ഇടശ്ശേരി സര്‍ക്കിളിലെ കവികളുടെ സഹജമായ ധര്‍മ്മാവബോധത്തെപ്പറ്റി പ്രൊഫ.എസ്.ഗുപ്തന്‍ നായരും പ്രൊഫ. എം.കെ.സാനുവും ഡോ.എം. ലീലാവതിയുമൊക്കെ എടുത്തുപറഞ്ഞിട്ടുണ്ട്. മാനവികതയാണ് ഈ ധര്‍മ്മബോധത്തിനടിസ്ഥാനമായി പല നിരൂപകന്മാരും ചൂണ്ടിക്കാട്ടുന്നത്. ഇക്കൂട്ടത്തില്‍ അനശ്വരനാണ് അക്കിത്തം. ”മനുഷ്യനെ മനുഷ്യനായി കാണുക എന്ന അടിസ്ഥാനവിശ്വാസത്തില്‍ നിന്ന് ഞാന്‍ ഇനിയും മാറിയിട്ടില്ല, മാറാനും പോകുന്നില്ല. അക്കാര്യത്തില്‍ ഞാനിപ്പോഴും കമ്മ്യൂണിസ്റ്റു തന്നെ” എന്ന് അക്കിത്തം തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. ”അപൂര്‍വ്വമായ മനുഷ്യവര്‍ഗ്ഗസഹാനുഭൂതിയാണ് ഈ കവിയുടെ സിദ്ധിയും സാധനയും” എന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേവലമായ മാനവികതയ്ക്കപ്പുറമുള്ള ധാര്‍മ്മികതയാണ് ആ കവിതകളില്‍ കാണുക എന്നു പറയുന്നതാവും ഉചിതം. നിരുപാധികമായ സ്‌നേഹത്തിന്റെ അനുശീലനം തന്നെയാണ് പരമമായ ധര്‍മ്മം എന്നു കവി വ്യക്തമാക്കിയിട്ടുണ്ട്. ധര്‍മ്മം എന്നാല്‍ മനുഷ്യനോടു മാത്രമുള്ള ദയ എന്നല്ല, പ്രകൃതിയിലെ സര്‍വ്വചരാചരങ്ങളെയും ഉള്‍ക്കൊള്ളുന്ന ഭൂതദയ എന്നാണ് അര്‍ത്ഥമാക്കുന്നത്, ആ വിശാലാര്‍ത്ഥത്തില്‍ ഹ്യൂമനിസം സങ്കുചിതാര്‍ത്ഥമുള്ള പദമാണ് എന്ന് എടുത്തു പറയുമ്പോള്‍ ഭൂതകാരുണിയാണ് ധര്‍മ്മം, ഹ്യൂമനിസത്തിനുപോലും അതിനു പിന്നിലേ സ്ഥാനമുള്ളു എന്ന് കവി സൂചിപ്പിക്കുകയാണ്. ‘പുഴുക്കളേക്കാള്‍ ചെറിയ ജന്തുക്കള്‍ക്കു കൂടി വേണ്ടിയാണ് ഈ ലോകമെന്ന പ്രതിഭാസം’ എന്ന മനോഭാവത്തിനു പിന്നിലുള്ള കേന്ദ്രബിന്ദു ഇത്തരം സ്‌നേഹമാണ്.
‘സ്‌നേഹത്തെ, ബ്രഹ്മാണ്ഡത്തെയാകവേ സ്‌നേഹിക്കേണ്ടും
ദാഹത്തെയുപാസിക്കൂ മാനവഹൃദയമേ’ എന്നു പ്രഖ്യാപിക്കുമ്പോള്‍ സ്‌നേഹത്തെ വിശ്വപ്രേമമായി കവി രൂപാന്തരപ്പെടുത്തുന്നു. നിരുപാധികമായ ആ സ്‌നേഹത്തിന്റെ അനുശീലനമാണ് ധര്‍മ്മം. ‘പയ്യിനെത്തല്ലാം തെച്ചിപ്പൂവാരേഴൊന്നിനാല്‍, വെണ്ണനെയ്യുരുളയാല്‍ മാത്രമെറിയാം വേണ്ടുന്നാകില്‍’ എന്നും, ‘ചാത്തൂനെ തല്ലിയത് വാഴടെ നാരോണ്ടാണേ’ എന്നും, ‘നിന്നെക്കൊന്നവര്‍ കൊന്നൂ പൂവേ, തന്നുടെതന്നുടെ മോക്ഷത്തെ!’ എന്നും ആദ്യകാല കവിതകളില്‍ത്തന്നെ കുറിച്ച കവിക്ക് സമസ്ത ജീവജാലങ്ങളോടും സമഭാവനയോടെ പെരുമാറണമെന്ന ബോധമുണ്ടായിരുന്നു. സര്‍വ്വാശ്ലേഷിയായ ഈ പ്രപഞ്ചവാത്സല്യമാണ് ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’മെഴുതാന്‍ നിര്‍ബന്ധിതനാക്കിയതും ‘പശുവും മനുഷ്യനും പോലുള്ള കവിതകള്‍ എഴുതിച്ചതും.
അക്കിത്തം കവിതയെക്കുറിച്ച് ഇത്രയും ആമുഖമായിപ്പറഞ്ഞത് ശ്രീഹര്‍ഷന്‍ അക്കിത്തത്തെപ്പറ്റിയെഴുതിയ ലേഖനസമാഹരഗ്രന്ഥത്തിനു നല്‍കിയ പേര്‍ ‘അക്കിത്തം – കാവ്യകര്‍മ്മവും ധര്‍മ്മ മാര്‍ഗ്ഗവും’ എന്നായതുകൊണ്ടാണ്. കവിതയിലെന്നപോലെ കര്‍മ്മരംഗത്തും അക്കിത്തം പുലര്‍ത്തിയ ധാര്‍മ്മികതയെപ്പറ്റിയാണ് ഇതിലെ ലേഖനങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നത്.
അക്കിത്തത്തോടൊപ്പം നീണ്ട പതിനെട്ടുവര്‍ഷം ഒന്നിച്ചുപ്രവര്‍ത്തിക്കാനും ഒരു കുടുംബാംഗത്തെപ്പോലെ അടുത്തുപെരുമാറാനും ഭാഗ്യം സിദ്ധിച്ച വ്യക്തിയാണ് ഈ ഗ്രന്ഥകര്‍ത്താവ്. മഹാകവിയുടെ സാഹിത്യകര്‍മ്മങ്ങളില്‍ സഹായിയായും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായും ഒരുമിച്ചു താമസിക്കാനും ഒന്നിച്ചുയാത്ര ചെയ്യാനുമൊക്കെ അവസരം ലഭിച്ച ശ്രീഹര്‍ഷന് അക്കിത്തം എന്ന മഹാകവിയെയും അച്യുതന്‍ നമ്പൂതിരിയെന്ന മനുഷ്യനെയും ആഴത്തിലറിയാന്‍ അവസരം ലഭിച്ചിരുന്നു. ഈ ഗ്രന്ഥം പ്രധാനമായും അടിസ്ഥാനമാക്കുന്നത് അക്കാലത്തെ അനുഭവങ്ങളുടെയും അനുധാവനങ്ങളുടെയും സ്മരണകളാണ്. ഋഷികവിയായ അക്കിത്തത്തിന്റെ ജീവിതവീഥിയിലൂടെ ശിഷ്യന്‍ ഭക്തിപൂര്‍വ്വം നടത്തുന്ന ഒരു തീര്‍ത്ഥയാത്രയായോ മഹാകവിക്ക് ഒരനുവാചകന്‍ അര്‍പ്പിക്കുന്ന അക്ഷരപൂജയായോ ഈ സമാഹാരത്തെ കാണാം.
