Wednesday, November 29, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

  • Home
  • Subscribe
  • Buy Books
  • Kesari English
  • Subscriber Lounge
Home ലേഖനം

ഭാരതീയതയുടെ കാവ്യദര്‍പ്പണം

മുരളി പാറപ്പുറം

Print Edition: 28 February 2020

ചരിത്രത്തിന്റെ അനിവാര്യതയില്‍ എങ്കിലുകള്‍ക്കും പക്ഷേകള്‍ക്കും പ്രസക്തി കല്‍പ്പിക്കാനാവില്ലെങ്കിലും മഹാത്മാക്കളുടെ ജീവിതത്തിലെ അപ്രതീക്ഷിതമായ വഴിത്തിരിവുകളെ ഇങ്ങനെയല്ലാതെ മനസ്സിലാക്കാനാവില്ല. ആര്‍എസ്എസ് എന്ന മഹാ പ്രസ്ഥാനത്തിലൂടെ സംഘടനാ രംഗത്തേക്ക് വന്നില്ലായിരുന്നുവെങ്കില്‍ പി. പരമേശ്വര്‍ജി ആരായിത്തീരുമായിരുന്നു എന്ന ആലോചന അവസാനിക്കുക മഹാകവി എന്ന അനിഷേധ്യമായ സത്യത്തിലായിരിക്കും.

കവിത്വം ആര്‍ജിച്ചെടുക്കാവുന്ന ഒന്നല്ല എന്നത് സുവിദിതമാണല്ലോ. പ്രതിഭാധനരായ എല്ലാ കവികളുടെയും ജീവിതം ഈ സത്യം അടയാളപ്പെടുത്തും. പരമേശ്വര്‍ജിയുടെ ജനിതകത്തിലും കവിതയുടെ മുദ്ര ആഴത്തില്‍ പതിഞ്ഞുകിടന്നു. ഇതിന്റെ സ്വാഭാവിക പ്രത്യക്ഷമായിരുന്നു പില്‍ക്കാലത്ത് വലിയ കവിയും ഗാനരചയിതാവുമായി വളര്‍ന്ന വയലാര്‍ രാമവര്‍മ്മയെ പിന്നിലാക്കി കാവ്യരചനയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ചേര്‍ത്തല ഗവ. സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു ഈ സംഭവം. ‘കോളു കൊണ്ട വേമ്പനാടന്‍’ എന്ന വിഷയത്തിലെ കാവ്യരചനാ മത്സരത്തില്‍ പരമേശ്വര്‍ജിക്ക് ഒന്നാം സ്ഥാനവും സതീര്‍ത്ഥ്യനായിരുന്ന വയലാറിന് രണ്ടാം സ്ഥാനവുമാണ് ലഭിച്ചത്. മത്സരത്തിനു പതിനഞ്ചു നിമിഷം മുന്‍പുമാത്രമായിരുന്നു വിഷയം നല്‍കിയത്. ‘മലയാള രാജ്യം’ വാരികയില്‍ പ്രസിദ്ധീകരിച്ച ആ കവിത അന്നത്തെ പതിനേഴുകാരന്‍ എഴുതിയതാണെന്ന് കരുതാനാവാത്ത വിധം പ്രൗഢമായിരുന്നു. ആത്മസുഹൃത്തുക്കളായിരുന്നു ഇരുവരും. കാവ്യരചന തുടരണം എന്നാണ് മത്സരഫലം അറിഞ്ഞപ്പോള്‍ രണ്ടു വയസ്സിന് ഇളയതായിരുന്ന വയലാറിനെ ചേര്‍ത്തുനിര്‍ത്തി പരമേശ്വര്‍ജി ഉപദേശിച്ചത്.

കാവ്യാഭിരുചി ജന്മസഹജമായിരുന്നിട്ടും പിന്നീട് എന്തുകൊണ്ട് പരമേശ്വര്‍ജി കവിയായില്ല എന്ന ചോദ്യം അപ്രസക്തമാണ്. കാരണം എല്ലായ്‌പ്പോഴും കവിയായിരുന്നു. എന്തുകൊണ്ട് മഹാകവിയായില്ല എന്നാണെങ്കില്‍ അതിനുത്തരം പരമേശ്വര്‍ജി തന്നെ നല്‍കിയിട്ടുണ്ട്. ”ഒരു വ്യക്തിക്ക് ഒന്നിലേറെ ദേവതകളെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച് ഉപാസിക്കുക സാധ്യമല്ലല്ലോ. വയലാര്‍ കാവ്യദേവതയെ സ്വീകരിച്ചു. ഞാന്‍ രാഷ്ട്ര ദേവതയെയും.” ഈ മറുപടി പോലും എത്ര കാവ്യാത്മകമാണ്!

രാഷ്ട്ര ദേവതയെ ഉപാസിച്ചപ്പോഴും പരമേശ്വര്‍ജിക്കുള്ളിലെ കവി ഉണര്‍ന്നുതന്നെയിരുന്നു; ഉന്മേഷഭരിതനുമായിരുന്നു. ആദര്‍ശസുരഭിലവും ദേശസ്‌നേഹം നിറഞ്ഞുതുളുമ്പുന്നതുമായ നിരവധി ഗീതങ്ങള്‍ ആ കാവ്യ മനസ്സില്‍ നിന്ന് കവിഞ്ഞൊഴുകി. 1982-ല്‍ എറണാകുളത്ത് നടന്ന വിശാല ഹിന്ദു സമ്മേളനത്തിന് ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിക്കൊടുത്തത് ”ഹിന്ദുക്കള്‍ നാം ഒന്നാണെ…” എന്നു തുടങ്ങുന്ന പരമേശ്വര്‍ജി എഴുതിയ ഗാനമായിരുന്നു. 1985-ല്‍ തിരുവനന്തപുരത്ത് നടന്ന സംഘശക്തിയുടെ വിശ്വരൂപം തന്നെയായിരുന്ന ഹിന്ദുസംഗമത്തില്‍ ആലപിക്കപ്പെട്ട ”ഹിന്ദുരാഷ്ട്ര ജൈത്രരഥം അരുണവര്‍ണ ധ്വജസഹിതം…” എന്ന വിജയോന്മാദം തുടികൊട്ടുന്ന ഗാനവും പരമേശ്വര്‍ജിയുടെ പൊന്‍തൂലികയില്‍ പിറന്നതാണ്. ”ഒരാദര്‍ശ ദീപം കൊളുത്തൂ, കെടാതായൊരാജന്മ കാലം വളര്‍ത്തൂ…” എന്ന ഗാനവും പതിനായിരങ്ങളുടെ ഹൃദയധമനികളില്‍ ആദര്‍ശപ്രതിബദ്ധതയുടെ അമൃതവര്‍ഷം പ്രവഹിപ്പിച്ചു. ”ശിശുക്കള്‍ക്ക് കൂടെ കളിക്കാന്‍, യുവത്വം മദംപൊട്ടിടുമ്പോള്‍ തളയ്ക്കാന്‍, വയോവൃദ്ധനൂന്നായ് ഉറപ്പുള്ള താങ്ങായ് പിടിച്ചൊന്നു നില്‍ക്കാന്‍ ഒരാദര്‍ശ ദീപം കൊളുത്തൂ” എന്നിങ്ങനെ ഈ ഗാനത്തിലെ വരികള്‍ കാവ്യരൂപമാര്‍ന്ന ഒരു പ്രതിജ്ഞതന്നെയാണ്. ”രാഷ്ട്ര നവ നിര്‍മാണമാകും ശ്രേഷ്ഠ ജീവിത ലക്ഷ്യമോടെ ആഗമിച്ചൊരപൂര്‍വ ഗുരുനിന്‍ ഓര്‍മ മതി ഞങ്ങള്‍ക്കു താങ്ങായ്…” എന്നു തുടങ്ങുന്ന ഗീതവും പ്രചോദനത്തിന്റെ നിത്യ സ്രോതസ്സാണ്.


”എത്ര മാറ്റമിയറ്റി ഞങ്ങളിലങ്ങു നല്‍കിയ ദര്‍ശനങ്ങള്‍
ചെമ്പു കാഞ്ചനമാക്കി മാറ്റി ദിവ്യമാം നിന്‍ സ്പര്‍ശനങ്ങള്‍
ദൂരെദൂരെ വിടര്‍ന്നു കണ്ടു ഞങ്ങള്‍ ജീവിതചക്രവാളം
അവിടെ ജൈത്രപതാക നാട്ടാനായി ഞങ്ങളെ നീ നയിച്ചു” എന്ന വരികളിലെത്തുമ്പോള്‍ ഈ ഗാനം ഒരു ഭാവഗീതം പോലെ അനുഭൂതി സാന്ദ്രമാകുന്നു. ”ഒരു പുണ്യഗംഗ തന്‍ സലിലത്തില്‍ മുങ്ങി…” എന്ന് ആരംഭിക്കുന്ന ഗീതവും ആദര്‍ശം ജീവിത വ്രതമാക്കിയവര്‍ക്ക് ബീജമന്ത്രംപോലെയാണ്. ”അമരമാകണമെന്റെ രാഷ്ട്രം വിശ്വവിശ്രുതി നേടണം, നിഖില വൈഭവ പൂര്‍ണമാകണം എവിടെയും ജനജീവിതം” എന്ന ഗീതം രാഷ്ട്രത്തിന് സ്വയം സമര്‍പ്പിക്കാന്‍ എണ്ണമറ്റ മനസ്സുകളെ സജ്ജമാക്കി.

മൗലിക രചനകള്‍ക്കു പുറമേ ഹിന്ദിയില്‍ നിന്ന് നിരവധി ദേശഭക്തി ഗാനങ്ങള്‍ ആശയവും സൗന്ദര്യാംശവും അല്‍പംപോലും ചോര്‍ന്നുപോകാതെ പരമേശ്വര്‍ജി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കവിത പരിഭാഷയ്ക്ക് വഴങ്ങുന്നതല്ല എന്ന സത്യം ഇവിടെ അപ്രസക്തമാകുന്നു. ”ബനേ ഹം ഹിന്ദ കെ യോഗി, കരേംഗെ മാന് ഭാരത് കാ…” എന്ന ഹിന്ദി ഗീതത്തിന് ”സ്വദേശം എന്നതേ ധ്യാനം ചെയ്യും സംന്യാസിയായിടാം, ഭഗവ വൈജയന്തിക്കായുയിരുമാഹുതി ചെയ്യാം” എന്നാണ് പരമേശ്വര്‍ജിയുടെ പരിഭാഷ. ”വംഗ പഞ്ച നദ് ബലി വേദി പര്‍ കിയേ ഹുവെ ബലിദാന്‍” എന്നു തുടങ്ങുന്ന ഗീതം ”വംഗപഞ്ച നദി ബലിവേദി മേല്‍ അസംഖ്യമാം ബലികള്‍” എന്നതായി. രാഷ്ട്രദേവതയാണു നീ നിന്‍ കാലില്‍ മലരായ് തീര്‍ന്നിടാവൂ, നീലാബ്ധി വീചി പരിസേവിത പുണ്യഭൂമി, ചിത്രകാരാ നിന്‍ തൂലികയെന്തേ സ്വപ്ന നാടുകള്‍ തേടീടുന്നു? എന്നീ ഗീതങ്ങളും മറ്റു ഭാഷകളില്‍നിന്ന് പരമേശ്വര്‍ജി മൗലികശോഭയോടെ മലയാളത്തിലേക്ക് പകര്‍ത്തിയവയാണ്. മലയാളംപോലെ ഹിന്ദിയും വശ്യസുന്ദരമായി വഴങ്ങുമെന്നതാണ് ഇതിനു പിന്നിലെ സര്‍ഗരഹസ്യം.
കാവ്യ ദേവതയ്ക്കു പകരം രാഷ്ട്ര ദേവതയെയാണ് ഉപാസിച്ചതെങ്കിലും കാവ്യദേവത ഒരിക്കലും പരമേശ്വര്‍ജിയെ വിട്ടകന്നില്ല. അനുഗൃഹീത നിമിഷങ്ങളില്‍ ആ കാവ്യ മനസ്സ് ചിറകു കുടഞ്ഞു. അപ്പോഴൊക്കെ മികച്ച രചനകള്‍ പിറവി കൊണ്ടു. വലിയ കവികളുടെ ആസ്വാദകര്‍ അനുഭവിക്കുന്ന ഹൃദയഹാരിയായ പല കവിതകളും ഏറെക്കാലത്തെ പരിശ്രമത്തിനുശേഷം കാവ്യരൂപമാര്‍ന്നവയാണ്. എഴുതിയും തിരുത്തിയും മാറ്റിയെഴുതിയും മിനുക്കിയുമൊക്കെയാണ് അവ പ്രസിദ്ധീകരണ യോഗ്യമാവുക. പക്ഷേ പരമേശ്വര്‍ജിക്ക് കാവ്യരചന ഒരിക്കലും ശ്രമകരമായ ഒരു ദൗത്യമായിരുന്നില്ല. പരമേശ്വര്‍ജി ഇടക്കിടെ വന്നു താമസിക്കുമായിരുന്ന എളമക്കരയിലെ മാധവനിവാസില്‍ അന്തേവാസിയായിരിക്കെ ഈ ലേഖകന് ഇക്കാര്യത്തില്‍ നിരവധി നേരനുഭവങ്ങളുണ്ട്.

