സനാതന ധര്‍മ്മം അനാദിയും കാലാതിവര്‍ത്തിയുമാകുന്നത് അതിലെ വിശ്വാസ സങ്കല്‍പ്പങ്ങള്‍ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത് ഈ പ്രകൃതിയില്‍ നിന്നു തന്നെയാണെന്നുള്ളതുകൊണ്ടാണ്. ഈ ജീവപ്രപഞ്ചത്തിനാധാരമായിട്ടുള്ള മഹാ ചൈതന്യത്തിന്റെ സാന്ദ്ര സാന്നിദ്ധ്യം മണ്ണിലും മരത്തിലും പുല്ലിലും പുഴയിലും പുല്‍ച്ചാടിയിലും വരെ കാണാന്‍ കഴിഞ്ഞ ആര്‍ഷ മനീഷികള്‍ പ്രപഞ്ചത്തെ തന്നെ ഈശ്വരനായി പൂജിച്ചു. പ്രകൃതി പ്രതിഭാസങ്ങളെ കൂട്ടിക്കുഴച്ച് മനുഷ്യന്‍ മെനഞ്ഞ കാല്‍പ്പനികതയുടെ മഹാകാവ്യങ്ങളാണ് ഹിന്ദു ജനതയുടെ ഇഷ്ടമൂര്‍ത്തികളായ ശിവനും വിഷ്ണുവും ബ്രഹ്മാവുമൊക്കെ. വാന മേഘങ്ങള്‍ക്കപ്പുറത്തിരുന്ന് വിധിയുടെ ചാട്ടവാര്‍ ചുഴറ്റുന്ന ക്രൂരനായ ഒരു ഫ്യൂഡല്‍ പ്രഭുവല്ല അവന്റെ ദൈവം. പാപികള്‍ക്ക് നിത്യ നരകവും പുണ്യവാന്മാര്‍ക്ക് നിത്യ സ്വര്‍ഗ്ഗവും വിധിക്കുന്ന ക്രൂരനായ ന്യായാധിപനുമല്ല അവന്റെ ദൈവം. ധവള ഹിമാലയത്തിലും സ്വന്ത ബന്ധങ്ങളുടെ അഹങ്കാരമൊടുങ്ങുന്ന ചുടലയിലും അധിവസിക്കുന്ന കാലകാലനായ ശിവന്റെ തിരുജടയില്‍ അമ്പിളിക്കല തിരുകി കൊടുത്ത സനാതനി, വിണ്‍ഗംഗയെ ആവാഹിച്ച് ജടാമകുടത്തില്‍ നിന്ന് പ്രവഹിപ്പിച്ചു. കരിനാഗങ്ങളെ കണ്ഠാഭരണമാക്കി സര്‍വ്വം ഭസ്മാന്തമെന്നോതി ചുടലച്ചാമ്പല്‍ പൂശി ആത്മാനാന്ദത്തിന്റെ ശുഭ്ര കൈലാസത്തില്‍ താണ്ഡവമാടുന്ന അവന്റെ ഇഷ്ടമൂര്‍ത്തി നടരാജന്‍ പ്രകൃത്യുപാസനയുടെ ഏറ്റവും നല്ല മാതൃകാ ബിംബമാണ്. സനാതനിയുടെ പ്രകൃതി പൂജാ മഹോത്സവമായിരുന്നു ലോകം സാകൂതം കണ്ടുനിന്ന നാല്‍പ്പത്തഞ്ചു ദിനരാത്രങ്ങള്‍ നീണ്ട മഹാകുംഭമേള. വാര്‍ത്താ മാധ്യമങ്ങളില്‍ ഇത്രയേറെ ചര്‍ച്ചയായ ഒരു കുംഭമേള ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. നാഗസന്യാസിമാരുടെ നഗ്‌ന നീരാട്ട് മാത്രമായി കുംഭമേളയെ ചിത്രീകരിച്ചിരുന്ന ഇന്നലെകളില്‍ നിന്ന് ,പ്രാകൃതാചാരങ്ങളുടെ അസംബന്ധ കേളികളായി ഹിന്ദുവിന്റെ മഹോത്സവങ്ങളെ കണ്ടിരുന്ന ധ്വരകളുടെ വക്ര ദൃഷ്ടിയില്‍ നിന്ന് മാറി, സനാതന സംസ്‌കൃതിയുടെ ആത്മീയ ഔന്നത്യത്തിന്റെ പ്രകടനമായി ലോകം കുംഭമേളയെ വിലയിരുത്തി തുടങ്ങി എന്നതാണ് ഇത്തവണത്തെ കുംഭമേളയുടെ പ്രത്യേകത. കുംഭമേളയെ ലോക ശ്രദ്ധയില്‍ എത്തിക്കുന്നതിനും അതിന്റെ സാധ്യതകളെ രാഷ്ട്ര വികസനത്തിനും ദേശീയോല്‍ഗ്രഥനത്തിനും ഉതകും വിധവും സംവിധാനം ചെയ്യുന്നതിനും കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ വിജയിച്ചു എന്നതാണ് സത്യം. 