1960 കളില്‍ ഞാന്‍ ജീവിതോപാധി തേടി പട്ടാമ്പിയിലെത്തി വക്കീല്‍ഗുമസ്തപണി നോക്കുകയായിരുന്നു. സഹോദരങ്ങളും എന്റെകൂടെ വന്നുനിന്ന് വിദ്യാഭ്യാസം ചെയ്തുകൊണ്ടിരുന്നതിനാല്‍ കോടതിക്ക് തൊട്ടടുത്തായി കല്ലന്മാര്‍ തൊടിയിലെ ഒരു താവഴി വക പടിപ്പുരയും മറ്റുമുള്ള വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവന്നു. എന്റെ ഗുരുനാഥന്‍ ആയിരുന്ന അമ്മാവന്‍ കെ.കെ.ഗുപ്തന്‍ പട്ടാമ്പിയിലെ ജോലി ഉപേക്ഷിച്ച് പെരിന്തല്‍മണ്ണയില്‍ സ്ഥിരമായി. കുട്ടികളുടെ പഠനം നാട്ടിലേക്ക് മാറ്റി. ഞാനൊറ്റയ്ക്കായപ്പോള്‍ പട്ടാമ്പിയില്‍ നിന്നും പെരിന്തല്‍മണ്ണ റോഡു തിരിഞ്ഞ് ഉടനുണ്ടായിരുന്ന പ്രകാശ് ഹോട്ടലിന്റെ മുകളിലത്തെ മൂന്ന് മുറികളിലൊന്ന് വാടകയ്‌ക്കെടുത്തു. ആദ്യത്തേത് ജനസംഘം കാര്യാലയം. രണ്ടാമത്തേത് ഞാന്‍, മൂന്നാമത് ആര്‍.എസ്.എസ്.പ്രവര്‍ത്തകനും ഇസ്തിരിക്കാരനുമായ രാമസ്വാമിയും കുടുംബവും. പട്ടാമ്പിയില്‍ അഡ്വക്കറ്റ് പി.മാധവമേനോന്‍, ഡോ.എ.കെ. വാരിയര്‍ എന്നീ പ്രമുഖരായ ജനസംഘം പ്രവര്‍ത്തകരുടെ ആതിഥ്യം സ്വീകരിച്ചുകൊണ്ട് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ മാസവും എതാനും ദിവസം പരമേശ്വര്‍ജി പട്ടാമ്പിയില്‍ എത്തുകയും ജനസംഘം കാര്യാലയത്തില്‍ എന്റെ അയല്‍വാസിയായി താമസിക്കുകയും ചെയ്യുമായിരുന്നു. മിക്കസമയവും എഴുത്തിലും വായനയിലും മുഴുകിയിരിക്കും.
ശാഖകളില്‍ പങ്കെടുക്കുക തുടങ്ങിയ സംഘടനാപ്രവര്‍ത്തനത്തിനൊപ്പംതന്നെ ചിട്ടയായ ജീവിതശൈലി എന്നെ വല്ലാതെ ആകര്‍ഷിച്ചു. സായാഹ്‌നത്തിലെ നടത്തത്തിന് എന്നെയും കൂട്ടും. പട്ടാമ്പി പാലം പണി നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഭാരതപ്പുഴയിലെ മണല്‍തിട്ടയിലിരുന്ന് നിരവധി വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പല ദിവസങ്ങള്‍ അവസരം ലഭിച്ചു. കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായ ഞാനും വ്യത്യസ്ത ചിന്താഗതിയുള്ള പരമേശ്വര്‍ജിയും തമ്മിലുള്ള അടുപ്പം പട്ടാമ്പി നിവാസികള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. കേസരി, ഓര്‍ഗനൈസര്‍ തുടങ്ങിയ പത്രങ്ങളുടെ വരിക്കാരനാകാന്‍ ഞാന്‍ തയ്യാറായി. പട്ടാമ്പി വിടും വരെ ഞാന്‍ വരിക്കാരനുമായിരുന്നു.
ഷൊര്‍ണ്ണൂരില്‍ ഇപ്പോഴത്തെ മുന്‍സിപ്പല്‍ ബസ്‌സ്റ്റാന്റുള്ള സ്ഥലത്തായി അഡ്വാനിയും വാജ്‌പേയിയും പങ്കെടുത്ത പൊതുയോഗത്തില്‍ അദ്ദേഹത്തോടൊപ്പം പങ്കെടുത്തത് ഞാന്‍ ഒര്‍മ്മിക്കുന്നു. ഇതിനിടയില്‍ പട്ടാമ്പിയിലെ അന്നത്തെ ഒരു ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്ന അപ്പുക്കുട്ടിഏട്ടനും പരമേശ്വര്‍ജിയുമൊന്നിച്ച് കോയമ്പത്തൂരില്‍ വെച്ച് നടന്ന ദക്ഷിണമേഖലാ സംഘശിബിരത്തിന്റെ സമാപനസമ്മേളനത്തില്‍ ഗണവേഷമില്ലാതെ പങ്കെടുത്ത ഏക വ്യക്തിയായിരുന്നു ഞാന്‍. സമ്മേളനം ഉദ്ഘാടനം ചെയ്തത് ഗുരുജി ഗോള്‍വല്‍ക്കറായിരുന്നു. ജി.ഡി.നായിഡു എന്ന വ്യവസായ പ്രമുഖന്റെ വക മണ്ഡപത്തില്‍ വെച്ചായിരുന്നു ക്യാമ്പ് നടന്നത്. ജി.ഡി.നായിഡുവിനെയും അന്ന് കാണാന്‍ അവസരം ലഭിച്ചു. വിവരണാതീതമായി ഒട്ടേറെ അനുഭവങ്ങള്‍ പരമേശ്വര്‍ജിയുമായി പങ്കുവെക്കാന്‍ കഴിഞ്ഞു. അദ്ദേഹം പ്രവര്‍ത്തനമേഖല അഖിലേന്ത്യാടിസ്ഥാനത്തില്‍ വ്യാപിപ്പിച്ചു. 1970 മുതല്‍ ഞാന്‍ മുഴുവന്‍സമയ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനുമായി. പിന്നീട് തമ്മില്‍ കാണാന്‍ കഴിഞ്ഞില്ല. എങ്കിലും ഇന്ത്യാരാജ്യത്ത് ഇന്നത്തെ തത്വചിന്തകരില്‍ ഒന്നാമനും ജനസംഘവും, ജനതാപാര്‍ട്ടിയും പിന്നീട് ബി.ജെ.പിയുമായി വളര്‍ന്നുവന്ന പ്രസ്ഥാനത്തിന്റെ ഇന്ത്യാരാജ്യത്തെ ഒന്നാമനിലും ഒന്നാമനായ സംഘാടകനും പി.പരമേശ്വര്‍ജിയാണെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. അധികാരരാഷ്ട്രീയത്തിനതീതമായ ആ സകലഗുണസമ്പന്നതക്കു മുമ്പില്‍ പ്രണാമം.
(1961 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗവും 1987 മുതല്‍ സി.എം.പി.സംസ്ഥാന സ്ഥാപകകമ്മറ്റിയംഗവും പാര്‍ട്ടിപാലക്കാട് മുന്‍ ജില്ലാ സെക്രട്ടറിയുമായിരുന്നു ലേഖകന്‍)
( 2017 മെയ് 19 ലക്കം കേസരിയിൽ പ്രസിദ്ധീകരിച്ചത്)