‘യജ്ഞപ്രസാദ’ത്തിലെ കവിതകള്‍ ആശയ ഗാംഭീര്യമാര്‍ന്നതും ഭാവസാന്ദ്രവും ആത്മീയതയുടെ ലോലതന്തികള്‍ മീട്ടുന്നവയുമാണ്. കവിത്വത്തിന്റെ പതാക സംഘടനയ്ക്ക് കീഴില്‍ കെട്ടിയില്ലായിരുന്നുവെങ്കില്‍ കേരളത്തിന് ഒരു മഹാകവിയെ കിട്ടുമായിരുന്നു എന്ന് കവി വിഷ്ണു നാരായണന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടിട്ടുണ്ട്. പരമേശ്വര്‍ജി ബൗദ്ധികജീവിതം നയിക്കുന്ന സംഘാടകനായിരുന്നില്ലെങ്കില്‍ ആരാകുമായിരുന്നു എന്നതിന് കവിയായിരുന്നേനെ എന്നു പറയുന്നതുപോലെ, കവിയായിരുന്നില്ലെങ്കില്‍ ആരാകുമായിരുന്നു എന്നു ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളൂ-സംന്യാസി. യജ്ഞപ്രസാദത്തിലെ പല കവിതകളിലും സംന്യാസത്തിന്റെ മുദ്ര പതിഞ്ഞിട്ടുള്ളത് സൂക്ഷ്മ നിരീക്ഷണത്തില്‍ കാണാം. ‘വാടാത്ത നിശാഗന്ധി’ എന്ന കവിത ഇതിന് നിദര്‍ശനമാണ്.

വാടാത്ത നിശാഗന്ധി

അന്ന് ഒരു അമാവാസി രാവായിരുന്നു. മാധവനിവാസിന്റെ പൂമുഖത്തോട് ചേര്‍ന്നുള്ള ചെറിയ പൂന്തോട്ടത്തില്‍ വിരിയാന്‍ വെമ്പുന്ന നിശാഗന്ധിയെ കാണാന്‍ പരമേശ്വര്‍ജിയുമെത്തി. എല്ലാവര്‍ക്കും സൗകര്യപ്രദമായി കാണുന്നതിനുവേണ്ടി പൂച്ചട്ടി പ്രത്യേകമെടുത്ത് സിമന്റ് ബഞ്ചില്‍ വച്ചു. അതൊരു വിസ്മയ കാഴ്ചയായിരുന്നു. നിശാഗന്ധി എന്ന പേരു കേട്ടിരുന്നെങ്കിലും പലരും അത് ആദ്യമായി കാണുകയായിരുന്നു. എന്നും കൃത്യസമയത്ത് ഉറങ്ങാറുള്ള പരമേശ്വര്‍ജി അന്നു രാത്രി പതിവുതെറ്റിച്ചു. നോക്കിയിരിക്കെ നിശാഗന്ധി മെല്ലെ മെല്ലെ വിരിയുന്നത് കണ്‍നിറയെ കണ്ടു. ആ മുഗ്ദ്ധ സൗന്ദര്യം ആവോളം നുകര്‍ന്ന് ഉറങ്ങാന്‍ കിടന്നപ്പോള്‍ ഏറെ വൈകിയിരുന്നു.
പിറ്റേന്നു രാവിലെ തൊട്ടടുത്ത മുറിയിലേക്കു ചെന്ന് എം.എ. സാറിനു നേര്‍ക്ക് ഒരു ഷീറ്റ് പേപ്പര്‍ നീട്ടി. അത് പരമേശ്വര്‍ജിയുടെ ഏറ്റവും ഉജ്വലമായ കവിതകളിലൊന്നായിരുന്നു-വാടാത്ത നിശാഗന്ധി. കാര്യാലയത്തിലായിരിക്കുമ്പോള്‍ ഇതാണ് കവിതയെഴുത്തിന്റെ പൊതുരീതി. മനസ്സ് ഭാവസാന്ദ്രമാകുമ്പോള്‍ തെല്ലിട കണ്ണടച്ചു കിടക്കും. ഉണരുന്നത് കവിതയുമായാവും. പ്രസ്താവനകളും ലേഖനങ്ങളുമൊക്കെ പറഞ്ഞുകൊടുത്ത് എഴുതിക്കാറുള്ള പരമേശ്വര്‍ജി കവിതകള്‍ സ്വയമേവയാണ് എഴുതുക. വടിവൊത്തതും കുലീനവുമായ ആ കയ്യക്ഷരങ്ങള്‍ കാണാന്‍ തന്നെ ഒരു പ്രത്യേക ചന്തമുണ്ട്. മാധവനിവാസില്‍ തങ്ങുമ്പോള്‍ എഴുതി പൂര്‍ത്തിയാക്കുന്ന കവിത ആദ്യം ഏല്‍പ്പിക്കുക എം.എ. സാറിനെയാണ്. അത് പ്രസിദ്ധീകരണത്തിന് അയച്ചുകൊടുക്കുന്നത് സാറായിരിക്കും. അധികവും ‘കേസരി’ക്കാണ് അയയ്ക്കാറുള്ളത്. മറ്റ് പ്രസിദ്ധീകരണങ്ങളില്‍ തന്റെ കവിതകള്‍ വരണമെന്ന ആഗ്രഹമോ നിര്‍ബന്ധബുദ്ധിയോ പരമേശ്വര്‍ജിക്ക് ഉള്ളതായി തോന്നിയിട്ടില്ല. എല്ലാ നല്ല കവികളെയും പോലെ കാവ്യരചനയില്‍ ആത്മഹര്‍ഷം അനുഭവിക്കുമെങ്കിലും അതിനുശേഷം നിര്‍മമതയാവും. ഇതേ നിര്‍മമതകൊണ്ടാണ് വളരെ വൈകി മാത്രം ‘യജ്ഞപ്രസാദം’ എന്ന ഒരു കാവ്യസമാഹാരം, പ്രസിദ്ധീകരിച്ചത്.

”അകത്തും പുറത്തും നിശാഗന്ധി പൂത്തൂ
പുറത്തല്‍പനേരത്തിലൊക്കെ പൊലിഞ്ഞു
അകത്തസ്തമിക്കാതെ മന്മാനസത്തിന്‍
വിഹായസ്സില്‍ വാഴുന്നു തൂവെണ്ണിലാവായ്!
ക്ഷണംകൊണ്ടു മിന്നിത്തെളിഞ്ഞസ്തമിക്കും
നിശാഗന്ധി! നീയൊന്നു പൂക്കുന്ന കാണാന്‍
അമാവാസി രാവില്‍ നിമേഷങ്ങളെണ്ണി
ജപം ചെയ്തു ചിമ്മാതെ കണ്ണോടെ ഞങ്ങള്‍
അനാഘ്രാത ലാവണ്യമാര്‍ക്കോരഹസ്സില്‍
സമര്‍പ്പിക്കുവാന്‍ വന്ന ഗന്ധര്‍വ കന്യേ!
ഇരുട്ടത്ത് നിന്‍ ഭംഗി കണ്ടാസ്വദിക്കാന്‍
ഇരുന്നോരുതെറ്റിനു മാപ്പേകിയാലും
അലോകാഭിരാമം സുഗന്ധം പരത്താന്‍
പുലര്‍കാറ്റ് തത്തിപ്പിടഞ്ഞെത്തിയപ്പോള്‍
തളര്‍ന്നസ്ത ശോഭം ശയിക്കുന്ന നിന്മെയ്
തലോടിചിരം ദീര്‍ഘനിശ്വാസമോടെ.
തുടയ്ക്കട്ടെ ഞാനെന്റെ കണ്ണീര്‍കണങ്ങള്‍
മനസ്സില്‍ പതിഞ്ഞോര്‍മ സൂക്ഷിച്ചിടട്ടേ
ക്ഷണംകൊണ്ടു നീ മൃത്യുവെ വെന്നുമല്ലോ?
യുഗംകൊണ്ടു മാവാതെ മാഴ്കുന്നു ഞങ്ങള്‍!”

പരമേശ്വര്‍ജിയുടെ കാവ്യജീവിതത്തിന്റെ കണ്ണാടിയാണ് ഈ കവിത. ”ഒരു നിശ്ചയവുമില്ലയൊന്നിനും വരുമോരോ ദശ വന്നപോലെ പോം” എന്നു പാടിയ മഹാകവി കുമാരനാശാനെ കവികുല ഗുരുവായ ഗുരുദേവന്‍ തിരുത്തുന്നുണ്ട്. ദശകളോരോന്നും ക്രമത്തില്‍ വന്നുപോകുന്നതുതന്നെ ഒരു നിശ്ചയമല്ലേ എന്നാണത്രേ ഗുരുദേവന്‍ ചോദിച്ചത്. ഇവിടെ നിശാഗന്ധിയുടെ ക്ഷണിക ജീവിതത്തെ മരണമായല്ല, മൃത്യുവെ ജയിച്ച് അമരത്വം നേടുന്നതായാണ് കവി കാണുന്നത്. അമരത്വം കൊതിക്കുന്ന ഞങ്ങള്‍ക്ക് യുഗംകൊണ്ടും അതിന് കഴിഞ്ഞിട്ടില്ലെന്ന് പരിഭവിക്കുകയും ചെയ്യുന്നു. നിശാഗന്ധിയെ ഗന്ധര്‍വ കന്യകയായി സങ്കല്‍പിക്കുകയും, തന്റെ അസുലഭവും അചുംബിതവുമായ സൗന്ദര്യം ആര്‍ക്കോ രഹസ്യമായി സമര്‍പ്പിക്കുവാന്‍ വന്നതാണെന്ന ഭാവനയും അചുംബിതമാണ്. മരണം ജീവിതത്തിന്റെ അവസാനമല്ലെന്നും, അനശ്വരതയിലേക്കുള്ള പ്രയാണമാണെന്നും അറിയുന്ന സാത്വിക ചിന്തയാണ് ‘വാടാത്ത നിശാഗന്ധി’യിലെ കവിയെ നയിക്കുന്നത്. വിവേകാനന്ദന്റെ കവിതകളോട് താരതമ്യപ്പെടുത്തുമ്പോള്‍ മാത്രമേ പരമേശ്വര്‍ജിയുടെ കവിതകളെ സമ്പൂര്‍ണമായി മനസ്സിലാക്കാന്‍ ആവൂ എന്ന് മഹാകവി അക്കിത്തം ‘യജ്ഞപ്രസാദ’ത്തിന്റെ അവതാരികയില്‍ കണ്ടെത്തുന്നുണ്ട്.

കാവ്യമനസ്സ് പലപ്പോഴും വിഹ്വലമായിരിക്കും. ജാഗരൂകത അകന്നു നില്‍ക്കുന്ന ഇത്തരം മുഹൂര്‍ത്തങ്ങളില്‍ കവിതകള്‍ പിറവികൊള്ളുന്നു. ”വിടവാങ്ങട്ടെ വിടവാങ്ങട്ടെ വിരുന്നു നാളുകള്‍ തീര്‍ന്നു” എന്നു തുടങ്ങുന്ന ‘പിറന്ന വീടു വിളിക്കുന്നു’ എന്ന പരമേശ്വര്‍ജിയുടെ കവിതയില്‍ ഇങ്ങനെ വായിക്കാം:
”വരുന്നു ഞാനിനി വൈകില്ലിവിടെ-
പ്പാട്ടും കളികളുമായി
വരുന്നു ഞാനിനിയന്തര്‍ദാഹം
തെളിച്ച വഴിയില്‍ കൂടി
പിടിച്ചുനിര്‍ത്തരുതെന്നെയൊരാളും
സുവര്‍ണശൃംഖല ചാര്‍ത്തി
പിറകില്‍ നിന്നു തിരിച്ചുവിളിക്കാന്‍
ഇറങ്ങിയെത്തരുതാരും
കണ്ണീര്‍കൊണ്ടോ പുഞ്ചിരികൊണ്ടോ
മനസ്സിളക്കരുതാരും.”
…………………………………………….
വിദൂരമാമെന്‍ സ്വന്തം വീട്ടിലെ
അന്തിവിളക്കിന്‍ നാളം
അതിന്നുചുറ്റുമിരുന്നു ജപിക്കും
മന്ത്രധ്വനിയുടെ താളം
അതാണതാണിന്നെന്നുടെ ലക്ഷ്യം
തേടിയ ജീവിത മോക്ഷം.”
യജ്ഞപ്രസാദം എന്ന ശീര്‍ഷകം കാവ്യസമാഹാരത്തിന് നല്‍കിയതില്‍നിന്നുതന്നെ പരമേശ്വര്‍ജിയുടെ കാവ്യാഭിരുചി നിര്‍ണയിക്കുന്നു. സുന്ദരമധുര പദാവലികള്‍ക്കു പകരം അകക്കാമ്പിനെ വിശുദ്ധമാക്കുന്ന സ്പര്‍ശ മണികളായി വാക്കുകള്‍ പൂക്കുന്നു. കവി കൂടിയായിരുന്ന, കവിത മന്ത്രമാണെന്ന് മഹര്‍ഷി അരവിന്ദന്റെ യോഗാത്മകതയിലേക്ക് ആവേഗം കൊള്ളുന്ന ശബ്ദാര്‍ത്ഥ ഗരിമ. ആര്‍ഷ പൈതൃകത്തിന്റെ ആഴങ്ങളില്‍നിന്ന് കണ്ടെടുക്കുന്ന ബിംബകല്‍പ്പനകള്‍, ദര്‍ശന കാന്തിയുടെ കനകമയൂഖങ്ങള്‍.

ഒരേ നാട്ടുകാരും, കാവ്യവഴിയില്‍ ഒരേസമയം സഞ്ചരിക്കാന്‍ തുടങ്ങിയവരുമാണ് വയലാര്‍ രാമവര്‍മ്മയും പരമേശ്വര്‍ജിയും. പില്‍ക്കാലത്ത് വിപ്ലവകവിയായി തെറ്റിദ്ധരിക്കപ്പെട്ട വയലാറിന് ഒരു ഘട്ടത്തില്‍ ”കരവാളു വിറ്റൊരു മണിപ്പൊന്‍വീണ വാങ്ങിച്ചു ഞാന്‍” എന്ന് പ്രഖ്യാപിക്കേണ്ടിവന്നുവല്ലോ. ”ദന്തഗോപുരം തപസ്സിന് തിരയും ഗന്ധര്‍വ കവിയല്ല ഞാന്‍, മൂകത മൂടും ഋഷികേശത്തിലെ മുനിയല്ല ഞാന്‍ ഒരു മുനിയല്ല ഞാന്‍” എന്നു ലാഘവബുദ്ധിയാലെന്നോണം പാടിയ ഇതേ വയലാര്‍ പിന്നീട്
”ആരണ്യാന്തര ഗഹ്വരോദര
തപസ്ഥാനങ്ങളില്‍,
സൈന്ധവോദാര ശ്യാമ
മനോഭിരാമ പുളിനോപാന്ത പ്രദേശങ്ങളില്‍
ആരന്തര്‍മുഖമീപ്രപഞ്ച
പരിണാമോത്ഭിന്ന സര്‍ഗക്രിയാസാരം
തേടിയലഞ്ഞു പണ്ടവരിലെ
ചൈതന്യമെന്‍ ദര്‍ശനം” എന്ന തിരിച്ചറിവു നേടി. യഥാര്‍ത്ഥത്തില്‍ ലാവണ്യാനുഭവങ്ങളുടെ ചെമ്പന്‍ കുതിരപ്പുറത്തേറി വയലാര്‍ വര്‍ഷങ്ങളിലൂടെ ചെന്നെത്തിയ ഇടത്തുനിന്നാണ് പരമേശ്വര്‍ജിയിലെ കവി പതിറ്റാണ്ടുകള്‍ക്കു മുന്നേ യാത്ര തുടങ്ങിയതു തന്നെ. ദാര്‍ശനികമായ പൊതുവിതാനത്തില്‍ ഒരിക്കല്‍ സഹപാഠികളായിരുന്ന ഇരുവരും വീണ്ടും കണ്ടുമുട്ടുകയായിരുന്നു.

Tags: പരമേശ്വര്‍ജിവയലാര്‍
Share89TweetSendShare

Related Posts

അവിരാമമായ ചരിത്രദൗത്യം

മത ദുരഭിമാനക്കൊലയും മലയാളിയുടെ ഇരട്ടത്താപ്പും

ഒരു സന്ദര്‍ശനത്തിന്റെ ഓര്‍മ്മ

അഗ്രേ പശ്യാമി

യക്ഷപ്രശ്‌നം – സ്വപിതാവിന്റെ പരീക്ഷ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 16)

‘സഹജരേ, നിങ്ങള്‍ ആരുടെ പക്ഷത്ത്?’

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

അവിരാമമായ ചരിത്രദൗത്യം

പാലോറ മാതയില്‍ നിന്ന് പാറയില്‍ മറിയക്കുട്ടിയിലേക്ക്

മത ദുരഭിമാനക്കൊലയും മലയാളിയുടെ ഇരട്ടത്താപ്പും

അന്നദാതാവിന്റെ കണ്ണീര്

കെ രാധാകൃഷ്ണൻ പുരസ്കാരം കാവാലം ശശികുമാറിന്

നവകേരളമെന്ന നഷ്ടസാമ്രാജ്യം

ഹമാസിന്റെ സ്വന്തം കേരളം…..!

വിതച്ചത് കൊയ്യുന്ന ഹമാസ്‌

ഒരു സന്ദര്‍ശനത്തിന്റെ ഓര്‍മ്മ

അറിവിന്റെ പ്രസാദം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies