- വീര വേലായുധന്‍ തമ്പി
- കൊട്ടാരത്തിലെ ഉപജാപക സംഘം (വീര വേലായുധന്‍ തമ്പി 2)
- ജനകീയ പ്രക്ഷോഭം (വീര വേലായുധന്‍ തമ്പി 3)
- തുറന്ന യുദ്ധത്തിലേക്ക് (വീര വേലായുധന്‍ തമ്പി 9)
- ആത്മസംഘർഷത്തിലായ ബാലരാമവർമ്മ (വീര വേലായുധന്‍ തമ്പി 4)
- തമ്പിക്കെതിരെ ഗൂഢാലോചന ( വീര വേലായുധന്‍ തമ്പി 5)
- മെക്കാളെയുടെ തന്ത്രങ്ങള്‍ (വീര വേലായുധന്‍ തമ്പി 6)
രംഗം-15
(ആലപ്പുഴയിലെ ദളവക്കച്ചേരി .. അവിടേയ്ക്ക് കൊടുങ്കാറ്റുപോലെ കടന്നു വരുന്ന വൈക്കം പത്മനാഭപിള്ള… അദ്ദേഹം ആകെ അസ്വസ്ഥനാണ്)
വൈക്കം പത്മനാഭപിള്ള :-(ഉറക്കെ വിളിക്കുന്നു) ദളവ യങ്ങുന്നേ… ദളവയങ്ങുന്നേ…
വേലുത്തമ്പി :-(ശാന്തമായ പുഞ്ചിരിയോടെ ഇറങ്ങി വരുന്നു) എന്താണു വൈക്കം അങ്ങാടിക്ക് തീപിടിച്ചതു പോലെ വിളിച്ചു കൂവുന്നത്…
വൈക്കം പത്മനാഭപിള്ള:- (വായ്‌ക്കൈ പൊത്തിക്കൊണ്ട്)തിരുമുമ്പില്‍ ചെത്തമേറിയെങ്കില്‍ പൊറുക്കണം. തിരുവിതാംകൂറിന്റെ നായകന്‍ വേലുത്തമ്പി ദളവയെ വലിയണ്ണാ എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യം ഇതുവരെ ഉണ്ടെന്നായിരുന്നു അടിയന്റെ വിചാരം
വേലുത്തമ്പി :- അങ്ങനെയല്ലെന്ന് ആരെങ്കിലും ചൊല്ലിയോ… വൈക്കം പത്മനാഭപിള്ളയെ കേവലം മുളകു മടിശീല സര്‍വ്വാധികാരിയായല്ല നാമും കണ്ടിരിക്കുന്നത്… നമ്മുടെ അനുജന്‍ പപ്പുത്തമ്പിയെപ്പോലെയാണ്… പിന്നെന്താണ് വൈക്കത്തിന്റെ പരിഭവമെന്ന് എത്ര ആലോചിച്ചിട്ടും നമുക്ക് മനസ്സിലാകുന്നില്ല.
വൈക്കം പത്മനാഭപിള്ള :- മുഖവുരയില്ലാതെ കാര്യത്തിലേക്ക് കടക്കാം .. അടിയന്‍ കേട്ടതൊക്കെ ശരിയാണോ…
വേലുത്തമ്പി :-കേട്ടതെന്താണെന്ന് ചൊന്നാലല്ലേ നമുക്ക് മനസ്സിലാകു…
വൈക്കം പത്മനാഭപിള്ള :-തിരുവിതാംകൂറിന്റെ ദളവ വേലായുധന്‍ ചെമ്പകരാമന്‍ തമ്പി മഹാരാജാവിന്റെ തിരുമുമ്പില്‍ രാജി പത്രം കൊടുത്തെന്നൊരു ജനസംസാരമുണ്ട്…
വേലുത്തമ്പി :-(ചിരിക്കുന്നു) ഹ…ഹ…ഹ അത് കേവല പരമാര്‍ത്ഥമാണ് വൈക്കം…
വൈക്കം :-(രോഷത്തോടെ) പിന്നെയീയുദ്ധ സന്നാഹങ്ങളൊക്കെ എന്തിനായിരുന്നു… തോവാള മുതല്‍ വടക്കന്‍ പറവൂര്‍ വരെ നടത്തിയ ആയുധ വിന്യാസമെന്തിനായിരുന്നു… ആരുവാമൊഴിയിലെ ഇരുമ്പു ഖനിയില്‍ വെടിയുണ്ടകള്‍ ഉണ്ടാക്കിയതെന്തിനായിരുന്നു… കോട്ടകൊത്തളങ്ങളില്‍ പീരങ്കി ഉറപ്പിച്ച് ബലപ്പെടുത്തിയതെന്തിനായിരുന്നു. നായരും ഈഴവനും നാടാരും ചേരുന്ന ജനകീയ സേന ഉണ്ടാക്കിയതെന്തിനായിരുന്നു… ഫ്രഞ്ചുകാരും അമേരിക്കരുമായും എഴുത്തുകുത്തുകള്‍ നടത്തിയതെന്തിനായിരുന്നു… സാമൂതിരിയുടെയും പാലിയത്തച്ചന്റെയും സഹായം തേടിയതെന്തിനായിരുന്നു… ദളവാസ്ഥാനം രാജി കൊടുത്ത് മെക്കാളെയുടെ ഔദാര്യത്തില്‍ അഞ്ഞൂറു പണം അടുത്തൂണ്‍ പറ്റി ചിറയ്ക്കല്‍ പോയി താമസിക്കാനായിരുന്നോ… ഛായ്… അടിയനിതു വിശ്വസിക്കാനാവുന്നില്ല… വീര വേലായുധന്‍ തമ്പിയില്‍ വിശ്വാസമര്‍പ്പിച്ച പരശതം സ്വാതന്ത്ര്യ മോഹികളെ അങ്ങ് നിരാശപ്പെടുത്തിക്കളഞ്ഞു… (അരയില്‍ നിന്നും ഉടവാള്‍ ഊരി വേലുത്തമ്പിയുടെ കാല്‍ക്കല്‍ വയ്ക്കുന്നു) ഇതാ അങ്ങേല്‍പ്പിച്ച ഉടവാള്‍ അടിയന്‍ തിരിച്ചേല്‍പ്പിക്കുന്നു… ഇനി അടിയന്‍ തിരുവിതാംകൂറിന്റെ മുളകു മടിശീലസര്‍വ്വാധികാരിയല്ല… ആര്‍ക്കാട്ടു നവാബിന്റെ അശ്വസേനയില്‍ ഇപ്പോഴും ഒഴിവുണ്ടെന്നാണ് കേള്‍ക്കുന്നത്… (വികാരവിവശനായി) അടിയനെ പോകാന്‍ അനുവദിച്ചാലും…
വേലുത്തമ്പി :-(വികാരവിവശനായി)പോകാം… വൈക്കത്തിനെവിടേയ്ക്ക് വേണമെങ്കിലും പോകാം… അജയ്യനായി പട നയിച്ചെത്തിയ ടിപ്പുവിനെ കുതികാല്‍ വെട്ടി തിരിച്ചോടിച്ച വൈക്കം പത്മനാഭപിള്ളയ്ക്ക് വേലുത്തമ്പിയെ വിട്ട് എവിടേയ്ക്ക് വേണമെങ്കിലും പോകാം… പക്ഷെ… മെക്കാളെയെ വകവരുത്തി വെള്ളക്കാരെ കടല്‍ കടത്തി വിജയശ്രീലാളിതരായി വരുന്ന തിരുവിതാംകൂര്‍ സേനയുടെ മുന്നില്‍ ശംഖടയാളമുള്ള നമ്മുടെ വിജയക്കൊടിയേന്തി മുന്നില്‍ നടക്കാന്‍ വൈക്കം പത്മനാഭപിള്ള ഉണ്ടാവണമെന്ന് നാം ആഗ്രഹിക്കുന്നു…
വൈക്കം പത്മനാഭപിള്ള :-രാജി വച്ച് നാടു വിട്ട നായകന്റെ സൈന്യം ലോകത്തൊരിടത്തും വിജയിച്ചിട്ടില്ലങ്ങുന്നേ…
വേലുത്തമ്പി :-അതിനാരാണിവിടെ രാജി വയ്ക്കുന്നത്… ആരാണിവിടെ നാടുവിടുന്നത്.
വൈക്കം പത്മനാഭപിള്ള :- അപ്പോള്‍ തിരുവിതാംകൂര്‍ ദിവാന്‍ രാജിവച്ചെന്ന ജനസംസാരമോ…
വേലുത്തമ്പി :-തിരുവിതാംകൂറിന്റെ ദളവ ഈ തലക്കുളത്തു വേലുത്തമ്പി തന്നെയാണ്…
വൈക്കം പത്മനാഭപിള്ള :-അപ്പോള്‍ അടിയന്‍ കേട്ടതൊക്കെ…
വേലുത്തമ്പി :-കേട്ടതിനുമപ്പുറം കാണാന്‍ പോകുന്ന സത്യങ്ങള്‍ക്കായി കാത്തിരിക്കു…
വൈക്കം പത്മനാഭപിള്ള :-അടിയനൊന്നും മനസ്സിലാകുന്നില്ല…
വേലുത്തമ്പി :-എല്ലാം വഴിയെ മനസ്സിലാകും… തത്ക്കാലം മുദ്രവാള്‍ കൈയിലെടുക്കു… എന്നിട്ട് പാലിയത്തച്ചനെ കണ്ടു സംസാരിച്ചതെന്തൊക്കെയെന്ന് നമ്മോടു പറയു … (വൈക്കം പത്മനാഭപിള്ള പടവാള്‍ തൊട്ടു വന്ദിച്ച് കൈയില്‍ എടുക്കുന്നു)
വൈക്കം പത്മനാഭപിള്ള :- കുഞ്ചൈക്കുട്ടിപ്പിള്ള അണ്ണനും അടിയനും കൂടി കൊച്ചിയില്‍പ്പോയി പാലിയത്തച്ചനെ കണ്ടു. അദ്ദേഹം എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
വേലുത്തമ്പി :- ആക്രമണത്തിന്റെ തീയതി നിശ്ചയിച്ചോ…
വൈക്കം പത്മനാഭപിള്ള :-ഇല്ല…
വേലുത്തമ്പി :- എങ്കില്‍ ധനു പതിമൂന്നിന് നിശ്ചയിച്ചു കൊള്ളു… അന്ന് അമാവാസിയാണ്. കായലിലൂടെ ഇരുട്ടിന്റെ മറപറ്റിയുള്ള സൈനികനീക്കം ശത്രുവിന്റെ കണ്ണില്‍പ്പെടില്ല… എന്നുമാത്രമല്ല അന്നാണ് നാം ദളവാസ്ഥാനം രാജിവച്ച് മലബാറിലേക്ക് ഒഴിഞ്ഞു പോകാമെന്ന് മെക്കാളെയ്ക്ക് വാക്കു കൊടുത്തിരിക്കുന്നത്. മെക്കാളെയുടെ സുരക്ഷാസേന അന്നെനിക്ക് അകമ്പടി സേവിക്കും… എന്നുപറഞ്ഞാല്‍ മെക്കാളെയുടെ സുരക്ഷാസേന അന്ന് വേലുത്തമ്പിയോടൊപ്പമായിരിക്കുമെന്നര്‍ത്ഥം. ദളവയുടെ സ്ഥാനത്യാഗത്തിന്റെ രഹസ്യം ഇപ്പോള്‍ വൈക്കത്തിനു മനസ്സിലായിക്കാണുമല്ലോ…
വൈക്കം പത്മനാഭപിള്ള :-അടിയന്‍ അങ്ങയെ തെറ്റിദ്ധരിച്ചതിന്ന് മാപ്പു ചോദിക്കുന്നു.
വേലുത്തമ്പി :-പോണേക്കരയിലെ ദളവയുടെ ബംഗ്ലാവില്‍ പരമാവധി സൈനിക സാന്നിദ്ധ്യം കുറക്കാനാണ് അതിര്‍ത്തി കടക്കുവോളം നമുക്ക് ബ്രിട്ടീഷ് സേനയുടെ അകമ്പടി വേണമെന്നാവശ്യപ്പെട്ടത്… കൊച്ചിയില്‍ നിന്ന് നമുക്ക് സുരക്ഷയൊരുക്കാന്‍ മെക്കാളെയുടെ അംഗരക്ഷകര്‍ ആലപ്പുഴയ്ക്ക് തിരിച്ചു കഴിഞ്ഞിട്ടുണ്ട്… ഇനി വൈക്കത്തിന് കാര്യങ്ങള്‍ എളുപ്പമാകും… (ചിരിക്കുന്നു) ഹ…ഹ… പിന്നെ കായലിലൂടെയുള്ള സേനാനീക്കത്തിന് ചെമ്പിലരയന്റെ സഹായം ഉറപ്പുവരുത്തണം..
വൈക്കം പത്മനാഭപിള്ള :- അതടിയന്‍ മുന്‍കൂട്ടി ചെയ്തു കഴിഞ്ഞു. ചെമ്പിലരയനും അയാളുടെ കൂട്ടാളികളും നാല് ഓടിവള്ളങ്ങളിലായി മുന്നില്‍ നീങ്ങും.. ചെമ്മാഴത്തു ശങ്കുപ്പിള്ളയുടെ നേതൃത്വത്തില്‍ നാലു വള്ളങ്ങളിലായി മറ്റൊരു സംഘം മക്കേക്കടവില്‍ നിന്ന് കൂടെ ചേരും..
വേലുത്തമ്പി :-ഉം….. കൊച്ചിയില്‍ മെക്കാളെയുടെ കഥ കഴിച്ചാല്‍ ഉടന്‍ നിങ്ങള്‍ സൈന്യസമേതം കൊല്ലത്തെത്തണം. പത്മനാഭന്‍ തമ്പി കൊട്ടാരക്കര നിന്നും സൈന്യവുമായി അവിടെ എത്തിച്ചേരാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്..കൂടാതെ മാവേലിക്കര മുട്ടത്തു കുറുപ്പിന്റെ നേതൃത്വത്തില്‍ മൂവായിരം ഭടന്മാര്‍ അങ്ങോട്ട് തിരിച്ചിട്ടുണ്ട് ..
വൈക്കം പത്മനാഭപിള്ള :-ഇത്ര വലിയ സേനാനീക്കത്തിന്റെ ഉദ്ദേശ്യം..
വേലുത്തമ്പി :-കൊച്ചിയില്‍ മെക്കാളെയെ വകവരുത്തുമ്പോള്‍ കൊല്ലത്ത് തിരുവിതാംകൂര്‍ സേന ബ്രിട്ടീഷ് താവളം ആക്രമിച്ചിട്ടുണ്ടാകും. പിന്നൊരു കാര്യം നമ്മുടെ നീക്കങ്ങളെല്ലാം പരമരഹസ്യമായിരിക്കണം.
വൈക്കം പത്മനാഭപിള്ള :-ഉത്തരവു പോലെ (പോകാന്‍ തുടങ്ങുന്നു)
വേലുത്തമ്പി :- വൈക്കം പോകാന്‍ വരട്ടെ… പടയ്ക്കിറങ്ങും മുമ്പ് ചാമുണ്ഡിത്തായ്ഭരദേവതയ്ക്ക് ഒരു അജബലി കൂടിയാവാം…
വൈക്കം പത്മനാഭപിള്ള :- അതിന് അജമെവിടെ..
വേലുത്തമ്പി :-അതാ വരുന്നുണ്ട് (നിഗൂഢ സ്മിതത്തോടെ വേലുത്തമ്പി കൈചൂണ്ടിയ ദിക്കില്‍ നിന്നും സ്ഥാനപതി സുബ്ബയ്യന്‍ കയറി വരുന്നു)
സുബ്ബയ്യന്‍ :-(അമിത വിനയത്തോടെ) ദളവയ്ക്കും മുളകു മടിശീല സര്‍വ്വാധികാരിക്കും എന്നുടയ പനിവാര്‍ന്ത വണക്കങ്കള്‍.
വേലുത്തമ്പി :-സുബ്ബയ്യനെ നാം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു…
സുബ്ബയ്യന്‍ :-എനക്ക് തെരിയും… മലബാര്‍ പോകിരതര്‍ക്ക് ഉങ്കള്‍ക്കു വേണ്ടിയ പാതു കാപ്പു സേനൈ കൊച്ചിയിലിരുന്ത് പുറപ്പെട്ടു വിട്ടാര്‍കള്‍… മഞ്ചലും അമാലന്മാരുമെല്ലാമിരുക്കിറത്…
വേലുത്തമ്പി :-(പരിഹാസപൂര്‍വ്വം) വേണമല്ലോ… ദളവാപദം രാജിവച്ചാലും തലക്കുളത്ത് വേലുത്തമ്പിക്ക് മഞ്ചലും മേനാവും അകമ്പടിയുമാകാം.. കമ്പനിയുടെ കാരുണ്യം… അതോ സുബ്ബയ്യന്റെ സാമര്‍ത്ഥ്യമോ…
സുബ്ബയ്യന്‍ :-അപ്പപ്പ… അതൊന്നുമില്ലൈ ..എല്ലാ ഏര്‍പ്പാടുകളും ശെയ്തു വിട്ടതൈ തെരിയപ്പെടുത്തതാന്‍ വന്തേന്‍…
വേലുത്തമ്പി :-(ചിരിക്കുന്നു) ഹ…ഹ.. നല്ലത്… പക്ഷെ നാമിപ്പോള്‍ ദളവാസ്ഥാനം രാജിവച്ച് നാടുവിടുന്നില്ലെങ്കിലോ..
സുബ്ബയ്യന്‍ :-(നടുങ്ങി) അത് മെക്കാളെയോടുള്ള പെരിയ വാഗ്ദാന ലംഘനം….
വേലുത്തമ്പി :-കമ്പനി നാളിതുവരെ തിരുവിതാംകൂറിനോടു കാട്ടിയ വാഗ്ദാന ലംഘനങ്ങള്‍ നോക്കുമ്പോള്‍ ഇത് വളരെ നിസ്സാരം… പിന്നെ ഈ തലക്കുളത്ത് വേലുത്തമ്പിയേ യാത്ര റദ്ദു ചെയ്തിട്ടുള്ളു… കേണല്‍ മെക്കാളെയുടെ യാത്ര ഈ തലക്കുളത്ത് വേലുത്തമ്പി നിശ്ചയിച്ചു കഴിഞ്ഞു…
സുബ്ബയ്യന്‍ :- (ഒന്നും മനസ്സിലാകാതെ) എങ്കേക്കുള്ള യാത്ര…
വേലുത്തമ്പി :- (ഉറച്ച ശബ്ദത്തില്‍) പരലോകത്തേയ്ക്ക്… ഒറ്റയ്ക്കല്ല കൂടെ നാളിതുവരെ തിരുവിതാംകൂറിന്റെ ശമ്പളം പറ്റി ഈ നാടിനെ വെള്ളപ്പരിഷകള്‍ക്ക് ഒറ്റിക്കൊടുത്ത സ്ഥാനപതി സുബ്ബയ്യനുമുണ്ടാവും… (പൊട്ടിച്ചിരിക്കുന്നു)
സുബ്ബയ്യന്‍ :- എന്നെ.. എന്നെ.. ഒന്നും ശെയ്യാതീര്‍കള്‍ … അടിയന്‍ എന്നുടയ സ്ഥാനപതി പൊറുപ്പ് മട്ടും താന്‍ ശെയ്കിറേന്‍…. എന്നൈ കാപ്പാത്തുങ്കോ…
വേലുത്തമ്പി :-സ്ഥാനപതിയുടെ ധര്‍മ്മപരിരക്ഷ ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു… ബാലരാമവര്‍മ്മത്തമ്പുരാനെ സ്ഥാനഭ്രഷ്ടനാക്കി നാം അധികാരം പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന് തിരുമനസ്സ് മുമ്പാകെ തെറ്റിദ്ധാരണ പരത്തി ദളവയ്ക്ക് മരണശിക്ഷ വിധിച്ച് നീട്ടെഴുതി തുല്യം ചാര്‍ത്തിച്ചതാരാണെന്ന കാര്യം നമുക്കറിയാം… അരമനയിലെ രഹസ്യങ്ങള്‍ അപ്പപ്പോള്‍ റസിഡന്റ് സായ്‌വിന്റെ ബംഗ്ലാവിലെത്തിച്ച് പട്ടും വളയും സ്ഥാനമാനങ്ങളും നേടിയതാരാണെന്നും നമുക്കറിയാം.. ഇപ്പോള്‍ ദളവയെ രാജി വയ്പിച്ച് നാടുകടത്താനുള്ള ബുദ്ധി മെക്കാളെയ്ക്ക് ഉപദേശിച്ചതാരെന്നും നമുക്കറിയാം…
സുബ്ബയ്യന്‍ :-(കരഞ്ഞുകൊണ്ട്) എന്നൈ പൊറുത്ത് മാപ്പാക്കുങ്കോ….
വേലുത്തമ്പി :- രാജ്യദ്രോഹത്തിന് വേലായുധന്‍ തമ്പിയുടെ നിയമസംഹിതയില്‍ മാപ്പില്ലല്ലോ സുബ്ബയ്യന്‍… (അരയില്‍ നിന്നും ഒരു എഴുത്താണി വലിച്ചൂരിക്കൊണ്ട്) ഇത് രാജിക്കത്തെഴുതാനുള്ള എഴുത്താണിയാണ്… നമ്മുടെയല്ല… നിന്റെ… ജീവിതത്തില്‍ നിന്നുള്ള രാജിക്കത്ത്… (സുബ്ബയ്യനെ ഇടതുകൈ കൊണ്ട് കഴുത്തില്‍ ചുറ്റിപ്പിടിച്ച് വലതുകൈ കൊണ്ട് എഴുത്താണി വാരിയെല്ലിനിടയിലേക്ക് ആഞ്ഞാഞ്ഞ് കുത്തുന്നു…. സുബ്ബയ്യന്‍ കുഴഞ്ഞുവീണ് കൈകാലടിച്ച് നിശ്ചലനാകുന്നു… അയാളുടെ മൃതദേഹം കവച്ചുവച്ച് മുന്നോട്ട് വരുന്ന വേലുത്തമ്പി വൈക്കം പത്മനാഭപിള്ളയോടായി) വൈക്കം ഇത് വിഷം പുരട്ടിയ എഴുത്താണിയാണ്. തത്ക്കാലം സ്ഥാനപതി സുബ്ബയ്യന്‍ വിഷം തീണ്ടി മരിച്ചെന്ന് ജനങ്ങള്‍ അറിഞ്ഞാല്‍ മതി…
വൈക്കം പത്മനാഭപിള്ള :-ഉത്തരവ്…
വേലുത്തമ്പി :-അജബലി കഴിഞ്ഞ സ്ഥിതിക്ക് നാളെ പടനീക്കമാവാം… (വേലുത്തമ്പി ചുവന്ന പ്രകാശവലയത്തില്‍…. വേദിയില്‍ പ്രകാശം മങ്ങുമ്പോള്‍ പശ്ചാത്തലത്തില്‍ യുദ്ധത്തിന്റെ ശബ്ദകോലാഹലങ്ങള്‍, വെടിയൊച്ചകള്‍, നിലവിളികള്‍)
രംഗം -16
(പടകുടീരം.ഒരു പീരങ്കിക്കു സമീപം അസ്വസ്ഥനായി ഉലാത്തുന്ന വേലുത്തമ്പി. കാവല്‍ നില്‍ക്കുന്ന സൈനികര്‍… അകലെയല്ലാതെ യുദ്ധം നടക്കുന്ന ശബ്ദകോലാഹലങ്ങള്‍. ഒരു കുതിര കുളമ്പടി അടുത്തു വരുമ്പോള്‍ ആകാംക്ഷയോടെ പുറത്തേയ്ക്ക് നോക്കുന്ന വേലുത്തമ്പി. പാറിപ്പറക്കുന്ന മുടിക്കെട്ടും വിയര്‍പ്പില്‍ കുതിര്‍ന്ന് ചോരപ്പാടുകളുള്ള കുപ്പായവും ഊരിപ്പിടിച്ച വാളും ധരിച്ച് ഉന്മേഷരഹിതനായി കടന്നുവരുന്ന വൈക്കം പന്മനാഭപിള്ള)
വേലുത്തമ്പി :-(ആകാംക്ഷയോടെ) എന്തായി കാര്യങ്ങള്‍… കൊച്ചിയിലെ വൃത്താന്തം കേള്‍ക്കുവാന്‍ നമുക്ക് തിടുക്കമാവുന്നു…
വൈക്കം പന്മനാഭപിള്ള :-ദളവയങ്ങുന്ന് അടിയനോട് പൊറുക്കണം…
വേലുത്തമ്പി :-(അക്ഷമനായി) എന്തുണ്ടായെന്നു പറയു… കേണല്‍ മെക്കാളെയുടെ ഉയിരെടുത്തില്ലേ നമ്മുടെ സേന….
വൈക്കം പത്മനാഭപിള്ള:-മെക്കാളെയുടെ അംഗരക്ഷകരെ വധിച്ച് ബംഗ്ലാവിന് തീയും കൊടുത്തെങ്കിലും ആ വെള്ളപ്പിശാച് രക്ഷപ്പെട്ടങ്ങുന്നേ…
വേലുത്തമ്പി :- എന്ത്…. മെക്കാളെ രക്ഷപ്പെട്ടെന്നോ..
വൈക്കം പത്മനാഭപിള്ള :-നമ്മുടെ സേനയെ വെട്ടിച്ച് ഒരു ഉരുവില്‍ക്കയറി അയാള്‍ പുറങ്കടലിലേക്ക് രക്ഷപ്പെട്ടങ്ങുന്നേ…
വേലുത്തമ്പി :-(അസ്വസ്ഥനായി കൈകള്‍ കൂട്ടിത്തിരുമ്മുന്നു) കഷ്ടം…
വൈക്കം പത്മനാഭപിള്ള :-ഓടിവള്ളത്തില്‍ മടങ്ങും വഴി പള്ളാത്തുരുത്തിയില്‍ നമ്മെ നേരിട്ട വെള്ളപ്പട്ടാളത്തെ നമ്മുടെ സേന കായലില്‍ മുക്കിക്കൊന്നു..
വേലുത്തമ്പി :- ഉം..ഇനി എന്തായാലും തുറന്ന യുദ്ധമാണ് വരാന്‍ പോകുന്നത്. ഇന്നലെ നമ്മുടെ സേന കൊല്ലത്തെ ബ്രിട്ടീഷ് പടകുടീരം ആക്രമിച്ചു നിലംപരിശാക്കി.. അനേകം തോക്കുകളും പീരങ്കികളും നമ്മുടെ വരുതിയിലാക്കി … (ഇതിനിടയില്‍ ഒരു സൈനികന്‍ കടന്നുവന്ന് വണങ്ങി നില്‍ക്കുന്നു…)
സൈനികന്‍ :-ശ്രീപത്മനാഭ ജയം
വേലുത്തമ്പി :-ഉം… എന്താണ് പടമുഖത്തു നിന്നുള്ള വിവരം.
സൈനികന്‍ :-തൃശ്ശിനാപ്പള്ളിയില്‍ നിന്ന് കമ്പനി സേന സെന്റ് ലഗറുടെ നേതൃത്വത്തില്‍ ആരുവാമൊഴിക്കോട്ട ആക്രമിച്ചിരിക്കുന്നു ..
വേലുത്തമ്പി :-പുനച്ചല്‍ വല്യജമാന്റെ കീഴിലുള്ള ആരുവാമൊഴിക്കോട്ട കമ്പനി സേനക്കൊരു ബാലികേറാമല തന്നെയാവും…
സൈനികന്‍ :- നമ്മുടെ പീരങ്കി സേന അനേകം വെള്ളക്കാരെ പരലോകത്തെത്തിച്ചെങ്കിലും… ഒടുക്കം ചതി പറ്റിയങ്ങുന്നേ..
വേലുത്തമ്പി :- എന്റെ ചാമുണ്ഡിത്തായ് ഭരദേവതേ ..എന്തുണ്ടായെന്നു പറയു …
സൈനികന്‍ :- തിരുനെല്‍വേലിക്കാരായ രണ്ടു മറവന്മാര്‍ നമ്മെ ചതിച്ചു. അവര്‍ വെള്ളക്കാരില്‍ നിന്ന് പണം പറ്റി കാട്ടിലൂടെ കോട്ടയിലേക്കുള്ള രഹസ്യ മാര്‍ഗ്ഗം തുറന്നു കൊടുത്തു…
കോട്ട വീഴുമെന്നായപ്പോള്‍ പുനച്ചല്‍ വല്യജമാന്‍ സ്വയം വെടിവച്ച് മരിച്ചങ്ങുന്നേ..
വേലുത്തമ്പി :-(അസ്വസ്ഥനായി നടന്നുകൊണ്ട്) വെള്ളപ്പട ഇപ്പോള്‍ എവിടം വരെയെത്തി..
സൈനികന്‍ :-ഇപ്പോള്‍ അവര്‍ നാഗര്‍കോവിലിലേക്ക് നീങ്ങുന്നതായാണ് വിവരം…
വേലുത്തമ്പി :-വൈക്കം, നിങ്ങള്‍ കൊല്ലത്തെ സേനാനീക്കങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക.. മുപ്പതിനായിരം കാലാളും പതിനെട്ട് പീരങ്കികളും ഇവിടെ സജ്ജമാണ്. പുറങ്കടലില്‍ നിന്നും കമ്പനിപ്പടയ്ക്ക് പോഷക സേനയുടെ സഹായം കിട്ടാതെ നോക്കണം..
വൈക്കം പത്മനാഭപിള്ള :-ഉത്തരവു പോലെ….പക്ഷെ സിലോണില്‍ നിന്നും മുംബൈയില്‍ നിന്നും മദിരാശിയില്‍ നിന്നുമെല്ലാം ഇംഗ്ലീഷ് സേന തിരുവിതാംകൂറിലേക്ക് പുറപ്പെട്ടിരിക്കുന്നു എന്നാണ് നമ്മുടെ ചാരന്‍ കുതിരപ്പക്ഷി നല്‍കുന്ന വിവരം…
വേലുത്തമ്പി :- വിദൂരദേശങ്ങളില്‍ നിന്നു പോലും ഇംഗ്ലീഷ് സേന വരണമെങ്കില്‍ നാം രഹസ്യമായി ആസൂത്രണം ചെയ്ത കാര്യങ്ങള്‍ കമ്പനിക്ക് ചോര്‍ന്ന് കിട്ടിയിരിക്കണമല്ലോ വൈക്കം…
വൈക്കം പത്മനാഭപിള്ള :-അതുകൊണ്ടാണങ്ങുന്നേ കൊച്ചിക്കായലിലെ ആക്രമണത്തില്‍ നിന്ന് മെക്കാളെയ്ക്ക് രക്ഷപ്പെടാനായത്…
വേലുത്തമ്പി :-ആരാണാ ഒറ്റുകാരന്‍…
വൈക്കം പത്മനാഭപിള്ള :-സാമൂതിരിത്തമ്പുരാന്‍.. സാമൂതിരിയുടെ സഹായമാവശ്യപ്പെട്ടുകൊണ്ട് പരമരഹസ്യമായി നാമയച്ച ഓലകള്‍ ആ നയവഞ്ചകന്‍ കമ്പനിക്ക് കൈമാറിക്കൊണ്ടിരുന്നു…
വേലുത്തമ്പി :- ഒറ്റുകാരുടെ നാടെന്ന് നാളെ ചരിത്രം ഈ മണ്ണിനെ വിളിക്കാതിരിക്കട്ടെ… ആരൊക്കെ ഒറ്റിയാലും പടനിലത്ത് മരിച്ചു വീഴും വരെ… ഈ പിറന്ന നാടിനെ സ്വതന്ത്രമാക്കും വരെ ….നമുക്ക് വിശ്രമമില്ല വൈക്കം … അഞ്ഞൂറു തോക്കുകള്‍ അടിയന്തിരമായി ആരുവാമൊഴിയിലെത്തിക്കാന്‍ നാം കല്‍പ്പന ഇട്ടതായി വെടിപ്പുര വിചാരിപ്പ് നാറാപിള്ളയെ അറിയിക്കു… തെക്കന്‍ അതിര്‍ത്തിയെ സംരക്ഷിക്കാന്‍ നാമിതാ പുറപ്പെടുകയായി… (പ്രകാശം മങ്ങുന്നു. പശ്ചാത്തലത്തില്‍ യുദ്ധഘോഷങ്ങള്‍, വെടിയൊച്ചകള്‍, കുതിരച്ചിനക്കലുകള്‍)