പത്തനംതിട്ട: പരമ്പരാഗത, ജൈവ കൃഷി സമ്പ്രദായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച നാച്ചുറല്‍ ഫാമിങ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം. പത്തനംതിട്ടയില്‍ കിസാന്‍ സംഘിന്റെ ജില്ലാ വാര്‍ഷിക ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാഭാവിക കൃഷി പ്രോത്സാഹിപ്പിക്കാന്‍ പാര്‍ട്ടിസിപേറ്ററി ഗ്യാരണ്ടി സിസ്റ്റം നടപ്പാക്കി കര്‍ഷകര്‍ക്ക് സ്വന്തം ഉല്‍പന്നങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവകാശത്തെ ദുരുപയോഗിച്ചാണ് ഇടതു സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നത്. ജൈവഗ്രാമ രൂപീകരണം, പരിസ്ഥിതി സന്തുലനം, പരമ്പരാഗത കൃഷി അറിവുകള്‍ കൈമാറല്‍, സമ്പൂര്‍ണ ജൈവകൃഷി തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പിജിഎസ് ഗ്രൂപ്പുകള്‍ നടത്തേണ്ടത്.
കേരളത്തില്‍ കേന്ദ്രം മുന്നോട്ടുവച്ച എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി രാസവളങ്ങളും രാസകീടനാശിനികളും ഉപയോഗിച്ച് ഉണ്ടാക്കിയ ഉല്‍പന്നങ്ങള്‍ ജൈവ സര്‍ട്ടിഫിക്കറ്റോടെ വിപണിയില്‍ ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങുന്നത് കര്‍ഷകരോടും പൊതു സമൂഹത്തോടും കാട്ടുന്ന കടുത്ത വഞ്ചനയാണ്. ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ സംവിധാനം അട്ടിമറിക്കാന്‍ അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ഭാരതീയ കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മുരളീദാസ് സാഗര്‍, ജില്ലാ സെക്രട്ടറി പ്രതീപ് കരിങ്ങാലേത്ത്, ജില്ലാ സമിതി അംഗം സോമരാജന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു