സ്വാതന്ത്ര്യലബ്ധിയെതുടര്‍ന്ന് 1947 ആഗസ്ത് 14 കഴിഞ്ഞുള്ള അര്‍ദ്ധരാത്രിയില്‍ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ രാഷ്ട്രത്തിന്റെ ദേശീയ പതാക ഉയരുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1943 ഡിസംബര്‍ 30ന് അന്തരീക്ഷത്തില്‍ അത് ഉയര്‍ന്നു കഴിഞ്ഞിരുന്നു. അതുയര്‍ത്താനുള്ള ദൗത്യം കാലം നല്‍കിയതാകട്ടെ ആസാദ് ഹിന്ദ് സര്‍ക്കാരിന്റെ തലവനെന്ന നിലയില്‍ നേതാജി സുഭാഷ് ചന്ദ്രബോസിനും! രണ്ടാം ലോകമഹായുദ്ധകാലത്ത് (1939-45) ബ്രിട്ടീഷുകാരില്‍ നിന്ന് ജപ്പാന്‍ പിടിച്ചെടുത്ത ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട്ട് ബ്ലയറില്‍ ആണ് ആ ചരിത്ര സംഭവം അരങ്ങേറിയത്.
ദക്ഷിണ പൂര്‍വ്വേഷ്യന്‍ രാഷ്ട്രങ്ങളെ പാരതന്ത്ര്യത്തിന്റെ ചങ്ങലകളാല്‍ ബന്ധിച്ച് അവയുടെ ഭാഗധേയങ്ങളെ പാശ്ചാത്യ ശക്തികള്‍ നിയന്ത്രിച്ചിരുന്ന കാലഘട്ടം. ഇറ്റലി,ജര്‍മ്മനി,ജപ്പാന്‍ എന്നീ അച്ചുതണ്ടുകക്ഷികളും ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, സോവിയറ്റ് റഷ്യ, ന്യൂസിലാന്റ്, ചൈന എന്നീ സഖ്യകക്ഷികളും തമ്മിലുള്ള പോര് മൂര്‍ദ്ധന്യത്തിലെത്തിനില്ക്കുന്ന അവസരം. ആക്രമണ-പ്രത്യാക്രമണ പ്രകമ്പനങ്ങളില്‍ വിറപൂണ്ടു നില്ക്കുന്ന ലോകരാജ്യങ്ങള്‍. മലേഷ്യ, ഇന്തോനേഷ്യ, ബര്‍മ്മ എന്നീ നാടുകളെ 1942 മെയ് മാസത്തോടെ ബ്രീട്ടീഷ് നുകത്തില്‍ നിന്നും മോചിപ്പിച്ചു സ്വന്തം കൊടിക്കീഴിലാക്കാന്‍ ഈ യുദ്ധത്തിനിടയില്‍ ജപ്പാന് സാധ്യമായി. തങ്ങളുടെ ജൈത്രയാത്രയ്ക്കിടയില്‍ ബ്രിട്ടീഷാധിപത്യത്തിലായിരുന്ന ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളെയും ജപ്പാന്‍ സ്വന്തം ഭരണവലയത്തിലാക്കി.
1942 മാര്‍ച്ച് 22-ന് സന്ധ്യാനേരത്താണ് തീരെ അവിചാരിതമായി പോര്‍ട്ട് ബ്ലയറിന്റെ കിഴക്കന്‍ കടലില്‍ ജാപ് പടക്കപ്പലുകള്‍ പ്രത്യക്ഷപ്പെട്ടത്. അടുത്ത ദിവസം അതിരാവിലെ ഗണ്‍ ബോട്ടുകള്‍ വഴി ദ്വീപ് തീരങ്ങളിലിറങ്ങിയ സൈനികവ്യൂഹങ്ങള്‍ക്ക് എതിര്‍പ്പൊന്നും നേരിടേണ്ടി വന്നില്ല. അച്ചുതണ്ട് ശക്തികളുമായി പോരാടാന്‍ സുപ്രധാന പോര്‍മുഖങ്ങളില്‍ തങ്ങളുടെ സേനാനികളെ വിന്യസിക്കേണ്ടിവന്ന ബ്രിട്ടീഷുകാരുടെ സൈനിക ശക്തി ദ്വീപുകളില്‍ തുലോം ദുര്‍ബലമായിരുന്നു. നേരത്തെ ഉണ്ടായിരുന്ന ഗൂര്‍ഖാ റെജിമെന്റിനെ മാര്‍ച്ച് ആരംഭത്തോടെ റംഗൂണിലേയ്ക്ക് മാറ്റിക്കഴിഞ്ഞിരിക്കുന്നു.
അതുവരെ കിരാതമായ ബ്രിട്ടീഷ് ആധിപത്യത്തിന് കീഴില്‍ അടിമ ജീവിതം അനുഭവിക്കുകയായിരുന്ന ദ്വീപ് ജനത ജപ്പാന്റെ ആഗമനത്തോടെ സമാശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു.
സിംഗപ്പൂരില്‍നിന്ന് ജപ്പാന് കീഴടങ്ങിയ ബ്രിട്ടീഷ് സേനയിലെ നൂറോളം ഇന്ത്യന്‍ യോദ്ധാക്കളെയും ജപ്പാന്‍ സൈന്യം കൂടെ കൊണ്ടുവന്നിരുന്നു. പോര്‍ട്ട് ബ്ലയറിന്റെ വിവിധഭാഗങ്ങളിലൂടെ അവിടങ്ങളിലെ അധീശത്വം സ്ഥാപിച്ചുകൊണ്ട് മാര്‍ച്ച് ചെയ്ത ജാപ് സൈനികരുടെ കൂടെ ഇവരുടെ സാന്നിദ്ധ്യവും ഉണ്ടായി. ജപ്പാന്‍ ഭാരതീയരുടെ ശത്രുവല്ല, മിത്രമാണെന്ന് ദ്വീപ് വാസികളോട് വഴി നീളെ ഇവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ബ്രിട്ടീഷുകാര്‍ ഭാരതം വിടുംവരെ അവരുടെ മൃഗീയ നടപടികളില്‍ നിന്നും തങ്ങള്‍ക്കൊരു മോചനമില്ലെന്ന് പരിതപിക്കുകയായിരുന്ന ദ്വീപ് നിവാസികള്‍ക്കിടയില്‍ അതോടെ മാറ്റത്തിന്റെ കാറ്റ് വീശാന്‍ തുടങ്ങി.
ജാപ് ഭടന്മാര്‍ ഗണ്‍ബോട്ടുകളില്‍ നിന്നും കരയിലിറങ്ങിയപ്പോള്‍ വിവിധ ബ്രിട്ടീഷ് വകുപ്പുകളില്‍ സേവനം നടത്തിയിരുന്ന ഭാരതീയര്‍ ആഹ്ലാദചിത്തരായി അവര്‍ക്ക് ഹൃദ്യമായ വരവേല്‍പ് നല്കുകയുണ്ടായി. നാടുകടത്തപ്പെട്ട ബര്‍മ്മക്കാരാവട്ടെ സൈനികര്‍ക്ക് മുമ്പില്‍ പാട്ട് പാടി നൃത്തം ചെയ്യുകയായിരുന്നു. മറ്റൊരേഷ്യന്‍ രാജ്യമായ ജപ്പാനെ ജനങ്ങള്‍ തങ്ങളുടെ രക്ഷകരായാണ് ദര്‍ശിച്ചത്.
ജപ്പാന്റെ ക്രൂരമുഖം വെളിപ്പെടുന്നു
എന്നാല്‍ ദ്വീപുകളിലെ ആഹ്ലാദാരവങ്ങള്‍ക്കും ആഘോഷനൃത്തങ്ങള്‍ക്കും ആയുസ്സ് തീര്‍ത്തും കുറവായിരുന്നു.സൈനികര്‍ ജനങ്ങള്‍ക്ക് നേരെ ദ്രോഹനടപടികള്‍ അഴിച്ചുവിടാന്‍ ആരംഭിച്ചു. വീടുകളില്‍ അതിക്രമിച്ചുകയറി കോഴി,താറാവ്, ധാന്യങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ എടുത്ത് കൊണ്ടുപോയി. എതിര്‍ത്തവര്‍ക്ക് മാരകമായ ദേഹോപദ്രവങ്ങള്‍ ഏല്‌ക്കേണ്ടിവന്നു. ആന്‍ഡമാന്‍-നിക്കോബാറിലെ സകലമാന സ്ഥാവരജംഗമ വസ്തുക്കളും ജപ്പാനിലെ ഇംപീരിയല്‍ ഗവണ്മെന്റിന് അവകാശപ്പെട്ടതാണെന്നും സ്വകാര്യവാഹനങ്ങള്‍, ആയുധങ്ങള്‍, റേഡിയോ എന്നിവയെല്ലാം സൈനികര്‍ക്ക് മുമ്പില്‍ അടിയന്തിരമായി സമര്‍പ്പിക്കണമെന്നും സേനാ കമാന്‍ഡര്‍ പ്രഖ്യാപനവും നടത്തി.
ലോകയുദ്ധത്തിന്റെ പ്രഥമപാദത്തില്‍ വന്‍മുന്നേറ്റം നടത്തിയിരുന്ന ജപ്പാന്‍ പതുക്കെ പരാജയത്തിന്റെ കയ്പ് നീര്‍ രുചിക്കാന്‍ തുടങ്ങി. കോറല്‍ യുദ്ധത്തിലും മിഡ്‌വേ നാവിക പോരാട്ടത്തിലും അമേരിക്കയോടേറ്റുമുട്ടി അവര്‍ക്ക് അടിയറവ് പറയേണ്ടിവന്നു.
ആന്‍ഡമാന്‍-നിക്കോബാറിലെ അധീശാധികാരം ജാപ് ആക്രമണത്തിന് മുമ്പില്‍ കൈവിടേണ്ടിവന്നെങ്കിലും ദ്വീപുകളെ പാടേ ഉപേക്ഷിക്കാന്‍ ബ്രിട്ടീഷുകാര്‍ തയ്യാറല്ലായിരുന്നു. ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും ജപ്പാന്‍ പടക്കപ്പലുകളെ സഖ്യകക്ഷികളുടെ അന്തര്‍വാഹിനികള്‍ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നു. അവര്‍ ദ്വീപുകള്‍ക്ക് ചുറ്റും ശക്തമായ പ്രതിരോധം സൃഷ്ടിച്ചതോടെ ദ്വീപുകളിലേയ്ക്ക് ഭക്ഷ്യസാധനങ്ങളും തുണിത്തരങ്ങളും മറ്റവശ്യസാധനങ്ങളും എത്തിക്കാന്‍ ജപ്പാന് കഴിയാതെ വന്നു. ദ്വീപുകളില്‍ കൊടിയ ഭക്ഷ്യക്ഷാമവും വസ്ത്രക്ഷാമവുമായിരുന്നു പരിണിത ഫലം.
ബ്രിട്ടീഷ് ഉപരോധവും ആക്രമണങ്ങളും ജപ്പാന്‍ ഭരണാധികാരികളെ വല്ലാതെ വിറളി പിടിപ്പിച്ചു. അസഹിഷ്ണുക്കളായി മാറിയ അവര്‍ക്ക് യൂറോപ്യന്‍മാരോട് ഉണ്ടായിരുന്ന ശത്രുത പതിന്മടങ്ങ് വര്‍ദ്ധിച്ചു. ആ ശത്രുത അവര്‍ തിരിച്ചുവിട്ടതാകട്ടെ സാധാരണക്കാരായ ദ്വീപ് ജനതയ്‌ക്കെതിരെയും; പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷ അറിയാവുന്നവര്‍ക്കെതിരെ. അവര്‍ ഇംഗ്ലീഷുകാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും അവര്‍ക്കായി ചാരപ്രവൃത്തി നടത്തുന്നവരാണെന്നും ആരോപിച്ച് പല പൗരപ്രമുഖരേയും അധികൃതര്‍ അറസ്റ്റ് ചെയ്ത് സെല്ലൂലാര്‍ ജയിലിലടച്ചു. ജയിലറകളില്‍ അവര്‍ക്ക് ക്രൂരപീഡനങ്ങള്‍ക്കും നരകീയയാതനകള്‍ക്കുമാണ് പാത്രീഭവിക്കേണ്ടിവന്നത്.
ആന്‍ഡമാന്‍- നിക്കോബാര്‍ ജനതയ്ക്ക് മേല്‍ ഭരണവര്‍ഗ്ഗം തങ്ങളുടെ കിരാത താണ്ഡവം ആടിത്തിമിര്‍ക്കുമ്പോള്‍ ടോക്കിയോയില്‍ ഒരു ചരിത്ര പ്രഹസനത്തിനുള്ള അണിയറയൊരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. സഖ്യശക്തികള്‍ക്കെതിരെ ഇന്ത്യയുടെ സൗഹൃദവും സഹകരണവും നേടിയെടുക്കാനുള്ള കൗശലത്തിലായിരുന്നു ജപ്പാന്‍. അവരുടെ അധീനതയിലുള്ള ആന്‍ഡമാന്‍-നിക്കോബാര്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ആസാദ് ഹിന്ദ് സര്‍ക്കാരിന് വിട്ടുകൊടുക്കാമെന്ന് ജാപ് പ്രധാനമന്ത്രി ജനറല്‍ ഹെഡെകോ ടോജോ പ്രഖ്യാപിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്നാണ് നേതാജി ബോസും അദ്ദേഹത്തിന്റെ ഏതാനും സഹപ്രവര്‍ത്തകരും 1943 ഡിസംബര്‍ 29-ന് ജാപ് നേവിയുടെ ഒരു ബോംബര്‍ വിമാനത്തില്‍ പോര്‍ട്ട് ബ്ലയറില്‍ വന്നിറങ്ങിയത്.
ആസാദ് ഹിന്ദ് സര്‍ക്കാര്‍
1943 മെയ് മാസത്തിലാണ് നേതാജി തന്റെ പ്രവര്‍ത്തനമേഖല ജര്‍മ്മനിയില്‍ നിന്ന് ദക്ഷിണ പൂര്‍വ്വേഷ്യയിലേയ്ക്ക് മാറ്റിയത്. മെയ് 16-ന് ടോക്കിയോയില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ ജപ്പാന്‍ പ്രധാനമന്ത്രി ജനറല്‍ ടോജോ സന്ദര്‍ശിക്കുകയും ബ്രിട്ടനെ പരാജയപ്പെടുത്തി ഇന്ത്യയുടെ സ്വാതന്ത്ര്യം സാക്ഷാത്കരിക്കാനുള്ള മാര്‍ഗ്ഗം തെളിയിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കുകയും ചെയ്തു. തുടര്‍ന്ന് ജൂലായ് 2-ന് സിംഗപ്പൂരിലെത്തിയ നേതാജി 4-ന് അവിടുത്തെ ‘കഥെ’ ഹാളില്‍ ചേര്‍ന്ന ഇന്റിപ്പെന്റന്‍സ് ലീഗിന്റെയും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ും ഒരു യോഗത്തില്‍ വെച്ച് ഇരു സംഘടനകളുടെയും അനിഷേധ്യനേതാവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.പിന്നീട്, ആസാദ് ഹിന്ദ് സര്‍ക്കാരിന് രൂപം നല്‍കാനുള്ള ശ്രമത്തില്‍ അദ്ദേഹം വ്യാപൃതനായി. തദ്ഫലമായി ഒക്‌ടോബര്‍ 21-ന് ‘കാഥെ’ ഹാളില്‍ വെച്ച് തന്നെ പ്രസ്തുത ഉദ്യമം സഫലീകൃതമാവുകയും ചെയ്തു. അന്ന് നേതാജി പ്രധാനമന്ത്രിയും മറ്റേതാനും സഹപ്രവര്‍ത്തകര്‍ വകുപ്പ് മന്ത്രിമാരും ആയി സത്യപ്രതിജ്ഞചെയ്തു. മലയാളിയായ ക്യാപ്റ്റന്‍ ലക്ഷ്മിക്കായിരുന്നു വനിതാ വകുപ്പിന്റെ ചുമതല.
