താന്ത്രിക മേഖലയിലെ അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന ബ്രഹ്മശ്രീ പാടേരി സുനില്‍ നമ്പൂതിരിപ്പാട് അറുപതിന്റെ നിറവില്‍. പിതൃപിതാമഹന്മാരുടെ അനുഗ്രഹവും, തറവാട്ടില്‍ തത്തിക്കളിക്കുന്ന കുക്ഷിശാസ്താവിന്റെ മഹിമയും, അനുഗ്രഹവും, വിശിഷ്യ നിഷ്ഠയോടു കൂടിയ സാധനയും തന്ത്രശാസ്ത്രത്തിലെ അഗാധപാണ്ഡിത്യവുമാണ് ഇദ്ദേഹത്തെ മറ്റു തന്ത്രിമാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.
സമൂഹനന്മയ്ക്കായി ഇടപെടുകയും പരിസരവാസികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് നീങ്ങുകയും, താന്ത്രികക്രിയകള്‍ ലോപം കൂടാതെ നടത്തുന്നതോടൊപ്പം ക്ഷേത്രേശന്മാരിലൊരാളായി ക്ഷേത്രഭാരവാഹികളിലൊരാളായി സാധാരണക്കാരിലേക്ക് ഇറങ്ങിവന്ന്, വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെ യ്യുന്ന തന്ത്രിമാരേയാണല്ലോ നമുക്കാവശ്യം. ഇത് തികച്ചും പ്രാവര്‍ത്തികമാകുന്നവിധത്തില്‍ പ്രവര്‍ത്തിക്കുന്ന മഹാനുഭാവനാണ് ഈ തന്ത്രിവര്യന്‍.
ജീര്‍ണ്ണിച്ച പല ക്ഷേത്രങ്ങളുടെയും പുനര്‍നിര്‍മ്മാണം പരിസരവാസികളുടെ കൂട്ടായ ശ്രമഫലമായി യാഥാര്‍ത്ഥ്യമാവുമ്പോള്‍ വലിയ സാമ്പത്തിക ബാദ്ധ്യത വരുത്താതെ തന്നെ അവിടെ കലശം ഭംഗിയാക്കിത്തീര്‍ക്കുവാന്‍ ശ്രദ്ധിക്കാറുള്ള വ്യ ക്തിയാണ് ഇദ്ദേഹം.
തന്ത്രശാസ്ത്രം കൈകാര്യം ചെയ്യുന്നതിന് മന്ത്രദീക്ഷ അത്യന്താപേക്ഷിതമാണ്. സാധകന്‍ ഒന്നാമതായി മന്ത്രസിദ്ധനായ ഒരു സദ്ഗുരുവിന്റെ അടുത്തുചെന്ന് വിനീതനായി മന്ത്രദീക്ഷ ഉപദേശിച്ചുതരണമെന്ന് ആവശ്യപ്പെടണം, ആ സമയത്ത് ഗുരു തന്നെ സമീപിക്കുന്ന ശിഷ്യനെ കൂടെ കൂട്ടി വളരെക്കാലം പരീക്ഷണനിരീക്ഷണങ്ങളില്‍കൂടി ദീക്ഷ നല്‍കാന്‍ യോഗ്യനാണോ എന്ന് ഉറപ്പുവരുത്തണം. എന്നാല്‍ മാത്രമേ ശിഷ്യനായി അംഗീകരിച്ച് ദീക്ഷനല്‍കാവൂ എന്നാണല്ലോ നിയമം. എന്നാല്‍ പാടേരി ഇല്ലത്ത് ഉപനയനസമാവര്‍ത്തനാനന്തരം പരമ്പരയായി പിതാവില്‍ നിന്നും രഹസ്യമായി ഈ ചടങ്ങ് നിര്‍വ്വഹിച്ചിരിക്കും. അറക്കകത്ത് ആരാധിച്ചുവരുന്ന ദേവതയുടെ മന്ത്രമാണ് ഉപദേശിക്കുന്നത്. തലമുറ തലമുറയായി അതീവ രഹസ്യമായി സിദ്ധിക്കുന്ന ഈ വിശിഷ്ടമന്ത്രം ജപം, തര്‍പ്പണം, തുടങ്ങി പുരശ്ചരണങ്ങളിലൂടെ മന്ത്രസിദ്ധിവരുത്തണം, അങ്ങനെ മന്ത്രവാദത്തിലും തന്ത്രത്തിലും വേണ്ടവിധം പരിജ്ഞാനം നേടുന്നു. അവ ആചാര്യനിര്‍ദ്ദേശാനുസരണം കൃത്യമായി അനുഷ്ഠിക്കുന്നു. ഇങ്ങനെ നേടിയെടുത്ത സദ്ഗുണങ്ങളാണ് സുനില്‍ നമ്പൂതിരിപ്പാടിനെ വേറിട്ടുനിര്‍ത്തുന്നത്.
ദേവചൈതന്യവര്‍ദ്ധനവിനായി അടിസ്ഥാനമായി ചെയ്തുവരുന്ന ഉയര്‍ന്ന ക്രിയാ പദ്ധതികളാണ് തന്ത്രം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ”അര്‍ച്ചകസ്യ പ്രഭാവേന ശിലാഭവതി ശങ്കര:” എന്ന പ്രമാണപ്രകാരം വെറും ശിലയെ ശിവനാക്കി മാറ്റുന്നത്, വിഷ്ണുവാക്കി മാറ്റുന്നത്, ഭഗവതിയാക്കി മാറ്റുന്നത്- തപ:ശക്തിയുള്ള ആചാര്യന്റെ (അര്‍ച്ചകന്റെ) പ്രഭാവമാണ്. ഭക്തന്മാരുടെ അഭീഷ്ടങ്ങളെ അറിഞ്ഞ് അനുഗ്രഹിക്കാന്‍ പര്യാപ്തമാവുന്നവിധത്തില്‍ ജീവനുള്ള ഒരു ഉയര്‍ന്ന സാധകദേഹത്തെ സൃഷ്ടിക്കുകയാണ് തന്ത്രി ക്ഷേത്രങ്ങളില്‍ കൂടി നിര്‍വ്വഹിക്കുന്നത്. അതീവശ്രദ്ധയോടെ വളരെ നിഷ്‌കര്‍ഷയോടെ ധാരാളം ക്ഷേത്രങ്ങളില്‍ ഈ ജീവസ്സ് അഥവാ ചൈതന്യം പകര്‍ന്നു നല്‍കി ആചാര്യനെന്ന ശ്രേഷ്ഠപദവിക്ക് എല്ലാംകൊണ്ടും അര്‍ഹതനേടിയ ഒരു സാധകോത്തമനാണ് സുനില്‍ജി.
വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് തുടങ്ങി നാലു ജില്ലകളിലായി ഇരുനൂറോളം ക്ഷേത്രങ്ങളില്‍ തന്ത്രമുള്ള കുടുംബമാണ് ഒഴലൂര്‍ പാടേരി ഇല്ലം. 55 നവീകരണ കലശങ്ങള്‍, എട്ട് ധ്വജപ്രതിഷ്ഠകള്‍, അഞ്ചു ക്ഷേത്രങ്ങളില്‍ ഒരേ ബിംബത്തില്‍ തന്നെ മൂന്നു തവണ നവീകരണ കലശങ്ങള്‍, നിരവധി ബിംബം മാറി പ്രതിഷ്ഠകള്‍ തുടങ്ങിയ കര്‍മ്മങ്ങളിലൂടെ ഏറെ ശ്രദ്ധേയനായിരിക്കുകയാണ് ഈ തന്ത്രി.