ക്യാമ്പസ് എന്നാല്‍ എസ്.എഫ്.ഐക്കാര്‍ക്ക് അഴിഞ്ഞാടാനുള്ള സ്ഥലം എന്നാണ് കേരളത്തിലെ അലിഖിതനിയമം. തങ്ങള്‍ക്കിഷ്ടമില്ലാത്ത വിദ്യാര്‍ത്ഥിസംഘടനാനേതാക്കളേയും പ്രിന്‍സിപ്പാളിനെപ്പോലും അവര്‍ കൈകാര്യം ചെയ്യും. കൂത്തുപറമ്പ് നരവൂരിലെ എം.ഇ.എസ് കോളേജിലെ പ്രിന്‍സിപ്പാള്‍ യൂസഫിന് എസ്.എഫ്.ഐക്കാര്‍ കോളേജില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കയാണ്. ഈ എസ്.എഫ്.ഐക്കാര്‍ക്ക് തിരിച്ചുക്കൊടുക്കേണ്ടത് എന്താണെന്ന് കോട്ടയം സി.എം.എസ്. കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഇയ്യിടെ കാണിച്ചു തന്നിട്ടുണ്ട്.
കോളേജില്‍നിന്നു വിനോദയാത്ര പോയ യൂനിയന്‍ നേതാക്കള്‍ മറ്റു വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. അവരെ പുറത്താക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഇതിനു പ്രതികാരം ചെയ്യാന്‍ പുറത്തുനിന്നുള്ള ഗുണ്ടകളുമായി വിദ്യാര്‍ത്ഥികളെ കൈകാര്യം ചെയ്യാന്‍ എത്തിയവരെ പ്രിന്‍സിപ്പാളും അദ്ധ്യാപകരും കുട്ടികളും കൈകോര്‍ത്തു നിന്നു പ്രതിരോധിച്ചു. ഡിഫിക്കാരുടെ ക്രിമിനല്‍ സംഘം എസ്.എഫ്.ഐക്കാര്‍ക്കുവേണ്ടി തല്ലാന്‍ എത്തിയിരുന്നു. പോലീസ് ഇടപെട്ട് അവരെ ലാത്തിവീശി ഓടിച്ചു. പുറത്തുനിന്ന സഖാക്കളെ പോലീസ് വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി. വനിതാനേതാവ് പോലീസ്സിനോടു കയര്‍ത്തു. മാര്‍ക്‌സിസ്റ്റുഭരണത്തില്‍ ക്യാമ്പസ്സുകളുടെ ഭരണം തങ്ങള്‍ക്ക് തീറെഴുതി കിട്ടി എന്ന മട്ടിലാണ് എസ്.എഫ്.ഐക്കാരുടെ പ്രകടനം. യൂനിവേഴ്‌സിറ്റി കോളേജില്‍ അദ്ധ്യാപകനെ ഭീഷണിപ്പെടുത്തിയ എസ്.എഫ്.ഐ നേതാവിനെ കുറ്റവിമുക്തമാക്കിയ, സര്‍വ്വകലാശാല നിശ്ചയിച്ച അന്വേഷണ കമ്മറ്റി നടപടിയില്‍ നിന്നു അതു വ്യക്തമായതാണ്. ഇതിനെ എങ്ങിനെ നേരിടണമെന്ന് സി.എം.എസ്. കോളേജ് വിദ്യാര്‍ത്ഥി – അധ്യാപക ഐക്യം വഴികാട്ടിയിരിക്കുന്നു.