1943 ഡിസംബര്‍ 29-ന് പോര്‍ട്ട് ബ്ലയറില്‍ വന്നിറങ്ങിയ നേതാജിയെ ആന്‍ഡമാന്‍-നിക്കോബാറിലെ ജാപ് ഭരണത്തലവന്‍ വൈസ് അഡ്മിറല്‍ ഇഷിക്കാവയാണ് വിമാനത്താവളത്തില്‍ ചെന്ന് സ്വീകരിച്ചത്. അന്ന് റോസ് ദ്വീപ് സന്ദര്‍ശിച്ച നേതാജി ബ്രിട്ടീഷ് ഭരണത്തിന്റെ ആസ്ഥാനമായിരുന്ന(പിന്നീട് ജപ്പാന്‍ സൈനികര്‍ കീഴടക്കിയ) ബംഗ്ലാവ് സൈനികരില്‍ നിന്നും ഏറ്റെടുത്ത് അവിടെ ആസാദ് ഹിന്ദ് സര്‍ക്കാരിന്റെ പതാക ഉയര്‍ത്തുകയുണ്ടായി.
അടുത്ത ദിവസം ഒരു ലഘു ഔദ്യോഗിക ചടങ്ങില്‍വെച്ച് ദ്വീപുകളുടെ ഭരണാധികാരം വൈസ് അഡ്മിറല്‍ നിന്നും കൈക്കൊണ്ട ശേഷം വൈസ് അഡ്മിറല്‍, സിവില്‍ ഗവര്‍ണ്ണര്‍ എന്നിവരാല്‍ അനുഗതനായി നേതാജി സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിച്ചു. അതേ ദിവസം അദ്ദേഹം ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളെ മറ്റൊരു ചരിത്രപ്രസിദ്ധിയിലേക്ക് കൈപിടിച്ച് കയറ്റുകയുണ്ടായി. പോര്‍ട്ട് ബ്ലയറിലെ ജിംഖാന മൈതാനിയില്‍ തടിച്ചുകൂടിയ നൂറ് കണക്കിനാളുകളെ സാക്ഷിയാക്കി അന്നദ്ദേഹം ജന്മനാടിന്റെ ദേശീയപതാക സാഭിമാനം ഉയര്‍ത്തി. അങ്ങനെ രാജ്യം സ്വാതന്ത്രയാകും മുമ്പെതന്നെ രാജ്യത്തിന്റെ അഭിമാന ചിഹ്നം നേതാജിയുടെ ത്യാഗോജ്ജ്വാലകര്‍മ്മങ്ങളുടെ അടയാളമായി വാനിലുയര്‍ന്നു.
