കോഴിക്കോട്ട് നടന്ന ‘സ്മൃതിപരമേശ്വരം’ എന്ന അനുസ്മരണച്ചടങ്ങില്‍ സംസാരിക്കവെ പ്രമുഖസാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകനായ ഹമീദ് ചേന്ദമംഗല്ലൂര്‍ പറഞ്ഞു: ‘മൂന്നു തവണയേ ഞാന്‍ പി. പരമേശ്വരനുമായി വേദി പങ്കിട്ടിട്ടുള്ളു എന്നാണ് ഓര്‍മ്മ.
ഭാരതദേശീയതയേയും സാംസ്‌കാരത്തെയും കുറിച്ച് 2002ല്‍ മാതൃഭൂമി വാരിക ഒരു ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. മാസങ്ങള്‍ നീണ്ടുനിന്ന പരമ്പരയായാണ് വിവിധ വ്യക്തികള്‍ പങ്കെടുത്ത ചര്‍ച്ച വാരികയിലൂടെ പുറത്തുവന്നത്. ചര്‍ച്ചയ്ക്ക് വിഷയം അവതരിപ്പിച്ചത് ഞാനായിരുന്നു. ഇസ്ലാമും ക്രിസ്തുമതവും വിദേശമതങ്ങളാണെങ്കിലും ഈ മതത്തിന്റെ അനുയായികള്‍ ഈ മണ്ണില്‍ വേരുള്ളവരായതിനാല്‍ രാജ്യത്തിന്റെ വൈദികവും പൗരാണികവുമായ പാരമ്പര്യത്തില്‍ അവര്‍ക്കും തുല്യമായ അവകാശവും കടമയുമുണ്ട് എന്ന് ഞാന്‍ ആ ലേഖനത്തില്‍ എഴുതിയിരുന്നു. എന്റെ ഈ കാഴ്ചപ്പാടിനെ അഭിനന്ദിച്ചുകൊണ്ടു പരമേശ്വര്‍ജി എഴുതിയത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.’ പരമേശ്വര്‍ജിയുടെ ഈ കാഴ്ചപ്പാടിനെ ആദരവോടെയാണ് ഹമീദ് എടുത്തുപറഞ്ഞത്. ഇത് പരമേശ്വര്‍ജിയുടെ മാത്രം കാഴ്ചപ്പാടല്ല. 1956 നവംബറില്‍ ബാംഗ്ലൂരില്‍ ഒരു സുഹൃദ് സദസ്സില്‍ സംസാരിക്കവെ ശ്രീഗുരുജിയും ഇതേ കാഴ്ചപ്പാടുതന്നെയാണ് പങ്കുവെച്ചത്.
‘ഹിന്ദുക്കളെപ്പോലെ മുസ്ലീങ്ങള്‍ക്കും തങ്ങള്‍ ഈ രാജ്യത്തിന്റെ ഭാഗമാണെന്ന അനുഭവമുണ്ടാകണം. ഭാരതത്തിന്റെ ജനതയുടെയും സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ചരിത്രത്തിന്റെയും മാത്രമല്ല പൂര്‍വ്വകാലസ്മരണകളുടെയും ഭാവി പ്രതീക്ഷകളുടെയും ഭാഗമാകണം. ഇതു പൂര്‍ത്തീകരിക്കുന്നതോടൊപ്പം അവര്‍ ഖുറാനോ ബൈബിളോ പഠിക്കുകയും ആ ആരാധന പദ്ധതി ഹൃദയത്തില്‍ ചേര്‍ത്തുവെച്ച് ആചരിക്കുകയും ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. അത് അയാളുടെ വ്യക്തി ജീവിതത്തിന്റെ കാര്യമാണ്. മറ്റു കാര്യങ്ങളില്‍ അയാള്‍ ദേശീയധാരയോടു ചേര്‍ന്നു നില്‍ക്കണം.’ (സ്‌പോട്‌ലൈറ്റ്, പേജ്:48, രാഷ്‌ട്രോത്ഥാന സാഹിത്യം, ബാംഗ്ലൂര്‍)