മലയാള ചലച്ചിത്രഗാനലോകത്ത് പുതിയൊരു ആസ്വാദനശീലം ഉണ്ടാക്കിയെടുത്ത ആ ഗാനസൂര്യന്‍ വീണുടഞ്ഞ കിരീടവുമായി മറഞ്ഞിരിക്കുന്നു. ഒരു കിളിപ്പാട്ടുമൂളുമ്പോഴും ഒരു രാത്രികൂടി വിടവാങ്ങുമ്പോഴും മഞ്ഞക്കിളി മൂളിപ്പാട്ടു പാടുമ്പോഴും പാതിരാപ്പുള്ളുകളുരുമ്പോഴും അമ്മൂമ്മക്കിളി വായാടിയാകുമ്പോഴും കിനാവിന്റെ നോവുകളില്‍ മാഞ്ഞുപോകാതെ ഈ വെണ്ണിലാവ് പടികടന്നുവരുന്ന പദനിസ്വനം നമുക്കുകേള്‍ക്കാം. ചലച്ചിത്രരംഗത്ത് സാങ്കേതികത്വവും പരീക്ഷണങ്ങളും വര്‍ദ്ധിച്ചുവരുന്ന കാലത്താണ് കാലഘട്ടത്തിനനുയോജ്യമായ ഗാനങ്ങളെഴുതി ഗിരീഷ് പുത്തഞ്ചേരി എന്ന പ്രതിഭാശാലി ജനശ്രദ്ധ നേടിയത്. വയലാറിന്റെ പ്രൗഢിയും പി.ഭാസ്‌കരന്റെ ലാളിത്യവും ഒ.എന്‍.വിയുടെ തരളതയും ശ്രീകുമാരന്‍ തമ്പിയുടെ പ്രണയസങ്കല്‍പവും ചേര്‍ന്ന് നിര്‍വ്വചിച്ചിരുന്ന ഗാനലോകത്തിലേയ്ക്ക് മുന്‍വിധികളില്ലാതെയാണ് പുത്തഞ്ചേരി കടന്നുവരുന്നത്. നിലാവിന്റെ മറുതീരത്തിരുന്നൊരാള്‍ പിന്നെയും പിന്നെയും പാട്ടിന്റെ പൊന്‍മുളയൂതുകയാണ്. ഹൃദയത്തിന്റെ വെണ്‍ശംഖില്‍ തുളുമ്പുന്ന മധുരോദാരമായ മൗനമായിരുന്നു ഗിരീഷിന്റെ ഗാനങ്ങള്‍. കിനാവും നിലാവും ഇടകലരുന്ന രാഗപ്രവാഹമായിരുന്നു അദ്ദേഹത്തിന്റെ പാട്ടുലോകം പിന്‍തുടര്‍ന്നുവന്നത്.
കാവ്യപരിചയത്തിന്റെ സ്വഭാവം അനുസ്മരിപ്പിക്കുന്ന ബിംബങ്ങള്‍ അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ സ്ഥിരമായി കാണാം. രാവ്, മഴ, ആകാശം, മേഘം, നക്ഷത്രം, സൂര്യന്‍ തുടങ്ങിയവകൊണ്ട് അദ്ദേഹം വരയ്ക്കുന്ന വാങ്മയ ചിത്രങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തും. സിനിമയുടെ പശ്ചാത്തലത്തിനനുകൂലമായ ഭാവങ്ങളും വരികളും ഗാനങ്ങളില്‍ വരുത്താന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അടിപൊളിപാട്ടുകള്‍ എഴുതുമ്പോഴാണ് ഇത് ഏറ്റവും കൂടുതല്‍ പ്രകടമായിരിക്കുന്നത്. യുവാക്കളുടെ മനസ്സുകളിലേയ്ക്ക് എളുപ്പത്തിലെത്താന്‍ പാട്ടുകളില്‍ പല പദങ്ങളും അദ്ദേഹം ഉപയോഗിച്ചിരുന്നു. ‘ജനകീയനായ’ ഗാനരചയിതാവായി അദ്ദേഹം മാറിയതിന് പിന്നില്‍ ഈ കഴിവാണുള്ളത്.