മാതൃരാജ്യത്തിന്റെ മോചനത്തിനായി ജപ്പാന്‍ അധികൃതരോട് സഹകരിക്കാനും ശത്രുക്കളെ ആട്ടിയോടിക്കാന്‍ അവരുടെ കൈകള്‍ക്ക് കരുത്ത് പകരാനും പ്രസംഗമദ്ധ്യേബോസ് ജനങ്ങളോടാഹ്വാനം ചെയ്തു. ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണപതാക പാറിക്കളിക്കുന്നത് കാണുകയാണ് ഇനിയുള്ള തന്റെ അഭിലാഷമെന്നും അതിനായി ഭാരതമക്കള്‍ ജലത്തിനും അഗ്നിക്കും ഇടയിലൂടെ സഞ്ചരിക്കേണ്ടതുണ്ടെന്നും ഇന്ത്യന്‍ മണ്ണില്‍ നിന്നും വിദേശ ശക്തിയെ എന്നെന്നേയ്ക്കുമായി തുരത്താന്‍ ഒരന്തിമ പോരാട്ടത്തിന് ആസാദ് ഹിന്ദ് സര്‍ക്കിന് പിന്നില്‍ അണിചേരാനും അന്നദ്ദേഹം ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു.(ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ ആകാലയളവില്‍ ഭാരതത്തിന്റെ ഭാഗമായിരുന്നില്ല എന്നതാണ് വസ്തുത. ബ്രിട്ടീഷുകാര്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കുമ്പോഴുണ്ടായ കരാര്‍ പ്രകാരം ദ്വീപുകളെ വിട്ടുകൊടുത്തതാണ്)
നേതാജിയുടെ സന്ദര്‍ശന പരിപാടികള്‍ക്ക് വളരെ തന്ത്രപൂര്‍വ്വം രൂപം നല്‍കിയത് വൈസ് അഡ്മിറല്‍ ആയിരുന്നു. മടക്കയാത്രവരെ അദ്ദേഹവുമായി ഒരു തുറന്ന സംഭാഷണത്തിന് പോര്‍ട്ട് ബ്ലയറിലെ ഇന്‍ഡിപെന്റന്‍സ് ലീഗംഗങ്ങളെപോലും അനുവദിക്കാത്ത തരത്തില്‍ സൈനിക ഓഫീസര്‍മാരും രഹസ്യ പോലീസും നേതാജിയെ പിന്തുടര്‍ന്നിരുന്നു. ജപ്പാന്‍ ദ്വീപുകളില്‍ നടത്തിക്കൊണ്ടിരുന്ന മനുഷ്യത്വഹീനപ്രവൃത്തികളെ കുറിച്ചും ചാരപ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് പലരെയും തടവറകളില്‍ അടച്ചിട്ട് അതിക്രൂരം പീഡിപ്പിക്കുന്നതിനെപ്പറ്റിയും അറിഞ്ഞാല്‍ നേതാജിക്ക് ജാപ് ഭരണാധികാരികളോടുണ്ടായിരുന്ന സൗഹൃദത്തിനും വിശ്വാസത്തിനും ഇടിവ് സംഭവിക്കുമെന്ന ഭയമായിരുന്നു അവര്‍ക്ക്.
ഭരണം അവസാനിപ്പിക്കുന്നു
1944 ജനുവരി ഒന്നിന് തിരികെപോയ സുഭാഷ്ചന്ദ്രബോസ് ദ്വീപുകളുടെ ഭരണത്തലവനായി കേണല്‍ എ.ജി ലോകനാഥനെയും അദ്ദേഹത്തെ ഭരണ കാര്യങ്ങളില്‍ സഹായിക്കാന്‍ മേജര്‍ അലവി, ലെഫ്റ്റനന്റ് സുബ്ബസിംഗ്, മുഹമ്മദ് ഇക്ബാല്‍, ശ്രീനിവാസ ശാസ്ത്രി എന്നിവരെയും നിയമിച്ചു. ബ്രിട്ടന്റെ നുകത്തിന്‍ കീഴില്‍നിന്നും ഭാരതീയര്‍ ആദ്യമായി മോചിപ്പിച്ച പ്രദേശമാണ് ആന്‍ഡമാന്‍-നിക്കോബാറെന്നും അവിടെ ജന്മനാടിന്റെ മോചനത്തിനായി രക്തസാക്ഷിത്വം വരിച്ച ഭാരതമക്കളുടെ വീരസ്മരണ നിലനിര്‍ത്താന്‍ ആന്‍ഡമാനെ’ഷഹീദ്’ (രക്തസാക്ഷി) ദ്വീപുകളെന്നും നിക്കോബാറിനെ ‘സ്വരാജ്’ (സ്വാതന്ത്ര്യം) ദ്വീപുകളെന്നും നാമപരിവര്‍ത്തനം ചെയ്യുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