പത്തുലേഖനങ്ങളുള്ള ഈ സമാഹാരത്തിലെ ആദ്യത്തെ നാലും ഏതാനും അക്കിത്തം കവിതകളെ പരാമര്‍ശിക്കുന്നവയാണ്. അക്കിത്തത്തിന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെയും തപസ്യയുമായുള്ള ബന്ധത്തെയും പ്രതിപാദിക്കുന്നതാണ് അടുത്ത മൂന്നു ലേഖനങ്ങള്‍. ഗദ്യലേഖനങ്ങളെയും ഭാഗവതവിവര്‍ത്തനത്തെയും പരാമര്‍ശിക്കുന്നവയാണ് തുടര്‍ന്നുള്ള രണ്ടു ലേഖനങ്ങള്‍. അക്കിത്തവുമായി ബന്ധപ്പെട്ട് ലേഖകന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഓര്‍മ്മകളാണ് ‘സ്മൃതിചിത്രങ്ങള്‍’ എന്ന ഒടുവിലത്തെ ലേഖനത്തിലുള്ളത്.
അക്കിത്തം തന്റെ കാവ്യവൃത്തിയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും പരസ്പരപൂരകങ്ങളായിക്കണ്ടു; കാവ്യകര്‍മ്മവും താന്‍ സഞ്ചരിച്ച ധര്‍മ്മമാര്‍ഗ്ഗവും കാലത്തിന്റെ നിയോഗമായിക്കരുതി എന്ന് ‘കാലത്തിന്റെ ഇച്ഛ’ എന്ന ആദ്യലേഖനത്തില്‍ ശ്രീഹര്‍ഷന്‍ വ്യക്തമാക്കുന്നുണ്ട്. നേര്‍വഴിമാത്രം നടന്നു ശീലിച്ച കവി കര്‍മ്മങ്ങളിലെല്ലാം സത്യസന്ധത പുലര്‍ത്തിയിരുന്നു. മഹാകവി കാളിദാസനു മുന്നില്‍ അക്കിത്തം അര്‍പ്പിക്കുന്ന അഞ്ജലിയാണല്ലോ മേഘസന്ദേശത്തിന്റെ വ്യാഖ്യാനമെന്നമട്ടിലുള്ള ‘നിത്യമേഘം.’ അതിന്റെ അവസാനഭാഗത്ത് നിത്യതയുടെ ഏകാന്തസുന്ദരമായ മണ്ഡലത്തില്‍ തന്റെ പാദത്തില്‍ പ്രണമിക്കുന്ന കാലത്തെ തലോടിക്കൊണ്ട് കാലപുരുഷനായ കാളിദാസന്‍ പറയുന്നു.
‘വജ്രം തുളച്ചിരിക്കുന്ന രത്‌നങ്ങള്‍ക്കുള്ളിലൂടെ ഞാന്‍ കടന്നുപോന്നു ഭാഗ്യത്താല്‍, വെറും നൂലായിരുന്നു ഞാന്‍.’ ലോകത്തിലെത്തന്നെ, ഏറ്റവും വിനയാന്വിതനായ കവിയാണ് കാളിദാസന്‍; ആ വിനയാതിരേകം വ്യക്തമാക്കാന്‍ ഔചിത്യപൂര്‍വ്വം അക്കിത്തം ആ മഹാകവിയുടെ വരികള്‍ അതേപടി ഉദ്ധരിച്ചിരിക്കുന്നു എന്നും, ‘എന്റെ തലമുറയിലെ കവികളില്‍ മഹാകവി എന്നു വിളിക്കാന്‍ പറ്റുന്ന ഒരാള്‍ മാത്രമേയുള്ളൂ, അക്കിത്തം’ എന്നും മേഘസന്ദേശം ക്ലാസില്‍ പഠിപ്പിക്കുമ്പോള്‍ ആര്‍.രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞിരുന്ന കാര്യം ശ്രീഹര്‍ഷന്‍ ഓര്‍ക്കുന്നു. അടുത്തിടപഴകിയ കാലത്ത് ഒരിക്കല്‍ ഹര്‍ഷന്‍ അക്കിത്തത്തോടു നേരിട്ടു ചോദിച്ചുവത്രെ, ‘ഈ വരികള്‍ അങ്ങയെക്കുറിച്ചു പറയുന്നതായും വായിച്ചു കൂടെ?’ എന്ന്. ചിരിച്ചുകൊണ്ടുള്ള അക്കിത്തത്തിന്റെ മറുപടി:
”ഏതൊരു കവിയ്ക്കും താന്‍ കവിയാണെന്ന് സ്വയം ബോധ്യമുണ്ടെങ്കില്‍ അങ്ങിനെയേ പറയാന്‍ കഴിയൂ. പൂര്‍വ്വസൂരികളായ മഹാകവികളും ഋഷികളും വെട്ടിത്തെളിച്ച മാര്‍ഗ്ഗത്തിലൂടെ വല്ലപാടും ഭാഗ്യംകൊണ്ട് കാലിടറാതെ നടന്നു നീങ്ങുന്നവനാണ് ഞാന്‍. എന്നിലൂടെ നിങ്ങള്‍ കാണുന്ന വെളിച്ചം വേദത്തില്‍ നിന്നു പ്രസരിച്ചു തുടങ്ങിയതാണ്” – എത്ര വിനയപൂര്‍വ്വമുള്ള, സത്യസന്ധമായ മറുപടി!
‘സ്പര്‍ശമണികള്‍’ എന്ന പ്രസിദ്ധമായ അക്കിത്തം കവിതയുണ്ടല്ലോ. അത്യാര്‍ത്തിയും ദുരയും മൂലം സ്വന്തം കൈവെള്ളയിലെ സിദ്ധികള്‍ നഷ്ടപ്പെട്ട മനുഷ്യന്റെ വിലാപം. ആ വാക്കിന്റെ അര്‍ത്ഥം നിഘണ്ടുവില്‍ തിരഞ്ഞു നോക്കിയപ്പോള്‍ കണ്ട ‘ഫിലോസഫേഴ്‌സ് സ്റ്റോണ്‍’ എന്ന വാക്കില്‍ നിന്നു കിട്ടിയ പ്രചോദനത്തെക്കുറിച്ചും ആ കവിതയുടെ രചനയ്ക്കുപിന്നിലുള്ള കഥയെക്കുറിച്ചും അക്കിത്തം പറഞ്ഞത് ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. നല്ല കവിത മന്ത്രമായിത്തീരും എന്ന് ശ്രീ അരവിന്ദന്‍ പറഞ്ഞതിന് നിദര്‍ശനമാണ് അക്കിത്തത്തിന്റെ കാവ്യപ്രപഞ്ചം എന്ന് ലേഖകന്‍ അഭിപ്രായപ്പെടുന്നു.
ഭാരതീയകാവ്യപാരമ്പര്യത്തില്‍ കാലാതീതനായ കാളിദാസനില്‍ നിന്നും മലയാളകാവ്യപാരമ്പര്യത്തില്‍ എഴുത്തച്ഛനില്‍ നിന്നും പരന്നൊഴുകുന്ന പരമാനന്ദ ലഹരിയാണ് തന്റെ കവിതയെ പ്രകാശമാനമാക്കുന്നതെന്ന് ‘തുഞ്ചന്റെ ലഹരി’ എന്ന കവിതയില്‍ അക്കിത്തമറിയുന്നുണ്ട് എന്ന് ശ്രീഹര്‍ഷന്‍ നിരീക്ഷിക്കുന്നുണ്ട്. ലൗകികജീവിതത്തിലെ കൈവല്യങ്ങള്‍ ഓരോന്നായി ഇല്ലാതായിപ്പോവുന്ന ദുഃഖത്തിന്റെ കണ്ണീരില്‍ നിന്ന് ഘനീഭൂതമാവുന്ന പ്രപഞ്ചദര്‍ശനമാണ് അക്കിത്തം കവിതകളുടെ ജീവചൈതന്യമെന്നും മറ്റുള്ളവര്‍ക്കായി പൊഴിക്കുന്ന ആ കണ്ണീര്‍ക്കണം കവി മനസ്സില്‍ ആത്മനിര്‍വൃതിയുടെ ആയിരം സൗരമണ്ഡലമായി ഉദയം കൊള്ളുന്നുവെന്നും, ‘മാനിഷാദ’ എന്നു ചൊല്ലിയ ആദികവിയില്‍ നിന്നേ പൊഴിഞ്ഞു തുടങ്ങിയ കണ്ണീരാണിതെന്നും ‘ഝംകാരം’ എന്ന കവിതയില്‍ ഇതിന്റെ സൂചന അക്കിത്തം നല്‍കുന്നുണ്ടെന്നും ലേഖകന്‍ നിരീക്ഷിക്കുന്നുണ്ട്.
