ജപ്പാൻ : ഒസാക്ക എക്സ്പോ 2025ൽ ഭാരതത്തിന്റെ പവലിയനായ “ഭാരത് മണ്ഡപം” ലോകശ്രദ്ധ നേടി. ഏറ്റവും കൂടുതൽ ആരാധകരുള്ള മികച്ച 5 പവലിയനിൽ ഒന്ന് ഭാരതമാണ്. യുഎസ്, ഇറ്റലി, ഫ്രാൻസ്, ആതിഥേയ രാജ്യമായ ജപ്പാൻ എന്നിവക്കൊപ്പമാണ് ഭാരതം. എക്സ്പോ ജീവനക്കാരുടെയും ജാപ്പനീസ് സന്ദർശകരുടെയും സോഷ്യൽ മീഡിയ ഉപയോക്താക്കളുടെയും അഭിപ്രായം സ്വീകരിച്ച് ജപ്പാൻ ട്രാവൽ ബ്യൂറോയുടെ പ്രതിനിധിയും, ഡെപ്യൂട്ടി പവലിയൻ ഡയറക്ടറുമായ യമമോട്ടോ സാൻ ആണ് ഔദ്യോഗിക റേറ്റിംഗുകൾ നല്‍കുന്നത്.
ഭാരതത്തിന്റെ ബഹിരാകാശ പര്യവേഷണ യാത്രയിലൂടെ സന്ദർശകരെ കൊണ്ടുപോകുന്ന ഒരു ആകർഷകമായ ഓഡിയോ-വിഷ്വൽ അവതരണവും, റോക്കറ്റുകൾ വിക്ഷേപിക്കുന്നത് മുതൽ ഗ്രഹാന്തര ദൗത്യങ്ങളിൽ മികവ് പുലർത്തുന്നത് വരെയുള്ള ISRO യുടെ പരിണാമവും ഭാരത് മണ്ഡപം സന്ദർശകരിലേക്ക് എത്തിക്കുന്നു. സാങ്കേതിക പ്രദർശനങ്ങൾ, വിവരസാങ്കേതിക വിദ്യയിൽ ഭാരതത്തിന്റെ വർദ്ധിച്ചുവരുന്ന സംഭാവനയെ എടുത്തുകാണിക്കുകയും ചെയ്തു.
പവലിയനിലെ പ്രധാന ആകർഷണമാണ് ഭാരതത്തിന്റെ ചന്ദ്രയാൻ–3 മോഡൽ. ഈ ദൃശ്യവിസ്മയം ഭാരതത്തിന്റെ ശാസ്ത്രീയ നേട്ടങ്ങൾക്കൊപ്പം ഐ.ടി മേഖലയുടെ വികസനവും അവതരിപ്പിക്കുന്നു. ഇസ്രോയുടെ തുടക്കകാലം മുതൽ അന്തർഗ്രഹ മിഷനുകൾവരെ പിന്തുടരുന്ന ഓഡിയോ-വിഷ്വൽ പ്രദർശനം സന്ദർശകശ്രദ്ധ പിടിച്ചുപറ്റുന്നു.
അടിസ്ഥാനപരമായി, ഭാരത് മണ്ഡപം ഭാരതത്തിന്റെ നാഗരിക സമ്പന്നതയുടെ ഒരു ജീവനുള്ള മ്യൂസിയം കൂടിയാണ്. ധോക്രലോഹ കരകൗശല വസ്തുക്കൾ, കശ്മീർ മരപ്പണികള്‍ , പ്രാദേശിക തുണിത്തരങ്ങൾ, ടെറാക്കോട്ടകള്‍ തുടങ്ങി ഭാരതത്തിന്റെ പരമ്പരാഗത കലാരൂപങ്ങളെ പ്രതിഫലിപ്പിക്കുന്ന മനോഹരമായി നിർമ്മിച്ച കരകൗശല വസ്തുക്കൾ എന്നിവ സന്ദർശകർക്ക് കാണാൻ കഴിയും.
ടൈപ്പ് X പവലിയൻ വിഭാഗത്തില്‍ ഉൾപ്പെട്ടിരിക്കുന്ന ഭാരത് മണ്ഡപത്തിന്റെ ഘടനാപരമായ നിർമ്മാണം ആതിഥേയരാജ്യമായ ജപ്പാനാണ് നടത്തിയത്. അതിനുള്ളിലെയും പുറത്തെയും ഡിസൈന്‍ ഭാരതമാണ് തയ്യാറാക്കിയത്. ബ്ലൂ ലോട്ടസ് ഫ്രണ്ടേജ്, ബോധിവൃക്ഷം, പത്മപാണി ബോധിസത്ത്വ ചിത്രരചനകൾ എന്നിവയെല്ലാം “വസുധൈവകുടുംബകം” എന്ന ഭാരതീയ തത്ത്വചിന്ത അവതരിപ്പിക്കുന്നു. IGNCA ആണ് മേൽനോട്ടം വഹിച്ചത്.
സന്ദർശകരെ ആകർഷിക്കുന്ന ശാന്തമായ പശ്ചാത്തല സംഗീതം, സുഗന്ധവ്യഞ്ജനങ്ങളും ധൂപങ്ങളും നൽകുന്ന സുഗന്ധം, ഗർബാ നൃത്തവും യോഗ അവതരണവും ഉൾപ്പെടെയുള്ളവ ഭാരതമണ്ഡപത്തെ വ്യത്യസ്തമാക്കി.
ഭാരതത്തിന്റെ ഭക്ഷണമാണ് കൂടുതൽ ശ്രദ്ധ നേടിയത്. ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക രുചികൾ ആസ്വദിക്കാന്‍ കാത്തുനിൽക്കുന്ന അന്താരാഷ്ട്ര സന്ദർശകരുടെ നീണ്ട നിരകൾ തന്നെയുണ്ടായിരുന്നു.
എക്സ്പോയിൽ ഭാരതത്തിന്റെ പങ്കാളിത്തം സംസ്കാരപരം മാത്രമല്ല, അത് തന്ത്രപരം കൂടിയാണ്. “Designing Future Society for Our Lives” എന്ന പ്രമേയം മുഖ്യമായുള്ള എക്സ്പോയിൽ, സുസ്ഥിരത, നവോത്ഥാനം, സമവായം തുടങ്ങിയ മൂല്യങ്ങൾ ഭാരത് മണ്ഡപം കൂട്ടിച്ചേർക്കുന്നു.