Friday, July 18, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

നാഗന്മാരും ചേരരും (തമിഴകപൈതൃകവും സനാതനധര്‍മവും 12)

ഡോ.ആര്‍. ഗോപിനാഥന്‍

Print Edition: 4 July 2025

ആര്യ-ദ്രാവിഡ ഭാഷകള്‍ക്ക് പുറമേ ആഫ്രോ-ഏഷ്യാറ്റിക് എന്ന് ഷ്മിത് വിളിക്കുന്ന ഗോത്രത്തില്‍പ്പെട്ട ഭാഷകളും ഭാരതത്തിലുണ്ട്. 187 അവര്‍ ദ്രാവിഡപൂര്‍വികരായി ഭാരതത്തില്‍ കുടിപാര്‍ത്തിരുന്ന ആദിമ ജനവിഭാഗമാണ്. ഈ ദ്രാവിഡേതരവര്‍ഗത്തെ ആര്യന്മാര്‍ നിഷാദരെന്ന് വിളിച്ചു. അവര്‍ സാമാന്യമായി ഭാരതത്തിലെങ്ങും പരന്ന് കിടന്നിരുന്നു. അവരില്‍ പലരും ദ്രാവിഡരുമായി ലയിച്ച് ചേര്‍ന്നിട്ടുണ്ട്. ഉദാഹരണം, ദ്രാവിഡരും മുണ്ഡകളും തമ്മില്‍ ലയിച്ച് ചേര്‍ന്നിട്ടുണ്ടെങ്കിലും അവരുടെ ഭാഷകള്‍ രണ്ടും വേറിട്ട് നില്‍ക്കുന്നു.

ഗോത്ര സമൂഹങ്ങളുടെയും അവര്‍ തമ്മിലും ഇതരരുമായുമുള്ള പരസ്പര ബന്ധങ്ങളുടെയും ചരിത്രപരവും സങ്കീര്‍ണവുമായ കുരുക്കുകളഴിക്കുന്നതിന് ഡോ. അംബേദ്കര്‍ സമഗ്രമായി ശ്രമിച്ചിട്ടുണ്ട്. അതിന്റെ പശ്ചാത്തലമായി, ദ്രാവിഡരും ആര്യരും പുറത്ത് നിന്നുവന്ന് തദ്ദേശീയരെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയെന്ന സ്റ്റാന്‍ലി റൈസിന്റെ ആര്യ-ദ്രാവിഡ അധിനിവേശ സിദ്ധാന്തത്തിന്റെ ദുര്‍ബലമായ അടിത്തറ അദ്ദേഹം 188 പൊളിച്ചുകളയുന്നു. ആര്യദ്രാവിഡ വംശങ്ങളുടെ ഉല്‍പ്പത്തിയെപ്പറ്റി ആര്‍ക്കും നിശ്ചിതമായി അറിയില്ലെന്ന വസ്തുത എല്ലാവരും അംഗീകരിക്കുന്നുമുണ്ട്. നാഗപദം ആദ്യമായി കാണുന്നത് ശതപഥബ്രാഹ്മണത്തിലാണ് (11. 2.7.12). എന്നാല്‍, ഋഗ്വേദത്തില്‍ ആര്യദേവനായ ഇന്ദ്രന്റെ ശത്രുവായ അഹിവിത്രനെന്ന സര്‍പ്പദൈവത്തെ കാണുന്നുണ്ട്. പിന്നീട് ആ ദൈവം നാഗമെന്ന പേരില്‍ പ്രസിദ്ധമായി. ഋഗ്വേദ പ്രകാരം വെള്ളത്തിനുമേല്‍ പൂര്‍ണനിയന്ത്രണമുള്ള സര്‍പ്പമാണത്. ഋഗ്വേദത്തില്‍ വളരെ പൗരാണികതയുള്ള പരിഷ്‌കൃത സമൂഹമായിട്ടാണ് നാഗന്മാരെ അവതരിപ്പിച്ചിട്ടുള്ളത്. അവര്‍ക്ക് ഉന്നതസംസ്‌കാരവും വിവിധ രാജ്യങ്ങളുടെ ഭരണാധികാരവും പാരമ്പര്യവുമുള്ളതായിട്ടാണ് അവരുടെ ചരിത്രം വെളിപ്പെടുത്തുന്നത്. നാഗന്മാര്‍ (നായന്മാര്‍) വളരെ വീരന്മാരും ദാനധര്‍മ്മിഷ്ഠരും ഭരണാധികാരികളുമായിരുന്നുവെന്ന് സ്വാമികള്‍ പറയുന്നത് ഓര്‍ക്കുക. ക്രി.മു.1300കളില്‍ നാഗന്മാര്‍ ഗംഗാ- യമുനാതടങ്ങളില്‍ ഭരണം നടത്തിയിരുന്നതായി മിക്ക ചരിത്രമെഴുത്തുകാരും സമ്മതിക്കുന്നു. അവരുടെ ഒരു ശാഖയായ ഗോണ്ഡുകള്‍ പിന്നീട് ഛോട്ടാ നാഗ്പൂര്‍, ഛത്തീസ്ഗഡ്, ഒറീസ, ആന്ധ്രാ മേഖലകളില്‍ ഭരണം നടത്തുന്നത് കാണാം. ക്രി.വ. ആദ്യശതകങ്ങളില്‍ ആന്ധ്രപ്രദേശും അയല്‍നാടുകളും നാഗന്മാരുടെ ഭരണത്തിലായിരുന്നു. ശതവാഹനന്മാരും അവരുടെ പിന്മുറക്കാരായ ചുതുകുല ശാതകര്‍ണികളും നാഗകുലവുമായി രക്തബന്ധമുള്ളവരാണ്.

ഉത്തരേന്ത്യയിലെ വിവിധ നാഗഭരണങ്ങളെ നിഷ്‌കാസനം ചെയ്തത് സമുദ്രഗുപ്തനായിരുന്നു. ഒരു നാഗകലാപത്തെ അദ്ദേഹം അമര്‍ച്ച ചെയ്യുന്നതായി ജുനഗഡ് ശാസനത്തിലുണ്ട്. സുവിശദമായ രേഖകളുടെ അടിസ്ഥാനത്തില്‍, നാഗരെന്നും ദ്രാവിഡരെന്നുമുള്ളത് ഒരേ ജനതയുടെ വ്യത്യസ്ത പേരുകള്‍ മാത്രമാണെന്ന് ഡോ. അംബേദ്കര്‍ സ്ഥാപിക്കുന്നു. വംശത്തെ അടിസ്ഥാനമാക്കി നാഗരെന്നും ഭാഷയെ അടിസ്ഥാനമാക്കി ദ്രാവിഡരെന്നും വിളിക്കുന്നതായി അദ്ദേഹം പ്രസ്താവിക്കുന്നു. പ്രാചീന മലബാറും പ്രാചീന നാഗന്മാരുടെ അധീനതയിലായിരുന്നുവെന്നു മാത്രമല്ല, നാഗാരാധന ഇന്നും അവിടെ പ്രബലവുമാണ്. അവര്‍ ഒരു നാവിക ഗോത്രമായിരുന്നുവെന്ന് വിന്റേഴ്‌സടക്കം പലരും വ്യക്തമാക്കിയിട്ടുണ്ട്. ക്രി. വര്‍ഷത്തിന്റെ ആരംഭത്തില്‍ അധികാരത്തിലേയ്ക്കും ഔന്നത്യത്തിലേയ്ക്കുമുയര്‍ന്ന ചേരന്മാരുമായി അവര്‍ വ്യക്തമായും അലിഞ്ഞുചേര്‍ന്നു. നാഗന്മാരെപ്പറ്റി ആഴത്തില്‍ പഠിച്ചിട്ടുള്ള ഓള്‍ദ്ദമിന്റെ സാക്ഷ്യവും അദ്ദേഹം നല്‍കുന്നുണ്ട്. ചേരചോള പാണ്ഡ്യന്മാരില്‍ ചേരന്മാര്‍ വളരെ പ്രാമുഖ്യമുള്ള ഭരണാധികാരികളായിരുന്നു. ചേര അഥവാ സേര (തമിഴില്‍ സരൈ), നാഗമെന്നതിന്റെ ദ്രാവിഡഭാഷയിലെ സമാനപദമാണ്. തങ്ങളെ സ്വയം ചേരുകള്‍ അഥവാ സിയോരികള്‍ എന്ന് വിളിക്കുന്ന ഒരു ജനത ഗംഗാതടത്തില്‍ ഇന്നുമുണ്ട്. സര്‍പ്പ ദൈവത്തില്‍ നിന്നാണ് അവരുടെ ഉല്‍പ്പത്തിയെന്ന് അവര്‍ അവകാശപ്പെടുന്നു. ചേരുകള്‍ ഒരു പുരാതന വംശമാണ്. അവരിപ്പോള്‍ ദരിദ്രരും ഭൂരഹിതരുമാണ്. ദ്രാവിഡരായ ചേരരുടെ ബന്ധുക്കളാണിവരെന്നത് നിസ്തര്‍ക്കമാണ്. ലിച്ചാവികള്‍ക്കും നേപ്പാളിലെ നെവാര്‍കള്‍ ക്കും ആചാരാനുഷ്ഠാനങ്ങളില്‍ ചേരരുമായി ധാരാളം സാമ്യങ്ങളുണ്ട്. (നെവാര്‍കള്‍ക്ക് നായന്മാരുമായി ധാരാളം സാമ്യങ്ങളുണ്ടെന്ന ഫര്‍ഗൂസണിന്റെ അഭിപ്രായം സ്വാമികളുദ്ധരിച്ചിട്ടുള്ളതും ഓര്‍ക്കുക). പഞ്ചാബിലെ താഖ്യ, ഹിമാലയനിരകള്‍ക്ക് വെളിയിലുള്ള സത്‌ലജ്- ബിയാസ് താഴ്‌വരയിലെ സിയോരാജ് പ്രദേശത്തെ ജനങ്ങള്‍, ചിനാബ്‌നദിയുടെ മുകള്‍ഭാഗത്തെ വേറൊരു സിയോരാജ് എന്നിങ്ങനെ, നാഗാരാധകരും ദക്ഷിണേന്ത്യന്‍ ദ്രാവിഡരുമായി ബന്ധമുള്ളവരുമായ ചില ജനവിഭാഗങ്ങള്‍ ചേരനാമം വഹിക്കുന്നുണ്ട്. ഗംഗാതടത്തിലെ ചേരുകള്‍ക്ക് സിയോരിയെന്നൊരുപേരുമുണ്ട്. 189 ഡോ. അംബേദ്കര്‍ എഴുതുന്നത്, സര്യര്‍ അഥവാ താഖ്യര്‍ എന്നറിയപ്പെടുന്ന സത്‌ലജ് താഴ്‌വരയിലെ സരാജ് ജനതയും ഗംഗാതടത്തിലെ സിയോരികളും അഥവാ ചേരുകളും ദക്ഷിണേന്ത്യയില്‍ കേരളത്തിലെ ചേരരും (സേരര്‍) നാഗാരാധകരായ ഒരു ജനതയുടെ വിവിധ ശാഖകള്‍ തന്നെയാണ്. 190 ഡോ. കാല്‍ഡ്വലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. സിന്ധുവിനപ്പുറത്ത് മധ്യേഷ്യയുടെ തെക്കേ അതിര്‍ത്തിവരെ ദ്രാവിഡ വംശക്കാരുണ്ടായിരുന്നെന്നും, ഭാരതമാകെ ഈ അസുരന്മാരുടെ അഥവാ നാഗന്മാരുടെ മാതൃഭൂമിയായിരുന്നെന്നും ദ്രാവിഡ വംശത്തിന്റെ സ്ഥാപകര്‍ ഈ വംശ ത്തില്‍പ്പെട്ടവരായിരുന്നുവെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. നാഗന്മാരുടെ ഭാഷയായിരുന്നു ദ്രാവിഡം. ഉത്തരേന്ത്യന്‍ നാഗര്‍ സംസ്‌കൃത ഭാഷ സ്വീകരിച്ച് ദ്രാവിഡഭാഷ കൈവിട്ടപ്പോഴും ദക്ഷിണേന്ത്യക്കാര്‍ തമിഴ് കൈവിട്ടില്ല. ഈ സാഹചര്യത്തിലാണ് ദ്രാവിഡ പദത്തിന് ദക്ഷിണേന്ത്യയെ സൂചിപ്പിക്കുന്നതെന്ന് അര്‍ത്ഥ സങ്കോചം വന്നത്. നാഗന്മാരെന്നത് വംശീയവും സാംസ് കാരികവുമായ പേരും ദ്രാവിഡരെന്നത് ഭാഷയെ അടിസ്ഥാനമാക്കിയുള്ള പേരുമാണ്. 