പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്‌ലിസ്റ്റ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചതോടെ വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്. ഏതാണ്ട് രണ്ടുവര്‍ഷംമുമ്പ് തന്നെ ഇക്കാര്യം ഇതേ പംക്തിയില്‍ സൂചിപ്പിച്ചതാണ്. അതിന്റെ കൂടുതല്‍ വിശദാംശങ്ങളാണ് ഇപ്പോള്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചതും പുറത്തുവന്നിട്ടുള്ളതും. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനത്തിന് എതിരാണെന്ന് തോന്നുന്ന ഏതാണ്ട് 977 ഹിന്ദുനേതാക്കളെ തരംകിട്ടുമ്പോള്‍ വധിക്കാനുള്ള ഹിറ്റ്‌ലിസ്റ്റാണ് പോപ്പുലര്‍ ഫ്രണ്ട് തയ്യാറാക്കിയിരുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം നടപ്പിലാകുംവരെ കേരളത്തിലുടനീളം മാത്രമല്ല, പോപ്പുലര്‍ ഫ്രണ്ടിനും ജിഹാദി ഭീകരസംഘടനകള്‍ക്കും ശക്തിയുള്ള സ്ഥലങ്ങളില്‍ നടന്നിരുന്ന വാഹനാപകടങ്ങളും ഇടിച്ചിട്ട് കടന്നുകളയുന്ന അപകടങ്ങളും ലക്ഷ്യമിട്ടിരുന്നത് ആര്‍എസ് എസ്, ഹിന്ദുസംഘടനാ നേതാക്കന്മാരെ മാത്രമായിരുന്നു. അല്ലാതെ മരിച്ചവരില്‍ മഹാരാജാസ് കോളേജിലെ അഭിമന്യു അടക്കം ചിലര്‍ മാത്രം. പോപ്പുലര്‍ ഫ്രണ്ടിന് ഒരു ഹിറ്റ്‌ലിസ്റ്റ് ഉണ്ടായിരുന്നുവെന്നും അതില്‍ ഹിന്ദുസംഘടനാ നേതാക്കളെ ലക്ഷ്യമിട്ടിരുന്നു എന്നുമുള്ള കാര്യം ആധികാരികരേഖയായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തന്നെ കോടതിയില്‍ സമര്‍പ്പിച്ചതോടെ സ്ഥിരം വെള്ളപൂശുന്ന ഇടത് ജിഹാദി തീവ്രവാദി കൂട്ടുകെട്ടുകള്‍ക്ക് എന്ത് പറയാനുണ്ടെന്ന് കേരളസമൂഹം കാതോര്‍ത്ത് കാത്തിരിക്കുന്നു.
പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതിയായ സിറാജുദ്ദീനില്‍ നിന്നാണ് 240 പേരുടെ പട്ടിക എന്‍ഐഎ ആദ്യം പിടിച്ചെടുത്തത്. മറ്റൊരു പ്രതിയായ അയൂബിന്റെ വീട്ടില്‍നിന്ന് 500 പേരുടെ പട്ടികയാണ് പിടിച്ചെടുത്തത്. ഒളിവിലുള്ള പതിനഞ്ചാംപ്രതി അബ്ദുല്‍ വഹാബിന്റെ പേഴ്‌സില്‍ നിന്ന് കണ്ടെടുത്ത അഞ്ചുപേരുടെ മെയിന്‍ ലിസ്റ്റില്‍ ഒരു റിട്ടയേര്‍ഡ് ജില്ലാ ജഡ്ജിയും ഉള്‍പ്പെടുന്നു. പാലക്കാട്ടെ ആര്‍എസ്എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകക്കേസിലെ പ്രതികളായ നാലുപേരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഇത് സംബന്ധിച്ച രേഖകള്‍ എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ട് ഭീകരരായ മുഹമ്മദ് ബിലാല്‍, റിയാസുദീന്‍, കെ. പി.അന്‍സാര്‍, കെ. വി. സഹീര്‍ എ ന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. തുടര്‍ന്ന് കേസ് വിചാരണയിലേക്ക് കടക്കുന്ന ഘട്ടത്തില്‍ ഹര്‍ജിക്കാര്‍ക്ക് ജാമ്യത്തിന് അര്‍ഹതയില്ലെന്നും യുഎപിഎ പ്രകാരമുള്ള വ്യവസ്ഥ കേസില്‍ ബാധകമാണെന്നും ചൂണ്ടിക്കാട്ടി കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തു. 2047 ല്‍ ഭാരതത്തില്‍ ഇസ്ലാമികഭരണം നടപ്പിലാക്കുകയും 2050 ഓടെ ഇസ്ലാമിക രാഷ്ട്രമാക്കി പ്രഖ്യാപിക്കുകയും ചെയ്യുക എന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ വിഷന്‍ 2047 എന്ന രഹസ്യരേഖ ഉദ്ധരിച്ചാണ് എന്‍ഐഎ ഇക്കാര്യം കോടതിയില്‍ സമര്‍പ്പിച്ചത്. ഇന്ത്യയില്‍ ഇസ്ലാമികഭരണം എന്ന ലക്ഷ്യത്തിലേക്ക് എന്ന രഹസ്യരേഖ ഭാരതത്തിലെ മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്നതും ഹിന്ദുക്കളെ വിഭജിച്ച് ഇസ്ലാമിക ഭരണത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതാണ്. പോപ്പുലര്‍ ഫ്രണ്ട് അന്താരാഷ്ട്രതലത്തില്‍ തന്നെ ഉന്നത നേതാക്കള്‍ക്കും മറ്റുമായി വിതരണം ചെയ്തിട്ടുള്ള ഈ രേഖയില്‍ ഭാരതത്തിലെ മുസ്ലീങ്ങളെ രണ്ടാംകിട പൗരന്മാരായി തരംതാഴ്ത്തിയിരിക്കുകയാണെന്ന് ആരോപിക്കുന്നു.
ബ്രിട്ടീഷ് ഭരണം നടപ്പിലായിരുന്ന കാലത്ത് മുസ്ലിങ്ങളോട് അവര്‍ വേര്‍തിരിവ് കാട്ടി. ഹിന്ദുക്കള്‍ക്ക് പക്ഷപാതപരമായ ആനുകൂല്യങ്ങള്‍ നല്‍കുന്ന രീതിയിലായിരുന്നു ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം. സ്വാതന്ത്ര്യത്തിനുശേഷം ഭരണം ഹിന്ദുക്കളുടെ കൈയിലായി. ജമ്മുകാശ്മീരിലെ എട്ട് ജില്ലകളിലും ലക്ഷദ്വീപിലും മുസ്ലിം ഭൂരിപക്ഷമാണുള്ളത്. ഈ തരത്തില്‍ കണക്കെടുക്കുമ്പോള്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ ഉള്ള രണ്ടാമത്തെ രാജ്യം ഭാരതമാണ്. പക്ഷേ, ഇസ്ലാമിക സമൂഹത്തിനും ഇസ്ലാമിക ചിന്താഗതിക്കും ഇവിടെ കാര്യമായൊന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത് എന്ന് വിഷന്‍ 2047 എന്ന രഹസ്യരേഖ മുന്നോട്ടുവെയ്ക്കുന്നു. ഹിന്ദുത്വശക്തികളുടെ മുന്നേറ്റത്തിനെതിരെ പ്രതികരിക്കാന്‍ കഴിയാത്തവിധം ഇസ്ലാമിക സമൂഹം വേറിട്ടുനില്‍ക്കുകയാണ്. ശരീയത്തിന്റെ വിഷയങ്ങളില്‍പോലും ഇസ്ലാമിക നേതാക്കളോട് കൂടിയാലോചിക്കുന്നില്ല. ദീര്‍ഘദര്‍ശിത്വത്തോടെ മുസ്ലിം സമൂഹത്തെ നയിക്കാന്‍ ഭാരതത്തില്‍ നേതാക്കളില്ല. ഈ പ്രശ്‌നത്തിന് പരിഹാരം എന്നനിലയിലാണ് പോപ്പുലര്‍ ഫ്രണ്ട് ഇസ്ലാമിക സമൂഹത്തിന്റെ നേതൃസ്ഥാനം ഏറ്റെടുത്ത് പരിവര്‍ത്തനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്ന് രേഖ വ്യക്തമാക്കുന്നു. ഒരുകാലത്ത് ഭാരതത്തിന്റെ രാഷ്ട്രീയ ഭരണാധികാരം വഹിച്ചിരുന്ന ഇസ്ലാമികസമൂഹം 2047 ഓടെ വീണ്ടും ഭരണം പിടിച്ച് രാഷ്ട്രീയാധികാരം ഇസ്ലാമില്‍ നിക്ഷിപ്തമാക്കണമെന്ന് പോപ്പുലര്‍ ഫ്രണ്ട് പറയുന്നു. ഈ ലക്ഷ്യം മുന്‍നിര്‍ത്തി എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്ന സന്നദ്ധസംഘടനയ്ക്ക് പോപ്പുലര്‍ ഫ്രണ്ട് രൂപംനല്‍കിയിട്ടുണ്ട്. ഇത് മുസ്ലിങ്ങളുടെ സാമൂഹിക സാമ്പത്തിക വികാസം ലക്ഷ്യമിട്ട് 2047 ഓടെ പൂര്‍ണ്ണ രാഷ്ട്രീയാധികാരം കൈവരിക്കാനുള്ള ആസൂത്രണരേഖയാണ്. ഭാരതത്തില്‍ മുസ്ലിങ്ങള്‍ ഭൂരിപക്ഷം ആകാതെ തന്നെ 2047 ല്‍ അധികാരം പിടിക്കാം എന്നാണ് പോപ്പുലര്‍ ഫ്രണ്ട് വ്യക്തമാക്കുന്നത്. ഇപ്പോള്‍ ഭാരതത്തിലുള്ള മുസ്ലിം സമൂഹത്തിന്റെ 10 ശതമാനം പോപ്പുലര്‍ ഫ്രണ്ടില്‍ ചേര്‍ന്നാല്‍ ഭാരതത്തില്‍ ഇസ്ലാമികഭരണം നടപ്പിലാക്കാന്‍ അനായാസം കഴിയുമെന്ന് പോപ്പുലര്‍ ഫ്രണ്ട് രേഖ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലുള്ള എല്ലാ മുസ്ലീങ്ങളെയും പോപ്പുലര്‍ ഫ്രണ്ടിന്റെ കീഴില്‍ കൊണ്ടുവന്നാല്‍ വിവിധതലത്തിലുള്ള പരിശീലനം നല്‍കാനും ഇസ്ലാമിക ഭരണത്തിലേക്ക് നയിക്കാനും കഴിയുന്ന സംവിധാനത്തിന്റെ ആദ്യഘട്ടം ആകുമെന്നാണ് വിഷന്‍ 2047 വ്യക്തമാക്കുന്നത്.
രണ്ടാംഘട്ടം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കരുത്തുകാട്ടുന്നതാണ്. എതിരാളികളെ ഭയപ്പെടുത്താനും ആയുധപരിശീലനം നല്‍കാനും സംവിധാനമുണ്ടാകും. ഇതിനായി രണ്ടുതരത്തിലുള്ള സംഘങ്ങളെ സംഘടനാസംവിധാനത്തില്‍ വികസിപ്പിച്ചെടുക്കും. പൊതുസമൂഹത്തിന്റെ മുന്നില്‍ സേവനത്തിന്റെയും കായികപരിശീലനത്തിന്റെയും വിനോദത്തിന്റെയും ഒക്കെ പേരുപറഞ്ഞ് ഒരു പൊതുജനസമ്പര്‍ക്ക വിഭാഗം പ്രവര്‍ത്തിക്കും. ഇവര്‍ കരാട്ടെയുടേയും എക്‌സര്‍സൈസിന്റെയും യോഗയുടെയും ഒക്കെ പേരില്‍ ഒത്തുകൂടല്‍ നടത്തുകയും പരമാവധി ആളുകളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഇതോടൊപ്പം ഇസ്ലാംമതത്തിലേക്ക് ആളെ കൂട്ടാന്‍ കാമ്പസുകളിലും തൊഴിലിടങ്ങളിലും പെണ്‍കുട്ടികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ദാവാ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. ഇവര്‍ക്ക് പരിശീലനവും നിയമസഹായവും മറ്റും നല്‍കാനും ലൗജിഹാദ് നടപ്പിലാക്കാനുമുള്ള സഹായവും സംഘടന തന്നെയാണ് നല്‍കുന്നത്. രഹസ്യമായി ആയുധപരിശീലനം നല്‍കാനും സ്‌ഫോടകവസ്തുക്കള്‍ അടക്കമുള്ള ആയുധനിര്‍മ്മാണത്തിനുള്ള പരിശീലനം നല്‍കാനും ഒരു സര്‍വീസ് വിങ് ഇതോടൊപ്പം പ്രവര്‍ത്തിക്കും. ഇതില്‍ ആരൊക്കെയാണ് ഉള്ളതെന്നോ പ്രവര്‍ത്തനശൃംഖലയുടെ വിശദാംശങ്ങളോ പരസ്പരം പോലും അറിയാതെയാണ് വികസിപ്പിച്ചെടുക്കുക. മഞ്ചേരിയിലെ ഗ്രീന്‍വാലിയും ആലുവയിലെ പെരിയാര്‍വാലിയും കരുനാഗപ്പള്ളി, പത്തനാപുരം കുളത്തുപ്പുഴയും അടക്കം ചില കേന്ദ്രങ്ങള്‍ ഇത്തരം ആയുധ നിര്‍മ്മാണത്തിന്റെയും പരിശീലനത്തിന്റെയും കേന്ദ്രങ്ങളായിരുന്നു. ഹിറ്റ്‌ലിസ്റ്റില്‍ പേര് വരുന്ന ആള്‍ക്കാരെ ആക്രമിക്കാനും വധിക്കാനുമാണ് സര്‍വീസ് വിങ് പ്രവര്‍ത്തിക്കുക. നായയേയും മറ്റും വെട്ടിയും വന്യമൃഗങ്ങളെ പോലും ആക്രമിച്ചുമാണ് ഇവര്‍ പരിശീലനം നേടുന്നത്.
മൂന്നാംഘട്ടത്തില്‍ ഭാരതത്തിന്റെ ഭരണവും രാഷ്ട്രീയ അധികാരവും പിടിക്കാനുള്ള രൂപരേഖയാണ് തയ്യാറാക്കിയിട്ടുള്ളത്. മുസ്ലിം ജനവിഭാഗത്തിന്റെ പകുതിയും പട്ടികജാതി-പട്ടികവര്‍ഗ്ഗ, ഒബിസി വിഭാഗങ്ങളിലെ പകുതിയും ചേര്‍ത്ത് രാഷ്ട്രീയാധികാരം നേടാന്‍ കഴിയുന്ന രീതിയില്‍ പാര്‍ലമെന്ററി സംവിധാനത്തില്‍ ഭരണം പിടിക്കാന്‍ കഴിയു മെന്നാണ് രൂപരേഖ വ്യക്തമാക്കുന്നത്. ഹിന്ദുഐക്യത്തിനായി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്താനും മറ്റു പിന്നോക്ക സമുദായങ്ങള്‍ അഥവാ ഒബിസി, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ ആര്‍എസ്എസുമായി ഭിന്നത സൃഷ്ടിക്കാനുള്ള പദ്ധതികള്‍ ക്ക് രൂപരേഖ തയ്യാറാക്കിയിരിക്കുന്നു. ഒബിസി വിഭാഗക്കാര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാം സ്വന്തം രാഷ്ട്രീയകക്ഷികളും സംഘടനകളും സൃഷ്ടിച്ച് അവരെ ഹിന്ദുഐക്യത്തിന്റെ പാതയില്‍നിന്ന് വേര്‍പെടുത്താനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ രൂപരേഖ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഈ ഐക്യത്തിലൂടെ അധികാരം പിടിക്കാനുള്ള ശക്തിയായാല്‍ സൈന്യം, പോലീസ്, ജുഡീഷ്യറി, എക്‌സിക്യൂട്ടീവ് തുടങ്ങി എല്ലാ പ്രധാന സ്ഥലങ്ങളിലും ഇസ്ലാം സമുദായത്തില്‍പ്പെട്ടവരെ കൊണ്ടുവരണം. ഇസ്ലാമിക സമൂഹത്തിന്റെ താല്‍പര്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേരെയും ഏത് വിധേനയും ഉന്മൂലനം ചെയ്യാനും പോപ്പുലര്‍ ഫ്രണ്ട് നിര്‍ദ്ദേശിക്കുന്നു. ഭാരതത്തിലെ ഇസ്ലാമികസമൂഹം അവഗണനയിലാണെന്നും അവര്‍ മര്‍ദ്ദനത്തിനിരയാകുന്നു എന്നുമുള്ള പ്രചാരണം നടത്തണം. ആര്‍എസ്എസും കേന്ദ്രസര്‍ക്കാരും ഭാരതത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനാണ് ശ്രമിക്കുന്നത് എന്നുള്ള പ്രചാരണം ശക്തമാക്കാനും പോപ്പുലര്‍ ഫ്രണ്ട് ഈ രൂപരേഖയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അയോദ്ധ്യാപ്രശ്‌നം സജീവമായി നിലനിര്‍ത്താനും അത് ഇസ്ലാമിക താല്‍പര്യത്തിന് എതിരാണെന്ന് വരുത്താനും ആള്‍ക്കൂട്ടമര്‍ദ്ദനം, ആള്‍ക്കൂട്ട കൊലപാതകം എന്നിവയുടെ പേരില്‍ ഇസ്ലാമിക ഐക്യം കൊണ്ടുവരാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം എല്ലാ മുസ്ലിം വീടുകളിലേക്കും വ്യാപിപ്പിക്കാനും മുസ്ലിം മേഖലകളില്‍ പരിശീലനകേന്ദ്രങ്ങള്‍ നടത്താനും നിര്‍ദ്ദേശമുണ്ട്. യോഗ, ആരോഗ്യപരിപാലനം, കായികാഭ്യാസങ്ങള്‍, കായികപരിശീലനങ്ങള്‍ എന്നിവയിലൂടെ കൂട്ടായ്മയിലേക്ക് കൂടുതല്‍ ആളുകളെ കണ്ടെത്താനും പദ്ധതി വിഭാവനംചെയ്യുന്നു. മാറാട് കൂട്ടക്കൊലയിലെ എട്ടുപേരടക്കം 30 ലേറെ പേരാണ് കേരളത്തില്‍ ജിഹാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആലപ്പുഴയിലെ രഞ്ജിത്ത് ശ്രീനിവാസനും നന്ദുവും ചാവക്കാട്ട് ബൈജുവും പാലക്കാട്ടെ ശ്രീനിവാസനും സഞ്ജിത്തും അടക്കമുള്ളവര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്‌ലിസ്റ്റില്‍ കൊല്ലപ്പെട്ടവരാണ്. പോപ്പുലര്‍ ഫ്രണ്ട് ജിഹാദി തീവ്രവാദി കേന്ദ്രങ്ങളില്‍ ഓടുന്ന നായയെ വെട്ടിയും മറ്റും നടത്തുന്ന പരിശീലനം പലതവണ കേരള പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതാണെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. പ്രൊഫ. ജോസഫിന്റെ കൈവെട്ടിയപ്പോഴും അദ്ദേഹത്തിനെതിരെ സ്വന്തം സമുദായത്തെ പോലും തിരിക്കാനും ഭാര്യയുടെ ആത്മഹത്യയടക്കം കുടുംബത്തെ തകര്‍ത്തു തരിപ്പണമാക്കാനും ഇസ്ലാമിക ജിഹാദി ഭീകരര്‍ക്ക് കഴിഞ്ഞു. പി.ടി.കുഞ്ഞുമുഹമ്മദിന്റെ പുസ്തകത്തില്‍നിന്ന് ഒരുഭാഗം പരീക്ഷാ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയതിനാണ് ജോസഫ് മാഷ് വേട്ടയാടപ്പെട്ടത്. മാറാട് സംഭവത്തില്‍ മുസ്ലിം ലീഗ് ആയിരുന്നു ജിഹാദി ഭീകരര്‍ക്കൊപ്പം നിന്നിരുന്നതെങ്കില്‍ ഇപ്പോള്‍ സിപിഎമ്മും ഇടതുപക്ഷവും പൂര്‍ണമായും ജിഹാദി ഭീകരതയ്ക്ക് അടിപ്പെട്ടുകഴിഞ്ഞു. ഇസ്ലാമിക ഭീകരതയെ താലോലിച്ച് വോട്ടുബാങ്ക് രാഷ്ട്രീയത്തിലൂടെ അധികാരം നിലനിര്‍ത്താനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. എസ്എഫ്‌ഐ നേതാവായിരുന്ന മഹാരാജാസിലെ അഭിമന്യുവിന്റെ കേസില്‍ പോലും കാര്യമായ അന്വേഷണമോ തുടര്‍നടപടിയോ ഉണ്ടായില്ലെന്നു മാത്രമല്ല, പോപ്പുലര്‍ ഫ്രണ്ടിനോട് ഐക്യപ്പെടുകയും അവരുടെ പ്രതികളെ രക്ഷപ്പെടുത്താനുള്ള നടപടികളുമാണ് സിപിഎം നടത്തിയത്. കേരള പോലീസില്‍ പച്ചവെളിച്ചം, പ്രകാശത്തിന്റെ കവാടം തുടങ്ങിയ പേരുകളില്‍ ജിഹാദി കൂട്ടായ്മ ശക്തവും സജീവവുമാണ്.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരുന്നില്ലെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ടയും ഈ രഹസ്യ രൂപരേഖ അനുസരിച്ചുള്ള കര്‍മ്മപദ്ധതിയും തുടരുകയും ഭാരതത്തെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനുള്ള ജിഹാദി ശ്രമങ്ങള്‍ക്ക് ശക്തിപകരുകയും ചെയ്യുമായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെടുകയും നേതാക്കള്‍ അറസ്റ്റിലാവുകയും ചെയ്‌തെങ്കിലും അവരുടെ ധനസ്രോതസ്സുകള്‍ പൂര്‍ണമായി അടയ്ക്കാനും ഹവാലാ ഇടപാടുകള്‍ ഇല്ലാതാക്കാനും ഇനിയും കഴിഞ്ഞിട്ടില്ല. ഭാരതത്തിലുടനീളം ഹിന്ദു ആരാധനാലയങ്ങളുടെ അടുത്ത് സ്ഥലം വാങ്ങിക്കൂട്ടാനും ഹലാല്‍ ബിസിനസ്സ് ശക്തമാക്കാനും ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ കുടുക്കാനുമുള്ള ശ്രമം ഇനിയും തുടരുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഉദ്ദേശ്യവും ലക്ഷ്യവും അവരുടെ പ്രവര്‍ത്തനരീതിയും ഹിന്ദുസമൂഹം മാത്രമല്ല, ക്രൈസ്തവരും ദേശസ്‌നേഹികളായ മുസ്ലീങ്ങളും ഇനിയും പൂര്‍ണമായും മനസ്സിലാക്കിയിട്ടുണ്ടെന്ന് കരുതുന്നുമില്ല. ഇസ്ലാമിക ജിഹാദി ഭീകരതയ്‌ക്കെതിരെ അതിശക്തമായ ഹൈന്ദവമുന്നേറ്റം അനിവാര്യമാണ്.