Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

കാശ്മീരശൈവ സമ്പ്രദായത്തിന്റെ കേരളീയ പ്രഭാവവും, അതിലെ സപ്തമാതൃവിധാനങ്ങളും

സുധീഷ് നമ്പൂതിരി

Print Edition: 14 March 2025

ശൈവം, വൈഷ്ണവം, ശാക്തേയം, സൗരം, ഗാണപത്യം എന്നിങ്ങനെയുള്ള പഞ്ചായതന സിദ്ധാന്തങ്ങളില്‍ ‘ശൈവം’ അതിന്റെ ബഹുരൂപിയായ അവസ്ഥകളെക്കൊണ്ട് സര്‍വ്വോത്കൃഷ്ടമായി വര്‍ത്തിക്കുന്നു. പ്രകൃതി-പുരുഷന്‍-മനസ്സ്-ബുദ്ധി-അഹങ്കാരം എന്നീ പഞ്ചതത്വങ്ങളുടെ സംഘാതമായ പരമശിവന്റെ ബാഹ്യവും ആഭ്യന്തരവുമായ ഘടനയെപ്പറ്റിയുള്ള സൂക്ഷ്മവിശകലനങ്ങളും ധാരണങ്ങളും പരിചിന്തകള്‍ക്കുവിധേയമാക്കുന്ന ശൈവദര്‍ശനത്തിന് വേദകാലത്തോളം പഴക്കം അവകാശപ്പെടാം. ഭാരതത്തിലെ വിവിധ പ്രദേശങ്ങളില്‍, വിവിധഭാവങ്ങളിലൂടെ ഈ ദര്‍ശനത്തിന്റെ പ്രവൃത്തിപരവും നിവൃത്തിപരവുമായ കാര്യകര്‍ത്തവ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതില്‍ ദ്രാവിഡദേശത്തും (തമിഴ്‌നാട്, കേരളം) കാശ്മീരദേശത്തും പ്രത്യേകമായ ഘടനാവിധാനങ്ങളോടു കൂടി ശൈവം; അതിന്റെ സര്‍വ്വാതീതമായ പ്രഭാവത്തെ സാധിതമാക്കുന്നു.

ദ്വൈതാഭിമുഖ്യമായ ദ്രാവിഡ ശൈവവും അദ്വൈതാഭിമുഖ്യമായ കാശ്മീരശൈവവും തമ്മില്‍ പലയിടത്തും ചില സാധര്‍മ്മ്യങ്ങള്‍ കാണാം. ദ്രാവിഡശൈവം വൈദിക സമ്പ്രദായങ്ങളെ ഒരു പരിധിവരെ അനുസരിക്കുന്നതാകയാല്‍ പ്രവൃത്തി പരമായൊരു തലം അതിനുണ്ട്! കാശ്മീരശൈവമാകട്ടെ അദ്വൈതസിദ്ധാന്തങ്ങളെ അനുസരിക്കുന്നു. അതുകൊണ്ടുതന്നെ ബാഹ്യമായ അനുഷ്ഠാന പദ്ധതികള്‍ അതിന്റെ മുഖ്യവിഷയങ്ങളില്‍ വരുന്നില്ല എന്നുതന്നെ പറയാം.

പ്രകാശവും വിമര്‍ശവും
പ്രകാശാത്മാവായ ശിവനും വിമര്‍ശരൂപിയായ ശക്തിയും ചേര്‍ന്നാണ്; അഥവാ ഈ തത്വങ്ങള്‍ ഒരുമിയ്ക്കുമ്പോഴാണ് പ്രപഞ്ചം ഉരുവം കൊള്ളുന്നത്. കേവലം പ്രകാശസ്വരൂപന്‍ മാത്രമാണ് പരമശിവനെങ്കില്‍ സ്വപ്രകാശശക്തിയുള്ള സൂര്യാദിഗോളങ്ങളില്‍ നിന്നും അതിനുള്ള വൈലക്ഷണ്യം എന്താണ് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ‘വിമര്‍ശം’ എന്ന തത്വം. സ്വയം തിരിച്ചറിയുന്ന അവസ്ഥയാണ് വിമര്‍ശം. കണ്ണാടിയില്‍ നോക്കുമ്പോള്‍ നാം എങ്ങനെയാണോ നമ്മെ തിരിച്ചറിയുന്നത് അഥവാ രൂപബോധ്യം ഉണ്ടാകുന്നത് അതുപോലെ എന്ന് സാമാന്യമായി പറയാം. തന്നെപ്പറ്റി തനിക്കുതന്നെ അറിയാനുള്ള സാമര്‍ത്ഥ്യം അഥവാ ഉപാധിയാണ് വിമര്‍ശം എന്ന് അര്‍ത്ഥം. ബാഹ്യമായ മറ്റൊരു വസ്തുവുമായി ബന്ധപ്പെടാതെ തോന്നുന്ന ഈ അഹംവിമര്‍ശം അകൃത്രിമമായ അഹംബോധമത്രെ. പ്രകാശമാകുന്ന പരമശിവനും വിമര്‍ശരൂപിണിയായ ശക്തിയും ചേരുന്ന തത്വത്തിന്റെ സൗന്ദര്യ സാക്ഷാത്കാരമാണ് അര്‍ദ്ധനാരീശ്വരസങ്കല്‍പം. ഇത് രണ്ടും ശൈവദര്‍ശനത്തിലെ അടിസ്ഥാന സങ്കല്‍പ്പങ്ങളാകുന്നു. കേരളീയ ക്ഷേത്രങ്ങളില്‍ പരാശക്തിയുടെ (ഭഗവതി, ഭദ്രകാളി, ഭുവനേശ്വരി…) പ്രതീകമായി കണ്ണാടി രൂപത്തിലുള്ള പ്രതിഷ്ഠകള്‍ ചെയ്യുന്നതിന്റെ യുക്തി ഈ വിമര്‍ശത്തിന്റെ വിഗ്രഹയുക്തിയാണെന്ന് മനസ്സിലാക്കാവുന്നതാണ്.

പ്രത്യഭിജ്ഞയും ശൈവദര്‍ശനവും
ശൈവദര്‍ശനങ്ങളിലെ മൗലികസിദ്ധാന്തങ്ങളെപ്പറ്റി പ്രതിപാദിക്കുന്നതാണ് സ്പന്ദശാസ്ത്രം. ആ സിദ്ധാന്തങ്ങളുടെ യുക്തിവിചാരമാണ് പ്രത്യഭിജ്ഞാശാസ്ത്രം. നിരവധി കൃതികള്‍ ഈ വിഷത്തില്‍ ഉടലെടുത്തിട്ടുണ്ട്. അഭിനവ ഗുപ്തന്റെ തന്ത്രാലോകം, പ്രത്യഭിജ്ഞാവിമര്‍ശിനി, പ്രത്യഭിജ്ഞാവിവൃതീ വിമര്‍ശിനി എന്നീ ഗ്രന്ഥങ്ങള്‍ ഇതില്‍ എടുത്തുപറയേണ്ടുന്നവയാണ്. പ്രത്യഭിജ്ഞാനം എന്നതിന് (പ്രതി+അഭി+ജ്ഞ) തിരിച്ചറിയുക എന്നാണര്‍ത്ഥം. ശൈവകാശ്മീരശൈവത്തിലെ വിമര്‍ശം തന്നെയാണ് ഈ പ്രത്യഭിജ്ഞ. കാശ്മീര രാജാവായ ലളിതാദിത്യന്റെ അഭ്യര്‍ത്ഥനപ്രകാരം മഹാരാഷ്ട്രയില്‍ നിന്നും കാശ്മീരത്തേക്കു പോയ നരസിംഹാചാര്യരുടെ മകനാണ് അഭിനവഗുപ്തന്‍. കാശ്മീരശൈവസിദ്ധാന്തങ്ങളുടെ ആധികാരിക ഗ്രന്ഥങ്ങള്‍ രചിച്ചത് അഭിനവ ഗുപ്തനാണ്. ആകയാല്‍ കാശ്മീര ശൈവം എന്ന സിദ്ധാന്തത്തിന്റെ വേരുകള്‍ വാസ്തവത്തില്‍ മധ്യഭാരതത്തിലാണെന്ന് മനസ്സിലാക്കേണ്ടിവരും. അതേസമയം ഒരു വിശിഷ്ട സിദ്ധാന്തമെന്ന നിലയില്‍ കാശ്മീരദേശത്ത് ശൈവസിദ്ധാന്തം പുഷ്ടിപ്രാപിക്കുകയും ചെയ്തു എന്നതാണ് വസ്തുത. ധ്യാനാത്മകമായ ആ മാര്‍ഗ്ഗം പല പ്രകാരേണയും ദക്ഷിണേന്ത്യയില്‍ അതിന്റെ നിലപാടുതറ ഉറപ്പിക്കുകയും അതിന്റെ ഭാഗമായുള്ള സ്വീകാര്യതാവിധിയില്‍ തത്തദ്പ്രാദേശികതകളുടെ ഉള്‍പ്പിരിവുകളെ സിദ്ധാന്തവത്കൃതമായി സ്വീകരിക്കുകയും ചെയ്തു എന്ന് മനസ്സിലാക്കാം. കേരളത്തിലെ ശാക്തേയ കാവുകളിലെ ആരാധനയും അതുമായി ബന്ധപ്പെട്ടുള്ള വിവിധങ്ങളായ വിധാനാചര്യാ പദ്ധതികളും ഈയൊരു സവിശേഷമായ ചിന്താപദ്ധതിയില്‍ നിന്നുവേണം മനസ്സിലാക്കിയെടുക്കേണ്ടത്.

പ്രകൃതി-പുരുഷന്‍-പ്രപഞ്ചം-മാതൃഭാവങ്ങള്‍
സൈന്ധവസംസ്‌കൃതിയുടെ കാലത്തുതന്നെ മാതൃ ആരാധനയ്ക്ക് പ്രാമുഖ്യമുണ്ടായിരുന്നുവെന്നതിന് തെളിവുകളുണ്ട്. മഹാശിലായുഗ അവശിഷ്ടങ്ങളില്‍ ത്രിശൂലങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്. രുദ്രാരാധനയുടെ തെളിവായി ഇതിനെ ഗണിച്ചെടുക്കാം. അതുപോലെ മെന്‍ഹിറുകള്‍ക്ക് സ്വയംഭൂലിംഗങ്ങളോടുള്ള സാദൃശ്യം, ഡോള്‍മനുകളിലെ കരിങ്കല്‍പ്പാളികള്‍ക്കുള്ള സ്വസ്തികാരൂപം എന്നിവ ശൈവബന്ധവും രേഖപ്പെടുത്തുന്നു. ഡോള്‍മനുകളുടെ പ്രവേശനകവാടം ഉത്തരാഭിമുഖമാണെന്നത് (Northen side) അവയുടെ ശാക്തേയാഭിമുഖ്യം വെളിവാക്കുന്നു. ഇതിന്റെയൊക്കെ പരിണാമമായിരുന്നു സംഘകാല സംസ്‌കൃതി (ബിസി-566-എഡി250). ഇതിന്റെ ആദ്യകാലങ്ങളിലെ ചോഴകാലഘട്ടത്തില്‍ രചിക്കപ്പെട്ട കലിംഗത്തുപ്പരണിയിലാണ് സപ്തമാതൃക്കളുടെ ആദിമ രൂപ മാതൃകകള്‍ എന്ന് പറയാവുന്ന ”ഏഴ് പെണ്‍കൊടികളെ വണങ്ങുന്നു” എന്ന പരാമര്‍ശം ആദ്യമായി കാണുന്നത്. പ്രാചീനകാര്‍ഷിക സമൂഹം അവരുടെ കാര്‍ഷികാഭിവൃദ്ധിയ്ക്കായിക്കൊണ്ട് പ്രകൃതിശക്തികളായ കാറ്റ്, മിന്നല്‍, ഇടി മുതലായ പ്രാകൃതികപ്രതിഭാസങ്ങളെ ആരാധിച്ചിരുന്നു. കാലക്രമേണ ഇവയുടെ പ്രതീകങ്ങളായുള്ള വസ്തുക്കളെ കല്‍പ്പിച്ച് ആരാധിച്ചുപോന്നു. കാലാന്തരത്തില്‍ പ്രകൃതിയും പുരുഷനും എന്ന രണ്ട് സംജ്ഞകള്‍ ഉടലെടുക്കുകയും പ്രകൃതിയെ പ്രപഞ്ചമായും പ്രപഞ്ചത്തെ മാതാവായും കല്‍പ്പിച്ച് പോരുകയും ചെയ്തു. അമൂര്‍ത്തമായ ആ കല്‍പ്പനകളുടെ മൂര്‍ത്തമായ ആവിഷ്‌കാരങ്ങളായിരുന്നു പ്രപഞ്ചമാതാവ് എന്നു വ്യാഖ്യാനിക്കാവുന്ന അമ്മ ദൈവങ്ങള്‍. അങ്ങനെയുള്ള മാതൃഭാവങ്ങളുടെ ബഹുരൂപിയായ ധ്യാനസങ്കല്‍പ്പങ്ങളായി പിന്നീട് ആ മൂലമാതൃകകള്‍ മാറി. ഇന്ന് കാണപ്പെടുന്ന സപ്തമാതൃക്കളുടെ ആരാധന ആ വഴികളിലൂടെ കടന്നുവന്നതാണെന്ന് നിസ്സംശയം പറയാം.

കേരളത്തിലെ സപ്തമാതൃ ആരാധന
കാശ്മീരില്‍ നിന്നും ഗുജറാത്ത് വഴി തമിഴ്‌നാട്ടിലെ മധുരാന്തകത്തിലെത്തിയതാണ് ശൈവാരാധനയുടെ ദക്ഷിണേന്ത്യന്‍ വഴികള്‍ എന്ന് സൈന്ധവഭാഷാവിദഗ്ദ്ധനും ഇന്‍ഡോളജിസ്റ്റുമായ ആസ്‌കോ പാര്‍പ്പോള അഭിപ്രായപ്പെട്ടിട്ടുണ്ട്. മധുരയിലെ പാണ്ഡ്യരാജവംശത്തിന്റെ കേരളനാട്ടിലേക്കുള്ള ആഗമനത്തോടെയാകാം സപ്തമാതൃകാരാധനയ്ക്ക് ഇവിടെ തുടക്കമായതെന്ന് ഊഹിക്കുന്നു. ഗോദരവിയുടെ (കോതരവി) കാലത്തെ തൃപ്രങ്ങോട്ട് ലിഖിതത്തില്‍ (എഡി 910) ‘മാതിരുക്കളുടെ നിവേദ്യത്തിന് അരിയുടെ അളവ്’ എന്ന പരാമര്‍ശം കൊണ്ട് ആയിരം വര്‍ഷങ്ങളുടെ പഴക്കമുള്ളതാണ് കേരളത്തിലെ സപ്തമാതൃ ആരാധന എന്ന് അനുമാനിക്കാം.

അശുമദ്‌ഭേദാഗമം, മാര്‍ക്കാണ്ഡേയ പുരാണം, മത്സ്യപുരാണം, അഗ്നിപുരാണം എന്നിവയിലൊക്കെ മാതൃക്കളെപ്പറ്റി വിവരിക്കുന്നുണ്ട്.

മാതൃതന്ത്രങ്ങളുടെ ഭേദാഭേദങ്ങള്‍
കേരളീയ തന്ത്രപദ്ധതികള്‍ ഉടലെടുത്ത നൂറ്റാണ്ടുകളില്‍ കേരളം ഭൂമിശാസ്ത്രപരമായി വേര്‍തിരിഞ്ഞിരുന്നില്ല. ദ്രാവിഡദേശത്തിന്റെ ഭാഗം തന്നെയായിരുന്നു ഇവിടവും. അതുകൊണ്ടുതന്നെ ദ്രാവിഡദേശങ്ങളുടെ പൊതുഭാവമായ ശൈവബന്ധം ഇവിടെ ഉടലെടുത്ത താന്ത്രികാരാധനാ സമ്പ്രദായങ്ങളിലും അതിന്റെ സ്വാധീനം ചെലുത്തി. ശൈവ-ശാക്തേയ സിന്ധാന്തങ്ങളുടെ പ്രവൃത്തി മാര്‍ഗ്ഗങ്ങളും നിവൃത്തിമാര്‍ഗ്ഗങ്ങളും ചിട്ടപ്പെടുത്തപ്പെട്ടു. ഔത്തരാഹമായ സമ്പ്രദായങ്ങളെക്കാളുപരി ദ്രാവിഡ ദേശപരമായ വിധാനങ്ങള്‍ക്കായിരുന്നു കേരളമുള്‍പ്പെട്ട പ്രദേശങ്ങളില്‍ പ്രചാരം. ധ്യാനയോഗങ്ങളേക്കാള്‍ മന്ത്രയോഗങ്ങള്‍ക്ക് പ്രാധാന്യം കൈവന്നു. അതിനനുഗുണമായ സാധനാപദ്ധതികളും ഗ്രന്ഥനിര്‍മ്മിതികളും ഉണ്ടായി. ബ്രഹ്മയാമളം, മാതൃസദ്ഭാവം, ശേഷസമുച്ചയം മുതലായ തന്ത്രപദ്ധതി ഗ്രന്ഥങ്ങളുടെ പശ്ചാത്തലം ഈയൊരു സവിശേഷമായ പരിസരത്തില്‍ വെച്ചു വേണം പരിചിന്തനം ചെയ്യേണ്ടത്.

കണ്ടെടുക്കപ്പെട്ട അഞ്ച് ബ്രഹ്മയാമള ഗ്രന്ഥങ്ങളില്‍ അഞ്ചും മാതൃതന്ത്രപ്രാധാന്യമുള്ളവയാണ്. ഇതില്‍ മൂന്ന് എണ്ണം ഉത്തരേന്ത്യന്‍ സമ്പ്രദായത്തിലുള്ളതും രണ്ട് എണ്ണം ദക്ഷിണേന്ത്യന്‍ സമ്പ്രദായത്തിലുള്ളതുമാണ്. ധ്യാനപ്രധാനമായ ഉത്തരേന്ത്യന്‍ പദ്ധതിയില്‍ ബാഹ്യമായ അനുഷ്ഠാനങ്ങള്‍ക്ക് പ്രാധാന്യമില്ല. ദക്ഷിണേന്ത്യയില്‍ കാണുന്നതുപോലുള്ള വിപുലമായൊരു ആരാധനാരീതി ഉത്തരേന്ത്യയില്‍ കാണുന്നില്ല. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ സാരം. അതേസമയം ഔത്തരാഹ സമ്പ്രദായത്തില്‍ വ്യക്തികേന്ദ്രീകൃതമായ സാധനാചര്യകളേക്കാള്‍ പൊതുവായൊരു കാര്യത്തിന്റെ സാധ്യത്തിനുവേണ്ടിയാണ് അവിടെ പ്രാധാന്യം. രാജ്യങ്ങളുടെ സുരക്ഷയ്ക്കും യുദ്ധവിജയങ്ങള്‍ക്കുമൊക്കെയാണ് അവിടെ ഇത്തരം മാതൃകാരാധനകള്‍ ഉപയോഗപ്പെടുത്തുന്നത്. തികച്ചും വിഭിന്നമാണ് ശക്ത്യാരാധനയുടെ ദക്ഷിണേന്ത്യന്‍ വഴികള്‍. കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും കേരളത്തിലും ശൈവ-ശാക്ത പദ്ധതികള്‍ക്കും അതിന്റെ പ്രവൃത്തികള്‍ക്കും ബഹുലമായതും വിപുലമായതുമായ സംവിധാനങ്ങള്‍ നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. അവയ്ക്കു മാത്രമായി ക്രിയാപദ്ധതികളും ഉടലെടുത്തു.

മാതൃസദ്ഭാവം
”യാമളാനി സമാലോച്യ
സ്വസാമര്‍ത്ഥ്യാനുരൂപത:
ജഗദ്ധിതായ ചാസ്മാഭി:
ക്രിയതേ സാരസംഗ്രഹ:”
(മാതൃസദ്ഭാവം)

രചയിതാവാരെന്നു തിട്ടമില്ലാത്ത മാതൃസദ്ഭാവം ശാക്തേയാനുഷ്ഠാനങ്ങളുടെ രീതിക്രമങ്ങളാണ് പ്രതിപാദിക്കുന്നത്. മാതൃക്കളുടെ വിധാനക്രമങ്ങള്‍, ഭദ്രകാളിപ്രതിഷ്ഠ, ശൂലപ്രതിഷ്ഠ എന്നിങ്ങനെയാണ് അതിലെ വിഷയങ്ങള്‍. അതേസമയം രുരുജിത് വിധാനത്തെപ്പറ്റി പ്രത്യേകമായി ഒന്നും തന്നെ പറയുന്നുമില്ല. ഔത്തരാഹക്രമമനുസരിക്കുന്ന ബ്രഹ്മയാമളത്തിലെ ചില ഭാഗങ്ങളുമായി സാദൃശ്യമുണ്ടുതാനും. ആ സമ്പ്രദായം പിന്തുടരുന്ന ചില ആരാധനാലയങ്ങളിലെ ബലിക്രിയാദികള്‍ക്ക് മാതൃസദ്ഭാവത്തിലെ ഗ്രാമബലിയ്ക്ക് സാദൃശ്യം പറയാം.

ശേഷസമുച്ചയം
തന്ത്രസമുച്ചയകാരന്റെ (ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്) മകനെന്നും ശിഷ്യനെന്നും പറയപ്പെടുന്ന ചേന്നാസ് ശങ്കരന്‍ നമ്പൂതിരിപ്പാടിനാല്‍ വിരചിതമായ ശേഷസമുച്ചയത്തില്‍ 14 (പതിനാല്) മൂര്‍ത്തികളുടെ പ്രതിഷ്ഠ, കലശാദി കാര്യങ്ങളാണുള്ളത്. അതില്‍ മൂന്ന് പടലങ്ങളിലായാണ് മാതൃക്കളുടെ ക്രിയകള്‍ പറഞ്ഞിരിക്കുന്നത്. രുരുജിത്ത് വിധാനമാണ് ഇതിന്റെ പ്രത്യേകത. രുരു എന്ന അസുരനെ ജയിച്ച ഭദ്രകാളിയാണ് രുരുജിത്ത്. ഈ രുരുജിത്തിന്റെ കൂടെ സപ്തമാതൃക്കളുടെ വിധാനം വിവിധക്രമങ്ങളില്‍ ഇതില്‍ പറഞ്ഞിരിക്കുന്നു. സാംഗം, സാംഗാന്തരം, നിരംഗം, ഭിന്നം എന്നിങ്ങനെയുള്ള വിധാനങ്ങള്‍ തികച്ചും കേരളീയമായൊരു പരിസരത്തില്‍ വിവരിച്ചിരിക്കുന്നത് ഇതിന്റെ പ്രത്യേകതായി എടുത്തു പറയാം. സപ്തമാതൃക്കളും വീരഭദ്രനും ഗണപതിയുമുള്‍പ്പെടുന്ന ഈ സമ്പ്രദായം ദ്രാവിഡ – കേരള ദേശത്തിന്റെ മാത്രം പ്രത്യേകതയാണ്. ആ രീതിയെപ്പറ്റി വിവരിക്കുന്നതിനു മുമ്പായി ഔത്തരാഹ (കാശ്മീര) ക്രമമനുസരിക്കുന്ന കേരളത്തിലെ 12 ശാക്തേയക്കാവുകളും അവയുടെ തത്വങ്ങളും പരിശോധിക്കേണ്ടതുണ്ട്. പ്രപഞ്ചതത്വങ്ങളുടെ ദ്വാദശ (12) ഭാവങ്ങളെ പ്രതിനിധീകരിക്കുന്ന ഈ സങ്കല്‍പ്പങ്ങള്‍ പ്രത്യഭിജ്ഞാദര്‍ശനത്തെ ഏതൊക്കെ വിധത്തില്‍ ക്രമവത്കരിക്കുന്നു എന്നതും കൂടിയാണ് അതിന്റെ ദ്വാദശഭാവതത്വങ്ങളുടെ ദേവീ (ശാക്തേയ) രൂപങ്ങള്‍
1. സൃഷ്ടികാളി (സൃഷ്ടി) Creation) þ (external world)
2. രക്തകാളി (സ്ഥിതി) (sustenance) þ (e – w)
3. സ്ഥിതിനാശകാളി (നാശം ക്രമരഹിതം) (Destruction) þ (e – w)
4. യാമകാളി (സൃഷ്ടി-സ്ഥിതി-സംഹാരം)(e – w)
5. സംഹാരകാളി (സൃഷ്ടി) (creation) þ (internal – world)
6. മൃത്യുകാളി (സ്ഥിതി) sustenance)  (I- w)
7. രുദ്രകാളി (നാശം-അന്ത്യം) (Destruction) þ (I – w)
8. മാര്‍ത്താണ്ഡകാളി (സൃഷ്ടി-സ്ഥിതി-സംഹാരം) (I – w)
9. പരമാര്‍ക്കകാളി (അഹം) (ലെഹള ‘ക’) -(self- ‘I’) þ (creation bargasikha)
10. കാലാനലരുദ്രകാളി (അഹം) (self- ‘I’) (sustenance)
11. മഹാകാലകാളി (അഹം)(self- ‘I’) (Destruction)
12. മഹാഭൈരവചണ്ഡോഗ്രോഗ്രകാളി (self- ‘I’) (Beyond States)