191 അംബേദ്കര്‍ ഇക്കാര്യത്തെപ്പറ്റി പറയുന്നത് നോക്കുക. ”ദ്രാവിഡര്‍ എന്നത് ഒരു മൂലപദമല്ല. ‘തമിഴ്’ എന്ന വാക്കിന്റെ സംസ്‌കൃതവല്‍ക്കൃത രൂപമാണിത്. ‘തമിഴ്’ സംസ്‌കൃതത്തിലേയ്ക്ക് ഇറക്കുമതി ചെയ്തപ്പോള്‍ ‘ദമിള’ ആയിത്തീര്‍ന്നു. കാലക്രമത്തില്‍ ‘ദമിള’ ദ്രാവിഡമായി മാറി. ദ്രാവിഡമെന്ന വാക്ക് ഒരു ജനതയുടെ ഭാഷയെ കുറിക്കുന്ന പേരാണ്, അത് ജനതയുടെ വംശത്തെ കുറിക്കുന്നില്ല. തമിഴ് അഥവാ ദ്രാവിഡം ദക്ഷിണേന്ത്യയിലെ മാത്രം ഭാഷയായിരുന്നില്ല; പിന്നെയോ, അത് ആര്യന്മാരുടെ ആഗമനത്തിന് മുമ്പ് ഇന്ത്യയുടെ മുഴുവന്‍ ഭാഷയായിരുന്നു. ഉത്തരേന്ത്യയിലെ നാഗന്മാര്‍ അവരുടെ മാതൃഭാഷയായ തമിഴ് പരിത്യജിക്കുകയും തല്‍സ്ഥാനത്ത് സംസ്‌കൃതം സ്വീകരിക്കുകയും ചെയ്തു. ദക്ഷിണേന്ത്യയിലെ നാഗന്മാരാകട്ടെ, തമിഴ് അവരുടെ മാതൃഭാഷയായി നിലനിര്‍ത്തി. ഈ സാഹചര്യത്തിലാണ് ദക്ഷിണേന്ത്യന്‍ ജനതയെ മാത്രം ദ്രാവിഡരെന്ന് വിളിക്കാനിടവന്നതെന്നും അദ്ദേഹം ബി.ആര്‍. ഭണ്ഡാര്‍കറെക്കൂടി ആശ്രയിച്ചു കൊണ്ട് വിശദീകരിക്കുന്നു. ഏതാണ്ട് ഇത് തന്നെയാണ് സ്വാമികളുടെ നിലപാടെന്നതും ശ്രദ്ധിക്കണം. ഈ നിലപാടിനെ, ആര്യര്‍ ഭാരതീയരാണ്, അന്യദേശത്ത് നിന്ന് കടന്നുവന്നവരല്ല എന്ന സിദ്ധാന്തക്കാര്‍ നിരസിക്കുന്ന കാര്യം മുന്‍ഭാഗത്ത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്തായാലും, മെഡിറ്ററേനിയന്‍ പശ്ചാത്തലം ആദിദ്രാവിഡരെയും വിദേശവുമായി ബന്ധപ്പെടുത്തുന്നുണ്ടെങ്കിലും അവര്‍ ഇന്ത്യയില്‍ നിന്ന് അങ്ങോട്ട് പോയവരാണെന്ന സമീപനം, വേണ്ടത്ര തെളിവുകളുടെ അഭാവത്തിലും സമ്പൂര്‍ണമായി നിരാകരിക്കപ്പെട്ടിട്ടില്ല. ‘ഇന്ത്യയും കറുത്ത ആഫ്രിക്കയും തമ്മിലുള്ള സാദൃശ്യങ്ങള്‍ അവശ്യം ഭൂമിശാസ്ത്രത്തെയും നരവംശ ശാസ്ത്രത്തെയും ചരിത്രത്തെയും അടിസ്ഥാനമാക്കിയുള്ളതാണെന്ന്,’ ഭാരതീയരും ആഫ്രിക്കക്കാരും തമ്മിലുള്ള ധാരാളം സാദൃശ്യങ്ങള്‍ എടുത്തു കാട്ടിയിട്ട് 192 സെന്‍ ഘോര്‍ പറയുന്നു. ഭാരതത്തിലെ ആര്യവല്‍ക്കരണത്തിന്റെ പുരാവൃത്തപരമായ സ്വഭാവം തെളിയിക്കുന്ന ആര്യരുടെ ദ്രാവിഡ സംസ്‌കാരത്തില്‍ നിന്നുള്ള കടംവാങ്ങല്‍, ഇരുവിഭാഗങ്ങളുടെയും മിശ്രണത്തിലൂടെയാണ് പ്രോത്സാഹിപ്പിക്കപ്പെട്ടതെന്ന് 193 പ്രൊഫ. രാഖല്‍ ദാസ് ബാനര്‍ജി വ്യക്തമാക്കുന്നു. ചെറുസംഘങ്ങളായി കടന്നുവന്ന ആര്യര്‍ അവരുടെ വംശീയമായ പരിശുദ്ധി സംരക്ഷിക്കാന്‍ ശ്രമിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ആര്യന്‍ യുദ്ധവിജയങ്ങളുടെ അടിസ്ഥാനം കുതിരകളും കന്നുകാലികളെ ഉപയോഗിച്ചുള്ള സഞ്ചരിക്കുന്ന ഭക്ഷണവിതരണവും ഇരുമ്പിന്റെ പ്രയോഗജ്ഞാനവുമായിരുന്നു. ഋഗ്വേദത്തില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതുപോലെ, അവര്‍ വെള്ളപ്പൊക്കമുണ്ടാക്കിയിരുന്ന നദികളിലെ അണക്കെട്ടുകള്‍ തകര്‍ക്കുകയും, തദ്ഫലമായി പഴയ സംസ്‌കാരത്തിന്റെ ഉല്‍പ്പാദനപരമായ അടിത്തറ തകരുകയും ചെയ്തു. നദീതീരങ്ങളിലെ ഗോത്രവര്‍ഗാതിര്‍ത്തികള്‍ അതിവ്യാപനം ചെയ്തപ്പോള്‍ ആര്യവല്‍ക്കൃതമായ പഞ്ചാബ് സ്വാഭാവികമായും പ്രശ്‌നസങ്കീര്‍ണമായി.

ഈ നവഗോത്ര സാമ്പത്തികാവസ്ഥയില്‍ ഭൂമി സമ്പത്തല്ല, അതിര്‍ത്തിയായി മാറി. കന്നുകാലികള്‍ക്ക് പൊതുവായ ഒരു ഗോത്രാംഗീകാരം ലഭിച്ചു. രാജാവ് യുദ്ധനായകനും അനുഷ്ഠാനാധ്യക്ഷനും ഗോത്രൈക്യത്തിന്റെ പ്രതീകവുമായി സ്വയം ഗോത്രനാമം ധരിച്ചവനും ഗോത്രത്തിനകത്തെ മിച്ചത്തിന്റെ സൂക്ഷിപ്പുകാരനും മിക്കപ്പോഴും അധികാരത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവനുമായിത്തീര്‍ന്നു. ഏക സ്വകാര്യസ്വത്ത് തൊഴിലുപകരണങ്ങളും ആയുധങ്ങളുമായിരുന്നു. അതായത്, അസാധാരണങ്ങളായിരുന്ന ഇവയുടെ വ്യാപാരി വിലയേറിയ ലോഹങ്ങളുടെ സ്വന്തം ശേഖരങ്ങള്‍ രൂപപ്പെടുത്താന്‍ തുടങ്ങിയിരുന്നു. വര്‍ഗഘടനയുടെ പ്രാഥമികാംശങ്ങളുള്‍ക്കൊള്ളുന്ന ഈ ഘട്ടം പ്രാകൃതമായിരുന്നില്ല. അവരില്‍ ശൂദ്രരും ഗോത്രഗ്രാമങ്ങളും ഉള്‍പ്പെട്ടിരുന്നു. അവരുടെ മിച്ച സമ്പത്ത് ഗോത്രത്തിന്റെ മുഴുവന്‍ വകയായിരുന്നു. കീഴേക്കിടയിലുള്ള ഇവര്‍ക്ക് ഗോത്രത്തിലേയ്ക്ക് പ്രവേശനമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, ഗോത്രസ്വത്തില്‍ ഒരവകാശവുമില്ലായിരുന്നു. കാരണം, അവര്‍ തന്നെ ഒരു ഗോത്രസ്വത്തായിരുന്നു. എന്നല്ല, അവരുടെ ഉല്‍പ്പത്തിയിന്മേല്‍ പോലും അവര്‍ക്ക് ഒരവകാശവുമുണ്ടായിരുന്നില്ല. മിക്കവാറും അധിനിവേശത്തിന്റെ ഫലമായി സിന്ധൂതട സംസ്‌കാരത്തില്‍ നിന്ന് ലഭിച്ചവയായിരിക്കണമവയെന്നാണ് 194 കോസാംബിയുടെ അഭിപ്രായം. ആ ഗോത്രങ്ങള്‍ക്ക്, ഒരു പ്രത്യേക ജാതിയെന്ന നിലയില്‍ പരാമര്‍ശിച്ചിട്ടില്ലാത്ത ബ്രാഹ്മണര്‍ എന്ന ഒരു പ്രത്യേകതരം പുരോഹിതന്മാരുമുണ്ടായി. പിന്നീട് ഏഷ്യാറ്റിക് രൂപത്തിലുള്ള വികസനത്തിന് കാരണമായ, പരസ്പരം വിവാഹബന്ധത്തിലേര്‍പ്പെടാത്ത പ്രധാനപ്പെട്ട വര്‍ഗവിഭജനം ആര്യന്‍, ശൂദ്രന്‍ എന്നിങ്ങനെ രണ്ടുതരത്തിലായിരുന്നു. മുമ്പുതന്നെ ഉപയോഗത്തിലുണ്ടായിരുന്ന ചാലുകളുപയോഗിച്ച് അവര്‍ വീണ്ടും കൃഷി ചെയ്യാനും തുടങ്ങി. ക്രി.ന് 800 വര്‍ഷം മുമ്പുതന്നെ ഋഗ്വേദ ജനതയുടെ കിഴക്കന്‍ പഞ്ചാബിലേക്കും ദല്‍ഹിയിലേക്കുമുള്ള നീക്കം യജുര്‍വേദങ്ങള്‍ രണ്ടിലും പ്രതിഫലിക്കുന്നുണ്ട്. യജുര്‍വേദത്തില്‍ ആര്യരായ വൈശ്യരെപ്പറ്റി പരാമര്‍ശിക്കുന്നു. ആ വാക്കിന്റെ അര്‍ത്ഥം സ്ഥിരതാമസക്കാരെന്നാണ്. ക്ഷത്രിയര്‍ യുദ്ധത്തിലും ബ്രാഹ്മണര്‍ പൗരോഹിത്യത്തിലും വ്യാപരിച്ചു. ആര്യരായ വൈശ്യരും അനാര്യരായ ശൂദ്രരും മിച്ചോല്‍പ്പാദനത്തില്‍ മുഴുകുകയും, ബ്രാഹ്മണരുടെ പൗരോഹിത്യ പിന്തുണയുള്ള ക്ഷത്രിയരുടെ ഇരകളായി ക്രമേണ അവര്‍ മാറ്റപ്പെടുകയും ചെയ്തു. ഋഗ്വേദത്തിലെ രണ്ടുവര്‍ണങ്ങളുടെ സ്ഥാനത്ത് യജുര്‍വേദത്തില്‍ നാലു വര്‍ണങ്ങള്‍ ഇങ്ങനെ പ്രത്യക്ഷപ്പെടുന്നു. രാജാക്കന്മാര്‍ കൂടുതല്‍ പ്രബലരായി. ഋഗ്വേദകാലത്ത് സ്വമേധയാ നല്‍കിയിരുന്ന യജ്ഞത്തിനായുള്ള കാഴ്ചദ്രവ്യങ്ങള്‍ യജുര്‍വേദ കാലമാകുമ്പോള്‍ വൈശ്യന്മാരില്‍ നിന്ന് നിര്‍ബന്ധമായി വാങ്ങുന്ന നികുതിപോലെയായി.

കാലിമേയ്പ്പിന്റെയും കൃഷിയുടെയും സാമ്പത്തികാവസ്ഥകള്‍ പിന്തുടര്‍ന്ന ആര്യന്‍ അയല്‍വാസികള്‍ക്കൊപ്പം തന്നെ പ്രാകൃതരായ അപരിഷ്‌കൃത ഗോത്രങ്ങള്‍ മിക്കവാറും വേട്ടയാടല്‍ സമൂഹമായി ജീവിച്ചിരുന്നു. കോലിയകളെപോലെ പലരും ആര്യവല്‍ക്കരിക്കപ്പെട്ടു. ക്രി.മു. അറുന്നൂറോടെ ആര്യന്‍ ഗോത്രങ്ങളെല്ലാം നശിക്കാന്‍ തുടങ്ങിയിരുന്നു. ലിച്ചാവികള്‍, മല്ലകളെന്നിവര്‍ ബ്രാഹ്മണവല്‍ക്കരണത്തിന് വിധേയരായില്ലെങ്കിലും ഗോത്രത്തിന് പുറത്തു നിന്നുള്ളവരുടെ ചൂഷണത്തിന് വിധേയരായി. കാശ്യപന്മാരെ പോലുള്ള പുതിയ ബ്രാഹ്മണഗോത്രങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. പുതിയ താവളങ്ങള്‍ പഴയ ഗോത്രവര്‍ഗജനപദങ്ങളെ ശല്യപ്പെടുത്താതെയാണ് വളര്‍ന്നുവന്നത്. കഠിനമായ നികുതികള്‍ പുതിയ താവളങ്ങള്‍ക്ക് മാത്രമേ ബാധകമായിരുന്നുള്ളു. വനഗോത്രവര്‍ഗങ്ങളുടെ ആര്യവല്‍ക്കരണം ശൂദ്രജാതിയിലേക്കായിരുന്നു. അല്ലെങ്കില്‍ ഇറക്കുമതി ചെയ്യപ്പെട്ട ബ്രാഹ്മണരുടെ സഹായത്തോടെ പുതിയ ‘ആര്യന്‍’ ഗോത്രത്തിലേക്ക്. ഗോത്രവര്‍ഗത്തില്‍നിന്ന് പൊതു സമൂഹത്തിലേക്കുള്ള മാറ്റത്തിന്റെ പ്രവണതയാരംഭിച്ചപ്പോള്‍, ഗോത്രവര്‍ഗബന്ധങ്ങള്‍ക്കും തടസ്സങ്ങള്‍ക്കുമെല്ലാം പ കരം തല്‍സ്ഥാനങ്ങളിലേക്ക,് പുതിയ അഹിംസാമതങ്ങളുടെ വികാസത്തില്‍ നിന്ന് ആദര്‍ശപരമായ ശക്തമായ പിന്തുണ ലഭിച്ച പൊതുബന്ധങ്ങള്‍ കടന്നുവന്നു.

മിശ്രജാതികളെല്ലാം ആദികാലത്ത് ആദരണീയമായ തൊഴിലുകളായിരുന്നുവെന്നതാണ് ശ്രദ്ധേയം. കരകണ അഥവാ, കായസ്ഥരെന്ന, കൂടുതല്‍ സാമൂഹികാന്തസ്സും അധികാരങ്ങളുമുള്ള വിഭാഗത്തെപ്പറ്റി അമരകോശത്തില്‍ പരാമര്‍ശമില്ല. അവര്‍ കൂടുതല്‍ ശ്രേഷ്ഠമായ ഒരു വിഭാഗമെന്ന നിലയില്‍ ഉയര്‍ന്നുവരുന്നത് പില്‍ക്കാലത്താണ്. വേദങ്ങളില്‍ രഥകാരന്മാരെ ആദരണീയരായി പറയുന്നുണ്ട്. മുന്‍ സൂചനകളൊന്നുമില്ലെങ്കിലും ഇവരും ചണ്ഡാലന്മാരും ഈ വിഭാഗത്തില്‍ കടന്നുവരുന്നു. അര്‍ഥശാസ്ത്രത്തില്‍ (3.7) സൂതന്മാരെ ആദികാലത്തെ ഉയര്‍ന്ന സ്ഥിതിയില്‍നിന്ന് വേര്‍തിരിക്കുന്നുണ്ട്. അമരം (3.3.61). മാഗധന്മാരെയും ഇപ്രകാരം വേര്‍തിരിച്ചിട്ടുണ്ട്. (അമരം 2.8.97). മാഗധരും, ഉഗ്രരെപ്പോലെ ഒരു ഗോത്രനാമമാണ്. പിന്നീടത് വൈദേഹകരെപ്പോലെ ഒരു തൊഴില്‍ സമൂഹമായിത്തീര്‍ന്നു. ഇവരെയെല്ലാം ശൂദ്രവര്‍ഗത്തിലുള്‍പ്പെടുത്തിക്കൊണ്ടാണ് പ്രാചീനമായ ജാതി വ്യവസ്ഥ വര്‍ഗങ്ങളായി ദൃഢീകരിക്കപ്പെട്ടത്. 195 അതോടെ, പാരമ്പര്യപരമായി മാത്രം നിലനില്‍ക്കുന്ന വിവിധ തൊഴില്‍ വിഭാഗങ്ങള്‍ തുടച്ചുമാറ്റപ്പെട്ടു. തൊഴില്‍ വിഭജനം മെല്ലെ ശ്രേണീവല്‍ക്കരിക്കപ്പെട്ടു. മാലകെട്ടുകാരന്‍ തൊഴില്‍ശ്രേണിയിലെ ഉന്നതനായി. തുടര്‍ന്ന് കലംനിര്‍മാണക്കാര്‍, കട്ടകെട്ടുന്നയാള്‍, നെയ്ത്തുകാരന്‍, തുന്നല്‍ക്കാരന്‍, ചായമടിക്കാരന്‍, ആയുധം മുര്‍ച്ചകൂട്ടുന്നവന്‍, തുകല്‍പ്പണിക്കാരനും ചെരുപ്പുകുത്തിയും, കൊല്ലപ്പണിക്കാരന്‍, നഗരങ്ങളിലെ സ്വര്‍ണപ്പണിക്കാരന്‍, ചിപ്പികളില്‍ നിന്ന് വളനിര്‍മിക്കുന്നവന്‍, ചെമ്പുപണിക്കാരന്‍, തടിപ്പണിക്കാരന്‍, തടിയറുപ്പുകാരന്‍ (മുമ്പ് ഇവരെ മിശ്രജാതിക്കാരെന്ന് പറഞ്ഞിട്ടുള്ളതുമായി വൈരുദ്ധ്യമുണ്ട്) എന്നിവരെല്ലാം വരുന്നു. ഗ്രാമങ്ങളില്‍ പണിയെടുക്കുന്ന തടിപ്പണിക്കാരെ ഗ്രാമീണമരയാശാരിമാരെന്നും നഗരങ്ങളിലുള്ളവരെ കേവലം മരയാശാരി എന്നു മാത്രവുമാണ് വിളിച്ചിരുന്നത്. അത് പരസ്പരം ദൃഢബദ്ധമായ ഒരു കൂട്ടായ്മയായിരുന്നതിനാല്‍ ഓരോരുത്തര്‍ക്കുമുള്ള സ്ഥാനവും വരുമാനവ്യവസ്ഥ യും കൃത്യമായി ചിട്ടപ്പെടുത്തിയിരു ന്നു. അതാണ് പിന്നീട് ചാതുര്‍ വര്‍ ണ്യാടിസ്ഥാനത്തിലുള്ള സാമൂഹ്യ വ്യവസ്ഥയ്ക്ക് അടിത്തറയും സിദ്ധാന്തവുമായി മാറിയത്.

ചണ്ഡാലരും പാഞ്ചാലരെപ്പോലെ മിശ്രജന്മമായ ഒരു ഗോത്രവര്‍ഗസമൂഹമാണ്. ഭാരതത്തിലിന്നു കാണപ്പെടുന്ന നിരവധി ജാതികളുമങ്ങനെയാണ്. ഇവരെല്ലാം ശൂദ്രരാണെങ്കിലും ചിലര്‍ സാമ്പത്തികവും സാമൂഹികവുമായുണ്ടായ ഉയര്‍ച്ചയുടെ ഫലമായി സ്വയം ത്രൈവര്‍ണികരുടെ കൂട്ടത്തില്‍ പ്രതിഷ്ഠിച്ചു. കിരാതന്മാരും ശബരരും പുളിന്ദരുമെല്ലാം മ്ലേച്ഛന്മാരാണെന്ന് അമരകോശം വ്യക്തമാക്കുന്നു. അവര്‍ ഭാരതത്തിലെ ആഢ്യസമൂഹങ്ങളുടെ സ്വാധീനതയില്‍പെടാതെ സ്വതന്ത്രമായ ജീവിതം നയിച്ചവരാണ്. അമരത്തില്‍ പറയുന്ന പേരുകള്‍ സാഹിത്യത്തില്‍ നിന്നെടുത്തതാകാമെന്നും നരവംശ നിരീക്ഷണത്തിന്റെ ഫലമായിരിക്കണമെന്നില്ലെന്നും 196 കൊസാംബി പ്രസ്താവിക്കുന്നു. വിവിധ ലിഖിതങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ആഭീരരുടെ ഗ്രാമത്തെ ‘ഘോഷ’ എന്നാണ് വിളിച്ചിരുന്നത്. അവര്‍ ഗോത്രവര്‍ഗക്കാരായ കൊള്ളക്കാരായിരുന്നു. ഇന്നുമവര്‍ ഉത്തര്‍പ്രദേശില്‍ ആഹിര്‍ എന്ന ജാതിപ്പേരില്‍ കാലിമേപ്പും കന്നുകാലി വളര്‍ത്തലും തൊഴിലാക്കി, പ്രത്യേക ഗ്രാമങ്ങളായോ, മറ്റുള്ളവരില്‍നിന്ന് വേര്‍തിരിഞ്ഞോ താമസിക്കുന്നുണ്ട്.
(തുടരും)

പരാമൃഷ്ടകൃതികള്‍
187 തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍: ആര്യര്‍ക്കും ദ്രാവിഡര്‍ക്കും മുമ്പ് എന്ന ലേഖനം പു. 19, ഡോ. കെ.എന്‍. എഴുത്തച്ഛന്‍. കേ.സാ.അ.1991.
188 അംബേദ്കറുടെ തിരഞ്ഞെടുത്ത കൃതികള്‍ ശൂദ്രര്‍ ആരായിരുന്നു; അസ്പര്‍ശ്യര്‍ ആരായിരുന്നൂ. വംശീയവ്യത്യാസത്തില്‍ നിന്നാണോ അസ്പര്‍ശ്യത ഉദ്ഭവിച്ചത് എന്ന ഭാഗം.
189 ഇ.പു. ഇതേഭാഗം.
190 Grammar of the Dravidian Languages Introduction p.44 B. KrishnaMoorthi.
191 അംബേദ്കറുടെ തിരഞ്ഞെടുത്ത കൃതികള്‍ ശൂദ്രര്‍ ആരായിരുന്നു; അസ്പര്‍ശ്യര്‍ ആരായിരുന്നൂ. പു. 248 കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
192 Dravidians And Africans: paper, Nigritude and Dravidian Culture p. 6 Edi. Prof.K. P. Aravaanan University of Dakkar Senagel.
193 Banerji,op.cit.p.4.
194 Combined Methods in Indology, p. 62.
195 Combined Methods, p. 286, Kosambi.
196 ഇ.പു. പു. 290.

Tags: തമിഴകപൈതൃകവും സനാതനധര്‍മവും
ShareTweetSendShare

Related Posts

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

ജനാധിപത്യ ധ്വംസനത്തിന് അമ്പതാണ്ട്

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies