”ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സ്, റഷ്യയിലെ സോവിയറ്റ് ഭരണം, ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണം, ജര്‍മനിയിലെ നാസി ഭരണം എന്നിവയുടെ അനുകരണമല്ല രാഷ്ട്രീയ സ്വാതന്ത്ര്യം കൊണ്ട് ഞാനുദ്ദേശിക്കുന്നത്…. അത് നമുക്ക് അനുയോജ്യമായതാവണം…. ഞാനതിനെ രാമരാജ്യമെന്ന് വിശേഷിപ്പിക്കും. ധാര്‍മ്മികതയുടെ ആധാരത്തിലുള്ള ജനങ്ങളുടെ പരമാധികാരമാണത്” 1937 ജനുവരി 2ലെ ഹരിജനില്‍ മഹാത്മാ ഗാന്ധി എഴുതി.
”രാമരാജ്യം കൊണ്ട് ഞാന്‍ ‘ഹിന്ദുരാജ്’ എന്ന് അര്‍ത്ഥമാക്കുന്നില്ല. രാമരാജ്യം ദൈവീകമാണ്, ദൈവത്തിന്റെ രാജ്യമാണ്. എന്നെ സംബന്ധിച്ച് രാമനും റഹീമും ഒന്നാണ്, ഒരു ദൈവമാണ്. സത്യത്തിന്റെയും നീതിയുടെയും ഒരേയൊരു ദൈവത്തെയല്ലാതെ മറ്റൊരു ദൈവത്തെയും ഞാനംഗീകരിക്കുന്നില്ല.”
രാമരാജ്യത്തിന്റെ ഈ വ്യാഖ്യാനം നൂറു ശതമാനവും ഭാരതീയമാണ്. ”ഏകം സത് വിപ്രാ ബഹുധാ വദന്തി”യും ‘അദ്വൈത’വും പിന്‍പറ്റുന്ന പാരമ്പര്യത്തില്‍ രാമനും റഹീമും ഒന്നുതന്നെയെന്ന് ഗാന്ധിജി പറയുന്നതില്‍ ഒരതിശയോക്തിയുമില്ല.
സോവിയറ്റ് ചേരിയിലേക്കും അമേരിക്കന്‍ ചേരിയിലേക്കുമൊക്കെ നമ്മെ നയിച്ചവര്‍ രാമരാജ്യത്തിന്റെ ആത്മീയവും ധാര്‍മികവുമായ ആത്മസത്ത കണ്ടവരല്ല.
രാമരാജ്യം ഗാന്ധിജിയുടെ പുതിയ സംഭാവനയല്ല. അയോദ്ധ്യയിലെ രാജാവായിരുന്ന ശ്രീരാമചന്ദ്രന്റെ ഭരണവുമായാണ് രാമരാജ്യം ബന്ധപ്പെട്ടിരിക്കുന്നത്. മര്യാദാപുരുഷോത്തമനായ രാമനെ വരുംതലമുറകളിലേക്ക് പരിചയപ്പെടുത്തിയത് വാത്മീകിയാണ്. രാമായണത്തിലെ രാമരാജ്യത്തില്‍ ശാരീരികവും മാനസികവും ആത്മീയവുമായ ദുരിതങ്ങളുണ്ടായിരുന്നില്ല. സന്തുഷ്ടിയും സമ്പൂര്‍ണതയും സമ്പല്‍സമൃദ്ധിയും സമാരോഗ്യവും നിറഞ്ഞ സുവര്‍ണ കാലമായിരുന്നു. പ്രജാക്ഷേമത്തിനു മാത്രം പ്രാഥമിക പരിഗണന നല്‍കി ശ്രീരാമന്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ ഹോമിച്ചപ്പോഴാണ് അയോദ്ധ്യയില്‍ രാമരാജ്യമുണ്ടായത്.
ഭാരതീയ സംസ്‌കാരത്തിന്റെയും മൂല്യത്തിന്റെയും പ്രതീകമാണ് രാമരാജ്യം. അതുകൊണ്ടാണ് ഹിന്ദു വിരുദ്ധരും ഭീകരവാദികളും ദേശവിരുദ്ധരുമെല്ലാം രാമരാജ്യമെന്ന് കേള്‍ക്കുമ്പോള്‍ ചുവപ്പുകണ്ട കാളയെപ്പോലെ വിറളി പിടിക്കുന്നത്.
ആധുനിക കാലത്തെ ക്ഷേമരാഷ്ട്ര സങ്കല്‍പവും മഹാന്മാഗാന്ധിയും വിനോബാ ഭാവെയും ഉയര്‍ത്തിപ്പിടിച്ച സര്‍വോദയ സങ്കല്‍പവും രാമരാജ്യ സങ്കല്‍പത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന ആശയങ്ങളാണ്.
”ഏതാനും പേര്‍ സമ്പത്തില്‍ കിടന്നു മറിയുകയും സാധാരണ ജനങ്ങള്‍ക്ക് അഷ്ടിക്ക് വകയില്ലാതിരിക്കുകയും ചെയ്യുന്ന അന്യായമായ ഇന്നത്തെ അവസ്ഥയില്‍ രാമരാജ്യം സാദ്ധ്യമല്ല,” എന്ന് 1947 ജൂണ്‍ 1ലെ ഹരിജനില്‍ ഗാന്ധിജി എഴുതി.
രാജകുമാരനും ദരിദ്രനും തുല്യനീതി ഉറപ്പു വരുത്തുന്ന ധാര്‍മ്മികതയില്‍ ഊന്നിയ ജനങ്ങളുടെ പരമാധികാരമാണ് ഗാന്ധിജിയുടെ രാമരാജ്യ സങ്കല്‍പം.
ജനാധിപത്യവും സാഹോദര്യവും സര്‍വധര്‍മ സമഭാവനയും ഹൃദ്യമായ കുടുംബ ബന്ധങ്ങളും ഉന്നതമായ ജീവിത മൂല്യങ്ങളുമെല്ലാം അതില്‍ ഇഴുകിച്ചേര്‍ന്നു കിടപ്പുണ്ട്. വ്യക്തികളുടെ മൗലികാവകാശങ്ങള്‍ രാമരാജ്യത്തില്‍ തികച്ചും ഭദ്രമാണ്. ഭരണം ധര്‍മ്മനീതിയുടെ പാലനത്തിനുവേണ്ടി മാത്രമാണ്.
ഗാന്ധിജിയുടെ സ്വപ്‌നത്തിലെ സ്വാതന്ത്ര്യം രാമരാജ്യമായിരുന്നു, ഭുമിയിലെ സ്വര്‍ഗം! അദ്ദേഹം നിര്‍വ്വാണത്തെ – ഭൂമിയിലെ സ്വര്‍ഗത്തെ – രാമരാജ്യമെന്ന് വിളിച്ചു.
രാമരാജ്യത്തില്‍ നിന്നു മാത്രമേ ദാരിദ്ര്യത്തില്‍ നിന്നും അനീതിയില്‍ നിന്നും ചൂഷണത്തില്‍ നിന്നും അനേകനിലയിലുള്ള ദുഃഖദുരിതങ്ങളില്‍നിന്നും സാധാരണക്കാരന് നീതി ലഭിക്കൂ.
രാമരാജ്യത്തില്‍ ഭരണകൂട ഭീകരതയില്ല. വ്യക്തിസ്വാതന്ത്ര്യങ്ങളെ ചതച്ചരയ്ക്കാനുള്ള മര്‍ദ്ദനോപകരണമല്ല ഭരണം. ഭരണം ജനങ്ങളുടെ സ്വാതന്ത്ര്യ സംരക്ഷണത്തിനു വേണ്ടിയാണ്. ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം പരമപ്രധാനമാണ്. വ്യക്തിയുടെ വികാസത്തിനും വളര്‍ച്ചക്കും തടസമാകുന്ന കാര്യങ്ങള്‍ ഇല്ലായ്മ ചെയ്യലാണ് ഭരണാധികാരിയുടെ ചുമതല. ദുര്‍ബലരെയും നിസ്സഹായരെയും ചൂഷണം ചെയ്യാന്‍ രാമരാജ്യം ആരെയും അനുവദിക്കുന്നില്ല.
രാമനെന്നും രാമരാജ്യമെന്നും പറയാന്‍ മടിയുള്ളവരാണെങ്കില്‍ പോലും ക്ഷേമരാഷ്ട്രത്തിലേക്കുള്ള ഓരോ ചുവടുവെപ്പും രാമരാജ്യത്തിലേക്കുള്ള വഴിയാണ്.
സല്‍ഭരണം കൊണ്ട് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് ശാന്തിയും സമാധാനവും വികസനവുമാണ്.
സാമൂഹ്യനീതി തിരഞ്ഞെടുപ്പു റാലികളിലെ മുദ്രാവാക്യം മാത്രമായി മാറുമ്പോള്‍ ദാരിദ്ര്യവും വേദനയും ദുഃഖവും വിവേചനവുമില്ലാത്ത രാമരാജ്യമെന്ന ആദര്‍ശ ഭരണവ്യവസ്ഥയെക്കുറിച്ച് ചിന്തിച്ചുപോകും.
രാമരാജ്യത്തില്‍ ഭരണാധികാരി ജനാധിപത്യപരമായി ജനങ്ങളുടെ സന്തുഷ്ടിക്കും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നു. എല്ലാവര്‍ക്കും തുല്യാവകാശം. ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേഗത്തില്‍ നീതി ലഭ്യമായിരിക്കും. സത്യം, അഹിംസ, സാംസ്‌കാരിക മൂല്യങ്ങള്‍ എന്നിവയില്‍ അധിഷ്ഠിതമായ ഭരണമായിരിക്കും. ധാര്‍മികമായ അധികാരത്തിലും സ്വയം അച്ചടക്കത്തിലുമാണ് ഊന്നല്‍. സര്‍ക്കാര്‍ നീതിയില്‍ ഉറച്ചു നില്‍ക്കുകയും ജനങ്ങളില്‍നിന്ന് അത് പ്രതീക്ഷിക്കുകയും ചെയ്യുന്നു. വിവേചനമില്ലാതെ സര്‍വമതങ്ങളോടും വിശ്വാസങ്ങളോടും സമാദരവുണ്ടാകും. നീതിയിലും ആദരവിലും ബലപ്രയോഗമില്ലായ്മയിലുമാണ് രാമരാജ്യം കെട്ടിപ്പടുക്കുന്നത്്.
വാല്‍മീകിയുടെ രാമന്റെ ഭരണകാലത്ത് കുടുംബം സന്തുഷ്ടമായിരുന്നു, വിധവകളുടെ തേങ്ങലുകള്‍ ഉണ്ടായിരുന്നില്ല, വന്യമൃഗങ്ങളുടെയോ വ്യാധികളുടെയോ ഭയമുണ്ടായിരുന്നില്ല.
എല്ലാ ജീവജാലങ്ങള്‍ക്കും ആനന്ദമായിരുന്നു. എല്ലാവരും ധര്‍മ്മം ആചരിച്ചിരുന്നു. ജീവികള്‍ പരസ്പരം കൊല്ലുമായിരുന്നില്ല.
രാമന്റെ രാജ്യഭാരഫലത്തെക്കുറിച്ച് അദ്ധ്യാത്മരാമായണത്തില്‍ എഴുത്തച്ഛന്‍ പറയുന്നത് രാമരാജ്യത്തിന്റെ സംക്ഷിപ്തഫലങ്ങള്‍ തന്നെയാണ്:
”വൈധവ്യദു:ഖം വനിതമാര്‍ക്കില്ലൊരു
വ്യാധിഭയവുമൊരുത്തര്‍ക്കുമില്ലല്ലോ.
സസ്യപരിപൂര്‍ണയല്ലോ ധരിത്രിയും
ദസ്യുഭയവുമൊരേടത്തുമില്ലല്ലോ.
ബാലമരണമകപ്പെടുമാറില്ല
കാലേ വരിഷിക്കുമല്ലോ ഘനങ്ങളും….
….എല്ലാവനുമുണ്ടനുകമ്പ മാനസേ
നല്ലതൊഴിഞ്ഞൊരുചിന്തയില്ലാര്‍ക്കുമേ.
നോക്കുമാറില്ലാരുമേ പരദാരങ്ങ-
ളോര്‍ക്കയുമില്ല പരദ്രവ്യമാരുമേ.
ഇന്ദ്രിയനിഗ്രഹമെല്ലാവനുമുണ്ടു
നിന്ദയുമില്ല പരസ്പരമാര്‍ക്കുമേ.
നന്ദനന്മാരെപ്പിതാവു രക്ഷിക്കുന്ന-
വണ്ണം പ്രജകളെ രക്ഷിച്ചു രാഘവന്‍.”
ഗാന്ധിജി മുതല്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത രാജ്യസ്‌നേഹികള്‍ക്കെല്ലാം രാമരാജ്യം ആദര്‍ശമായത് വെറുതെയല്ല.
രാമരാജ്യത്തില്‍ ഭരണാധിപന്‍ എല്ലാവര്‍ക്കും എപ്പോഴും ആശ്രയിക്കാവുന്നവനാണ്.
പൊതുസമൂഹത്തിന്റെ വീക്ഷണവും ജ്ഞാനികളുടെ അഭിപ്രായവും രാജനൈതിക മര്യാദകളും ധര്‍മ്മഗ്രന്ഥങ്ങളുടെ നിബന്ധനകളുമനുസരിച്ചാണ് രാമരാജ്യത്തില്‍ രാജാവ് തീരുമാനങ്ങള്‍ എടുക്കുന്നത്. രാമായണത്തില്‍ പറയുന്ന ഈ കാര്യങ്ങള്‍ ഭരണാധികാരികള്‍ പിന്‍പറ്റിയാല്‍ ഇന്നും രാമരാജ്യം സാദ്ധ്യമാണ്.