചുപുലര്‍ത്തുന്നു.
മുന്‍പും കാശ്മീര്‍ പശ്ചാത്തലമാക്കി ചലച്ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ, അവ പണ്ഡിറ്റുകളെ പറ്റി നിശ്ശബ്ദത പുലര്‍ത്തി. ആ സാഹചര്യം ഇന്ന് മാറുന്നുണ്ട് എന്നത് ആശ്വസിക്കാന്‍ വകനല്‍കുന്നു. സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ ജനാധിപത്യ ധ്വംസനമാണ് കാശ്മീരില്‍ നടന്നത്. അവര്‍ക്കുവേണ്ടി സംസാരിക്കാന്‍ ഒരു ‘ജനാധിപത്യ – മതനിരപേക്ഷ’ പാര്‍ട്ടിയോ സംഘടനയോ മുന്നോട്ട് വന്നില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ മറ്റൊരു നാമമാണല്ലോ ഇന്ത്യയില്‍ മതനിരപേക്ഷത. പല സംവിധായകരും പറയാന്‍ മടിച്ച ഒരു വിഷയം കൈകാര്യം ചെയ്യാന്‍ കാണിച്ച ആര്‍ജ്ജവത്തിന് വിധു വിനോദ് ചോപ്ര പ്രശംസ അര്‍ഹിക്കുന്നു. പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിനായി അരോചകമായി തോന്നുന്ന ചില സീനുകള്‍ കൂട്ടിച്ചേര്‍ത്തു എന്നതൊഴിച്ചാല്‍ മികച്ച ഒരു ദൃശ്യാവിഷ്‌കാരം തന്നെയാണ് ‘ശിക്കാര.