പ്രചോദനകേന്ദ്രമായിരുന്ന ഒരു മുതിര്‍ന്ന മാര്‍ഗദര്‍ശകന്റെ ദുഃഖകരമായ വിടവാണ് ശ്രീ. പരമേശ്വര്‍ജിയുടെ വിയോഗവാര്‍ത്ത മനസ്സിലുളവാക്കിയിരിക്കുന്നത്. ജ്ഞാന-കര്‍മ്മമേഖലകളിലെ അദ്ദേഹത്തിന്റെ അതിരറ്റ പ്രവര്‍ത്തനം തന്റെ പ്രിയപ്പെട്ട സംഘപ്രവര്‍ത്തനത്തെ ദൃഢതരമാക്കി.
അദ്ദേഹത്തിന്റെ മരുമകന് ശ്രീ. പ്രദീഷിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ഈ വിയോഗം അതിയായ ദുഃഖമാണ് ഉണ്ടാക്കിയിരിക്കുന്നത്. തങ്ങളുടെ രക്ഷകര്‍ത്താവ് നഷ്ടപ്പെട്ടതിലൂടെ ഇതേ വേദനയാണ് കേരളത്തിലെ ഭാരതീയ വിചാരകേന്ദ്രത്തിനും കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തിനും ഉളവായിരിക്കുന്നത്. സംഘസ്വയംസേവകരുടെ ബൃഹത്തും ബഹുമുഖവുമായ പ്രവര്‍ത്തനത്തിന് വലിയൊരാഘാതമാണ് ഇത് സൃഷ്ടിക്കുന്നത്.
എന്നാല്‍ ഈ ദുഃഖത്തെ ഉള്ളിലൊതുക്കി ലക്ഷ്യത്തിലേയ്ക്ക് നിര്‍ബാധം മുന്നേറാനുള്ള കര്‍ത്തവ്യമാണ് നമ്മള്‍ക്ക് നിര്‍വ്വഹിക്കാനുള്ളത്. സ്വര്‍ഗീയ പരമേശ്വര്‍ജിയുടെ ആദര്‍ശസമര്‍പ്പിതവും ജ്ഞാനസാധനാനിരതവും സംഘസമര്പ്പിതവും സ്നേഹനിര്‍ഭരവുമായ ലളിതജീവിതം തന്നെയാണ് ആ മാര്‍ഗ്ഗത്തില്‍ നമ്മുടെ പ്രകാശവും പ്രേരണയും ആയിത്തീരുക.
അദ്ദേഹത്തിന്റെ പവിത്രമായ സ്മരണകള്‍ക്കു മുന്നില്‍ വ്യക്തിപരമായും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റേയും ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നതോടൊപ്പം ദിവംഗതാത്മാവിന്റെ മോക്ഷപ്രാപ്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.