വില്ലിക്കാവില്‍ തിറയുത്സവത്തിനാണ് മുകുന്ദനുണ്ണിയെ കണ്ടത്.
‘എങ്ങനെയുണ്ടായിരുന്നു കുംഭമേള യാത്രയെല്ലാം?’
‘ഗംഭീരം!.’
‘അപ്പൊ മോഹന്‍ജിയുടെ കൂടെയല്ല പോയത് അല്ലെ?’
‘അല്ല. കോട്ടയത്ത് നിന്നുള്ള വിചാരകേന്ദ്രം പ്രവര്‍ത്തകരുടെ ഒരു സംഘമുണ്ടായിരുന്നു അവരുടെ കൂടെയാണ് ഞങ്ങള്‍ പോയത്. അതിനാല്‍ പ്രയാഗ്‌രാജിലും അയോദ്ധ്യയിലും നല്ല താമസസൗകര്യം ലഭിച്ചു. അവര്‍ക്ക് അവിടെ പരിചയക്കാര്‍ ഉണ്ടായിരുന്നു. എല്ലായിടത്തും ഭയങ്കര തിരക്കായിരുന്നു. ജനസമുദ്രത്തിന്റെ നിതാന്ത ഒഴുക്ക്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും വന്ന സനാതനികളുടെ മേള. ‘സനാതനി ശ്രദ്ധാലുക്കളെ’ എന്നേ അവിടെ മുഴങ്ങി കേട്ടുള്ളു. ചുരുക്കത്തില്‍ രണ്ടു നദികള്‍ സംഗമിക്കുന്നിടത്തേക്കുള്ള സനാതന സാഗരത്തിന്റെ കുത്തൊഴുക്ക്.
‘ആട്ടെ… എന്താണ് കുംഭമേള നല്‍കുന്ന സന്ദേശം.?’
‘അത് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞ പോലെ ‘ബാട്ടോഗെ തൊ കാട്ടോഗെ’ – വിഭജിച്ച് നിന്നാല്‍ മുറിഞ്ഞു പോകും എന്നത് തന്നെ’
‘ഹിന്ദു സമാജത്തിനുള്ള നല്ല മുന്നറിയിപ്പ്. അതിനാല്‍ അതിപുരാതന കാലം മുതല്‍ക്ക് ഉത്തരേന്ത്യയില്‍ ഹിന്ദുക്കള്‍ ജാതീയമായ ഭേദചിന്തകള്‍ വെടിഞ്ഞു ഒന്നിച്ച് ചേരുന്ന മഹാപ്രക്രിയ ആയിരുന്ന കുംഭമേള ഇനിയും യാതൊരുവിധ ഭേദചിന്തയും വ്യത്യാസവും ഇല്ലാതെ അതേ പോലെ തുടരുക. ഒന്നിച്ച് നിന്നില്ലെങ്കില്‍ ശിഥിലമായിപ്പോകും എന്ന മുന്നറിയിപ്പ് വലിയ സന്ദേശം തന്നെ. എത്ര നൂറ്റാണ്ടുകള്‍ അധിനിവേശ ശക്തികള്‍ ഭരിച്ച നാടാണത്.’
‘കേട്ടിട്ടുണ്ട് അക്ബറുടെ വലിയ കോട്ട നദീതീരത്ത് തന്നെ ഉണ്ട് എന്ന്.’
‘ഇന്ന് അതില്‍ അമ്പലങ്ങളുണ്ട്. അലഹാബാദിന്റെ പേര് തന്നെ ഇന്ന് പ്രയാഗ്‌രാജ് എന്നായി മാറിയില്ലേ? സംസ്‌കാരത്തിന്റെ വീണ്ടെടുപ്പില്‍ ജനത ഉത്സാഹഭരിതരാണ്. നദിക്കരയില്‍ പ്രയാഗ് ചുങ്കി എന്നയിടം യഥാര്‍ത്ഥത്തില്‍ പ്രയാഗ് ചുങ്കം ആയിരുന്നു. അവിടെയാണ് മുഗളന്മാര്‍ തീര്‍ത്ഥാടകരില്‍ നിന്ന് ജസിയ- ചുങ്കം-പിരിച്ചിരുന്നത്. ബ്രിട്ടീഷുകാരുടെ കാലത്തും ചുങ്കം പിരിവ് തുടര്‍ന്നു. അന്ന് ഒരു രൂപയായിരുന്നുവത്രെ ഓരോ തീര്‍ത്ഥാടകനും നല്‍കേണ്ടിയിരുന്നത്. ആളുകളുടെ ശരാശരി ശമ്പളം മാസം മൂന്നു രൂപ ആയിരുന്ന കാലമാണ് അത് എന്ന് ഓര്‍ക്കണം. ഇന്ന് തീര്‍ത്ഥാടകന്‍ ഒന്നും നല്‍കേണ്ടതില്ലെന്ന് മാത്രമല്ല താമസവും ഭക്ഷണവുമൊക്കെ സൗജന്യവുമാണ്.’
‘അതൊന്നും ഇങ്ങു കേരളത്തിലെ മാധ്യമ കോമരങ്ങളെ സന്തോഷിപ്പിക്കില്ല. കേട്ടില്ലേ മാര്‍ക്‌സിസ്റ്റുകള്‍ ഭരിക്കുന്ന സാക്ഷര കേരളത്തില്‍ നിന്നും ധാരാളം പേര് കുംഭമേളയ്ക്ക് പോയത് കേട്ട് പരിതപിക്കുന്നത്.’
‘കേട്ടു. കൂപമണ്ഡൂകങ്ങള്‍ എന്നല്ലാതെ ഒന്നും പറയാനില്ല.’
‘അവിടത്തെ സജ്ജീകരണങ്ങളെ കുറിച്ച് ഒന്നും അറിയാത്ത ഒരുത്തി പറയുന്നതു കേട്ടു ‘അറുപത് കോടി ജനങ്ങള്‍ വന്നാല്‍ മലമൂത്ര വിസര്‍ജ്ജനം എങ്ങനെ നടക്കും എത്രത്തോളം മലിനമാകും പ്രദേശം എന്ന്. കേരളത്തിലെ ശബരിമലയിലെ സജ്ജീകരണങ്ങള്‍ കണ്ടായിരിക്കണം ഓരോന്ന് പറയുന്നത്.’
‘എന്തായാലും മഹാകുംഭമേള യോഗി നന്നായി കൈകാര്യം ചെയ്തു അല്ലെ?’
സംശയുമുണ്ടോ? ‘ആധ്യാത്മ ത്രികോണം’ എന്ന് പേര് കൊടുത്ത് പ്രയാഗ്‌രാജ് – അയോദ്ധ്യ – കാശി എന്നീ മൂന്ന് തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് വലിയ തോതിലുള്ള തീര്‍ത്ഥാടന സര്‍ക്കീട്ട് ഉണ്ടാക്കി ലക്ഷം കോടി രൂപ സംസ്ഥാനത്തിന് വരുമാനമുണ്ടാക്കി. ഒഴുകിയെത്തിയ ഭക്തജനങ്ങള്‍ ആകട്ടെ, ശ്രീകൃഷ്ണജന്മഭൂമി ആയ മഥുരാപുരി കൂടി സന്ദര്‍ശിച്ച് ത്രികോണം ചതുഷ്‌കോണമാക്കി അതിനെ വിപുലീകരിച്ചു. വരുമാനം കൂട്ടി.
കേരളത്തിലെ ഹിന്ദുവിരോധികളായ സര്‍ക്കാരുകള്‍ സനാതന ധര്‍മ്മത്തെ ആവുന്ന വേദികളില്‍ ഇടിച്ച് കാണിക്കാന്‍ സദാ തത്രപ്പെടുന്നു. ടെമ്പിള്‍ എക്കൊണോമിക്‌സ് എന്നൊന്നുണ്ട് എന്ന് തിരിച്ചറിയുന്നുപോലുമില്ല.’
‘ശരിയാണ്. നമ്മുടെ തിരുന്നാവായ, വര്‍ക്കല, വരക്കല്‍ എന്നീ ബലിതര്‍പ്പണ വേദികളില്‍ എത്രയെത്ര ആളുകളാണ് വരുന്നത്. മിനി കുംഭമേളപോലെയാണ് അത്.’
‘ഇവിടെ നാലമ്പല യാത്രകളെ കളിയാക്കുകയാണ് മൂഢരായ മാര്‍ക്‌സിസ്റ്റുകള്‍. അതിലെ പൊട്ടന്‍ഷ്യല്‍ തിരിച്ചറിയാതെ.’
‘അതിനു ഇവിടെ ലോട്ടറിയും കള്ളും മയക്കുമരുന്നും വിറ്റ കാശ് മതിയല്ലോ. അധമര്‍ക്ക് സദ്ചിന്ത എങ്ങനെ വരും? മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഈയിടെ പ്രയാഗ്‌രാജിലെ സജ്ജീകരണങ്ങള്‍ പഠിക്കാന്‍ ഒരു സംഘത്തെ പറഞ്ഞയച്ചിരിക്കുന്നു. 2027ല്‍ നാസിക്ക് ത്രയംബകേശ്വറില്‍ കുംഭമേളയാണ്. അത് വിജയകരമാക്കാനുള്ള ശ്രമത്തിലാണവര്‍.’
‘ഇവിടത്തെ ഹിന്ദുവിരോധി സര്‍ക്കാരുകളില്‍ നിന്ന് നമുക്ക് ഒരു മോചനമില്ല. സനാതന ധര്‍മ്മത്തെ മാത്രം ഘോര അന്ധവിശ്വാസമായി കാണുന്ന കുടില സംഘമാണ് ഭരിക്കുന്നത്. അവരുടെ സ്തുതിപാഠകര്‍ മഹാകുംഭമേളയെ നിന്ദ്യമായ കാര്യമായി കണക്കാക്കുന്നതില്‍ അദ്ഭുതമില്ല.’
‘കുംഭമേളയിലൂടെ ബിജെപി ശക്തരാകുന്നു എന്നതാണ് വലിയ സങ്കടം. ഇവര്‍ക്കും പങ്കെടുക്കാമായിരുന്നില്ലേ?
ആരാണ് വിലക്കിയത്? സംഗതി ഒന്ന്, മതേതര കപടനാട്യം വെളിച്ചത്താവും രണ്ട് ന്യൂനപക്ഷ വോട്ടുകള്‍ കുറയുമെന്ന ഭയം.’
‘പാര്‍ട്ടി അടിമകളല്ലാത്തവര്‍ കാര്യങ്ങള്‍ തിരിച്ചറിയും. അതുപോലെ പ്രവര്‍ത്തിക്കും.’
‘യു.പിയും കേരളവും രണ്ടു ധ്രുവത്തിലാണ്. അവിടെ ദണ്ഡ നീതി മുറയ്ക്ക് നടക്കുന്നുണ്ട്. കൂടാതെ സ്മൃതികളില്‍ പറഞ്ഞ പോലെ രാജാവല്ലെങ്കിലും ഭരണാധിപന്‍ സത്യവാദിയും വിവേചനപൂര്‍വ്വം പ്രവര്‍ത്തിക്കുന്നവനും പ്രാജ്ഞനും പുരുഷാര്‍ത്ഥങ്ങളില്‍ അഭിജ്ഞനുമാണ്. കേരളത്തില്‍ സ്ഥിതി മറിച്ചാണ്. ധര്‍മ്മത്തെ നിന്ദിക്കുന്നവര്‍ നാട് ഭരിച്ചാല്‍ അഭിവൃദ്ധി ഉണ്ടാകില്ലെന്ന് മാത്രമല്ല ദണ്ഡനത്തിന്റെ അപ്രയോഗം കൊണ്ടോ അനുചിത പ്രയോഗം കൊണ്ടോ സര്‍വ്വരും ദുഷിക്കും. മോഷണം, സാഹസം എന്നിവ ചെയ്യുന്നതുകൊണ്ട് എല്ലാ ലോകര്‍ക്കും പ്രകോപനമുണ്ടാകും. ‘സര്‍വ്വ ലോകപ്രകോപശ്ച ഭവേദ്ദ്ണ്ഡസ്യ വിഭ്രമാത്’ എന്ന് സ്മൃതികള്‍. കേരളത്തില്‍ നടമാടുന്ന കൊലകള്‍, ലഹളകള്‍, അക്രമങ്ങള്‍ എന്നിവ കാണിക്കുന്നത് സംശുദ്ധ ഭരണമില്ലായ്മയും ഭരണാധിപന്മാരില്‍ കണ്ടുവരുന്ന ധര്‍മ്മനിഷേധവും ദണ്ഡനീതി നടപ്പാക്കുന്നതില്‍ കാണിക്കുന്ന അലംഭാവവുമാണെന്ന് നിസ്സംശയം പറയാം.’
മുകുന്ദനുണ്ണി അതിനോട് യോജിച്ച് പറഞ്ഞു.:
‘വൈദേശിക തത്വചിന്തയില്‍ ആകൃഷ്ടരായവര്‍ ഭരിക്കുന്ന കേരളം അതിന്റെ ആത്മാവിനെ കണ്ടെത്തില്ല. വിനാശത്തിലേയ്ക്ക് കൂപ്പു കുത്തും. ഭ്രാന്താലയത്തില്‍ നിന്നുള്ള പുരോഗമനം പാശ്ചാത്യരുടെ പാദസേവകൊണ്ടുണ്ടായതാണ് എന്ന് സ്വയം പറഞ്ഞു വിശ്വസിക്കുന്നവര്‍ ഭാരതത്തിന്റെ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളെ കുറിച്ച് അജ്ഞരാണ്. അവിടെയൊന്നും കമ്മ്യൂണിസം കൊണ്ടല്ലല്ലോ ജനം മോചിതരാവുന്നത്.’
‘കുംഭമേള അതില്‍ പങ്കെടുക്കുന്നവരുടെ ഐക്യം കൊണ്ട് ‘സംഗച്ഛധ്വം സംവദധ്വം’ എന്ന മന്ത്രത്തെ അന്വര്‍ത്ഥമാക്കുന്ന ഒന്നാണെന്ന് പരക്കെ അഭിപ്രായമുണ്ട്. ആ ഐക്യം ഊട്ടിയുറപ്പിക്കുക തന്നെയാണ് ‘ബാട്ടോഗെ തൊ കാട്ടോഗെ’ ഒന്നിച്ച് നിന്നില്ലെങ്കില്‍ ശിഥിലമായിപ്പോകും എന്ന മുദ്രാവാക്യവും സൂചിപ്പിക്കുന്നത്.
ഹിന്ദുക്കളുടെ ഈ ഐക്യം എല്ലാത്തിലും ഇപ്പൊ ദൃശ്യമാണ്. സനാതന ധര്‍മ്മത്തെ കളിയാക്കുന്നത് 80 ശതമാനത്തോളം നിന്നു, ലവ് ജിഹാദില്‍ 50 ശതമാനം കുറവുണ്ടായി. മതപരിവര്‍ത്തനത്തില്‍ വന്‍ ഇടിവ്. എന്നൊക്കെ പലരും പറയുന്നു. ശരിയോ എന്നറിയില്ല. എന്നാല്‍ ഹിന്ദുക്കളുടെ ഈ ഐക്യം ലോക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കുംഭമേളയെ പ്രകീര്‍ത്തിച്ചുകൊണ്ടു വിദേശത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അതാണ് കാണിക്കുന്നത്.
ധാരാളം വിദേശികളും കുംഭമേളയില്‍ പങ്കെടുക്കാന്‍ അത് കാരണമായിട്ടുണ്ട്.’
‘കേരളത്തില്‍ നിന്നുള്ള നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ക്ക് എത്ര പ്രതികരണമാണ് കിട്ടിയത് എന്ന് നോക്കൂ. ഏഷ്യാനെറ്റിന്റെ ഉടമസ്ഥന്‍ തന്നെ അവരുടെ ജോലിക്കാരെ വിളിച്ചു ശകാരിച്ചു. വാര്‍ണിങ് കൊടുക്കേണ്ടിവന്നു.’
സംസാരിച്ചുകൊണ്ടു ഞങ്ങള്‍ നടക്കലെത്തി.
മുകുന്ദനുണ്ണി പറഞ്ഞു:
‘We need to be more assertive. ചിലപ്പോള്‍ ദൃഢനിശ്ചയം മാത്രം പോരാ, ശക്തിയുക്തമായ ദൃഢപ്രസ്താവവും ആവശ്യമാണ്.’
ഇത് രണ്ടും യു.പി.യില്‍ കാണാം. ഒരു യോഗി ഭരിക്കുന്ന നാട്ടില്‍ മഹാകുംഭമേള!. അത് കലക്കാന്‍ നോക്കിയവന്റെ ഏഴു തലമുറ അനുഭവിക്കും എന്നാണ് പറഞ്ഞത്.
‘ഗഡ് ബഡ് കിയാ തോ മാഫ് നഹീ – കുഴപ്പം ഉണ്ടാക്കിയാല്‍ ഒട്ടും പൊറുക്കില്ല, മാപ്പില്ല’.
‘ഹ.ഹ.ഹ…’ മുകുന്ദനുണ്ണി ചിരിച്ചിട്ട് പറഞ്ഞു ‘റിയല്‍ ബുള്‍ഡോസര്‍ ബാബ അല്ലെ?’
‘അതെന്തായാലും മഹാകുംഭമേള പലര്‍ക്കും വലിയ പാഠം നല്‍കി.
ആ മൊട്ടത്തലയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചേര്‍ത്ത് കൊണ്ട് ….’
‘ഹ ഹ ഹ.’