‘കാരുണ്യത്തിന്റെ ഉദ്ഗീഥം’ എന്ന ലേഖനത്തില്‍ അക്കിത്തം കവിതകളിലെ സൂര്യതേജസ്സായ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ത്തിന്റെ രചനാപശ്ചാത്തലത്തെപ്പറ്റി, അക്കാലത്ത് കവി അനുഭവിച്ച മനഃസംഘര്‍ഷത്തെപ്പറ്റി ഹര്‍ഷന്‍ ചില സൂചനകള്‍ നല്‍കുന്നു. രൂപഘടനയിലും ഭാഷയിലും പുതിയൊരനുഭൂതിതലം രൂപപ്പെടുത്തിയ ആ രചനയ്ക്ക് സ്വരൂപത്തില്‍ മാത്രമേ ആധുനികതയുടെ മുഖമുദ്രകളുള്ളൂ, ആര്‍ഷമായ തത്ത്വചിന്തയില്‍ നിന്ന് ഉറവെടുത്ത ഉദ്ഗീഥമാണ് ആ കൃതി എന്ന് ഹര്‍ഷന്‍ കണ്ടെത്തുന്നുണ്ട്; ഈ കവിതയുടെ രചനാപശ്ചാത്തലം കവി നേരിട്ടു പറഞ്ഞത് സൂചിപ്പിക്കുന്നുണ്ട്. ”പരമമായ നിസ്സംഗതയില്‍, ദുഃഖരഹിതമായ ഒരുതരം ആനന്ദാവസ്ഥയില്‍ ഋഷിമാര്‍ക്കുണ്ടാവുന്ന കണ്ണുനീര്‍ത്തുള്ളിയാണ് അക്കിത്തം തന്റെ ഹൃദയത്തില്‍ നിന്നു ചിന്തിയത്… അത് സനാതനധര്‍മ്മമാണ്, പ്രത്യയശാസ്ത്രമല്ല. ദേശകാലഭേദമെന്യേ നിലനില്‍ക്കുന്ന ഒരു തത്ത്വത്തിലേയ്ക്കാണ് അത് വളരുന്നത്; ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെ മാധുര്യത്തില്‍ നിന്നാണത് ഉടലെടുത്തത്” എന്ന് ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസത്തെ വിശകലനം ചെയ്തുകൊണ്ട് പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍ കുറിച്ച വാക്കുകള്‍ ലേഖകന്‍ ഉദ്ധരിക്കുന്നു.
‘കണ്ടവരുണ്ടോ?’ എന്ന ലേഖനത്തില്‍ അക്കിത്തത്തിന്റെ കുട്ടിക്കവിതകളായ ‘പൂശാരി രാമന്‍’, ‘കണ്ടവരുണ്ടോ?’ ‘ഉത്സവപ്പിറ്റേന്ന്’ എന്നിവയുടെ രചനാപശ്ചാത്തലത്തെപ്പറ്റി കവിയില്‍ നിറഞ്ഞ കാര്യങ്ങളും മറ്റും വിവരിക്കുന്നതോടെ കവി ഏറെ മനോദുഃഖമനുഭവിക്കാനിടയാക്കിയ ഒരു സംഭവവും സൂചിപ്പിക്കുന്നുണ്ട്. ‘കണ്ടവരുണ്ടോ?’ എന്ന കവിതയിലെ ഏതാനും വരികള്‍ പാഠപുസ്തകത്തില്‍ കവിയുടെ അനുവാദത്തോടെ ചേര്‍ത്തപ്പോള്‍ ഒരുവരി പാഠപുസ്തകക്കമ്മറ്റിയിലെ ഒരു വിദ്വാന്‍ തിരുത്തി – ‘അമ്പാടിക്കണ്ണന്റെ നിറമാണേ’ എന്നത് ‘ഞാവല്‍ പഴത്തിന്റെ ചേലാണേ’ എന്നാക്കി. അങ്ങിനെയാണ് അച്ചടിച്ചുവന്നത്. ഈ അനുഭവം കവിയെ വല്ലാതെ വേദനിപ്പിച്ചു. ആ കവിതയുടെ ആത്മാവായ അമ്പാടിക്കണ്ണനെന്ന പ്രതീകം കവിയുടെ ആത്മഭാവം തന്നെയായിരുന്നു.
‘കാവ്യകരകൗശലം’ എന്ന ലേഖനത്തില്‍ അക്കിത്തം കവിതയിലെ നാട്ടുഭാഷാപ്രയോഗത്തിലെ ചാരുത, വൃത്തനിബന്ധനത്തെക്കുറിച്ചുള്ള കവിയുടെ അഭിപ്രായം, വാങ്മയചിത്രങ്ങള്‍ രചിക്കുന്നതില്‍ കവികാണിച്ച സാമര്‍ത്ഥ്യം എന്നിവ കണ്ടെത്താന്‍ ശ്രമിക്കുന്നു. തിരുവില്വാമലക്കാരനായ, അതുല്യപ്രതിഭാശാലിയായ വി.കെ.എന്നിന്റെ തൂലികാചിത്രം ‘ബലഭദ്രന്റെ ചിരി’ എന്ന കവിതയില്‍ അക്കിത്തം വരച്ചിട്ടതിലെ ചില വരികള്‍ ഇങ്ങനെയാണ്.
പുനര്‍ജനിയില്‍ നിന്നാരീയെഴുന്നേറ്റു വരുന്നവന്‍,
പനന്തലപ്പന്തുതൂങ്ങും കുടം ചായ്ച്ചുകുടിപ്പവന്‍?
………. ……….. ……….
അരോഗദൃഢഗാത്രനാജാനുബാഹു നീ വൃദ്ധയൗവ്വനന്‍
പുരുഷാകാരസങ്കല്പസൗന്ദര്യത്തിന്റെ മൂര്‍ത്തിയോ?
എന്നിങ്ങനെ ശരീരപ്രകൃതിയും സ്വഭാവസവിശേഷതകളും സൂചിപ്പിച്ചശേഷം,
ഭവാന്റെ ചൂര്‍ണികാഗദ്യം പദ്യത്തേക്കാള്‍ പ്രഭാമയം
തിരുകുന്നുണ്ടതെന്‍ വായില്‍ പുതുപുത്തന്‍ പഴങ്ങളോ?…. എന്നിങ്ങനെ നര്‍മ്മപൂരിതമായ വി.കെ.എന്‍ ശൈലിയെയും വരച്ചുകാട്ടുന്നു.
അക്കിത്തത്തിന്റെ കാവ്യവൃത്തിയെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെയും ചിലര്‍ രണ്ടായി കാണുകയും രണ്ടാമത്തേതിനെ തള്ളിപ്പറഞ്ഞ് ആദ്യത്തേതിനെ വാഴ്ത്തുകയും ചെയ്യുന്നു. പക്ഷേ, കാവ്യദേവതയേയും ധര്‍മ്മദേവതയേയും അക്കിത്തം ഒരേ പോലെ മനസ്സില്‍വെച്ചാരാധിച്ചു. ചെയ്യുന്ന കര്‍മ്മങ്ങളിലെല്ലാം സത്യസന്ധത പുലര്‍ത്താന്‍ ശ്രമിച്ച അദ്ദേഹം ധര്‍മ്മമാണ് എല്ലാറ്റിനും അടിസ്ഥാനമായിക്കണ്ടത്. ‘കര്‍മ്മം ധര്‍മ്മത്തിനുവേണ്ടി’ എന്ന ലേഖനത്തില്‍ അക്കിത്തം നടത്തിയ സാമൂഹിക പരിവര്‍ത്തനശ്രമങ്ങളെയും ശ്രൗതപാരമ്പര്യത്തിന്റെയും യജ്ഞസംസ്‌കാരത്തിന്റെയും പുനരുദ്ധാരണത്തിനായി കൈക്കൊണ്ട ശ്രമങ്ങളെയും സൂചിപ്പിക്കുന്നു. ലോകജീവിതത്തെ പൂര്‍ണ്ണതയിലേയ്ക്കു നയിക്കാനുതകുന്ന ധര്‍മ്മസംഹിതയടങ്ങുന്നതാണ് സനാതനധര്‍മ്മമായ ഭാരതീയസംസ്‌കാരം എന്ന ബോധമാണ് കവിയെ എന്നും മുന്നോട്ടുനയിച്ചത്. രാജ്യത്തിന്റെ ഭൂതകാലസംസ്‌കൃതി പിന്തുടരാനും പരിപോഷിപ്പിക്കാനും നിലനിര്‍ത്താനും ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും അതുവഴി രാഷ്ട്രത്തിന്റെ പരമവൈഭവത്തിനായി കര്‍മ്മപദ്ധതികളാവിഷ്‌കരിച്ചു നടപ്പാക്കുകയും ചെയ്യുന്നവര്‍ ആരായാലും, ഏതുപ്രസ്ഥാനത്തിലുള്ളവരായാലും പാര്‍ട്ടിയിലുള്ളവരായാലും, അവരുടെ കൂടെ മുന്നില്‍നിന്നു പ്രവര്‍ത്തിക്കുക എന്നത് തന്റെ കടമയായി കാണുന്നു എന്ന് അക്കിത്തം പ്രസ്താവിച്ചിട്ടുണ്ട്. താന്‍ ആരാണെന്നും കാലം തന്നിലേല്പിച്ച നിയോഗമെന്തെന്നുമുള്ള തിരിച്ചറിവാണ് അദ്ദേഹത്തെ സാംസ്‌കാരിക പ്രവര്‍ത്തകനാക്കിയതും യജ്ഞസംസ്‌കാരപ്രചാരകനാക്കിയതും തപസ്യയുമായി ബന്ധപ്പെട്ട് ജീവിതാവസാനം വരെ സംഘടനയെ നയിക്കാന്‍ പ്രേരിപ്പിച്ചതും.
വാക്കിലും പ്രവൃത്തിയിലും സത്യസന്ധത പുലര്‍ത്തണമെന്ന കാര്യത്തില്‍ കവിക്കുണ്ടായിരുന്ന നിര്‍ബന്ധം വ്യക്തമാക്കുന്ന ചില സംഭവങ്ങള്‍ ലേഖകന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വാതന്ത്ര്യാനന്തരം മദ്രാസ് അസംബ്ലിയിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പില്‍ തൃത്താല മണ്ഡലത്തില്‍ മത്സരിക്കുന്ന കെ.ബി. മേനോനെതിരായി മത്സരിക്കാന്‍ അച്യുതന്‍ നമ്പൂതിരിക്കുമേല്‍ സമ്മര്‍ദ്ദമുണ്ടായപ്പോള്‍ അച്ഛന്‍ മകനെ ഉപദേശിച്ചു – രാഷ്ട്രീയത്തില്‍ കാപട്യം കൂടാതെ നിലനില്‍ക്കാനാവില്ല; അതു തങ്ങള്‍ക്കു പറ്റിയ ജോലിയല്ല. സാഹിത്യരചനയില്‍ തുടര്‍ന്നാല്‍ വിജയം കൈവരിക്കാനാവും. ജീവിതത്തില്‍ ഒരിക്കലും രാഷ്ട്രീയക്കാരനാവില്ലെന്ന് അന്ന് അച്ഛനു നല്‍കിയ വാക്ക് അക്കിത്തം ഒരിക്കലും തെറ്റിച്ചില്ല. പില്‍ക്കാലത്തൊരിക്കല്‍ ഒരു പത്രലേഖകന്‍ അക്കിത്തത്തോടു ചോദിച്ചു, ‘അങ്ങ് കാശിയില്‍ പോയിട്ടുണ്ടോ?’ ‘ഉവ്വ്’ എന്നു മറുപടി. ‘എന്തെങ്കിലും ഉപേക്ഷിച്ചോ?’ കാശിയില്‍ പോയാല്‍ ഇഷ്ടവിഷയങ്ങളില്‍ എന്തെങ്കിലുമൊന്ന് ഉപേക്ഷിക്കണമെന്നുണ്ടല്ലോ. ‘ഇല്ല, പക്ഷേ മുമ്പ് ഉപേക്ഷിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന മോഹം’ എന്നായിരുന്നു അക്കിത്തത്തിന്റെ മറുപടി.
പട്ടിണികിടന്നാലും ആരുടെ മുന്നിലും കൈനീട്ടില്ലെന്ന് അമ്മയ്ക്കു കൊടുത്തവാക്കും അവസാനകാലംവരെ അദ്ദേഹം പാലിച്ചു. തപസ്യയുടെ പ്രസിഡന്റായിരുന്ന കാലത്ത് ഒരിക്കല്‍ അദ്ദേഹം തപസ്യ സ്ഥാപകനും ദീര്‍ഘകാലം കേസരി വാരികയുടെ പത്രാധിപരുമായിരുന്ന എം.എസാറിന് (എം.എ.കൃഷ്ണന്‍) ഫോണ്‍ ചെയ്തറിയിച്ചു, താന്‍ സ്ഥാനം രാജിവെയ്ക്കുകയാണെന്ന്. കാരണം തിരക്കിയപ്പോള്‍ പറഞ്ഞത് തപസ്യയുടെ പ്രവര്‍ത്തകരില്‍ ചിലര്‍ സംഘടനയ്ക്കുവേണ്ടി പണപ്പിരിവിന് കൂടെചെല്ലാന്‍ നിര്‍ബന്ധിക്കുന്നു എന്നാണ്. ആരുടെ മുന്നിലും കൈനീട്ടില്ലെന്ന് അമ്മയ്ക്ക് വാക്കുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”അതിനു പിരിവിനു കൂടെപ്പോവാന്‍ ഞാനൊരിക്കലും അങ്ങയോട് ആവശ്യപ്പെട്ടിട്ടില്ലല്ലോ?” എന്നായിരുന്നു എം.എ.സാറിന്റെ പ്രതികരണം. ഒരു പൊട്ടിച്ചിരിയില്‍ കവിയുടെ പരിഭവം അലിഞ്ഞുപോയി. ഇക്കാര്യം ജ്ഞാനപീഠപുരസ്‌കാരവേളയിലെ അനുമോദനക്കുറിപ്പില്‍ എം.എ.സാര്‍ വിവരിച്ചിരുന്നുവത്രെ.
സ്വയമെടുത്ത ഒരു തീരുമാനവും അദ്ദേഹം പാലിച്ചിരുന്നു. പാഠപുസ്തകത്തില്‍ ചേര്‍ത്ത അക്കിത്തം കവിത തിരുത്തിയ സമയം. കവിത തിരുത്തിയത് കവിയെ ഏറെ വേദനിപ്പിച്ച സംഭവമായിരുന്നു. തപസ്യയുടെ സംഘടനാസെക്രട്ടറി ആര്‍.സഞ്ജയന്‍ അറിയിച്ചതനുസരിച്ച് മാതൃഭൂമിയിലും ഇന്ത്യന്‍ എക്‌സ്പ്രസ്സിലുമൊക്കെ കവിത തിരുത്തിയ വാര്‍ത്ത പ്രാധാന്യത്തോടെ വന്നു. കവിയുടെ മനോവേദന സാംസ്‌കാരിക കേരളം ഏറ്റെടുത്തു. കവിത തിരുത്തിയതിനെതിരെ ഒരു പ്രസ്താവന തയ്യാറാക്കി സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഒപ്പു ശേഖരിക്കവെ സഞ്ജയന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെയും സമീപിച്ചിരുന്നു. ഒപ്പിടുന്നതിനിടയില്‍ ചുള്ളിക്കാട് ചോദിച്ചുവത്രെ, അക്കിത്തത്തിനു വേണമെങ്കില്‍ കേസുകൊടുക്കാമല്ലോ എന്ന്. ഇക്കാര്യം അറിയിച്ചപ്പോള്‍ കവി പറഞ്ഞു, ‘ജീവിതത്തില്‍ ആര്‍ക്കെതിരെയും എന്തിനെങ്കിലും കേസുകൊടുക്കില്ലെന്ന് സ്വയം പ്രതിജ്ഞയെടുത്തവനാണ് ഞാന്‍.’
(തുടരും)