2025 ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയുള്ള 45 ദിവസങ്ങളിലായി നടന്ന മഹാകുംഭമേളയില്‍ ഏതാണ്ട് 64 കോടി ഭക്തര്‍ സ്‌നാനം ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ സ്വദേശികളും വിദേശികളും എല്ലാം ഉള്‍പ്പെടും. ഉത്തരായന പുണ്യകാലത്തിന്റെ തുടക്കമായ മകരസംക്രമ കാലം മുതല്‍ ശിവരാത്രി പുണ്യദിനം വരെ നീണ്ട കുംഭമേളയില്‍ പ്രധാനമായി അഞ്ച് രാജകീയസ്‌നാന ദിനങ്ങളായിരുന്നു ഉണ്ടായിരുന്നത്. മകരസംക്രമ സ്‌നാനം, മൗനി അമാവാസി സ്‌നാനം, വസന്ത പഞ്ചമി സ്‌നാനം, മാഘ പൗര്‍ണ്ണമി സ്‌നാനം, ശിവരാത്രി സ്‌നാനം എന്നിവയായിരുന്നു അവ. ഭാരതത്തിലെ പതിമൂന്ന് അഖാഡകള്‍ അഥവാ സന്യാസി സമൂഹങ്ങള്‍ ഒരുമിച്ച് ചേര്‍ന്നാണ് കുംഭമേളകള്‍ നടത്തുന്നത്. ആദി ശങ്കരനാണ് കുംഭമേളയ്ക്ക് ഒരു വ്യവസ്ഥയും ചിട്ടയും ഏര്‍പ്പെടുത്തിയത് എന്നാണ് കരുതിപ്പോരുന്നത്. പ്രയാഗ് രാജെന്ന നദീസംഗമത്തില്‍ ഏതെങ്കിലും ക്ഷേത്ര ദര്‍ശനത്തിനല്ല ഭക്ത കോടികള്‍ ഒത്തുചേരുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇവിടുത്തെ ആരാധ്യമൂര്‍ത്തി മൂന്നു നദികളാണ്. ഗംഗ, യമുന, സരസ്വതി എന്നീ മൂന്നുനദികളാണവ. ഇതില്‍ ഗംഗയും യമുനയും മാത്രമാണ് പ്രത്യക്ഷമായി സംഗമിക്കുന്നത്. ആയിരത്താണ്ടുകള്‍ക്കു മുന്നേ അന്തര്‍ധാനം ചെയ്ത സരസ്വതീ നദി അന്തര്‍വാഹിനിയായി ഇവിടെ എത്തുന്നു എന്നാണ് കരുതപ്പെടുന്നത്. ലോകത്തില്‍ വേറെ ഏതെങ്കിലും സമൂഹത്തില്‍ നദികളെ ആരാധിച്ച് പ്രാര്‍ത്ഥിക്കാന്‍ കോടി കണക്കിന് ജനങ്ങള്‍ ഒത്തുചേരുന്ന അനുഷ്ഠാനം നിലവിലുള്ളതായി അറിവില്ല. ഭാരതീയ മത സങ്കല്‍പ്പമനുസരിച്ച് ഈശ്വരീയ ചൈതന്യത്തിന്റെ പ്രത്യക്ഷ ഭാവങ്ങളാണ് മലകളും പുഴകളും വൃക്ഷങ്ങളും മൃഗങ്ങളും, സൂര്യചന്ദ്രന്മാരുമെല്ലാം. പുണ്യതീര്‍ത്ഥങ്ങളിലേക്ക് നടത്തുന്ന യാത്രകളെ നാം ഒരിക്കലും വിനോദയാത്രകളായി കണ്ടില്ല. വ്രതനിഷ്ഠയോടെ നടത്തുന്ന അത്തരം യാത്രകളെയാണ് നാം തീര്‍ത്ഥാടനങ്ങള്‍ എന്നു വിളിച്ചു പോരുന്നത്. വൈവിദ്ധ്യ സമ്പന്നമായ ഭാരത മഹാരാഷ്ട്രത്തെ ഒരുമിപ്പിച്ച് നിര്‍ത്തുന്നതില്‍ തീര്‍ത്ഥാടനങ്ങള്‍ക്ക് പണ്ടുമുതലേ വലിയ സ്ഥാനമുണ്ടായിരുന്നു. അതുകൊണ്ട് മഹാകുംഭമേളയുടെ ദേശീയോല്‍ഗ്രഥന മൂല്യം വളരെ ഉയര്‍ന്നതാണ്. വിവിധ ഭാഷകളുടെയും വേഷഭൂഷകളുടെയും ആചാരസമ്പ്രദായങ്ങളുടെയും ഒരു സംഗമഭൂമിയായിരുന്നു മഹാകുംഭമേള.
