ഭേദിക്കാനാകാത്ത ഒരു സുവര്‍ണചരിത്രമുണ്ട്, ഇന്ത്യന്‍ ഹോക്കിക്ക്; മൂന്നു പതിറ്റാണ്ടുകാലത്തെ വിരാമമേതുമില്ലാത്ത ലോകമേധാവിത്വത്തിന്റെ സമ്മോഹനചരിതം. ഹോക്കി ജാലവിദ്യക്കാരനെന്ന് ലോകം വാഴ്ത്തിയ സാക്ഷാല്‍ ധ്യാന്‍ചന്ദിന്റെ നായകത്വത്തില്‍ 1928-ല്‍ ആംസ്റ്റര്‍ഡാം ഒളിമ്പിക്‌സില്‍ തുടങ്ങി,1956 മെല്‍ബണ്‍ വരെ നീണ്ട, ആരും കൊതിക്കുന്ന വിജയ നൈരന്തര്യത്തിന്റെ, ചെപ്പും പന്തും കളിയുടെ ചലനചാരുതയുടെ, വിസ്മയകരമായ ജൈത്രയാത്രയായിരുന്നു അത്. ഇക്കാലയളവില്‍ നടന്ന ആറ് ഒളിമ്പിക്‌സുകളിലും (1940, 44 വര്‍ഷങ്ങളില്‍ മഹായുദ്ധം കാരണം ഒളിമ്പിക്‌സ് മുടങ്ങി) രാജ്യം സ്വര്‍ണ്ണമുദ്രയണിഞ്ഞു. 1960-ല്‍ റോമില്‍ പാകിസ്ഥാനോടേറ്റ് അന്തിമമത്സരത്തില്‍ പരാജയപ്പെട്ടുവെങ്കിലും 1964ല്‍ ടോക്കിയോയില്‍ പൊന്ന് തിരിച്ചെടുത്ത്, തിരിച്ചുവരവിന്റെ ചരിത്രവും കുറിക്കപ്പെട്ടു. പിന്നീട് കണ്ടത് അമ്പരപ്പിക്കുന്ന വീഴ്ചകളായിരുന്നു. 1968ല്‍ മെക്‌സിക്കോയില്‍ വെള്ളിയും 1972ല്‍ മ്യൂണിച്ചില്‍ വെങ്കലവുമൊഴിച്ചാല്‍ തുടര്‍ന്നിങ്ങോട്ട് ഒളിമ്പിക്‌സുകളൊന്നിലും പച്ചതൊട്ടില്ല; ഇന്ത്യക്ക് മെഡല്‍ പോഡിയത്തില്‍ ഹോക്കിയുടെ പേരില്‍ കയറാനായില്ല.
1975ല്‍ അജിത്പാല്‍സിങ്ങിന്റെ നേതൃത്വത്തില്‍, സുര്‍ജിത് സിങ്ങും മൈക്കല്‍ കിന്‍ഡോയും അശോക് കുമാറും ഗോവിന്ദയുമെല്ലാം ഉള്‍പ്പെട്ട കിടയറ്റ ടീം ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിച്ചതാണ് അന്താരാഷ്ട്രവേദിയിലെ രാജ്യത്തിന്റെ അവസാനത്തെ എണ്ണം പറഞ്ഞ നേട്ടം. 1980-ല്‍ മോസ്‌കോയില്‍ വി. ഭാസ്‌കരന്റെ നേതൃത്വത്തില്‍, അമേരിക്കന്‍ ചേരി രാഷ്ട്രങ്ങള്‍ ബഹിഷ്‌കരിച്ച ഒളിമ്പിക്‌സില്‍, കാര്യമായ എതിരാളികളില്ലാതെ ഫൈനലില്‍ സ്‌പെയിനിനെ തോല്‍പിച്ച് നേടിയ സ്വര്‍ണ്ണത്തിന് കാര്യമായ ശോഭയുണ്ടായിരുന്നില്ല. അതോടെ തീര്‍ന്നു ഹോക്കിയില്‍ രാജ്യത്തിന്റെ മികവുകളുടെ തുടര്‍ച്ചകള്‍.
പിന്നിട്ട നാലു പതിറ്റാണ്ടുകാലത്ത് അന്താരാഷ്ട്ര മത്സരവേദികളില്‍ അടിക്കടി ഉണ്ടായ പ്രകടന അസ്ഥിരതകള്‍ക്കിടയില്‍ ആകെയുണ്ടായ ആശ്വാസം 1998ല്‍ ധന്‍രാജ് പിള്ളയുടേയും 2014ല്‍ സര്‍ദാര്‍ സിങ്ങിന്റേയും നായകത്വത്തില്‍ കൈവരിച്ച ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണങ്ങളായിരുന്നു. 1984 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സ് മുതലിങ്ങോട്ട് മെഡല്‍ തൊടാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, 2012ല്‍ ലണ്ടന്‍ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടാനായില്ലെന്ന നാണക്കേടുമുണ്ടായി. ഇന്ത്യന്‍ ഹോക്കിയുടെ ചരിത്രത്തിലാദ്യമായിരുന്നു ഇത്തരമൊരു വീഴ്ച. ഹോക്കിരംഗത്തെ പരമോന്നത മത്സരങ്ങളായ ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി വേദികളിലും ഗതി ഇതുതന്നെയായിരുന്നു.
ഈ സാഹചര്യത്തിലാണ് 2020 ടോക്കിയോ ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന ടീം ഇന്ത്യയുടെ സമീപകാലപ്രകടനങ്ങള്‍ പ്രതീക്ഷ നല്‍കുന്നത്. 2019 നവംബറില്‍ ഭുവനേശ്വറില്‍ നടന്ന ഒളിമ്പിക് യോഗ്യതാ മത്സരങ്ങളുടെ അന്തിമപാദത്തില്‍ റഷ്യയെ അനായാസം തോല്‍പ്പിച്ചാണ് ഇന്ത്യ ടോക്കിയോയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലുണ്ടായ അപ്രതീക്ഷിത തോല്‍വിയെത്തുടര്‍ന്ന് പുറത്തേക്ക് വഴി കണ്ട കോച്ച് ഹരീന്ദര്‍സിങ്ങിന് പകരമെത്തിയ ആസ്‌ത്രേലിയന്‍ പരിശീലകന്‍ ഗ്രഹാം റീഡിന്റെ ചുമതലയില്‍, കളിമികവില്‍ ഏറെ മുന്നോട്ടു പോകാന്‍ കഴിഞ്ഞുവെന്നാണ് ടീമിന്റെ പ്രകടനങ്ങളില്‍ നിന്നും വായിച്ചെടുക്കാവുന്നത്. ഒളിമ്പിക് യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്നോടിയായി നടത്തിയ യൂറോപ്യന്‍ പര്യടനത്തില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ബല്‍ജിയത്തേയും കരുത്തരായ സ്‌പെയിനിനേയും അവരുടെ നാടുകളില്‍ വച്ച് തോല്‍പ്പിക്കാനായത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്താന്‍ സഹായകമായി.
അതിവേഗ ആസ്‌ട്രോ ടര്‍ഫ് പ്രതലത്തില്‍ യൂറോപ്യന്‍ കളിക്കാരുടെ മെയ്ക്കരുത്തിനും വേഗതയ്ക്കുമൊപ്പമെത്താന്‍ കഴിഞ്ഞില്ലായെന്ന പോരായ്മയാണ് കഴിഞ്ഞ നാലു പതിറ്റാണ്ടുകാലം അന്താരാഷ്ട്രരംഗത്ത് ഇന്ത്യന്‍ മുന്നേറ്റം സാദ്ധ്യമാകാതിരുന്നത്. ഈ ദൗര്‍ബ്ബല്യം പരിഹരിക്കുന്നതിനായി ഗ്രഹാം റീഡ് നടത്തിയ പരിശ്രമങ്ങള്‍ വിജയിച്ചു തുടങ്ങിയതിന്റെ തെളിവാണ് അടുത്തകാലത്ത് പുറത്തുവന്ന ഇന്ത്യന്‍ കളിക്കാരുടെ കായിക ക്ഷമതാ നിലവാരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. കളിക്കാരുടെ ഫിറ്റ്‌നസ് ലവല്‍ അളക്കുന്ന യോ-യോ ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങ്, ലളിത് ഉപാദ്ധ്യായ, സുരേന്ദര്‍ കുമാര്‍, സുമിത്, ജസ്‌കരന്‍സിങ്, മന്‍ദീപ് സിങ് എന്നീ കളിക്കാര്‍, പരമാവധി കൈവരിക്കാവുന്ന ശാരീരിക ക്ഷമതാ മാര്‍ക്കായ 23.8ലേക്ക് എത്തിയിരിക്കുന്നു എന്ന കണ്ടെത്തല്‍ ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മുന്തിയ കായികക്ഷമതയുള്ള കളിക്കാരന്‍ മനീഷ് പാണ്ഡെയുടെ യോ-യോ മാര്‍ക്ക് കേവലം 19.3 ആണെന്നോര്‍ക്കുക!
അന്തര്‍ദ്ദേശീയ കായിക മത്സരങ്ങളില്‍ ഏറ്റവുമധികം കായികക്ഷമതയും വേഗതയും ആവശ്യമുള്ള ഹോക്കിയില്‍, നിലവില്‍ മുന്‍നിരക്കാരായ ആസ്‌ത്രേലിയ, ജര്‍മനി, നെതര്‍ലാന്റ്‌സ്, ബല്‍ജിയം എന്നീ രാജ്യങ്ങളെ മറികടക്കാനുള്ള അടിസ്ഥാന ശാരീരികശേഷി ഇന്ത്യ നേടിക്കഴിഞ്ഞുവെന്നത് ഇനിയുള്ള കുതിപ്പുകള്‍ക്ക് ഊര്‍ജ്ജമാകും. ഇതോടൊപ്പം കേളീമികവും ഫീല്‍ഡിലെ തന്ത്രങ്ങളുമൊത്തുചേര്‍ന്ന് വിജയങ്ങള്‍ രൂപപ്പെടുത്താനാകുമെങ്കില്‍ ടോക്കിയോയില്‍ നിന്നും സന്തോഷവാര്‍ത്തകളുണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ഇക്കഴിഞ്ഞ ജനുവരി 19ന് ഒറീസയിലെ ഭുവനേശ്വറിലുള്ള കലിംഗ സ്റ്റേഡിയത്തില്‍ തുടക്കമിട്ട ഹോക്കി പ്രൊഫഷണല്‍ ലീഗ് (എച്ച്പിഎല്‍) മത്സരങ്ങളില്‍ ലോക റേറ്റിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള നെതര്‍ലാന്റ്‌സിനെ തുടര്‍ച്ചയായ രണ്ടു മത്സരങ്ങളില്‍ 5-2നും 3-1നും തകര്‍ത്തുവിട്ട ഇന്ത്യ ഒളിമ്പിക്‌സ് ഒരുക്കങ്ങള്‍ ഉജ്ജ്വലമാക്കി. ഒരു വര്‍ഷം മുന്‍പ് വരെ, നെതര്‍ലാന്റ് ടീമിന്റെ മുഖ്യകോച്ചായ മാക്‌സ് കള്‍ഡാസിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയായിരുന്നു ഇന്ത്യന്‍ പരിശീലകന്‍ ഗ്രഹാം റീഡ്. ആശാന്റെ ടീമിനെത്തന്നെ നിശിതമായി തോല്‍പ്പിച്ചു വിട്ടതില്‍ റീഡിന് തീര്‍ച്ചയായും അഭിമാനിക്കാം. കഴിഞ്ഞ പത്ത് തവണ തമ്മിലേറ്റപ്പോഴും അഞ്ചുതവണയും ജയം ഡച്ചുകാര്‍ക്കായിരുന്നു. നാലുപ്രാവശ്യം ഇന്ത്യയും നേടി. നിലവില്‍ അന്താരാഷ്ട്രരംഗത്ത് ഏറ്റവുമധികം ശാരീരിക ക്ഷമതയുള്ള ടീം എന്ന റേറ്റിങ്ങ് അന്വര്‍ത്ഥമാക്കും വിധമായിരുന്നു ഇന്ത്യന്‍ വിജയം. രണ്ടുതവണ തുടര്‍ച്ചയായി നെതര്‍ലാന്റ്‌സിനെ തോല്‍പ്പിക്കുന്നത് ചരിത്രത്തിലാദ്യവും. ഒപ്പം 2016 റിയോ ഒളിമ്പിക്‌സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അവരോടേറ്റ പരാജയത്തിന്റെ പകരം വീട്ടലുമായി.
രണ്ടുവര്‍ഷത്തിലധികമായി പരിക്കും ഫോം നഷ്ടവും കാരണം ടീമില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവന്ന പെനാല്‍ട്ടി കോര്‍ണര്‍ വിദഗ്ദ്ധന്‍ രൂപീന്ദര്‍പാല്‍ സിങ്ങിന്റേയും മുന്നേറ്റക്കാരന്‍ ഗുര്‍ജന്റ് സിങ്ങിന്റേയും തിരിച്ചെത്തല്‍ ടീമിന് കരുത്തായിട്ടുണ്ട്. മധ്യനിര നിയന്ത്രിക്കുന്ന ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങിന്റെ മിന്നുന്ന പ്രകടനവും ലളിത് ഉപാദ്ധ്യായ, മന്‍ദീപ് സിങ്ങ് – എന്നിവരുടെ മുന്നേറ്റമികവും ഏത് വമ്പന്‍ എതിരാളിയേയും കീഴ്‌പ്പെടുത്താനുള്ള വിഭവങ്ങളാകുന്നുണ്ട്. വ്യക്തിഗത മികവുകളെ ആശ്രയിച്ചുള്ള കേളീരീതി ഉപേക്ഷിച്ച് ടീമിന്റെ സമഗ്രതല പ്രകടനങ്ങളിലൂടെ ഫലമുണ്ടാക്കുന്ന പുതിയ തന്ത്രമാണ് ടീമിന്റെ ഇപ്പോഴത്തെ ശക്തി. മുന്‍കാല ഇന്ത്യന്‍ പരിശീലകരായിരുന്ന റോളണ്ട് ഓള്‍ട്ട്മാന്‍സും ജേര്‍ഡ് മരിനും ഈ ശൈലി തന്നെയാണ് പിന്‍തുടര്‍ന്നിരുന്നതെങ്കിലും ഗ്രഹാം റീഡിന് അത് ഫലപ്രദമായി ഉപയോഗിക്കാനായിയെന്നതാണ് വ്യത്യസ്തത.
ഒളിമ്പിക്‌സിലെ, ഒരുകാലത്തെ സ്വപ്‌നസമാനമായ വിജയവാഴ്ചകള്‍ക്ക് ശേഷം 1960ല്‍ റോമില്‍ പാകിസ്ഥാന് മുന്നില്‍ കൈവിട്ട സുവര്‍ണ കിരീടം നാലുവര്‍ഷം കഴിഞ്ഞ് തൊട്ടടുത്ത ഊഴത്തില്‍ ടോക്കിയോയിലാണ് ഇന്ത്യ വീണ്ടെടുത്തത്. കഴിഞ്ഞ നാല്‍പത് വര്‍ഷത്തെ മെഡലില്ലാ വരള്‍ച്ചക്ക് ശേഷം വീണ്ടും ടോക്കിയോവിലെത്തുമ്പോള്‍ പഴയ വീണ്ടെടുപ്പിന്റെ ഓര്‍മ്മകളുണ്ടാകണം. ആദ്യ നഷ്ടത്തിനും തിരിച്ചു പിടിക്കലിനുമിടയില്‍ നാലുവര്‍ഷത്തെ ഇടവേള മാത്രമായിരുന്നുവെങ്കില്‍, ഇപ്പോള്‍ നാല്‍പ്പത് വര്‍ഷത്തെ കാത്തിരിപ്പിന്റെ അക്ഷമയാണുള്ളത്. ഹോക്കിയില്‍ രാജ്യത്തിന്റെ മെഡലില്ലാവറുതിക്ക് അറുതിയുണ്ടാക്കാന്‍ മന്‍പ്രീതിനും കൂട്ടുകാര്‍ക്കും കഴിഞ്ഞാല്‍, ടോക്കിയോയില്‍ നിന്നുമുള്ള ഏറ്റവും വലിയ നേട്ടവും അതു തന്നെയാകും.