കര്‍ണാവതി :ഗുജറാത്തില്‍ ഉണ്ടായ എയർ ഇന്ത്യ വിമാനാപകടം അങ്ങേയറ്റം ദാരുണവും ദൗർഭാഗ്യകരവുമായ സംഭവമെന്നും ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ആർഎസ്‌എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കർ .
“ഗുജറാത്തിൽ ഇന്ന് (ജൂണ്‍ 12ന്) ഉണ്ടായ വിമാനാപകടം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഈ ദാരുണമായ സംഭവത്തിൽ കൊല്ലപ്പെട്ട എല്ലാവരോടും ഞങ്ങൾ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുകയും അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു. അവരുടെ കുടുംബങ്ങൾക്ക് ഈ ദുഃഖം താങ്ങാൻ ശക്തി നൽകണമെന്ന് ഞങ്ങൾ ഭഗവാനോട് പ്രാർത്ഥിക്കുന്നു. ഓം ശാന്തി.” അദ്ദേഹം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്വിക്കിലേക്കുള്ള AI171 വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഇന്ത്യൻ സമയം 13:38 നാണ് അപകടത്തിൽപ്പെട്ടത്. അഹമ്മദാബാദിൽ നിന്ന് 13.38 ന് പുറപ്പെട്ട വിമാനത്തിൽ 242 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അതില്‍ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും ഒരാള്‍ കനേഡിയൻ പൗരനും 7 പേർ പോർച്ചുഗീസ് പൗരന്മാരുമാണ്. ബി.ജെ മെഡിക്കൽ കോളേജ് ഹോസ്റ്റല്‍ പരിസരത്താണ് വിമാനം തകർന്ന് വീണത്. തീപടര്‍ന്നതിനെ തുടര്‍ന്ന് മരിച്ചവരില്‍ ഹോസ്റ്റലിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ചില നാട്ടുകാരും ഉള്‍പ്പെടുന്നതായാണ് വിവരം.