1961ല്‍ കോഴിക്കോട് ഉള്ള്യേരിയിലെ പുത്തഞ്ചേരിയില്‍ പുളിക്കല്‍ കൃഷ്ണന്‍ പണിക്കരുടെയും മീനാക്ഷിയമ്മയുടെയും മകനായി ജനനം. പിതാവ് ജ്യോതിഷ പണ്ഡിതനും ആയുര്‍വേദ ചികിത്‌സകനുമായിരുന്നു. കര്‍ണ്ണാടക സംഗീതത്തില്‍ വിദഗ്ദ്ധനായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. ചെറുപ്പത്തിലേ തന്നെ കവിതയുടെയും സംഗീതത്തിന്റെയും വഴികള്‍ പരിചിതമാക്കാന്‍ കുടുംബപശ്ചാത്തലം സഹായകമായി. പഠിക്കുന്ന കാലത്തുതന്നെ ധാരാളം കവിതകളും ഗാനങ്ങളും എഴുതിയിരുന്ന അദ്ദേഹം ആകാശവാണിയ്ക്ക് വേണ്ടി ലളിതഗാനങ്ങള്‍ എഴുതിയാണ് പ്രശസ്തനായത്. അഞ്ഞൂറോളം നാടകങ്ങള്‍ക്ക് ഗാനരചന നിര്‍വ്വഹിച്ച അദ്ദേഹം എന്‍ക്വയറി എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. ഏതുതരം ഗാനങ്ങളായാലും ഒരു നിമിഷം സൗന്ദര്യം നിലനിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ദേവാസുരത്തിലെ എം.ജി.രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ സൂര്യകിരീടം….. എന്ന ഗാനത്തിലൂടെ അദ്ദേഹം തിരക്കുളള സിനിമാ ജീവിതത്തിലേക്കെത്തിച്ചേര്‍ന്നു. മനുഷ്യമനസ്സുകളില്‍ മായാത്ത എത്രയെത്ര ബിംബങ്ങളാണ് അദ്ദേഹം സൃഷ്ടിച്ചത.് അവയില്‍ പലതും കാവ്യപാരമ്പര്യത്തെയും ആസ്വാദന രീതിയെയും ഞെട്ടിപ്പിക്കുന്നവയായിരുന്നു.
ചിങ്കാരക്കിന്നാരം ചിരിച്ചുകൊഞ്ചുന്ന മണിക്കുരുന്നും ഒന്നാംവട്ടം കണ്ടപ്പോള്‍ പെണ്ണിനുണ്ടാകുന്ന കിണ്ടാണ്ടവും മലയണ്ണാര്‍ക്കണ്ണന്‍ മാര്‍ഗ്ഗഴിത്തുമ്പിയെ മണവാട്ടിയാക്കുന്നതും ചിക് ചിക് ചിറയില്‍ മഴവില്ലുവിരിക്കും മയിലും ഒന്നും നമ്മുടെ കേവലമായ ആസ്വാദന രീതിയ്ക്ക് നിരക്കുന്നതല്ല. എന്നാല്‍ വരികളുടെ ആഴങ്ങളിലേയ്ക്കിറങ്ങാതെ തന്നെ സാധാരണക്കാരുടെ മനസ്സിനെ ആകര്‍ഷിക്കുന്ന രചനാശൈലി പുത്തഞ്ചേരിക്ക് സ്വന്തമായിരുന്നു. ഉന്നതമായ കാവ്യബോധം കൊണ്ട് ശ്രോതാവിന്റെ മനസ്സിനെ സ്വാധീനിക്കുന്ന എത്രയെത്ര പ്രയോഗങ്ങള്‍…..
വൈഡൂര്യകമ്മലണിഞ്ഞ് രാവുനെയ്യുന്ന വെണ്ണിലാപ്പൂങ്കോടി, മൂവന്തിതാഴ്‌വരയില്‍ വെന്തുരുകുന്ന വിണ്‍സൂര്യന്‍, വിളക്കുവെയ്ക്കും വിണ്ണില്‍ തൂകിയ സിന്ദൂരം. കനകനിലാവില്‍ ചാലിച്ചെഴുതിയ ചിത്രം പ്രണയസുധാമയ മോഹന ഗാനമായ ഹരിയുടെ മുരളീരവം സാക്ഷികളായിനില്‍ക്കുന്ന ആകാശദീപങ്ങളും ഇങ്ങനെ എത്ര പറഞ്ഞാലും അവസാനിക്കാത്ത കാവ്യബിംബങ്ങള്‍. ഒരു ഗാനത്തിലൂടെ കഥാപാത്രത്തിന്റെ അനുഭവസാമ്രാജ്യവും വികാര തീവ്രതയും തീക്ഷ്ണമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട.് മാരിക്കൂടിനുള്ളില്‍, കളഭം തരാം. കരുമിഴിക്കുരുവിയെ കണ്ടീലാ…., താമരപ്പൂവില്‍ വാഴും, നിലാവേ മായുമോ തുടങ്ങിയ നിരവധിഗാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഭാവപ്രപഞ്ചം സൃഷ്ടിച്ചു. സംഗീതസാന്ദ്രമായ പദങ്ങളാണ് പുത്തഞ്ചേരിയുടെ പ്രധാന സവിശേഷത. മൃദുലവും സരളവുമായ ശൈലി ആസ്വാദനത്തിന്റെ ആക്കം വര്‍ദ്ധിപ്പിച്ചു. എത്രയെഴുതിയാലും അതിശക്തമായി പുറത്തേയ്‌ക്കൊഴുകുന്ന ഗാനത്തിന്റെ വറ്റാത്ത നീരുറവ അദ്ദേഹത്തിലുണ്ടായിരുന്നു. ഗ്രാമീണ ജീവിതവും നാടന്‍ പദാവലികളും ഗാനങ്ങളില്‍ സന്നിവേശിപ്പിച്ചു. വിരഹം, പ്രണയം,ശോകം, ഫോക് തുടങ്ങി എന്തും അദ്ദേഹത്തിന് വഴങ്ങുമായിരുന്നു.
