1994 ഡിസംബര്‍ 3 നു പുലര്‍ച്ചെ 2 മണിക്കാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ തൊഴിയൂര്‍ സുനേന നഗറില്‍ മണ്ണംകുളത്തില്‍ കുഞ്ഞിമോന്‍ കുഞ്ഞിമ്മു ദമ്പതികളുടെ മകനായ സുനില്‍ (17) കൊല്ലപ്പെടുന്നത്. വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന സുനിലിനെ അക്രമികള്‍ വെട്ടിനുറുക്കുകയായിരുന്നു. കൊലപാതകം നടന്ന ദിവസത്തെ ജീവിതത്തിലെ ഏറ്റവും പൈശാചികമായ നിമിഷമായിട്ടാണ് കൊല്ലപ്പെട്ട സുനിലിന്റെ സഹോദരന്‍ സുബ്രഹ്മണ്യന്‍ ഓര്‍ത്തെടുത്തത്. മണ്ണ് കൊണ്ട് നിര്‍മ്മിച്ച കൂരവീട്ടില്‍ അച്ഛമ്മക്കും അച്ഛനും അമ്മക്കും സഹോദരിക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്നു സുബ്രുവും. പുലര്‍ച്ചെ അക്രമികളുടെ തേര്‍വാഴ്ചയില്‍ വീട് തകര്‍ന്നു വീഴുകയാണെന്നാണ് ആദ്യം കരുതിയത്. വാതില്‍ ഇല്ലാത്ത ഒറ്റമുറിയില്‍ നിന്നും ഉമ്മറത്തേക്ക് ഓടി വന്നപ്പോള്‍ അനുജന്‍ സുനിലിനെ വെട്ടി നുറുക്കുന്ന കാഴ്ചയാണ് കണ്ടത്. തടയാന്‍ ശ്രമിച്ച അച്ഛനെയും അമ്മയെയും ആക്രമിച്ചു. അച്ഛന്റെ ഒരു വിരല്‍ അറ്റുപോയി. അമ്മയുടെ നെഞ്ചില്‍ വെട്ടേറ്റു. സഹോദരിയുടെ തലയില്‍ വെട്ടി.
പ്രായമായ അച്ഛമ്മയെ വരെ വെട്ടി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ ഉറക്കച്ചടവിന്റെ അര്‍ദ്ധബോധത്തില്‍ അക്രമികളെ തടയാന്‍ ശ്രമിച്ച സുബ്രഹ്മണ്യന്റെ ഇടതു കൈത്തണ്ട തീവ്രവാദികള്‍ അറുത്ത് കളഞ്ഞു. പിറ്റേന്ന് പറമ്പില്‍ നിന്നാണ് അവശേഷിക്കുന്ന കയ്യുടെ ഭാഗം കണ്ടെടുത്തത്. കൂട്ട നിലവിളി ഉയര്‍ന്ന മുറ്റത്ത് സഹോദരിയുടെ മടിയില്‍ കിടന്ന് സുനില്‍ ജീവനോട് മല്ലിടുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ അയല്‍വാസിയായ മുസ്ലിം കുടുംബം വാഹനം നിഷേധിച്ചു.ആക്രമണ ശൈലി മനസ്സിലാക്കി അന്നുതന്നെ സുനില്‍ കൊലപാതകത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് ആര്‍.എസ്.എസ് ആരോപണം ഉന്നയിച്ചിരുന്നു. നാടിനെ നടുക്കിയ കൊലയ്ക്ക് ഒരു ആഴ്ച മുന്‍പാണ് അപരിചിതരായ ആളുകള്‍ പ്രദേശത്തെ ഹിന്ദു-മുസ്ലിം വീടുകളുടെ കണക്കെടുത്തത്. സുനിലിന്റെ വീടിന് തൊട്ടടുത്തുള്ള പള്ളിയില്‍ എത്തിയ ഇവര്‍ അവിടെ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഈ അസ്വാഭാവിക സംഭവത്തെക്കുറിച്ച് കൊല്ലപ്പെട്ട സുനിലിന്റെ സഹോദരന്‍ സുബ്രഹ്മണ്യന്‍ കൊലപാതകം നടന്നത്തിന് ശേഷം പോലീസിന് വിവരം നല്‍കിയിരുന്നു. പ്രദേശത്തെ അപരിചിതരുടെ സാന്നിധ്യത്തലെ പന്തികേട് മനസ്സിലാക്കിയെങ്കിലും പോലീസ് സമര്‍ത്ഥമായി ഇത് മറച്ചുവച്ചു. പകരം ഗുരുവായൂര്‍ മേഖലയില്‍ നടന്ന മറ്റൊരു രാഷ്ട്രീയകൊലപാതകവുമായി കൂട്ടിക്കെട്ടി ബിജെപി സിപിഎം സംഘര്‍ഷമായി കേസ് വഴിതിരിച്ച് വിടാനാണ് ശ്രമിച്ചത്. സുനില്‍ വധം ചാവക്കാട്ടെ പ്രമുഖ വ്യവസായിയുടെ മകനുമായുണ്ടായ വ്യക്തി വൈരാഗ്യം മൂലമുള്ള കൊട്ടേഷന്‍ കൊലപാതകം മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും നടക്കുന്നു.
കേസില്‍ 12 പേരെയാണ് അന്ന് പൊലീസ് പിടികൂടിയത്. ഏഴ് പേര്‍ സിപിഎം പ്രവര്‍ത്തകരും മറ്റുള്ളവര്‍ തിരുത്തല്‍വാദി വിഭാഗം കോണ്‍ഗ്രസ്സില്‍പ്പെട്ടവരുമായിരുന്നു. ഇതില്‍ നാല് സിപിഎം പ്രവര്‍ത്തകരെ കീഴ്‌ക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു സിപിഎമ്മിന്റെ ഒത്താശയോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ തീവ്രാവാദികളെ രക്ഷപെടുത്തി. സംഘ വിരോധം ഊട്ടി ഉറപ്പിക്കാന്‍ സ്വന്തം അണികളെ കുരുതി കൊടുത്തു. തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ നിരപരാധികളായ 4 സിപിഎം പ്രവര്‍ത്തകരാണ് ജയില്‍ ശിക്ഷ അനുഭവിച്ചത്. പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ചില സുപ്രധാനമായ വെളിപ്പെടുത്തലുണ്ടാവുന്നത്. ഇതിനിടെ, ടി.പി. സെന്‍കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച തീരദേശ തീവ്രവാദ വിരുദ്ധസ്‌ക്വാഡിന്റെ വിവിധ കേസന്വേഷണത്തിനിടെ യഥാര്‍ത്ഥ പ്രതികളെ കുറിച്ച് സൂചന കിട്ടി. തുടര്‍ന്ന് ഹൈക്കോടതി പുനരന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. 2017ലാണ് സര്‍ക്കാര്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
തെളിവില്ലാത്തവിധം കൊലപാതകം നടത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച ഒരു സംഘമാണ് സുനിലിനെ കൊലപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിക്കു കൈമാറി. ഈ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി സുനില്‍വധക്കേസിലെ പ്രതികളായ ബിജി, ബാബുരാജ്, റഫീഖ് തുടങ്ങിയവരെ കുറ്റവിമുക്തരാക്കി. കേസ് പരിഗണിച്ച ജസ്റ്റിസ് ദിനകര്‍, ശങ്കരനാരായണന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ജംഇയ്യത്തുല്‍ ഇഹ്‌സാനിയ നടത്തിയെന്നാരോപിക്കുന്ന എട്ടു കൊലപാതകങ്ങളും പുനരന്വേഷിക്കാന്‍ ഉത്തരവിട്ടു. രണ്ടുവര്‍ഷമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിനൊടുവിലാണ് കേസിലെ പ്രതിയായ മൊയ്‌നുദ്ദീന്‍ പിടിയിലായത്. മലപ്പുറത്തുവച്ചാണ് പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
മലപ്പുറം കൊളത്തൂര്‍ ചെമ്പ്രശ്ശേരി പൊതുവക്കത്ത് ഉസ്മാന്‍ (51), തൃശ്ശൂര്‍ വാടാനപ്പള്ളി അഞ്ചങ്ങാടി നാലകത്തൊടിയില്‍ യൂസഫ് എന്ന യൂസഫലി (52) എന്നിവരെയാണ് തിരൂര്‍ ഡിവൈ.എസ.പി കെ.എ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഉസ്മാന്‍ തീവ്രവാദ സംഘടനയായ ജംഇയ്യത്തുല്‍ ഇഹ്‌സാനിയ യുടെ സ്ഥാപനകനാണെന്ന് പൊലീസ് പറയുന്നു.92-96 കാലഘട്ടങ്ങളില്‍ പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം മേഖലകളിലെ സിനിമ തിയേറ്ററുകള്‍ കത്തിക്കുക, കള്ള് ഷാപ്പുകള്‍ കത്തിക്കുക, നോമ്പ് കാലത്ത് തുറക്കുന്ന ഹോട്ടലുകള്‍ ആക്രമിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഇയാളാണെന്ന് കണ്ടെത്തി. 1995-ല്‍ വാടാനപ്പള്ളി രാജീവ് വധക്കേസ്സില്‍ പ്രതിയാവുകയും ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് രക്ഷപ്പെട്ടു. പിന്നീട് 2007 ല്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. സംഘടനക്കായി ആയോധന പരിശീലനത്തിന് നേതൃത്വം നല്‍കിയിരുന്നത് യൂസഫലിയാണെന്ന് പൊലീസ് അറിയിച്ചു.
ബിജെപി-സിപിഎം സംഘര്‍ഷം മുതലെടുത്ത് ജംഇയ്യത്തുല്‍ ഇഹ്‌സാനിയ നടത്തിയ കൂടുതല്‍ കൊലകളുടെ ചരിത്രമാണ് ഇപ്പോള്‍ വെളിയില്‍ വരുന്നത്. ഇരുപത്തിനാല് വര്‍ഷം മുന്‍പ് നടന്ന മലപ്പുറം മോഹനചന്ദ്രന്‍ കൊലപാതകവും തങ്ങള്‍ തന്നെ നടത്തിയതാണ് എന്നാണ് മൊയിനുദ്ദീന്‍ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. മലപ്പുറം പെരിന്തല്‍മണ്ണയില്‍ ആര്‍എസ്എസ്സിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു പാലൂര്‍ മോഹന ചന്ദ്രന്‍.
1995 ഓഗസ്റ്റ് 19നാണ് മോഹനചന്ദ്രന്‍ വധിക്കപ്പെട്ടത്. അഷ്ടമിരോഹിണിക്ക് തലേ ദിവസമാണ് കൊലപാതകം നടന്നത്. പെരിന്തല്‍മണ്ണ പുലാമന്തോളില്‍ നടത്തിയിരുന്ന പച്ചക്കറി കട അടച്ച ശേഷം വീട്ടിലേക്ക് നടന്നു വരുന്ന വഴിയിലാണ് മോഹനചന്ദ്രന്‍ വധിക്കപ്പെട്ടത്. രാത്രി പന്ത്രണ്ടു മണിയോടെയാണ് കൊലപാതകം നടന്നത്. പിറ്റേന്ന് ശ്രീകൃഷ്ണ ജയന്തിയായതിനാല്‍ അടുത്തുള്ള ആഘോഷ പരിപാടിയുടെ ഒരുക്കങ്ങള്‍ കണ്ട ശേഷം വീട്ടിലേക്ക് സൈക്കിളില്‍ മടങ്ങുമ്പോഴാണ് മോഹനചന്ദ്രന്‍ ആക്രമിക്കപ്പെടുകയും മരണപ്പെടുകയും ചെയ്തത്. രാവിലെയാണ് വീടിനടുത്ത് പാലൂരില്‍ റോഡരികില്‍ മോഹനചന്ദ്രന്‍ വീണു കിടക്കുന്നത് ആളുകള്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചശേഷം രാവിലെ പത്തോടെയാണ് മോഹനചന്ദ്രന്‍ മരിച്ചത് ശ്രീകൃഷ്ണ ജയന്തിക്ക് തലേന്നാള്‍ ഗുരുവായൂരില്‍ പോകുന്ന പതിവുണ്ട് മോഹനചന്ദ്രന്. അതുകൊണ്ട് തന്നെ മോഹനചന്ദ്രന്‍ വൈകിയപ്പോള്‍ വീട്ടുകാര്‍ രാത്രി അന്വേഷണവുമായി നീങ്ങിയില്ല. പക്ഷെ രാവിലെ വീടിനു ഒരു കിലോമീറ്റര്‍ അകലെ മോഹനചന്ദ്രന്‍ വീണു കിടക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. അപ്പോഴാണ് വീട്ടുകാരും സംഭവം അറിയുന്നത്. ഇരുമ്പ് വടികൊണ്ട് തലയ്ക്ക് പിന്നില്‍ അടിച്ചാണ് ആക്രമികള്‍ മോഹനചന്ദ്രനെ വീഴ്ത്തിയത്. ഇസ്ലാമിക തീവ്രവാദബന്ധമാണ് ആദ്യം മുതലേ ഈ വധത്തില്‍ പൊലീസ് സംശയിച്ചത്.
മോഹനചന്ദ്രന്‍ വധത്തിലെ പ്രതികളെ അന്വേഷിച്ച് ആദ്യ ഘട്ടത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നെങ്കിലും പിന്നെ അന്വേഷണം തണുക്കുകയായിരുന്നു. ഒരു പ്രതിയേയും ഈ കേസില്‍ പോലീസിന് പിടികൂടാന്‍ കഴിഞ്ഞില്ല. ആര്‍എസ്എസ് വളാഞ്ചേരി താലൂക്ക് കാര്യവാഹ്, ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ചുമതലകള്‍ മോഹനചന്ദ്രന്‍ വഹിച്ചിരുന്നു. സിപിഎമ്മിനെ സംശയിക്കാന്‍ സാഹചര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പരിവാര്‍ വൃത്തങ്ങളും തീവ്രവാദ ബന്ധം തന്നെയാണ് കൊലയ്ക്ക് പിന്നില്‍ കണ്ടത്. ഐഎസ്എസ് ആയിരുന്നു അന്ന് സജീവമായ മുസ്ലിം തീവ്രവാദ സംഘടന. അതുകൊണ്ട് തന്നെ ഐഎസ്എസ്സിലേക്കും മറ്റു മുസ്ലിം തീവ്രവാദ സംഘടനകളിലേക്കുമാണ് അന്വേഷണത്തില്‍ വിരല്‍ ചൂണ്ടപ്പെട്ടത്. മോഹനചന്ദ്രന്‍ മരിക്കുമ്പോള്‍ ഭാര്യ ബിന്ദു ഗര്‍ഭിണിയുമായിരുന്നു. രണ്ടാമത് കുട്ടിയെ ഗര്‍ഭം ധരിച്ചപ്പോഴായിരുന്നു കൊലപാതകം നടന്നത്.
മോഹനചന്ദ്രന്റെ ഒരു മകന്‍ ഇപ്പോള്‍ വിദേശത്താണ്. മറ്റേ മകന്‍ പാലൂര്‍ എഎല്‍പിസ്‌കൂളില്‍ അദ്ധ്യാപകനുമാണ്.
തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ ഒരാള്‍കൂടി പിടിയിലായി
ജംഇയ്യത്തുല്‍ ഇസിഹാനിയ പ്രവര്‍ത്തകനായ പള്ളം ചെറുതുരുത്തി സ്വദേശി സലീം ആണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റില്‍ ആകുന്ന അഞ്ചാമത്തെ ആളാണ് സലീം. ഡിവൈഎസ്പി പി.കെ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് സലീമിനെ അറസ്റ്റ് ചെയ്തത്. പ്രതി കുറ്റസമ്മതം നടത്തിയതായി ക്രൈംബ്രാഞ്ച് അറിയിച്ചു. വിദേശത്ത് ഒളിവിലായിരുന്ന പ്രതി നാട്ടിലെത്തിയെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. പുലാമന്തോള്‍ പാലൂര്‍ മോഹനചന്ദ്രന്‍ വധക്കേസിലും സലീം പ്രതിയാണ്. തിരൂര്‍ ഡിവൈഎസ്പി കെ.എ സുരേഷ് ബാബു, പെരുമ്പടപ്പ് ഇന്‍സ്‌പെക്ടര്‍ കെ.എം ബിജു, എസ് ഐ പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, എസ്.സി.പി.ഒ രാജേഷ്, സിപിഒ പ്രകാശ് എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് സലീമിനെ അറസ്റ്റുചെയ്തത്.
ചേകന്നൂര്‍ മൗലവി വധക്കേസ്സിലും അന്വേഷണം മുന്നോട്ടു നീക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ചേകന്നൂര്‍ മൗലവി വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ജംഇയ്യത്തുല്‍ ഇഹ്‌സാനിയയായിരുന്നു. ചേകന്നൂര്‍ മൗലവി കേസ്സിലെ പ്രധാന പ്രതിയെന്നു കരുതപ്പെടുന്ന സെയ്തലവി അന്‍വരിയാണ് തൊഴിയൂര്‍ സുനില്‍ വധക്കേസിലെ മുഖ്യപ്രതിയെന്ന വിവരവും ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുമുണ്ട്. ചേകന്നൂര്‍ കേസിലെ പ്രതികള്‍ ഇപ്പോഴും പിടിയിലായിട്ടില്ല. ചേകന്നൂര്‍ മൗലവിയെ കൊന്ന ശേഷം മൗലവിയുടെ മൃതദേഹം എവിടെ അടക്കം ചെയ്തുവെന്ന് ഇതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. മൗലവിയെ കൊലപ്പെടുത്തിയശേഷം ഒരു സ്ഥലത്ത് മൃതദേഹം കുഴിച്ചിട്ട ശേഷം അവിടുന്ന് മറ്റെവിടെയ്‌ക്കോ ഒരു സംഘം മൃതദേഹം മാറ്റി. അവിടെ നിന്നും വേറെ ഒരു സംഘം അത് മറ്റെവിടെയ്‌ക്കോ മാറ്റി. ഇവര്‍ക്കൊന്നും പരസ്പരം ബന്ധമില്ല. അതുകൊണ്ട് തന്നെ ചേകന്നൂര്‍ മൗലവി കൊലചെയ്യപ്പെട്ടുവെന്ന് തെളിഞ്ഞെങ്കിലും യഥാര്‍ത്ഥ പ്രതികളെയോ ചേകന്നൂരിന്റെ മൃതദേഹമോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ മൊയ്‌നുദ്ദിന്‍ പിടികൂടപ്പെട്ടതോടെ ചേകന്നൂര്‍ മൗലവി കേസിലും അന്വേഷണം മുന്നോട്ടു നീക്കാനുള്ള വഴിയാണ് തെളിഞ്ഞിരിക്കുന്നത്.
കേരളത്തിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് വിത്ത് വിതയ്ക്കപ്പെട്ടത് എങ്ങിനെ എന്നതിനു ആധാരമായ വിചിത്രമായ വസ്തുതകളിലേക്കും വിരല്‍ ചൂണ്ടുന്നതായിരുന്നു അന്നത്തെ തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണം. 1996-97 കാലഘട്ടത്തിലാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അന്വേഷിച്ചത്. ഈ അന്വേഷണത്തിലാണ് തൊഴിയൂര്‍ സുനില്‍ വധത്തിലെ പ്രതികള്‍ ജംഇയ്യത്തുല്‍ ഇഹ്‌സാനിയയുടെ പ്രവര്‍ത്തകര്‍ ആണെന്ന് കണ്ടെത്തിയത്. ഇഹ്‌സാനിയ എന്ന തീവ്രവാദ ഗ്രൂപ്പിന് ബന്ധമുണ്ടായിരുന്നത് സുന്നി ടൈഗര്‍ ഫോഴ്‌സുമായിട്ടായിരുന്നു. എന്‍ഡിഎഫിന്റെ ആവിര്‍ഭാവം വന്നത് ജംഇയ്യത്തുല്‍ ഇഹ്‌സാനിയവഴിയാണ്. ഇവര്‍ പിന്നീട് പല മുസ്ലിം തീവ്രവാദ സംഘടനകളിലും അംഗമായി. ഇവരില്‍ പലരും വിദേശത്തേക്ക് പോവുകയും പ്രവര്‍ത്തന മേഖല ഗള്‍ഫ് നാടുകളില്‍ വിപുലമാക്കുകയും ചെയ്തു. തങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്തവരെ കൃത്യമായ ആസൂത്രണത്തോടെ കൊന്നൊടുക്കുക എന്നതാണ് ഈ സംഘടനയുടെ രീതി. എന്നിട്ട് അത് എതിരാളികളുടെ മേല്‍ ചാര്‍ത്തും. ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊന്നത് സിപിഎം ആണെന്നും സിപിഎം പ്രവര്‍ത്തകനെ കൊന്നത് ആര്‍എസ്എസ് ആണെന്നും പ്രചരിപ്പിച്ച് സമര്‍ത്ഥമായി കേസ്സുകളില്‍ നിന്ന് രക്ഷപ്പെടും.
മാറി മാറി വരുന്ന സര്‍ക്കാരുകളില്‍ തങ്ങള്‍ക്കുള്ള സ്വാധീനവും വിദേശ ഫണ്ടും ചേര്‍ത്ത് തീരദേശത്തെ സംഘ പരിവാര്‍ പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാണ്. തൃശ്ശൂര്‍ ജില്ലയിലെ തന്നെ വാടാനപ്പള്ളി സന്തോഷ്, വാടാനപ്പള്ളി രാജീവ്, ഉദയന്‍, പെരിയമ്പലം മണികണ്ഠന്‍, പാവറട്ടി വിനോദ്, ഗുരുവായൂര്‍ ആനന്ദന്‍ തുടങ്ങിയ സംഘ പരിവാര്‍ പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ തീവ്രവാദ സംഘടനകള്‍ക്കുള്ള ബന്ധത്തെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.