ദ്വീപുകളില്‍ ആസാദ് ഹിന്ദ് സര്‍ക്കാരിന്റെ ഭരണം സ്ഥാപിക്കാനെത്തിയ കേണല്‍ ലോകനാഥനും സംഘത്തിനും ജാപ് അധികൃതരില്‍ നിന്നും നല്ല അനുഭവങ്ങളല്ല ഉണ്ടായത്. ഔപചാരികമായി വൈസ് അഡ്മിറല്‍ ദ്വീപുകളെ നേതാജിക്ക് കൈമാറിയിരുന്നെങ്കിലും ഭരണ യന്ത്രം കേണല്‍ ലോകനാഥന് വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറായില്ല. അദ്ദേഹത്തേയും മറ്റു സംഘാംഗങ്ങളെയും ജപ്പാന്‍ പാടേ അവഗണിക്കുകയും അവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ രഹസ്യ പോലീസുകാരെ നിയോഗിക്കുകയും ചെയ്തു. ഒടുവില്‍ ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ പ്രവര്‍ത്തിക്കാന്‍ ആവില്ലെന്ന് മനസ്സിലാക്കി ആസാദ് ഹിന്ദ് സര്‍ക്കാരിന് ‘ഭരണം’ സ്വയം അവസാനിപ്പിക്കേണ്ടിവന്നു. ദ്വീപുകളുടെ പേര് മാറ്റത്തിനും അവരുടെ രേഖകളില്‍ മാത്രം ഒതുങ്ങിപ്പോകാനുള്ള ദൗര്‍ഭാഗ്യമാണ് ഉണ്ടായത്.
75-ാം വാര്‍ഷികം പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍
പോര്‍ട്ട് ബ്ലയറില്‍ നേതാജി ദേശീയപതാക ഉയര്‍ത്തിയതിന്റെ 75-ാം വാര്‍ഷികം 2018 ഡിസംബര്‍ 30-ന് സാഘോഷം ദ്വീപ് ഭരണകൂടവും ദ്വീപ് ജനതയും കൊണ്ടാടുകയുണ്ടായി. ഭാരതത്തിന്റെ ആ വീരപുത്രന്റെ കര്‍മ്മ ധീരതയെ അനുസ്മരിപ്പിച്ചുകൊണ്ട്, പ്രത്യേകം തയ്യാറാക്കിയ 150 അടി ഉയരമുള്ള കൊടിമരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തി. ആന്‍ഡമാന്‍ സമൂഹത്തില്‍ പെട്ട റോസ് ദ്വീപിനെ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപെന്നും നീല്‍, ഹവ് ലോക്ക് എന്നിവയെ യഥാക്രമം ഷഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നും അതേ വേദിയില്‍ വെച്ച് തന്നെ പ്രധാനമന്ത്രി നവീന നാമകരണം നടത്തുകയുമുണ്ടായി.
അനന്തരം ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് ഏകാന്ത വാസം വിധിച്ച് തടവിലിട്ട സെല്ലുലാര്‍ ജയിലും സന്ദര്‍ശിച്ചു. അവിടെ പ്രധാനമന്ത്രി വീര ദാമോദര്‍ സവര്‍ക്കര്‍ നരകയാതന അനുഭവിച്ച അറയില്‍ കയറി സവര്‍ക്കറുടെ പടത്തിന് മുമ്പില്‍ ചമ്രം പടിഞ്ഞിരുന്ന് അദ്ദേഹത്തിന്റെ ഉദാത്ത സ്മരണകള്‍ക്ക് മുമ്പില്‍ ധ്യാനനിരതനാകുകയും ചെയ്തു. ‘രാജ്യത്തിനുവേണ്ടി ജീവത്യാഗംചെയ്ത ധീരനായകരെ ഓര്‍ക്കുന്നു ഞാന്‍’ ആന്‍ഡമാന്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.
(ആന്‍ഡമാന്‍- നിക്കോബാര്‍ ഫിഷറീസ് വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥനും ദ്വീപുകള്‍ പശ്ചാത്തലമാക്കി എഴുതിയ ‘ആന്‍ഡമാന്‍-നിക്കോബാറിന്റെ ചരിത്രം, കാലവും കാലാപാനിയും കടന്ന്’ എന്നീ കൃതികളുടെ രചയിതാവുമാണ് ലേഖകന്‍.)