ന്യൂ ഡല്‍ഹി:ഭാരതത്തിൽ നിന്നും ആധുനിക ആയുധങ്ങൾ വാങ്ങാന്‍ സൈപ്രസ് താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. തുർക്കിയുമായുള്ള സംഘർഷങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തെ തുടർന്നാണിത്. ഭാരതത്തിന്റെ നാഗസ്ത്ര ഡ്രോണുകളും, ഇസ്രായേലും ഭാരതവും സംയുകതമായി വികസിപ്പിച്ച സ്കൈ സ്ട്രൈക്കർ ഡ്രോണുകളും വാങ്ങുന്നതിനുള്ള തയ്യാറെടുപ്പിലാണ് സൈപ്രസ് എന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൈപ്രസ് സന്ദർശനത്തിനിടെ ആയുധ കരാറുകൾ ചർച്ചയായതായി റിപ്പോർട്ടുകളുണ്ട്. ഭാരതത്തിന്റെ “ഓപ്പറേഷൻ സിന്ദൂര്‍” ദൗത്യ സമയത്ത്, ജയ്‌ഷ്-എ-മുഹമ്മദ്, ലഷ്‌കറേ തൊയ്ബ എന്നിവയുടെ ഭീകരക്യാമ്പുകൾ ആക്രമിക്കുന്നതില്‍ ഈ ഡ്രോണുകൾ പ്രകടിപ്പിച്ച കൃത്യത ആഗോള ശ്രദ്ധ നേടിയിരുന്നു. ഓപ്പറേഷൻ സിന്ദൂരിനിടെ, തുർക്കി പാകിസ്ഥാന് ഡ്രോണുകൾ നൽകിയിരുന്നു. ഈ ഡ്രോണുകൾ തകർക്കാൻ ഭാരത സൈന്യം ഉപയോഗിച്ചത് നാഗാസ്ത്രയും സ്കൈ സ്ട്രൈക്കറുമാണ്. സൈപ്രസ് ഇവ സ്വന്തമാക്കിയാൽ തുർക്കിയുടെ പ്രാദേശിക മേധാവിത്വ താത്പര്യങ്ങൾക്ക് അത് വലിയ തിരിച്ചടിയായിരിക്കും.
സൈപ്രസ്സും തുര്‍ക്കിയുമായി ദീര്‍ഘകാലമായി ശത്രുതയിലാണ് .തുര്‍ക്കിയുടെ ബൈറക്താർ ഡ്രോണുകൾക്ക് മറുപടിയായി ഉപയോഗിക്കാവുന്ന, ചെലവുകുറഞ്ഞതും, 1000 കിലോമീറ്റർ ദൂരം വരെ കൃത്യതയോടെ അക്രമിക്കാൻ കഴിവുള്ളതും, സാങ്കേതികമായി മികച്ചതുമായ ഭാരതത്തിന്റെ ഡ്രോൺ സംവിധാനങ്ങളാണ് സൈപ്രസിനെ ആകർഷിക്കുന്നത്. ഈ പ്രതിരോധ സഹകരണത്തിലൂടെ തുര്‍ക്കിയുടെ സ്വാധീനം ചുരുക്കാനും യൂറോപ്യൻ പ്രതിരോധ വിപണിയിൽ ഭാരതത്തിന്റെ നില മെച്ചപ്പെടുത്താനും സാധ്യത ഉയർന്നിട്ടുണ്ട്. സൈപ്രസുമായുള്ള പ്രതിരോധ ബന്ധം മെച്ചപ്പെടുത്തുന്നതിലൂടെ, ഭാരതം തുർക്കിയ്ക്ക് തന്ത്രപരമായ സന്ദേശം നൽകുകയാണെന്ന് വിലയിരുത്തപ്പെടുന്നു.