കോഴിക്കോട്: സിനിമ ഉള്‍പ്പെടെയുള്ള വിനോദോപാധികള്‍ പുനര്‍നിര്‍വ്വചിക്കപ്പെടണമെന്ന് പ്രമുഖ ചലച്ചിത്ര സംവിധായകന്‍ സുദീപ്‌തോ സെന്‍. വിനോദാപാധികളുടെ ഘടനമാറിക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് അതിന്റെ നിര്‍വ്വചനത്തില്‍ മാറ്റം വരേണ്ടതുണ്ട്. കേരള സ്റ്റോറി എന്ന തന്റെ സിനിമ കേരളത്തിലെ യാഥാര്‍ത്ഥ്യങ്ങളെ തുറന്നുകാട്ടിയെന്നും അദ്ദേഹം പറഞ്ഞു. വിശ്വസംവാദ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ദേവര്‍ഷി നാരദ ജയന്തിയോടനുബന്ധിച്ച് നടന്ന പി.വി.കെ. നെടുങ്ങാടി അനുസ്മരണവും ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യവസായങ്ങളൊന്നുമില്ലെങ്കിലും നാല് വിമാനത്താവളങ്ങള്‍ ഉള്ള സംസ്ഥാനമാണ് കേരളം. സാക്ഷരതയുടെയും ആരോഗ്യപരിപാലനത്തിന്റെയുമൊക്കെ രംഗത്ത് കേരളം മുന്നില്‍ നില്‍കുന്നു. അതേസമയം, നമ്മുടെ അസ്തിത്വത്തിന് ഭീഷണിയുയര്‍ത്തുന്ന പല കാര്യങ്ങളും ഇവിടെ നടക്കുന്നു. ഇക്കാര്യമാണ് കേരള സ്റ്റോറിയിലൂടെ തുറന്നുകാട്ടിയത്. അത് മുഴുവന്‍ യാഥാര്‍ത്ഥ്യമായിരുന്നു. യാഥാര്‍ത്ഥ്യം തുറന്നുകാട്ടുന്ന സിനികളിലൂടെ സാമൂഹ്യമാറ്റം കൈവരിക്കാന്‍ കഴിയും. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീര്‍ ഫയല്‍സ് എന്ന സിനിമ ഉണ്ടാക്കിയ നടുക്കമാണ് കേരള സ്റ്റോറി പോലുള്ള ഒരു സിനിമയുണ്ടാക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യ ചരിത്രത്തിന്റെ നാഴികക്കല്ലുകളും സാംസ്‌കാരികമായ മൂല്യങ്ങളും അടയളാപ്പെടുത്തുന്ന സിനിമകള്‍ ഇന്ത്യയില്‍ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. ജി. അരവിന്ദന്റെ വാസ്തുഹാര പോലുള്ള നല്ല ചിത്രങ്ങള്‍ നേരത്തെ ഉണ്ടായെങ്കിലും അടുത്തിടെയായി പുറത്തിറങ്ങിയ ഛാവ, കാന്താര തുടങ്ങിയ ചിത്രങ്ങള്‍ ഈ ദിശയില്‍ പരിഗണിക്കേണ്ടവയാണെന്ന് സുദീപ്‌തോ സെന്‍ പറഞ്ഞു.
പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, പ്രമുഖ ഫോട്ടോ ജര്‍ണലിസ്റ്റ് രാജന്‍ പൊതുവാള്‍ എന്നിവര്‍ പ്രഭാഷണം നടത്തി. പി.വി.കെ. നെടുങ്ങാടി സ്മരാക മാധ്യമ അവാര്‍ഡ് മലയാള മനോരമയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ടി. അജീഷിനും ഫോട്ടോഗ്രാഫര്‍ ജിതിന്‍ ജോയല്‍ ഹാരിമിനും സുദീപ്‌തോ സെന്‍ സമ്മാനിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഗോപി പഴയന്നൂരിനെ ചടങ്ങില്‍ ആദരിച്ചു. ഫോട്ടോഗ്രാഫി അവാര്‍ഡ് ജൂറി അംഗം നന്ദകുമാര്‍ മൂടാടി സംസാരിച്ചു. വിവിധ മാധ്യമ പുരസ്‌കാരങ്ങള്‍ നേടിയ ഇ. ഗോകുല്‍, അഖില്‍ ശിവാനന്ദ്, ദിസ്‌ന സുരേഷ്, മുഹമ്മദ് സാബിത്ത് സി.എം., കാവാലം ശശികുമാര്‍, ആറ്റ്‌ലി ഫെര്‍ണാണ്ടസ്, അജീഷ് അത്തോളി, സാജന്‍ വി. നമ്പ്യാര്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. വിശ്വസംവാദ കേന്ദ്രം ജില്ല പ്രസിഡന്റ് ഹരീഷ് കടയപ്രത്ത് അദ്ധ്യക്ഷത വഹിച്ചു. ടി. സുധീഷ് സ്വാഗതവും പി.ടി. ശ്രീലേഷ് നന്ദിയും പറഞ്ഞു.