നാഗപ്പൂരുകാരനായ ശങ്കര്‍ശാസ്ത്രിയായിരുന്നു കോഴിക്കോട്ടെ ആദ്യകാല പ്രചാരകന്‍. പരമേശ്വര്‍ജിയുടെ കഴിവു മനസ്സിലാക്കിയ ശങ്കരശാസ്ത്രി കോഴിക്കോട്ടു നിന്ന് കേസരി തുടങ്ങി. നാഗപ്പൂരില്‍ നിന്നുവന്ന പ്രചാരകന്മാര്‍ക്ക് ഹിന്ദിയോ ഇംഗ്ലീഷോ മാത്രമായിരുന്നു സംസാരഭാഷ. എങ്കിലും സംഘടനാതന്ത്രം കൊണ്ട് ഹിന്ദുസമൂഹത്തെ ഏകോപിപ്പിക്കുന്ന പ്രക്രിയയില്‍ അവര്‍ സമര്‍ത്ഥരായിരുന്നു. കേസരിയുടെ രൂപകല്പനയിലും ആശയാവിഷ്‌കാരത്തിലും പങ്കുവഹിച്ച പരമേശ്വര്‍ജി കേരളീയ ഹിന്ദു നേരിടുന്ന പ്രശ്‌നങ്ങള്‍ നേരത്തെ തന്നെ പഠിക്കാന്‍ തുടങ്ങിയിരുന്നു.
കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംഘം ജനങ്ങളുടെ താഴെത്തട്ടില്‍ വരെ വ്യാപകമായി വളര്‍ന്നുവരുന്നതില്‍ കേസരി മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. പരമേശ്വര്‍ജിയുടെ വിശാലമായ ആശയങ്ങളുടെ പ്രചാരണത്തിന് തികച്ചും പ്രയോഗികമതിയായ ഒരു തലശ്ശേരിക്കാരനെ കേസരിയുടെ മാനേജരായി കിട്ടി-എം. രാഘവന്‍.
ആദ്യം ഹിന്ദുസ്ഥാന്‍ സമാചാര്‍ എന്ന വാര്‍ത്താ ഏജന്‍സിയിലും, പിന്നെ കുറച്ചുനാള്‍ പ്രചാരകനായും പ്രവര്‍ത്തിച്ചശേഷം അദ്ദേഹം തന്റെ ജീവിതം കേസരിക്കുവേണ്ടി സമര്‍പ്പിച്ചു. ഈ രണ്ടുപേരുടെയും കൂട്ടായ പ്രവര്‍ത്തനഫലമായി കേസരി മങ്ങാതെ മായാതെ അടിവച്ചുയര്‍ന്ന്, കേരളത്തില്‍ എറ്റവും പ്രചാരമുള്ള, പുതിയ തലമുറയുടെ ശ്രദ്ധാകേന്ദ്രമായ മാധ്യമമായി സ്ഥാനമുറപ്പിച്ചിരിക്കുന്നു.
( 2017 മെയ് 19 ലക്കം കേസരിയിൽ പ്രസിദ്ധീകരിച്ചത്)