(ബാളാസാഹബ് ദേവറസ്ജി സര്‍കാര്യവാഹ് ആയിരിക്കെ,1965ല്‍ കുരുക്ഷേത്രയില്‍ വെച്ച് കാര്യകര്‍ത്താക്കളുടെബൈഠക്കില്‍ നടത്തിയ ബൗദ്ധിക്ക്)
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റേത് ഒരുപൊതുപ്രവര്‍ത്തനമാണ്. സാഹചര്യങ്ങള്‍ അനുസരിച്ച് ഈ കാര്യപദ്ധതിയില്‍ അല്പസ്വല്പം മാറ്റങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. പരിതഃസ്ഥിതികള്‍ മാറുന്നതനുസരിച്ച് സംഘത്തിന്റെ ആശയങ്ങള്‍ അവതരിപ്പിക്കുന്ന രീതിയിലും മാറ്റമുണ്ടാകും. അതുകൊണ്ട്, ചില പദ്ധതികളില്‍ മാറ്റം ഉണ്ടായി എന്ന കാരണത്താല്‍ സംഘത്തെക്കുറിച്ച് എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടാകരുത്. 1940ന് മുമ്പും അതിനുശേഷവും നല്‍കിയ ഉദാഹരണങ്ങളില്‍ വ്യത്യാസം ഉണ്ടാകുമെങ്കിലും അടിസ്ഥാനപരമായ ചിന്ത മാറ്റമില്ലാത്തതും സമാനതകള്‍ കൊണ്ട് പരിപൂര്‍ണവുമാണ്.
ഹിന്ദു സമാജത്തെ സംഘടിതവും ശക്തിശാലിയുമാക്കിത്തീര്‍ക്കുക എന്നതാണ് സംഘത്തിന്റെ ഉദ്ദേശ്യം. ഇത് അമൂര്‍ത്തമായ (abstract) ഒരു ചിന്തയാണ് എന്ന കാരണത്താല്‍ മനസ്സിലാക്കാന്‍ അല്പം ബുദ്ധിമുട്ട് തോന്നും. ഇതിനോട് താരതമ്യം ചെയ്യുമ്പോള്‍, രണ്ടോ നാലോ വര്‍ഷങ്ങള്‍ക്കകം പെട്ടെന്ന് (immediately നേടാവുന്ന (ഭാരതത്തില്‍ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുക എന്ന പോലത്തെ) ലക്ഷ്യത്തെക്കുറിച്ച് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. സംഘത്തിന്റെ ലക്ഷ്യം അല്പം കഠിനമാണ് എന്ന് തോന്നുന്ന കാരണത്താല്‍ തന്നെ സംഘപ്രവര്‍ത്തനം എത്രകാലം ചെയ്യേണ്ടിവരുമെന്ന സംശയം ഉണ്ടാകും. കൂടാതെ, നമ്മുടെ ശക്തിയുടെ സ്വരൂപം എന്താണ്? അതെത്രയുണ്ട്? തുടങ്ങിയ സംശയങ്ങളും ഉണ്ടാകും.
ഇത് മനസ്സിലാക്കാന്‍ നമുക്ക് സംഘത്തിന്റെ ആത്യന്തികലക്ഷ്യത്തെ കുറിച്ച് ചിന്തിക്കേണ്ടി വരും. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ലക്ഷ്യം ഹിന്ദുസമാജത്തെ ശക്തിസമ്പന്നമാക്കിത്തീര്‍ക്കുക എന്നതാണ്. ഈ ശക്തി സ്വാഭാവികമായ രീതിയില്‍ സമാജത്തില്‍ എക്കാലവും നിലനില്‍ക്കണമെന്നതാണ് സംഘത്തിന്റെ ആഗ്രഹം. ഏതെങ്കിലും ഒരു സംഘടന പുറത്തുനിന്ന് എപ്പോഴും സമാജത്തെ സുരക്ഷിതമാക്കി വെക്കുന്ന സ്ഥിതിവിശേഷം ഉചിതമല്ല. ഒരു പ്രത്യേക രീതിയില്‍ ജീവിക്കുന്ന വ്യക്തികളുടെ സമൂഹത്തെയാണ് സമാജമെന്ന് പറയുന്നത്. ഏതെങ്കിലും തരത്തിലുള്ള വ്യക്തികളുടെ കൂട്ടം അല്ലെങ്കില്‍ സിനിമാശാലയിലെ ആള്‍ക്കൂട്ടം സമാജമെന്ന് പറയപ്പെടുന്നില്ല. സമാജമെന്ന സംജ്ഞക്ക് അര്‍ഹമാകണമെങ്കില്‍ വിശിഷ്ടമായ രീതിയില്‍ ജീവിക്കുന്ന വ്യക്തികള്‍ക്കിടയില്‍ ഒരു സ്വാഭാവികമായ വ്യവസ്ഥ ഉണ്ടാകേണ്ടത് ആവശ്യമാണ്. കാരണം അത്തരമൊരു വ്യവസ്ഥയില്‍ മാത്രമായിരിക്കും സമാജത്തിന്റെ യഥാര്‍ത്ഥ ശക്തി നിഹിതമായിരിക്കുക. സമാജത്തില്‍ ഇത്തരത്തിലുള്ള ശക്തി ജാഗ്രത്താകുമ്പോള്‍ മാത്രമേ സമാജം നേരിടുന്ന ഓരോ പ്രശ്‌നങ്ങള്‍ക്കും പ്രതിവിധി കണ്ടെത്താനുള്ള സന്നദ്ധത സമാജത്തിന് സ്ഥിരമായി ഉണ്ടാകൂ. സമാജത്തില്‍ സ്വാഭാവികമായ ഈ ശക്തി ഉണര്‍ത്തുന്ന പ്രവര്‍ത്തനമാണ് സംഘം നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, ‘സൂര്യചന്ദ്രന്മാര്‍’ നിലനില്‍ക്കുന്നിടത്തോളം കാലം ഈ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കും എന്ന ധാരണ ഇതിനു പിന്നിലില്ലെന്ന് ഉറപ്പായും പറയാം.
അടുത്തതായി ഉയരുന്ന പ്രശ്‌നം, ഇതെങ്ങനെ സാധ്യമാകും എന്നതാണ്. രണ്ടാം ലോകമഹായുദ്ധ കാലത്തെ ഇംഗ്ലണ്ടിന്റെ ഉദാഹരണം ഈ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിക്കൊണ്ട് ദിശപ്രദാനം ചെയ്യുന്നതാണ്. മഹായുദ്ധത്തിന്റെ പിടിയിലകപ്പെട്ട് ഫ്രാന്‍സ്, പോളണ്ട് മുതലായ രാജ്യങ്ങള്‍ അല്പദിവസങ്ങള്‍ക്കകം തന്നെ തകര്‍ന്നടിഞ്ഞു. ഇംഗ്ലണ്ടും അതിന്റെ ആയുധങ്ങളെല്ലാം പെറുക്കിയെടുത്ത് ഡണ്‍കിര്‍ക്കില്‍ നിന്നും പലായനം ചെയ്തു. ഇംഗ്ലണ്ട് ഉടന്‍ ഇല്ലാതാകും എന്ന പ്രതീതിയാണ് ഉണ്ടായിരുന്നത്. അവര്‍ ജര്‍മ്മനിയുമായി ഉടമ്പടിയില്‍ ഏര്‍പ്പെടും എന്നതായിരുന്നു വലിയ വലിയ ആളുകളുടെ അനുമാനം. ഫ്രാന്‍സിന്റെ പതനത്തിനു ശേഷം, 1940ല്‍ മാര്‍ഷല്‍ പേതമും മാര്‍ഷല്‍ ഡേബിനും ജര്‍മനിയുമായി സന്ധിചെയ്തിരുന്നു. പക്ഷെ, 1945ല്‍ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ അവരുടെ പേരില്‍ ദേശദ്രോഹ കുറ്റത്തിന് നിയമനടപടികള്‍ സ്വീകരിച്ചു. അവര്‍ക്ക് ഈ വിജയം എങ്ങനെയാണ് കൈവരിക്കാനായത്? അവരുടെ വിജയകാരണം നിരന്തരമായ പ്രവര്‍ത്തനമായിരുന്നു. ”സ്വയം സഹായിക്കുന്നവനെ ഈശ്വരന്‍ സഹായിക്കുന്നു” (God helps those who help themselves) എന്നൊരു ചൊല്ല് തന്നെയുണ്ട്. ഇംഗ്ലണ്ടിന്റെ വിജയത്തിന് ഒരുപക്ഷെ പല കാരണങ്ങളും സഹായകമായിരുന്നിട്ടുണ്ടാകാം. എന്നാല്‍ പ്രമുഖമായ കാരണം അവരുടെ സാഹസികതയും ദൃഢനിശ്ചയവും പരിശ്രമവും തന്നെയാണ്. അനേകം ആളുകള്‍ ഇതിന്റെ ബഹുമതി ചര്‍ച്ചിലിന് ചാര്‍ത്തിക്കൊടുക്കാറുണ്ട്. എന്നാല്‍, ഇത് ശരിയല്ല. വിജയം കൈവരിച്ച ശേഷം എല്ലാ സംഘടനകളും സംയുക്തമായി ചര്‍ച്ചിലിനെ ആദരിക്കാന്‍ വേണ്ടി ഒരു സല്‍ക്കാരം നടത്തി. ക്ലമന്റ് ആറ്റ്‌ലിയേപ്പോലുള്ള പ്രമുഖ നേതാക്കന്മാര്‍ ചര്‍ച്ചിലിനെ അഭിസംബോധന ചെയ്തുകൊണ്ട് ”അങ്ങ് ഇംഗ്ലണ്ടിന്റെ സിംഹമാണ്” (You are the Lion of England) എന്നാണ് പറഞ്ഞത്. എന്നാല്‍, അഹങ്കാരിയും മഹത്വകാംക്ഷയില്‍ താല്പര്യമുള്ള വ്യക്തിയുമായിരുന്നിട്ടും ചര്‍ച്ചില്‍ മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു. ”ഒരിക്കലുമല്ല! നിങ്ങളെല്ലാമാണ് സിംഹങ്ങള്‍! നിങ്ങളുടെ ശക്തിയില്‍ ഞാന്‍ സിംഹഗര്‍ജ്ജനം നടത്തിയെന്ന് മാത്രം (No. I am not the lion you are all lions, I simply roared for you.)
രാഷ്ട്രത്തിന്റെ മഹത്വം സാമാന്യ ജനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്
ഇംഗ്ലീഷുകാരന്റെ സ്വത്വത്തില്‍ ഒളിഞ്ഞിരിക്കുന്ന ശക്തിക്ക് അവകാശപ്പെട്ടതാണ് അവരുടെ വിജയത്തിന്റെ എല്ലാ ബഹുമതിയും. യുദ്ധകാലത്ത് അവരുടെ മേല്‍ നിത്യവും ബോംബുവര്‍ഷം നടന്നിരുന്നു. അവരുടെ വീടുകള്‍ തകര്‍ന്നിരുന്നു. ജനങ്ങള്‍ കിടങ്ങുകളിലാണ് അന്തിയുറങ്ങിയിരുന്നത്. അവര്‍ക്ക് അഞ്ചോ ആറോ വര്‍ഷം അത്യന്തം ദുര്‍ഘടമായ ജീവിതം നയിക്കേണ്ടിവന്നു. എന്നാല്‍, ആരും തന്നെ ആത്മസമര്‍പ്പണത്തെയോ ശരണാഗതിയേയോ കുറിച്ച് നേരിയ ശബ്ദംപോലും ഉയര്‍ത്തിയില്ല. സമ്പൂര്‍ണ സമാജവും ഓരോ ആഹ്വാനവും പൂര്‍ത്തീകരിക്കാനായി അവരുടെ സര്‍വശക്തിയും വിനിയോഗിച്ചു. അങ്ങനെ അവര്‍ ബുദ്ധിമുട്ടുകളെ വിജയപൂര്‍വ്വം നേരിട്ടു. അതുകൊണ്ട്, ഏതൊരു സമാജമാണോ സ്വാഭാവികമായി ശക്തിശാലിയും സാഹസിയുമായത് അതിനുമാത്രമേ സ്വയം സുരക്ഷിതമായി നിലനില്‍ക്കാനാവൂ. സമാജത്തിന് സ്വാഭാവികമായ ഈ അവസ്ഥ നേടാന്‍ കഴിയാത്തിടത്തോളം കാലം അതിന്റെ ആന്തരികവും ബാഹ്യവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല. സംഘപ്രവര്‍ത്തനവും നടക്കുന്നത് ഇതേ കാഴ്ചപ്പാടിലാണ്. ഏതൊരു രാഷ്ട്രത്തിന്റെയും മഹത്വം അതിന്റെ നേതാക്കന്മാരുടെ മഹത്വം, അവരുടെ ബുദ്ധിവൈഭവം എന്നിവയെ ആശ്രയിച്ചല്ല, മറിച്ച് ആ രാഷ്ട്രത്തിലെ സാധാരണ ജനങ്ങളുടെ മഹത്വം, അവര്‍ എത്ര ധൈര്യശാലികളാണ്, എത്ര ശക്തിയുറ്റവരാണ് എന്നതിനെ ആശ്രയിച്ചാണ്; അവരുടെ ജീവിതരീതി, ചിന്തകള്‍, പെരുമാറ്റം എന്നിവയെ ആശ്രയിച്ചാണ്. ഏതൊരു സമാജത്തിലെ ആളുകള്‍ സ്വാര്‍ത്ഥമതികളും, സമ്പൂര്‍ണ സമാജത്തിന്റേയും ദേശത്തിന്റെയും കാര്യങ്ങളെക്കുറിച്ച് ഒരിക്കലും ചിന്തിക്കാത്തവരുമാണോ, അത്തരമൊരു സമാജം അധികകാലം ജീവിച്ചിരിക്കില്ല. ഈ കാരണത്താലാണ് സ്വാര്‍ത്ഥം വെടിഞ്ഞ് മറ്റുള്ളവര്‍ക്കുവേണ്ടി യത്‌നിക്കണമെന്ന് (ഏതേ സത്പുരുഷാഃ പരാര്‍ത്ഥ ഘടകാഃ സ്വാര്‍ത്ഥാന്‍ പരിത്യജ്യതേ) ഹിന്ദുധര്‍മ്മം നിര്‍ദ്ദേശിക്കുന്നത്. ഇതുപോലെ മറ്റുള്ളവര്‍ക്കുവേണ്ടി ഉദ്യമിക്കുകയും അതില്‍ തന്റെ സ്വാര്‍ത്ഥത്തിന് വിരുദ്ധമായി യാതൊന്നും കാണാതിരിക്കുകയും ചെയ്യുന്നവനാണ് സാധാരണ മനുഷ്യന്‍ (സാമാന്യാസ്തു പരാര്‍ത്ഥ ഉദ്യമഭൃതഃ സ്വാര്‍ത്ഥാവിരോധേനയേ). പൗരാണികമായ ഈ വ്യവസ്ഥ അനുസരിച്ച് സാധാരണക്കാരനായ മനുഷ്യനും മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം. സ്വാര്‍ത്ഥത്തില്‍ ലീനനായ വ്യക്തിയെ രാക്ഷസന്‍ (തേ മനുഷ്യാ: രാക്ഷസാ: യേ സ്വാര്‍ത്ഥരതാ:) എന്നാണ് വിളിക്കുന്നത്. ഏതൊരു സമാജത്തില്‍ സാധാരണക്കാരനായ വ്യക്തി സ്വാര്‍ത്ഥരഹിതനായിത്തീരുന്നുവോ, ആ സമാജത്തില്‍ സഹജമായും സ്വാഭാവികമായും കഴിവ് ഉടലെടുക്കുന്നു. ഇംഗ്ലണ്ട്, ജര്‍മ്മനി, ഇസ്രായേല്‍, ജപ്പാന്‍, ഭാരതം മുതലായ ദേശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന്റെ ചരിത്രം ആരംഭിക്കുന്നത് രണ്ടാംലോക മഹായുദ്ധത്തിന് ശേഷമാണ്. ഈ കാലത്തിനിടയ്ക്ക് ജര്‍മ്മനി സാമ്പത്തികമായി മുമ്പത്തേക്കാള്‍ വളരെയധികം ഉന്നതി കൈവരിച്ചു. ജപ്പാനും ഇസ്രയേലും അത്ഭുതകരമായി വളര്‍ന്നു. ഇസ്രയേലില്‍ അധിവസിക്കുന്ന യഹൂദന്മാരുടെ ജീവിതം, പണ്ട് കാലത്തെ ആദരണീയരായ ലാലമാരുടേതിന് സദൃശമാണ്. ചരിത്രത്തില്‍ ഇവരെ പണത്തിനുവേണ്ടി മരിക്കുന്നവര്‍, അത്യാര്‍ത്തിയുള്ളവര്‍, ഭീരുക്കള്‍, യുദ്ധകല അറിയാത്തവര്‍ എന്നെല്ലാമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതേ യഹൂദന്മാര്‍ പലസ്തീനില്‍ 16 വര്‍ഷം നിരന്തരം യുദ്ധം ചെയ്തു. ഇസ്രയേലിലെ ജനസംഖ്യയുടെ പകുതി തങ്ങളുടെ വീടുകളുടെ മുകളിലിരുന്ന് യുദ്ധം ചെയ്തപ്പോള്‍ മറ്റേ പകുതി ഭൂഗര്‍ഭത്തില്‍ അവരുടെ തൊഴില്‍ശാലകള്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. അറബികളുടെ ഭീഷണി അവര്‍ എപ്പോഴും നേരിട്ടുകൊണ്ടിരുന്നെങ്കിലും ഇപ്പോള്‍ അറബികളുടെ മേല്‍ അവരുടെ പ്രഭാവം നിലനില്‍ക്കുന്നതായി കാണാം. വളരെ കുറച്ചുസമയം കൊണ്ടുതന്നെ അവര്‍ തങ്ങളുടെ ആന്തരിക വ്യവസ്ഥ ഔന്നത്യമുള്ളതും സുദൃഢവുമാക്കിത്തീര്‍ക്കുകയും ബാഹ്യആക്രമണങ്ങളെ ചെറുത്തു പരാജയപ്പെടുത്താനുള്ള ശക്തിവിശേഷം നേടുകയും ചെയ്തു. ഇതെങ്ങനെ സാധ്യമായി? ഇതിന്റെ ഏക കാരണം അവിടത്തെ സാധാരണക്കാരന്റെ ജീവിതത്തില്‍, സമാജത്തില്‍ സ്വാഭാവികമായ ശക്തി ഉണര്‍ന്നതാണ്. അങ്ങിങ്ങായി ചില ആളുകള്‍ സ്വന്തം കുടുംബത്തിന്റേയോ മറ്റുതരത്തിലുള്ളതോ ആയ സ്വാര്‍ത്ഥത്തെക്കുറിച്ചു ചിന്തിച്ചേക്കാമെങ്കിലും പ്രതിസന്ധി നേരിടേണ്ടിവരുമ്പോള്‍ അവരുടെ സ്വത്വഭാവം ഉണരുകതന്നെ ചെയ്യും. സാധാരണ സ്ഥിതിയില്‍ വ്യത്യസ്ത സമൂഹങ്ങളുടെ ജീവിതത്തില്‍ പറയത്തക്ക അന്തരമൊന്നും കാണുവാനാകില്ല. എന്നാല്‍ പ്രത്യേക അവസരങ്ങളില്‍ അവരുടെ വൈശിഷ്ട്യം പ്രകടമാകും. എന്നാല്‍, എല്ലാ സമൂഹങ്ങള്‍ക്കും അവരുടെ സ്വത്വത്തിന്റെ ഭാഗമായ ഈ ശക്തിയെ പ്രകടമാക്കാനാവില്ല. ഒരു സംസ്‌കൃത സുഭാഷിതമുണ്ട്: ”കാക: കൃഷ്ണ: പിക: കൃഷ്ണ: കോ ഭേദോ പിക കാകയോ:
വസന്ത സമയെ പ്രാപ്‌തേ
കാക: കാക: പിക: പിക:”
എപ്രകാരമാണോ വസന്തകാലത്ത് കാക്കയും കുയിലും തമ്മിലുള്ള വ്യത്യാസം പ്രകടമാകുന്നത്, അതുപോലെ പ്രതിസന്ധി നേരിടുമ്പോഴാണ് ബലശാലിയായ സമാജവും ബലമില്ലാത്ത സമാജവും തമ്മിലുള്ള വ്യത്യാസം പ്രകടമാവുക. നമ്മുടെ സമാജത്തിലെ സാധാരണ ജനങ്ങളില്‍ കുടികൊള്ളുന്ന യഥാര്‍ത്ഥ ശക്തിസ്രോതസ്സിനെ, കഴിവിനെ ഉണര്‍ത്തുവാനാണ് സംഘം പ്രവര്‍ത്തിക്കുന്നത്. അതെത്ര വേഗം നടക്കുന്നുവോ, സംഘകാര്യം അത്രയും വേഗം പൂര്‍ണമായിത്തീരും.
സ്വാഭാവികമായ കഴിവിനെ ഉണര്‍ത്തുന്നത് മാത്രം ലക്ഷ്യം:
രാഷ്ട്രീയ സ്വയംസേവക സംഘത്തെ സംബന്ധിച്ച് സൂര്യ-ചന്ദ്രന്മാര്‍ ഉള്ളിടത്തോളം നിലനില്‍ക്കണമെന്ന ഉദ്ദേശ്യമൊന്നുമില്ല. ഡോക്ടര്‍ജി ”നമുക്ക് സംഘത്തിന്റെ ഒരു ജൂബിലിയും ആഘോഷിക്കണമെന്നില്ല” എന്ന് പറയാറുണ്ടായിരുന്നു. ”ഇതേ ദേഹം കൊണ്ട്, ഇതേ കണ്ണുകള്‍കൊണ്ട്” സമാജത്തില്‍ ”സ്വാഭാവികമായ ശക്തി” ഉണരുന്നത് കാണുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സംഘം ഇതേ രൂപത്തില്‍ എല്ലാ കാലവും എല്ലാ കാര്യങ്ങളും ചെയ്തുകൊണ്ടിരിക്കില്ല. സംഘം ആഗ്രഹിക്കുന്നതെന്തോ, അത് ഇവിടത്തെ സാധാരണജനങ്ങള്‍ സ്വയം നിര്‍വഹിക്കണം.
നമ്മുടെ ആത്യന്തിക ലക്ഷ്യം എപ്പോഴാണ് നേടാനാവുക എന്ന ചോദ്യം പലപ്പോഴും ഉന്നയിക്കാറുണ്ട്. ഏതൊരു കാര്യം നേടിക്കഴിഞ്ഞതിന് ശേഷമാണ് സംഘത്തിന്റെ ലക്ഷ്യം പൂര്‍ണമായെന്ന് പറയുവാനാവുക? അതു നേടുന്നതിനായി ഇനിയും എത്ര വര്‍ഷം പ്രവര്‍ത്തിക്കേണ്ടി വരും? ഇത്തരത്തിലുള്ള അനേകം ചോദ്യങ്ങള്‍ ഉന്നയിക്കുന്നതായി കാണാം.
സാധാരണഗതിയില്‍ ചിന്തിക്കുമ്പോള്‍, ഇത്തരം ചോദ്യങ്ങളുടെ അര്‍ത്ഥം ചോദ്യം ഉന്നയിക്കുന്ന സ്വയംസേവകന്‍ പ്രവര്‍ത്തിച്ച്, പ്രവര്‍ത്തിച്ച് തളര്‍ന്നുപോയിരിക്കുന്നു എന്നാണ്. ആ സ്വയംസേവകന്‍ വാസ്തവത്തില്‍ സംഘത്തെ മനസ്സിലാക്കാന്‍ വേണ്ടിയാണ് ഈ ചോദ്യം ഉന്നയിക്കുന്നത് എന്നും കണക്കാക്കാം. സംഘപ്രവര്‍ത്തനത്തിന് യാതൊരു സമയസാരിണിയുമില്ല. വൈയ്യക്തികദൃഷ്ടിയില്‍ നമുക്ക് സംഘപ്രവര്‍ത്തനം ജീവിതാന്ത്യം വരെ ചെയ്യേണ്ടതുണ്ട്. സംഘത്തിന്റെ അന്തിമലക്ഷ്യം നമ്മുടെ ഈ സമാജത്തിന്റെ നൈസര്‍ഗികമായ ശക്തിയെ ഉണര്‍ത്തുക എന്നതാണ്. അങ്ങനെയല്ലാതെ സമാജം നേരിടുന്ന സ്ഥായിയായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാനാകില്ല. ലോകത്ത് ഏതൊരിടത്താണോ അവിടത്തെ സമാജം അധികം ജാഗ്രത്തും വികസിതവും അതിന്റെ സ്വാഭാവിക സ്ഥിതിയില്‍ നിലനില്‍ക്കുകയും ചെയ്യുന്നത്, അവര്‍ക്ക് വളരെ കുറച്ചു പ്രയത്‌നംകൊണ്ട് കുറഞ്ഞ സമയത്തിനകം ഉന്നതി കൈവരിക്കാനായിട്ടുണ്ട്. എന്നാല്‍, നമ്മുടെ ഹിന്ദുസമാജത്തിന്റെ പരിതഃസ്ഥിതി വ്യത്യസ്തമാണ്. സഹസ്രാബ്ദങ്ങളുടെ വൈദേശിക അടിമത്തത്തിന്റെ ഫലമായി നമ്മുടെ സമാജത്തിന്റെ സ്വാഭാവികമായ അവസ്ഥ നശിക്കുകയും വികടവും അവ്യവസ്ഥിതവുമായിത്തീരുകയും ചെയ്തിട്ടുണ്ട്.
ഈ അവസ്ഥ മാറ്റിയെടുക്കാന്‍ എത്ര വര്‍ഷം വേണ്ടിവരും എന്ന് പറയുവാന്‍ ബുദ്ധിമുട്ടാണ്. തന്റെ ജീവിതകാലത്ത്, സ്വന്തം കണ്ണുകള്‍ കൊണ്ട് ഈ സഫലത കാണണമെന്ന ഡോക്ടര്‍ജിയുടെ പ്രബലമായ ആഗ്രഹം നടക്കാതെ പോയി. നമ്മുടെ സമാജത്തിന്റെ അവസ്ഥ അത്രമാത്രം അധഃപതിച്ചിട്ടുണ്ട്. ഈ അവസ്ഥ മാറ്റിയെടുക്കുവാന്‍ ഒരുപക്ഷെ കൂടുതല്‍ സമയം ആവശ്യമായി വന്നേക്കാം. നമ്മുടെ ദേശത്ത് അനേകം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, ഭാഷയെചൊല്ലിയുള്ള വിവാദം, ബ്രാഹ്മണ-അബ്രാഹ്മണ വിവാദം.
ഒരു പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടക്കുന്നതിന് ഇടയ്ക്ക് തന്നെ മറ്റൊരു പുതിയ പ്രശ്‌നം ഉടലെടുക്കും! ഔറംഗസേബിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ സംഭാജിയുടെ മകന്‍ ശാഹുവിനെ മോചിപ്പിച്ചു. ശാഹുവും രാജാറാമിന്റെ പത്‌നി താരാബായിയും തമ്മില്‍ പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെട്ടു. ഇപ്പോഴും രാജ്യത്തിന്റെ വടക്ക് മുതല്‍ തെക്ക് വരെ ഉടനീളം പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉടലെടുത്തുകൊണ്ടിരിക്കയാണ്. പ്രശ്‌നങ്ങള്‍ വളരെയധികം ഉണ്ടെന്നതിനാല്‍ അവയെ പരിഹരിക്കാന്‍ സ്വാഭാവികമായും കൂടുതല്‍ സമയം ആവശ്യമായി വരും. പഴയ പൊട്ടിപ്പൊളിഞ്ഞ ഒരു വീട് വീണ്ടും നന്നാക്കിയെടുക്കുവാന്‍ വേണ്ടി ദ്രവിച്ച ഒരു കഴുക്കോല്‍ മാറ്റുമ്പോള്‍, കൂടുതല്‍ കഴുക്കോലുകള്‍ ദ്രവിച്ചതായി കണ്ടെത്തുന്നതു പോലെ, ഓരോ കഴുക്കോലും മാറ്റുമ്പോള്‍ അവസാനം മേല്‍ക്കൂരതന്നെ മുഴുവന്‍ മറ്റേണ്ടിവരുന്ന അവസ്ഥയാകും കൈവരുക. വിജയം കൈവരിക്കാന്‍ വൈകുന്നു എന്ന കാരണത്താല്‍ നിരാശ തോന്നാന്‍ പാടില്ല. ഇപ്പോള്‍ പാകിസ്ഥാനിലും അന്യരാജ്യങ്ങളിലും ഹിന്ദുക്കള്‍ തല്ലുകൊള്ളുന്നുണ്ട്. മാത്രമല്ല, ഭാരതത്തിലും അവര്‍ക്ക് തല്ലുകൊള്ളേണ്ടി വരുന്നു. ഇതിന്റെ പേരിലൊക്കെ നിരാശപ്പെടുമ്പോള്‍, അവര്‍ക്ക് ഹിന്ദുസമാജത്തില്‍ ജനിച്ചതുതന്നെ വലിയ നിര്‍ഭാഗ്യമെന്ന ചിന്ത ഉണ്ടായേക്കാം. എന്നാല്‍ ഇപ്രകാരം ചിന്തിക്കുന്നത് ഒരിക്കലും ശരിയല്ല. സമൂഹത്തിന് അതിന്റെ സ്വാഭാവികമായ അവസ്ഥ തിരിച്ചു കിട്ടുന്നതുവരെ ദുഃഖകരമായ ഈ പരിതഃസ്ഥിതി മാറ്റിയെടുക്കാനാവില്ല. ശിവാജിയുടെ കാലത്ത് ഒരുണര്‍വ്വ് കൈവന്നിരുന്നു. സംഭാജിയുടെ വധത്തിനുശേഷം രാജാറാമിനെ സുരക്ഷിതനായി വെക്കാന്‍ വേണ്ടി അദ്ദേഹത്തെ ദക്ഷിണഭാഗത്ത് ജിംജിയിലെ കോട്ടയിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. ഔറംഗസേബിന്റെ സേന കോട്ട വളഞ്ഞതോടെ അവിടെ നിന്ന് അദ്ദേഹം ഓടി രക്ഷപ്പെട്ടു. സന്താജി ഘോപര്‍ഡെ, ധനാജി ജാധവ് തുടങ്ങിയ വലിയ, വലിയ സേനാധിപതിമാര്‍ ഒളിയുദ്ധം നടത്തി. സമ്പൂര്‍ണസമാജവും അവര്‍ക്ക് പിന്തുണ നല്‍കി. അവിടത്തെ ഗ്രാമങ്ങളില്‍ നിന്ന് യുദ്ധം ചെയ്യാന്‍ യുവാക്കളും കഴിക്കാന്‍ ഭക്ഷണസാമഗ്രികളും അവര്‍ക്കു ലഭിച്ചു. ശത്രുക്കളുടെ ഗതിവിഗതികളെക്കുറിച്ചുള്ള വിവരങ്ങള്‍ സാധാരണ ജനങ്ങളില്‍ നിന്ന് അവര്‍ക്ക് കിട്ടിക്കൊണ്ടിരുന്നു. ഏത് ഗ്രാമത്തില്‍ നിന്നാണോ മറാഠകള്‍ക്ക് ആശ്രയം ലഭിച്ചത്, അവര്‍ക്ക് യുദ്ധം ചെയ്യാന്‍ ആളുകളും ആയുധങ്ങളും കിട്ടിയത്, ആ ഗ്രാമത്തെ ഔറംഗസേബ് മുച്ചൂടും നശിപ്പിക്കുമായിരുന്നു. അവിടത്തെ ആളുകളെ വധിക്കുമായിരുന്നു. വീടുകള്‍ തകര്‍ത്ത് തരിപ്പണമാക്കുകയും വിളവ് നശിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരം അനീതികളെയും മര്‍ദ്ദനങ്ങളെയും നേരിടേണ്ടിവന്നിട്ടും സമാജം മുഗളന്മാര്‍ക്കെതിരെ നടന്ന സംഘര്‍ഷങ്ങള്‍ക്ക് അവരുടെ സക്രിയമായ പിന്തുണ നല്‍കിക്കൊണ്ടിരുന്നു. എന്നാല്‍ ഈ സ്ഥിതിവിശേഷം എപ്പോഴെങ്കിലുമേ സമാജത്തില്‍ നിലനിന്നിരുന്നുള്ളൂ. ഇത്തരം തീപ്പൊരികള്‍ എപ്പോഴെങ്കിലുമൊരിക്കല്‍ മാത്രം പ്രകടമായതുകൊണ്ട് ഒന്നും നടക്കില്ല. വാസ്തവത്തില്‍ ഉണര്‍വിന്റെ ഈ തീപ്പൊരികള്‍ സ്ഥായിയായ ജ്വാലയുടെ രൂപത്തില്‍ നിലനില്‍ക്കേണ്ടത് ആവശ്യമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ വൈദേശിക അടിമത്തം കാരണം ഉല്‍കൃഷ്ടമായ നമ്മുടെ പാരമ്പര്യം അറ്റുപോവുകയും നമ്മുടെ സമാജത്തിന് പതനം സംഭവിക്കുകയും ചെയ്തു. അതിനെക്കുറിച്ച് ചിന്തിക്കാതെ കേവലം മുമ്പോട്ടുള്ള കാര്യങ്ങളെകുറിച്ച് ചിന്തിക്കുന്നത് ഉചിതമല്ല.
നമ്മുടെ പതനകാരണം
നമ്മുടെ പതനത്തെക്കുറിച്ച് പല തരത്തിലുള്ള ചിന്തകളും മുന്നോട്ടു വെക്കാറുണ്ട്. ഒരു വിഭാഗത്തിന്റെ അഭിപ്രായം, സുദീര്‍ഘമായ അടിമത്ത കാലഘട്ടത്തില്‍ നടത്തിയ സംഘര്‍ഷം കാരണം സമാജത്തിലെ സാധാരണക്കാരായ ജനങ്ങളില്‍ നിരാശപരന്നതാണ് എന്നാണ്. വര്‍ണവ്യവസ്ഥ ഇല്ലാതായതാണ് ഇതിന് കാരണം എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. ഇങ്ങനെ പല ചിന്തകളും മുന്നോട്ടുവെയ്ക്കപ്പെടുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ നമ്മുടെ സമാജത്തിന്റെ സഹജവും സ്വഭാവികവുമായ രൂപം നഷ്ടപ്പെട്ടു പോയതുകൊണ്ടാണ് വികലമായ സമസ്യകള്‍ നമുക്ക് അഭിമുഖീകരിക്കേണ്ടിവന്നത് എന്നതാണ് സത്യം. സമൂഹത്തില്‍ സ്വാഭാവികമായ ശക്തി വളര്‍ന്നുവരുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ മാത്രമേ സംഘത്തിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാകൂ. ഇംഗ്ലണ്ടില്‍ പരമ്പരാഗതമായി അമ്മയുടെ മുലപ്പാലിലൂടെ ഈ ശക്തി ലഭിക്കുന്നുണ്ട്. അവിടെ നാടകങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, സിനിമ, വിദ്യാഭ്യാസം മുതലായ എല്ലാ മാധ്യമങ്ങളിലൂടേയും എല്ലാവര്‍ക്കും ഒരേ തരത്തിലുള്ള സംസ്‌കാരം ലഭ്യമാക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാവസായിക വിപ്ലവം നടന്നു, അമേരിക്ക മുതലായ രാജ്യങ്ങളില്‍ കോളനിവല്‍ക്കരണം നടന്നു. എന്നാല്‍ അവരെല്ലാം തങ്ങളുടെ ആന്തരികശക്തി സദാ കോട്ടം കൂടാതെ നിലനിര്‍ത്തി.
ഗുണ്ടയായി കരുതിയിരുന്ന റോബര്‍ട്ട് ക്ലൈവിനെ ശല്യമൊഴിവാക്കാന്‍ വേണ്ടിയാണ് ഇംഗ്ലണ്ട് ഭാരതത്തിലേക്ക് അയച്ചത്. എന്നാല്‍ അദ്ദേഹം ഇവിടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സ്ഥാപകനായി മാറുകയാണുണ്ടായത്. ഏത് ദേശത്താണ് അമ്മയുടെ മുലപ്പാലിനോടൊപ്പം സംസ്‌കാരം കിട്ടുന്നത്, അവിടെ ക്ലൈവിനെ പോലെയുള്ള ഗുണ്ടയും വളരെ ഉപകാരമുള്ളവനായി മാറും. മറ്റൊരു ഉദാഹരണം മലയയുടേതാണ്. അവിടത്തെ ഒരു വ്യവസായശാലയില്‍ തൊഴിലാളികള്‍ ബഹുഭൂരിപക്ഷവും ചൈനക്കാരായിരുന്നു. അവരവിടെ പണിമുടക്ക് പ്രഖ്യാപിച്ചു. അവരുടെ അംഗസംഖ്യയെക്കുറിച്ച് ഓര്‍ത്ത് ഭയപ്പെട്ട കളക്ടര്‍, പുറമെനിന്ന് സേന വരുന്നതും കാത്ത് മൂന്ന് ദിവസം വെറുതെയിരുന്നു. സേനയെയും കൂട്ടി അവിടെ എത്തിയപ്പോഴേക്കും മറ്റൊരു വ്യവസായശാലയുടെ ബ്രിട്ടീഷുകാരനായ മാനേജര്‍ തന്റെ കയ്യിലുള്ള രണ്ട് തോക്കുമായി ഒറ്റക്ക് അവിടെയെത്തി വെടിയുതിര്‍ത്ത് സ്ഥിതിഗതികള്‍ ശാന്തമാക്കിക്കഴിഞ്ഞിരുന്നു. ഈ വിവരം ലഭിച്ച അധികാരികള്‍ കളക്ടറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് ഇംഗ്ലണ്ടിലേക്ക് തിരിച്ചയച്ചു. അദ്ദേഹത്തിന്റെ ഭാര്യയാകട്ടെ, ഭീരുവായ ഒരു ഭര്‍ത്താവിന്റെ കൂടെ ജീവിക്കാനാവില്ലെന്ന് പറഞ്ഞ് വിവാഹമോചനം നേടി. ഭൗതികജീവിതത്തില്‍ അത്യന്തം മുഴുകിക്കഴിയുന്ന ഇംഗ്ലണ്ടില്‍ പോലും ഇത്തരം ആദര്‍ശം കാണുവാനാകുന്നത് അവര്‍ക്ക് ദേശഭക്തിയുടെ ഉല്‍കൃഷ്ടമായ സംസ്‌കാരം സ്വാഭാവികമായി തന്നെ ലഭിക്കുന്നത് കൊണ്ടാണ്.
സദാചാരത്തിന്റെ സംസ്‌കാരം ആവശ്യം
ഇപ്പോള്‍ ഭാരതത്തിലെ സ്ഥിതി ഇതില്‍ നിന്നും ഭിന്നമാണ്. ഇവിടത്തെ സാധാരണക്കാരനായ വ്യക്തി ഇപ്രകാരത്തിലുള്ളവനല്ല. ഇവിടെ സദാചാരസംബന്ധമായ സങ്കല്പം പോലും വളരെ വിചിത്രമാണ്. ഏതെങ്കിലും വ്യക്തി ഭക്ഷിക്കുന്നതെന്താണ്? ജീവിക്കുന്നതെങ്ങനെയാണ്? ഏത് വസ്ത്രമാണ് ധരിക്കുന്നത്? സ്ത്രീകളെ എങ്ങനെയാണ് കാണുന്നത്? ഇത്തരം കാര്യങ്ങളാണ് സദാചാരത്തിന്റെ മാനദണ്ഡമായി പരിഗണിക്കുന്നത്. വാസ്തവത്തില്‍, ഇത് വളരെ വലിയ ഒരു വിഷയമാണ്. സമാജത്തെയും രാഷ്ട്രത്തെയും കുറിച്ചു ചിന്തിക്കുന്നതും അതിനുവേണ്ടി തന്റെ സര്‍വസ്വവും സമര്‍പ്പിക്കാനുളള സന്നദ്ധതയും സദാചാരത്തിന്റെ പ്രമുഖമായ വശമാണ്. വാട്ടര്‍ലൂ യുദ്ധത്തില്‍ ഇംഗ്ലണ്ട് നെപ്പോളിയനെതിരെ വിജയം കൈവരിച്ചതിനെ അവര്‍ വിശേഷിപ്പിക്കുന്നത് The battle of waterloo was won on the playground of Eton (വാട്ടര്‍ലൂ യുദ്ധം വിജയിച്ചത് ഈടനിലെ കളിക്കളത്തില്‍വെച്ചാണ്) എന്നാണ്. അതിന് കുട്ടിക്കാലത്ത് അമ്മയുടെ മുലപ്പാല്‍, അച്ഛന്റെ ശിക്ഷണം, കളിക്കളം, പാഠശാലകള്‍ എന്നിങ്ങനെ എല്ലായിടത്തുനിന്നും സംസ്‌കാരം പകര്‍ന്നു കിട്ടുന്ന പാരമ്പര്യം സൃഷ്ടിക്കപ്പെടണം. ഇത്തരത്തിലൊരു സമാജം നമ്മുടെ ദേശത്ത് സൃഷ്ടിക്കപ്പെടാതിരിക്കുന്നിടത്തോളം കാലം സംഘത്തെ പോലുള്ള ഉദാത്തമായ സംഘടനയുടെ വിശിഷ്ടമായ പരിശ്രമങ്ങള്‍ ആവശ്യമായിവരും. ഈ സ്വാഭാവികമായ സ്വരൂപത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം സംഘമല്ലാതെ മറ്റാരും തന്നെ ചെയ്യുന്നില്ല. മറ്റെല്ലാവരും ഈ കാര്യം അവഗണിച്ചിരിക്കയാണ്. സമാജത്തില്‍ സ്വാഭാവികമായ ശക്തിവിശേഷം സൃഷ്ടിക്കുക എന്നതു തന്നെയാണ് നമ്മുടെ ആത്യന്തികലക്ഷ്യം. ഇത് വ്യക്തമായി മനസ്സിലാക്കാതിരുന്നാല്‍ ഒട്ടേറെ സംശയങ്ങള്‍ ഉണ്ടായേക്കാം. ദൈനംദിന സംഘശാഖയുടെ കാര്യപദ്ധതി ഈ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ വേണ്ടിയുള്ളതാണ്.
നമ്മുടെ ദേശത്ത് നിലനിന്നിരുന്ന പല പാരമ്പര്യങ്ങളും അന്യംനിന്നുപോയിരിക്കയാണ്. സമാജം താറുമാറായിത്തീര്‍ന്നിരിക്കുന്നു. പരിഷ്‌ക്കരണ പദ്ധതികള്‍ പരാജയപ്പെടാനുള്ള കാരണവും ഇതുതന്നെയാണ്. പദ്ധതികളുടെ വിജയം അതിനുവേണ്ടിയുള്ള പ്രയത്‌നത്തേയും പരിശ്രമങ്ങളേയും എത്ര കണ്ടു ആശ്രയിക്കുന്നുവോ, അത്രതന്നെ സമാജത്തിന്റെ അവസ്ഥയെയും ആശ്രയിക്കുന്നു. ഇപ്പോള്‍ ശങ്കരാചാര്യര്‍ ജീവിച്ചിരുന്ന കാലത്തെ സ്ഥിതിയല്ല. ജനങ്ങളെ ഉണര്‍ത്താന്‍ പോന്ന ജ്ഞാനം പ്രദാനം ചെയ്യുന്ന കാര്യം ശിഥിലമായിത്തീര്‍ന്നിരിക്കയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി സമാജം ഇതേ ദുരവസ്ഥയില്‍ കഴിയുകയാണ്. തകര്‍ന്നു തരിപ്പണമായിത്തീര്‍ന്ന സമാജത്തെ സ്വാഭാവികമായ അവസ്ഥയിലേക്ക് കൊണ്ടുവരാന്‍ കൃത്യമായ സമയപരിധി നിശ്ചയിക്കാനാവില്ല.
നമ്മുടെ പ്രവര്‍ത്തനം അത്യന്തം അനിവാര്യമാണ് എന്നതുകൊണ്ട് അത് ചെയ്‌തേ തീരൂ. രണ്ടു തലമുറകള്‍ ഈ കാര്യങ്ങള്‍ ചെയ്തു. ഇനി എത്ര തലമുറകള്‍ ഇത് ചെയ്യേണ്ടിവരുമെന്ന് ചിന്തിക്കുന്നത് നമ്മുട വിഷയമല്ല. നമുക്ക് നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കണം. മറ്റ് പദ്ധതികള്‍ പൂരകങ്ങളാണ്. നമ്മുടെ പ്രവര്‍ത്തനം മുഖ്യവും അടിസ്ഥാനപരവുമാണ്. ജനങ്ങളുടെ മനസ്സ് സമാജോന്മുഖമായിത്തീരുകയും സ്വാഭാവികവും സഹജവുമായ കഴിവ് നേടിയെടുത്ത് നമ്മുടെ സമാജത്തിന്റെ പോഷണം സ്വതസിദ്ധമായും സ്വേച്ഛയോടെയും നിരന്തരം നിര്‍വ്വഹിക്കുകയും ചെയ്യുന്ന സമാജ ജീവിതമാണ് സംഘം നേടാനാഗ്രഹിക്കുന്നത്.