നിലവിളികളുടെ അലകള്‍ തങ്ങുന്ന സെല്ലുലാര്‍ ജയില്‍ എന്ന ജസ്റ്റിസ് കെ.ടി.തോമസിന്റെ ലേഖനം (കേസരി ഫെബ്രു. 7) ഉള്ളുപൊള്ളിക്കുന്നതായി. അദ്ദേഹം നേരില്‍ കണ്ടതും വായിച്ചറിഞ്ഞതുമായ കാര്യങ്ങള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു. ഏതെങ്കിലും ആശയത്തിന്റെ തടവറയില്‍ കിടക്കുന്ന വ്യക്തിയല്ല ആരാധ്യനായ കെ.ടി.തോമസ്. തനിക്ക് ബോധ്യംവന്ന കാര്യങ്ങള്‍ നെഞ്ചുറപ്പോടെ വിളിച്ചു പറയാന്‍ അദ്ദേഹം കാട്ടുന്ന ആര്‍ജ്ജവം പലരും മാതൃകയാക്കേണ്ടതാണ്. സ്ഥാനമാനങ്ങള്‍ ക്കുവേണ്ടി മുട്ടിലിഴയുന്ന ഒരുപാടു പ്രമുഖരെ നമുക്കറിയാം. അധികാരസ്ഥാനങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കാനും അംഗീകാരങ്ങളും പുരസ്കാരങ്ങളും ആക്രാന്തത്തോടെ പിടിച്ചുവാങ്ങാനും വെമ്പല്‍കൊള്ളുന്നവര്‍ക്ക് മുന്നില്‍ ജസ്റ്റിസ് കെ.ടി. തോമസ് വ്യത്യസ്തനാണ്. ആദര്‍ശത്തിന്റെ പ്രകാശഗോപുരമാണ് അദ്ദേഹം. സവര്‍ക്കറെ പോലുള്ള മഹദ് വ്യക്തിത്വങ്ങളെ ഇത്രയുംകാലം അധികാരത്തിലിരുന്നവര്‍ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്തപ്പോള്‍ (ഇന്ദിരാഗാന്ധിയെ മറക്കുന്നില്ല) വാജ്പേയിയും നരേന്ദ്രമോദിയുമാണ് അദ്ദേഹത്തിന് യഥാര്‍ത്ഥ ആദരവ് നല്‍കിയത്. ഭാരതാംബയുടെ ഉത്തമപുത്രനും ത്യാഗനിധിയുമായ സവര്‍ക്കറെ ഇന്നത്തെ ചില രാഷ്ട്രീയ കക്ഷികള്‍ അപമാനിക്കുന്നതു കാണുമ്പോള്‍ കടുത്ത വേദന തോന്നാറുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ അവഹേളിക്കുന്നതില്‍ അതിശയമില്ല. അവരുടെ പാരമ്പര്യം അതാണ്. രാഷ്ട്രത്തിന്റെ മാനബിന്ദുക്കളെ അപമാനിക്കുക എന്നത് അവരുടെ രീതിയാണ്. എന്നാല്‍ സങ്കുചിത താല്പര്യത്തിനു വേണ്ടി ഇന്നത്തെ രാഹുല്ഗാന്ധിയടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ ഇത് ചെയ്യുന്നത് ഭൂഷണമാണോ എന്ന് അവര്‍ ചിന്തിക്കണം. എന്തായാലും ഇത്രയും നല്ലൊരു ലേഖനം തയ്യാറാക്കിയ ജസ്റ്റിസ് കെ.ടി. തോമസിന് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.