എം.ജി.രാധാകൃഷ്ണന്‍, രവീന്ദ്രന്‍, എ.ആര്‍ റഹ്മാന്‍, ലക്ഷ്മീകാന്ത് പ്യാരേലാല്‍, ഇളയരാജ, എം.ജയചന്ദ്രന്‍, ബേണി ഇഗ്നേഷ്യസ്, ജോണ്‍സണ്‍, എസ്.പി വെങ്കിടേഷ്, വിദ്യാസാഗര്‍ തുടങ്ങി നിരവധി സംഗീത സംവിധായകര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു. ഗാനങ്ങളില്‍ എന്നും യുവത്വം നിലനിര്‍ത്താന്‍ കഴിഞ്ഞ അദ്ദേഹം തിരക്കഥാകൃത്തെന്ന നിലയിലും ശ്രദ്ധേയനായി. കിന്നരിപ്പുഴയോരം, പല്ലാവൂര്‍ ദേവനാരായണന്‍, വടക്കുംനാഥന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് എന്ന നിലയിലും അദ്ദേഹം കഴിവ് തെളിയിച്ചു. മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തിലെ കഥയും ഗീരീഷിന്റേതായിരുന്നു. വലിയ കൃഷ്ണഭക്തനായിരുന്ന പുത്തഞ്ചേരി എഴുതിയ ഭക്തിഗാനങ്ങളില്‍ ഇതേറെ പ്രകടമാണ്. കൃഷ്ണനെ പലതരത്തില്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. കൃഷ്ണലീലകളെ പ്രണയപൂര്‍വ്വം വീക്ഷിക്കുന്ന ഭാവം പ്രകടമാക്കുന്ന ഗാനമാണ് കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍ എന്ന ഗാനം നന്ദനത്തിലെ ‘കാര്‍മുകില്‍ വര്‍ണ്ണന്റെ’ എന്ന ഗാനം കൃഷ്ണനോടുള്ള തികഞ്ഞ ഭക്തിയാണ് പ്രകടമാക്കുന്നത്. ഹരിമുരളീരവം, ദീനദയാലോ… രാമാ….ജയ സീതാവല്ലഭ…രാമാ…, എത്രയോ ജന്മമായി…, അക്ഷരനക്ഷത്രം…., ചിങ്ങമാസം, കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ…., ശ്രീലവസന്തം എന്നിവയെല്ലാം ഒരാളിന്റെ പേനത്തുമ്പില്‍ നിന്നുതിര്‍ന്നു വീണുവെന്നത് വിസ്മയജനകമാണ്. പാട്ടുകളില്‍ വൈകാരികമായ വ്യത്യസ്തത അനുഭവിപ്പിക്കാന്‍ ഗീരീഷിന് കഴിഞ്ഞു. ഹൃദയത്തിന്റെ വെണ്‍ശംഖില്‍ തുളുമ്പുന്ന മധുരോദാരമായ മൗനമായിരുന്നു ഗിരീഷിന്റെ ഗാനങ്ങള്‍. ഏഴുപ്രാവശ്യം മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരത്തിന് അദ്ദേഹം അര്‍ഹനായി. അഗ്നിദേവന്‍(1995), കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് (1997), പുനരധിവാസം (1999), രാവണപ്രഭു(2001), നന്ദനം(2002), കഥാവശേഷന്‍ (2004), ഗൗരീശങ്കരം (2003) എന്നിവയാണ് അദ്ദേഹത്തിന് അംഗീകാരം നേടിക്കൊടുത്തത്. തട്ടുപൊളിപ്പന്‍ ഗാനങ്ങളും ഭാവസാന്ദ്രതയേറിയ കവിതാസ്പര്‍ശമുള്ള വരികളും കൊണ്ട് മലയാള ചലച്ചിത്ര ഗാനശ്രോതാക്കളില്‍ പുതിയൊരു ആസ്വാദനതലം സൃഷ്ടിച്ച പ്രതിഭാശാലി. പാട്ടെഴുത്തുകാരുടെ കിരീടം വെക്കാത്ത രാജകുമാരനായി നീണ്ട പത്തിരുപത് വര്‍ഷങ്ങള്‍. ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്ന സ്വകാര്യവുമായി വന്ന അഴകിന്റെ തൂവലായ പുണ്യഗാനങ്ങളുടെ വളകിലുക്കവും പദനിസ്വനവും മേഘവീഥികളില്‍ കേള്‍ക്കാം.