ഈ ഭാവങ്ങളിലുള്ള പ്രതിഷ്ഠകളുള്ള കേരളത്തിലെ ശാക്തേയകാവുകള്‍
1. പനയന്നാര്‍കാവ് (പത്തനംതിട്ട ജില്ല)
2. മുത്തൂറ്റ് കാവ് (പത്തനംതിട്ട ജില്ല)
3. കൊടുങ്ങല്ലൂര്‍കാവ് (തൃശ്ശൂര്‍ ജില്ല)
4. കൊടിക്കുന്ന കാവ് (പാലക്കാട് ജില്ല)
5. വളയനാട് കാവ് (കോഴിക്കോട് ജില്ല)
6. പിഷാരികാവ് (കോഴിക്കോട് ജില്ല)
7. കളിയാംവള്ളി (കോഴിക്കോട് ജില്ല)
8. തിരുവഞ്ചേരി കാവ് (കണ്ണൂര്‍ ജില്ല)
9. മാമാനത്ത് കാവ് (കണ്ണൂര്‍ ജില്ല)
10. കളരിവാതുക്കല്‍ കാവ് (കണ്ണൂര്‍ ജില്ല)
11. മാടായിക്കാവ് (കണ്ണൂര്‍ ജില്ല)
12. മന്നംപുറത്ത് കാവ് (കാസര്‍കോട് ജില്ല)

കാശ്മീര ശൈവ-ശാക്തേയ പാരമ്പര്യത്തിലുള്ള കാലസങ്കര്‍ഷിണീവിദ്യ, മഹാര്‍ത്ഥ (ക്രമപാരമ്പര്യം) എന്നീ പാരമ്പര്യപ്രകാരമുള്ള ആരാധനാസമ്പ്രദായങ്ങള്‍ ദ്രാവിഡ പാരമ്പര്യത്തിലുള്ള ശൈവ/ശാക്തേയ സമ്പ്രദായങ്ങളുമായി സംയോജിപ്പിച്ചുകൊണ്ടുള്ളൊരു ആരാധനാവഴക്കങ്ങളാണ് ഈ കാവുകളിലൊക്കെ നടക്കുന്നത്. അതില്‍ പലതും മധ്യമ (മധു, മാംസാദിനിവേദ്യങ്ങള്‍) സമ്പ്രദായത്തിലുളളതാകയാല്‍ പിടാരര്‍ /മൂസ്സത് എന്ന വിഭാഗക്കാരാണ് ഇവിടുത്തെ അര്‍ച്ചകര്‍. ‘അടികള്‍’ എന്ന വിഭാഗത്തിലുള്ളവരും അര്‍ച്ചകരായുണ്ട്. ഭട്ടാരകന്‍ എന്ന പദത്തിന്റെ മലയാളരൂപമാണ് പിടാരകന്‍ അഥവാ പിടാരന്‍ എന്നത്. മലയാള ബ്രാഹ്മണരായ നമ്പൂതിരിമാരിലെ പതിത്വം വന്നവരുടെ പിന്‍ തലമുറക്കാരാണ് മൂത്തത് എന്ന മൂസതും അടികളും. ചില കാവുകളില്‍ മൂസ്സതുമാരാണ് അര്‍ച്ചകരെങ്കിലും ഉത്തമ സമ്പ്രദായത്തിലുള്ള പൂജകളും നടക്കുന്നു.

ശൈവതത്വത്തിന്റെ പഞ്ചതത്വമായ സൃഷ്ടി, സ്ഥിതി, സംഹാരം, ത്രിഭാവം (ഇതു മൂന്നും കൂടിയത്) അനുഗ്രഹം എന്നിങ്ങനെയുള്ളതിന്റെ ബാഹ്യവും(external) ആന്തരികവുമായ (internal)) ഭാവത്തിന്റെ ബഹുരൂപിയായ ധ്യാനപ്രകാരങ്ങളാണ് ഈ ദ്വാദശമൂര്‍ത്തികള്‍ പ്രതിനിധാനം ചെയ്യുന്നതെന്ന് മനസ്സിലാക്കിക്കൊണ്ട് ആ ദ്വാദശഭാവങ്ങളുടെ അര്‍ത്ഥം വഹിക്കുന്ന സപ്ത മാതൃക്കളുടെ കേരളീയ വിധാനക്രമങ്ങളെപ്പറ്റിയും അതിലെ പ്രധാനമായ രുരുജിത്ത് വിധാനങ്ങളെപ്പറ്റിയും ഇനി ചിന്തിക്കാം.

രുരുജിദ്വിധാനം – ബഹുരൂപിയായ ധ്യാനങ്ങള്‍
”സ്യാല്‍ പ്രാഗാസ്യ: സ്വതന്ത്ര: സമരജിദിഹ പുരോദക്ഷിണേ പശ്ചിമാസ്യാ ചാമുണ്ഡാസ്യാച്ച ഭിന്നാനമുചിരി പുദിഗാസ്യാ നിരംഗൈവാഥ ദേവസ്യാ സ്യാസ്തു വായാമ്യദിശി ശശിദിഗാസ്യാ ജനന്യോപിസാംഗാ സ്തല്‍ പ്രാക് സാ വേഹ സാംഗാനലദിശി നിഖിലാ മാതരോവേഹ ഭിന്നാ:” (ശേഷസമുച്ചയം – 7-2)

കാശ്മീരിലും വംഗദേശത്തും കാളിയായി ആരാധിച്ചുവരുന്ന ദേവീഭാവത്തെ ‘രുരുജിത്ത്’ ആയി (രുരു എന്ന അസുരനെ ജയിച്ചവള്‍) സങ്കല്‍പ്പിച്ച് സപ്തമാതൃക്കളോടുകൂടി വിവിധങ്ങളായ വിധാനങ്ങളില്‍ ഭൈരവശിവസമേതയായും അല്ലാതെയും ആരാധിക്കുന്ന സമ്പ്രദായം കേരളത്തിലെ ശാക്തേയാരാധനയുടെ മാത്രം പ്രത്യേകതയാണ്. ‘രുരുജിദ്വിധാനം’ എന്ന് വ്യവഹരിക്കപ്പെടുന്ന ഈ അതിവിശിഷ്ടമാര്‍ഗ്ഗത്തിന് കാശ്മീരശൈവ മാര്‍ഗ്ഗത്തിലെ കാലസങ്കര്‍ഷണി, മഹാര്‍ത്ഥാ എന്നീ സാധനാക്രമങ്ങളുമായി സാദൃശ്യം അവകാശപ്പെടാം. ദേവിയുടെ ദ്വാദശഭാവപ്രധാനമായ സങ്കല്‍പ്പങ്ങളുടെ ബഹിര്‍യാഗകേന്ദ്രങ്ങളായ ശാക്തേയക്കാവുകളില്‍ പലതിലും ഈ വിധാനക്രമമാണ് അനുസരിക്കുന്നത്. അതില്‍ തിരുമാന്ധാംകുന്നില്‍ മാത്രമായി ചില പ്രത്യേകതകളുമുണ്ട്. രജഃസ്തമോഗുണപ്രധാനമായ കൗളാചാരസപര്യകള്‍ പിന്തുടരുന്ന കാവുകളില്‍ മധ്യമസമ്പ്രദായത്തിലുള്ള പൂജകള്‍ നടക്കുന്നുവെങ്കില്‍, പ്രാചീനകാലത്ത് ഈ രീതി ഉണ്ടായിരുന്നുവെന്ന് ഐതിഹ്യമുള്ള തിരുമാന്ധാംകുന്നത്ത് നമ്പൂതിരിമാരുടെ സാത്വിക രീതിയിലുള്ള പൂജകള്‍ നടന്നുവരുന്നു. കാമേശ്വരന്‍ ദേവതയായ സമയാചാരമാണ് (ഹാദിവിദ്യ) കേരളത്തിലെ രുരുജിദ്വിധാനത്തില്‍ പിന്തുടരുന്നത് എന്നിരിക്കിലും അന്തര്‍യാഗപ്രധാനമായ സമയാചാരപദ്ധതിയുടെ അദ്വൈതഭാവത്തെ കൗളാചാരപദ്ധതിയായ (കാദിവിദ്യ) ബഹിര്‍യാഗങ്ങളുടെ ക്രിയാപദ്ധതികളുമായി സമരസപ്പെടുത്തിയുള്ള മിശ്ര സമ്പ്രദായമാണ് ഈ സങ്കല്‍പ്പത്തിന്റെ പ്രവൃത്തിമാര്‍ഗ്ഗം. ”ഇച്ഛാശക്തി ക്രിയാശക്തി ജ്ഞാനശക്തി സ്വരൂപിണി” എന്ന് ലളിതാസഹസ്രനാമത്തില്‍ ജഗദാംബികയായ ആദിപരാശക്തിയെ സ്തുതിക്കുന്നുണ്ട്. ഈ ത്രികത്തെ പരമശിവന്റെ വലതുകയ്യിലുള്ള ശൂലത്തിന്റെ രൂപത്തില്‍ അധ്യാരോപിക്കുമ്പോള്‍ പ്രകാശാത്മാവും അഹംവിമര്‍ശവുമായ പരമശിവതത്വം അഥവാ; ‘പരാവാക്’ എന്ന് സംജ്ഞയുള്ള അഹം വിമര്‍ശാത്മകമായ ശക്തി വിമര്‍ശരൂപിണിയായി പരിവര്‍ത്തനപ്പെടുന്നു.


സപ്തമാതൃക്കളുടെ തത്വപ്രതിനിധാനം (ശേഷസമുച്ചയപദ്ധതി)
1. ബ്രാഹ്മി – സൃഷ്ടി
2. മാഹേശ്വരി – സംഹാരം
3. കൗമാരി – ജ്ഞാനം – ഗുരു
4. വൈഷ്ണവി – സ്ഥിതി
5. വാരാഹി – ചലനം, അന്വേ ഷണം
6. ഇന്ദ്രാണി – ഭോഗം, ഇഷ്ടപൂര്‍ത്തി, കാമം (കുണ്ഡലിനി)
7. ചാമുണ്ഡി – ആനന്ദം, ശുദ്ധബോധസ്വരൂപം. (ഉത്ഥിതമായ കുണ്ഡലിനി)

ഇതിന്റെ കൂടെ ഭൈരവശിവന്‍, ക്ഷേത്രപാലന്‍, ദുര്‍ഗ്ഗാവടു (വടുകഭൈരവന്‍), വീരഭദ്രന്‍, ഗണപതി എന്നീ പഞ്ചമൂര്‍ത്തികള്‍ വിവിധ വിധാനേന സംയോജിക്കപ്പെടുമ്പോള്‍ ദ്വാദശഭാവ പ്രധാനമായ സൃഷ്ടികാള്യാദി… മഹാ ഭൈരവചണ്ഡോഗ്രോഗ്രകാളീ സങ്കല്‍പ്പങ്ങളുടെ കേരളീയ മാതൃതന്ത്രപദ്ധതി കാശ്മീരശൈവപദ്ധതിയിലെ തത്വരൂപാത്മക പ്രാതിനിധ്യങ്ങളുമായി ഏകീഭാവം പ്രാപിക്കുന്നുവെന്ന് കൃത്യമായി മനസ്സിലാക്കാം. ഈശ്വരപ്രത്യഭിജ്ഞ (ഉത്പലാചാര്യന്‍) എന്ന തത്വനിരൂപണത്തിന്റെ അന്തഃസ്സത്തയും അതു തന്നെയാകുന്നു.