പ്രകൃതി ശക്തികളെ പൂജിക്കുന്നത് പ്രാകൃതമെന്നു ചിന്തിക്കുന്ന പാശ്ചാത്യ മതങ്ങളും എബ്രഹാമിക് സെമറ്റിക് മതങ്ങളും കരുതുന്നത് നദീ പൂജ പോലുള്ള മതചടങ്ങുകള്‍ ബോധമില്ലാത്ത പ്രാകൃത ജനങ്ങളുടെ മണ്ടത്തരങ്ങളാണെന്നാണ്. ലോകം പാരിസ്ഥിതിക പ്രതിസന്ധികളില്‍ നട്ടം തിരിയുന്ന ഇക്കാലത്ത് ജനങ്ങള്‍ക്ക് ഏത് പരിസ്ഥിതി ഉച്ചകോടിയെക്കാളും പ്രകൃതി സ്‌നേഹം പകര്‍ന്നു കൊടുക്കാന്‍ കുംഭമേള പോലുള്ള തീര്‍ത്ഥാടന മഹോത്സവങ്ങള്‍ക്ക് കഴിയും. ഗംഗാ യമുനാ സംഗമ തടത്തില്‍ ഏതാണ്ട് 40 സ്‌ക്വെയര്‍ കിലോമീറ്റര്‍ ചുറ്റളവില്‍ നിര്‍മ്മിച്ച താത്കാലിക തീര്‍ത്ഥാടന നഗരി ഏവരെയും അത്ഭുതപ്പെടുത്തുന്ന വ്യവസ്ഥാ കൗശലത്തിന്റെ മകുടോദാഹരണമായിരുന്നു. 1.6 ലക്ഷത്തില്‍പരം താത്കാലിക ടെന്റുകളാണ് നദീതടത്തില്‍ ഉയര്‍ന്നത്. സമ്പൂര്‍ണ്ണമായും വൈദ്യുതീകരിച്ച, പുണ്യനദിയെ മലിനമാക്കാത്തവിധം സംവിധാനം ചെയ്ത സീവേജ്, എല്ലായിടത്തും ശുദ്ധജല ലഭ്യത എല്ലാം ഉറപ്പാക്കിയ ടെന്റു സിറ്റിയില്‍ അഞ്ഞൂറ് കിലോമീറ്ററോളം വരുന്ന താത്കാലിക പാത ഗതാഗതം സുഗമമാക്കി. കുടിവെള്ളം മുടങ്ങാതിരിക്കാന്‍ 1249 കിലോമീറ്ററോളം വരുന്ന പൈപ്പ് ലൈനുകളാണ് നദീതടത്തിലും പരിസരങ്ങളിലുമായി സ്ഥാപിച്ചത്. മുമ്പ് നടന്ന കുംഭമേളയില്‍ ഗംഗാനദിക്ക് കുറുകെ തീര്‍ത്ത താത്ക്കാലിക പാലങ്ങള്‍ 18 ആയിരുന്നെങ്കില്‍ ഇത്തവണ അത് 30 ആയി വര്‍ദ്ധിപ്പിച്ചു. നദീതടമായതിനാല്‍ വാഹനങ്ങള്‍ പുതഞ്ഞു പോകാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് ഉരുക്ക് പാളികള്‍ പാകിയൊരുക്കിയ നിരത്തുകള്‍ മറ്റൊരത്ഭുതമായിരുന്നു. കുംഭമേള നഗരിയെ 25 മേഖലകളായി തിരിച്ച് ഓരോ മേഖലയ്ക്കും പ്രത്യേക പോലീസ് സ്റ്റേഷന്‍, അഗ്‌നിശമന കേന്ദ്രങ്ങള്‍, ശുചീകരണ കേന്ദ്രങ്ങള്‍, മുപ്പതിനായിരത്തില്‍പരം സുരക്ഷാ ഉദ്യോഗസ്ഥര്‍ അടങ്ങിയ ക്രമസമാധാന പാലന സംവിധാനം എന്നിവയെല്ലാം ലോകത്തിനു തന്നെ മാതൃകയാവും വിധമായിരുന്നു. പതിനായിരത്തോളം സ്‌പെഷ്യല്‍ ട്രെയിനുകള്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും പ്രയാഗ് രാജിലേക്കെത്തി.
ഒന്നര വര്‍ഷം മുന്നെ ഞാന്‍ പ്രയാഗ് രാജില്‍ ആദ്യമായി എത്തുമ്പോള്‍ നദീതടത്തില്‍ വലിയ തയ്യാറെടുപ്പുകള്‍ നടക്കുന്നത് ശ്രദ്ധിച്ചിരുന്നു.ഗംഗയ്ക്ക് കുറുകെ ഉരുക്ക് ക്യാപ്‌സൂളുകള്‍ നിരത്തിയുള്ള പാലത്തിന്റെ നിര്‍മ്മാണമൊക്കെ ശ്രദ്ധയില്‍ പെട്ടിരുന്നു. പക്ഷെ അതിന്റെ സംവിധാന ചാരുത മനസ്സിലായത് കുംഭമേളയില്‍ എത്തിയപ്പോഴാണ്. പലരും കരുതുന്നതു പോലെ ഏതാനും മാസം മുന്നെ തുടങ്ങിയ ഒരുക്കങ്ങളല്ല കുംഭമേളയെ വിജയിപ്പിച്ചത്. ക്രൗഡ് മാനേജ്‌മെന്റിനും, ഇവന്റ് മാനേജ്‌മെന്റിനുമുള്ള ഭാവിയുടെ പാഠപുസ്തകമായിട്ടു കൂടിയായിരിക്കും മഹാകുംഭമേള നാളെ അടയാളപ്പെടുത്തപ്പെടുക.
തീര്‍ത്ഥ രാജനായ പ്രയാഗ് രാജിനെ ഇന്നലെ വരെ പലരും അലഹബാദ് എന്നായിരുന്നു വിളിച്ചിരുന്നത്. ഇസ്ലാമിക അധിനിവേശ ശക്തികള്‍ പ്രയാഗ് രാജിന്റെ നാമം അലഹബാദ് എന്നാക്കി മാറ്റിയിരുന്നു.യോഗി ആദിത്യനാഥിന്റെ ദേശീയ സര്‍ക്കാര്‍ പ്രയാഗ് രാജെന്ന നാമം ഔദ്യോഗികമായി പുന:സ്ഥാപിച്ചതിനു ശേഷം വന്ന ആദ്യ മഹാകുംഭമേളയോടെ അലഹബാദെന്ന നാമം വിസ്മൃതിയിലാണ്ടു. ജവഹര്‍ലാല്‍ നെഹ്രുവിന്റെ കുടുംബ വീടായ ആനന്ദഭവന്‍ എന്ന കൊട്ടാരസദൃശമായ മന്ദിരം ഇന്നും നഗരഹൃദയത്തെ അലങ്കരിക്കുന്നു. ഭാരത ചരിത്രത്തിലെ നിര്‍ണ്ണായകമായ പല സംഭവികാസങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ആനന്ദഭവനില്‍ ഒരുക്കിയിരിക്കുന്ന മ്യൂസിയത്തില്‍ പണ്ടു നടന്ന ഏതോ കുംഭമേളയില്‍ നെഹ്രു സ്‌നാനം ചെയ്യുന്ന ചിത്രമുണ്ട്. കുംഭമേള അന്ന് കോണ്‍ഗ്രസിന് വര്‍ഗ്ഗീയ സ്‌നാനമായിരുന്നില്ലെന്നതിന്റെ തെളിവായി ഞാന്‍ ഒന്നര വര്‍ഷം മുന്നേ തന്നെ ആ ചിത്രം ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഭാരതസ്വാതന്ത്ര്യ സമരത്തിലെ സായുധ സമര പാരമ്പര്യത്തിന്റെ കുങ്കുമതിലകമായി മാറിയ ധീര രക്തസാക്ഷി ചന്ദ്രശേഖര്‍ ആസാദ് പൊരുതി മരിച്ച ആല്‍ഫ്രഡ് പാര്‍ക്ക് ഇന്ന് നഗരഹൃദയത്തില്‍ ചന്ദ്രശേഖര്‍ ആസാദ് പാര്‍ക്കായി പരിലസിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ആല്‍ഫ്രഡ് രാജകുമാരന്റെ സന്ദര്‍ശന സ്മാരകമായി സ്ഥാപിച്ച 133 ഏക്കര്‍ വരുന്ന ഈ പാര്‍ക്കില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ തലയെടുപ്പുള്ള വെങ്കല വിഗ്രഹം സ്വാതന്ത്രൃരണ സ്മരണകളുണര്‍ത്തി നില്‍ക്കുന്നുണ്ട്. കുംഭമേളയ്‌ക്കെത്തുന്ന തീര്‍ത്ഥാടകരില്‍ ഏറെയൊന്നും പ്രയാഗ് രാജിന്റെ ഈ ചരിത്ര സ്മാരകങ്ങളിലേക്കെത്താന്‍ സാധ്യതയില്ല.

(അലഹബാദിലെ നെഹ്‌റുവിന്റെ തറവാട് വീടായ
ആനന്ദഭവനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രം)
ലോകത്തില്‍ നടക്കുന്ന ഏറ്റവും വലിയ ആദ്ധ്യാത്മിക സംഗമം കുംഭമേള തന്നെയാണ്. ഉത്തര്‍പ്രദേശില്‍ ഗംഗാ യമുനാ സരസ്വതീ നദീസംഗമസ്ഥാനമായ പ്രയാഗ് രാജ്, ഉത്തരാഖണ്ഡില്‍ ഗംഗാ തീരമായ ഹരിദ്വാര്‍, മഹാരാഷ്ട്രയില്‍ നാസിക്കില്‍ ഗോദാവരീതീരം, മധ്യപ്രദേശില്‍ ഉജ്ജയിനിയില്‍ ക്ഷിപ്രാനദീതീരം എന്നിവിടങ്ങളിലാണ് പരമ്പരാഗതമായി കുംഭമേളകള്‍ നടക്കാറ്. കുംഭമേളകള്‍ ഭക്തജനങ്ങള്‍ മുങ്ങിക്കുളിച്ച് പിരിയാന്‍ വേണ്ടി മാത്രം സംവിധാനം ചെയ്യപ്പെട്ടവയല്ല. നിരവധി ആധ്യാത്മിക, ധാര്‍മ്മിക സംവാദങ്ങള്‍ക്കും തീര്‍പ്പുകള്‍ക്കും വേദിയായിട്ടുണ്ട് കുംഭമേളകള്‍. വിവിധ ആശ്രമങ്ങള്‍ക്കും അഖാഡകള്‍ക്കും, മഹാമണ്ഡലേശ്വരന്മാര്‍ക്കും ധാര്‍മ്മിക സംഘടനകള്‍ക്കും കുംഭമേള നടക്കുന്ന നദീതടത്തില്‍ താത്കാലിക കുടീരങ്ങള്‍ ഉണ്ടാവും. അവിടങ്ങളില്‍ ധര്‍മ്മാചാര്യ സംഗമങ്ങളും യജ്ഞങ്ങളും നാമജപങ്ങളും ഒക്കെ നടക്കുന്നുണ്ടാവും.പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നിരവധി സ്വയം സേവകര്‍ സന്നദ്ധ പ്രവര്‍ത്തകരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇതു കൂടാതെ വിശ്വഹിന്ദുപരിഷത്തിന്റെ സേവനം സദാ കുംഭമേളയില്‍ ലഭ്യമായിരുന്നു. പതിനഞ്ച് ഏക്കറില്‍ വ്യാപിച്ച് നിന്നിരുന്ന വിശ്വഹിന്ദു പരിഷത്തിന്റെ സേവാകേന്ദ്രത്തില്‍ 252 ടെന്റുകളാണ് പ്രവര്‍ത്തനസജ്ജമായിട്ടുണ്ടായിരുന്നത്. പ്രമുഖ വ്യക്തികള്‍ക്ക് വിശ്രമിക്കാന്‍ മുപ്പതില്‍പരം ബാത്ത് അറ്റാച്ച്ഡ് ടെന്റുകളടക്കം അയ്യായിരം പേരെ ഉള്‍ക്കൊള്ളാനുള്ള സംവിധാനങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. മൂന്ന് സൗജന്യ ഭക്ഷണശാലകളിലൂടെ ഒരു നേരം പതിനായിരത്തിലധികം തീര്‍ത്ഥാടകര്‍ക്ക് ആഹാരം വിതരണം ചെയ്യാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു. വി.എച്ച്.പി ശിബിരത്തിന്റെ കവാടത്തില്‍ തന്നെ മനോഹരമായ രാംമന്ദിര്‍ രൂപം തയ്യാറാക്കി വച്ചിട്ടുണ്ടായിരുന്നു. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ ഇവിടെ സദാ സേവാനിരതരായി പ്രവര്‍ത്തിക്കുന്നതു കാണാന്‍ കഴിഞ്ഞു. കേരളത്തില്‍ നിന്നും ബജ്‌രംഗ്ദളിന്റെ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരിയുടെ നേതൃത്വത്തില്‍ ഒരു സംഘം സന്നദ്ധ പ്രവര്‍ത്തകര്‍ കുംഭമേളയില്‍ ആദ്യന്തം സേവാനിരതരായിരുന്നു. ഇവരുടെ സേവനത്തിന്റെ മാധുര്യം നുകര്‍ന്ന് ഒരു ദിവസം പുണ്യനദീതടത്തില്‍ കഴിയാനായി.

പരിസ്ഥിതി സൗഹൃദമായ മഹാകുംഭമേളയിലെ ശുചിത്വം പ്രത്യേകിച്ച് എടുത്തു പറയാതിരിക്കാനാവില്ല. കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ വന്നു പോയ പുണ്യനദീതടത്തില്‍ ഒരിടത്തും മാലിന്യം കെട്ടികിടക്കുന്നതോ, മലിനജലം പൊട്ടി ഒഴുകുന്നതോ ഒന്നും കാണാന്‍ കഴിയുമായിരുന്നില്ല. നിരത്തു നിറഞ്ഞെത്തുന്ന ഗംഗാപ്രവാഹം പോലുള്ള ജനസഞ്ചയത്തില്‍ സ്ത്രീയും പുരുഷനും പണക്കാരനും പാവപ്പെട്ടവനും എല്ലാമുണ്ടായിരുന്നു. ആഢംബര കാറുകളിലും എ.സി.ബസ്സുകളിലും ഗ്രാമങ്ങളില്‍ നിന്നും ട്രാക്ടറുകളിലും എല്ലാം എത്തുന്നവര്‍ ഗംഗാമാതാവിന്റെ മടിത്തട്ടിലെത്തുമ്പോള്‍ വേര്‍തിരിവുകളില്ലാത്ത ജലബിന്ദുക്കള്‍ പോലെ കൂടിക്കലരുന്ന കാഴ്ച കുംഭമേളയുടെ മാത്രം സവിശേഷതയാണ്. ഗംഗയും യമുനയും ഗുപ്ത സരസ്വതിയും പരിസ്ഥിതി പൂജയുടെ പ്രാധാന്യം പഠിപ്പിച്ചുകൊണ്ട് യുഗങ്ങളില്‍ നിന്ന് യുഗങ്ങളിലൂടെ യുഗങ്ങളിലേക്കൊഴുകി കൊണ്ടിരിക്കുകയാണ്.. സനാതന സംസ്‌കൃതിയുടെ അമൃതപ്രവാഹമായി…!