വിധാനങ്ങള്‍/ക്ഷേത്രഘടന
കേരളത്തിനു പുറമെയുള്ള സപ്തമാതൃക്കളുടെ വിധാനം മാതൃക്കളുടെ പ്രതിഷ്ഠ മാത്രമായിട്ടാണ് ഉള്ളത്. കേരളനാട്ടില്‍ അത് പലപ്രകാരേണയുണ്ട്. ശ്രീചക്രപ്രതിഷ്ഠ വിശേഷമായിട്ടുള്ള വിധാനങ്ങളുമുണ്ട്.
വിധാനങ്ങള്‍ – ബഹുവേരാദി…
1. സമ്മുഖമായി ദ്വാസ്ഥാദി സകലപരിവാരങ്ങളോടും പഞ്ചപ്രാകാരങ്ങളോടും കൂടിയുള്ള പ്രതിഷ്ഠകള്‍ (വിധാനം) സ്വതന്ത്രകം. ഞലള. (ശേഷസമുച്ചയം – 6-97)
2. പ്രധാനപ്രതിഷ്ഠയ്ക്ക് അഭിമുഖമായി മണ്ഡപവും ദ്വാസ്ഥാദികളുമില്ലാതെയുള്ളത് സാംഗം (ശേ.സ: -6-104)
3. സമ്മുഖമായി ദ്വാസ്ഥാദി സകല പരിവാരങ്ങളോടും പഞ്ചപ്രാകാരങ്ങളോടും കൂടി ഇരിക്കുന്നതും ഹാരകള്‍ തമ്മില്‍ ഇടകലര്‍ന്ന് വരുന്നത് സാംഗാന്തരം (ശേഷസമുച്ചയം-6-106)
4. കിഴക്ക് ദര്‍ശനമായ പ്രധാനപ്രതിഷ്ഠയ്ക്ക് സമ്മുഖമായി മണ്ഡപവും ദ്വാസ്ഥാദികളും കൂടിയോ, കൂടാതെയോ പ്രതിഷ്ഠിക്കുന്നത് നിരംഗം (6-108-ശേ.സ)
5. കിഴക്ക് ദര്‍ശനമായ ദേവന്റെ മുന്നില്‍ വടക്ക് ദര്‍ശനമായി സകലപരിവാരങ്ങളോടും കൂടി സാംഗമായ ദേവന്‍ പ്രതിഷ്ഠിക്കപ്പെടുകയും പ്രധാനദേവന്റെ പിന്നില്‍ മണ്ഡപം ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ സാംഗമായ ദേവന്‍ ഭിന്നം (ശേ.സ-7-1)
6. രുരുജിദ്വിധാനം
ശിവന്‍ കിഴക്ക് ദര്‍ശനമായി സ്വതന്ത്രനായും ചാമുണ്ഡശിവന്റെ വലത്തു പടിഞ്ഞാറ് ദര്‍ശനമായി ഭിന്നമായും മാതൃക്കള്‍ ശിവന്റെ തെക്കുവശത്ത് വടക്കുദര്‍ശനമായി സാംഗമായും ഭവിക്കും. (ശേ. സ – 7 – 2)
7. ശിവന്‍ കിഴക്ക് ദര്‍ശനമായി സ്വതന്ത്രനായും, ചാമുണ്ഡ ശിവന്റെ വലത്തു പടിഞ്ഞാറ് ദര്‍ശനത്തോടെ ഭിന്നമായും മാതൃക്കള്‍ ശിവന്റെ തെക്കുവശത്ത് വടക്കു ദര്‍ശനമായി ചാമുണ്ഡയുടെ സാംഗമായും ഭവിക്കും. (ശേ. സ-7-2.) (മാതൃസത്ഭാവം)
8. കിഴക്ക് ദര്‍ശനമായിട്ടുള്ളതില്‍ പടിഞ്ഞാറോട്ട് അഭിമുഖമായി ഭിന്നയായിട്ടുള്ള രുരുജിത്ത്. പുര്‍വ്വാഭിമുഖമായി നിരംഗമായിട്ടും ആവാം. മാതൃസദ്ഭാവപ്രകാരം ശിവന്റെ അഗ്നികോണില്‍ മാതൃക്കള്‍ ഭിന്നകളായിട്ടും വിധാനമുണ്ട്. (ശേ. സ-7-2) (മാതൃസദ്ഭാവം).
9. ശിവന്‍ കിഴക്കുദര്‍ശനമായി സ്വതന്ത്രനായും ചാമുണ്ഡശിവന്റെ വലത്ത് പടിഞ്ഞാറ് ദര്‍ശനമായും ഭിന്നമായും മാതൃക്കള്‍ ചാമുണ്ഡയുടെ തെക്കുവശത്ത് പടിഞ്ഞാറ് ദര്‍ശനമായി ഭിന്നമായും ഭവിക്കും. (ശേ.സ 7-2)
10. ശിവന്‍ പടിഞ്ഞാറ് ദര്‍ശനമായി സ്വതന്ത്രനായും ചാമുണ്ഡശിവന്റെ ഇടത്ത് പിന്നില്‍ പടിഞ്ഞാറ് ദര്‍ശനമായി ഭിന്നമായും, മാതൃക്കള്‍ ശിവന്റെ ഇടത്ത് മുന്നില്‍ കിഴക്ക് ദര്‍ശനമായി നിരംഗമായും ഭവിക്കും (ശേ.സ 7-2)
11. കിഴക്ക് ദര്‍ശനമായി സ്വതന്ത്രനായ ശിവന്‍, കിഴക്ക് വടക്ക് ദര്‍ശനമായി ഭിന്നയായ ചാമുണ്ഡ, തെക്ക് വശത്ത് വടക്ക് ദര്‍ശനമായി മാതൃക്കള്‍ ശിവന്റെ സാംഗമായും ഭവിക്കും (ശേ.സ 7-2)
12. രുരുജിത്ത് വിധാനത്തില്‍ തന്നെ; ശിവന്‍ കിഴക്ക് ദര്‍ശനമായി സ്വതന്ത്രനായും ചാമുണ്ഡമാതൃക്കളുടെ കിഴക്ക് ദര്‍ശനമായി നിരംഗമായും മാതൃക്കള്‍ ശിവന്റെ തെക്കുവശത്ത് വടക്ക് ദര്‍ശനമായി ശിവന്റെ സാംഗമമായും ഭവിക്കും. (ശേ.സ 7-2)
13. ശിവന്‍ കിഴക്ക് ദര്‍ശനമായി സ്വതന്ത്രനായും ചാമുണ്ഡ ശിവന്റെ വലത്ത് കിഴക്ക് ദര്‍ശനമായി നിരംഗമായും മാതൃക്കള്‍ ചാമുണ്ഡയുടെ തെക്കുവശത്ത് വടക്കുദര്‍ശനമായി ചാമുണ്ഡയുടെ തന്നെ സാംഗമായും ഭവിക്കും. (ശേ.സ 7-2)

ഉപസംഹാരം
ജീവന്റെ ആന്ത്യതികലക്ഷ്യം മോക്ഷം എന്ന പരമപദപ്രാപ്തിയാകുന്നു. ആണവ മലം, മായികമലം, കാര്‍മ്മികമലം എന്നീ മായാവരണങ്ങള്‍ പ്രസ്തുത ജീവിതത്തെ പൊതിഞ്ഞിരിക്കുന്നു. പ്രത്യഭിജ്ഞാനുഭവത്തിന്റെ അഹം വിമര്‍ശാത്മകബോധം ഈ ആവരണങ്ങളെ ഭേദിക്കുകയും ‘മോക്ഷം’ എന്ന ആനന്ദാനുഭവത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ”മോക്ഷോഹിനാമനൈവാന്യ: സ്വരൂപപ്രഥനം തത്” എന്ന് ക്ഷേമരാജന്‍ പ്രത്യഭിജ്ഞാഹൃദയത്തില്‍ പറയുന്നു. ശുദ്ധമായ ഈ അഹം വിമര്‍ശത്തിലേക്കുള്ള യാത്രയെ ആനന്ദാനുഭവമാക്കുവാന്‍ പ്രത്യഭിജ്ഞ സഹായിക്കുന്നു. അതുതന്നെയാണ് ജഗദാനന്ദം എന്ന പരമാനന്ദം എന്ന് ശൈവ, കാശ്മീര ശൈവ സിദ്ധാന്തങ്ങള്‍ അടിവരയിട്ടു പറയുന്നു. അതിന്റെ സാധനാപഥങ്ങളുടെ പ്രത്യക്ഷപ്രമാണങ്ങളാണ് ക്രമകാല (കാളി) സാധനകള്‍. ആ ക്രമപാരമ്പര്യത്തിന്റെ ദ്രാവിഡ/കേരളീയ മാര്‍ഗ്ഗമാണ് സപ്തമാതൃക്കളുടെ ആരാധനകള്‍. വിവിധ വിധാനങ്ങളിലുള്ള ഈ ക്രിയാപദ്ധതി സര്‍വ്വോത്കര്‍ഷവും ജഗദാനന്ദാനുഭവസംബന്ധിയുമായൊരു സപര്യാപദ്ധതിയത്രെ.

Reference
1. Jathunath sinha – A history of Indian Philosohy Vol.3 – Sinha Publishing _ Culcutta – 1971
2. Madhvacharia – Saravadarsana Samgraha (1978) Bandarker, Orientel Research Institute – Pune.
3. Kshemaraja – Prathyabinha Hridaya ed:Jaidev Sing. Mothilal Banarsi Das Varanasi (1977)
4. Abhinava Gupta – Tantraloka (3 Vol.) 2001 Chaukamba Sanskrit Series _ Varanasi
5. Masson Santarasa and Abhinava Gupta’s Philosophy of Asthetics. (1969)
6. Bhandarcar oriental Research Institute pune, Maheswaran Battathirippadu – Sesasamuccaya – (Mal) ed: Kalpuzha Divakaran Namboothiripadu. Tantra Vidya Peeth – Aluva (2000)
7. രുരുജിദ്വിധാനവും ബഹുവേരവിധികളും – തന്ത്രവിദ്യാപീഠം -ആലുവ (2017)
8. കേരളീയ തന്ത്രപാരമ്പര്യം – (2018) ഡോ.എസ്.എ.എസ്. ശര്‍മ്മ, ഡോ.ടി.എസ്.ശ്യാംകുമാര്‍. ഇന്ത്യാബുക്‌സ് – കോഴിക്കോട്
9. തന്ത്രനിഘണ്ടു (2007)- സുധീഷ് നമ്പൂതിരി കറന്റ് ബുക്‌സ്, കോട്ടയം.
10. ലളിതാസഹസ്രനാമം – വ്യാഖ്യാനം – കണ്ടിയൂര്‍ മഹാദേവശാസ്ത്രികള്‍ – ദേവീബുക്സ്റ്റാള്‍ – കൊടുങ്ങല്ലൂര്‍ (1995)

Tags: കാശ്മീരശൈവസപ്തമാതൃക്കള്‍
ShareTweetSendShare

Related Posts

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

ഭാരതത്തെ ഇസ്ലാമികരാഷ്ട്രമാക്കാന്‍ പദ്ധതി തയ്യാറാക്കിയവര്‍

അഷ്ടാംഗയോഗം (സ്വാമി വിവേകാനന്ദന്‍ – ആധുനിക യോഗയുടെ പ്രചാരകന്‍ തുടര്‍ച്ച)

കൊട്ടിയൂരിലെ മഴമഹോത്സവം

ജനാധിപത്യ ധ്വംസനത്തിന് അമ്പതാണ്ട്

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

Shopping Cart

Latest

രാഷ്ട്ര സേവികാ സമിതി അഖിലഭാരതീയ ബൈഠക്കിന് തുടക്കം

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies